സംസ്ഥാന തെരഞ്ഞെടുപ്പികളില്‍ ഏവരും ഉറ്റ് നോക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ശക്തമായ മാവോയിസ്റ്റ് ഭീഷണിയുള്ള ഛത്തീസ്ഗഡ് സംസ്ഥാനം. കോണ്‍ഗ്രസ് ക്ഷേമപദ്ധതി പ്രഖ്യാപനത്തിൂടെ ഭരണം നിലനിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍, കേന്ദ്ര പദ്ധതികള്‍ക്കൊപ്പം സംസ്ഥാനത്തിന് പ്രത്യേക ക്ഷേമ പദ്ധതികളുമായി ബിജെപി ഒപ്പമുണ്ട്. സംസ്ഥാന തെരഞ്ഞെടുപ്പ് ഗോദയില്‍ നിന്നുള്ള ഗ്രൗണ്ട് റിപ്പോര്‍ട്ടുമായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ ധനേഷ് രവീന്ദ്രന്‍
പൗരാണിക കാലത്ത് ദക്ഷിണ കോസലയെന്ന വിളിപ്പേരുണ്ടായിരുന്നു ഛത്തീസ്ജഡിന്. മറാഠഭരണത്തിന്‍റെ കീഴിൽ നിന്ന് ബ്രീട്ടീഷ് ഭരണകാലത്തേക്കും അവിടെ നിന്ന് മധ്യപ്രദേശിന്‍റെ ഭാഗമായും പിന്നീട് സംസ്ഥാന പദവിലേക്കും എത്തിയ ഛത്തീസ്ഗഡ് രൂപീകരണം മുതൽ വാർത്തകളിൽ ഇടം നേടിയത് മവോയിസ്റ്റ് ആക്രമണങ്ങളുടെ പേരിലാണ്. 'കാക' അഥവാ 'ജ്യേഷ്ഠ സഹോദരൻ' എന്ന വിളിപ്പേരുള്ള ബാഗേലിന്‍റെ ചിറകിലാണ് ഈക്കുറിയും കോൺഗ്രസിന്‍റെ പ്രചാരണം. പഥാൻ മണ്ഡലത്തിൽ നിന്ന് 2013 മുതൽ തോൽവി അറിയാതെ മുന്നോട്ട് പോകുന്ന ഈ നേതാവിനെ ചുറ്റി തന്നെയാണ് കോൺഗ്രസിന്‍റെ പ്രതീക്ഷയത്രയും. സംസ്ഥാനത്തെ നാല് ശതമാനം മാത്രം വരുന്ന കുർമി സമുദായക്കാരനായ ബാഗേൽ തന്നെയാണ് കോൺഗ്രസിന്‍റെ മുഖ്യമന്ത്രി മുഖം.
അസ്വാരസ്യങ്ങള്‍ക്കിടയില്‍ ഐക്യപ്പെട്ട് കോണ്‍ഗ്രസ്
undefined
ഇത്തവണ 75 സീറ്റുകളിലെ വിജയമാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്. ജനക്ഷേമ പദ്ധതികളുടെ വിജയം തന്നെയാണ് കോൺഗ്രസ് സർക്കാരിന് ആത്മവിശ്വാസമാകുന്നത്. കർഷകരെയും ഗ്രാമീണരെയും ലക്ഷ്യമിട്ടുള്ള രാജീവ് ഗാന്ധി കിസാൻ ന്യായ്, ഗോധൻ ന്യായ് യോജന തുടങ്ങിയ പദ്ധതികൾ ഗ്രാമീണ മേഖലയിൽ വോട്ട് ഉറപ്പിക്കുമെന്ന് കോൺഗ്രസ് കരുതുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പലയിടങ്ങളിലും കോൺഗ്രസ് താഴെതട്ടിൽ ദുർബലമെന്ന് പഴികേൾക്കുമ്പോൾ അഞ്ചുവർഷത്തിനിടെ ബൂത്ത് തലത്തിൽ പാർട്ടിയുടെ കരുത്ത് കൂട്ടാൻ ഭാഗേലിന് കഴിഞ്ഞു.
അതേസമയം, പാർട്ടിക്കുള്ളിലെ തമ്മിലടി തന്നെയാണ് കോൺഗ്രസിന് ഭീഷണിയാകുന്നത്. മുഖ്യമന്ത്രി ബാഗലിനെതിരെ ടി എസ് സിങ്ങ് ദേവ് പലവട്ടം കലാപക്കൊടി ഉയർത്തിയിരുന്നു. പിന്നീട്, അദ്ദേഹത്തെ ഉപമുഖ്യമന്ത്രിയാക്കി നിയമിച്ചാണ് ഹൈക്കമാൻഡ് വെടിനിർത്തൽ സാധ്യമാക്കിയത്. മുൻ കോൺഗ്രസ് അധ്യക്ഷൻ കൂടിയായ മോഹൻ മാർകത്തിനും ബാഗേലിനുമിടയിലും അത്രനല്ല ബന്ധമല്ല ഉള്ളത്. എന്നാൽ മർകത്തിനെയും മന്ത്രിസഭയിൽ ഉൾപ്പെടുത്തി പ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയായിരുന്നു കോണ്‍ഗ്രസ് തന്ത്രം. നിലവിൽ കൂട്ടായ നേതൃത്വം എന്ന നിലയിൽ മുന്നോട്ട് പോകുകയാണ് കോൺഗ്രസ് ഇവിടെ.
പതിയെ തുടങ്ങിയ ബിജെപി
ആരാണ് സംസ്ഥാനത്ത് ബിജെപിയെ നയിക്കുക എന്ന ചോദ്യത്തിന് തെരഞ്ഞെടുപ്പ് അടുത്തപ്പോൾ മാത്രമാണ് ഉത്തരമായത്. മുൻ മുഖ്യമന്ത്രി രമൺ സിങ്ങ് തന്നെയാണ് ബിജെപിയുടെ മുഖം. എന്നാൽ പഴയ പോലെ സംസ്ഥാനത്തെല്ലായിടത്തും എത്തിയുള്ള പ്രചാരണം രമൺസിംഗ് നടത്തുന്നില്ല. രാജനന്ദഗാവ് മണ്ഡലത്തിൽ നിന്നാണ് രമൺസിങ്ങ് മത്സരിക്കുന്നത്. പഴയപ്രതാപം വീണ്ടെടുക്കാൻ രമൺ സിങ്ങിനാകുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. ആദ്യഘട്ടത്തിന്‍റെ അവസാനലാപ്പിൽ പ്രധാനമന്ത്രി നേരിട്ടെത്തി റാലികൾ നടത്തി. അമിത് ഷാ എത്തിയാണ് പ്രകടനപത്രിക ഇറക്കിയത്. അഞ്ച് വർഷം കൊണ്ട് സമ്പൂർണ്ണ വികസനമെന്നാണ് ബിജെപിയുടെ വാഗ്ദാനം.
90 സീറ്റുകളിൽ കഴിഞ്ഞ തവണ 71 സീറ്റാണ് കോൺഗ്രസ് നേടിയത്. ബിജെപി 15 -ഉം ബിഎ
സ്പി രണ്ടും മുൻ കോൺഗ്രസ് നേതാവ് അജിത് ജോഗി രൂപീകരിച്ച ജനതാ കോൺഗ്രസ് ഛത്തീസ്ഗഡ് ഒരു സീറ്റും നേടി. എന്നാൽ, ഈക്കുറി ബിജെപിയും കോൺഗ്രസും നേർക്കുനേർ എത്തുന്ന തെരഞ്ഞെടുപ്പില്‍ സംസ്ഥാന പാർട്ടികൾ പിടിക്കുന്ന വോട്ട് നിർണ്ണായകമാകുമെന്നാണ് വിലയിരുത്തൽ. ആദിവാസി വിഭാഗത്തിന് മേൽക്കെയുള്ള സംസ്ഥാനത്ത് ഇക്കുറി പുതിയതായി രൂപീകരിച്ച ഹമർ രാജ് പാർട്ടി അമ്പത് സീറ്റുകളിൽ മത്സരിക്കുന്നുണ്ട്. മുൻ കോൺഗ്രസ് നേതാവും ആദിവാസി നേതാവുമായ അരവിന്ദ് നെതം നേതൃത്വം നൽകുന്ന പാർട്ടി ആദിവാസി മണ്ഡലങ്ങൾ കേന്ദീകരിച്ചാണ് മത്സരിക്കുന്നത്. ഒപ്പം അജിത് ജോഗിയുടെ മകൻ അമിത് ജോഗിയുടെ ജനതാ കോൺഗ്രസ് ഛത്തീസ്ഗഡ് 90 സീറ്റുകളിലും മത്സരിക്കുന്നുണ്ട്. ആദിവാസി വിഭാഗത്തിന്‍റെ വോട്ടുകളിൽ ഈ രണ്ട് പാർട്ടികൾ വീഴുത്തുന്ന വിള്ളൽ സംസ്ഥാനത്ത് ആര് ഭരിക്കണമെന്നതിൽ നിർണ്ണായകമാകും.
കര്‍ഷകര്‍ എന്ന വേട്ട് ബാങ്ക്
അതേസമയം കർഷകരാണ് ഛത്തീസ്ഡിന്‍റെ കരുത്ത്, നെൽ കൃഷിയും കാലിവളർത്തലുമാണ് ഗ്രാമീണ മേഖലയുടെ പ്രധാന വരുമാനം, അതിനാൽ അവരെ ലക്ഷ്യം വച്ചാണ് രാഷ്ട്രീയ പാർട്ടികളുടെ വാഗ്ദാനങ്ങൾ അത്രയും. താങ്ങുവില കൂടാതെ ഭവന നിർമ്മാണം, ഗ്രാമീണ റോഡുകളുടെ വികസനം ഇവയെല്ലാം എല്ലാക്കാലവും ചർച്ചാ വിഷയമാണ്. കർഷകർക്ക് വമ്പൻ പദ്ധതികൾ നടപ്പാക്കിയ സർക്കാർ എന്ന് പേരുണ്ട് കോൺഗ്രസ് സർക്കാരിന്, കോൺഗ്രസ് പ്രചാരണ പോസ്റ്റുകളിൽ എല്ലാം കർഷകരാണ്, 2018 -ൽ നെല്ലിന് കിലോഗ്രാമിന് കേന്ദ്രത്തിന്‍റെ താങ്ങുവില പതിനാറര രൂപയായ ആയിരുന്നപ്പോൾ 25 രൂപ പ്രഖ്യാപിച്ച സംസ്ഥാന സർക്കാർ കേന്ദ്രവിഹിതത്തിന്‍റെ ബാക്കി തുക കർഷകരുടെ അക്കൗണ്ടിൽ നേരിട്ട് നൽകി. ഇതോടെ നെല്ലിന് ഏറ്റവും കൂടുതൽ താങ്ങുവില നൽകുന്ന സംസ്ഥാനങ്ങളിൽ ഒന്നായി ഛത്തീസ്ഗഡ്. ഒപ്പം നെല്ല് ഒഴികെയുള്ള കൃഷി ചെയ്യുന്നവർക്ക് ഏക്കറിന് 9,000 രൂപ സബ് സിഡി നൽകുന്ന പദ്ധതിയും നടപ്പാക്കി, ഇത്തവണയും കർഷകർക്കുള്ള മോഹന വാഗ്ദാനങ്ങൾ കോൺഗ്രസ് മുന്നോട്ട് വയ്ക്കുന്നു. കാർഷിക കടങ്ങൾ എഴുതി തള്ളും എന്ന് പ്രഖ്യാപനവും വോട്ടർമാരെ സ്വാധീനിക്കും. കർഷകർക്കായുള്ള പദ്ധതികളിൽ ബിജെപിയും പിന്നോട്ടല്ല. കേന്ദ്ര പദ്ധതികൾക്കൊപ്പം പുതിയ വാഗ്ജാദനങ്ങളും മുന്നോട്ട് വെച്ചാണ് പ്രചാരണം. ജനക്ഷേമ പദ്ധതികൾ ഛത്തീസ്ഗഡിനെ സ്വാധീനിക്കും എന്ന് നേരത്തെ തെളിഞ്ഞതാണ്. അതിനാൽ രാഷ്ട്രീയത്തിന് അപ്പുറം കൂടെ നിലനിൽക്കുന്നവർക്കാണ് വോട്ട് എന്ന് സംശയലേശ്യമെന്യേ നാട്ടുകാർ വ്യക്തമാക്കുന്നു
കാർഷിക വിളകൾ നശിച്ചാൽ നഷ്ടപരിഹാരം നൽകുന്നതിന് പ്രത്യേക പദ്ധതികൾ സംസ്ഥാന സർക്കാർ നൽകുന്നില്ലെന്ന പരാതി കർഷകർക്കുണ്ട്. ഒരു മാസം നീണ്ടു നിൽക്കുന്ന കൊയ്ത്തുകാലം കഴിഞ്ഞാൽ കര്‍ഷകര്‍ മറ്റു വിളകളുടെ കൃഷിയിലേക്ക് നീങ്ങും. അതിനാല്‍ നെല്ലിനെ പോലെ മറ്റ് വിളകൾക്കും പ്രാധാന്യം നൽകണമെന്നാണ് കര്‍ഷകരുടെ ആവശ്യം. ക്ഷീരകർഷകർക്കായുള്ള പദ്ധതികളിൽ ഗോമൂത്രവും ചാണകവും വരെ സർക്കാർ ശേഖരിക്കുന്നുണ്ട്. ഒരു കിലോ ചാണകത്തിന് 2 രൂപ വരെ സർക്കാർ നൽകുന്നു. ഇത് നാല് ആക്കുമെന്ന പ്രഖ്യാപനമുണ്ട്. സംസ്ഥാനത്തെ പിന്നാക്ക വോട്ടുകളിൽ പ്രധാനപ്പെട്ട യാദവ് സമുദായത്തെ കൂടെ നിർത്തുക എന്ന ലക്ഷ്യവും കോൺഗ്രസിനുണ്ട്. എന്നാൽ, ഗ്രാമീണമേലയിലെ സ്ത്രീ വോട്ടർമാരെ ഉന്നമിട്ടുള്ള ബിജെപി വാഗ്ദാനങ്ങൾ ഇവിടെ കോൺഗ്രസിന് ആശങ്കയുണ്ടാക്കുന്നുണ്ട്. മധ്യപ്രദേശിൽ പെൺകുട്ടികൾക്കായി ബിജെപി സർക്കാർ നടപ്പാക്കിയ നേരിട്ച് ധനസഹായം നല്കുന്ന പദ്ധതിക്ക് ഛത്തീസ്ഗഡിലും പാർട്ടി പ്രചാരം നല്കുന്നു. 500 രൂപക്ക് എൽപിജി ഗ്യാസ് സിലിണ്ടർ നല്കുമെന്ന് വാഗ്ദാനം ബിജെപിയും നല്കുന്നു. അങ്ങനെ ജനപ്രിയ വാഗ്ദാനങ്ങൾ കൊണ്ട് ഇഞ്ചോടിഞ്ചാകുന്ന പോരാട്ടം.
മാവോയിസ്റ്റ് ഭീഷണി
ഇന്ത്യയിലെ മാവോയിസ്റ്റ് നക്സൽ പ്രവർത്തനത്തിന്‍റെ ഈറ്റില്ലം എന്ന് വിളിക്കാവുന്ന ദണ്ഡകാരണ്യ മേഖലകളിൽ ഉൾപ്പെട്ടതാണ് ഛത്തീസ്ഗഡിലെ വനപ്രദേശം, സുഖ്മ, ബസ്തർ, ദന്തേവാഡ, തുടങ്ങിയ സ്ഥലങ്ങൾ വാർത്തകളിൽ ഇടം നേടിതും മാവോയിസ്റ്റ് ആക്രമണങ്ങളുടെ പേരിൽ തന്നെ. പ്രകൃതിവിഭവങ്ങൾ കൊണ്ട് സമ്പന്നമായ ഈ പ്രദേശങ്ങളിലെ ആദിവാസി ഗ്രാമീണ മേലകളിൽ നടന്ന ചൂഷണത്തിനെതിരായ പ്രസ്ഥാനങ്ങളാണ് മാവോയിസ്റ്റുകൾക്ക് ശക്തി പകർന്നത്. സംസ്ഥാനത്ത് പത്ത് ജില്ലകളിൽ മാവോയിസ്റ്റ് ഭീഷണിയുണ്ടെന്നാണ് കണക്ക്. സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ 2013 -ലെ ദർഭയിലെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് പ്രമുഖ കോൺഗ്രസ് നേതാവ് വി.സി ശുക്ല അടക്കം 32 പേർ. സംസ്ഥാനത്തെ കോൺഗ്രസ് രാഷ്ട്രീയത്തിന്‍റെ തന്നെ ഗതിമാറ്റിയ ഒന്നായിരുന്നു അത്. എന്നാൽ കാലം മുന്നോട്ട് സഞ്ചരിക്കുമ്പോൾ മാവോയിസ്റ്റ് പ്രസ്ഥാനങ്ങളുടെ ശക്തി ഈ മേഖലകളിൽ കുറയുകയാണ്. ഗ്രാമീണ മേഖലകളിലേക്ക് കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ എത്തിയതും വിദ്യാഭ്യാസ പദ്ധതികളും ഗുണം ചെയ്തു. പ്രസ്ഥാനം വിട്ട് പലരും ജനകീയ രാഷ്ട്രീയത്തിലേക്ക് മാറി. ആദിവാസികളെ ഉൾപ്പെടുത്തിയുള്ള പ്രത്യേക പൊലീസ് വിഭാഗം വന്നു. എങ്കിലും ഗ്രാമീണർക്കിടയിൽ ഇപ്പോളും നക്സൽ പ്രസ്ഥാനങ്ങൾ വേരോട്ടമുണ്ട്.
എതിരാളികളെ ഇല്ലാതെയാക്കാൻ മാവോയിസ്റ്റുകളെ രാഷ്ട്രീയ നേതാക്കൾ ഉപയോഗിക്കുന്നുവെന്ന ആക്ഷേപം ശക്തമാണ്. ആദ്യഘട്ട തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നാരായണപൂരിൽ ബിജെപി നേതാവിനെ മാവോയിസ്റ്റുകൾ കൊലപ്പെടുത്തിയതിന് പിന്നിൽ കോൺഗ്രസാണെന്ന ആരോപണം ബിജെപി ഉന്നയിച്ചു. മാവോയിസ്റ്റുകളെ അടിച്ചമർത്തിയത് ബിജെപിയാണെന്ന് പ്രചാരണം നേതാക്കൾ ശക്തമാക്കിയപ്പോൾ, ബിജെപി ഭരണക്കാലത്ത് വ്യാജ ഏറ്റമുട്ടലുകൾ നടന്നെന്ന് ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് തിരിച്ചടിക്കുന്നത്. ആദിവാസി വോട്ടുകൾ വിധി നിർണ്ണയിക്കുന്ന 20 മണ്ഡലങ്ങളിൽ പോളിംഗ് ശതമാനം 78 എത്തിയത് ഗുണകരമെന്ന അവകാശവാദമാണ് എല്ലാ പാർട്ടികളും നടത്തുന്നത്. കനത്ത സുരക്ഷയിൽ നടന്ന വോട്ടെട്ടുപ്പിൽ ആദ്യമായി പോളിംഗ് ബൂത്തിലേക്ക് എത്തിയ ഗ്രാമങ്ങൾ വരെയുണ്ട്. ഈ മേഖലകളിൽ മത്സരിച്ച് ആദിവാസി ഗോത്രസംഘടനകളുടെ പിന്തുണയുള്ള ഹമർ രാജ് പാർട്ടി, ബിഎസ് പി അടക്കം നേടുന്ന വോട്ടുകൾ ജയപരാജയത്തിൽ നിർണ്ണായകമാണ്. കോൺഗ്രസിന് ഇപ്പോൾ കാണുന്ന മുൻതൂക്കം അവസാനവട്ട പ്രചാരണത്തിൽ മറികടക്കാൻ ബിജെപിക്കാകുകമോ എന്നതാണ് സംസ്ഥാനത്തെ പ്രധാന ചോദ്യവും.