വധശിക്ഷയിലെ പുനരാലോചന; ചരിത്രപരമായ തീരുമാനവുമായി കേരള ഹൈക്കോടതി

By P S Vinaya  |  First Published May 22, 2023, 1:59 PM IST

എന്താണ് യഥാര്‍ത്ഥ സാഹചര്യങ്ങളെന്ന് കോടതിക്ക് മനസിലാക്കാനാണ് മിറ്റിഗേഷന്‍ അന്വേഷണങ്ങളെ ആശ്രയിക്കുന്നത്. കുറ്റവാളികളുടെ സാമൂഹിക സാമ്പത്തിക സാഹചര്യം, മാനസിക നില, നേരിട്ടിട്ടുള്ള പീഡനങ്ങള്‍ എന്നിവയെല്ലാം പരിഗണിച്ചാണ് മിറ്റിഗേഷന്‍ അന്വേഷണം നടത്തേണ്ടത്.


കേരള ഹൈക്കോടതി അതിന്‍റെ ചരിത്രത്തില്‍ ആദ്യമായി കേസിലെ ശിക്ഷാ വിധിയ്ക്ക് മുമ്പേ മിറ്റിഗേഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നു. വധശിക്ഷയ്‌ക്കെതിരായ അപ്പീല്‍ പരിഗണിക്കുന്നതിന് മുമ്പേയാണ് മിറ്റിഗേഷന്‍ അന്വേഷണ റിപ്പോര്‍ട്ട് പരിശോധിക്കാനുള്ള കോടതിയുടെ സുപ്രധാന തീരുമാനം. എന്താണ് മിറ്റിഗേഷന്‍ അന്വേഷണം? ഇതുണ്ടാക്കുന്ന മാറ്റമെന്താണ്? 

മിറ്റിഗേഷന്‍ അന്വേഷണം 

Latest Videos

undefined

ഒരു കേസിന്‍റെ സാഹചര്യം, പശ്ചാത്തലം എന്നിവ സംബന്ധിച്ച സൂക്ഷ്മമായ പഠനമാണ് മിറ്റിഗേഷന്‍ അന്വേഷണം. ഈ അന്വേഷണ റിപ്പോര്‍ട്ടിനൊപ്പം കുറ്റവാളിയുടെ സ്വഭാവത്തെപ്പറ്റി ജയില്‍ അധികൃതര്‍ നല്‍കുന്ന റിപ്പോര്‍ട്ടും കോടതി പരിശോധിക്കും. കേസില്‍ കോടതിയുടെ മുമ്പിലുണ്ടാവുക പ്രോസിക്യൂഷന്‍ നല്‍കുന്ന വിവരങ്ങളും അത് മറികടക്കാനുള്ള കുറ്റവാളിയുടെ വാദങ്ങളുമാണ്. ഇതിനുമപ്പുറം എന്താണ് യഥാര്‍ത്ഥ സാഹചര്യങ്ങളെന്ന് കോടതിക്ക് മനസിലാക്കാനാണ് മിറ്റിഗേഷന്‍ അന്വേഷണങ്ങളെ ആശ്രയിക്കുന്നത്. കുറ്റവാളികളുടെ സാമൂഹിക സാമ്പത്തിക സാഹചര്യം, മാനസിക നില, നേരിട്ടിട്ടുള്ള പീഡനങ്ങള്‍ എന്നിവയെല്ലാം പരിഗണിച്ചാണ് മിറ്റിഗേഷന്‍ അന്വേഷണം നടത്തേണ്ടത്.

കേരള ഹൈക്കോടതിയുടെ ചരിത്രപരമായ തീരുമാനം

കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂര്‍ ജിഷ വധം, ആറ്റിങ്ങല്‍ ഇരട്ടക്കൊല എന്നീ കേസുകളില്‍ കുറ്റവാളികള്‍ക്ക് വിചാരണ കോടതി വിധിച്ച വധശിക്ഷ ശരിവെക്കണമെന്ന പ്രോസിക്യൂഷന്‍റെ ആവശ്യവും , ശിക്ഷാവിധിക്കെതിരെ കുറ്റവാളികള്‍ നല്‍കിയ അപ്പീലും ഹൈക്കോടതിയുടെ പരിഗണനയിലാണ്.  അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസുകളില്‍ മാത്രമേ വധശിക്ഷ പാടുള്ളൂ എന്നതാണ് സുപ്രീംകോടതി നിര്‍ദേശം (ബച്ചൻ സിങ് V/S സ്റ്റേറ്റ് ഓഫ് പഞ്ചാബ് 1980). ഈ സാഹചര്യം കേസില്‍ ഉണ്ടായിട്ടുണ്ടോ എന്ന് മനസിലാക്കാന്‍ മിറ്റിഗേഷന്‍ അന്വേഷണ റിപ്പോര്‍ട്ട് കോടതിയെ സഹായിക്കും.

കേരള ഹൈക്കോടതി ഉത്തരവ്

മെയ് 11 -ലെ ഉത്തരവിൽ, ദില്ലി നാഷണല്‍ ലോ യൂണിവേഴ്‌സിറ്റി റിസര്‍ച്ച് ആന്‍ഡ് ലീഗല്‍ എയ്ഡ് കേന്ദ്രത്തിന്‍റെ പ്രൊജക്റ്റ് 39 മായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന 2 പേരെ, മിറ്റിഗേഷന്‍ അന്വേഷണത്തിനായി ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ്, ജസ്റ്റിസ് സി. ജയചന്ദ്രന്‍ എന്നിവരടങ്ങിയ ബെഞ്ച് ചുമതലപ്പെടുത്തി. 2 കേസുകളിലും വിചാരണ കോടതികൾ വിധിച്ച വധശിക്ഷയ്ക്ക് ഹൈക്കോടതി അംഗീകാരം തേടിയുള്ള നടപടിക്കിടെ (Death Penalty Reference) ആണ് മിറ്റിഗേഷൻ അന്വേഷണത്തിന് കോടതി ഉത്തരവിട്ടത്. സി. പി. ശ്രുതി, നൂറിയ അൻസാരി എന്നിവർക്കണ് മിറ്റിഗേഷൻ അന്വേഷണത്തിന്‍റെ ചുമതല. സൗജന്യ സേവനമാണ്, പ്രതിഫലം ലഭിക്കില്ല.

ആറ്റിങ്ങല്‍ ഇരട്ടക്കൊലയില്‍ ശിക്ഷിക്കപ്പെട്ട നിനോ മാത്യു, ജിഷ വധക്കേസിലെ കുറ്റവാളി മുഹമ്മദ് അമീറുള്‍ ഇസ്ലാം എന്നിവരുടെ മിറ്റിഗേഷന്‍ അന്വേഷണമാണ് നടത്തേണ്ടത്. റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ ഹൈക്കോടതി രജിസ്ട്രിയില്‍ സമര്‍പ്പിക്കണം. വധശിക്ഷയ്‌ക്കെതിരായ 2 പേരുടെയും അപ്പീലില്‍ തീരുമാനമെടുക്കുന്നതിന് മുമ്പ് റിപ്പോര്‍ട്ട് പരിശോധിക്കില്ലെന്ന് കോടതി പറഞ്ഞിട്ടുണ്ട്. റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ അപ്പീലിലെ തീരുമാനത്തെ സ്വാധീനിക്കാതിരിക്കാനാണിത്.

2 കേസുകളിലും, വിചാരണക്കോടതി കണ്ടെത്തിയ കുറ്റങ്ങള്‍ ഹൈക്കോടതി അംഗീകരിക്കുന്ന സാഹചര്യമുണ്ടായാല്‍ ശിക്ഷാവിധിയില്‍ തീരുമാനമെടുക്കുന്നതിന് മുമ്പ് കോടതി മിറ്റിഗേഷന്‍ അന്വേഷണ റിപ്പോര്‍ട്ട് പരിശോധിക്കും. വധശിക്ഷ നിലനിര്‍ത്തണോ, അതോ ജീവപര്യന്തമായി കുറയ്ക്കണമോ എന്നത് മിറ്റിഗേഷന്‍ റിപ്പോര്‍ട്ടിനെ കൂടി അടിസ്ഥാനമാക്കിയാകും കോടതി തീരുമാനിക്കുക.

ശിക്ഷാ നടപടിയിലൂടെ കുറ്റവാളിക്ക് മാനസാന്തരമുണ്ടാകണം, ഉത്തമ പൗരനായി ആ വ്യക്തി സമൂഹത്തിലേക്ക് തിരിച്ചുവരണം എന്നതാണ് നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ ആത്യന്തിക ലക്ഷ്യം, അതുകൊണ്ട് തന്നെ ലഭിക്കുന്ന ശിക്ഷയ്ക്ക് കുറ്റവാളി 100 ശതമാനം അര്‍ഹനാണ് എന്നുറപ്പുവരുത്തേണ്ടത് സുപ്രധാനമാണ്. സുപ്രീംകോടതി നേരത്തെ പല കേസുകളിലും മിറ്റിഗേഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെങ്കിലും ഹൈക്കോടതികള്‍ അത്തരം നടപടികളിലേക്ക് കടന്നിരുന്നില്ല. ചരിത്രപരമായ തീരുമാനത്തിലൂടെ കേരള ഹൈക്കോടതി അതിന് തുടക്കമിട്ടിരിക്കുന്നു.

എന്താണ് ഏകീകൃത സിവിൽ കോഡ്? സിവിൽ കോഡ് വരുമ്പോൾ ഏകീകരിക്കപ്പെടുന്ന വ്യക്തി നിയമങ്ങൾ ഏതെല്ലാം?


 

click me!