നാളെ, ഇരുട്ടിന്‍റെ മറ പറ്റി കോഴിക്കൂട്ടിലേക്കും പശുത്തൊഴിത്തിലേക്കും വഴിയിലൂടെ വീട്ടിലേക്ക് നടന്നു പോകുന്ന ഒരു മനുഷ്യന്‍റെ നേര്‍ക്കും മറ്റൊരു കടുവ എത്തില്ലെന്നതിന് ഒരു ഉറപ്പില്ലെന്നിരിക്കെ, ഒരോ ഇരുട്ട് വീശുന്ന രാത്രികളും വയനാട്ടുകാര്‍ ഭയം തിന്ന് ജീവിക്കുന്നു.
"പ്രദേശവാസികളോടുള്ള പ്രത്യേക അറിയിപ്പ്. കടുവയ്ക്കായുള്ള തിരച്ചില്‍ അല്പ സമയത്തിനുള്ളില്‍ ആരംഭിക്കുന്നതാണ്."
വനം വകുപ്പിന്‍റെ ജീപ്പില്‍ നിന്നുള്ള ഈ ശബ്ദം കേട്ടാണ്, ഭയാശങ്കകള്‍ നിറഞ്ഞ ഒരോ രാത്രിക്ക് ശേഷവും വയനാട്ടുകാര്‍ ഉണരുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഒമ്പതാമത്തെ കടുവ ദൌത്യമായിരുന്നു ഇന്നലെ നടന്നത്. അതില്‍ ആറ് കടുവാ പിടിത്തവും സൌത്ത് വയനാട് ഡിവിഷനിലെ ചെതലയം റേഞ്ചിൽ. കര്‍ണ്ണാടകയോട് വനാതിര്‍ത്തി പങ്കിടുന്ന ചെതലയം ഉള്‍പ്പെടുന്ന വയനാട് മേഖല അടുത്തകാലത്തായി ഓരോ ദിവസവും ഉണരുന്നത് കടുവാ ഭീതിയിലേക്കാണ്. ശ്വാശ്വതമായ ഒരു പരിഹാര മാര്‍ഗ്ഗവും വനംവകുപ്പിന് നിര്‍ദ്ദേശിക്കാനില്ലെന്ന് മാത്രമല്ല. ഇരതേടി കാടിറങ്ങുന്ന കടുവയെ വെടിവയ്ക്കാന്‍ ഉത്തരവ് ഇടണമെങ്കില്‍ ജനം തെരുവിലിറങ്ങേണ്ട അവസ്ഥയിലാണ് കാര്യങ്ങള്‍. സ്ഥിരം കടുവകള്‍ ഇറങ്ങുന്ന സ്ഥലമായിരുന്നിട്ടും ജില്ലയിലെ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഉന്നത പോസ്റ്റുകളെല്ലാം ഒഴിഞ്ഞ് കിടക്കുകയാണെന്ന് അറിയുമ്പോള്‍ തന്നെ വനംവകുപ്പിന്‍റെ ശുഷ്കാന്തിയും വ്യക്തമാണ്.
ഒന്നര മാസത്തിൽ ഒന്നെന്ന തോതിലാണ് വയനാട്ടിലെ കടുവ പിടുത്തം, വയനാട്ടിൽ ഒരു വർഷത്തിനിടെ നടന്നത് ഒമ്പത് ടൈർ ഓപ്പറേഷനുകള്‍. ഒരെണ്ണം തന്നെ രണ്ട് തവണ കൂട്ടില്‍ വീണതും കൂട്ടിയാല്‍ മൊത്തം എട്ട് കടുവകള്‍. അതിൽ മൂന്നെണ്ണം മയക്കുവെടി ദൌത്യങ്ങൾ. ഈ കണക്കുകൾ പറയും വയനാട് നേരിടുന്ന കടുവാപ്പേടിയുടെ ആഴവും വ്യാപ്തിയും.
(മൂടക്കൊല്ലിയിലെ കടുവ)
കണക്കുകള്‍
2023
മാസം | തീയതി | സ്ഥലം |
ജൂൺ | 24 | പനവല്ലി |
സെപ്തംബർ | 4 | മൂലങ്കാവ് |
സെപ്തംബർ | 27 | പനവല്ലി |
ഡിസംബർ | 18 | മൂടക്കൊല്ലി |
2024
മാസം | തീയതി | സ്ഥലം |
ജനുവരി | 27 | ചൂരിമല |
ഫെബ്രുവരി | 26 | വനമൂലിക |
മാർച്ച് | 13 | പാമ്പുംകൊല്ലി |
ഏപ്രിൽ | 3 | മൂന്നാനക്കുഴി |
ജൂൺ | 23 | കേണിച്ചിറ |
നോർത്ത് വയനാട് ഡിവിഷനിലെ പനവല്ലി ആദണ്ഡയിൽ ജൂൺ 24 -ന് കടുവ കൂട്ടിലായി. അന്ന് തോൽപ്പെട്ടിയിൽ ഇതിനെ തുറന്നു വിട്ടു. വീണ്ടുമെത്തി അതേ കടുവ. ഇത്തവണയും പനവല്ലി ആദണ്ഡയില്‍ തന്നെ. നാട്ടുകാർ പ്രശ്നമുണ്ടാക്കി. ഒടുവില്‍ മയക്കുവെടിക്ക് ഉത്തരവിറങ്ങി, പക്ഷേ, സെപ്തംബർ 27 -ന് ഇതേ കടുവ ആദണ്ഡയില്‍ ഒരുക്കിയ കൂട്ടില്‍ വീണു. അങ്ങനെ അതിനെ മയക്ക് വെടി വയ്ക്കേണ്ടി വന്നില്ല. പനവല്ലി ആദണ്ഡയിലിറങ്ങിയ പെണ്‍ കടുവയ്ക്ക് വയസ് 11. 'നോർത്ത് വയനാട് 5' എന്നാണ് അവള്‍ക്ക് വനം വകുപ്പ് നല്‍കിയ പേര്. പിന്നാലെ വയനാട് വന്യജീവി സങ്കേതത്തിന്‍റെ ഭാഗമായ മൂലങ്കാവിൽ കോഴിഫാമുകളിൽ പൂണ്ടുവിളയാടി മറ്റൊരു കടുവ. സഹികെട്ട് വനംവകുപ്പ് കെണിവച്ചു. സെപ്തംബർ 4 -ന് ഈ കടുവയും കൂട്ടിലായി. അതിനുള്ളില്‍ ഒരാഴ്ചയ്ക്കിടെ രണ്ട് പശുക്കൾ, രണ്ട് വളർത്തുനായ്ക്കൾ, നൂറോളം കോഴികൾ എന്നിവയെ കടുവ കൊലപ്പെടുത്തിയിരുന്നു. 12 വയസുള്ള പെണ്‍കടുവയ്ക്ക് വയനാട് വന്യജീവി സങ്കേതത്തിലെ 27 -ാമന്‍ (WWL 27) എന്നാണ് നല്‍കിയ പേര്.
ബാക്കിയെല്ലാ കടുവ ദൈത്യങ്ങളും സൌത്ത് വയനാട് ഡിവിഷനിലെ ചെതലയം റേഞ്ചില്‍ മാത്രമായി ഒതുങ്ങി. പശുവിന് പുല്ലരിയാൻ പോയ പ്രജീഷിനെ പിടിച്ച ആളെക്കൊല്ലി കടുവയ്ക്ക് പിറകെ വനംവകുപ്പ് പാഞ്ഞത് 10 ദിവസം. മയക്കുവെടി ദൌത്യസംഘം നെട്ടോട്ടമോടിയിട്ടും കടുവക്ക് നേരെ ഉന്നം പിടിക്കാനായില്ല. ഇരയെ പാടത്ത് കെട്ടി ഏറുമാടത്തിൽ തോക്കേന്തി കാത്തിരുന്നിട്ടും ഉന്നമൊത്തില്ല. ഒടുവില്‍ കുംകികളെ ഇറക്കി, ഒരു കൈ നോക്കി. ഓരോ തവണയും കടുവ വഴുതി വഴുതി പോയി. ഒടുവില്‍ കടുവ സ്വയം കൂട്ടില്‍ കയറേണ്ടിവന്നു. അങ്ങനെ ഒരു വർഷത്തിനിടയിലെ ഏറ്റവും വലിയ കടുവ ദൌത്യമായി മൂടക്കൊല്ലി മാറി. കൊളഗപ്പാറ ചൂരിമലയിൽ വളർത്തു മൃഗങ്ങളെ പിടിച്ച കടുവ കെണിയിലായത് ജനുവരി 27 -ന്. ഒരു മാസത്തിനിപ്പുറം ഫെബ്രുവരി 26 -ന് മുളളൻ കൊല്ലിയിൽ ഒരു കർണാടക കടുവയും കൂട്ടിൽ വീണു. അവന് പേര് സൗത്ത് വയനാട് 9 (WYS 9). എല്ലാം ജനവാസ മേഖലയിൽ വിലസിയവർ. വളർത്തു മൃഗങ്ങളെ വേട്ടയാടിയവർ. കാട്ടിൽ മല്ലൻ കടുവകളുമായി തല്ലുകൂടി തോറ്റ് നാട്ടിലേക്ക് ഇറങ്ങിയവര്‍.
(മൂന്നാനക്കുഴിയിൽ കിണറ്റിൽ വീണ കടുവ)
പച്ചാടിയിലെ കടുവ ഹോസ്പേസിൽ സൌകര്യക്കുറവുള്ളതിനാൽ, പലരെയും മൃഗശാലകളിലേക്ക് മാറ്റി. ഒടുവിലൊരു കടുവയെ വനംവകുപ്പിന് കിട്ടിയത് മൂന്നാനക്കുഴിയിലെ കിണറ്റിൽ നിന്ന്. രണ്ട് രണ്ടര വയസുള്ള കുഞ്ഞൻ കടുവ ആയതിനാൽ, അവനെ ഉൾക്കാട്ടിൽ തുറന്നുവിട്ടു. രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം ഇതെല്ലാമുണ്ടായ ചെതലയം റേഞ്ചിൽ വീണ്ടുമൊരു ടൈർ ഓപ്പറേഷൻ. അതും ഒരൊറ്റ രാത്രിയിൽ. കേണിച്ചിറയില്‍ മൂന്ന് പശുക്കളെ കൊലപ്പെടുത്തിയ കടുവ. 'തോൽപ്പെട്ടി പതിനേഴാമന്‍' എന്ന് അവന് പേര്. ജനമിളകിയപ്പോള്‍ മയക്കുവെടി വയ്ക്കാന്‍ വനംവകുപ്പ് അനുമതിയായി. പക്ഷേ, അത് വേണ്ടിവന്നില്ല, അതിന് മുമ്പ് കടുവ കൂട്ടില്‍ക്കയറിയതിനാല്‍. തല്ക്കാലം ചെതലയത്തുകാര്‍ക്കും ഒപ്പം വയനാട്ടുകാര്‍ക്കും ആശ്വസിക്കാം. എന്നാല്‍ നാളെ, ഇരുട്ടിന്‍റെ മറ പറ്റി കോഴിക്കൂട്ടിലേക്കും പശുത്തൊഴിത്തിലേക്കും വഴിയിലൂടെ വീട്ടിലേക്ക് നടന്നു പോകുന്ന ഒരു മനുഷ്യന്‍റെ നേര്‍ക്കും മറ്റൊരു കടുവ എത്തില്ലെന്നതിന് ഒരു ഉറപ്പില്ലെന്നിരിക്കെ, ഒരോ ഇരുട്ട് വീശുന്ന രാത്രികളും വയനാട്ടുകാര്‍ ഭയം തിന്ന് ജീവിക്കുന്നു.
അപ്പോഴും ഒരു കാര്യത്തിൽ ആശ്വസിക്കാം. ഈ കടുവ ദൌത്യങ്ങളുണ്ടായപ്പോഴെല്ലാം മികച്ച ഉദ്യോഗസ്ഥരുടെ സാന്നിധ്യമുണ്ടായിരുന്നു വയനാട്ടിൽ. സൌത്ത് വയനാട് ഡിവിഷനിൽ നടന്ന അഞ്ച് ഓപ്പറേഷനുകൾക്കും എ ഷജ്നയായിരുന്നു മേൽനോട്ടം. കേണിച്ചിറയിൽ കടുവ എത്തിയപ്പോൾ പാലക്കാട് എസിഎഫ് ബി രഞ്ജിത്തായിരുന്നു ഫീൽഡിൽ, ഇരുവരും മനുഷ്യ മൃഗ സംഘർഷ മേഖലകൾ കൈകാര്യം ചെയ്യാൻ മെയ് വഴക്കമുളളവരായത് കൊണ്ടുമാത്രം വയനാട് ഒരു കലാപ ഭൂമിയായില്ല എന്നതാണ് സത്യം. പ്രശ്നങ്ങൾ ഒരുപാട് നേരിട്ടു ശീലിച്ച, വെല്ലുവിളികൾ അതിജയിച്ച RRT, അവർക്കൊപ്പം തോളോട് തോൾ ചേർന്ന് നിൽക്കുന്ന ഡിഎഫ്ഒമാർ. വെറ്റിനറി ടീം. കേരളത്തിലെ മികച്ച കടുവ പിടുത്തക്കാർ ഉള്ളത് കൊണ്ട് മാത്രമാണ് വയനാട്ടിൽ കടുവാപ്പേടിയിൽ ഇടവേളകളുണ്ടാകുന്നത്. മറിച്ചായാൽ എല്ലാം പ്രവചനാതീതമാകും.