ചരിത്രം ആവര്‍ത്തിക്കുന്നു; യുദ്ധ മുഖത്തെ ജല ബോംബായി നേവ കഖോവ്ക ഡാം !

By Sajin Malayamma  |  First Published Jun 9, 2023, 6:12 PM IST

ഒന്നര വര്‍ഷത്തെ യുദ്ധത്തിനിടെ ഖേർസണ്‍ പിടിച്ചെടുത്ത് യുക്രൈന്‍റെ കൂടുതല്‍ ഭൂമിയിലേക്ക് പതുക്കെയെങ്കിലും നീങ്ങുന്ന റഷ്യന്‍ സൈന്യവും വാര്‍ണര്‍ ഗ്രൂപ്പും മറ്റൊരു ചരിത്രത്തെ കൂടി ഓര്‍മ്മപ്പെടുത്തുന്നു. അതിനായി അല്പം പിന്നിലേക്ക് നടക്കണം. 1941 ലെ സോവിയേറ്റ് യൂണിയന്‍ നാസി പോരാട്ടത്തിലേക്ക്... 


ന്നര വര്‍ഷമായി റഷ്യയുടെ യുക്രൈന്‍ യുദ്ധ മുന്നേറ്റത്തിനിടെ ഏറ്റവും വലിയ ദുരന്തമുഖമായി മാറുകയാണ് യുക്രൈനിലെ കഖോവ്ക ഡാം. കിഴക്കന്‍ ബെലൂറസിലെ വൃഷ്ടിപ്രദേശങ്ങളില്‍ നിന്ന് ഊറിയിറങ്ങുന്ന ജലം രണ്ട് കൈവഴികളിലൂടെ ഒഴുകി, യുക്രൈനിലേക്ക് പതിക്കും മുമ്പ് ഒരെറ്റ നദിയായി മാറുന്നു, നിപ്രോ (Dnipro River). അവിടെ നിന്ന് അങ്ങ് കരിങ്കടലിലേക്കുള്ള 1400 ഓളം കിലോമീറ്റര്‍ നീളുന്ന ഒഴുക്കിനിടെ നിപ്രോയുടെ ഇരുകരകളെയും ബന്ധിപ്പിച്ച് നിരവധി ഡാമുകളാണ് മുമ്പ് സോവിയേറ്റ് യൂണിയന്‍ കാലത്ത് നിര്‍മ്മിക്കപ്പെട്ടത്. അവയെല്ലാം തന്നെ യുക്രൈന്‍റെ ഇരുട്ട് അകറ്റിയ ഹൈഡ്രോപവര്‍ യൂണിറ്റുകളായിരുന്നു, ഇതുവരെ. എന്നാല്‍ ഇന്ന് മനുഷ്യനിര്‍മ്മിത ജലബോംബുകളായി അവ പരിണമിച്ചിരിക്കുന്നു. പ്രത്യേകിച്ച് റഷ്യയുടെ യുക്രൈന്‍ യുദ്ധമുന്നേറ്റം കാര്യമായ വിജയം നേടാതിരുന്ന കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ. അതില്‍ ആദ്യത്തെത് പൊട്ടിക്കഴിഞ്ഞു. 

നിപ്രോ നദിക്ക് കുറുകെ 1956 -ലാണ് നേവ കഖോവ്ക ഡാം (Nova Kakhovka Dam) സോവിയേറ്റ് യൂണിയന്‍ പണിതത്. 30 മീറ്റർ ഉയരവും മൂന്ന് കിലോമീറ്ററിലേറെ നീളത്തിലും കിടക്കുന്ന ഈ അണക്കെട്ട് ഇടുക്കി ഡാമിന്‍റെ മൂന്നിരട്ടിയോളം വരും. ഇക്കരെ നിന്നാല്‍ മറുകര കാണാത്ത തദ്ദേശവാസികള്‍ 'കഖോവ്ക കടൽ' എന്ന് വിളിക്കുന്ന അതിവിശാലമായ, ജലസംഭരണി. യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ജലസംഭരണികളിലൊന്ന്. വൈദ്യുതി, ജലസേചനം, ജലഗതാഗതം എന്നിവ ലക്ഷം വച്ച് നിര്‍മ്മിച്ചാണിത്.  അണക്കെട്ടിനോട് അനുബന്ധിച്ചുള്ള കഖോവ്ക ഹൈഡ്രോളിക് പവര്‍ ഹൗസില്‍ നിന്നും ഉക്രിഹൈഡ്രോനെർഗോ 357 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു. 

Latest Videos

undefined

യുക്രൈനികളുടെ ഇരുട്ടറകളിലേക്ക് വെളിച്ചമെത്തിച്ച ഈ ഡാം ഇന്ന് ഇല്ല. 67 വര്‍ഷം പഴക്കമുള്ള ഈ അണക്കെട്ട് 2023 ജൂണ്‍ ആറാം തിയതി രാവിലെ തകര്‍ക്കപ്പെട്ടു. റഷ്യയെന്ന് യുക്രൈനും യുക്രൈനെന്ന് റഷ്യയും ആരോപണപ്രത്യാരോപണങ്ങള്‍‌ ഉന്നയിക്കുന്നു. ആര് തകര്‍ത്തുവെന്നതിനെക്കാള്‍ തകര്‍ക്കപ്പെട്ടതിന് പിന്നാലെ നിപ്രോ നദിയുടെ തീരത്ത് ജീവിച്ചിരുന്നവര്‍ ദുരിതത്തില്‍ നിന്നും ദുരിതത്തിലേക്കായിരുന്നു എടുത്തെറിയപ്പെട്ടത്. യുദ്ധം ആരംഭിച്ച് മാസങ്ങള്‍ നീണ്ട് വെടിവെപ്പിന് പിന്നാലെ കഖോവ്ക പവര്‍ പ്ലാന്‍റ് റഷ്യ കൈയടക്കിയിരുന്നു. എന്നാല്‍, യുക്രൈന്‍റെ കിഴക്കന്‍ മേഖലകളില്‍ യുക്രൈന്‍ തുടര്‍ന്ന ഒളിപ്പോരാട്ടവും ഗറില്ലാ യുദ്ധവും റഷ്യയുടെ മുന്നോട്ടുള്ള നീക്കത്തെ തടസപ്പെടുത്തി. ഒടുവില്‍ ഡൊണാസ്കയിലും ഖേര്‍സണിലും റഷ്യ, വാര്‍ണര്‍ ഗ്രൂപ്പ് എന്ന യുദ്ധ സംഘത്തിന്‍റെ സഹായത്തോടെ ആധിപത്യം തേടിത്തുടങ്ങിയപ്പോഴാണ് കഖോവ്ക ഡാം തകര്‍ക്കപ്പെട്ടത്. 67 വര്‍ഷത്തെ പ്രായമുണ്ടെങ്കിലും ഇന്നും സാങ്കേതികമായി ഏറെ ഉറപ്പുള്ള ഡാമുകളിലൊന്നായിരുന്നു കഖോവ്ക. 

ഇരുരാജ്യങ്ങളും തമ്മിലുളള സംഘർഷം തുടങ്ങിയ നാള്‍ മുതൽ ഡാം ഉയർത്തുന്ന ഭീഷണി ലോക സമൂഹം ചൂണ്ടിക്കാട്ടിയിരുന്നു.  യുദ്ധ ഭൂമിയില്‍ ആണവ ബോംബുകളേക്കാള്‍ വിനാശകരമായി ഉപയോഗിക്കാന്‍ സാധ്യതയുള്ള ഡാമുകള്‍ 'ജലബോംബു'കളെന്നാണ് അറിയപ്പെടുന്നത് തന്നെ. ഒടുവില്‍ ഭയന്നത് തന്നെ നടന്നു. കഖോവ്ക തകർത്തു. അല്ല, തകര്‍ക്കപ്പെട്ടു. പിന്നി‌ൽ റഷ്യയോ യുക്രൈനോ എന്നത് ഒരു തർക്കമായി നില്‍ക്കുമെങ്കിലും. ഇതോടെ  കഖോവ്കയ്ക്ക് താഴെ കരിക്കടല്‍ വരെയുള്ള പ്രദേശങ്ങളിലേക്ക് വെള്ളം കുത്തിയൊഴുകി. യുദ്ധത്തിനിടെയിലും ജനിച്ച് ജീവിച്ച മണ്ണ് ഉപേക്ഷിക്കാന്‍ മടിച്ച ജനത എരിത്തീയില്‍ നിന്നും വറുചട്ടിയിലേക്ക് എറിയപ്പെട്ട അവസ്ഥയിലായി. യുക്രൈന്‍റെ തെക്ക് കിഴക്കന്‍ മേഖലയിലെ ഗ്രാമങ്ങളെയും ഖേർസണേയും നിപ്രോയിലെ ജലം മുക്കിക്കഴിഞ്ഞു. പതിനായിരങ്ങള്‍ സുരക്ഷിത സ്ഥാനങ്ങള്‍ തേടി പലായനം ചെയ്തു. ഡാം തകര്‍ക്കപ്പെട്ടതിന് പിന്നാലെ ഇരുരാജ്യങ്ങളും പ്രദേശത്തെ ജനങ്ങളോട് ഒഴിഞ്ഞ് പോകാന്‍ ആവശ്യപ്പെട്ടു. യുക്രൈന്‍ പ്രസിഡന്‍റ് സെലന്‍സ്കി പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് റഷ്യയുടെ കൂരതയില്‍ കടുത്ത വേദന രേഖപ്പെടുത്തി. ഭക്ഷ്യ പ്രതിസന്ധിയോടൊപ്പം യുക്രൈന്‍ ഊര്‍ജ്ജപ്രതിസന്ധിയും നേരിട്ടുത്തുടങ്ങി. 

ഡാമിന്‍റെ തകര്‍ച്ച് ഒരു ദശലക്ഷം ആളുകളില്‍ വരെ കുടിവെള്ള പ്രശ്‌നങ്ങൾ അഭിമുഖീകരിക്കാനിടയാക്കുമെന്ന് വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നു. നദീതീരത്തുള്ള 30 പട്ടണങ്ങളും ഗ്രാമങ്ങളും വെള്ളത്തിനടിയിലായി. യുക്രൈന്‍ നിയന്ത്രിക്കുന്ന കിഴക്കന്‍ മേഖലയുടെ തലസ്ഥാനമായ കെർസൺ നഗരത്തിലെ ഏകദേശം 2,000 വീടുകൾ വെള്ളത്തിനടിയിലായി. വെള്ളപ്പൊക്കത്തിൽ മുങ്ങിയ 30 പട്ടണങ്ങളിലും ഗ്രാമങ്ങളിലും 20 എണ്ണം യുക്രൈന്‍റെ കൈവശവും 10 എണ്ണം റഷ്യയുടെ കൈവശവുമാണ് നിലവിലുള്ളത്. ഈ പ്രദേശങ്ങളുടെ വികസനത്തിന് ഡാമിന്‍റെ തകര്‍ച്ച കനത്ത തിരിച്ചടി നല്‍കുമെന്നാണ് വിദഗ്ദരുടെ കണക്ക് കൂട്ടല്‍. അതേ സമയം ഇനിയും വലുതും ചെറുതുമായ ആറോളം അണക്കെട്ടുകള്‍ നിപ്രോ നദിക്ക് കുറുകെ ഉണ്ടെന്നുള്ള യാഥാര്‍ത്ഥ്യം യുക്രൈനികളുടെ ഉറക്കം കെടുത്തിക്കഴിഞ്ഞു. അതെ, യുക്രൈനില്‍ ചരിത്രം ആവര്‍ത്തിക്കുകയാണ്. 

ഒന്നര വര്‍ഷത്തെ യുദ്ധത്തിനിടെ ഖേർസണ്‍ പിടിച്ചെടുത്ത് യുക്രൈന്‍റെ കൂടുതല്‍ ഭൂമിയിലേക്ക് പതുക്കെയെങ്കിലും നീങ്ങുന്ന റഷ്യന്‍ സൈന്യവും വാര്‍ണര്‍ ഗ്രൂപ്പും മറ്റൊരു ചരിത്രത്തെ കൂടി ഓര്‍മ്മപ്പെടുത്തുന്നു. അതിനായി അല്പം പിന്നിലേക്ക് നടക്കണം. വർഷം 1941, സോവിയേറ്റ് യുണിയന്‍റെ അഭിമാന സ്തംഭം പോലെ, യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ഡാമുകളിലൊന്നായി നിപ്രോ അണക്കെട്ട് ഉയര്‍ന്നു നില്‍ക്കുന്നു.  മോസ്കോ ലക്ഷ്യമാക്കി ഇരച്ചെത്തിയ നാസി പടയെ നേരിടുന്നതില്‍ സോവിയേറ്റ് യൂണിയന്‍ നന്നായി വിയർത്തു. കിഴക്കൻ റഷ്യ താണ്ടാതെ നാസികളെ തടയാൻ, സോവിയേറ്റുകള്‍ക്ക് വലിയ വിലകൊടുക്കേണ്ടി വന്നു. അതിനായി അന്ന് സോവിയേറ്റ് യൂണിയന്‍ സ്വീകരിച്ച തന്ത്രം അണക്കെട്ട് തകർത്ത് നിപ്രോ നദിയിലെ വെള്ളം സ്വതന്ത്രമാക്കി നാസികളുടെ മുന്നേറ്റത്തെ തടയുക എന്ന ഏറ്റവും വിനാശകരമായ മാർഗം.

രണ്ടാം ലോകമഹായുദ്ധത്തിന് തടയിടാൻ റഷ്യ ലെനിൻ ഗ്രാഡിൽ തീർത്ത പ്രതിരോധത്തേക്കാള്‍ സാധാരണ ജീവിതങ്ങള്‍ ഏറെ പൊലിഞ്ഞ ദുരന്തമായി ആ നീക്കം മാറി. നാസികളെ തടഞ്ഞുവെങ്കിലും പതിനായിരങ്ങള്‍ക്ക് സാധാരണക്കാര്‍ക്ക് അന്ന് ജീവൻ നഷ്ടമായി, അത്രത്തോളം മനുഷ്യരെ കാണാതായി. ഇത്തവണയും ചിത്രം മറ്റൊന്നല്ല. കഖോവ്ക ജലവൈദ്യുത പദ്ധതിയെ ആശ്രയിക്കുന്ന യുക്രൈനിൽ, നിലവിലെ ഊർജ്ജ പ്രതിസന്ധി രൂക്ഷമാകും, സെപറീഷ്യ ആണവനിലയത്തിന്‍റെ പ്രവർത്തനം ഇപ്പോള്‍ തന്നെ ആശങ്കയിലാണ്. വേഗത്തിലുളള മുന്നറിയിപ്പും രക്ഷാ പ്രവർത്തനങ്ങളും ആയിരക്കണക്കിന് ജീവനുകള്‍ തിരികെ പിടിക്കാന്‍ സഹായിച്ചുവെന്നത് മാത്രമാണ് ആശ്വാസം. നിപ്രോ നദിയ്ക്ക് കുറുകെ ഇത്തരം 6 ഡാമുകളാണ് സോവിയേറ്റ് യൂണിയൻ പടുത്തുയർത്തിട്ടുളളത്. 1927 -ൽ നിർമ്മിച്ച നിപ്രോ ഇതിൽ ആദ്യത്തേതാണ്, ജലവും ഊർജ്ജവും സംരക്ഷിക്കാന്‍ മനുഷ്യന്‍റെ കഠിനാധ്വാനത്തിൽ പടുത്തുയർത്തിവ ഇപ്പോള്‍ യുക്രൈന്‍ ജനതയെ സംബന്ധിച്ചെങ്കിലും ജല ബോംബുകളായി മാറുകയാണ്, ചരിത്രം ആവർത്തിക്കുകയാണ്.

click me!