ആണാണെങ്കിൽ 'സ്ട്രോങ്ങ്' ആയിരിക്കണോ? സമൂഹത്തിന്റെ സങ്കല്പം പുരുഷനോട് ചെയ്യുന്നത്

By Web Team  |  First Published Jun 13, 2024, 4:52 PM IST

''ഏയ്‌... നിന്നോട് എനിക്ക് ഒരിക്കലും അങ്ങനെ തോന്നിയിട്ടില്ല. ഏതൊരു പെണ്ണും ആഗ്രഹിക്കുന്നത് ഭയങ്കര സ്ട്രോങ്ങ്‌ ആയ വീരനായ ഒരു പുരുഷനെയാണ്. നീ അങ്ങനെയല്ല. ഒരു കൂട്ടുകാരൻ ഒക്കെയായി കാണാൻ കഴിയുന്ന ഒരു പതിഞ്ഞ മനുഷ്യൻ.'' അത് കേട്ട് ചിരിച്ചെങ്കിലും പിന്നീട് ഒരിക്കലും ഒരാളോട് പ്രണയം പറയാൻ പറ്റാത്ത വിധം അതെന്നെ ബാധിച്ചു എന്നതാണ് സത്യം. അത്തരം തോന്നലുകളിൽ അതേ നിശബ്ദമായ ഉച്ചയ്ക്ക് മേൽ ആ വാക്കുകൾ ഒരശരീരി പോലെ ആവർത്തിച്ചു.


ജൂൺ 10 മുതൽ ജൂൺ 16 വരെ അന്താരാഷ്ട്ര പുരുഷ ആരോഗ്യ വാരം ആചരിക്കുകയാണ്. 'ഒരുമിച്ച് ശക്തമായി' എന്നതാണ് ഈ വർഷത്തെ പുരുഷാരോഗ്യ വാരത്തിന്റെ തീം. പുരുഷന്മാരുടെ ആരോ​ഗ്യത്തിന് പ്രധാന്യം കൊടുക്കുന്നതിനായിട്ടാണ് ഈ വാരം ആചരിക്കുന്നത് തന്നെ. പക്ഷേ, പുരുഷന്മാരുടെ മാനസികാരോ​ഗ്യത്തിന് നാമെന്തെങ്കിലും പ്രാധാന്യം നൽകുന്നുണ്ടോ? പുരുഷനെന്നാൽ സ്ട്രോങ്ങ് ആയിരിക്കണമെന്ന സമൂഹത്തിന്റെ സങ്കല്പം പുരുഷനോട് ചെയ്യുന്നതെന്താണ്? 

പതിഞ്ഞ മനുഷ്യൻ

Latest Videos

undefined

വെയിൽ ചാഞ്ഞു തുടങ്ങിയ ഒരുച്ച തിരിഞ്ഞ നേരം, കാറ്റ് പോലും വിശ്രമിക്കുന്ന നിശബ്ദതയിൽ അന്നത്തെ എൻറെ സഹപ്രവർത്തക നാലായി മടക്കിയ പത്രം എനിക്ക് നേരെ നീട്ടി പറഞ്ഞു, ''ഇത് കാണുമ്പോൾ എനിക്ക് എന്തോ പോലെ തോന്നും... എന്ത് രസാല്ലേ ആ പടം?''

ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ, കാണ്മാനില്ല തുടങ്ങിയ കോളങ്ങൾക്കിടയിൽ മുകളിലേക്ക് നോക്കി പിന്നിലേക്ക് തല ചെരിച്ചു നിൽക്കുന്ന സ്ത്രീയുടെ കഴുത്തിൽ ചുംബിക്കുന്ന ഒരു പുരുഷൻറെ ചിത്രം. സ്ത്രീ പുരുഷന്മാർ പുറത്ത് പറയാൻ മടിക്കുന്ന രോഗങ്ങൾക്ക് പരിഹാരം നൽകുന്ന ഏതോ ഡിസ്പെൻസറിയുടെ ആ പരസ്യം അന്ന് പതിവായിരുന്നു.

''എന്നോടൊക്കെ ആ തോന്നൽ ഉണ്ടോ?'' അവളോടുള്ള അടുപ്പത്തിന്റെ പേരിൽ ചോദിച്ച ആ ചോദ്യം എൻറെ യൗവ്വനത്തിന്റെ തുടക്കത്തിൽ തന്നെ, പിൽക്കാല പ്രണയചോദനകളെയടക്കം തകർക്കുന്ന ഒരു മറുപടിയിലാണ് ചെന്നെത്തിയത്. 

''ഏയ്‌... നിന്നോട് എനിക്ക് ഒരിക്കലും അങ്ങനെ തോന്നിയിട്ടില്ല. ഏതൊരു പെണ്ണും ആഗ്രഹിക്കുന്നത് ഭയങ്കര സ്ട്രോങ്ങ്‌ ആയ വീരനായ ഒരു പുരുഷനെയാണ്. നീ അങ്ങനെയല്ല. ഒരു കൂട്ടുകാരൻ ഒക്കെയായി കാണാൻ കഴിയുന്ന ഒരു പതിഞ്ഞ മനുഷ്യൻ.''

അത് കേട്ട് ചിരിച്ചെങ്കിലും പിന്നീട് ഒരിക്കലും ഒരാളോട് പ്രണയം പറയാൻ പറ്റാത്ത വിധം അതെന്നെ ബാധിച്ചു എന്നതാണ് സത്യം. അത്തരം തോന്നലുകളിൽ അതേ നിശബ്ദമായ ഉച്ചയ്ക്ക് മേൽ ആ വാക്കുകൾ ഒരശരീരി പോലെ ആവർത്തിച്ചു.

പിന്നീട് വർഷങ്ങൾക്കു ശേഷമാണ് എൻറെ സങ്കല്പത്തിലേത് പോലൊരാളുമായി വളരെ യാദൃച്ഛികമായി അടുക്കുന്നതും പ്രണയം അനുഭവിക്കുന്നതും. ഞങ്ങളുടേതല്ലാത്ത കാരണങ്ങളാൽ ഞങ്ങൾക്ക് പിരിയേണ്ടിയും വന്നു. പിന്നീട്, മറ്റൊരു വിവാഹാലോചനയിലെത്തി, നിലവിൽ ഇല്ലാത്തതും അന്നുള്ളതുമായിരുന്ന ഒരു കാരണം കൊണ്ട് അതിൽ നിന്നും പിന്മാറിയ എന്നോട് വളരെ ദേഷ്യത്തോടെ ഒരാൾ പറഞ്ഞു. ''ഇതൊന്നും ഒരാണിൻറെ രീതിയല്ല.''

അന്നങ്ങനെയൊക്കെ സംഭവിച്ചതിന് പിന്നിലെ കാരണങ്ങളൊന്നും ഞാൻ അയാളോട് പറയാൻ പോയില്ല. പറഞ്ഞിരുന്നെങ്കിൽ തന്നെയും അത് വെറുമൊരു ഒരു പൈങ്കിളിക്കഥയായി തോന്നിച്ചേനെ.  

മസ്കുലിൻ പുരുഷ സങ്കൽപ്പത്തിന് മാത്രമല്ല യാഥാസ്ഥിതിക ചിന്താഗതികൾക്കും പുറത്തായിരുന്നു ഞാൻ.

തണലുകൾക്ക് കീഴെ

വീട്ടിലെ ബുദ്ധിമുട്ടുകൾ കാരണം ഞാൻ തന്നെയാണ് തുടർ പഠനത്തിന് പകരം ചെറിയ ജോലികൾ ചെയ്ത് തുടങ്ങാം എന്ന തീരുമാനം എടുക്കുന്നത്. പക്ഷേ മാനസികമായി ഒട്ടും തയ്യാറായിരുന്നില്ല എന്നല്ല പാകമായിരുന്നില്ല എന്ന് വേണം പറയാൻ. രണ്ടു പെണ്മക്കൾക്കു ശേഷം ഉണ്ടായ ആൺകുട്ടി എന്ന തരത്തിൽ സ്പെഷ്യൽ പരിഗണനയിൽ വളരെ ലാളിക്കപ്പെട്ടാണ് ഞാൻ വളർന്നത്. അങ്ങനെ ഉള്ളവർ  നേരിടേണ്ടി വരുന്ന ഏറ്റവും വലിയ പ്രശ്നം ലോകം അവരെ അങ്ങനെ പരിഗണിക്കും എന്നൊരു തെറ്റിധാരണയാണ്. യാഥാർത്ഥ്യവുമായി പൊരുത്തപ്പെടാനോ അഡ്ജസ്റ്റ് ചെയ്യാനോ അവർ വളരെ പണിപ്പെടേണ്ടി വരും. ഒരു പുരുഷൻ എന്ന നിലയിൽ ഈ അവസ്ഥ കുറേക്കൂടി സങ്കീർണ്ണമാണ്. കാരണം 'ആണുങ്ങൾ കരയാൻ പാടില്ല' പോലെയുള്ള സങ്കൽപ്പങ്ങൾ നിലനിൽക്കുന്ന ഒരു സമൂഹത്തിൽ അത്തരം ദുർബലർ  ഒരു തമാശയാവാനോ 'ഇതെന്താ ഇങ്ങനെ?' എന്നൊരു വിചിത്ര ജീവി ആകാനോ ഉള്ള സാധ്യത ഉണ്ട്.

എൻറെ കാര്യത്തിൽ മാക്സിമം തുടരാൻ ശ്രമിക്കുകയും തീർത്തും പറ്റാതെ ആവുമ്പോൾ തിരികെ വീട്ടിലേക്ക് മടങ്ങുന്നതും ആയിരുന്നു രീതി. പൂച്ചക്കുഞ്ഞിനെ കൊണ്ടുപോയി കളഞ്ഞ പോലെ ആയല്ലോ... എന്ന് ആ മടങ്ങി വരവിനെ പരിഹസിക്കുന്നവരൊക്കെ ഉണ്ടായിരുന്നു .

അതിലുപരി എന്നെ വേദനിപ്പിച്ചിരുന്നത് 'നീയല്ലേ ഒരാങ്കുട്ടി. നീയാണ് അവരുടെ പ്രതീക്ഷ. ഇങ്ങനെ ആയാൽ എങ്ങനെയാ... ?' എന്ന തരത്തിലുള്ള ഉപദേശങ്ങൾ ആയിരുന്നു. കടുത്ത പിരിമുറുക്കത്തിൽ, പഴയ ഡയറികളിൽ, ശോഷിച്ച രണ്ട് മരങ്ങൾക്ക് കീഴെ ഒളിക്കാൻ എന്ന മട്ടിൽ വളഞ്ഞു വളരുന്ന ഒരു ചെറിയ മരത്തെ കോറിയിട്ട് അന്ന് ഞാൻ ആത്മപീഡ അനുഭവിച്ചു.

സ്വന്തം പ്രതിച്ഛായയെ കുറിച്ചുള്ള ആവലാതികൾ കുറെയൊക്കെ കുറഞ്ഞു തുടങ്ങിയത് വായിക്കാൻ തുടങ്ങിയതിന് ശേഷമാണ്. പുറമേ നിന്ന് മറ്റൊരു വ്യക്തിയെ എന്നപോലെ നോക്കിക്കാണുവാനും മനസിലാക്കുവാനും അതിലൂടെ കഴിഞ്ഞു. 

സമൂഹത്തിൻറെ കാഴ്ചപ്പാടിനൊത്തുയരാതെ മോശക്കാരായി ജീവിക്കാമെന്ന പിടിവാശി ഒന്നും ആർക്കുമില്ലല്ലോ. പിന്നെ ഈ മനുഷ്യരുയർത്തുന്ന വിമർശനങ്ങളിൽ എന്തെങ്കിലും കാര്യമുണ്ടോ? ഉണ്ടെങ്കിൽ എന്താണ് അതിന് പിന്നിൽ? അങ്ങനെ എന്തുകൊണ്ട്, എന്തുകൊണ്ട്, എന്തുകൊണ്ട് എന്ന് തിരഞ്ഞു ചെന്നാൽ മനസിലാകും നമ്മളെ കുറിച്ച് ഒരു ചുക്കും ചുണ്ണാമ്പും അറിയാത്തവർ പറയുന്നതിൽ ഒന്നും ഒരു കാര്യവും ഇല്ല, മനുഷ്യരിലെ വൈവിധ്യങ്ങളെ നൂറിൽനൂറ് തരക്കാരെ മനസിലാക്കാൻ കഴിയാതെ സങ്കൽപ്പങ്ങൾ വെച്ച് അളക്കുന്നതിലും ഒരു കാര്യവുമില്ല എന്നും.

എങ്കിലും പല വൈകാരിക അവസ്ഥകളിലൂടെ കടന്ന് പോകുന്ന മനുഷ്യന് എപ്പോഴും ഇങ്ങനെയൊന്നും ചിന്തിക്കാൻ കഴിയില്ലല്ലോ. അത് മാനസികമായി നമ്മെ ബാധിക്കും. നമ്മുടെ മാനസികാരോ​ഗ്യത്തെ തന്നെയും ചിലപ്പോൾ ബാധിക്കും. എന്നാൽ, മാനസികാരോ​ഗ്യം തകരുന്നതിൽ പോലും സ്ത്രീകളെ പോലെയാവില്ല പുരുഷനെ ലോകം കാണുന്നത്. കാരണം, മാനസികാരോ​ഗ്യം തകരുക എന്നാൽ ലോകത്തിന് അത് ദുർബലരാവുക എന്നാണ് അർത്ഥം. പുരുഷൻ ദുർബലനാവരുതല്ലോ? 

അതിനാൽ തന്നെ സമൂഹം ഉണ്ടാക്കിവച്ചിരിക്കുന്ന ഈ ചട്ടക്കൂടുകളും സങ്കല്പങ്ങളും കാരണം സ്ത്രീ മാത്രമല്ല ചിലപ്പോൾ ഒരുകൂട്ടം പുരുഷന്മാരും തകർക്കപ്പെടുന്നുണ്ട്. അവന്റെ മാനസികാരോ​ഗ്യം കൂടി പരി​ഗണിക്കപ്പെടേണ്ടതുണ്ട്. അതിന് ഈ സങ്കല്പങ്ങളിൽ നിന്നൊക്കെയും പുറത്ത് കടക്കേണ്ടി വരും ചിലപ്പോൾ.

വരയിൽ

അമ്മ കാണിച്ചു തന്ന കാഴ്ചകൾ ആവണം എന്നെ വരക്കാൻ പ്രേരിപ്പിച്ചത് എന്ന് തോന്നിയിട്ടുണ്ട്. കുട്ടിക്കാലം മുതൽ ഇന്ന് വരേയും ഒരു പൂവ് വിരിഞ്ഞാൽ, പൂച്ചയുടെ കിടപ്പ് കണ്ടാൽ, മുറ്റത്ത് വന്നിരിക്കുന്ന കിളികളെ ഒക്കെയും എന്നെ വിളിച്ചു കാണിക്കും. 'ഒരു കുട്ടിയോട് എന്ന പോലെ' എന്ന ചിന്ത മുതിരാൻ ശ്രമിക്കുന്ന എന്നെ നാണിപ്പിക്കും. 

പക്ഷേ, മനുഷ്യർക്ക് (പുരുഷനും) അങ്ങനെയും ജീവിക്കാം അല്ലേ?

(ഇന്ത്യൻ എക്സ്പ്രസ് മലയാളം വെബ്ബിൽ ഡിസൈനറാണ് വിഷ്ണു റാം.)

click me!