ആരോഗ്യകരമായ ആണത്തമുണ്ടാവുന്നത് ഒരു പുരുഷൻ സ്വന്തം ഇഷ്ടങ്ങളെയും കഴിവുകളെയും സ്വതന്ത്രമായി മനസ്സിലാക്കുകയും വിശേഷാധികാരങ്ങളെ ഏറ്റവും അനുയോജ്യമായ രീതിയിൽ ഉപയോഗിക്കാൻ പാകപ്പെടുകയും ചെയ്യുമ്പോഴാണ്.
അന്തർദേശീയമായി ജൂൺ മാസമാണ് പുരുഷന്റെ മാനസികാരോഗ്യ മാസമായി ആചരിക്കുന്നത്. പുരുഷന്മാരുടെ മാനസികാരോഗ്യത്തിന് പ്രാധാന്യം നൽകുക, അവബോധമുണ്ടാക്കുക, വേണ്ടുന്ന പിന്തുണ തേടാൻ പ്രാപ്തനാക്കുക എന്ന വിവിധ ലക്ഷ്യങ്ങൾ ഇതിന് പിന്നിലുണ്ട്. എന്നാൽ, നമ്മുടെ സാമൂഹികമായ പല പുരുഷാധിപത്യസങ്കല്പങ്ങളും മാനസികാരോഗ്യത്തെ കുറിച്ച് സംസാരിക്കാനോ, വേണ്ടത്ര പിന്തുണയോ സഹായമോ തേടാനോ അവനെ അനുവദിക്കാറില്ല. ഈ വിഷയത്തെ എങ്ങനെ കൈകാര്യം ചെയ്യും? ഇതുണ്ടാക്കുന്ന പ്രശ്നങ്ങളെന്താണ്? റ്റിസി മറിയം തോമസ് എഴുതുന്ന ലേഖനം വായിക്കാം.
"അയ്യേ, ആൺകുട്ടികൾ കരയാൻ പാടില്ല, നീയൊരു ആൺകുട്ടിയല്ലേ, മുടി വളത്താനൊന്നും പറ്റില്ല".
"ഞങ്ങൾ കരഞ്ഞാൽ നാണക്കേടാണെന്നാ ആളുകളുടെ വിചാരം. അതെന്തിനാണെന്ന് എത്ര ആലോചിച്ചിട്ടും ഞങ്ങക്ക് മനസ്സിലായിട്ടുമില്ല".
undefined
രണ്ടു കുഞ്ഞാമ്പിള്ളേരുടെ പ്രതികരണമാണ്. അധികം വിശദീകരിക്കാനൊന്നും അവർ തയ്യാറല്ല. ആളുകൾ എന്തേലും ചെയ്യട്ടെ എന്നാണ് ഭാവം.
പുരുഷന്മാരുടെ ജീവിതം മെച്ചപ്പെടുത്തുകയെന്നാൽ അവരുടെ പെരുപ്പിച്ച മസിലുകളും ഉറച്ച ശരീരത്തിന്റെ പ്രത്യേകതകളും ഹൃദയം-വൃക്ക - എല്ല് -ഹോർമോൺ വ്യതിയാനങ്ങൾ - എന്നിവയും കണക്കിലെടുത്തുകൊണ്ടുള്ള ഒരു ഫിസിക്കൽ ഹെൽത്ത് പാക്കേജ് പ്ലാൻ ആണ് പൊതുവെ മാധ്യമങ്ങളിൽ കണ്ടു വരുന്നത്. അതു പോരെന്നും, സന്തുഷ്ടനും മനഃശാന്തതയുള്ളവനുമായ ഒരു പുരുഷനിലേക്ക് എത്താനുള്ള രീതികളെക്കുറിച്ചുള്ള ആലോചന കൂടെയുണ്ടാവാണെന്നുമാണ് പുരുഷന്റെ മാനസികാരോഗ്യ വാരം ഉദ്ദേശിക്കുന്നത്.
അന്തർദേശീയമായി ജൂൺ മാസമാണ് പുരുഷന്റെ മാനസികാരോഗ്യ മാസമായി ആചരിക്കുന്നത്. സ്വന്തം മാനസികാരോഗ്യത്തെപ്പറ്റിയുള്ള ഉത്തരവാദിത്വവും അവബോധവുമുണ്ടാവാനും, ആവശ്യമായ രീതിയിലുള്ള പിന്തുണ തേടാനുമുള്ള പ്രചാരണമാണ് ഇതിൽ മുഖ്യമായുള്ളത്. എല്ലാ മേഖലയിലും പുരുഷാധികാരത്തെ വാഴ്ത്തുകയും സാമാന്യവൽക്കരിക്കുകയും ചെയ്യുന്ന ആൺകോയ്മാ വ്യവസ്ഥയുടെ മറുവശം മാനസിക അനാരോഗ്യമാണെന്നുള്ള തിരിച്ചറിവിന് ഈ സാഹചര്യത്തിൽ വളരെയധികം പ്രസക്തിയുണ്ട്.
പുരുഷന്മാരുടെ മാനസികാരോഗ്യത്തെക്കുറിച്ചുള്ള ആലോചനയിൽ അവരുടെ പ്രായവും പല തരത്തിലുള്ള വൈജാത്യങ്ങളും സാമൂഹ്യ തരംതിരിവുകളും കൂടെ ശ്രദ്ധിക്കപ്പെടേണ്ടതുണ്ട്. ആൺകോയ്മ വ്യവസ്ഥയുടെ കാർക്കശ്യത്തിൽ മാനസികാരോഗ്യ പ്രതിസന്ധി അനുഭവിക്കുന്ന പുരുഷന്മാരെ വളരെ വിശാലമായ അർത്ഥത്തിലും ഉള്ളടക്കത്തിലും മനസ്സിലാക്കിയാൽ മാത്രമേ, അവയുടെ പ്രത്യാഘാതങ്ങളെ തിരിച്ചറിയാനും അതിൽ ഇടപെടാനും കഴിയൂ. പല തലമുറയിലുള്ള പുരുഷന്മാരുടെ പൗരുഷ ഗുണങ്ങളുടെ നിർമ്മിതിയെ വ്യത്യസ്തമാക്കുന്ന മാറ്റങ്ങൾ ചുറ്റും സംഭവിക്കുന്നുണ്ട്.
സ്വവർഗ പ്രണയികളായ പുരുഷന്മാർ, ട്രാൻസ്‍ജെൻഡർ പുരുഷന്മാർ എന്നിങ്ങനെ വേറെയും കുറെയധികം പുരുഷന്മാരെ ഈ സ്വാഭിമാന മാസത്തിലും ആലോചിക്കാനുണ്ട്. അവരുടെ മാനസികപ്രതിസന്ധികളും പരിഹാരരീതികളും സിസ് ജൻഡർ പുരുഷന്മാരിൽ നിന്നും വളരെ വ്യത്യസ്തമാണ് താനും.
പുരുഷന്മാരെന്ന സങ്കൽപം തന്നെ വളരെ വൈജാത്യം നിറഞ്ഞതാണെങ്കിലും, പൊതുവായി മൂന്നു തരത്തിലുള്ള മാനസികാരോഗ്യ സ്ഥിതിവിശേഷമാണ് കണ്ടു വരുന്നത്.
ഒന്ന്, അനാരോഗ്യകരമായ വ്യക്തിത്വ വികാസമാണ്. ആന്റിസോഷ്യൽ -നാർക്സിസ്റ്റിക് വ്യക്തിത്വങ്ങളാകാനുള്ള എല്ലാ ചേരുവകളും നമ്മുടെ സാമൂഹ്യ ഘടനയിലുണ്ട്. അനിയന്ത്രിതമായ സ്വാതന്ത്ര്യ ബോധം, അധികാര മേൽക്കോയ്മ, സംരക്ഷക -കരുതൽ റോളുകൾ ഇവയെല്ലാം ഒരു പരിധി കഴിഞ്ഞാൽ പുരുഷനെ അപരാധി/ അക്രമി/ കുറ്റവാളി എന്നീ നിലകളിലേക്ക് മാനസികമായി രൂപപ്പെടുത്താൻ പര്യാപ്തമാണ്. സൗഹൃദ- പ്രണയ-തൊഴിൽ ബന്ധങ്ങളിൽ സ്വന്തം ഇടം തേടാനുള്ള അധികാര പരിശീലനമാണ് ഇതിലൂടെ ആൺകുട്ടികൾക്ക് ലഭിക്കുന്നത്. ഒരു വലിയ പരിധി വരെ ലൈംഗികാതിക്രമ കേസുകളിലെ അപരാധികൾ, പുരുഷന്മാരാകുന്നതിന്റെ അടിസ്ഥാനവും ഈ വ്യക്തിത്വ രൂപവൽക്കരണമാണ്.
അത് കൂടാതെ, മൃദുവായ സമീപനവും ബലഹീനമായ പെരുമാറ്റവും ശക്തരായ പുരുഷ സങ്കൽപ്പത്തിന് ചേർന്നതല്ലെന്ന ഊട്ടിയുറപ്പിക്കൽ അത്തരക്കാരായ പുരുഷന്മാരിലുണ്ടാക്കുന്ന മാനസിക പ്രതിസന്ധി ചെറുതല്ല. "നീയൊരാണാണോ?" എന്ന വിവേചനപരമായ അവഹേളനം മാത്രം മതി ഒരാളെ ആശങ്കയിലാഴ്ത്താൻ. അവ്യക്തവും അന്തർലീനവും അദൃശ്യവുമായ പൗരുഷഗുണങ്ങൾ പല തരത്തിലുള്ള ജൻഡർ റോൾ പ്രതിസന്ധികൾ സൃഷ്ടിക്കുന്നുണ്ട്. ആന്തരികവൽക്കരിക്കപ്പെട്ട മാതൃകാപുരുഷറോളുകൾക്കനനുസൃതമായി ജീവിക്കാനാവാതെ വരുമ്പോൾ സമകാലിക പുരുഷൻ നേരിടുന്ന മാനസിക സംഘർഷം പലപ്പോഴും അവഗണിക്കപ്പെടുന്നു.
രണ്ട്, ലഹരിയുടെ അമിതമായ ഉപയോഗത്തെയും ദുരുപയോഗത്തെയും പൗരുഷാഭിമാനവുമായി ബന്ധപ്പെടുത്തിയുള്ള അവതരണമാണ്. വ്യക്തി-സാമൂഹ്യ ജീവിതത്തിലുണ്ടാവുന്ന പിരിമുറുക്കങ്ങളെ ഫലപ്രദമായി നേരിടാൻ ലഹരിയിൽ അഭയം തേടുകയെന്ന മാതൃക, നമ്മുടെ സാംസ്‌കാരിക കൂട്ടായ്മകൾ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. "ആണുങ്ങളായാൽ ഒന്ന് പൂശണമല്ലോ" എന്നുള്ള ന്യായീകരണം വേറെയും.
മാനസിക പ്രശ്നങ്ങൾക്ക് ശരിയായ ചികിത്സ തേടാനുള്ള വിമുഖതയും പുരുഷന്മാരിൽ കൂടുതലായി കാണുന്നെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട്. ആരോടും സഹായം ആവശ്യപ്പെടാതെ എന്തും സ്വയം ചെയ്യുന്നതാണ് പുരുഷത്തമെന്ന വികലമായ ധാരണ നിലനിൽക്കുന്നുണ്ട്. സുഹൃത്തുക്കളോടോ, പങ്കാളിയോടോ, മാതാപിതാക്കളോടോ, സഹപ്രവർത്തകരോടോ വളരെ സ്വാഭാവികമായി പങ്കു വെക്കപ്പെടേണ്ട ദുഃഖം, അസൂയ, സന്തോഷം, വൈരാഗ്യം, അക്ഷമ എന്നീ വികാരങ്ങളൊക്കെ തന്നെ അടിച്ചമർത്തി നടക്കേണ്ടതാണ് മാതൃകാ പുരുഷനെന്ന ചിന്തയും അതി ശക്തമാണ്. പുരുഷന്മാരിലെ വിഷാദരോഗം ചികിത്സ തേടാതെ ആത്മഹത്യയിലേക്കു നയിക്കുന്ന കണക്കുകൾ ധാരാളമാണ്.
മൂന്ന്, പുരുഷന്മാരാണെന്ന കാരണം കൊണ്ടു മാത്രം പലതരം വിശേഷാധികാരങ്ങളും (മെയിൽ പ്രിവിലേജ്) ലഭിക്കുന്നുണ്ടെങ്കിലും അതേ കാരണം തന്നെ അവരെ അപകടകരമായ ജോലികളിലേക്കും സാമൂഹ്യ ഇടങ്ങളിലേക്കും എത്തിക്കുന്നുണ്ട്. ഉദാഹരണത്തിന്, പട്ടാളം, പോലീസ്, അഗ്നി ശമനം. കെട്ടിട നിർമാണ മേഖല, കടൽ-ആകാശം സംബന്ധിച്ച ജോലികൾ മുതലായവ പുരുഷന്മാരുടെ കായികക്ഷമത ആവശ്യപ്പെടുന്നവയാണ്. അത്തരം മേഖലകളിലുണ്ടാവുന്ന ഗൗരവതരമായ ശാരീരികാരോഗ്യ പ്രശ്നങ്ങളും ചിലപ്പോൾ മരണങ്ങളും എത്രയും കടുത്ത മാനസികാഘാതങ്ങളിലേക്കാണ് അവരെയും, അവരുമായി ബന്ധപ്പെട്ട മറ്റു മനുഷ്യരെയും കൊണ്ടെത്തിക്കുന്നത്!
അതിനാൽ, പുരുഷന്മാരുടെ മാനസികാരോഗ്യത്തിനു നൽകേണ്ട സാമൂഹ്യ പ്രാധാന്യം ആരംഭിക്കേണ്ടത് ഒരു ആൺകുട്ടിയുടെ സാമൂഹ്യവൽക്കരണ പ്രക്രിയ മുതലാണ്. ആൺകുട്ടിയെന്ന നിലക്ക്, വളരെ ശ്രദ്ധയോടെയും ക്ഷമയോടെയും കൈകാര്യം ചെയ്യേണ്ട ഉത്തരവാദിത്തം ഗാർഹിക ചുറ്റുപാടിലും തലത്തിലുമാണ് ആരംഭിക്കേണ്ടത്.
ആരോഗ്യകരമായ ആണത്തമുണ്ടാവുന്നത് ഒരു പുരുഷൻ സ്വന്തം ഇഷ്ടങ്ങളെയും കഴിവുകളെയും സ്വതന്ത്രമായി മനസ്സിലാക്കുകയും വിശേഷാധികാരങ്ങളെ ഏറ്റവും അനുയോജ്യമായ രീതിയിൽ ഉപയോഗിക്കാൻ പാകപ്പെടുകയും ചെയ്യുമ്പോഴാണ്. ആരോഗ്യകരമായ പുരുഷ മാതൃകകളെ വാർത്തെടുക്കാൻ ഓരോ വർഷത്തെയും ജൂൺ മാസത്തിലെ ഇത്തരം ചർച്ചകൾ സഹായകമാവും.
ഇനി ആണുങ്ങളും കരയട്ടെ, വൈകാരികമായി ബലഹീനരാവട്ടെ, സഹായം ചോദിച്ചു നടക്കട്ടെ, ആഹ്ളാദിക്കട്ടെ, അനുകമ്പയോടെ ഇടപെടട്ടെ, പൊട്ടിച്ചിരിക്കട്ടെ, ക്ഷമയോടെ കാത്തുനിൽക്കട്ടെ, തുറന്നു സ്നേഹിക്കട്ടെ.
(റ്റിസി മറിയം തോമസ്: എഴുത്തുകാരിയും കേരള സർവകലാശാല മനഃശാസ്ത്ര വിഭാഗത്തിൽ അസി. പ്രൊഫസറുമാണ്. ജെൻഡർ സ്റ്റഡീസ്, സോഷ്യൽ-കൾച്ചറൽ സൈക്കോളജി, മാനസികാരോഗ്യം തുടങ്ങിയ മേഖലകളിൽ ഗവേഷണം നടത്തുന്നു. ഇറങ്ങിനടപ്പ്, പെൺവഴി (എഡിറ്റർ), പെണ്ണിര (എഡിറ്റർ), ലിംഗപദവി , മലയാളിയുടെ മനോലോകം എന്നീ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.)
വായിക്കാം:
ആണാണെങ്കിൽ 'സ്ട്രോങ്ങ്' ആയിരിക്കണോ? സമൂഹത്തിന്റെ സങ്കല്പം പുരുഷനോട് ചെയ്യുന്നത്