ഭാവഗാനങ്ങൾ കൊണ്ട് മലയാളിയെ പ്രണയിക്കാനും കാത്തിരിക്കാനും പഠിപ്പിച്ച ഗായകന്‍

By Web Desk  |  First Published Jan 10, 2025, 10:15 AM IST

'മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തിയ' ഭാവഗായകന്‍ 'സുപ്രഭാതം' പാടി മലയാളിയുടെ മനസിലേക്കാണ് നടന്ന് കയറിയത്.  അവിടെ നിന്നും, പ്രണയിക്കുമ്പോൾ ഒന്നാകുന്നനെ എന്നെയും നിന്നെയും കുറിച്ച് പാടിയ അദ്ദേഹം 'പെയ്തലിഞ്ഞ നിമിഷം അതില്‍ പൂത്തുലഞ്ഞ ഹൃദയവും' പാടി മലയാളിയുടെ ഇടനെഞ്ചിൽ മായാത്തൊരു ഭാവപ്രപഞ്ചം തന്നെ തീര്‍ത്തു. 


'മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തിയ ധനുമാസ ചന്ദ്രിക' മാഞ്ഞു. തൃശൂരിന് ഇന്നലെ സന്തോഷത്തിന്‍റെ ദിവസമായിരുന്നു... ആഘോഷത്തിന്‍റെ ദിനമായിരുന്നു. നീണ്ട 26 വര്‍ഷത്തിന് ശേഷം കൗമാര കലോത്സവത്തില്‍ സ്വര്‍ണ കപ്പില്‍ മുത്തമിട്ടതിന്‍റെ ആഘോഷം. പക്ഷേ, ആ ആഘോഷം വൈകുന്നേരം കണ്ണുനീരായി. ഇരുട്ടിന് കനം വച്ചപ്പോള്‍ നമ്മളെ കരയിപ്പിച്ച് ആ ഗായകന്‍ പാട്ട് അവസാനിപ്പിച്ചു. വാര്‍ത്ത കേട്ടപ്പോള്‍ കാലം ഒന്ന് പുറകോട്ട് ഓടി, 1958 -ലെ സംസ്ഥാന യുവജനമേളയുടെ പ്രധാന വേദിയിലെത്തി കിതച്ചു നിന്നു. അവിടെ കാണാം താളമേളക്കൊഴുപ്പുമായി ഒരു പാട്ടരങ്ങ്. ലളിത സംഗീതത്തിലെ ഒന്നാം സ്ഥാനക്കാരന്‍റെ ആലാപനത്തിന് പിന്നണി കൂടുന്നതോ മൃദംഗവാദനത്തിലെ ഒന്നാം സ്ഥാനക്കാരന്‍! വിരല്‍ മീട്ടിയ താളങ്ങളില്‍ വിസ്മയത്തിന്‍റെ ശുദ്ധനടകള്‍ തീര്‍ത്ത ആ വെളുത്തുരുണ്ട കൌമാരക്കാരന്‍ പിന്നീട് വഴിതെറ്റി, 'ഭാവഗായകന്‍' പട്ടം നേടിയതെന്ന സത്യം ബാക്കി! അന്ന് അരങ്ങത്ത് പാടിയ ഗായകനോ, സാക്ഷാല്‍ ഗാനഗന്ധര്‍വനും. 

'യേശുദാസിന് വച്ചിട്ടുള്ള ഒരു പാട്ടിന് ട്രാക്ക് പാടിയിട്ട് പോകാമോ'? എന്ന ദേവരാജന്‍ മാഷിന്‍റെ ഒറ്റ ചോദ്യത്തില്‍ നിന്നാണ് ആ ധനുമാസ ചന്ദ്രന്‍ മലയാളത്തില്‍ നറുനിലാവായി ഉദിച്ച് നിന്നത്. യേശുദാസിന് പറഞ്ഞു വച്ച പാട്ടിന്‍റെ ട്രാക്ക് പാടമോ എന്നാണ് അന്ന് ദേവരാജന്‍ മാഷ് ജയചന്ദ്രനോട് ചോദിച്ചത്. മറുപടി പറയാന്‍ ജയചന്ദ്രന് രണ്ടാമത് ഒന്ന് ആലോചിക്കേണ്ടി വന്നില്ല. ട്രാക്ക് പാടി കഴിഞ്ഞപ്പോള്‍, സ്വതവേ ഗൗരവക്കാരനായ മാഷിന്‍റെ മുഖം ഒന്നുകൂടി കനത്തു. കൈ ഉയര്‍ന്നു... 'ഓര്‍ക്കസ്ട്ര ഇട്ട് ഒന്നൂടെ' കനത്ത ശബ്ദത്തില്‍ മാഷിന്‍റെ സ്വരം. ജയചന്ദ്രന്‍ വീണ്ടും പാടി. ധനു മാസത്തിലെ കാറ്റ് പോലെ, നേര്‍ത്തൊരു തണുപ്പ് പോലെ, ആ സ്വരം മാഷിന്‍റെ ഉള്ളിലും പിന്നീട് മലയാളികളുടെ ഉള്ളിലും മുങ്ങിത്തോര്‍ത്തി. യേശുദാസ് ഉള്ളപ്പോള്‍ പിന്നെ എന്തിന് വേറൊരു ഗായകന്‍ എന്ന 70 -കളിലെ ചോദ്യത്തിനുള്ള ഉത്തരം കൂടിയായിരുന്നു പി. ജയചന്ദ്രന്‍. 50 രൂപയായിരുന്നു ആ പാട്ടിന് അദ്ദേഹത്തിന് ലഭിച്ച പ്രതിഫലം.

Latest Videos

'ഓ.....
മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി
ധധുമാസ ചന്ദ്രിക വന്നു
നിന്നെ മാത്രം കണ്ടില്ലല്ലോ
നീ മാത്രം വന്നില്ലല്ലോ
പ്രേമ ചകോരീ ചകോരീ ചകോരീ'-

ഏതോ തെറ്റിദ്ധാരണയുടെ പേരില്‍ അകന്നുപോയ നായകന്‍ തന്‍റെ പ്രിയപ്പെട്ടവളില്‍ നിന്നും ഒരു പിന്‍വിളിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ്. പക്ഷേ, ജയചന്ദ്രന്‍ നിരാശയുടെ സ്വരത്തില്‍ അല്ല ഈ പാട്ട് പാടിയത്. അത് തന്നെയാണ് ദേവരാജന്‍ മാഷിനെ ആകര്‍ഷിച്ചതും. വരികളുടെ ഭാവം അറിഞ്ഞ് പാടാനുള്ള കഴിവാണ് അദ്ദേഹത്തിന്‍റെ പ്രത്യേകത. മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തിയതോടെ പിന്നെ അദ്ദേഹത്തിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. മലയാളിയുടെ മനസിന്‍റെ ഭാവഗായക സ്ഥാനത്തേക്ക് 'സുപ്രഭാതം' പാടി അങ്ങ് കയറി. പാടിയതില്‍ അധികവും പ്രണയം തുളുമ്പുന്ന ഗാനങ്ങളായിരുന്നു. ആ പാട്ട് കേട്ട് ഒന്ന് പ്രണയിക്കാന്‍ തോന്നിയ തലമുറകള്‍ നിരവധി...

(യേശുദാസും പി ജയചന്ദ്രനും ഒരു പഴയകാല ചിത്രം)

രണ്ട് പാതിയായി ജയചന്ദ്രന്‍റെ ഗാന ജീവിതത്തെ തിരിക്കാം. ആദ്യ പാദമാണോ അതോ രണ്ടാം പാദമാണോ സംഗീത സാന്ദ്രമെന്ന് ആസ്വാദര്‍ക്ക് വേര്‍തിരിച്ചെടുക്കാന്‍ പ്രയാസം. ഇരുപത്തിമൂന്നാം വയസില്‍ പാടിയ 'അനുരാഗ ഗാനം പോലെ...'-ത്തന്നെ അറുപത്തേഴാം വയസിലെ 'പ്രേമിക്കുമ്പോള്‍ നീയും ഞാനും...' എന്ന് പാടുന്ന പാട്ടുകാരന് എന്ത് പ്രായം? അത് വെറും അക്കം മാത്രമാകുന്നു. ഒരു തലമുറയെ പ്രണയിക്കാനും കാത്തിരിക്കാനും ഇടയ്ക്ക് ഏകാന്തപഥികനായും ഭാവഗായകന്‍ പാടി. 

' ഒന്നിനി ശ്രുതി താഴ്ത്തി
പാടുക പൂങ്കുയിലേ
എന്നോമലുറക്കമായ് ഉണര്‍ത്തരുതേ
എന്നോമലുറക്കമായ് ഉണര്‍ത്തരുതേ'
ഒരു പാട്ടുറക്കം.

എന്നാല്‍ അധിക കാലം അങ്ങനെ 'ഉറങ്ങാന്‍' അദ്ദേഹത്തിന് കഴിയുമായിരുന്നില്ല. പതിറ്റാണ്ടിലേറെ സിനിമയില്‍ പാടാതിരുന്ന് പിന്നീട് തിരിച്ചുവന്നപ്പോള്‍ 'പ്രായം കൊണ്ട്' പാട്ടിനെ മോഹിപ്പിച്ച  മഹാപ്രതിഭയാണ് ജയചന്ദ്രന്‍. പിന്നീടിങ്ങോട്ടുള്ള രണ്ട് പതിറ്റാണ്ടിലും അദ്ദേഹം അതുതന്നെ തുടര്‍ന്നു. നിറത്തിലെ ആ ഒരു പാട്ട് മാത്രം മതി ആ പ്രതിഭയെ അറിയാന്‍... 'പ്രായം തമ്മില്‍ മോഹം നല്‍കി' എന്ന് സിനിമയില്‍ ചെറുപ്പക്കാരനായ നായകന്‍ പാടുമ്പോള്‍ ആ ശബ്ദവും ചെറുപ്പമായിരുന്നു.

'എന്തിനെന്നറിയില്ല, എങ്ങിനെയെന്നറിയില്ല, എപ്പഴോ നിന്നെയെനിക്കിഷ്ടമായി...' എന്ന പാട്ട് പുറത്തുവരുമ്പോള്‍ പ്രായം 68. 'ഓലഞ്ഞാലിക്കുരുവീ ഇളംകാറ്റിലാടി വരൂ നീ...' എന്ന് പ്രേമപൂര്‍വം ആലപിക്കുമ്പോള്‍ എഴുപതുകാരന്‍. 'പെയ്തലിഞ്ഞ നിമിഷം അതില്‍ പൂത്തുലഞ്ഞ ഹൃദയം...' എന്നു പാടുമ്പോള്‍ വയസ് 74.

ആരിലും പ്രേമം വിടര്‍ത്തുന്ന എത്രയെത്ര ജയചന്ദ്ര ഗാനങ്ങള്‍... പൂവേ പൂവേ പാലപ്പൂവേ... (ദേവദൂതന്‍; രചന: കൈതപ്രം), ആരാരും കാണാതെ... (ചന്ദ്രോത്സവം; രചന: ഗിരീഷ് പുത്തഞ്ചേരി), കണ്ണില്‍ കാശിത്തുമ്പകള്‍... (ഡ്രീംസ്; രചന: ഗിരീഷ് പുത്തഞ്ചേരി), മറന്നിട്ടുമെന്തിനോ... (രണ്ടാം ഭാവം; രചന; ഗിരീഷ് പുത്തഞ്ചേരി), എന്തേ ഒന്നും മിണ്ടീല... (ഗ്രാമഫോണ്‍; രചന: ഗിരീഷ് പുത്തഞ്ചേരി), ആലിലക്കാവിലെ തിങ്കളേ... (പട്ടാളം; രചന: ഗിരീഷ് പുത്തഞ്ചേരി), ആഴക്കടലിന്‍റെ അങ്ങേക്കരയിലായ്... (ചാന്തുപൊട്ട്; രചന: വയലാര്‍ ശരത്ചന്ദ്രവര്‍മ), മലര്‍വാകക്കൊമ്പത്ത്... (എന്നും എപ്പോഴും; രചന: റഫീക്ക് അഹമ്മദ്), 'നീയൊരു പുഴയായ്...' എന്ന 'തിളക്ക'-ത്തിലെ പാട്ടിലൂടെ ആ സ്വരം ഒരു പുഴയായി ഒഴുകി. നീ മണിമുകിലാടകള്‍... (വെള്ളിത്തിര; സംഗീതം: അല്‍ഫോണ്‍സ് ജോസഫ്), ആരു പറഞ്ഞു... (പുലിവാല്‍ കല്യാണം; സംഗീതം: ബേണി ഇഗ്‌നേഷ്യസ്), കല്ലായിക്കടവത്തെ... (പെരുമഴക്കാലം; സംഗീതം: എം. ജയചന്ദ്രന്‍), വട്ടയില പന്തലിട്ട്..., ഒന്നു തൊടാനുള്ളില്‍... (യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; സംഗീതം: ജോണ്‍സണ്‍), സ്വയംവര ചന്ദ്രികേ... (ക്രോണിക് ബാച്ച്‌ലര്‍; സംഗീതം: ദീപക് ദേവ്), അഴകേ കണ്‍മണിയേ... (കസ്തൂരിമാന്‍; സംഗീതം: ഔസേപ്പച്ചന്‍),  'കേരനിരകളാടും...' (ചിത്രം: ജലോത്സവം).

'ഞാനൊരു മലയാളി...' എന്ന് ജയചന്ദ്രന്‍ പാടുമ്പോള്‍ അത് മലയാളത്തിന്‍റെ സ്വന്തം ഭാവമായി... പുണ്യാളന്‍ അഗര്‍ബത്തീസി'-ലെ 'പൂരങ്ങടെ പൂരമുള്ളൊരു...' എന്ന തൃശൂരുകാരുടെ സ്വന്തം പാട്ടില്‍ തന്നെ ഒരു തൃശൂര്‍ പൂരമുണ്ട്. 'മണ്ണപ്പം ചുട്ടുകളിക്കണ കാലം...' (രചന: ബി.കെ.ഹരിനാരായണന്‍, സംഗീതം: രതീഷ് വേഗ) എന്ന പാട്ട് കേട്ട് കളികൂട്ടുകാരിയെ ഓര്‍ത്ത കാമുകന്മാരേ... നിങ്ങളെ നൊസ്റ്റാള്‍ജിയയുടെ ചെറുപ്പകാലത്തേക്ക് കൂട്ടികൊണ്ട് പോയത് ആ ശബ്ദം ഒന്ന് മാത്രമാണ്.

'സോള്‍ട്ട് ആന്‍ഡ് പെപ്പറി'-ലെ 'പ്രേമിക്കുമ്പോള്‍ നീയും ഞാനും നീരില്‍ വീഴും പൂക്കള്‍...'  (രചന: റഫീക്ക് അഹമ്മദ്, സംഗീതം: ബിജിബാല്‍). അറിയാതെ, അറിയാതെ... (രാവണപ്രഭു; ഗിരീഷ് പുത്തഞ്ചേരി, സുരേഷ് പീറ്റേഴ്‌സ്), വിരല്‍ തൊട്ടാല്‍ വിരിയുന്ന... (ഫാന്‍റം; ഗിരീഷ് പുത്തഞ്ചേരി, ദേവ), കണ്ണില്‍ കണ്ണില്‍ മിന്നും... (ഗൗരീശങ്കരം; ഗിരീഷ് പുത്തഞ്ചേരി, എം. ജയചന്ദ്രന്‍), എന്തിനെന്നറിയില്ല... (മൈ ബോസ്; ഈസ്റ്റ്‌കോസ്റ്റ് വിജയന്‍, എം.ജയചന്ദ്രന്‍), ഓലഞ്ഞാലിക്കുരുവി... (1983; ബി.കെ. ഹരിനാരായണന്‍, ഗോപി സുന്ദര്‍) എന്നിങ്ങനെ നീളുന്നു, നമ്മളെ പ്രണയിപ്പിച്ച, മോഹിപ്പിച്ച ജയഗാനങ്ങള്‍.
 

click me!