ആണും പെണ്ണും വന്ന് സംഗീതം ആസ്വദിച്ച് മദ്യം കഴിക്കുന്ന പബ്ബുകള്‍, ബംഗളൂരുവിലെ പബ്ബ് രാവുകള്‍

By Bindu A V  |  First Published Nov 15, 2019, 6:51 PM IST

മൂവായിരത്തോളം പബ്ബുകള്‍ ഉള്ള ബംഗളൂരു നഗരത്തിന്റെ സാമൂഹ്യ അവസ്ഥ എന്താണ്? ഇവിടെ സ്ത്രീകള്‍ക്ക് പുറത്തിറങ്ങാന്‍ 
പറ്റാത്ത സാഹചര്യമുണ്ടോ? പബ്ബുകള്‍ സാമൂഹ്യ ജീവിതത്തെ ബാധിക്കുന്നുണ്ടോ? ബംഗളൂരുവില്‍നിന്ന് ബിന്ദു എ വിയുടെ റിപ്പോര്‍ട്ട് 


ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം ആരാഞ്ഞപ്പോള്‍, ബംഗളൂരുവില്‍ വര്‍ഷങ്ങളായി ജീവിക്കുന്ന നേഹയുടെ മറുപടി ഇതായിരുന്നു: ''വര്‍ഷങ്ങളായി സുഹൃത്തുക്കളുമൊത്ത് ഞാന്‍ പബ്ബില്‍  വരാറുണ്ട്. ഇതുവരെ ഒരു മോശം അനുഭവം ഉണ്ടായിട്ടില്ല. നഗരത്തില്‍ ധാരാളം പബ്ബുകളുള്ള ഒരു സ്ഥലമാണ് ഞാന്‍ ജോലി ചെയ്യുന്ന എം ജി റോഡ്. സെന്‍ട്രല്‍ എംജി റോഡില്‍ മാത്രം 40 ലധികം പബ്ബുകളുണ്ട്. പക്ഷേ, പബ്ബുകളിലെത്തുന്ന പുരുഷന്‍മാരില്‍ നിന്ന് ഇതുവരെ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നിട്ടില്ല. എന്നാല്‍, കേരളത്തില്‍ അതല്ല അവസ്ഥ. പട്ടാപ്പകല്‍ നാട്ടില്‍ നിന്ന് അശ്ലീല കമന്റ്  കേള്‍ക്കേണ്ടി വരാറുണ്ട്. ''

ബംഗളൂരു: കേരളത്തില്‍ പബുകള്‍ തുടങ്ങുന്ന കാര്യം ആലോചിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു ടിവി പരിപാടിക്കിടെ പറഞ്ഞതേ ഉണ്ടായിരുന്നുള്ളൂ. അതോടെ ചര്‍ച്ചകളുടെ മുനയില്‍ പബ്ബുകള്‍ വന്നു. പബ്ബ് വന്നാല്‍, കേരളത്തിന് എന്ത് സംഭവിക്കുമെന്ന ചര്‍ച്ചകള്‍. ചിലരൊക്കെ ഈ ആലോചനയെ സ്വാഗതം ചെയ്തു. മറ്റു ചിലരാവട്ടെ ആശങ്കകള്‍ പങ്കുവെച്ചു. പബ് വരുന്നതോടെ കേരളത്തിലെ സാമൂഹ്യ അന്തരീക്ഷം മാറിമറിയുമെന്നായിരുന്നു ചിലരുടെ ഭീതി. ഒരു പാട് സ്ത്രീകള്‍, പബ്ബ് വന്നാല്‍, പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥ വരുമെന്ന് മാധ്യമങ്ങളോട് പറഞ്ഞു. കമന്റടികളും തുറിച്ചുനോട്ടവും പതിവായ സാമൂഹ്യാന്തരീക്ഷത്തില്‍ പബ്ബ് കൂടി വരുന്നത് കാര്യങ്ങള്‍ വഷളാക്കുമെന്ന മട്ടില്‍ ചര്‍ച്ചകള്‍ മാറി. 

Latest Videos

undefined

ഈ സാഹചര്യത്തിലാണ്, കേരളത്തിന് തൊട്ടടുത്ത കര്‍ണാടകയിലെ, ഐടി തലസ്ഥാനമായ ബംഗളൂരുവിലെ പബ്ബ് സംസ്‌കാരവും ചര്‍ച്ചയില്‍ വന്നത്. 

രാജ്യത്തിന്റെ പബ്ബ് തലസ്ഥാനമെന്നാണ് ബംഗളൂരു അറിയപ്പെടുന്നത്. ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ പബ്ബുകളുള്ളതും ബംഗളൂരുവില്‍ തന്നെ. എക്‌സൈസ് വകുപ്പിന്റെ കണക്കനുസരിച്ച് ബംഗളൂരു നഗരത്തില്‍ മാത്രം 406 അംഗീകൃത പബ്ബുകള്‍ ഉണ്ട്. (2018 ജൂണ്‍ 30 വരെയുള്ള കണക്കാണിത്). 2014 ല്‍ വെറും 269 പബ്ബുകള്‍ മാത്രമുണ്ടായിരുന്ന സ്ഥാനത്താണ് നാലു വര്‍ഷങ്ങള്‍ കൊണ്ട് എണ്ണത്തില്‍ 50 ശതമാനത്തിലധികം വര്‍ദ്ധനവുണ്ടായത്. കര്‍ണാടകയില്‍ മൊത്തമായി  459 പബ്ബുകളുണ്ട്. അംഗീകാരമില്ലാത്തവയുള്‍പ്പെടെ ഏകദേശം  മൂവായിരത്തോളം പബ്ബുകള്‍ നഗരത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കണക്ക്. എംജി റോഡ്, ബിഗേഡ് റോഡ്, ഇന്ദിരാനഗര്‍, കോറമംഗല തുടങ്ങി ഐടി സ്ഥാപനങ്ങള്‍ കൂടുതലുള്ള സ്ഥലങ്ങളിലാണ് ഇതില്‍ പകുതിയോളവും പ്രവര്‍ത്തിക്കുന്നത്. 

ഇത്രയും പബ്ബുകള്‍ ഉള്ള ബംഗളൂരു നഗരത്തിന്റെ അവസ്ഥ എന്താണ്? ഇവിടെ സ്ത്രീകള്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത സാഹചര്യമുണ്ടോ? പബ്ബുകള്‍ സാമൂഹ്യ ജീവിതം ദുഷ്‌കരമാക്കുന്നുണ്ടോ? 

ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം ആരാഞ്ഞപ്പോള്‍, ബംഗളൂരുവില്‍ വര്‍ഷങ്ങളായി ജീവിക്കുന്ന നേഹയുടെ മറുപടി ഇതായിരുന്നു: ''വര്‍ഷങ്ങളായി സുഹൃത്തുക്കളുമൊത്ത് ഞാന്‍ പബ്ബില്‍  വരാറുണ്ട്. ഇതുവരെ ഒരു മോശം അനുഭവം ഉണ്ടായിട്ടില്ല. നഗരത്തില്‍ ധാരാളം പബ്ബുകളുള്ള ഒരു സ്ഥലമാണ് ഞാന്‍ ജോലി ചെയ്യുന്ന എം ജി റോഡ്. സെന്‍ട്രല്‍ എംജി റോഡില്‍ മാത്രം 40 ലധികം പബ്ബുകളുണ്ട്. പക്ഷേ, പബ്ബുകളിലെത്തുന്ന പുരുഷന്‍മാരില്‍ നിന്ന് ഇതുവരെ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നിട്ടില്ല. എന്നാല്‍, കേരളത്തില്‍ അതല്ല അവസ്ഥ. പട്ടാപ്പകല്‍ നാട്ടില്‍ നിന്ന് അശ്ലീല കമന്റ്  കേള്‍ക്കേണ്ടി വരാറുണ്ട്. ''

വര്‍ഷങ്ങള്‍ ബംഗളൂരുവില്‍ താമസിച്ചശേഷം ഇപ്പോള്‍ ദില്ലിയില്‍ എം ജി മോട്ടോഴ്‌സില്‍ ജോലി ചെയ്യുന്ന കോട്ടയം സ്വദേശി ജാസ്‌ലിനും ഇതേ അഭിപ്രായം തന്നെ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു: ''ദില്ലിയേക്കാളും സുരക്ഷിതമാണ് ബംഗളൂരു. പബ്ബുകളില്‍ പല വട്ടം പോയിട്ടുണ്ട്. പബ്ബുകള്‍ ധാരാളമുള്ള ഇടങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. ഒരിക്കല്‍ പോലും മോശം അനുഭവം ഉണ്ടായിട്ടില്ല. നാട്ടിലെ അവസ്ഥ മോശമാക്കുന്നത് മദ്യമാവില്ല. അവിടെ നിലനില്‍ക്കുന്ന സ്ത്രീകളെ കാഴ്ചവസ്തുവാക്കുന്ന സാഹചര്യം ആവണം. ''


രാജ്യത്തിന്റെ പബ്ബ് തലസ്ഥാനം

നഗരത്തിന്റെ ബിയര്‍ ചരിത്രം തുടങ്ങുന്നത് ഏകദേശം 1915 ലാണ്. യുണൈറ്റഡ് ബ്രീവെറീസ് (യു ബി) എന്ന കമ്പനിയായിരുന്നു ബ്രിട്ടീഷുകാര്‍ക്ക് ബിയര്‍ നല്‍കി വന്നിരുന്നത്. തോമസ് ലെയ്ഷ്മാന്‍ എന്ന സായിപ്പായിരുന്നു കമ്പനി നടത്തിപ്പ്. പിന്നീട് 1947 ല്‍ യു ബി വ്യവസായിയായിരുന്ന വിട്ടല്‍ മല്യ ഏറ്റെടുത്തു. 

1986 ല്‍ ബംഗളൂരുവിലെ ചര്‍ച്ച് സ്ട്രീറ്റില്‍ ടൂറിസ്റ്റുകളെ ലക്ഷ്യമാക്കി ആദ്യമായി പബ്ബ് എന്ന ആശയം കൊണ്ടുവന്നത് ഹാരി ഖോഡെ എന്ന വ്യക്തിയാണ്. 'റമദ' എന്ന പേരിലാണ് പബ്ബ് തുടങ്ങിയത്. ഖോഡെയുടെ ഇടക്കിടെയുള്ള ബ്രിട്ടന്‍ സന്ദര്‍ശനമാണ് ഇതിന് പ്രചോദനമായത്. ബ്രിട്ടനില്‍ അക്കാലത്തു തന്നെ ധാരാളം പബ്ബുകള്‍ ആരംഭിച്ചിരുന്നു. 'റമദ'യുടെ വരവോടെ യുബിയും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി പബ്ബുകളാരംഭിച്ചു. പിന്നീട് വളരെ വേഗമാണ് പബ്ബുകള്‍ നഗരജീവിതത്തിന്റെ ഭാഗമായി മാറിയത്. 

പബ്ബ് സംസ്‌കാരം ബംഗളൂരുവില്‍ ആഴത്തില്‍ വേരോടിയതിന്റെ ഒരു കാരണമായി പറയുന്നത് ആളോഹരി വരുമാനം കൂടിയതാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ഐടി കമ്പനികളുള്ളത് ബംഗളൂരുവിലാണ്. കൂടാതെ ബിസിനസ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വ്യാപനവും ഇതര സംസ്ഥാനക്കാര്‍ കൂടുതലായി വന്നുചേര്‍ന്നതും ബാറുകളുടെയും പബ്ബുകളുടെയും എണ്ണം വര്‍ദ്ധിക്കുന്നതിന് കാരണമായിട്ടുണ്ട്. ഉയര്‍ന്ന ജീവിത നിലവാരം പുലര്‍ത്തുന്നവര്‍ക്ക്  മാത്രമല്ല താഴേക്കിടയിലുള്ളവര്‍ക്ക് പോകാന്‍ കഴിയുന്ന പബ്ബുകളും നഗരത്തിലുണ്ട്. വില നിലവാരത്തില്‍ വ്യത്യാസമുണ്ടാവുമെന്നു മാത്രം. ബംഗളൂരു ഈസ്റ്റിലാണ് ഏറ്റവും കൂടുതല്‍ പബ്ബുകളുള്ളത്. 158 പബ്ബുകള്‍. 

 

...................................................................

കഴിഞ്ഞ വര്‍ഷമാണ് ഒരു പബ്ബില്‍ അവരെ കണ്ടത്. ആറു സ്ത്രീകള്‍. മിക്കവരും അറുപതിനോടടുത്ത് പ്രായമുള്ളവര്‍.

 

ആരൊക്കെയാണ് പബ്ബുകളില്‍ വരാറുള്ളത്?

കഴിഞ്ഞ വര്‍ഷമാണ് ഒരു പബ്ബില്‍ അവരെ കണ്ടത്. ആറു സ്ത്രീകള്‍. മിക്കവരും അറുപതിനോടടുത്ത് പ്രായമുള്ളവര്‍. കൂട്ടത്തിലെ ഒരാളുടെ റിട്ടയര്‍മെന്റ് പാര്‍ട്ടിയാണ്. അവര്‍ ഒരു മേശയ്ക്കു ചുറ്റുമിരുന്ന് ബിയര്‍ കഴിക്കുകയാണ്. അപ്പുറത്തെ മുറിയില്‍ നിന്ന് ഒരു പാശ്ചാത്യ ഗാനം ഇവരുടെ സംസാരത്തെ ശല്യപ്പെടുത്താത്ത വിധം പുറത്തേക്ക് മുഴങ്ങുന്നുണ്ട്. ഏകദേശം 11 മണിയോടടുത്തപ്പോള്‍ പാര്‍ട്ടി കഴിഞ്ഞു. വിരമിച്ച ഉദ്യോഗസ്ഥയുടെ മകന്‍ കാറുമായി പബ്ബിലെത്തി. കാറില്‍ അവരെയെല്ലാവരെയും അവന്‍ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി. 

ബംഗളൂരുവിലെ പബ്ബുകളിലെ സാധാരണ കാഴ്ച്ചകളിലൊന്നാണിത്. പ്രായ ഭേദമന്യേ നിരവധി പേരാണ് കുറച്ച് സമയം മറ്റ് സമ്മര്‍ദ്ദങ്ങളില്ലാതെ ചിലവഴിക്കാന്‍ പബുകളില്‍ എത്തുന്നത്. കോളേജ് വിദ്യാര്‍ത്ഥികള്‍ മുതല്‍ റിട്ടയേര്‍ഡ് ഉദ്യോഗസ്ഥര്‍ വരെ ലിംഗഭേദമന്യേ പബ്ബുകളിലെ സന്ദര്‍ശകരാണ്. പലര്‍ക്കും നിത്യ ജീവിതത്തിന്റെ ഭാഗമാണ് ഈ പബ്ബുകള്‍. പലരും അല്പസമയം തിരക്കുകളില്‍ നിന്നൊഴിഞ്ഞു നിന്ന് മാനസിക ഉല്ലാസത്തിനെത്തുന്നവരാണ്. വിദ്യാര്‍ത്ഥിനികളുള്‍പ്പെടെയുള്ള സ്ത്രീകളും പബ്ബുകളിലെ സ്ഥിരം സാന്നിധ്യമാണ്. 


എന്തു കൊണ്ട് പബ്ബുകള്‍

ബാറുകളില്‍ നിന്ന് വ്യത്യസ്തമായി ജനങ്ങളെ പബ്ബുകളിലേക്ക് ആകര്‍ഷിക്കുന്നതെന്താണ്? നല്ല ആള്‍ക്കൂട്ടം, നല്ല സംഗീതം, നല്ല ബിയര്‍. ഇതാണ് ജയനഗര്‍ സ്വദേശിയും ഐടി ജീവനക്കാരനുമായ മലയാളി യുവാവ് വരുണിന്റെ മറുപടി. തിരക്കുകളൊഴിഞ്ഞ വാരാന്ത്യങ്ങളില്‍ സുഹൃത്തുക്കള്‍ക്കൊപ്പം സംഗീതം കേട്ട് ബിയര്‍ കഴിച്ചുകൊണ്ട് സംസാരിച്ചിരിക്കാന്‍ ആരാണിഷ്ടപ്പെടാത്തതെന്നാണ് വരുണ്‍ ചോദിക്കുന്നത്. 

''പലപ്പോഴും സ്ത്രീ സുഹൃത്തുക്കളും കൂടെ വരാറുണ്ട്. രാത്രി വൈകിയുള്ള പാര്‍ട്ടികള്‍ക്കു ശേഷമാണ് അവര്‍ തിരിച്ചു പോകുന്നത്. സ്വന്തം വാഹനമില്ലാത്തവര്‍  ഓല, ഊബര്‍ ടാക്‌സികള്‍ ബുക്ക് ചെയ്യും.  ഇവിടെയെത്തിയാല്‍ എല്ലാവരും വളരെ കൂളാണ്. ''-വരുണ്‍ പറയുന്നു. 

ബ്ര്യൂവെറി ബിയര്‍ അഥവാ പബ്ബുകളില്‍ തന്നെ ഉണ്ടാക്കുന്ന ബിയറുകളാണ് ആളുകളെ കൂടുതലായി ആകര്‍ഷിക്കുന്നത്. ബംഗളൂരുവില്‍ ഒട്ടേറെ ബ്ര്യൂവെറി പബ്ബുകളുണ്ട്. ഹെന്നൂരില്‍ 65000 ചതുരശ്ര അടിയില്‍ നിര്‍മ്മിച്ച ബിഗ് ബ്ര്യുവ്‌സ്‌കി പബ്ബ് ആണ് ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ മൈക്രോബ്ര്യൂവെറി പബ്ബ്. 18 ഇനങ്ങളിലുള്ള ടാപ്പ് ബിയര്‍ ഇവിടെ ലഭിക്കും. ഒരേ സമയം 1300 ഓളം പേരെ ഇവിടെ ഉള്‍ക്കൊള്ളാനാവും. 

 

വാരാന്ത്യങ്ങളില്‍ രാത്രി ഒരു മണിവരെ

വലിയ ടിവി സ്‌ക്രീനുകള്‍, ഔട്ട് ഡോര്‍ സീറ്റിങ്, പുകവലിക്കാനുള്ള പ്രത്യേക ഏരിയ, ബഫെ, കാന്‍ഡില്‍ ലൈറ്റ് ഡിന്നര്‍, പാര്‍ട്ടി ഹാള്‍, ലൈവ് സംഗീത പരിപാടികള്‍, പൂള്‍ സൈഡ് ഡിന്നര്‍, ഡി ജെ, സൈക്കഡെലിക് ട്രാന്‍സ് മ്യുസിക്, വാലറ്റ് പാര്‍ക്കിങ്, ഡാന്‍സ് ഫ്‌ളോറുകള്‍, ആംഫി തിയറ്റര്‍, കിഡ്‌സ് പ്ലേ ഏരിയ തുടങ്ങി ഒട്ടേറെ സൗകര്യങ്ങളാണ് വിവിധ പബ്ബുകള്‍ നല്‍കുന്നത്. ഒരാള്‍ക്ക് 500 രൂപയില്‍ തുടങ്ങുന്ന പ്രവേശന ഫീസ് പബ്ബുകളിലെ സൗകര്യങ്ങള്‍ക്കനുസരിച്ച് 3000 രൂപവരെ ഉയരാറുണ്ട്. കപ്പിള്‍സ് എന്‍ട്രിയാണെങ്കില്‍ നിരക്കില്‍ ഇളവുണ്ട്.  

ആല്‍ക്കഹോള്‍ അടങ്ങാത്ത മോക്‌ടെയില്‍ തുടങ്ങിയ പാനീയങ്ങളും സുലഭമാണെന്നതാണ് പബ്ബുകളുടെ പ്രത്യേകത. നല്ല ഭക്ഷണം കൂടി ലഭിക്കുമെന്നതിനാല്‍  വാരാന്ത്യങ്ങളില്‍ കുടുംബ സമേതം പബ്ബുകളിലെത്തുന്നവരുമുണ്ട്. എല്ലാദിവസവും തുറന്നു പ്രവര്‍ത്തിക്കുമെങ്കിലും വാരാന്ത്യങ്ങളിലാണ് തിരക്ക് കൂടുതല്‍. വാരാന്ത്യ ദിവസങ്ങളില്‍ രാത്രി ഒരു മണിവരെ തുറന്നു പ്രവര്‍ത്തിക്കാനുള്ള അനുമതിയുണ്ട്.

ന്യൂ ഇയര്‍, ക്രിസ്മസ് തുടങ്ങിയ ആഘോഷാവസരങ്ങളില്‍ ആകര്‍ഷകങ്ങളായ ഓഫറുകളാണ് പബ്ബ് ഉടമകള്‍ നല്‍കുന്നത്. ആ സമയങ്ങളില്‍ നിരക്ക് കുത്തനെ കൂടുമെങ്കിലും മാസങ്ങള്‍ക്കു മുന്‍പു തന്നെ ഹൗസ്ഫുള്‍ ആവാറുണ്ടെന്ന് പബ്ബ് ഉടമകള്‍ പറയുന്നു. ബിട്ടീഷ് പബ്ബിന്റെ മാതൃകയിലുള്ള പബ്ബുകളും നഗരത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടങ്ങളിലെ കാര്‍പെറ്റും സോഫയും ഗ്ലാസുകളും വരെ പരമ്പരാഗത ബ്രിട്ടീഷ് തനിമയുള്ളതായിരിക്കും.  

വിവിധ തരം നോണ്‍ വെജ് വിഭവങ്ങളാണ് മറ്റൊരു പ്രത്യേകത. എന്നാല്‍ ബ്രാഹ്മണ വിഭാഗങ്ങള്‍ കൂടുതലുള്ള റെസിഡന്‍ഷ്യല്‍ ഏരിയകളിലെ പബ്ബുകളില്‍ ചിക്കന്‍ മഷ്‌റൂമിനും മറ്റ് പച്ചക്കറി വിഭവങ്ങള്‍ക്കും വഴിമാറുമെന്നുമാത്രം. നഗരത്തിലെ പല പബ്ബുകളും ആഴ്ച്ചയില്‍ ഒരു ദിവസം  പ്രവേശനം സ്ത്രീകള്‍ക്കു മാത്രമാക്കി ചുരുക്കാറുണ്ട്. പ്രവേശന ഫീസ് ഒഴിവാക്കിയും ഇളവും നല്‍കിയുമാണ് ഈ സൗകര്യമൊരുക്കുന്നത്. ചില പബ്ബുകള്‍ ലേഡീസ് നൈറ്റില്‍ കപ്പിള്‍സ് എന്‍ട്രിയും അനുവദിക്കാറുണ്ട്.


പബ്ബുകള്‍ ജനജീവിതത്തെ ബാധിക്കുന്നുണ്ടോ?

ആല്‍ക്കഹോള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു എന്നതൊഴിച്ചാല്‍ ബംഗളൂരു നഗരത്തിലെ പബ്ബ് സംസ്‌കാരം ജനജീവിതത്തെ സാരമായി ബാധിക്കുന്നില്ല എന്ന അഭിപ്രായക്കാരാണ് ഈ ചോദ്യവുമായി സമീപിച്ചപ്പോള്‍ സംസാരിച്ച ഭൂരിഭാഗം പേരും. 

രാത്രി ഏറെ വൈകിയതിനു ശേഷവും പബ്ബുകളില്‍ നിന്നുയരുന്ന ബാന്‍ഡ് മ്യൂസിക്കും ആര്‍പ്പുവിളികളും ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നുള്ള പരാതികള്‍ നേരത്തെ ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് 30 ലധികം പബ്ബുകള്‍ക്കെതിരെ നടപടിയെടുത്തിരുന്നു. പൊതുവെ  സ്ത്രീ സൗഹൃദ ഇടങ്ങള്‍ കൂടിയായതിനാല്‍ ബാറുകളെ അപേക്ഷിച്ച് പബ്ബുകള്‍ തികച്ചും സുരക്ഷിതമാണ്. 

''നമ്മുടെ നാട്ടില്‍ ഒരു സ്ത്രീയ്ക്ക് ബാറില്‍ ക്യൂ നില്‍ക്കാനോ സുഹൃത്തുക്കള്‍ക്കൊപ്പം പബ്ബില്‍ പോവാനോ കഴിയുമോ? പോയാല്‍ പിന്നീടത് വാര്‍ത്തയാവും, സിസിടിവി ദൃശ്യങ്ങള്‍ വൈറലാവും. മാധ്യമങ്ങള്‍ ചര്‍ച്ചയ്ക്ക് വരെ വിഷയമാക്കും. മാറുന്ന സാമൂഹ്യ സാഹചര്യത്തില്‍ കേരളത്തില്‍ പബ്ബുകള്‍ ആരംഭിക്കുമെന്ന സൂചന നല്‍കിയുള്ള മുഖ്യമന്ത്രിയുടെ പരാമര്‍ശം ആശാവഹം തന്നെയാണ്.''- നാട്ടില്‍ പബ്ബുകള്‍ തുടങ്ങിയാല്‍ എന്തു സംഭവിക്കുമെന്ന ചോദ്യത്തിന് വരുണ്‍ ഇങ്ങനെ മറുപടി പറയുന്നു

പബ് വേണോ വേണ്ടയോ? മലയാളികള്‍ പറയുന്നത് ഇങ്ങനെ

'നമ്മുടെ സംസ്കാരം തകരും, കേരളം മദ്യശാലയാകും'; മലയാളിസ്ത്രീകള്‍ പ്രതികരിക്കുന്നു

പബ് വന്നില്ലേ, നമ്മുടെ പബ്‍സ്... വന്നില്ലേ.. ; കാണാം പബ് ട്രോളുകള്‍

 

click me!