വീട്ടില്‍നിന്ന് വിളിച്ചിറക്കി കൊണ്ടുപോയി കൊടും പീഡനം, പിന്നെ അരുംകൊല; താലിബാന്‍ ഇയാളെ ഭയന്നതെന്തിന്?

By Web Team  |  First Published Aug 7, 2021, 4:36 PM IST

താലിബാന്‍ ഭയന്ന മുന്‍ കമ്യൂണിസ്റ്റ്  നേതാവ്. കഴിഞ്ഞ ദിവസം താലിബാന്‍ പീഡിപ്പിച്ച് കൊന്ന അബ്ദുല്ല ആതിഫിയുടെ അസാധാരണ ജീവിതം 


താലിബാന്റെ വരവില്‍ ഭീതിപൂണ്ട് ഉക്രൈനിലേക്ക് രക്ഷെപ്പട്ട അദ്ദേഹം അമേരിക്കന്‍ ഇടപെടലിനെ തുടര്‍ന്ന് താലിബാന്‍ തകര്‍ച്ചയിലായ നേരത്താണ് സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങിവന്നത്. എന്നാല്‍, പെട്ടെന്നുള്ള യു എസ് പിന്‍മാറ്റവും താലിബാന്റെ കടന്നുവരവും അദ്ദേഹത്തിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. കഴിഞ്ഞ വര്‍ഷം പ്രാദേശിക തെരഞ്ഞെടുപ്പില്‍ മല്‍സരിച്ച അദ്ദേഹം, താലിബാന്‍ വിരുദ്ധ രാഷ്ട്രീയത്തിന്റെ പതാകവാഹകനായിരുന്നു. അതിനാലാവണം, അധികാരം പിടിക്കുന്ന നേരത്തുതന്നെ താലിബാന്‍ ആ ജീവിതത്തെ പീഡിപ്പിച്ചു തീര്‍ത്തുകളഞ്ഞത്. 

 

Latest Videos

undefined

ഗാന്ധാര റിപ്പോര്‍ട്ട് ചെയ്ത,  അബ്ദുല്ല ആതിഫിയുടെ കൊലപാതക വാര്‍ത്ത

 

''താലിബാന്‍ അഫ്ഗാനിസ്താനില്‍ ഒരു കവിയെ കൂടി വധിച്ചു. കവിയും ചരിത്രകാരനുമായ അബ്ദുല്ല ആതിഫിയെയാണ് പീഡനങ്ങള്‍ക്കു വിധേയമാക്കിയ ശേഷം താലിബാന്‍ കൊല ചെയ്തത്. തെക്കന്‍ അഫഗാനിസ്താനിലെ ഉറൂസ്ഗാന്‍ പ്രവിശ്യാ ഗവര്‍ണര്‍ മുഹമ്മദ് ഉമര്‍ ഷിര്‍സാദ് ആണ് ഇക്കാര്യം അറിയിച്ചത്.'' 

പാക്കിസ്താനിലും അഫ്ഗാനിസ്താനിലും ആഴത്തില്‍ വേരുകളുള്ള, ഗാന്ധാര എന്ന കമ്യൂണിറ്റി മീഡിയയാണ് രണ്ടു ദിവസം മുമ്പ്, ഈ വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ഗാന്ധാരയുടെ റേഡിയോ വിഭാഗമായ റേഡിയോ ആസാദിയാണ് ഉറൂസ്ഗാന്‍ പ്രവിശ്യാ ഗവര്‍ണറെ ഉദ്ധരിച്ച് ഈ വാര്‍ത്ത പുറത്തുവിട്ടത്. അമേരിക്കന്‍ കോണ്‍ഗ്രസിന്റെ പ്രത്യേക ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഗാന്ധാര എന്ന മാധ്യമസ്ഥാപനത്തിന് അഫ്ഗാനിലും പാക്കിസ്താനിലും പ്രാദേശിക തലത്തില്‍ റിപ്പോര്‍ട്ടര്‍മാരുണ്ട്. അഫ്ഗാനിലെ താലിബാന്‍ മുന്നേറ്റങ്ങളെക്കുറിച്ചുള്ള പല വാര്‍ത്തകളും ആദ്യം പുറത്തുവിടുന്ന ഒരു മാധ്യമമാണ് അത്. 

ഗാന്ധാര റിപ്പോര്‍ട്ട് ചെയ്ത,  അബ്ദുല്ല ആതിഫിയുടെ കൊലപാതക വാര്‍ത്ത തൊട്ടുപിന്നാലെ, ലോകമെങ്ങുമുള്ള നിരവധി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊമേഡിയനായ ഖാഷാ സ്വാന്‍ എന്നറിയപ്പെടുന്ന നാസര്‍ മുഹമ്മദിനെ താലിബാന്‍ അരുംകൊല ചെയ്തതിനു തൊട്ടുപിന്നാലെയാണ് കവിയും ചരിത്രകാരനുമായ അബ്ദുല്ല ആതിഫിയെ താലിബാന്‍ കൊല ചെയ്തത്. അമേരിക്കന്‍ സൈന്യം അഫ്ഗാന്‍ വിട്ടതിനു പിന്നാലെ, രാജ്യം കൈപ്പിടിയിലാക്കാന്‍ താലിബാന്‍ നടത്തുന്ന ശ്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ്, തങ്ങള്‍ക്ക് അനഭിമതരായ എല്ലാത്തിനെയും ഇല്ലാതാക്കാനുള്ള താലിബാന്റെ ഇത്തരം ശ്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 

എന്നാല്‍, ആതിഫിയുടെ കൊലപാതക ആരോപണം താലിബാന്‍ നിഷേധിച്ചു. എന്നാല്‍, കൊല ചെയ്തത് താലിബാന്‍ ആവാനിടയില്ല എന്ന ഒഴുക്കന്‍ മട്ടിലുള്ള മറുപടി മാത്രമാണ് താലിബാന്‍ വക്താവായ ഖാരി യൂസുഫ് അഹമ്മദിയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് റേഡിയോ ആസാദി റിപ്പോര്‍ട്ട് ചെയ്യുന്നു.

 

'ദ വാലീസ് എഡ്ജ്: താലിബാന്‍ ഹൃദയഭൂമിയില്‍ പഷ്തൂണുകള്‍ക്കൊപ്പം ഒരു വര്‍ഷം'

 

ദേശം മറന്നുകളഞ്ഞ നായകന്‍ 

റേഡിയോ ആസാദി ഈ കൊലപാതക വാര്‍ത്ത പുറത്തുവിട്ടെങ്കിലും, ആ വാര്‍ത്തയില്‍ ആതിഫിയെക്കുറിച്ച് കാര്യമായ വിവരങ്ങളൊന്നും ഉണ്ടായിരുന്നില്ല. താലിബാന്റെ ശക്തികേന്ദ്രത്തില്‍ നടന്ന കൊലപാതകം ആയതിനാലാവണം, സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങളും പുറത്തുവന്നില്ല. ഏതോ ഒരു കവി, ചരിത്രകാരന്‍ എന്നതിനപ്പുറം ലോകമാധ്യമങ്ങളിലും കൂടുതലായൊന്നും വന്നില്ല. 

എന്നാല്‍, വിവരങ്ങള്‍ ഓണ്‍ലൈനില്‍ ഉണ്ടായിരുന്നു. വെറുതെ ഒന്നു ഗൂഗിള്‍ ചെയ്തു നോക്കിയാല്‍, അദ്ദേഹത്തിന്റെ ജീവിതം പറയുന്ന ഒരു പുസ്തകത്തിലെത്താന്‍ കഴിയുമായിരുന്നു. അഫ്ഗാനിസ്താന്റെ ചരിത്രത്തില്‍ പല വിധത്തില്‍ ഇടപെട്ടിരുന്ന ഊര്‍ജസ്വലനായ ഒരു ബഹുമുഖ പ്രതിഭയയാണ് താലിബാന്‍ ഇല്ലാതാക്കിയത് എന്ന് നമുക്കാ പുസ്തകം പറഞ്ഞുതരും. 

വാഷിംഗ്ടണ്‍ കേന്ദ്രമായുള്ള പോട്ടോമക് ബുക്‌സ് പ്രസിദ്ധീകരിച്ച 'ദ വാലീസ് എഡ്ജ്: താലിബാന്‍ ഹൃദയഭൂമിയില്‍ പഷ്തൂണുകള്‍ക്കൊപ്പം ഒരു വര്‍ഷം' എന്ന പുസ്തകത്തിലാണ് അദ്ദേഹത്തിന്റെ ജീവിതം വിശദാംശങ്ങളോടെ പകര്‍ത്തിയത്. അമേരിക്കന്‍ പ്രതിരോധ ഡെപ്യൂട്ടി സെക്രട്ടറിയായിരുന്ന ഡോ. ഡാനിയല്‍ ആര്‍ ഗ്രീന്‍ ആണ് ആ പുസ്തകം എഴുതിയത്.  അഫ്ഗാനിസ്താനിലെ ഔദ്യോഗിക ജീവിതത്തിനിടെ അടുത്തറിഞ്ഞ പഷ്തൂണ്‍ ജീവിതമാണ് അദ്ദേഹം പകര്‍ത്തുന്നത്. അതിലാണ്, ചോറ എന്ന ഗ്രാമത്തില്‍, ഏറ്റവും സാധാരണ മട്ടില്‍ ജീവിച്ചുപോരുന്ന അബ്ദുല്ല ആതിഫി ഒരു കാലത്ത് അഫ്ഗാന്‍ രാഷ്ട്രീയത്തില്‍ സജീവമായിരുന്ന ആളാണെന്ന് സവിസ്തരം പറയുന്നത്. 'ഉറുസ്ഗാന്‍ പ്രവിശ്യയുടെ രക്തരൂക്ഷിത ഭൂതകാലം' എന്ന അധ്യായത്തിലാണ് അദ്ദേഹം അബ്ദുല്ല ആതിഫിയുടെ ജീവിതം വിശദമായി പറയുന്നത്.  

ഒരു കാലത്ത് അഫ്ഗാന്‍ ഭരണത്തിന്റെ കേന്ദ്രഭാഗത്ത് സജീവമാവുകയും പിന്നീട് അപ്രസക്തമായി സ്വന്തം ഗ്രാമത്തില്‍ ഒതുങ്ങുകയും ചെയ്തതിനാലാണ്, അദ്ദേഹത്തെ കുറിച്ച് കൂടുതലൊരു വിവരവും ലഭ്യമല്ലാതിരുന്നത് എന്നാണ് ഈ പുസ്തകം നല്‍കുന്ന സൂചന. താലിബാന്റെ വരവില്‍ ഭീതിപൂണ്ട് ഉക്രൈനിലേക്ക് രക്ഷെപ്പട്ട അദ്ദേഹം അമേരിക്കന്‍ ഇടപെടലിനെ തുടര്‍ന്ന് താലിബാന്‍ തകര്‍ച്ചയിലായ നേരത്താണ് സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങിവന്നത്. എന്നാല്‍, പെട്ടെന്നുള്ള യു എസ് പിന്‍മാറ്റവും താലിബാന്റെ കടന്നുവരവും അദ്ദേഹത്തിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. കഴിഞ്ഞ വര്‍ഷം പ്രാദേശിക തെരഞ്ഞെടുപ്പില്‍ മല്‍സരിച്ച അദ്ദേഹം, താലിബാന്‍ വിരുദ്ധ രാഷ്ട്രീയത്തിന്റെ പതാകവാഹകനായിരുന്നു. അതിനാലാവണം, അധികാരം പിടിക്കുന്ന നേരത്തുതന്നെ താലിബാന്‍ ആ ജീവിതത്തെ പീഡിപ്പിച്ചു തീര്‍ത്തുകളഞ്ഞത്. 

 

ഡോ. ഡാനിയല്‍ ആര്‍ ഗ്രീന്‍

 

ആരാണ് അബ്ദുല്ല ആതിഫി? 

ഒരു കാലത്ത് അഫ്ഗാനിസ്താനിലെ ഏറ്റവും പ്രശസ്തനായ സാംസ്‌കാരിക പ്രവര്‍ത്തകരില്‍ ഒരാളായിരുന്നു  അബ്ദുല്ല ആതിഫിയെന്ന് ഈ പുസ്തകം പറയുന്നു. ചരിത്രകാരന്‍ എന്ന നിലയിലും കവി എന്ന നിലയിലും മാത്രമല്ല, കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സാംസ്‌കാരിക വിഭാഗം നേതാവ് എന്ന നിലയിലും അദ്ദേഹം പ്രശസ്തനായിരുന്നു.  സോവിയറ്റ് യൂനിയന്റെ പിന്തുണയുള്ള നജീബുല്ല സര്‍ക്കാറിന്റെ കാലത്ത് അദ്ദേഹം, സര്‍ക്കാറില്‍ സുപ്രധാന സ്ഥാനങ്ങള്‍ കൈകാര്യം ചെയ്തിരുന്നു. 

ചോറ ഗ്രാമത്തില്‍ പിറന്ന അബ്ദുല്ല ആതിഫി പ്രബലമായ പോപുല്‍സായി ഗോത്രാംഗമാണ്. അഫ്ഗാനിലെ മുന്‍ മന്ത്രിയും വിദ്യാഭ്യാസ ഡയരക്ടറും പ്രമുഖനായ കമ്യൂണിസ്റ്റ് നേതാവുമായിരുന്ന ഹാജി മുഹമ്മദ് ഹാശിം വതന്‍വാള്‍ ആയിരുന്നു അബ്ദുല്ലയുടെ ജീവിതത്തെ മാറ്റിമറിച്ചത്. അബ്ദുല്ലയുടെ അതേ ഗോത്രത്തല്‍ പിറന്ന വതന്‍വാള്‍ ചെറുപ്പത്തിലേ മതാചാരങ്ങളോട് പുറംതിരിഞ്ഞുനില്‍ക്കുകയും കമ്യൂണിസ്റ്റ് ആദര്‍ശങ്ങളില്‍ ആകൃഷ്ടനാവുകയും ചെയ്തു. പാര്‍ട്ടി നേതൃത്വ സ്ഥാനത്തേക്കുയര്‍ന്ന അദ്ദേഹം താമസിയാതെ ദേശീയതലത്തിലേക്കുയര്‍ന്നു. ആഭ്യന്തര മന്ത്രിയും വിദ്യാഭ്യാസ വകുപ്പ് മേധാവിയുമായി അദ്ദേഹം ഉയര്‍ന്നു. താലിബാന്‍ ഭരണകാലത്ത്  സ്വീഡനിലേക്ക് രക്ഷപ്പെട്ട വതന്‍വാള്‍ ഇപ്പോള്‍ അവിടെ അധ്യാപകനായി പ്രവര്‍ത്തിക്കുകയാണ്. 

വലുതാവുമ്പോള്‍ ചരിത്രകാരനോ കവിയോ ആവണമെന്നായിരുന്നു അബ്ദുല്ല ആതിഫിയുടെ ആഗ്രഹം. എന്നാല്‍, രാജ്യത്തിന് വേണ്ടത് എഞ്ചിനീയര്‍മാരാണ്, കവികളെയല്ല എന്നായിരുന്നു ഗുരുവായ വതന്‍വാളിന്റെ അഭിപ്രായം. അതു സ്വീകരിച്ച ആതിഫി എഞ്ചിനീയറാവാന്‍ വേണ്ടി ജീവിതത്തെ മാറ്റിയെടുത്തു. സോവിയറ്റ് യൂനിയന്റെ കാലമായിരുന്നു. ആതിഫി, വതന്‍വാളിന്റെ സഹായത്തോടെ റഷ്യയില്‍ പോയി എഞ്ചിനീയറിംഗ് പഠനം പൂര്‍ത്തിയാക്കി. അതിനു ശേഷം നാട്ടില്‍വന്ന്, വൈദ്യുതി മന്ത്രാലയത്തില്‍ എഞ്ചിനീയറായി ജോലി നോക്കി. വൈദ്യുതി വകുപ്പിലെ പാര്‍ട്ടി ഫ്രാക്ഷനില്‍ സജീവമായ അദ്ദേഹം പതിയെ നേതൃനിരയിലേക്ക് ഉയര്‍ന്നു. 

 

അബ്ദുല്ല ആതിഫി

 

വഴിത്തിരിവുകള്‍ തീരുന്നില്ല

അതിനിടെ, വഴിത്തിരിവുണ്ടായി. രാഷ്ട്രീയ ഗുരുവായ വതന്‍വാളിന്റെ ഗ്രൂപ്പിനെ വെട്ടി മറ്റൊരു ഗ്രൂപ്പ് പാര്‍ട്ടിനേതൃത്വത്തിലേക്ക് ഉയര്‍ന്നു. അതോടെ, പണി നിര്‍ത്തി ആതിഫി സൈനിക സേവനത്തിനുപോയി. രണ്ടര വര്‍ഷം സൈനികനായി പ്രവര്‍ത്തിച്ചു. സുഹൃത്തും നാട്ടുകാരനുമായിരുന്ന ഷെര്‍ജാന്‍ മസ്ദൂരിയാന്‍ ആഭ്യന്തര മന്ത്രിയായപ്പോള്‍, സൈനിക സേവനം നിര്‍ത്തി കാബൂളിലെ ജയില്‍വകുപ്പില്‍ ജോലിക്കു കയറി. ഇക്കാലത്ത്, അഫ്ഗാന്‍ രാഷ്ട്രീയത്തിലെ വന്‍ തോക്കുകളുമായി അടുപ്പമുണ്ടായി. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രചാരണ വിഭാഗം അംഗമായി മാറി. പിന്നീട്, പാര്‍ട്ടി ദേശീയ നേതൃത്വത്തിലേക്കു വന്നു. എഴുത്തുകാരന്‍ എന്ന നിലയിലും ശ്രദ്ധേയനായി. 

എന്നാല്‍, വിധി മറ്റൊരു വഴിത്തിരിവ് ആതിഫിക്കായി ഒരുക്കിവെച്ചിരുന്നു. ആതിഫി അംഗമായ പാര്‍ട്ടി ഗ്രൂപ്പിനു നേര്‍ക്ക് എതിര്‍ ഗ്രൂപ്പുകാരുടെ അടുത്ത അടി വന്നു. ആതിഫി ഒഴികെ മിക്ക നേതാക്കളെയും അറസ്റ്റ് ചെയ്തു ജയിലിലടച്ചു. പിന്നീട്, 1986-ല്‍ സോവിയറ്റ് പിന്തുണയോടെ ഡോ. നജീബുല്ലയുടെ ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍വന്നപ്പോള്‍ ആതിഫി വേണ്ടും ദേശീയ ശ്രദ്ധയില്‍ വന്നു. നജീബുല്ല ആതിഫിയെ പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അധ്യക്ഷനാക്കി. എന്നാല്‍, എതിരാളികള്‍ വീണ്ടും  പാരവെച്ചു. ആതിഫി പ്രതിപക്ഷത്തിന് വിവരങ്ങള്‍ ചോര്‍ത്തുന്നു എന്ന ആരോപണം ഉയര്‍ന്നു. 

നജീബുല്ലയുടെ ഗ്രൂപ്പ് എതിരായതോടെ, ആതിഫി തരംതാഴ്ത്തപ്പെട്ടു. കമ്യൂണിസ്റ്റ് ഭരണകൂടത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്ന മുജാഹിദുകളുടെ ശക്തികേന്ദ്രമായ, പാക്കിസ്താന്‍ അതിര്‍ത്തിയോട് ചേര്‍ന്ന പക്തിയ പ്രവിശ്യയിലേക്ക് അദ്ദേഹത്തെ മാറ്റി. പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനെന്നു പറഞ്ഞായിരുന്നു ഈ തരംതാഴ്ത്തല്‍. ആര്‍ക്കും താല്‍പ്പര്യമില്ലാത്ത ആ ജോലി ആതിഫിയെയും മടുപ്പിച്ചു. എന്നാല്‍, ചരിത്രത്തിലും സാഹിത്യത്തിലും കൂടുതല്‍ ശ്രദ്ധിക്കാന്‍ അദ്ദേഹം ഈ അവസരം ഉപയോഗിച്ചു. അതോടൊപ്പം, മുജാഹിദ് നേതൃത്വത്തിലെ സ്വന്തം നാട്ടുകാരുമായുള്ള അടുപ്പവും വര്‍ദ്ധിച്ചു. 

 

നജീബുല്ല

 

മാധ്യമ പ്രവര്‍ത്തന കാലം
അതിനിടെ, അദ്ദേഹത്തിന്റെ സുഹൃത്ത് ഷെര്‍ജാന്‍ മസ്ദൂരിയാന്‍ ഗതാഗത വകുപ്പ് മന്ത്രിയായി. ഗതാഗത വകുപ്പില്‍, ചെറിയൊരു ജോലിയില്‍ ആതിഫി പ്രവേശിച്ചു. അതിനിടെയാണ് മുജാഹിദുകള്‍ നജീബുല്ല ഭരണകൂടത്തെ താഴെയിറക്കിയതും നജീബുല്ലയെ വധിച്ചതും. താലിബാന്റെ വളര്‍ച്ചയുടെ കാലം കൂടിയായിരുന്നു അത്. ലിബറല്‍ കമ്യൂണിസ്റ്റ് ജീവിതം നയിച്ച അഫ്ഗാന്‍ സമൂഹം പൊടുന്നനെ യാഥാസ്ഥിതിക മത നേതൃത്വത്തിന്റെ പിടിയിലേക്ക് മാറി. 

ഈ സമയത്ത്, ആതിഫി പാക്കിസ്താനിലേക്ക് പോയി. അവിടെനിന്നും ഉക്രൈനിലേക്കും. എഴുത്തിലായിരുന്നു അക്കാലത്ത് ഊന്നല്‍. പഷ്തൂണ്‍ ഭാഷയില്‍ രണ്ട് പത്രങ്ങള്‍ ആരംഭിച്ച അദ്ദേഹം അതിന്റെ പത്രാധിപ ചുമതലയും നിര്‍വഹിച്ചു. നിരവധി കവിതകള്‍ എഴുതിയിരുന്ന കാലമായിരുന്നു അത്. ഒരു കവിതാ സമാഹാരവും പ്രസിദ്ധീകരിക്കപ്പെട്ടു. പഷ്തൂണ്‍ ചരിത്രം പറയുന്ന ഒരു ബൃഹദ്ഗ്രന്ഥവും പുറത്തിറങ്ങി.

അതിനിടെ, അഫ്ഗാനില്‍ വീണ്ടും അവസ്ഥ മാറി. 2001-ല്‍ അമേരിക്കന്‍ അധിനിവേശമുണ്ടായി. താലിബാനെതിരെ വന്‍ മുന്നേറ്റമുണ്ടായി. താലിബാന്‍ പരാജയപ്പെട്ടു എന്നുറപ്പായതോടെ, ആതിഫി വീണ്ടും അഫ്ഗാനിലെ സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങി. ചോറ ഗ്രാമത്തിലെ തറവാട്ടുവീട്ടില്‍ ഭാര്യയ്‌ക്കൊപ്പം താമസമരംഭിച്ചു. കുട്ടികള്‍ ഇല്ലായിരുന്നു അദ്ദേഹത്തിന്. മരിച്ചുപോയ സഹോദരന്റെ കുട്ടികളെ കൂടെ താമസിപ്പിച്ച് വളര്‍ത്തുകയായിരുന്നു അദ്ദേഹം. 

എന്നാല്‍, ആതിഫിയുടെ ജീവിതം വീണ്ടും മാറുകയായിരുന്നു. ദേശീയ രാഷ്ട്രീയത്തില്‍ സജീവമായി നില്‍ക്കുകയും മാധ്യമപ്രവര്‍ത്തനത്തിലടക്കം ശ്രദ്ധേയമായി ഇടപെടുകയും ചെയ്ത ശേഷം ജന്‍മനാട്ടില്‍ മടങ്ങിയെത്തിയ അദ്ദേഹം, ഒട്ടും ശ്രദ്ധേയമല്ലാത്ത ജീവിതം തുടര്‍ന്നു. നിരക്ഷരരും സാധാരണക്കാരുമായ ഗ്രാമീണരില്‍ ഒരാളായി, ആരുമറിയാതെ കഴിഞ്ഞു വന്നു. ഇടയ്ക്ക് ജീവതമാര്‍ഗത്തിനായി ചില കരാര്‍ ജോലികള്‍ ചെയ്തു. പില്‍ക്കാലത്ത് പ്രാദേശിക രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചെങ്കിലും എളുപ്പമായിരുന്നില്ല അത്. പ്രാദേശിക തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചെങ്കിലും അദ്ദേഹം ദയനീയമായി പരാജയപ്പെട്ടു. മാറിയ അഫ്ഗാന്‍ രാഷ്ട്രീയ സാഹചര്യത്തില്‍, ഒട്ടും എളുപ്പമായിരുന്നില്ല ആതിഫിന് മുന്നോട്ടു പോവാന്‍ എന്നാണ്, 'ദ വാലീസ് എഡ്ജ്' എന്ന പുസ്തകത്തല്‍ ഡോ. ഡാനിയല്‍ ആര്‍ ഗ്രീന്‍ എഴുതുന്നത്. 

 

 

വീണ്ടും താലിബാന്‍! 

ഇത്രയുമാണ് പുസ്തകം പകര്‍ത്തി്വെച്ച ആതിഫിയുടെ ജീവതം. 2012-ലാണ് ഈ പുസ്തകം പുറത്തിറങ്ങിയത്. അതിനു ശേഷം ഒമ്പത് വര്‍ഷങ്ങള്‍. അതിനിടെ അഫ്ഗാനിസ്ഥാന്‍ പിന്നെയും മാറി. അമേരിക്കന്‍ അധിനിവേശത്തിന്റെ നാളുകള്‍ക്കു ശേഷം വീണ്ടും താലിബാന്‍ ഭീകരര്‍  അധികാരത്തിലേക്ക് വരികയാണ്. അഫ്ഗാനിസ്താന്റെ ലിബറല്‍ ജീവിതം പൂര്‍ണ്ണമായി അടച്ചുപൂട്ടുന്ന നിലയിലാണ് താലിബാന്റെ ഇടപെടലുകള്‍. സ്ത്രീകളെ വീട്ടിലിരുത്തുകയും കര്‍ക്കശമായ യാഥാസ്ഥിതിക നിലപാടുകള്‍ നിയമമാക്കുകയുമാണ് താലിബാനെന്നാണ് വാര്‍ത്തകള്‍ പറയുന്നത്. അതുപോലൊരു കാലത്ത് ആതിഫിയെപ്പോലെ, ലിബറല്‍ ജീവിതം ശ്വാസനവായുവായി കരുതുന്ന ഒരാള്‍ക്കും ജീവിക്കുക എളുപ്പമാവില്ല. എങ്കിലും മാറിയ കാലത്ത്, പരമാവധി അനുനയ മാര്‍ഗങ്ങളിലൂടെ മുന്നോട്ടു പോവുകയായിരുന്ന ആതിഫി ജീവിക്കാനുള്ള സമര മാര്‍ഗങ്ങളിലായിരുന്നു. 

അതിനാലാവണം, വീട്ടില്‍നിന്ന് വിളിച്ചിറക്കി അതിക്രൂരമായി പീഡിപ്പിച്ച ശേഷം താലിബാന്‍ ഭീകരര്‍ ആതിഫിയെ ഇല്ലാതാക്കിയത്. കുറേ കാലമായി സജീവ സാമൂഹ്യ ജീവിതത്തില്‍നിന്നും പുറത്തു നില്‍ക്കുന്നതിനാല്‍ ലോകം, ആ ജീവിതത്തിന്റെ കലക്കങ്ങള്‍ അവഗണിച്ചതും.

click me!