സൗഹൃദസംഘത്തിന്റെ വിപുലമായ യോഗം താമസിയാതെ വീണ്ടും ചേര്‍ന്നു. പതുക്കെ പരിപാടികള്‍ ഉരുത്തിരിഞ്ഞു വന്നു. 34 സെന്റ് 34 പേര്‍കൂടി വാങ്ങാം ഒരാള്‍ക്ക് ഒരു സെന്റ്. സംഘം ഈ വിവരം കൊച്ചുണ്ണിയേട്ടനെ അറിയിച്ചു. അദ്ദേഹത്തിനും സന്തോഷം.
പണ്ടൊക്കെ കൂട്ടുകുടുംബങ്ങളായിരുന്നു നാട്ടിൽ. അഞ്ചാറുവീടുകൾ വെവ്വേറെ വളപ്പുകളിൽ വെക്കുന്നതിനു പകരം ഒരൊറ്റ വീട്. അതിൽ ഒരൊറ്റ അടുക്കള. വീട്ടിലെ കുഞ്ഞുങ്ങൾക്കെല്ലാം ഓടിക്കളിക്കാൻ ഒരൊറ്റ മുറ്റം, വലിയ പറമ്പ് നിറയെ ഫലവൃക്ഷങ്ങൾ. അതിനൊക്കെപ്പുറമെ വീടുകളോട് ചേർന്ന് കാവുകൾ എന്നപേരിൽ ചെറിയൊരു വനസ്ഥലി തന്നെ ഒട്ടുമിക്ക കുടുംബങ്ങളും പരിപാലിച്ചു പോന്നിരുന്നു.
കാലം മാറി, സ്ഥലത്തിന് പൊന്നും വിലയായി. പണത്തിന് ആവശ്യങ്ങള്‍ ഏറി വന്നു. നമ്മുടെ ജീവിതശൈലികള്‍ മാറി. കൂട്ടുകുടുംബങ്ങള്‍ വിഘടിച്ച് അണുകുടുംബങ്ങളായി. ഉള്ള പറമ്പുകൾ പകുത്ത് പ്ലോട്ടുകളാക്കി മതിലുകളാൽ അതിർത്തി നിശ്ചയിച്ച് വെവ്വേറെ ലോകങ്ങൾ കെട്ടിപ്പടുക്കാൻ തുടങ്ങി. അങ്ങനെ കാവെന്നു പറഞ്ഞ് ഭൂമിയൊന്നും നീക്കിവെക്കാന്‍ ആര്‍ക്കും കഴിയാതായി. കാവുകളുടെ പാരിസ്ഥിതിക ധര്‍മ്മം വിട്ടുകളഞ്ഞ് വിശ്വാസത്തിന്റെ കണ്ണിലൂടെ മാത്രം കണ്ടുതുടങ്ങിയപ്പോള്‍, ഉള്ള കാവുകൾ പോലും ചിത്രക്കൂടക്കല്ലിന്റെ നാലഞ്ചടി ചുറ്റളവ് മാത്രമായി ഒതുങ്ങി. എന്നിട്ടും ആവശ്യങ്ങള്‍ തികയാതെ വരുമ്പോള്‍ പാമ്പുമേക്കാട്ട് ചെന്ന് സര്‍പ്പക്കാവ് കുടിയൊഴിപ്പിക്കുന്നു. പരിഹാരകര്‍മ്മങ്ങള്‍ നടത്തി അതും ഉപയോഗ്യമാക്കുന്നു. അങ്ങനെ നാട്ടിലെ വനസ്ഥലികളുടെ സാദ്ധ്യതകൾ തീരെ ഇല്ലാതാവുകയാണ്.
undefined
ഈ ഒരു സാഹചര്യത്തില്‍ പ്രാവർത്തികമാക്കാൻ പറ്റുന്നൊരു മാതൃക പങ്കുവെച്ചിരിക്കുകയാണ് പ്രശസ്ത കവിയും ചലച്ചിത്ര ഗാന രചയിതാവുമായ റഫീഖ് അഹമ്മദ്. ഈ മാതൃക, ഇല്ലാതായിക്കൊണ്ടിരിക്കുന്ന വനത്തിനും അതില്‍ വസിക്കുന്ന ജീവികള്‍ക്കുമായിട്ടാണ് എന്ന് റഫീഖ് അഹമ്മദ് ഏഷ്യാനെറ്റ് ഓണ്‍ലൈനിനോട് പറഞ്ഞു.
കാട് വില്‍ക്കാനൊരുങ്ങുമ്പോള്‍..
റഫീഖ് അഹമ്മദിന്റെ ജന്മനാടായ അക്കിക്കാവിനടുത്തുള്ള നോങ്ങല്ലൂർ എന്ന ഗ്രാമത്തിൽ ഒരിക്കൽ ഒരു ദരിദ്രകുടുംബത്തിന് അവരുടെ 34 സെൻറ് സ്ഥലം വിൽക്കേണ്ടതായ അത്യാവശ്യമുണ്ടായി. ആ സ്ഥലം നിന്നിരുന്നത് കാവിനോട് ചേർന്നതായതുകൊണ്ടും കുറച്ച് ഉള്ളിലോട്ടുള്ള സ്ഥലമായിരുന്നതിനാലും ന്യായമായ വിലയ്ക്ക് അത് വാങ്ങാൻ ആരും തയാറായില്ല. ചുളുവിലയ്ക്ക് അത് തരപ്പെടുത്താം എന്ന് കണ്ടപ്പോൾ അവിടത്തെ മണ്ണ് മാഫിയ ഇടപെട്ടു. മണ്ണ് കച്ചവടമാക്കിക്കോളാം എന്നവർ പറഞ്ഞു. അടുത്തൊരു ബന്ധുവിന്റെ അടിയന്തിര ചികിത്സയ്ക്ക് വളരെ അത്യാവശ്യമായി പണം വേണ്ടിയിരുന്നിട്ടും അവർ പറഞ്ഞ തുച്ഛമായ വിലയ്ക്ക് ആ സ്ഥലം കൊടുക്കാൻ ഉടമ കൊച്ചുണ്ണിയേട്ടന് മനസ്സുവന്നില്ല.
സ്ഥലത്തെ പരിസ്ഥിതി പ്രവർത്തകനായ തന്റെ സുഹൃത്ത് പ്രമോദിനോടും കൊച്ചുണ്ണിയേട്ടൻ ഈ വിവരം പറഞ്ഞിരുന്നു. ആരെങ്കിലും ഉണ്ടെങ്കിൽ പറയണമെന്നും ചട്ടം കെട്ടിയിരുന്നു. പ്രമോദാണെങ്കിൽ അവരുടെ സൗഹൃദസംഘത്തിന് കൂടിച്ചേരാന്‍ ഒരിടം തേടി നടക്കുന്ന കാലമാണ്. കൂടാതെ കുട്ടികളുടെ കളിക്കൂട്ടത്തിന് ഒരു ഗ്രന്ഥശാലയും ജൈവഗ്രാമം പ്രവര്‍ത്തനങ്ങള്‍ക്ക് ഒരാസ്ഥാനവും അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നു. അതിനെല്ലാമായി ഈ സ്ഥലം തിരഞ്ഞെടുത്താലോ എന്ന ആലോചന അദ്ദേഹത്തിന്റെ മനസ്സിൽ വന്നു. സ്വപ്‌നങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും ആലോചനകള്‍ക്കുമൊന്നും അതിരില്ലല്ലോ.. പക്ഷെ, പണമെങ്ങിനെ കണ്ടെത്തും എന്ന വലിയൊരു പ്രതിസന്ധിയുണ്ടായിരുന്നു മുന്നിൽ. സെന്റിന് 6000 രൂപയാണ് കൊച്ചുണ്ണിയേട്ടന് വേണ്ടിയിരുന്നത്. ഒരു നീക്കുപോക്കെന്ന നിലയ്ക്ക് 5000 -ത്തിന് വരെ തരാന്‍ തയ്യാറാണ് എന്ന് ഒടുവില്‍ അദ്ദേഹം പ്രമോദിനോട് സൂചിപ്പിച്ചു. അതത്ര വലിയ സംഖ്യയൊന്നുമല്ല. പക്ഷെ, ഒരൊറ്റ നിർബന്ധം മാത്രം, മുറിച്ചുതരില്ല. എത്രയും പെട്ടെന്ന് രജിസ്‌ട്രേഷന്‍ നടത്തണം പൈസയും കിട്ടണം. കൊച്ചുണ്ണിയേട്ടന്റെ അനിയന്റെ ചികിത്സയ്‌ക്കാണ്. കാവിന്റെ സ്ഥലമായതുകൊണ്ട് പൊതുവേ മാര്‍ക്കറ്റ് റേറ്റ് കുറവാണ്. ചികിത്സ തുടങ്ങാൻ നേരവുമായി. എന്ത് വിലയ്ക്കായാലും സ്ഥലം വിറ്റുകാശാക്കിയേ പറ്റൂ.
അങ്ങനെയാണ് ഒരു ഞായറാഴ്‌ച ദിവസം പ്രമോദ് സുഹൃത്തുക്കളായ റഫീക്ക് അഹമ്മദിനെയെയും രവിയേട്ടനേയും കൂട്ടി സ്ഥലമൊന്നു നേരിൽ കാണാൻ പുറപ്പടുന്നത്. അക്കിക്കാവ് നിന്ന് പന്നിത്തടം റോഡിലൂടെ തടം വരെ വന്ന് അവിടന്ന് താന്തിരുത്തി വഴി കപ്പൂരമ്പലത്തിന്റെ പുറകിലെ പാടത്തേക്കിറങ്ങി. പിന്നെ ഒരു കുണ്ടനിടവഴിയിലൂടെ കുറച്ചുദൂരം നടക്കണം നോങ്ങല്ലൂരിലേക്ക്. വിജനമായ ശാന്തമായ നാട്ടുവഴികളിലൂടെ വന്നതുകൊണ്ടായിരിക്കണം, 'ആ സ്ഥലം വാങ്ങി വെറുതെയിട്ട് നമുക്ക് അവിടെയൊരു കാടുവളര്‍ത്താം' എന്ന റഫീഖിന്റെ അഭിപ്രായത്തോട് പെട്ടെന്ന് യോജിക്കാന്‍ രവിയേട്ടനും തോന്നിയത്. അങ്ങനെ ഈ കാര്യത്തിനായി അവിടത്തെ സുഹൃത്തുക്കളിൽ ചിലർ ഒത്തുകൂടി, ആലോചനയായി.
ഒരു ലാഭേച്ഛയും പ്രതീക്ഷിക്കേണ്ടാത്ത കാര്യത്തിന് പൈസ തരാന്‍ ആരാണ് തയ്യാറാവുക. അമ്പലക്കമ്മറ്റിക്കുവേണ്ടിയോ ഉത്സവാഘോഷത്തിനുവേണ്ടിയോ ഒക്കെയാണെങ്കില്‍ പണം വരവിന് ബുദ്ധിമുട്ടില്ല. അതല്ലാതെ ഒരു സ്ഥലം കാടായി നിലനിര്‍ത്താനാണെന്നൊക്കെ പറഞ്ഞാല്‍ ആരും സഹായിച്ചെന്ന് വരില്ല. ജൈവഗ്രാമത്തിന്‍റെ പ്രവര്‍ത്തകര്‍ പങ്കുവെച്ചെടുക്കാം എന്നു വെച്ചാല്‍ പലരും വിദ്യാര്‍ത്ഥികളാണ്. വരുമാനമുള്ളവര്‍ തന്നെ വലിയൊരു സംഖ്യയൊന്നും സംഭാവനയായി തരാന്‍ കഴിവുള്ളവരുമല്ല. എന്തായാലും വാങ്ങാം എന്ന തീരുമാനം എടുത്താണ് പിരിഞ്ഞത്.
സൗഹൃദസംഘത്തിന്റെ വിപുലമായ യോഗം താമസിയാതെ വീണ്ടും ചേര്‍ന്നു. പതുക്കെ പരിപാടികള്‍ ഉരുത്തിരിഞ്ഞു വന്നു. 34 സെന്റ് 34 പേര്‍കൂടി വാങ്ങാം ഒരാള്‍ക്ക് ഒരു സെന്റ്. സംഘം ഈ വിവരം കൊച്ചുണ്ണിയേട്ടനെ അറിയിച്ചു. അദ്ദേഹത്തിനും സന്തോഷം. ഒടുവില്‍ കരാറായി. മൂന്നാലുപേർ ചേർന്ന് പിരിവിട്ട് കൊച്ചുണ്ണിയേട്ടന് അഡ്വാൻസ് തുക കൈമാറി. ബാക്കി കൊടുക്കാനുള്ള തീയതി ഉറപ്പിച്ചു. പറഞ്ഞ ദിവസം തന്നെ പണം തരണം എന്ന് കൊച്ചുണ്ണിയേട്ടൻ ആദ്യമേ നിർബന്ധം പറഞ്ഞു.
വിവരമറിഞ്ഞും കേട്ടും പലരും സംഭാവന തന്നു തുടങ്ങി. മെല്ലെ മെല്ലെ അംഗസംഖ്യ കൂടിക്കൂടി വന്നു. എന്നിട്ടും ഏറെ ബാക്കി. രജിസ്റ്റർ ചെയ്യേണ്ട സമയം അടുത്തുവന്നുതുടങ്ങി. ആളെണ്ണം 34 തികഞ്ഞില്ല. രജിസ്‌ട്രേഷന്‍ നടത്താന്‍ കഴിയില്ല എന്നുതന്നെ സുഹൃത്തുക്കളില്‍ പലരും കരുതി. സ്ഥലം മറിച്ചുകൊടുക്കുന്നുണ്ടോ എന്നന്വേഷിച്ച് ബ്രോക്കര്‍മാരും വന്നുതുടങ്ങി. തിയ്യതി നീട്ടിച്ചോദിക്കുമോ എന്ന പേടിയില്‍ കൊച്ചുണ്ണി എട്ടന്‍ കൃത്യസമയത്തുതന്നെ രജിസ്‌ട്രേഷന്‍ നടക്കണമെന്ന് ആദ്യമേ പറഞ്ഞു വെച്ചിരുന്നത് ഇടയ്ക്കിടെ ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു. ഭാഗ്യവശാൽ അവസാന ദിവസങ്ങളിൽ വീണ്ടും ആളുകൾ വന്നു. പലരും പറഞ്ഞ സമയത്ത് തന്നെ കൃത്യമായി പണമെത്തിച്ചു.
വനസ്ഥലികള്‍ ഉണ്ടാകുന്നത് മണ്ണില്‍ മാത്രമല്ല..
വനസ്ഥലികള്‍ ഉണ്ടാകുന്നത് മണ്ണില്‍ മാത്രമല്ല മനുഷ്യരുടെ മനസ്സില്‍ കൂടിയാണെന്ന് പ്രമോദ് തിരിച്ചറിഞ്ഞത് അന്നാണ്. അങ്ങനെ ഒടുവിൽ കേരളത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുമുള്ള മണ്ണിനെയും മനുഷ്യരേയും സ്‌നേഹിക്കുന്ന 34 പേരുടെ കൂട്ടായ്‌മയില്‍ ആ ഭൂമി മണ്ണുമാഫിയയ്ക്ക് വിട്ടുകൊടുക്കാതെ അവർ സ്വന്തമാക്കി. വ്യക്തിപരമായ പരിഗണനയ്ക്ക് അപ്പുറം പരസ്പരം കാത്തുസൂക്ഷിക്കുന്ന സൗഹൃദത്തിന്റെ കരുതലില്‍, ഇന്നും ആ ചെറിയ തുണ്ട് ഭൂമി നിലനില്‍ക്കുന്നു നോങ്ങല്ലൂരിന്റെ പൊതുഇടമായി, സൗഹൃദങ്ങളുടെ തെളിനീരുറവയായി, ഓര്‍മ്മകളിലെ പച്ചതുരുത്തായി.
നമ്മുടെ പൂര്‍വ്വികര്‍ ഒരു ഗൃഹം നിര്‍മ്മിക്കുവാന്‍ വേണ്ടി ഒരു സ്ഥലം തിരഞ്ഞെടുക്കുമ്പോള്‍ അവിടെയുള്ള മറ്റു ജീവികളെ ഒട്ടും തന്നെ ദ്രോഹിക്കാതെ; അവര്‍ക്ക് ജീവിക്കുവാന്‍ ആവശ്യമായ ഒരു ആവാസ വ്യവസ്ഥ ഒരുക്കികൊടുക്കുക എന്നത് ഒരു കര്‍ത്തവ്യമായി കണ്ടിരുന്നു. അതിന്റെ ഫലമായി രൂപം കൊണ്ടതാണ് കാവ് എന്ന സങ്കല്പം. ആ കാവില്‍ നാനാവിധ പക്ഷി മൃഗാദികള്‍ വസിക്കുമായിരുന്നു. ഒരു ചെറിയ വനം എന്ന നിലയ്ക്ക്; ഒരു സമ്പൂര്‍ണ്ണ ആവാസവ്യവസ്ഥ ആയിരിക്കും ഇത്.
പേരുകള്‍ പോലും അറിയാത്ത ചില പ്രത്യേകയിനം മരങ്ങളും, ചെടികളും, പക്ഷികളും ഇന്ന് നമ്മുടെ നാട്ടില്‍ മിക്കവാറും അപ്രത്യക്ഷമായി എന്ന് തന്നെ പറയാം. പണ്ടൊക്കെ കുട്ടികൾ വീട്ടുപറമ്പിൽ നടന്ന് ഇലഞ്ഞിപ്പൂ, മഞ്ചാടിക്കുരു, കുന്നിക്കുരു, ഓടപ്പഴം എന്നിവ പെറുക്കിയെടുത്ത് സൂക്ഷിക്കുമായിരുന്നു. അങ്ങനെ പ്രകൃതിയുടെ ഒരംശം നമ്മുടെ വീടുകൾക്കുള്ളിലും മനസ്സിലും കാത്തു സൂക്ഷിക്കാൻ വേണ്ടിയെങ്കിലും ഇനിയും ഇതുപോലെ നമുക്കും ഒന്നിക്കാം. സാമൂഹ്യ മാധ്യമങ്ങളിലെ സുഹൃത്തുക്കൾ ഒത്തുചേർന്ന് ഇങ്ങനെയുള്ള ആർക്കും വേണ്ടാത്ത സ്ഥലങ്ങൾ ഏറ്റെടുത്ത് അതിൽ കാടുകൾ നട്ടുവളർത്തി ഭൂമിയിൽ പുതിയ പച്ചത്തുരുത്തുകൾ ഉണ്ടാക്കാം.. അങ്ങനെ കോൺക്രീറ്റ് വനങ്ങൾ കയ്യേറിയ ഈ ഭൂമിയിൽ അതിന്റെ മറ്റുള്ള അവകാശികൾക്കും ഒരിടം നൽകാൻ ശ്രമിക്കാം.