ഹാമില്‍ട്ടണ്‍ ഹാള്‍ വിദ്യാര്‍ത്ഥികള്‍ ആദ്യം കൈയേറിയത് 1968 ല്‍. പിന്നീട് '72 ലും '85 ലും '92 ലും '96 ലും വിദ്യാര്‍ത്ഥികള്‍ ഹാമില്‍ട്ടണ്‍ ഹാള്‍ കൈയേറി. എന്നാല്‍ ഇതില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തമാണ് ഇത്തവണത്തെ പിടിച്ചെടുക്കല്‍.
അമേരിക്കൻ യൂണിവേഴ്സിറ്റികളുടെ മേധാവിമാർ അസാധാരണമായ പ്രതിസന്ധി നേരിടുകയാണ്. ഗാസ യുദ്ധത്തിലെ പ്രതിഷേധം യുഎസിലെ ക്യാമ്പസുകളിൽ ആളിപ്പടർന്നതോടെ അതെങ്ങനെ നേരിടണമെന്നറിയാതെ അധികൃതർ കുഴങ്ങി. അഭിപ്രായ സ്വാതന്ത്ര്യം അഭിമാനമായി കരുതുന്ന ലോകത്തെ ഏറ്റവും പഴക്കമേറിയ ജനാധിപത്യ രാജ്യത്ത് അതിന് അതിർവരമ്പ് നിശ്ചയിക്കുന്നതെങ്ങനെ എന്നാണ് അവരുടെ മുന്നിലെ വലിയൊരു ചോദ്യം. ഇനി അതിർവരമ്പ് നിശ്ചയിച്ചില്ലെങ്കിലോ? മറ്റൊരു വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് നേരെയുള്ള അക്രമത്തിന് അത് കാരണമാകും. അധികൃതർക്ക് അവരെ സംരക്ഷിക്കാൻ കഴിയാതെവരും. ഒടുവില്‍ രണ്ടുപക്ഷവും ക്യാമ്പസുകളിൽ ഏറ്റുമുട്ടിത്തുടങ്ങിയതോടെ പല യൂണിവേഴ്സിറ്റികളും ചില വിട്ടുവീഴ്ചകൾക്ക് തയ്യാറായി.
ഗാസ യുദ്ധം തുടങ്ങിയപ്പോൾ മുതൽ ലോകം തന്നെ രണ്ടുപക്ഷമായിക്കഴിഞ്ഞിരിക്കുന്നു. ഇസ്രയേലിന്‍റെ മുന്നേയുള്ള ഗാസ ആക്രമണങ്ങൾ പോലെയല്ല ഇത്തവണതേത്. ഹമാസിന്‍റെ ഒക്ടോബർ ഏഴിലെ ആക്രമണ ദൃശ്യങ്ങൾ കണ്ടിരിക്കാൻ പറ്റുന്നതല്ല, കാണാത്തത് വേറെയും സംഭവിച്ചിട്ടുണ്ടെന്ന് മൃതദേഹങ്ങളും ദൃക്സാക്ഷിമൊഴികളും തെളിയിച്ചു കഴിഞ്ഞു. ഇതിന് പുറമേയാണ് ബന്ദികളാക്കി കുറേപ്പേരെ കൊണ്ടുപോയത്. അതിൽ ചിലരൊന്നും ഇന്ന് ജീവിച്ചിരിപ്പില്ല. ശേഷിക്കുന്നവരുടെ അവസ്ഥ വ്യക്തവുമല്ല. ഇതിനെല്ലാമുള്ള തിരിച്ചടിയാണ് ഇസ്രയേലിന്‍റെ ആക്രമണം. ഹമാസ് ആക്രമിച്ച ദൃശ്യങ്ങൾ കണ്ട അമേരിക്ക അന്ന് ഇസ്രയേലിന് പിന്തുണ പ്രഖ്യാപിച്ചു. പക്ഷേ, ഗാസ യുദ്ധത്തിന്‍റെ കെടുതികളും മനുഷ്യരുടെ ദുരിതവും ദിനംപ്രതി കൂടിവന്നതോടെ എല്ലാവർക്കും സംശയങ്ങൾ തുടങ്ങി. പിന്തുണ കുറഞ്ഞു. ഇസ്രയേൽ പക്ഷേ, വിട്ടുകൊടുക്കാൻ തയ്യാറായിട്ടില്ല. തിരിച്ച് ഹമാസും ബന്ദികളുടെ കാര്യത്തിൽ വിട്ടുവീഴ്ചക്ക് തയ്യാറായിട്ടില്ല. ചർച്ചകൾ പലപ്പോഴും വഴിമുട്ടി. റഫാ ആക്രമിക്കുമെന്ന് ഇസ്രയേലിന്‍റെ മുന്നറിയിപ്പ് കൂടി വന്നതോടെ ഗാസക്കാർ പരിഭ്രാന്തരാണ്. ബാക്കിയെല്ലായിടത്ത് നിന്നും ജീവനും കൊണ്ടോടി രക്ഷപ്പെട്ട് വന്നവരുടെ അഭയ കേന്ദ്രമാണ് റഫാ. ഇനി ഏങ്ങോട്ട് പോകുമെന്ന് അവർക്കറിയില്ല. പക്ഷേ, റഫായിലെ അഭയാർത്ഥികൾക്കിടയിൽ തന്നെ തമ്പടിച്ചിരിക്കയാണ് ഹമാസും. അവരെ പിടികൂടിയേ തീരൂ എന്നാണ് ഇസ്രയേലിന്‍റെ വാശി.
ഗാസ യുദ്ധവും യുഎസ് ക്യാമ്പസുകളും
ഇതിനെല്ലാമിടയിലാണ് ഏപ്രിൽ 17 -ന് അമേരിക്കയിലെ കൊളംബിയ യൂണിവേഴ്സിറ്റിയിൽ ഒരു ചെറിയ സംഘം വിദ്യാർത്ഥികൾ ക്യാമ്പസിൽ ടെന്‍റ് കെട്ടിയത്. ഇസ്രയേലി സൈനിക നടപടിയിലെ പ്രതിഷേധത്തോടൊപ്പം യുദ്ധത്തെ പിന്തുണക്കുന്ന കമ്പനികളുമായുള്ള ബന്ധം യൂണിവേഴ്സിറ്റി അവസാനിപ്പിക്കണം എന്നതാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം. ഇത് രണ്ടുമായിരുന്നു മുദ്രാവാക്യങ്ങളും. അതേസമയം, ഗാസ യുദ്ധത്തോടെ പല അമേരിക്കൻ ക്യാമ്പസുകളിലും പ്രകടമായിത്തുടങ്ങിയ ജൂതവിരുദ്ധത എങ്ങനെ പരിഹരിക്കുന്നു എന്ന് യുഎസ് കോൺഗ്രസിൽ മൊഴി നൽകാൻ പോയിരിക്കയായിരുന്നു യൂണിവേഴ്സിറ്റി പ്രസിഡന്‍റ് മിനോഷെ ഷഫീക്ക്. നാല് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം അദ്ദേഹം തിരിച്ചെത്തിയതാകട്ടെ പലസ്തീൻ അനുകൂല പ്രതിഷേധം നടക്കുന്ന ക്യാമ്പസിലേക്കും. പിന്നാലെ ന്യൂയോർക്ക് പൊലീസ് ഡിപ്പാർട്ട്മെന്‍റിനെ വിവരമറിയിച്ചു. വിദ്യാർത്ഥികൾ പിരിഞ്ഞു പോകുന്നില്ലെന്നും ക്യാമ്പസില്‍ ഭീഷണിയുടെ അന്തരീക്ഷമാണ് ഉള്ളതെന്നുമായിരുന്നു വിശദീകരണം. പൊലീസെത്തി നൂറോളം വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തു.
1970 -ല്‍ വിയറ്റ്നാം യുദ്ധത്തിൽ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് നേരെ യുഎസ് ക്യാമ്പസുകളില്‍ നടന്ന ആദ്യത്തെ പൊലീസ് നടപടി. അതും ആ സംഭവത്തിന് ശേഷം അഞ്ച് പതിറ്റാണ്ട് കഴിഞ്ഞപ്പോള്‍. പക്ഷേ, ഇന്നത്തെ സ്ഥിതി തികച്ചും വ്യത്യസ്തം. അറസ്റ്റിന് പിന്നാലെ ടെന്‍റുകൾ കുറച്ച് അപ്പുറത്ത് പൊങ്ങി, പിറ്റേദിവസം തന്നെ. സൗജന്യ ഭക്ഷണ വിതരണം, പാട്ടിലൂടെ പ്രതിഷേധം, ആരും നുഴഞ്ഞുകയറാതിരിക്കാൻ കാവൽക്കാരും. തൊട്ടടുത്ത ദിവസം വിദ്യാര്‍ത്ഥി പ്രതിഷേധം മറ്റ് ക്യാമ്പസുകളിലേക്കും പടർന്നു. യേലിലെ കൊളംബിയന്‍ യൂണിവേഴ്സിറ്റിയിലും വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്യപ്പെട്ടു. ഒരാഴ്ചയ്ക്കകം വാഷിംഗ്ടണ്‍ ഡിസി, ബോസ്റ്റണ്‍, സൌത്തേണ്‍ കാലിഫോര്‍ണിയ... അങ്ങനെ പ്രതിഷേധം ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് എന്ന വണ്ണം ക്യാമ്പസുകളില്‍ നിന്ന് ക്യാമ്പസുകളിലേക്ക് പടര്‍ന്നു. അവസാന സെമസ്റ്ററിലുള്ളവർക്ക് ബിരുദം പോലും നേടാനാവില്ലെന്ന അവസ്ഥ.
ഭീകര സംഘടനയെന്ന് അമേരിക്ക മുദ്രകുത്തിയ ഹമാസിനെ പിന്തുണക്കുന്ന മുദ്രാവാക്യങ്ങളിലും ഹമാസിനെ എതിർക്കുന്നവരെ ഭീഷണിപ്പെടുത്തുന്നതിലേക്കും പ്രതിഷേധം പലയിടത്തും ഇതിനിടെ മാറിത്തുടങ്ങി. സഹപാഠികളായ ജൂത വിദ്യാർത്ഥികൾക്ക് നേരെയും ഇത്തരം മുദ്രാവാക്യങ്ങളും ഭീഷണികളും ഉണ്ടായെന്നാണ് റിപ്പോർട്ട്. പ്രതിഷേധിക്കാൻ അവകാശമുണ്ട്. പക്ഷേ, അത് സഹപാഠികൾക്ക് നേരെയുള്ള വിവേചനമായോ പീഡനമായോ മാറാൻ പാടില്ലെന്ന് അധ്യാപകരിൽ ഒരു വിഭാഗവും പറഞ്ഞു തുടങ്ങി. ജൂതവിരുദ്ധ മുദ്രാവാക്യങ്ങളും, പ്രതിഷേധക്കൂട്ടായ്മയിൽ പുറത്ത് നിന്നുള്ളവര്‍ പങ്കെടുത്തതുമാണ് ചില യൂണിവേഴ്സിറ്റികളിൽ പൊലീസ് നടപടിക്ക് കാരണമായത്. പ്രതിഷേധിക്കുന്ന സംഘങ്ങളിൽ ചിലർ ജൂതവിരുദ്ധ നീക്കങ്ങളിൽ നിന്ന് അകന്ന് മാറുന്നുണ്ട്. പുറത്ത് നിന്നെത്തിയവരാണ് ഇത്തരം നീക്കങ്ങൾക്ക് പിന്നിലെന്നും അവർ ആരോപിക്കുന്നു. ജൂത വിദ്യാർത്ഥികളും പ്രതിഷേധത്തിൽ പങ്കെടുക്കുന്നുവെന്നും അവർ അവകാശപ്പെടുന്നു. അത് സത്യമാണെന്ന് മാധ്യമങ്ങളും സാക്ഷ്യപ്പെടുത്തുന്നു. പക്ഷേ, തങ്ങൾ ഇത്രനാൾ സുരക്ഷിതരായിരുന്ന ക്യാമ്പസുകളിൽ ഇപ്പോഴതില്ലെന്ന് ജൂത വിദ്യാർത്ഥികൾ തിരിച്ചറിയുന്നു. അതിന്‍റെ ബാക്കിയായിരുന്നു ഇരുപക്ഷവും ക്യാമ്പസുകളില്‍ ഏറ്റുമുട്ടിയത്. അതും ലോസ് ആഞ്ചലസിലെ യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയുടെ ക്യാമ്പസിൽ.
പ്രതിഷേധിക്കാന്‍ അവകാശമുണ്ട്. പക്ഷേ...
പ്രതിഷേധത്തിനുള്ള അവകാശമുണ്ട്. പക്ഷേ, അത് സമാധാനപരമായിരിക്കണമെന്ന് വൈറ്റ് ഹൗസ് നിർദ്ദേശിച്ചിരുന്നു. ജൂതവിരുദ്ധർ, ക്യാമ്പസുകളിൽ തമ്പടിക്കുന്നത് അവസാനിപ്പിക്കണമെന്ന് ഡമോക്രാറ്റ്, റിപ്പബ്ലിക്കൻ അംഗങ്ങൾ ഒരുപോലെ ആവശ്യപ്പെട്ടിരുന്നു. പക്ഷേ, കാലിഫോർണിയൻ യൂണിവേഴ്സിറ്റിയിലെ ക്യാമ്പസുകളില്‍ പ്രതിഷേധ കൂട്ടായ്മകള്‍ക്ക് വലിപ്പം കൂടി കൂടി വരികയായിരുന്നു. തിങ്കളാഴ്ച, ക്യാമ്പസിലുണ്ടായിരുന്ന ഒരു മതില്‍ ആരോ തകർത്തു. അതോടെ വിദ്യാര്‍ത്ഥികള്‍ സംഘം ചേര്‍ന്ന് പരസ്പരം അടിയും തൊഴിയുമായി. ഇതിനിടെ ആരോ കണ്ണീർ വാതകം പ്രയോഗിച്ചു. പിന്നാലെ പടക്കമേറുമുണ്ടായി. മുഖം മറയ്ക്കുന്ന മാസ്ക് ഇട്ടാണ് വിരുദ്ധചേരി എത്തിയത്. ഒടുവിൽ, പൊലീസെത്തി. ഇതിനിടെ ന്യൂയോർക്കിലെ കൊളംബിയ യൂണിവേഴ്സിറ്റിയിലും സ്ഥിതി വഷളായി. വിദ്യാർത്ഥികൾ ഹാമിൽട്ടൺ ഹാൾ കൈയേറി. ജനല്‍ ചില്ല് പൊളിച്ച് അകത്ത് കയറിയ പൊലീസിന് പക്ഷേ, അവരെ നീക്കം ചെയ്യാന്‍ കഴിഞ്ഞത് മണിക്കൂറുകൾ നീണ്ട ശ്രമത്തിന് ശേഷം മാത്രം.
ഹാമിൽട്ടൺ ഹാളിന് അങ്ങനെയൊരു ചരിത്രം തന്നെയുണ്ട്. 1907 -ലാണ് ഹാളിന്‍റെ നിർമ്മാണം പൂർത്തിയായത്. വിദ്യാർത്ഥികൾ ഹാൾ ആദ്യം കൈയേറിയത് 1968 -ല്‍, വിയറ്റ്നാം യുദ്ധ കാലത്ത്. അന്ന് വിദ്യാര്‍ത്ഥികള്‍ ഡീനിനെ ഒരു രാത്രി മുഴുവൻ ഉപരോധിച്ചു. പൊലീസ് അകത്ത് കടന്നത് ഒരാഴ്ച കഴിഞ്ഞ് മാത്രം. രണ്ടാമത് ഹാൾ കൈയേറിയത് 1972 -ൽ, പിന്നാലെ 1985 -ൽ. ദക്ഷിണാഫ്രിക്കൻ ബന്ധമുള്ള കമ്പനികളുമായുള്ള ബന്ധം ഉപേക്ഷിക്കണെമന്നാവശ്യപ്പെട്ട്. പിന്നെ '92 ലും '96 ലും വിദ്യാര്‍ത്ഥികള്‍ ഹാമിൽട്ടൺ ഹാളിലേക്ക് ഇരച്ച് കയറി. ഓരോ തവണ കയറിയപ്പോഴും വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ ചെറിയ തോതിലെങ്കിലും യൂണിവേഴ്സിറ്റികൾ അംഗീകരിച്ചിട്ടുണ്ട്. 'ഇസ്രയേലുമായുള്ള ബന്ധം യുഎസ് വിഛേദിക്കുക' എന്നതാണ് ഇപ്പോഴത്തെ പ്രതിഷേധക്കാർ ഉന്നയിക്കുന്ന ആവശ്യം.
വിഭജനം നിക്ഷേപ വിരുദ്ധം
യൂണിവേഴ്സിറ്റികൾക്ക് ഒരു എൻഡോവ്മെന്‍റുണ്ടാകും. യൂണിവേഴ്സിറ്റികള്‍ക്ക് ആരെങ്കിലും നൽകുന്ന ഫണ്ടുകളാണ് എൻഡോവ്മെന്‍റുകള്‍. സ്റ്റോക്കിലോ ബോണ്ടിലോ അങ്ങനെ മറ്റെന്തെങ്കിലുമൊക്കെയാകും ഈ നിക്ഷേപം. അതിൽ നിന്നുള്ള വരുമാനം യൂണിവേഴ്സിറ്റിക്കുള്ളതാണ്. കൊളംബിയ, കാലിഫോർണിയ വിദ്യാർത്ഥികളുടെ ആവശ്യം, 13.6 ബില്യൻ വരുന്ന എൻഡോവ്മെന്‍റ് നിക്ഷേപത്തില്‍ ഇസ്രയേൽ ബന്ധമുള്ള കമ്പനിയുണ്ടെങ്കിൽ അതിൽ നിന്ന് പിൻമാറുക എന്നതാണ്. ആ ഫണ്ട് വേണ്ടെന്ന് വയ്ക്കുക. മൈക്രോസോഫ്റ്റ്, ആമസോണ്‍ ഉള്‍പ്പെടെയുള്ളവരുടെ ഫണ്ടുകളും വേണ്ടെന്ന് വയ്ക്കുക. രണ്ട് യൂണിവേഴ്സിറ്റികളും ഇത് നടക്കില്ലെന്ന് അറിയിച്ചു. പക്ഷേ, ചില യൂണിവേഴ്സിറ്റികളിലെ മേധാവികൾ ഒരു ഉപാധി വച്ചു. വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം അവസാനിപ്പിച്ചാൽ ചര്‍ച്ച ചെയ്യാം. ഇതിനിടെ ആദ്യത്തെ പ്രതിഷേധം തുടങ്ങിയ ഏപ്രിൽ 17 -ന് ശേഷം 1,000 ത്തിലേറെ വിദ്യാർത്ഥികൾ അറസ്റ്റിലായി കഴിഞ്ഞു.
പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിന് ഇടയിലെ പ്രതിഷേധം
ഇതെല്ലാം സംഭവിക്കുന്നത് പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്താണ്. ട്രംപിന്‍റെ തീവ്രവലത് നിലപാടുകൾ പിന്നെയും വേരുപിടിക്കുന്നുവെന്ന് നേരത്തെ തന്നെ തോന്നിത്തുടങ്ങിയിരുന്നു. ട്രംപിനെതിരെ കേസ്, വിചാരണകൾ അങ്ങനെ പലതും നടക്കുന്നുണ്ട്. പക്ഷേ, ട്രംപിന്‍റെ ജനപ്രീതി മാത്രം കുറയുന്നില്ല. അതിനിടെയാണ് ഗാസ യുദ്ധത്തിലെ പ്രതിഷേധങ്ങൾ. സമൂഹത്തെ അത് പിന്നെയും വിഭജിച്ചിരിക്കുന്നു. യുവതലമുറ ഒറ്റക്കെട്ടായി പലസ്തിന് വേണ്ടി അണിനിരക്കുന്നു എന്നത് പ്രകാശമുള്ള വശം. ഇരുണ്ടവശം, അത് ജൂത വിരുദ്ധതയുടെ ചുവട് പിടിച്ചാണ് എന്നതാണ്. പ്രസിഡന്‍റ് ജോ ബൈഡന് ഇത് അപ്രതീക്ഷിത പരീക്ഷണമാണ്. 'എന്നും എന്ത് വന്നാലും പിന്തുണ ഇസ്രയേലിനൊപ്പം' എന്ന് പ്രഖ്യാപിച്ചിരുന്ന പ്രസിഡന്‍റ് അതിൽ നിന്ന് പിന്നോട്ട് പോകാൻ നിർബന്ധിതനായിരിക്കുന്നു. വെടിനിർത്തലിന് വഴങ്ങാൻ ഇസ്രയേലിന് മേൽ സമ്മർദ്ദം ചെലുത്തുകയാണിപ്പോൾ ബൈഡൻ. പക്ഷേ, നെതന്യാഹു വഴങ്ങിയിട്ടില്ല.
റഫാ ആക്രമിക്കുമെന്നാണ് ഇപ്പോഴത്തെ ഇസ്രയേല്‍ നിലപാട്. അടുത്തിടെ നടന്ന ഫോൺ സംഭാഷണത്തിലും റഫാ ആക്രമണത്തിന് മുമ്പ് ജനങ്ങളെ ഒഴിപ്പിക്കണമെന്ന് യുഎസ് ആവശ്യപ്പെട്ടിരുന്നു. പക്ഷേ, നെതന്യാഹു വഴങ്ങുന്ന ലക്ഷണമില്ല. ഡമോക്രാറ്റിക് പാർട്ടി ആകെ ആശയക്കുഴപ്പത്തിലാണെന്നാണ് റിപ്പോർട്ട്. 'ബ്ലാക്ക് ലൈവ്സ് മാറ്റർ' (BLACK LIVES MATTER) പ്രതിഷേധവും പൊലീസിനുള്ള ഫണ്ട് വെട്ടിക്കുറക്കണമെന്ന ആവശ്യവും അതിനെ പിന്തുണച്ചതും ഓർമ്മയുള്ളവർ, ഇപ്പോഴത്തെ പ്രതിഷേധക്കാർ ഉന്നയിക്കുന്ന ആവശ്യങ്ങൾ പിന്തുണക്കാൻ സാധ്യതയില്ല. ഇതിനിടെ സാഹചര്യം മുതലെടുക്കാനുള്ള ശ്രമം റിപബ്ലിക്കൻ പാർട്ടിയിലും നടക്കുന്നുണ്ട്. ട്രംപ് തീവ്രപക്ഷത്തിന്‍റെ മൂർച്ച കുറക്കാൻ ജൂതവിരുദ്ധ പ്രതിഷേധങ്ങളെ കൂട്ടുപിടിക്കുകയാണ് അവരിൽ ചിലരെങ്കിലും.
നിരീക്ഷകരിൽ ഒരു വിഭാഗത്തിന്‍റെ സംശയം, ഇതൊരു തൽകാലത്തെ ഫാഷനാണോ, അതോ രാഷ്ട്രീയ തിരിച്ചറിവുകളിൽ നിന്ന് വരുന്ന ആഴത്തിലെ ഇടപെടലുകളാണോ എന്നാണ്. വിയറ്റ്നാം യുദ്ധവിരുദ്ധ പ്രക്ഷോഭം പോലെയോ, ബ്ലാക്ക് ലൈവ്സ് മാറ്റർ പോലെയോ രൂക്ഷമോ, വ്യാപകമോ ആയിട്ടില്ല ഇപ്പോഴത്തെ പ്രതിഷേധങ്ങള്‍. പക്ഷേ, അതിനുള്ള സാധ്യത തള്ളിക്കളയുന്നില്ല ആരും. വിദ്യാർത്ഥികൾ ഏറ്റെടുക്കുമ്പോഴാണ് പലതും വലുതാകുന്നത്. അതേസമയം അവരുൾപ്പെടുന്ന യുവതലമുറയെ സ്വാധീനിക്കാൻ പറ്റിയ നേതാക്കളില്ലെന്ന സാഹചര്യവും പലരും ചൂണ്ടിക്കാണിക്കുന്നു. ബരാക് ഒബാമയോ, ജോൺ എഫ് കെന്നഡിയോയല്ല ഇന്നുള്ള രണ്ടുപേരും. 80 കഴിഞ്ഞ ബൈഡൻ, 80 -നോട് അടുക്കുന്ന ട്രംപ്. തെരഞ്ഞെടുപ്പിൽ ഇത് എത്ര വലിയ വിഷയമാകുന്നു എന്നിപ്പോൾ പ്രവചിക്കാൻ ബുദ്ധിമുട്ടാണ്. ഹാർവേഡിലെ സർവേയിൽ 35 വയസിൽ താഴെയുള്ള 81 ശതമാനം പേരും ഗാസ യുദ്ധത്തിലെ ബൈഡന്‍റെ നിലപാടിനോട് വിയോജിച്ചു. 18 നും 29 നും ഇടക്ക് പ്രായമുള്ളവരിൽ ബൈഡൻ എട്ടുശതമാനം മാത്രമാണ് മുന്നിൽ. 2020 -ൽ അത് 23 പോയിന്‍റായിരുന്നു. രാജ്യം തെറ്റായ ദിശയിൽ എന്ന് വോട്ട് ചെയ്തതതാകട്ടെ 60 ശതമാനം പേര്‍.
യുഎസിലെ യുവതലമുറ ഗാസ യുദ്ധത്തെ ഗൗരവമായി കാണുന്നു. നിർണായക സംസ്ഥാനങ്ങളിൽ യുവതലമുറ പോളിംഗ് ബൂത്തിൽ നിന്ന് വിട്ടുനിന്നാൽ അത് ബൈഡന്‍റെ സാധ്യതകളെയാവും ബാധിക്കുക എന്നാണ് നിരീക്ഷണം. ഇപ്പോൾ തന്നെ ട്രംപിന് പിന്നിലാണ് ബൈഡൻ. ഇത്തരം സംസ്ഥാനങ്ങളിൽ ട്രംപിന് വിശ്വസ്തരായ വോട്ടർമാരാണുള്ളത്. അവരെന്തായാലും ട്രംപിന് തന്നെ വോട്ട് ചെയ്യും. നിർണായക സംസ്ഥാനങ്ങളിൽപ്പെട്ട വിസ്കോസിനിലെ പ്രൈമറിയിൽ ഇത്തവണ 'അണ്‍ഇന്‍സ്ട്രക്റ്റഡ്' (Uninstructed) എന്ന ഓപ്ഷന് കിട്ടിയത് 47,000 വോട്ടാണ്. അത് വോട്ടർമാരുടെ സന്ദേശമായിരുന്നു. നവംബറിന് മുമ്പ് 'ഗതി മാറ്റുക' എന്ന സന്ദേശം. അണ്‍ഇന്‍സ്ട്രക്റ്റഡ് എന്നാൽ, 'പ്രതിനിധികളെ ശരിക്ക് അറിയില്ല, അതുകൊണ്ട് പ്രതിനിധികളെ തെരഞ്ഞെടുക്കുന്നില്ല' എന്നാണ് അർത്ഥം. എല്ലാ സംസ്ഥാനങ്ങളിലും ഈ പ്രശ്നമില്ല. മിഷിഗണിലും 'അണ്‍കമ്മിറ്റഡ്' (Uncommitted) എന്ന ഓപ്ഷന് 10,000 വോട്ട് കിട്ടി. 2020 -ൽ ബൈഡൻ ഒന്നരലക്ഷം വോട്ടിന് വിജയിച്ച സംസ്ഥാനമാണിത്. ചെറിയ മാർജിന് വിജയിച്ച പെൻസിൽവാനിയയിൽ ബൈഡൻ ഇപ്പോള്‍ പിന്നിലാണ്. അതേസമയം അവിടെ പ്രതിഷേധങ്ങൾ ശക്തവുമാണ്. ഡമോക്രാറ്റുകൾക്ക് ആശങ്ക കൂടുകയാണ്. പ്രതിഷേധം നീണ്ടുനിന്നാൽ അത് വോട്ടിംഗിനെ ബാധിക്കും. മറിച്ച് പെട്ടെന്ന് അവസാനിച്ചാൽ തെരഞ്ഞെടുപ്പിനെ അത് സ്വാധീനിക്കില്ല. അതാണ് ഡമോക്രാറ്റുകളുടെ കണക്കുകൂട്ടൽ.