ഇരിക്കപ്പൊറുതിയില്ലാത്ത ബേപ്പൂർ സുൽത്താനെ ഷോർട്ട് ഫിലിമിലൊതുക്കാൻ എം എ റഹ്‌മാൻ ചെലവിട്ട അഞ്ചുവർഷങ്ങൾ...

By Babu Ramachandran  |  First Published Jul 4, 2019, 5:10 PM IST

എന്നാൽ, അത്ര പെട്ടെന്ന് തന്റെ മോഹങ്ങൾ വെച്ചുകെട്ടാൻ റഹ്‌മാൻ തയ്യാറായില്ല. അദ്ദേഹം വീണ്ടും പലകുറി ബഷീറിനെ ചെന്നുകണ്ടു. തന്റെ സന്തത സഹചാരിയായ സ്റ്റിൽ ക്യാമറയിൽ ബഷീറിന്റെ നിരവധി ചിത്രങ്ങൾ പകർത്തി. കൂടുതൽ ആഴത്തിലുള്ള ചർച്ചകൾ നടത്തി. 


എന്നും അതിശയിപ്പിച്ചിട്ടുള്ള ഒരു ഡോകുമെന്ററിയാണ് ബഷീർ ദ മാൻ. എത്ര കണ്ടാലും കേട്ടാലും മതിവരാത്ത ഒരു മനുഷ്യനാണ് വൈക്കം മുഹമ്മദ് ബഷീർ. മലയാളിയുടെ പ്രിയ സാഹിത്യകാരൻ, ബേപ്പൂർ സുൽത്താനെ ഒരു ഡോക്കുമെന്ററിയിൽ പകർത്തുക എന്ന 'അസാധ്യ'ദൗത്യം സാക്ഷാത്കരിച്ച സർഗ്ഗധനനായ സംവിധായകനാണ്  എം എ റഹ്‌മാൻ. ബഷീറിന്റെ ഇരുപത്തഞ്ചാം ചരമ വാർഷികത്തിൽ  അദ്ദേഹം തന്റെ ചിത്രീകരണാനുഭവങ്ങൾ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനുമായി പങ്കുവെക്കുകയുണ്ടായി.  

കാസർകോട്ടുകാരനാണ് റഹ്‌മാൻ മാഷ്. ദീർഘകാലത്തെ അധ്യാപനജീവിതത്തിനു ശേഷം വിരമിച്ച് ഇപ്പോൾ വീട്ടിൽ വിശ്രമജീവിതം നയിക്കുകയാണ് അദ്ദേഹം.  ഡോക്കുമെന്ററിയോർമ്മകൾ അദ്ദേഹത്തെ മൂന്നുപതിറ്റാണ്ടു പിന്നിലേക്ക് കൊണ്ടുപോയി. അന്നദ്ദേഹത്തിന് വെറും ഇരുപത്തഞ്ചുവയസ്സ് പ്രായം. കാസർകോട്ട് പ്രദേശത്തെ ആദ്യത്തെ ഫിലിം സൊസൈറ്റിയൊക്കെ രൂപീകരിച്ച്, സാമാന്യം പ്രൊഫഷണലായിത്തന്നെ സ്റ്റിൽ ഫോട്ടോഗ്രാഫിയൊക്കെ ചെയ്തുകൊണ്ട് നടന്നിരുന്ന  കാലത്താണ് തിരുവനന്തപുരം കാര്യവട്ടം ക്യാമ്പസിൽ അദ്ദേഹം എം ഫിലിന് പഠിക്കാനെത്തുന്നത്. അതായത്, എൺപതുകളുടെ തുടക്കത്തില്‍. 

Latest Videos

undefined

ഒരു മെരുക്കലിനും നിന്നുകൊടുക്കാത്ത ബഷീർ എന്നൊരാളുടെ മുന്നിൽ ക്യാമറയും കൊണ്ടുചെല്ലാനുള്ള ധൈര്യം എങ്ങനെ വന്നു എന്ന ചോദ്യത്തിനുള്ള റഹ്‌മാൻ മാഷുടെ മറുപടി ഇങ്ങനെയായിരുന്നു.  "വായന തുടങ്ങിയ കാലം തൊട്ടേ ബഷീർ കൃതികളോട് വല്ലാത്ത അധിനിവേശം തോന്നിയിരുന്നു. പിന്നീട് എംഫിലിന്റെ ഭാഗമായി  'മരണത്തിന്റെ നിഴൽ' എന്ന കൃതിയെ  ആഴത്തിൽ സമീപിച്ചിരുന്നു. അദ്ദേഹവുമായി ചെറുപ്പം മുതലേ കത്തിടപാടുകളും ഉണ്ടായിരുന്നു. അങ്ങനെ ഏറെനാളായുള്ള ഒരു ആഗ്രഹമായിരുന്നു അദ്ദേഹത്തെപ്പറ്റി ഒരു ഡോക്കുമെന്ററി ചെയ്യുക എന്നത്.  അന്ന് കാര്യവട്ടത്തെ ഡിപ്പാർട്ടുമെന്റ് ഹെഡ് ഒരു പഴയ ഗാന്ധിയനാണ്  ആർ രാമചന്ദ്രൻ നായർ സാർ അദ്ദേഹവും പറഞ്ഞു, നല്ല വെഞ്ച്വറാണ്. ധൈര്യമായി തുടങ്ങിക്കോളൂ എന്ന്..." 

അങ്ങനെയാണ് അദ്ദേഹം ഒടുവിൽ ബഷീറിന്റെ വീട്ടിൽ ചെന്ന് കാര്യം അവതരിപ്പിക്കുന്നത്.  വളരെ സ്നേഹത്തോടെ അന്ന് ബഷീർ റഹ്മാനെ പിന്തിരിപ്പിച്ചു. "താൻ ഒരു വിദ്യാർത്ഥിയാണ്. ഇതൊക്കെ ഒരുപാട് ചെലവുവരുന്ന കാര്യമാണ്... വേണ്ട..." എന്നായിരുന്നു ആദ്യം പറഞ്ഞത്.  

എന്നാൽ, അത്ര പെട്ടെന്ന് തന്റെ മോഹങ്ങൾ വെച്ചുകെട്ടാൻ റഹ്‌മാൻ തയ്യാറായില്ല. അദ്ദേഹം വീണ്ടും പലകുറി ബഷീറിനെ ചെന്നുകണ്ടു. തന്റെ സന്തത സഹചാരിയായ സ്റ്റിൽ ക്യാമറയിൽ ബഷീറിന്റെ നിരവധി ചിത്രങ്ങൾ പകർത്തി. കൂടുതൽ ആഴത്തിലുള്ള ചർച്ചകൾ നടത്തി. തന്റെ മനസ്സിനുള്ളിലെ ഡോകുമെന്ററി സങ്കൽപം പലകുറി കെട്ടഴിച്ചു. ഒടുവിൽ മൂന്നു മാസം നീണ്ട പരിശ്രമത്തിനൊടുവിൽ ബഷീർ സമ്മതം മൂളി. പണി തുടങ്ങിക്കോളാൻ പറഞ്ഞു.  ഇതിന്റെ  നിർമ്മാണച്ചെലവുകൾ വഹിക്കാൻ തയ്യാറായി അന്ന് കണ്ണംകുളം അബ്ദുള്ള എന്നൊരാൾ  മുന്നോട്ടുവന്നതോടെ തടസ്സങ്ങളെല്ലാം നീങ്ങി. . 

ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിച്ചവരെപ്പറ്റി റഹ്‌മാൻ മാഷ് പറയുന്നു, "അക്കാലത്തെ പ്രസിദ്ധരായ പലരും ഈ ഡോകുമെന്ററിയുമായി സഹകരിച്ചിട്ടുണ്ട് അന്ന്.  ക്യാമറ കൈകാര്യം ചെയ്തത് ദിവാകരമേനോൻ എന്ന ഒരു ഫിലിം ഇൻസ്റ്റിറ്റിയൂട്ട് കക്ഷിയായിരുന്നു.  എഡിറ്റിംഗ് പി രാമൻ നായർ  അതും ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പ്രോഡക്റ്റ്.. ഡോ. എസ് പി രമേശ് മലയാളത്തിൽ ആദ്യമായി സംഗീതം ചെയ്യുന്നത് ഈ ഡോക്കുമെന്ററിക്ക് വേണ്ടിയായിരുന്നു. സിന്തസൈസർ ഉപയോഗിക്കാതെ എല്ലാ സംഗീതോപകരണങ്ങളും നേരിട്ട് ഉപയോഗിച്ചുള്ള റെക്കോർഡിങ് തന്നെയായിരുന്നു." 

ഒരു ക്യാമറയ്ക്കു മുന്നിൽ സംവിധായകൻ ഉദ്ദേശിക്കുമ്പോലെയൊന്നും സഹകരിക്കാത്ത ഒരു  പ്രകൃതമായിരുന്നു ബഷീറിന്റേത്. ശരിക്കു പറഞ്ഞാൽ, തീരെ 'ഇരിക്കപ്പൊറുതിയില്ലാത്ത' ഒരു മനുഷ്യൻ. അയാളെ എങ്ങനെ ഒരു ഹ്രസ്വചിത്രത്തിന്റെ ചട്ടക്കൂടിനുള്ളിൽ ഒതുക്കിയെടുക്കും എന്നതായിരുന്നു ആദ്യത്തെ വെല്ലുവിളി. ഒടുവിൽ പോവും വഴിക്ക് തെളിക്കാൻ തീരുമാനമായി. 'ഞാൻ' എന്ന നരേറ്റീവിൽ തന്നെ പോവാം എന്നുറപ്പിച്ചു. ബഷീർ പറഞ്ഞുകൊണ്ടിരുന്നു റഹ്‌മാനും സംഘവും ചിത്രീകരിച്ചുകൊണ്ടുമിരുന്നു. 

ഡോക്കുമെന്ററി ചിത്രീകരണത്തിനിടെ റഹ്‌മാന്റെ എംഫിൽ പഠനം ഏതാണ്ടൊക്കെ പൂർത്തിയാവുന്നു. ഫാറൂഖ് കോളേജിൽ അധ്യാപകനായി ജോലി കിട്ടിവരുന്നതോടെ കാര്യങ്ങൾ കൂടുതൽ എളുപ്പമാവുന്നു. ബേപ്പൂരിൽ ബഷീറുമൊത്ത് കൂടുതൽ സമയം ചെലവഴിക്കാനുള്ള സാധ്യത തെളിഞ്ഞുവരുന്നു. 

"അന്ന് ഈ ഹ്രസ്വചിത്രത്തെപ്പറ്റി വന്ന പ്രധാന വിമർശനം ഇതൊരു 'ഫിക്ഷൻ' പോലെ തോന്നുന്നു എന്നതായിരുന്നു. പരമ്പരാഗതമായ ഡോക്കുമെന്ററി സങ്കല്പങ്ങളിൽ നിന്നും വ്യതിചലിക്കുന്ന ഒരു നരേറ്റീവ്‌ ആയിരുന്നു 'ബഷീർ ദ മാനി'ന്റേത്. നിങ്ങൾ തന്നെ പറ, ഒരിടത്തും ഒരു നിമിഷം തികച്ചു നിൽക്കാത്ത ഒരാളെ എങ്ങനെ നമ്മൾ സ്റ്റിൽ ആയി, സ്റ്റഡി ആക്കി വെച്ച ഒരു ക്യാമറ കൊണ്ട് പകർത്തിയെടുക്കും? എന്നാണ്.  വിരിച്ചേടത്ത് കിടക്കുകയില്ല എന്നൊക്കെ പറയുന്നപോലെയാണ് ബഷീറിന്റെ പ്രകൃതം" റഹ്‌മാൻ മാഷ് പറഞ്ഞു. 

സുപ്രസിദ്ധ ചിത്രകാരൻ നമ്പൂതിരിയെയാണ്  ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങൾക്കായി അന്ന് റഹ്‌മാൻ സമീപിച്ചത്. ബഷീറിന്റെ ചില ജീവിത സന്ദർഭങ്ങൾ എഴുതിത്തരാം  കുറച്ചു ചിത്രങ്ങൾ വരച്ചുതരുമോ എന്ന് നമ്പൂതിരിയോട് അപേക്ഷിച്ചു. അദ്ദേഹം ഏറെ സൗമ്യമായി ആദ്യം നിഷേധിച്ചുകൊണ്ട് പറഞ്ഞത്, 'അത് ദേവനാണ് വരക്കേണ്ടത് ഞാനല്ല' എന്നായിരുന്നു. പക്ഷേ, റഹ്‌മാൻ മാഷ്ക്ക് വേണ്ടിയിരുന്നത്, തന്റെ ക്യാമറയിലൂടെ കൂടുതൽ സംവദിക്കാൻ സാധ്യതയുണ്ടായിരുന്ന നമ്പൂതിരിയുടെ വരയായിരുന്നു.

ഒടുവിൽ നമ്പൂതിരി സമ്മതിച്ചു. അന്ന് അദ്ദേഹം ഒരു പൈസയും പറ്റാതെ ഒരു പത്രക്കടലാസിന്റെ വലിപ്പത്തിൽ   അമ്പത് ചിത്രങ്ങൾ വരച്ചുനൽകി. അതിനെ ഫിലിമിലേക്ക് കയറ്റുക ഏറെ ശ്രമകരമായ പ്രക്രിയയായിരുന്നു.  ചെന്നൈയിൽ അമ്പിളിമാമൻ മാസികയുടെ സ്റ്റുഡിയോയിൽ ചെന്ന് നെഗറ്റീവിലേക്ക് മാറ്റിയ ശേഷം A4 വലിപ്പത്തിൽ പ്രിന്റെടുത്തുവാങ്ങുകയായിരുന്നു. ഇന്നായിരുനെങ്കിൽ ഡിജിറ്റൽ സങ്കേതങ്ങളുടെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തി വളരെ എളുപ്പത്തിൽ കാര്യം സാധിക്കാമായിരുന്നു എന്ന് റഹ്‌മാൻ മാസ്റ്റർ പറഞ്ഞു. 

തുടർന്നുള്ള  ചിത്രീകരണം നടത്തിയതും പലപ്പോഴും ബഷീറിനെ ഒട്ടും വിഷമിപ്പിക്കാതെ, അദ്ദേഹത്തിന്റെ ദൃഷ്ടിയിൽ പോലും പെടാതെയായിരുന്നു. നമ്പൂതിരിയായിരുന്നു അവരുടെ പരിച. പലപ്പോഴും ബഷീറും നമ്പൂതിരിയും കൂടി സംസാരിച്ചിരിക്കുന്നത് ദൂരെ നിന്നും അവർ ക്യാമറയുടെ അലോസരം നിറഞ്ഞ സാന്നിധ്യം കഴിവതും ഒഴിവാക്കി എടുക്കുകയായിരുന്നു. ഷൂട്ടിങ്ങിനിടെ നിരവധി വെല്ലുവിളികൾ അവർക്ക് നേരിടേണ്ടി വന്നു.  ബജറ്റിന്റെ പരിമിതികൾ കാരണം മൈക്കും മറ്റും വളരെ സാധാരണ നിലവാരത്തിലുള്ളത് മാത്രമായിരുന്നു. അത് അതിന്റേതായ പ്രശ്നങ്ങൾ സൃഷ്ടിച്ചുകൊണ്ടിരുന്നു.  അന്നത്തെ രസകരമായ ഒരു അനുഭവം റഹ്‌മാൻ മാഷ് ഓർത്തെടുത്തു. "ഷൂട്ടിങ് തുടങ്ങിയപ്പോഴും വന്നു ഒരു പ്രശ്നം. ഒരു ചീവീട്, തെങ്ങിൻമുകളിലിരുന്നു ചിലയ്ക്കുന്നു.  അവൻ റെക്കോർഡിങ് തുടങ്ങിയ ആ നിമിഷം മുതൽ നിർത്താതെ ഒച്ചയുണ്ടാക്കുകയാണ്. റെക്കോർഡിങ് മൈക്കിൽ അവന്റെ ശബ്ദമല്ലാതൊന്നുമില്ല. സൗണ്ട് റെക്കോർഡിസ്റ്റായ കൃഷ്ണകുമാർ തളപ്പുകെട്ടി തെങ്ങിൽ കേറി അവനെ പിടിക്കാനാഞ്ഞു.  കൃഷ്ണകുമാർ അടുത്തെത്തിയതും അവിടെ അത്ര നേരമിരുന്നു ചിലച്ച ചീവീട് പറന്ന് ബഷീർ ഇരിക്കുന്ന മരത്തിന്മുകളിലെത്തി. അവിടിരുന്ന് ഇരട്ടി ശബ്ദത്തിൽ കരയാൻ തുടങ്ങി. അവിടേക്കു ചെന്ന കൃഷ്ണകുമാറിനെ വിരട്ടിക്കൊണ്ട് ബഷീർ പറഞ്ഞു. 'ഞാൻ പാലും തേനും കൊടുത്തു വളർത്തുന്നതാണ് ഇവനെ. വല്ല പോറലും പറ്റിച്ചാൽ നിന്റെ കൈ ഞാൻ വെട്ടും' എന്ന്...''

അടുത്ത അഞ്ചുവർഷക്കാലം പലപ്പോഴായി ആ ചെറുപ്പക്കാരുടെ സംഘം ബഷീറിന് പിന്നാലെ  നടന്നു. അദ്ദേഹം പണ്ടുകിടന്ന തൃശ്ശൂരിലെ സാനിറ്റോറിയത്തിലും,  പെൻഷൻ വാങ്ങാൻ ചെല്ലുന്ന ട്രഷറിയിലും,  സുഹൃത്തുക്കളുടെ പീടികകളിലും, നാട്ടിടവഴികളിലും, നിരത്തിലുമൊക്കെ അവർ കൂടെ നടന്നു പകർത്തി ബഷീറിനെ. അദ്ദേഹത്തിന്റെ സ്നേഹിതരെ. അദ്ദേഹത്തിന്റെ ജീവിതത്തെ. ഭൂതകാലത്തെക്കുറിച്ചുള്ള ബഷീറിന്റെ ഓർത്തെടുക്കലുകളെ ഒക്കെ. പങ്കജ് മല്ലിക്കിന്റെയും, കെ എൽ സൈഗാളിന്റെയും മെഹ്ദി ഹസന്റെയും ഒക്കെ എൽപി റെക്കോർഡുകൾ ആ ഓര്‍മകളിലൂടെയുള്ള അവരുടെ പ്രയാണത്തിന് പശ്ചാത്തലമൊരുക്കി. 

അങ്ങനെ ഒടുവിൽ 1982 -ൽ ആരംഭിച്ച ആ പ്രയത്നം 1987 -ൽ പൂർത്തിയായി. 1988 -ൽ മികച്ച ജീവചരിത്ര ചിത്രത്തിനുള്ള ദേശീയ അവാർഡ് ആ ചെറുപ്പക്കാരെ തേടിയെത്തി. അന്ന് അണിയറയിൽ പ്രവർത്തിച്ചവരുടെയെല്ലാം ജീവിതങ്ങളിലെ മറക്കാനാവാത്ത ഒരു നാഴികക്കല്ലായിരുന്നു 'ബഷീർ ദ മാൻ' എന്ന ആ ഹ്രസ്വചിത്രം. ഒരുപക്ഷേ, ഇന്നോളമുള്ള സാഹിത്യകാരന്മാരുടെ ജീവിതാഖ്യാനങ്ങളുടെ ചരിത്രത്തിലെ ഏറ്റവും പ്രസക്തമായ ഒന്നും.

click me!