പ്രമുഖ പത്രത്തിന്റെ ഉള്‍പ്പേജില്‍ ആരും കാണാത്ത ഒരിടത്ത് മക്കള്‍ നല്‍കിയ ഒരു അരക്കോളം പരസ്യമായിരുന്നു 2018-ലെ നാരായണന്റെ ജന്‍മദിനത്തില്‍ ബാക്കിനിന്നിരുന്നത്. എന്നാല്‍, ഇത്തവണ അദ്ദേഹത്തെ ഓര്‍ക്കാന്‍ ഒരു പെട്ടിക്കോളം പരസ്യം പോലും എങ്ങുമുണ്ടായിരുന്നില്ല.
രാജ്യത്തിനു കേരളം നല്‍കിയ ഈ അനുപമമായ വ്യക്തിത്വത്തെ ഇതുപോലെ മറന്നുപോയത് എന്തുകൊണ്ടായിരിക്കും? അദ്ദേഹത്തിന്റെ ഓര്‍മ്മ ദിനങ്ങള്‍ ഇങ്ങനെ ഒതുങ്ങിപ്പോയത് എന്ത് കൊണ്ടായിരിക്കും? കൃത്യമായ ജാതിബോധം പ്രവര്‍ത്തിക്കുന്നത് കൊണ്ട് തന്നെയാണ് കേരളം അദ്ദേഹത്തെ മറന്നു പോകുന്നതെന്നാണ് ദലിത് ചിന്തകനും എഴുത്തുകാരനുമായ സണ്ണി എം കപിക്കാട് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോടിനോട് പറഞ്ഞത്. ''ദളിതനായത് കൊണ്ടാണ് അദ്ദേഹത്തെക്കുറിച്ച് ആരും ഓര്‍ത്തെടുക്കാത്തത്. അറിയപ്പെടാത്ത നേതാക്കന്‍മാരെക്കുറിച്ച് അനുസ്മരണ യോഗങ്ങളും പത്രക്കുറിപ്പുകളും തയ്യാറാക്കി ആഘോഷിക്കുന്ന നാടാണിത്. കടലും കടലാടിയും പോലെയുള്ള വ്യത്യാസമുണ്ട് അവരും കെ. ആര്‍. നാരായണനും തമ്മില്‍.''-അദ്ദേഹം പറഞ്ഞു.
undefined
കെ ആര്‍ നാരായണന്‍ രാഷ്ട്രപതിയായിരിക്കെ
രാഷ്ട്രപതിയുടെ പദവിയില്‍ എത്തിയ ഏക മലയാളിയുടെ നൂറ്റിയൊന്നാം ജന്‍മദിനം ആയിരുന്നു ഇന്ന്. എന്നാല്‍, അദ്ദേഹം ജനിച്ചുവളര്‍ന്ന കേരളത്തിന് ഓര്‍മ്മയേയില്ല ആ ദിനം. കേരള സര്‍ക്കാറോ മലയാള മാധ്യമങ്ങളോ ഓര്‍ക്കാത്ത നാരായണന്റെ ജന്‍മശതാബ്ദി ആയിരുന്നു കഴിഞ്ഞ വര്‍ഷം ഈ ദിവസം. കൊവിഡ് കാരണം മാറ്റിവെച്ച ജന്‍മശതാബ്ദി ആഘോഷം ഈ വര്‍ഷം നടത്താനായിരുന്നു അദ്ദേഹത്തിന്റെ ജന്‍മദേശമായ ഉഴവൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കെ. ആര്‍ നാരായണന്‍ ഫൗണ്ടേഷന്‍ അന്ന് തീരുമാനിച്ചിരുന്നത്. എന്നാല്‍, ജന്‍മ ശതാബ്ദി ആഘോഷത്തിനു പകരം പാലായിലെ ഒരു ഓഡിറ്റോറിയത്തില്‍ ഫൗണ്ടേഷന്‍ അംഗങ്ങള്‍ മാത്രം പങ്കെടുത്ത കാര്യമായാരും പങ്കെടുക്കാത്ത ഒരു യോഗം മാത്രം നടന്നു.
അതോടൊപ്പം, രാഷ്ട്രപതി ആയിരിക്കെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച കെ. ആര്‍ നാരായണനെ രാഷ്ട്രപതി ഭവന്‍ മാത്രം ഓര്‍ത്തു. രാഷ്ട്രപതി രാംനാഥ് കോവിന്ദ് കെ. ആര്‍ നാരായണന്റെ ഛായാചിത്രത്തിനു മുന്നില്‍ പുഷ്പാര്‍ച്ചന നടത്തിയതായി എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്തു. കെ. ആര്‍ നാരായണനു ശേഷം രാഷ്ട്രപതി പദവിയില്‍ എത്തിയ ദലിത് വിഭാഗക്കാരനാണ് ഇപ്പോഴത്തെ രാഷ്ട്രപതി കോവിന്ദ്.
പ്രമുഖ പത്രത്തിന്റെ ഉള്‍പ്പേജില്‍ ആരും കാണാത്ത ഒരിടത്ത് മക്കള്‍ നല്‍കിയ ഒരു അരക്കോളം പരസ്യമായിരുന്നു 2018-ലെ നാരായണന്റെ ജന്‍മദിനത്തില്‍ ബാക്കിനിന്നിരുന്നത്. എന്നാല്‍, ഇത്തവണ അദ്ദേഹത്തെ ഓര്‍ക്കാന്‍ ഒരു പെട്ടിക്കോളം പരസ്യം പോലും എങ്ങുമുണ്ടായിരുന്നില്ല.
രാഷ്ട്രപതി ഭവനില്‍നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് കെ. ആര്‍ നാരായണന്റെ ഛായാചിത്രത്തിനു മുന്നില്‍ പുഷ്പാര്‍ച്ചന നടത്തുന്നു
ജന്‍മശതാബ്ദിക്ക് സംഭവിച്ചത്
ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വലിയ പരിപാടിയായാണ് അദ്ദേഹത്തിന്റെ നൂറാം ജന്‍മദിനാഘോഷം കഴിഞ്ഞ വര്‍ഷം ഈ ദിവസം നടത്താന്‍ കെ. ആര്‍ നാരായണന്‍ ഫൗണ്ടേഷന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം അത് ഈ വര്‍ഷത്തേക്ക് മാറ്റിവെച്ചു. ഈ വര്‍ഷം വലിയ പരിപാടിയായി അത് നടത്തുമെന്നായിരുന്നു അന്ന് ഫൗണ്ടേഷന്‍ അറിയിച്ചിരുന്നത്. പക്ഷേ, ഈ വര്‍ഷം മറ്റെല്ലാം പോലെ അതും മറന്നു. ഫൗണ്ടേഷനു പുറത്ത് മറ്റൊരു സംഘടനയും സര്‍ക്കാര്‍ ഏജന്‍സികളും അദ്ദേഹത്തിന്റെ ജന്‍മദിനത്തില്‍ ഒരു ചെറുപരിപാടി പോലും നടത്തിയുമില്ല.
പാലായിലെ ഒലീവ് ഓഡിറ്റോറിയത്തില്‍ ഇന്ന് കെ. ആര്‍ നാരായണനെ ഓര്‍മ്മിക്കുന്ന, വളരെ ചുരുക്കം പേര്‍ മാത്രം പങ്കെടുത്ത ചെറുചടങ്ങ് നടന്നതായി കെ. ആര്‍ നാരായണന്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ ജോസ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. ഭാരവാഹികള്‍ മാത്രമാണ് പരിപാടിക്ക് ഉണ്ടായിരുന്നത്. കഴിഞ്ഞ വര്‍ഷം മാറ്റിവെച്ച ജന്‍മശതാബ്ദി ആഘോഷം ഇന്ന് നടത്താന്‍ നേരത്തെ പരിപാടിയിട്ടിരുന്നെങ്കിലും സ്‌പോണ്‍സര്‍ഷിപ്പ് അടക്കമുള്ള പ്രശ്‌നങ്ങളാല്‍ അതു നടന്നില്ല. അദ്ദേഹത്തിന്റെ ചരമവാര്‍ഷിക ദിനമായ നവംബര്‍ ഒമ്പതിന് പരിപാടി നടത്താന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കെ ആര്‍ നാരായണന്‍ നെല്‍സണ്‍ മണ്ടേലയ്‌ക്കൊപ്പം
ആരുമോര്‍ക്കാത്ത രാഷ്ട്രപതി
1920 ഫെബ്രുവരി നാലിനായിരുന്നു കോട്ടയം ജില്ലയിലെ ഉഴവൂരില്‍ പെരുവന്താനം വീട്ടില്‍ കോച്ചേരില്‍ രാമന്‍ വൈദ്യരുടെയും പുന്നതതുറ വീട്ടില്‍ പപ്പായിയമ്മയുടെയും എഴ് മക്കളില്‍ ഒരാളായി കോച്ചേരില്‍ രാമന്‍ നാരായണന്‍ എന്ന കെ. ആര്‍ നാരായണന്‍ പിറന്നത്. എന്നാല്‍ സ്‌കൂളില്‍ ചേര്‍ക്കുമ്പോള്‍ പതിവുള്ളതു പോലെ, അദ്ദേഹത്തിന്റെ ഔദ്യോഗിക ജന്‍മദിനം ഒക്‌ടോബര്‍ 27-നായിരുന്നു. ഔദ്യോഗിക ജന്‍മദിനമാണ് അദ്ദേഹത്തിന്റെ ജന്‍മദിനമായി ആചരിച്ചുവരുന്നത്.
16 വര്‍ഷം മുമ്പാണ് കെ. ആര്‍ നാരായണന്‍ മരിച്ചത്. എന്നാല്‍, അദ്ദേഹത്തിന്റെ ഓര്‍മയ്ക്കായി ഒരു പ്രതിമപോലും ജന്‍മനാട്ടിലില്ല. ഭാര്യയുടെയും മക്കളുടെയും ആഗ്രഹപ്രകാരം കോച്ചേരില്‍ തറവാട്ടിലെ സ്മൃതിമണ്ഡപത്തില്‍ ചിതാഭസ്മം സൂക്ഷിച്ചിട്ടുണ്ട്. ഈ സ്മൃതിമണ്ഡപം അടക്കം അദ്ദേഹത്തിന്റെ തറവാട് വീട് സംരക്ഷിക്കുമെന്ന് നിയമസഭാ സ്പീക്കറായിരിക്കെ ഇപ്പോഴത്തെ പട്ടികജാതി പട്ടിവര്‍ഗ ക്ഷേമ മന്ത്രി കെ.രാധാകൃഷ്ണന്‍ ഇവിയെത്തിയപ്പോള്‍ പറഞ്ഞിരുന്നു. കോട്ടയത്തെ കോഴായിലുള്ള നൂറ് ഏക്കറില്‍ അദ്ദേഹത്തിന്റെ ഓര്‍മയ്ക്കായി കാര്‍ഷിക സര്‍വകലാശാല അടക്കം പലതും സ്ഥാപിക്കുമെന്നും വാഗ്ദാനങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍, ഒന്നും നടപ്പായില്ല.
കെ ആര്‍ നാരായണന്‍ ജോണ്‍പോള്‍ മാര്‍പ്പാപ്പയ്‌ക്കൊപ്പം
മുന്‍നിരയില്‍നിന്നും വെട്ടിമാറ്റപ്പെട്ട ഒരാള്‍
മലയാളിയായ, ദളിതനായ ആദ്യ രാഷ്ട്രപതി കൂടിയായിരുന്നു കെ. ആര്‍. നാരായണന്‍. ദാരിദ്ര്യത്തിലും കഷ്ടപ്പാടിലും നിന്ന് സ്വപ്രയത്നം കൊണ്ട് മാത്രം ഉയര്‍ന്നു വന്നൊരാള്‍. ജീവിതം കൊണ്ട് ദരിദ്രനെങ്കിലും പ്രതിഭ കൊണ്ടും കഴിവു കൊണ്ടും ധനികനായിരുന്നു അദ്ദേഹം. കോട്ടയം ജില്ലയിലെ കുറവിലങ്ങാടിനടുത്ത് കുറിച്ചിത്താനം സര്‍ക്കാര്‍ സ്‌കൂളിലായിരുന്നു പ്രൈമറി സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവിതാംകൂറിന്റെ ചരിത്രത്തിലാദ്യമായിട്ടായിരുന്നു ഒരു ഹരിജന്‍ യുവാവ് ബിഎ യ്ക്ക് റാങ്ക് നേടുന്നത്. റാങ്ക് നേടുന്ന വിദ്യാര്‍ത്ഥിക്ക് പറഞ്ഞു വച്ചിരുന്ന അധ്യാപക ജോലിക്ക് പകരം ദിവാന്‍ അദ്ദേഹത്തിന് വച്ചു നീട്ടിയത് ഗുമസ്തപ്പണി! ഒരു ദലിതന് അതുമതിയെന്നായിരുന്നു ദിവാന്റെ തീരുമാനം.
പഠനത്തില്‍ ഒന്നാമനായപ്പോഴും ജാതി ഒന്നു കൊണ്ട് മാത്രമാണ് കെആര്‍ നാരായണന് അധ്യാപക ജോലി നേടാന്‍ കഴിയാതെ പോയത്. ഗുമസ്തപ്പണി സ്വീകരിച്ചില്ലെന്ന് മാത്രമല്ല, ബിരുദ ദാനച്ചടങ്ങ് ബഹിഷ്‌കരിച്ച്് അദ്ദഹം തന്റെ പ്രതിഷേധം അറിയിക്കുകയും ചെയ്തു. അവാര്‍ഡ് ദാന ചടങ്ങില്‍ ഒന്നാം റാങ്കുകാരന്റെ അഭാവം തിരിച്ചറിഞ്ഞ ശ്രീ ചിത്തിര തിരുനാള്‍ മഹാരാജാവ് കാര്യം തിരക്കി. ദില്ലിയില്‍ ജോലി തേടിപ്പോകാനാണ് ആഗ്രഹമെന്ന് തിരിച്ചറിഞ്ഞ മഹാരാജാവ് വായ്പയായി നല്‍കിയ അഞ്ഞൂറ് രൂപ കൊണ്ടാണ് അദ്ദേഹം യാത്ര തുടങ്ങിയത്. അന്ന് നിഷേധിച്ച ബിരുദം കേരള യൂണിവേഴ്സിറ്റിയില്‍ നിന്നും അദ്ദേഹം സ്വീകരിച്ചത് അമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു.
കെ ആര്‍ നാരായണന്‍ സ്റ്റീഫന്‍ ഹോക്കിംഗിനൊപ്പം
ദില്ലിയില്‍ പത്രപ്രവര്‍ത്തകനായി തുടക്കം. പിന്നീട് ജെആര്‍ഡി ടാറ്റയില്‍ നിന്നും ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്സില്‍ ഉപരി പഠനത്തിനുള്ള സ്‌കോളര്‍ഷിപ്പ്. ലോകപ്രശസ്തനായ രാഷ്ട്രമീമാംസകന്‍ ഹാരോള്‍ഡ് ലാസ്‌കിയുടെ പ്രിയപ്പെട്ട ശിഷ്യന്‍. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്റുവിന്റെ പ്രത്യേക താത്പര്യ പ്രകാരം ബര്‍മ്മയില്‍ ഇന്ത്യന്‍ വിദേശ കാര്യാലയത്തിലെ നയതന്ത്ര ഉദ്യോഗം. ഇന്തോ- ചൈന യുദ്ധത്തിന് ശേഷം ചൈനയിലെ ഇന്ത്യന്‍ അംബാസഡര്‍. പിന്നീട് അമേരിക്കന്‍ അംബാസിഡര്‍. ഇന്ത്യ-- അമേരിക്ക നയതന്ത്ര ബന്ധം ഊഷ്മളമാക്കാന്‍ കെ. ആര്‍. നാരായണന്‍ വഹിച്ച പങ്ക് ചെറുതല്ല.
1985 -ല്‍ രാജീവ് ഗാന്ധി നയിച്ച മന്ത്രിസഭയില്‍ ഒറ്റപ്പാലത്ത് നിന്നും തെരഞ്ഞെടുക്കപ്പെട്ട് ആസൂത്രണ വകുപ്പ് സഹമന്ത്രിയായി. വന്‍ഭൂരിപക്ഷത്തോടെയായിരുന്നു അദ്ദേഹത്തിന്റെ മന്ത്രിപദവിയിലേക്കുളള പ്രവേശനം. ഒരു ദളിതന് ഒരിക്കലും സ്വപ്നം പോലും കാണാന്‍ കഴിയാതിരുന്ന ഒരു ലക്ഷ്യത്തിലേക്കാണ് പിന്നീട് അദ്ദേഹം എത്തിയത്. 1992 -ല്‍ ആഗസ്റ്റ് -21 ന് ഭാരതത്തിന്റെ ഒമ്പതാമത്തെ ഉപരാഷ്ട്രപതിയായി. രണ്ട് വര്‍ഷത്തിന് ശേഷം 1997 -ല്‍ തൊണ്ണൂറ്റഞ്ച് ശതമാനം വോട്ട് നേടി അദ്ദേഹം ഭാരതത്തിന്റെ രാഷ്ട്രപതിയായി. ആദ്യകാലങ്ങളില്‍ എല്ലായിടത്തുനിന്നും ജാതികാരണം ഒഴിവാക്കപ്പെട്ട ഒരു വ്യക്തിത്വം രാജ്യത്തെ പ്രഥമപൗരനായി മാറി.
അന്ത്യനിദ്ര
എന്തുകൊണ്ടാണ് ഈ മറവി?
രാജ്യത്തിനു കേരളം നല്‍കിയ ഈ അനുപമമായ വ്യക്തിത്വത്തെ ഇതുപോലെ മറന്നുപോയത് എന്തുകൊണ്ടായിരിക്കും? അദ്ദേഹത്തിന്റെ ഓര്‍മ്മ ദിനങ്ങള്‍ ഇങ്ങനെ ഒതുങ്ങിപ്പോയത് എന്ത് കൊണ്ടായിരിക്കും?
കൃത്യമായ ജാതിബോധം പ്രവര്‍ത്തിക്കുന്നത് കൊണ്ട് തന്നെയാണ് കേരളം അദ്ദേഹത്തെ മറന്നു പോകുന്നതെന്നാണ് ദലിത് ചിന്തകനും എഴുത്തുകാരനുമായ സണ്ണി എം കപിക്കാട് നേരത്തെ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോടിനോട് പറഞ്ഞത്. ''ദളിതനായത് കൊണ്ടാണ് അദ്ദേഹത്തെക്കുറിച്ച് ആരും ഓര്‍ത്തെടുക്കാത്തത്. അറിയപ്പെടാത്ത നേതാക്കന്‍മാരെക്കുറിച്ച് അനുസ്മരണ യോഗങ്ങളും പത്രക്കുറിപ്പുകളും തയ്യാറാക്കി ആഘോഷിക്കുന്ന നാടാണിത്. കടലും കടലാടിയും പോലെയുള്ള വ്യത്യാസമുണ്ട് അവരും കെ. ആര്‍. നാരായണനും തമ്മില്‍.''-മൂന്ന് വര്‍ഷം മുമ്പ് ഇക്കാര്യം ആരാഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു.
രാജ്യത്തെ പരമോന്നത പദവി അഭിമാനകരമാം വിധം കൈയാളിയെങ്കിലും കേരളത്തിന്റെ ഓര്‍മ്മയില്‍ അദ്ദേഹമില്ല. നമ്മുടെ സര്‍ക്കാറോ രാഷ്ട്രീയ കക്ഷികളോ ഭരണകര്‍ത്താക്കളോ സാംസ്‌കാരിക സംഘടനകളോ ഒന്നും അദ്ദേഹത്തെ ഓര്‍ക്കുന്നുമില്ല. കെ.ആര്‍ നാരായണന്‍ ദളിതനായിരുന്നു. ഗ്രാമീണനായിരുന്നു. എല്ലാ പരിമിതികള്‍ക്കും ഇടയില്‍ ജനിച്ചുവളര്‍ന്നു. എന്നിട്ടും ജീവിതത്തില്‍ എല്ലാ തടസ്സങ്ങളെയും മറികടന്ന് അദ്ദേഹം ഉന്നത സ്ഥാനങ്ങള്‍ അര്‍ഹതയോടെ ചെന്നു കയറി. ലോകം അദ്ദേഹത്തെ ആദരിച്ചു. ഒരു ഇന്ത്യന്‍ ദലിതന് എത്താനാവുന്ന പരമോന്നത പദവിയിലേക്ക് അദ്ദേഹമെത്തി.
കെ ആര്‍ നാരായണന്‍ എ പി ജെ അബ്ദുല്‍ കലാമിനൊപ്പം
വിരല്‍ തൊട്ട മേഖലകളിലെല്ലാം മുദ്ര പതിപ്പിച്ച് മുന്നേറിയ ഒരു അസാമാന്യ വ്യക്തിത്വം ആര്‍ക്കും വേണ്ടാത്ത ഒരാളായി പില്‍ക്കാലത്ത് മാറുന്നതാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. കെ. ആര്‍ നാരായണന് ശേഷം വന്ന രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാം എല്ലായിടങ്ങളിലും ആഘോഷിക്കപ്പെടുമ്പോഴും കെ. ആര്‍ നാരായണന്‍ വിസ്മരിക്കപ്പെടുകയാണ്.
ഇന്ത്യയുടെ പത്താമത്തെ പ്രസിഡന്റായിരുന്നു കെ. ആര്‍. നാരായണന്‍. സ്വാതന്ത്ര്യത്തിന്റെ സുവര്‍ണ്ണ ജൂബിലി വര്‍ഷത്തിലും ഇന്ത്യയെ നയിച്ചത് ഇദ്ദേഹമായിരുന്നു. ഉപരാഷ്ട്രപതിയില്‍ നിന്നും നേരിട്ട് രാഷ്ട്രപതിയിലേക്ക് നാമനിര്‍ദ്ദേശം ലഭിക്കുമ്പോള്‍ അദ്ദേഹത്തിന്റെ നോമിനേഷനെ എതിര്‍ക്കാന്‍ പ്രബല ശക്തികള്‍ ആരുമില്ലായിരുന്നു. സമര്‍ത്ഥനായ നയതന്ത്രജ്ഞന്‍ എന്നായിരുന്നു പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു അദ്ദേഹത്തെ വിശേഷിപ്പിച്ചത്. എന്നിട്ടും അദ്ദേഹത്തിനൊപ്പം ഇന്ത്യയെ നയിച്ച പ്രഥമ പൗരന്‍മാര്‍ അനുസ്മരണക്കുറിപ്പുകളില്‍ ആഘോഷിക്കപ്പെടുമ്പോള്‍ അദ്ദേഹം മാത്രമെങ്ങനെയാണ് മറവിയിലേക്ക് മറയുന്നത്?