അടിച്ച് പൂസാകാന്‍ ഇനി 'ഒറ്റക്കൊമ്പന്‍'; ബ്രിട്ടന്‍ വഴി ലോകം കീഴടക്കാന്‍ മലയാളിയുടെ വാറ്റ്

By Elsa Tresa Jose  |  First Published Mar 19, 2024, 3:21 PM IST


കോഴിക്കോട് നിന്നും ലണ്ടനിലെത്തിയ മലയാളി നേഴ്സ് ബിനു മാണിയുടെ ഒറ്റക്കൊമ്പന്‍ വാറ്റിനെ കുറിച്ച് എല്‍സാ ട്രീസ ജോസ് എഴുതുന്നു. 


നാട്ടിൽ കൊമ്പൻമാർ വിലസുമ്പോൾ ലണ്ടനിൽ വിലസുന്നത് മലയാളിയുടെ ഒറ്റക്കൊമ്പൻ വാറ്റ്. കോഴിക്കോട് താമരശേരി മൈക്കാവ് സ്വദേശി ബിനു മാണിയുടെ വേറിട്ട സംരംഭത്തിനെ ഇരു കയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് മലയാളികള്‍ അടക്കമുള്ള ബ്രിട്ടീഷുകാര്‍. നഴ്സ് ജോലിയുമായി ലണ്ടനിലെത്തി സ്ഥിരതാമസമാക്കിയ ബിനു മാണിക്ക് സ്ഥിരം ജോലി, ചെറിയ രീതിയിലുള്ള ബോറടി തോന്നിച്ച സമയത്താണ് എന്തെങ്കിലും മാറി ചെയ്യണമെന്നുള്ള ചിന്ത ഉയരുന്നത്. മലയാളികളുടെ നൊസ്റ്റാൾജിയയിലൊന്നായ വാറ്റിലേക്ക് അങ്ങനെയാണ് എത്തിയതെന്നാണ് ബിനുമാണി ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് വിശദമാക്കിയത്. നാട്ടിൽ വാറ്റിയിട്ടില്ലെങ്കിലും വാറ്റ് കഴിച്ച ഓർമ്മയിൽ വാറ്റ് കഴിച്ചവരുടെയും വാറ്റ് വിദഗ്ധരുടെയുമെല്ലാം അഭിപ്രായം തേടിയ ശേഷമായിരുന്നു ലണ്ടനിലെ മലയാളി വാറ്റ് സംരംഭം ആരംഭിക്കുന്നത്. 

എന്നാൽ, ആൽക്കഹോൾ ബിസിനസിലേക്ക് എത്താനായി ബിനു മാണിക്ക് മറികടക്കേണ്ടി വന്ന തടസങ്ങൾ ഏറെയായിരുന്നു. നിയമ വിദഗ്ധരുടെ സഹായത്തോടെയാണ് വാറ്റിന് വേണ്ടിയുള്ള അടിസ്ഥാന അനുമതികൾ ബിനുമാണി നേടിയെടുത്തത്. ഏറെ വൈകാതെ തന്നെ ഒരു ഡിസ്റ്റിലറി ദീർഘകാലത്തേക്ക് കരാറിനെടുത്തു. വാറ്റിന് ആവശ്യമായ സാധനങ്ങൾ നാട്ടിൽ നിന്ന് എത്തിക്കുന്നതായിരുന്നു അടുത്ത വെല്ലുവിളി. ഒടുവിൽ നെല്ലിക്കയും നെല്ലും മറയൂർ ശർക്കരയുമെല്ലാം കടൽ കടന്ന് എത്തിയതോടെ വാറ്റിനുള്ള അസംസ്കൃത സാധനങ്ങള്‍ റെഡി. അങ്ങനെ വാറ്റും തുടങ്ങി. 

Latest Videos

undefined

പേരിന്‍റെ കാര്യം വന്നപ്പോൾ നിലവിൽ വിപണിയിലുള്ള മലയാളി വാറ്റുകൾക്കെല്ലാമുള്ളത് അൽപം സ്ത്രൈണതയുള്ള പേരാണെന്ന് തോന്നിയെന്ന് ബിനു പറയുന്നു. ഈ സമയത്താണ് നാട്ടിൽ വന്യമൃഗ ശല്യം രൂക്ഷമാവുന്നതും. കാടിറങ്ങി എത്തുന്ന കൊമ്പന്‍റെ പേരിനോട് ചേർത്ത് വച്ച് 'ഒറ്റക്കൊമ്പൻ,  ദി ലോൺ ടസ്കർ' എന്നാണ് വാറ്റിന് ബിനു മാണി പേരിട്ടത്. സംഭവം വാറ്റായത് കൊണ്ട് തന്നെ നിരവധി മലയാളി സുഹൃത്തുക്കളാണ് സജീവ പിന്തുണയുമായി ആദ്യമെത്തിയതെന്ന്  ബിനു മാണി പറയുന്നു. 

നിലവിൽ ഓൺലൈനിലൂടെ ഓർഡർ സ്വീകരിച്ച് ഡോർ ഡെലിവറി  ചെയ്യുന്ന രീതിയിലാണ് ഒറ്റക്കൊമ്പൻ വിതരണം ചെയ്യുന്നത്. ടേസ്റ്റ് ചെയ്തവരെല്ലാം മികച്ച അഭിപ്രായം പ്രകടിപ്പിച്ചതോടെ കുറച്ച് വിപുലമായ രീതിയിൽ ഒറ്റക്കൊമ്പനെ ലണ്ടനിലിറക്കാനുള്ള നീക്കത്തിലാണ് ബിനു മാണിയുള്ളത്. ഒരു തവണ 700 മില്ലിയുടെ ആറ് ബോട്ടിൽ മാത്രമാണ് ഒരാൾക്ക് വാങ്ങാനാവുക. സൂപ്പർ മാർക്കറ്റുകളും പബ്ബുകൾ വഴിയും ബ്രിട്ടീഷ് വാറ്റ് പ്രേമികളെയും ലക്ഷ്യമിട്ടാണ് ഒറ്റക്കൊമ്പന്‍റെ മാർക്കറ്റിംഗ്. ഏപ്രിൽ മാസത്തോടെ സൂപ്പർ മാർക്കറ്റുകളിലേക്കും ഒറ്റക്കൊമ്പനെത്തുമെന്നാണ് പ്രതീക്ഷയെന്നാണ് ബിനു മാണി പറയുന്നു. 

നെല്ലിക്കയാണ് ഒറ്റക്കൊമ്പൻ ലഭ്യമാകുന്ന പ്രധാന ഫ്ലേവർ. നെല്ല്, മറയൂർ ശർക്കര എന്നിവയും 14 -ഓളം നാടൻ മരുന്നുകളും ചേർത്താണ് വാറ്റ് തയ്യാറാക്കുന്നത്. അതിനാൽ തന്നെ ഒറ്റക്കൊമ്പന് നാട്ടിൽ ലഭ്യമാകുന്ന സാധാരണ വാറ്റുകളുടേതിന് സമാനമായ രൂക്ഷ ഗന്ധമില്ല. കോഴിക്കോട് നിന്നാണ് ഒറ്റക്കൊമ്പന് ഊർജ്ജമാകാനുള്ള നാടൻ മരുന്നുകൾ എത്തിക്കുന്നത്. സുഹൃത്തും കോളേജിൽ സീനിയറുമായ അജിത് കുമാർ ഭഗീരഥനാണ് ഒറ്റക്കൊമ്പന്‍റെ സിഇഒ. സുഹൃത്തുക്കളായ റിന്‍റും കോശിയും, ലിജോ ജോസഫുമാണ് ഒറ്റക്കൊമ്പന്‍റെ ഏരിയാ മാനേജർമാർ. ഇന്ത്യ അടക്കമുള്ള മറ്റ് രാജ്യങ്ങളിലേക്ക് ഒറ്റക്കൊമ്പനെ ഉടനെ എത്തിക്കുമോയെന്ന ചോദ്യത്തിന് 'ആഗ്രഹമുണ്ടെങ്കിലും ഉടനുണ്ടാവില്ലെ'ന്നാണ് ബിനു മാണി പ്രതികരിക്കുന്നത്. ഒരു കുപ്പിക്ക് 35 പൌണ്ട് (ഏകദേശം 3,500 രൂപ) യാണ് ഒറ്റക്കൊമ്പന്‍റെ മാര്‍ക്കറ്റ് വില. 'വാറ്റിന് ഇത്രയും വിലയോ' എന്ന് അമ്പരപ്പെടുന്നില്ല ലണ്ടനിലെ വാറ്റ് ഇഷ്ടപ്പെടുന്ന മലയാളികളെന്നാണ്, വിപണിയിൽ നിന്നുള്ള പ്രതികരണം അടിസ്ഥാനമാക്കി ബിനു മാണിയും പറയുന്നത്. നിലവില്‍ നോര്‍ത്ത് ലണ്ടനില്‍ സ്ഥിര താമസമാക്കിയ ബിനു മാണി കോഴിക്കോട് താമരശ്ശേരി മൈക്കാവ് സ്വദേശിയാണ്. 
 

(മദ്യപാനം ആരോഗ്യത്തിന് ഹാനികരം)

click me!