ആരായിരിക്കണം പുതിയ ആള്‍? അപ്പോഴാണ് കോണ്‍ഗ്രസ്സില്‍ നിന്ന് പിടിച്ചുകൊണ്ടുവന്ന് കേരള കോണ്‍ഗ്രസ്സില്‍ ചേര്‍ത്ത ആളും വക്കീലും രണ്ട് തവണയായി പാലായില്‍ നിന്ന് ജയിച്ചുവരുന്ന എം എല്‍ എയുമായ ആ മിടുക്കനെ അവര്‍ ഓര്‍മ്മിച്ചത്. കെ എം മാണി എന്ന 37 -കാരന്‍.
1970 -കളുടെ ആദ്യം മൃതപ്രായമായ കേരള കോണ്‍ഗ്രസ്സിനു മാണിയും അപ്പച്ചനും പ്രാണവായു നല്‍കി. സമ്പന്നനായ അപ്പച്ചന്‍ വാടക-ഫോണ്‍ കുടിശികകള്‍ തീര്‍ത്തു, ജീപ്പ് പണിതീര്‍ത്ത് ഇറക്കി, കടങ്ങളെല്ലാം വീട്ടി. ചെറുപ്പക്കാര്‍ നിറഞ്ഞ ഒരു ഒമ്പതംഗ ഗ്രൂപ്പ് പാര്‍ട്ടിയുടെ നേതൃത്വം ഏറ്റെടുത്തു. മാണി നയിച്ച ആ ഊര്‍ജ്ജസംഘത്തിലെ അംഗങ്ങള്‍ കെ.വി കുര്യന്‍, പി.ജെ ജോസഫ്, വി.ടി സെബാസ്റ്റ്യന്‍, ഓ. ലൂക്കോസ്, തോമസ് കുതിരവട്ടം, ടി.എം ജേക്കബ്, സി.എഫ് തോമസ്, ജോര്‍ജ്ജ് ജെ. മാത്യു എന്നിവര്‍. 1971 ലെ തെരഞ്ഞെടുപ്പില്‍ സീറ്റ് 13 ആയി വര്‍ദ്ധിച്ചു. പക്ഷേ, അപ്പോള്‍ തന്നെ കേരള കോണ്‍ഗ്രസ്സിന്റെ മുഖമുദ്രയായ സ്വഭാവം ഉണര്‍ന്നു തുടങ്ങിയിരുന്നു. ചേരിപ്പോരും പിളര്‍പ്പും.
undefined
1964...
കോട്ടയത്തെ ലക്ഷ്മിനിവാസ് ഓഡിറ്റോറിയം. കോണ്‍ഗ്രസ്സ് പിളര്‍ന്ന് കേരളാ കോണ്‍ഗ്രസ്സ് എന്ന ഒരു പുതിയ രാഷ്ട്രീയപ്പാര്‍ട്ടിയുടെ പിറവി. 1960 -ലെ കോണ്‍ഗ്രസ്-പി എസ് പി- മന്ത്രിസഭയിലെ ആഭ്യന്തരമന്ത്രി കോണ്‍ഗ്രസ്സിന്റെ നേതാവ് പി ടി ചാക്കോയുടെ അകാലനിര്യാണം കോണ്‍ഗ്രസ്സ് പാര്‍ട്ടിക്കുള്ളില്‍ താന്‍ അനുഭവിച്ച മാനസിക സമ്മര്‍ദ്ദം കുടികൊണ്ടായിരുന്നു. ചാക്കോ നേരിട്ട അനീതി ഉയര്‍ത്തിയ വികാരത്തള്ളലില്‍ കോണ്‍ഗ്രസ്സ് വിട്ട് പുറത്തുവന്നവര്‍ ചേര്‍ന്ന് അന്ന് രൂപം നല്‍കിയതായിരുന്നു കേരളാ കോണ്‍ഗ്രസ്സ്. തിരുവിതാംകൂര്‍ സമൂഹത്തില്‍ മേധാവിത്വം വഹിച്ചിരുന്ന കൃസ്ത്യന്‍-നായര്‍ സമുദായസംഘടനകളുടെ പിന്തുണ ലഭിച്ച പുതിയ പാര്‍ട്ടിയുടേത് ഗംഭീര തുടക്കമായിരുന്നു. പിറ്റേ കൊല്ലം നിയമസഭാതെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിച്ച് 25 സീറ്റ്.
1970...
കേരളാകോണ്‍ഗ്രസ്സിന്റെ വത്തിക്കാന്‍ ആയ കോട്ടയത്തെ എം സി റോഡിലെ പാര്‍ട്ടി ഓഫീസ്. വമ്പന്‍ തുടക്കവുമായി പിറന്ന കേരളാ കോണ്‍ഗ്രസ്സിന്റെ സ്ഥിതി അഞ്ച് വര്‍ഷം കഴിഞ്ഞപ്പോഴേക്കും പരമദയനീയമായിരുന്നു. മന്നത്ത് പദ്മനാഭനും മറ്റും കേരളാ കോണ്‍ഗ്രസ്സില്‍ നിന്ന് അകന്നു. 1967 -ല്‍ വീണ്ടും തെരഞ്ഞെടുപ്പ് വന്നപ്പോള്‍ ഒറ്റയ്ക്ക് മത്സരിച്ച കേരള കോണ്‍ഗ്രസ്സിന്റെ സീറ്റ് വെറും അഞ്ച്. അതോടെ പാര്‍ട്ടി കടുത്ത പ്രതിസന്ധിയിലേക്ക് പതിച്ചു. പില്‍ക്കാലത്തും എപ്പോഴൊക്കെ പാര്‍ട്ടിക്ക് പ്രതിസന്ധി ഉണ്ടായോ അപ്പോഴൊക്കെ അതിനു വഴിവെച്ചതു തന്നെയായിരുന്നു കാരണം. അധികാരമില്ലായ്മ, ഭരണത്തില്‍ പങ്കില്ലാത്ത കേരള കോണ്‍ഗ്രസ്സ് വെള്ളത്തില്‍ നിന്ന് പിടിച്ചിട്ട മത്സ്യത്തെപ്പോലെയാണ്. അക്കാലത്തെപ്പറ്റി കേരളാ കോണ്‍ഗ്രസ്സ് ട്രഷററും പില്‍ക്കാലത്ത് ചെയര്‍മാനുമായ ജോര്‍ജ്ജ് ജെ. മാത്യു പൊട്ടംകുളം ഇങ്ങനെ എഴുതുന്നു; ''കേരളാകോണ്‍ഗ്രസ്സ് ബലഹീനമായി. അത് വളരെ ഏറേ പിന്നാക്കം പോയി. സാമ്പത്തികമായും രാഷ്ട്രീയമായും തളര്‍ന്നു. നിലനില്‍പ്പ് തന്നെ വെല്ലുവിളയായി. ഭരണഭാരം ദുര്‍വഹമായി...ഏത് കാറ്റിലും ആര്‍ത്തലച്ചുവീഴാന്‍ തക്കം പാര്‍ത്തിരുന്ന തടിക്കെട്ടിടം ആയ ഓഫീസ് കെട്ടിടത്തിന്റെ വാടക കുടിശിക മാസ തോറും കനത്തുകൊണ്ടിരുന്നു. പാര്‍ട്ടിയാവശ്യത്തിന് ഉപയോഗിച്ചുകൊണ്ടിരുന്ന ജീപ്പ് അനാഥപ്രേതം പോലെ വര്‍ക്ക് ഷോപ്പില്‍ കിടന്ന് തുരുമ്പടിച്ചു തുടങ്ങി. കുടിശിക വരുത്തിയതിനാല്‍ ഫോണ്‍ ഡിസ്കണക്ട് ചെയ്യപ്പെട്ടു... വിശ്വാസം നഷ്ടപ്പെട്ട പാര്‍ട്ടിയെ ആര്‍ക്ക് വേണം? കേരളാകോണ്‍ഗ്രസ്സിനെ സഹായിക്കാന്‍ ആരും തയ്യാറായില്ല....''
എല്ലാ പിളര്‍പ്പിന്റെയും ഒരു പക്ഷത്ത് മാണി ഉണ്ടായിരുന്നു
ഈ മഹാ പ്രതിസന്ധിയില്‍നിന്ന് പാര്‍ട്ടിയെ എങ്ങിനെയും കര കയറ്റണം. നേതാക്കളായ കെ എം ജോര്‍ജ്ജും കെ വി കുര്യനും മോഹന്‍ കുളത്തുങ്കലും മാത്തച്ചന്‍ കുരുവിനാക്കുന്നേലുമൊക്കെ കൂടിയിരുന്ന് കൂലങ്കഷമായി ആലോചിച്ചു. ഏതെങ്കിലും ഒരു ഊര്‍ജ്ജസ്വലനായ ചെറുപ്പക്കാരനെ കോട്ടയം ഓഫീസിന്റെ ചുമതല ഏല്‍പ്പിച്ചേ തീരൂ. പ്രശ്‌നങ്ങളുടെ നീര്‍ച്ചുഴിയില്‍ പെട്ട് വലഞ്ഞിരുന്ന ഓഫീസ് സെക്രട്ടറി കുരുവിനാക്കുന്നേലിനു ഭാരം ഒഴിയാന്‍ ഇരട്ടി സമ്മതം. ആരായിരിക്കണം പുതിയ ആള്‍? അപ്പോഴാണ് കോണ്‍ഗ്രസ്സില്‍ നിന്ന് പിടിച്ചുകൊണ്ടുവന്ന് കേരള കോണ്‍ഗ്രസ്സില്‍ ചേര്‍ത്ത ആളും വക്കീലും രണ്ട് തവണയായി പാലായില്‍ നിന്ന് ജയിച്ചുവരുന്ന എം എല്‍ എയുമായ ആ മിടുക്കനെ അവര്‍ ഓര്‍മ്മിച്ചത്. കെ എം മാണി എന്ന 37 -കാരന്‍. എല്ലാവരും സമ്മതിച്ചു. പക്ഷേ, പണക്കാരനായ ഒരാളും മാണിയുടെ സാമര്‍ത്ഥ്യവും ചേര്‍ന്നാലേ രക്ഷയുള്ളൂ. അധികം വൈകാതെ മാണി തന്നെ പറ്റിയ ട്രഷ്രററെ കണ്ടെത്തി. കെ വി കുര്യന്റെ ജ്യേഷ്ഠപുത്രനും കര്‍ഷകനേതാവും വലിയ തോട്ടമുടമയും കാഞ്ഞിരപ്പള്ളിയിലെ അതിസമ്പന്നമായ പൊട്ടംകുളം കുടുംബാംഗവും ഒക്കെയായ ജോര്‍ജ്ജ് ജെ. മാത്യു എന്ന പൊട്ടംകുളം അപ്പച്ചന്‍.
രാഷ്ട്രീയം സാധ്യതകളുടെ കലയാണെന്ന് തിരിച്ചറിഞ്ഞ പാര്‍ട്ടി
അവിടെ നിന്ന് വളര്‍ന്ന മാണി കഴിഞ്ഞ ദിവസം അന്തരിച്ചപ്പോള്‍ കേരളപ്പിറവിക്ക് ശേഷം സംസ്ഥാന രാഷ്ട്രീയം നിറഞ്ഞുകളിച്ച ഏറ്റവും പ്രമുഖ നേതാക്കളില്‍ ഒരാളായി ചരിത്രത്തില്‍ ഇടം പിടിക്കുന്നു. അവരില്‍ ഏറ്റവും വര്‍ണാഭമായ വ്യക്തിത്വത്തിന്റെയും ഉടമയായ അദ്ദേഹത്തിന്റെ പേരിലുള്ള റിക്കാഡുകള്‍ എല്ലാം മാധ്യമങ്ങളില്‍ നിറഞ്ഞിട്ടുണ്ട്. അതില്‍ മുന്നില്‍ 54 വര്‍ഷമായി തുടര്‍ച്ചയായി അദ്ദേഹം ഒരു നിയോജകമണ്ഡലത്തില്‍ നിന്ന് സാമാജികനായി ജയിക്കുന്നതാണ്. ആവര്‍ത്തിച്ച് ഒരു മുന്നണിക്കും അധികാരം നല്‍കാത്ത മലയാളിയുടെ നാട്ടിലാണ് ഒന്നിലേറെ തവണ വിജയം ആവര്‍ത്തിക്കാന്‍ പെടാപ്പാട് പെടുന്ന നേതാക്കളുടെ ഇടയ്ക്ക് മാണി 12 തവണ തുടര്‍ച്ചയായി ജയിച്ചത് എന്നത് ചരിത്രപ്രധാനമാണ്. മാണിയേക്കാള്‍ ഒരു തവണ കൂടി എം എല്‍ എ ആയി 54 വര്‍ഷം നീണ്ട സാമാജികജീവിതം നയിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എം കരുണാനിധി മാത്രമേ ഇക്കാര്യത്തില്‍ മാണിക്ക് മുന്നിലുള്ളൂ. എന്നാല്‍ കരുണാനിധി പല മണ്ഡലങ്ങളില്‍ മത്സരിച്ചാണ് ഈ നേട്ടം കരസ്ഥമാക്കിയത്. മാണിയാകട്ടെ പാലായില്‍ നിന്ന് മാത്രം. മിക്കവാറും ഇത് ലോകറിക്കാഡ് തന്നെയാകാം. ഏറ്റവും അധികം തവണ (8) മന്ത്രിയായിരുന്ന ആള്‍, ഏറ്റവും കൂടുതല്‍ തവണ (13) സംസ്ഥാന ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി എന്നിങ്ങനെ മറ്റ് റിക്കാഡുകള്‍. 1975 മുതല്‍ കേരളത്തില്‍ രണ്ട് വിരുദ്ധമുന്നണികളിലേതായാലും മാണി അംഗമായ മുന്നണിയുടെ ഒരു മന്ത്രിസഭയില്‍ നിന്നും അദ്ദേഹം ഒഴിവാക്കപ്പെട്ടില്ല.
രാഷ്ട്രീയം സാധ്യതകളുടെ കല മാത്രമാണെന്ന് വിശ്വസിച്ചവരുടെ പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ്സ്. സാധ്യതകള്‍ തേടുന്നതിനു മുമ്പില്‍ മൂല്യങ്ങളോ നിലപാടോ രാഷ്ട്രീയമോ പ്രത്യയശാസ്ത്രമോ ഒന്നും അതിനു തടസ്സമായിട്ടില്ല. കമ്യൂണിസ്റ്റ് വിരുദ്ധത മുഖമുദ്രയായ കത്തോലിക്കാ സഭയുടെ കുഞ്ഞാടുകളായിരിക്കുമ്പോഴും കമ്യൂണിസ്റ്റ് മുന്നണിയില്‍ ചേര്‍ന്ന് അധികാരത്തിലിരിക്കാനും അതിനു പറ്റിയ സിദ്ധാന്തം ചമയ്ക്കാനും കഴിവ് കാണിച്ച പാര്‍ട്ടി. ഇരുപക്ഷത്തോടും മാറി മാറി വിലപേശി അധികാരം ഉറപ്പിക്കാന്‍ ഈ പാര്‍ട്ടിയോളം മറ്റാര്‍ക്കും കഴിഞ്ഞിട്ടില്ല. മാത്രമല്ല, പരസ്യമായി ഒരു പക്ഷത്ത് ഉറച്ചുനില്‍ക്കുമ്പോള്‍ തന്നെ മെച്ചപ്പെട്ട പച്ച തേടി മറുപക്ഷവുമായി വില പേശി മറുകണ്ടം ചാടാനും കാറ്റ് വീണ്ടും മാറി വീശുമ്പോള്‍ കുട്ടിക്കരണം മറിഞ്ഞ് പഴയപക്ഷത്ത് തിരിച്ച് എത്താനും ഈ പാര്‍ട്ടിയും നേതാക്കളും കാണിച്ചിട്ടുള്ള മെയ്യഭ്യാസം മറ്റാര്‍ക്കുമില്ല.
ഒരിക്കല്‍ തങ്ങള്‍ ചതിച്ചവരായിട്ടും വലിയ പാരമ്പര്യവും വ്യക്തിത്വവുമൊക്കെയുള്ള വലിയ പാര്‍ട്ടികളെയും അവയുടെ വിഖ്യാത നേതാക്കളെയും ഒക്കെ കരണം മറിഞ്ഞുവരുന്ന തങ്ങള്‍ക്ക് വേണ്ടി കാത്തിരിപ്പിക്കാനും കേരള കോണ്‍ഗ്രസ്സിനു കഴിഞ്ഞു. മുന്നണികള്‍ തമ്മില്‍ മാത്രമല്ല മുന്നണിക്കുള്ളിലും സ്വന്തം പാര്‍ട്ടിക്കുള്ളിലും അമ്പരപ്പിക്കുന്ന അധികാരമത്സരത്തിലൂടെ എതിരാളികളെ വെട്ടിമാറ്റി സ്വന്തം മേല്‍ഗതി ഉറപ്പിക്കാനും ഈ പാര്‍ട്ടിയുടെ നേതാക്കളോളം ആരും പ്രാഗത്ഭ്യം തെളിയിച്ചിട്ടില്ല. അതുകൊണ്ട് തന്നെയാണ് ഇരുപതിലേറെ തവണ പാര്‍ട്ടി പിളര്‍ന്നതും പിളരും തോറും വളരുന്നതും വളരും തോറും പിളരുന്നതുമാണ് ഈ പാര്‍ട്ടി എന്ന് മാണിയുടെ പേരുകേട്ട പ്രസ്താവന വന്നതും. കേരളാ കോണ്‍ഗ്രസ്സ് എന്ന അസാധാരണപ്പാര്‍ട്ടിയുടെ ഈ സ്വഭാവസവിശേഷതകളുടെയൊക്കെ മൂര്‍ത്തിമദ്ഭാവമായിരുന്നു മാണി. എല്ലാ പിളര്‍പ്പിന്റെയും ഒരു പക്ഷത്ത് മാണി ഉണ്ടായിരുന്നു.
അധികാരമത്സരത്തില്‍ മൂല്യങ്ങളും നിലപാടുകളും മാണിയ്ക്ക് പ്രശ്‌നമായിരുന്നില്ലെങ്കിലും ഒന്ന് സമ്മതിക്കാതെ വയ്യ. അവസാനകാലത്തെ ബാര്‍ കോഴ കേസ് ഒഴിച്ചാല്‍ മാണിയുടെ സംഭവബഹുലമായ സുദീര്‍ഘരാഷ്ട്രീയജീവിതം താരതമ്യേന ആരോപണമുക്തമായിരുന്നു. ദേശീയ കക്ഷികളായ കോണ്‍ഗ്രസ്സ്, സി പി എം കക്ഷികളുടെ കീഴില്‍ ധ്രുവീകരിക്കപ്പെട്ടതാണ് കേരള രാഷ്ട്രീയം. സമീപകാലത്ത് ഇതിനു വെല്ലുവിളി ഉയര്‍ത്തിയ ബി ജെ പിയും ദേശീയകക്ഷിയാണ്. 1990 -കള്‍ മുതല്‍ ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും പ്രാദേശിക കക്ഷികളുടെ വളര്‍ച്ചയും പ്രാദേശിക ആവശ്യങ്ങളെചൊല്ലി ദേശീയകക്ഷികളോട് വിലപേശലും ഒക്കെ നടന്നു. കേരളത്തില്‍ ഒരു ഫെഡറല്‍-പ്രാദേശികശക്തിയാക്കാനുള്ള സാധ്യതയുമായി ആയിരുന്നു കര്‍ഷകരുടെ കക്ഷിയായ കേരള കോണ്‍ഗ്രസ്സിന്റെ പിറവി. എന്നാല്‍ അധികം വൈകാതെ ഒരു മതവിഭാഗത്തിന്റെ മാത്രം കക്ഷിയെന്ന പേരും സ്വാര്‍ഥലക്ഷ്യം മുന്‍ നിര്‍ത്തി മാത്രം കര്‍ഷകപ്രശ്‌നം ഉയര്‍ത്തിയതും നേതാക്കളുടെ വ്യക്തിപരമായ അധികാരമോഹവും തല്‍ഫലമായ നിരന്തര പിളര്‍പ്പുകളും ദേശീയതലത്തില്‍ കേരളത്തിനു വേണ്ടി വിലപേശുന്ന ഒരു പ്രാദേശിക കക്ഷിയാകാനുള്ള സാധ്യത അടച്ചുകളയുകയായിരുന്നു. മറ്റാരേക്കാളും ഇതിന്റെയും ഒന്നാം കാരണക്കാരന്‍ മാണി തന്നെ.
മാണിയും അപ്പച്ചനും പ്രാണവായു നല്‍കിയ കേരള കോണ്‍ഗ്രസ്
1970 -കളുടെ ആദ്യം മൃതപ്രായമായ കേരള കോണ്‍ഗ്രസ്സിനു മാണിയും അപ്പച്ചനും പ്രാണവായു നല്‍കി. സമ്പന്നനായ അപ്പച്ചന്‍ വാടക-ഫോണ്‍ കുടിശികകള്‍ തീര്‍ത്തു, ജീപ്പ് പണിതീര്‍ത്ത് ഇറക്കി, കടങ്ങളെല്ലാം വീട്ടി. ചെറുപ്പക്കാര്‍ നിറഞ്ഞ ഒരു ഒമ്പതംഗ ഗ്രൂപ്പ് പാര്‍ട്ടിയുടെ നേതൃത്വം ഏറ്റെടുത്തു. മാണി നയിച്ച ആ ഊര്‍ജ്ജസംഘത്തിലെ അംഗങ്ങള്‍ കെ.വി കുര്യന്‍, പി.ജെ ജോസഫ്, വി.ടി സെബാസ്റ്റ്യന്‍, ഓ. ലൂക്കോസ്, തോമസ് കുതിരവട്ടം, ടി.എം ജേക്കബ്, സി.എഫ് തോമസ്, ജോര്‍ജ്ജ് ജെ. മാത്യു എന്നിവര്‍. 1971 ലെ തെരഞ്ഞെടുപ്പില്‍ സീറ്റ് 13 ആയി വര്‍ദ്ധിച്ചു. പക്ഷേ, അപ്പോള്‍ തന്നെ കേരള കോണ്‍ഗ്രസ്സിന്റെ മുഖമുദ്രയായ സ്വഭാവം ഉണര്‍ന്നു തുടങ്ങിയിരുന്നു. ചേരിപ്പോരും പിളര്‍പ്പും. ഒമ്പതംഗ സംഘം അന്നത്തെ നേതാക്കളായ കെ.എം ജോര്‍ജ്ജിനെയും മാത്തച്ചനെയും ഒക്കെ ഒതുക്കാനാരംഭിച്ചു. കോട്ടയം ജില്ലാ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ഔദ്യോഗികസ്ഥാനാര്‍ഥിക്കെതിരെ ഒമ്പതംഗ ഗ്രൂപ്പിന്റെ ഓ. ലൂക്കോസിനെ നിര്‍ത്തി ജയിപ്പിച്ചു. അധികം വൈകാതെ കേരള കോണ്‍ഗ്രസ്സിലെ ആദ്യത്തെ പിളര്‍പ്പ്. കുരുവിനാക്കുന്നേലും ജെ.എ ചാക്കോയും ഒക്കെ രാജി വെച്ച് ഒറിജിനല്‍ കേരള കോണ്‍ഗ്രസ്സ് ഉണ്ടാക്കി. ചെയര്‍മാന്‍ ജോര്‍ജ്ജ് ഇതൊന്നും അറിഞ്ഞില്ല.
അടുത്ത തെരഞ്ഞെടുപ്പില്‍ 13 സീറ്റ് കിട്ടിയെങ്കിലും കോണ്‍ഗ്രസ്സ് പിളര്‍ന്ന് ഇന്ദിരാ ഗാന്ധി ഉണ്ടാക്കിയ ഇന്ദിരാ കോണ്‍ഗ്രസ്സിനു വന്‍ ഭൂരിപക്ഷം കിട്ടിയതുകൊണ്ട് കേരള കോണ്‍ഗ്രസ്സിനെ അവര്‍ അവഗണിച്ചു. സര്‍ക്കാരില്‍ പങ്ക് നല്‍കിയില്ല. ഭരണമുന്നണിയിലും സി പി എം നയിക്കുന്ന പ്രതിപക്ഷത്തും ഇല്ലാത്ത അനാഥാവസ്ഥയിലായി കേരള കോണ്‍ഗ്രസ്സ്. അപ്പോഴാണ് കെ.എം മാണിയുടെ കൂര്‍മ്മബുദ്ധിയില്‍ ഒരു അത്ഭുതകരമായ ആശയം ഉദിച്ചത്. ഒന്നാം കമ്യൂണിസ്റ്റ് സര്‍ക്കാരിനെതിരെ വിമോചനസമരം നയിച്ച ഇടതു വിരുദ്ധകൂട്ടായ്മയുടെ സിരാകേന്ദ്രം ആയിരുന്നു കേരള കോണ്‍ഗ്രസ്സ്. കത്തോലിക്കാ സഭയുടെയും നായര്‍ സര്‍വീസ് സൊസൈറ്റിയുടെയും കായല്‍ രാജാക്കന്മാരുടെയും തോട്ടമുതലാളിമാരുടെയും ഒക്കെ സന്തതി. പക്ഷേ, ഈ ജന്മമുദ്രകളും കൊണ്ടിരുന്നാല്‍ കേരളാ കോണ്‍ഗ്രസ്സിനു കേരള രാഷ്ട്രീയത്തില്‍ വിപേശല്‍ ശക്തിയുണ്ടാകില്ലെന്ന് മാണി തിരിച്ചറിഞ്ഞു. അചിന്ത്യമായ ചില രാഷ്ട്രീയ കരണംമറിച്ചിലുകള്‍ അദ്ദേഹം ആസൂത്രണം ചെയ്തു.
അന്ന് ദില്ലിയിലെ രഹസ്യ ചര്‍ച്ചകളില്‍ മാണി പങ്കെടുത്തിരുന്നില്ല
ഒമ്പതംഗ യുവ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസ്സിനെ ഇടതുപക്ഷചിന്താഗതികളിലേക്ക് അദ്ദേഹം നയിക്കാന്‍ ആരംഭിച്ചു. ഭൂപരിഷ്‌കാരത്തിന്റെ പശ്ചാത്തലത്തില്‍ കുട്ടനാടും പാലക്കാടും മറ്റും കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും തമ്മില്‍ സംഘര്‍ഷം മുറ്റിനില്‍ക്കുന്ന സമയമായിട്ടും കേരള കോണ്‍ഗ്രസ്സിനെ ഇടത്തോട്ട് നീക്കാനുള്ള ശ്രമം പാര്‍ട്ടിക്കുള്ളില്‍ കൊടുങ്കാറ്റ് സൃഷ്ടിച്ചു. വിമോചനസമരകാലത്ത് തൊപ്പിപ്പാളസമരനായകനും കമ്യൂണിസ്റ്റ് വിരുദ്ധതയുടെ അപ്പോസ്തലനും കുട്ടനാട്ടിലെ കര്‍ഷകപ്രമാണിയും ആയ ഇ. ജോണ്‍ ജേക്കബ്ബ് എന്ന ഇലഞ്ഞിക്കല്‍ ബേബി യുവാക്കള്‍ക്കെതിരെ കലാപക്കൊടി ഉയര്‍ത്തി. പക്ഷേ, അവരും വിട്ടില്ല. പിന്നീട്, കമ്യുണിസ്റ്റ് സഹയാത്രികനായ അന്നത്തെ യുവ കേരള കോണ്‍ഗ്രസ്സ് നേതാവ് ലോനപ്പന്‍ നമ്പാടന്‍ ജോണ്‍ ജേക്കബിനെതിരെ പാര്‍ട്ടി യോഗത്തില്‍ വെച്ച് ബ്ലേഡ് കൊണ്ട് സ്വയം ശരീരം കീറിമുറിച്ച് ചോര ചിന്തി നാടകീയരംഗങ്ങള്‍ സൃഷ്ടിച്ചു. അധികം വൈകാതെ ആജന്മശത്രുക്കളെന്ന് കരുതിയ കേരള കോണ്‍ഗ്രസ്സും സി പി എമ്മും സഖാക്കളായി തീര്‍ന്നു!
അടിയന്തിരാവസ്ഥ പ്ര്യാപിച്ചപ്പോള്‍ സി പി എമ്മിനൊപ്പം പ്രതിഷേധക്കൊടുങ്കാറ്റ് ഉയര്‍ത്താന്‍ പ്രതിപക്ഷ മുന്നണിയുടെ മുന്‍ നിരയില്‍ കേരള കോണ്‍ഗ്രസ്സ്. പക്ഷേ, അപ്പോഴേക്കും കേരള കോണ്‍ഗ്രസ്സിന്റെ അതിജീവനത്വര അതിന്റെ രാഷ്ട്രീയനിലപാടിനെ മറികടന്നു. അടിയന്തിരാവസ്ഥയുടെ ഭീകരമുഖം തെളിഞ്ഞതോടെ പ്രതിപക്ഷം തനിക്ക് പറ്റില്ലെന്ന് കേരള കോണ്‍ഗ്രസ്സിനു മനസ്സിലായി. കോണ്‍ഗ്രസ്സും സി പി ഐയുമായി അവരുടെ നേതാക്കള്‍ രഹസ്യാലോചനകള്‍ ആരംഭിച്ചു. അപ്പോഴും അടിയന്തിരാവസ്ഥക്കെതിരെ ഇ എം എസ്സിനും, എ കെ ജിക്കും ഒപ്പം കെ എം ജോര്‍ജ്ജും ആര്‍ ബാലകൃഷ്ണപിള്ളയും അറസ്റ്റ് വരിക്കുകയും മാണി ഒളിവില്‍ പോകുകയും ചെയ്തു. പ്രതിപക്ഷത്തിരുന്നു തന്നെ കോണ്‍ഗ്രസ്സിന്റെ ക്ഷണപ്രകാരം രഹസ്യമായി ദില്ലിയില്‍ എത്തി ദിവസങ്ങളോളം കേന്ദ്ര ആഭ്യന്തരമന്ത്രി കെ സി പാന്തുമായും ഐ ബി ഉദ്യോഗസ്ഥരുമൊക്കെയായി ചര്‍ച്ച. പിന്നീട് അവരെ കാണുന്നത് അച്യുതമേനോന്‍ മന്ത്രിസഭയില്‍ അംഗങ്ങളായാണ്!
അടിയന്തിരാവസ്ഥക്കെതിരെ ഒളിവില്‍ പോയ മാണിയും അറസ്റ്റിലായ ബാലകൃഷ്ണപിള്ളയുമായിരുന്നു രായ്ക്കുരാമാനം കരണം മറിഞ്ഞ് അധികാരമേറ്റ പുതിയ മന്ത്രിമാര്‍. ദില്ലി ചര്‍ച്ചകള്‍ക്ക് ശേഷം തിരുവനന്തപുരത്തേക്ക് വിമാനം കയറിയ പിള്ള അതേ വിമാനത്തില്‍ ഉണ്ടായിരുന്ന ഇ എം എസ്സിനോട് നിസ്സഹായനായി പറഞ്ഞത്രേ; ''സഖാവേ, ജയിലില്‍ പോണോ മന്ത്രിസ്ഥാനം വേണോ എന്നായിരുന്നു ഞങ്ങളോട് ഐ ബി ഉദ്യോഗസ്ഥരുടെ ചോദ്യം. എന്ത് ചെയ്യാന്‍! അന്ന് ദില്ലിയിലെ രഹസ്യ ചര്‍ച്ചകളില്‍ മാണി പങ്കെടുത്തിരുന്നില്ല. കെ എം ജോര്‍ജ്ജും കെ വി കുര്യനും ബാലകൃഷ്ണപിള്ളയും പി ജെ ജോസഫും ഒത്ത് ദിലി ചര്‍ച്ചകളില്‍ പങ്കെടുത്ത ജോര്‍ജ്ജ് എ മാത്യു പിന്നീട് എഴുതി: ''കെ എം മാണിയെ ഫോണില്‍ വിളിച്ച് ഞങ്ങള്‍ വിവരമറിയിച്ചു. ദല്‍ഹിയാത്രയെന്ന ഗതികേട് ഒഴിവാക്കാനാവില്ലെന്നും ഇടതുപക്ഷത്തോടുള്ള പ്രണയനാടകം കൂടുതല്‍ വികാരാവേശത്തോടെ നിര്‍വിഘ്‌നം തുടര്‍ന്നുകൊള്ളണമെന്നും പ്രേമഗാനങ്ങള്‍ കൂടുതല്‍ ഉച്ചത്തില്‍ പാടിക്കൊണ്ടിരിക്കണമെന്നും രഹസ്യ നിര്‍ദ്ദേശം നല്‍കി...'' പില്‍ക്കാലത്ത് മാണിയോട് ശത്രുതയിലായ മാത്യു ഇങ്ങനെയും കൂട്ടിച്ചേര്‍ത്തു: ''ഞങ്ങളുടെ നേതാവിന്റെ കപടനാടകമാടാനുള്ള കഴിവില്‍ ഞങ്ങള്‍ക്ക് നല്ല മതിപ്പുണ്ടായിരുന്നു..''
മന്ത്രിസ്ഥാനം ആഗ്രഹിച്ച ചെയര്‍മാന്‍ ജോര്‍ജ്ജും മന്ത്രിസ്ഥാനം നേടിയെടുത്ത മാണിയുമായുള്ള ഭിന്നതകള്‍ അതോടെ രൂക്ഷമായിത്തീര്‍ന്നു. ഇത് കലാശിച്ചത് മാണിയുടെ നേതൃത്വത്തില്‍ പാര്‍ട്ടിയുടെ പിളര്‍പ്പിലാണ്. നാരായണക്കുറുപ്പായി മാണി ഗ്രൂപ്പിന്റെ പുതിയ ചെയര്‍മാന്‍. വി ടി സെബാസ്റ്റ്യന്‍ സെക്രട്ടറി ജോര്‍ജ്ജ് മാത്യുവും പി ജെ ജോസഫും നമ്പാടനുമൊക്കെ മാണി പക്ഷത്തായിരുന്നു. ബാലകൃഷ്ണപിള്ള മറുപക്ഷത്തും. ഇരുപക്ഷവും യു ഡി എഫില്‍ നിന്നു.
1976...
ഡിസംബര്‍ 11 -നു അവിചാരിതമായി ട്രാന്‍സ്‌പോര്‍ട്ട് മന്ത്രി ജോര്‍ജ്ജ് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് അന്തരിച്ചു. കോട്ടയത്ത് ജോര്‍ജ്ജിന്റെ മൃതദേഹത്തില്‍ മാണിയര്‍പ്പിച്ച റീത്ത് എടുത്ത് വലിച്ചെറിഞ്ഞുകൊണ്ട് 'ജോര്‍ജ്ജ് സാറിന്റെ കൊലയാളി' എന്ന് ആക്രോശിച്ച് പിള്ള അന്ന് നാടകീയ രംഗങ്ങള്‍ അവതരിപ്പിച്ചു. ജോര്‍ജ്ജിന്റെ ഒഴിവില്‍ പിള്ള ചെയര്‍മാനായി. പക്ഷേ, അതിനകം പാര്‍ട്ടിയുടെ ഒന്നാമനായി തീര്‍ന്ന മാണിക്കൊപ്പമായി മിക്ക നേതാക്കളും. പിള്ളക്ക് സ്വന്തം കേരള കോണ്‍ഗ്രസ്സ് (ബി) രൂപീകരിച്ച് ഒതുങ്ങേണ്ടിവന്നു. പിന്നീട് ഇന്ദിരാ ഗാന്ധി നേരിട്ട് ഇടപെട്ട് കേരള കോണ്‍ഗ്രസ്സ് വിഭാഗങ്ങളെ നിര്‍ബന്ധിതമായി കൂട്ടിയോജിപ്പിച്ചു. ചെയര്‍മാനായി ജോര്‍ജ്ജ്-പിള്ള വിഭാഗത്തിലെ ഇ. ജോണ്‍ ജേക്കബിനെയും ജനറല്‍ സെക്രട്ടറിയായി മാണി ഗ്രൂപ്പിന്റെ കുറുപ്പിനെയും കോണ്‍ഗ്രസ്സ് പ്ര്യാപിച്ചു. അടിയന്തിരാവസ്ഥ ആയതിനാല്‍ കേരള കോണ്‍ഗ്രസ്സ് നിശബ്ദം എല്ലാം അനുസരിച്ചു. ആദ്യമായി ആയിരുന്നു ഒരു പാര്‍ട്ടിയുടെ ഭാരവാഹികളെ മറ്റൊരു പാര്‍ട്ടി തീരുമാനിച്ചത്! പക്ഷേ, കുറച്ചു കഴിഞ്ഞപ്പോള്‍ പിള്ള പിണങ്ങി പ്രതിപക്ഷത്തേക്ക് അടുത്തു. അടിയന്തിരാവസ്ഥ കഴിഞ്ഞുള്ള തെരഞ്ഞെടുപ്പില്‍ യു ഡി എഫില്‍ കക്ഷിയായിരുന്ന കേരള കോണ്‍ഗ്രസ്സും നല്ല വിജയം നേടി. വീണ്ടും ആഭ്യന്തരവകുപ്പ് ലഭിച്ച മാണി അടക്കം മൂന്ന് പേര്‍ മന്ത്രിമാര്‍. പക്ഷേ, 1977 ഡിസംബര്‍ 21 -നു ഇടിത്തീ പാലെ മാണിയുടെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി. പാലാക്കാരനായ ഐ പി എസ് ഉദ്യോഗസ്ഥന്‍ ജോസഫ് തോമസിന്റെ സഹായം അദ്ദേഹം തെരഞ്ഞെടുപ്പില്‍ നേടിയെന്നതായിരുന്നു കേസ്. മാണി രാജി വെച്ചു. പകരം പി ജെ ജോസഫ് ആഭ്യന്തര മന്ത്രിയായി. മാണി പാര്‍ട്ടി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു.
മാണി മുമ്പ് കെ എം ജോര്‍ജ്ജിനെതിരെ നടത്തിയ കളികള്‍ ഇക്കുറി ജോസഫും സംഘവും മാണിക്കെതിരെ പ്രയോഗിച്ചു
പിന്നീട് മാണിയുടെ അപ്പീല്‍ സുപ്രീം കോടതി അനുവദിച്ചതോടെ പി ജെ ജോസഫ് മാണിക്ക് വീണ്ടും മന്ത്രിയാകാന്‍ വേണ്ടി രാജി വെച്ചത് കേരള കോണ്‍ഗ്രസിലെ അപൂര്‍വതയായി. എന്നാല്‍, പകരം ചെയര്‍മാനാകാന്‍ കൊതിച്ച പി ജെ ജോസഫിനു പകരം മാണി വി ടി സെബാസ്റ്റ്യനെ തെരഞ്ഞെടുക്കാന്‍ വേണ്ട പണി ചെയ്തു. മന്ത്രിസ്ഥാനവും ജോസഫിന്റെ ആളായ ടി എസ് ജോണിനു പകരം മാണി സ്വന്തക്കാരനായ ഡോ ജോര്‍ജ്ജ് മാത്യുവിനു ശരിപ്പെടുത്തിക്കൊടുത്തു. ഇതിലുള്ള പ്രതിഷേധം ചെന്നെത്തിയത് കേരള കോണ്‍ഗ്രസ്സിന്റെ മറ്റൊരു പിളര്‍പ്പില്‍. 1979 -ല്‍ ജോസഫ് സ്വന്തം കേരള കോണ്‍ഗ്രസ്സ് ഉണ്ടാക്കി. യുവനേതാക്കളായിരുന്ന പി സി ജോര്‍ജ്ജും ടി എം ജേക്കബും ഡോ. കെ സി ജോസഫും മറ്റും അന്ന് ജോസഫിനൊപ്പം ചേര്‍ന്നു. ആ ദിവസങ്ങളില്‍ പല സമ്മേളനങ്ങളിലും രണ്ട് ഗ്രൂപ്പുകാരും തമ്മില്‍ പൊരിഞ്ഞ തല്ല് നടന്നു. പക്ഷേ, ജോസഫ് ഗ്രൂപ്പിനെയും മുഖ്യമന്ത്രി പി കെ വാസുദേബന്‍ നായര്‍ നയിച്ച ഭരണമുന്നണിയില്‍ ഉള്‍പ്പെടുത്തിയതില്‍ മാണി പ്രതിഷേധിച്ചു. ഇതെത്തിയത് മാണി ഗ്രൂപ്പ് മുന്നണിയില്‍ നിന്ന് രാജി വെക്കുന്നതിലായിരുന്നു. മാണി മുമ്പ് കെ എം ജോര്‍ജ്ജിനെതിരെ നടത്തിയ കളികള്‍ ഇക്കുറി ജോസഫും സംഘവും മാണിക്കെതിരെ പ്രയോഗിച്ചു. അന്ന് മനോരമയില്‍ കെ ആര്‍ ചുമാര്‍ ഇങ്ങനെയെഴുതി: ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ ജോര്‍ജ്ജും ജോണ്‍ ജേക്കബുമൊക്കെ ദുഖിതരായി ഒരുതരം ഏകാന്ത നാടകത്തിലെ നായകരായി മാറുകയാണ് പതിവ്. എന്നാല്‍ മാണി അത്തരക്കാരനല്ല. പാര്‍ട്ടിക്കുള്ളില്‍ അദ്ദേഹം ഒരു പോരാളിയാണ്. ഏത് എതിരാളിയെയും അരിഞ്ഞുവീഴ്ത്തിയേ അദ്ദേഹം അടങ്ങൂ....'' (കാല്‍ നൂറ്റാണ്ട്, ചെറിയാന്‍ ഫിലിപ്)
1979...
ഒക്‌ടോബറില്‍ സി പി എം- സി പി ഐ ഐക്യത്തിനായി പി കെ വി മുഖ്യമന്ത്രിപദം രാജിവെച്ചതോടെ ലീഗിന്റെ സി എച്ച് മുഹമ്മദ് കോയ മുഖ്യമന്ത്രിയായി മൂന്നംഗമന്ത്രിസഭ നിലവില്‍ വന്നു. കോണ്‍ഗ്രസ്സിന് ഒപ്പം ജോസഫ് ഗ്രൂപ്പും മാണി ഗ്രൂപ്പും ഇതിനു പിന്തുണ നല്‍കി. പക്ഷേ, അധികം വൈകാതെ അന്നുവരെ ഇഷ്ടദാന ബില്ലിലും മറ്റും കടുത്ത സി പി എം വിരോധം പ്രകടിപ്പിച്ച് മാണി സി പി എമ്മുമായി ചേരാന്‍ ആലോചന ആരംഭിച്ചു. അടിയന്തിരാവസ്ഥയില്‍ അനുഭവിച്ച കൊടിയ വഞ്ചന ഒക്കെ മറന്ന് സി പി എം മാണിയുമായി വീണ്ടും അടുത്തു. സി പി എം പിന്തുണയോടെ മുഖ്യമന്ത്രിപദസാധ്യത സ്വപ്നം കണ്ട് ജനകീയ സോഷ്യലിസത്തിന്റെ സൈദ്ധാന്തികനായി അവതരിച്ച മാണി സി എച്ച് സര്‍ക്കാരിനു പിന്തുണ പിന്‍വലിച്ചു. പക്ഷേ, മാണിയുടെ ആഗ്രഹം നടന്നില്ല. ഗവര്‍ണര്‍ നിയമസഭ പിരിച്ചുവിട്ടു. വന്നത് രാഷ്ട്രപതിഭരണം.
1980...
അടിയന്തിരാവസ്ഥക്കാലത്ത് സി പി എമ്മിന്റെ ശത്രുക്കളായിരുന്ന സി പി ഐ, ആന്റണിയുടെ കോണ്‍ഗ്രസ്സ് (യു), ആര്‍ എസ് പി മാണി കേരള കോണ്‍ഗ്രസ്സ്, പിള്ള ഗ്രൂപ് എന്നിവ ഒക്കെ അവര്‍ക്കൊപ്പം എത്തിയിരുന്നു. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് മുന്നണി തറപറ്റി. നായനാരുടെ മന്ത്രിസഭ. മാണി രണ്ടാം തവണ ധനമന്ത്രി. പക്ഷേ അധികം വൈകാതെ 1967 -ലെ കക്ഷിമുന്നണിയിലെപ്പോലെ മുന്നണിയില്‍ സി പി എമ്മിനെതിരെ അന്തഛിദ്രം വളര്‍ന്നു. ആദ്യം കോണ്‍ഗ്രസ്സ് (ഉ) മുന്നണി വിട്ടു. അധികം വൈകാതെ മാണിയും.
പാഠം പഠിക്കാത്ത സി പി എം സര്‍ക്കാര്‍ ഭൂരിപക്ഷം നഷ്ടപ്പെട്ട് രാജി വെച്ചൊഴിഞ്ഞു. തന്റെ സര്‍ക്കാരിനെ അട്ടിമറിച്ചതിന് അന്നത്തെ മുഖ്യമന്ത്രി നായനാര്‍ അവസാനം വരെ ആന്റണിയോടും മാണിയോടും ക്ഷമിച്ചില്ല. മതമേലദ്ധ്യക്ഷന്മാരും ഇന്ദിരാ ഗാന്ധിയുടെ ഉപദേഷ്ടാവ് പി സി അലക്‌സാണ്ടറും കെ കരുണാകരനും ചില പ്രമുഖപത്രങ്ങളും ചേര്‍ന്നായിരുന്നു ഇടതുപക്ഷം വീണ്ടും വിടാന്‍ മാണിയെ പ്രേരിപ്പിച്ചത് എന്ന് പൊട്ടംകുളം പിന്നീട് എഴുതിയിട്ടുണ്ട്. മറു കണ്ടം ചാടിയാല്‍ മാണിക്ക് 22 സീറ്റായിരുന്നുവത്രേ കരുണാകരന്റെ ഓഫര്‍. തിരിച്ചെത്തിയ മാണി 1981 ഡിസംബറില്‍ രൂപീകരിച്ച കരുണാകരന്‍ സര്‍ക്കാരില്‍ വീണ്ടും ധനമന്ത്രി. പക്ഷേ, അധികം കഴിയാതെ ആന്റണി കോണ്‍ഗ്രസ്സിലും ജനതയിലും വന്ന പിളര്‍പ്പിനെ തുടര്‍ന്ന് ഭൂരിപക്ഷം നഷ്ടമായ കരുണാകരന്‍ മന്ത്രിസഭയെ പരിഹാസ്യമാം വിധം താങ്ങിനിര്‍ത്തിയത് സ്പീക്കര്‍ എ സി ജോസിന്റെ കാസ്റ്റിങ് വോട്ട്. എട്ടുതവണ സ്പീക്കരുടെ കാസ്റ്റ് വോട്ട് കൊണ്ട് നിലനിന്ന സര്‍ക്കാരിനു കാസ്റ്റിങ് സര്‍ക്കാരെന്നും ജോസിനു കാസ്റ്റിങ് സ്പീക്കര്‍ എന്നും പേരു വീണു. പക്ഷേ, 1982 മാര്‍ച്ച് 27 -നു മാണിയുടെ പക്ഷത്തെ ഒരു എം എല്‍ എ -ലോനപ്പന്‍ നമ്പാടന്‍- മുമ്പ് പലതവണ മാണി കാണിച്ചുകൊടുത്ത അതേ തന്ത്രം പയറ്റി ഇടതുപക്ഷത്ത് ചേര്‍ന്നു. മൂന്ന് മാസം പ്രായമായ മന്ത്രിസഭ വീണു.
1996 -ല്‍ മൂന്നാം നായനാര്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നു
1982 മെയ് 19 -നു നടന്ന അടുത്ത തെരഞ്ഞെടുപ്പില്‍ യു ഡി എഫ് 77 സീറ്റുമായി അധികാരത്തില്‍. മാണി വീണ്ടും ധനമന്ത്രി. മാണിയുടെ വലിയ സമ്മതമില്ലാതെയെങ്കിലും ഗ്രൂപ്പില്‍ തിരിച്ചെത്തിയിരുന്ന പിള്ളയും മന്ത്രി. ജോസഫും ജേക്കബും ജോസഫ് ഗ്രൂപ്പില്‍ നിന്നും മന്ത്രിമാര്‍. കേരളപ്പിറവിക്ക് ശേഷം കാലാവധി തികച്ച ആദ്യത്തെ സര്‍ക്കാരായിരുന്നു അത്. 1987 -ല്‍ നായനാരുടെ നേതൃത്വത്തില്‍ എല്‍ ഡി എഫ് സര്‍ക്കാര്‍. ആ സര്‍ക്കാരിന്റെ കാലത്ത് പി ജെ ജോസഫ് ആദ്യമായി ഇടതുപക്ഷത്തേക്ക് ചാഞ്ഞു. 1989 -ലെ ലോകസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തര്‍ക്കത്തെ തുടര്‍ന്ന് യു ഡി എഫ് ഉപേക്ഷിച്ചായിരുന്നു ജോസഫിന്റെ ചേരിമാറ്റം. പക്ഷേ, അപ്പോഴേക്കും ജോസഫിനൊപ്പം എത്തിയിരുന്ന പിള്ള യു ഡി എഫില്‍ തന്നെ നിന്നുവെങ്കിലും കൂറുമാറ്റനിയമപ്രകാരം നിയമസഭാംഗത്വം നഷ്ടപ്പെട്ടു. പക്ഷേ, അദ്ദേഹം കേരള കോണ്‍ഗ്രസ്സ് (ബി) പുനരുജ്ജീവിപ്പിച്ചു. 1991 -ല്‍ രാജീവ് ഗാന്ധി വധത്തിന്റെ സഹതാപതരംഗത്തില്‍ യു ഡി എഫ് വീണ്ടും അധികാരമേറിയപ്പോള്‍ മാണിയും ജോസഫ് പക്ഷത്ത് നിന്ന് മാണിക്കൊപ്പമെത്തിയിരുന്ന ടി എം ജേക്കബും പിള്ളയും മന്ത്രിമാര്‍.
1993 -ല്‍ മാണി ഗ്രൂപ്പില്‍ പുതിയ പിളര്‍പ്പ്. കോര്‍പ്പറേഷനുകള്‍ പങ്ക് വെക്കുന്നതില്‍ മാണിയുമായി ഇടഞ്ഞ ടി എം ജേക്കബും അദ്ദേഹത്തിന്റെ പക്ഷക്കാരായ മറ്റ് മൂന്ന് എം എല്‍ എമാരും പുറത്താക്കപ്പെട്ടു. കേരള കോണ്‍ഗ്രസ്സ് -ജേക്കബ് പിറന്നു. 1995 -ല്‍ ഐ എസ് ആര്‍ ഓ ചാരക്കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്സില്‍ ഐ-എ പോരാട്ടം രൂക്ഷമായി. മുഖ്യമന്ത്രി കരുണാകരനെ മാറ്റാന്‍ ആന്റണി കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസ്സുകളും ലീഗും അടക്കം യു ഡി എഫിലെ മിക്ക സഖ്യകക്ഷികളും ഒന്നിച്ചു. കോണ്‍ഗ്രസ്സ് കേന്ദ്രനേതൃത്വം കരുണാകരനെ നീക്കി 1995 മാര്‍ച്ചില്‍ ആന്റണി മുഖ്യമന്ത്രിയായപ്പോള്‍ മാണിയും ജേക്കബും പിള്ളയും അടക്കം എല്ലാവരും വീണ്ടും മന്ത്രിമാര്‍. പക്ഷേ, അധികം വൈകാതെ ഇടമലയാര്‍ കേസില്‍ പ്രത്യേക കോടതി കുറ്റക്കാരനെന്ന് വിധിച്ചതോടെ പിള്ളയ്ക്ക് രാജി വെക്കേണ്ടിവന്നു.
വാസ്തവത്തില്‍ പി ജെ ജോസഫ് 1989 -ല്‍ എല്‍ ഡി എഫില്‍ വന്നതൊഴിച്ചാല്‍ 1987 -ല്‍ വര്‍ഗ്ഗീയസംഘടനകളുമായി ബന്ധം പാടില്ലെന്ന് സി പി എം തീരുമാനിച്ച ശേഷം പാര്‍ട്ടികളുടെ മുന്നണിമാറ്റം അവസാനിച്ചിരുന്നു. അതോടെ രാഷ്ട്രീയ അസ്ഥിരത അവസാനിക്കുകയും സര്‍ക്കാരുകള്‍ കാലാവധി പൂര്‍ത്തിയാക്കുന്നത് പതിവാകുകയും ചെയ്തു. 1996 -ല്‍ മൂന്നാം നായനാര്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. കേരള കോണ്‍ഗ്രസ്സില്‍ നിന്ന് പി ജെ ജോസഫ് മന്ത്രിയായി. 1975 -ല്‍ മാണി ആദ്യം മന്ത്രിയായശേഷം ആദ്യമായിട്ടാണ് അദ്ദേഹത്തിനു മന്ത്രിപദമില്ലാതെ തുടര്‍ച്ചയായി അഞ്ച് വര്‍ഷം കടന്നുപോകുന്നത്. പിന്നീട് 2001 -ലും 2011 -ലും വീണ്ടും യു ഡി എഫ് വന്നശേഷം അഞ്ച് വര്‍ഷം വീതം മാണി ഏഴാമത്തെയും എട്ടാമത്തെയും തവണ മന്ത്രി. അതിനിടെ മാണിയെ വിട്ടുപോയ മറ്റ് രണ്ട് വലിയ എതിരാളികള്‍ കൂടി അദ്ദേഹത്തിനൊപ്പം വന്നു.
2016 -ലെ നിയമസഭാതെരഞ്ഞെടുപ്പില്‍ യു ഡി എഫ് കനത്ത പരാജയമേറ്റു
2009 -ല്‍ മാണിയുടെ ആജന്മശത്രു ആയ പി സി ജോര്‍ജ്ജും 2010 -ല്‍ എല്‍ ഡി എഫ് സര്‍ക്കാരില്‍ നിന്ന് മന്ത്രിസ്ഥാനം തന്നെ രാജി വെച്ച് ജോസഫും അദ്ദേഹത്തിന്റെ നേതൃത്വം അംഗീകരിക്കുമ്പോള്‍ മാണിയുടെ വിജയം ചെറുതായിരുന്നില്ല. യു ഡി എഫിന്റെ കനത്ത എതിര്‍പ്പ് അവഗണിച്ചുകൊണ്ടാണ് മണി ജോസഫിനെ സ്വീകരിച്ചത്. ജോര്‍ജ്ജ് പിന്നീട് വീണ്ടും ജോസഫിനെയും മാണിയെയും വിട്ട് പോയെങ്കിലും ജോസഫ് കൂടെ തന്നെ നിന്നു. പക്ഷേ, അവസാനത്തെ മന്ത്രിപദക്കാലം മാണിക്ക് ജീവിതത്തിലേറ്റവും വെല്ലുവിളി നേരിട്ട സമയമായിരുന്നു. ബാര്‍ കോഴക്കേസായിരുന്നു ഇതില്‍ മുഖ്യം. കാര്യമായ അഴിമതി ആരോപണമൊന്നും തന്റെ ദീര്‍ഘമായ രാഷ്ട്രീയജീവിതത്തില്‍ നേരിടാത്ത മാണി കൈക്കൂലി വാങ്ങിയെന്ന ആരോപണം ശക്തമായിരുന്നു. ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് അന്വേഷണം നടക്കുമ്പോള്‍ മാണി മന്ത്രിയായിരിക്കുന്നതിനെതിരെ ഹൈക്കോടതി അദ്ദേഹത്തിനെതിരെ പ്രതികൂലമായ പരാമര്‍ശം നടത്തി.
ഇതേ തുടര്‍ന്ന് 2015 നവംബര്‍ 10 -നു മാണി രാജി വെക്കേണ്ടിവന്നത് അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഘാതമായി. പ്രതിപക്ഷത്തെക്കാള്‍ യു ഡി എഫില്‍ നിന്ന് പ്രത്യേകിച്ച് കോണ്‍ഗ്രസ്സില്‍ നിന്ന് അദ്ദേഹത്തിന്റെ രാജിക്ക് വേണ്ടി വന്ന സമ്മര്‍ദ്ദമായിരുന്നു മാണിയെ വല്ലാതെ വിഷമിപ്പിച്ചത്. മാത്രമല്ല തനിക്ക് ഒപ്പം രാജി വെക്കുമെന്ന് കരുതിയ ജോസഫ് അതിനു തയ്യാറാകാതെയും വന്നത് അദ്ദേഹത്തിനു വലിയ അടിയായി. ബാര്‍ കോഴക്കേസില്‍ മാണിക്കെതിരെ ആഞ്ഞടിച്ചിരുന്ന സി പി എം മറുവശത്ത് നിന്ന് മാണിയെ പുല്‍കാന്‍ വെമ്പി. സി പി എമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ ക്ഷണിക്കപ്പെട്ട ഏക യു ഡി എഫ് നേതാവായി അദ്ദേഹം. മുമ്പും മാണിയെ ആകര്‍ഷിക്കാന്‍ ഉപയോഗിക്കപ്പെട്ട മുഖ്യമന്ത്രിപദവാഗ്ദാനം മാണിയുടെ മുന്നിലെത്തി. അപ്പോഴേക്കും അദ്ദേഹത്തിന്റെ -പ്രത്യേകിച്ച് മകന്‍ ജോസ് കെ മാണിയുടെ- കോണ്‍ഗ്രസ്സുമായുള്ള ബന്ധവും വല്ലാതെ മോശമായി. 2016 -ലെ നിയമസഭാതെരഞ്ഞെടുപ്പില്‍ യു ഡി എഫ് കനത്ത പരാജയമേറ്റു. അതിനു തൊട്ടു മുമ്പ് തന്നെ ജോസഫ് പക്ഷത്ത് നിന്ന് ഫ്രാന്‍സിസ് ജോര്‍ജ്ജ് അടക്കം മൂന്ന് നേതാക്കള്‍ എല്‍ ഡി എഫില്‍ മടങ്ങിയെത്തിയിരുന്നു. മൂന്ന് മാസം കൂടി കഴിഞ്ഞപ്പോള്‍ മൂന്നര ദശാബ്ദം നീണ്ട ബന്ധം അവസാനിപ്പിച്ച് മാണി യു ഡി എഫ് വിട്ടു. എപ്പോള്‍ വേണമെങ്കിലും സി പി എം സഹായത്തോടെ മാണി എല്‍ ഡി എഫില്‍ എത്തുമെന്ന സൂചന വന്നു. പക്ഷേ വി എസ് അച്യുതാനന്ദന്റെയും സി പി ഐയുടെയും അതിശക്തമായ എതിര്‍പ്പ് മൂലം ഇത് നടന്നില്ല.
2017 മെയ് ആദ്യം കോട്ടയം ജില്ല പഞ്ചായത്ത് ഭരണം സി പി എം പിന്തുണയോടെ മാണി ഗ്രൂപ്പ് പിടിച്ചെടുത്തു. ചെന്നിത്തലയും ചാണ്ടിയും 42 വര്‍ഷമായുള്ള കോണ്‍ഗ്രസ്സ് ബന്ധം മറന്ന മാണിയുടെ വഞ്ചനക്കെതിരെ ആഞ്ഞടിച്ചു. അതിനിടെ എന്‍ ഡി എയും മാണിയെ വശീകരിക്കാന്‍ ശ്രമിച്ചു. ജോസ് കെ മാണിക്ക് കേന്ദ്രമന്ത്രിപദമായിരുന്നു ആകര്‍ഷണം. യു ഡി എഫുമായി അകല്‍ച്ചയിലായപ്പോഴും 2017 -ല്‍ മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന്റെ പി കെ കുഞ്ഞാലിക്കുട്ടിക്ക് മാണി പിന്തുണ പ്ര്യാപിച്ചു. ഇതോടെ കോണ്‍ഗ്രസ്സ് അരിശമൊക്കെ അവസാനിപ്പിച്ച് മാണിയോട് യു ഡി എഫില്‍ മടങ്ങിവരാന്‍ അപേക്ഷിച്ചു. കോഴക്കേസില്‍ പെട്ട് മന്ത്രിപദത്തില്‍ നിന്ന് ഇറങ്ങിയ ഒരാള്‍ക്ക് ഒരേ സമയം മൂന്ന് മുന്നണികളുടെയും പ്രണയകടാക്ഷം ലഭിക്കുന്ന അപൂര്‍വ ചരിത്രം മാണിയുടെ പേരില്‍ എഴുതപ്പെട്ടു.
2018 ഏപ്രിലില്‍ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പായതോടെ മൂന്ന് മുന്നണികളും മാണിയുടെ പുറകേ സഹായാഭ്യര്‍ഥനയുമായി നടന്നു. സി പി എമ്മും മണിയുടെ എതിരാളികളായ സി പി ഐയും തമ്മില്‍ ഇതേച്ചൊല്ലി പരസ്യമായി ഏറ്റുമുട്ടി. പക്ഷേ, അല്‍പ്പം സസ്പെന്‍സിനു ശേഷം തന്റെ പിന്തുണ യു ഡി എഫിനാണെന്ന് മാണി പ്ര്യഖ്യാപിച്ചു. എന്നാല്‍ ഇത് യു ഡി എഫില്‍ ചേരുന്നതിന്റെ സൂചനയുമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ 2018 ജൂണ്‍ ആദ്യം മാണി വീണ്ടും മൂഷികസ്ത്രീ ആയി. യു ഡി എഫില്‍ തിരിച്ച് പ്രവേശിച്ചു. ''ഇത്രയും സ്‌നേഹം എന്നോട് ഉണ്ടായിരുന്നെന്ന് ഞാന്‍ അറിഞ്ഞേയില്ല'' മാണി തന്നെ കൈ നീട്ടി സ്വീകരിച്ച യു ഡി എഫ് നേതാക്കളോട് മൊഴിഞ്ഞു. അന്നു തന്നെ ലോകസഭയില്‍ നിലവിലെ അംഗമായിരുന്ന മാണിയുടെ മകന്‍ ജോസ് കെ മാണി യു ഡി എഫിന്റെ രാജ്യസഭാ സ്ഥാനാര്‍ഥിയായതോടെ മാണിയുടെ മടക്കത്തിന്റെ കഥ തെളിഞ്ഞു.
ജോസ് കെ മാണിയെ ചെയര്‍മാനായി വാഴിക്കാന്‍ ആണ് മാണിപക്ഷത്ത് ഭൂരിപക്ഷത്തിന്റെയും നീക്കം
2019 -ല്‍ ലോകസഭയുടെ കാലാവധി അവസാനിക്കുന്നതിനു മുമ്പ് ജോസിനു സുരക്ഷിതമായ സ്ഥനം നല്‍കുക ആയിരുന്നു ഉദ്ദേശം. വാസ്തവത്തില്‍ മാണി തന്നെ രാജ്യസഭയിലേക്ക് പോകാനായിരുന്നുവത്രേ ആദ്യ ആലോചന. പക്ഷെ, തുടര്‍ന്ന് പാലായിലെ ഉപതെരഞ്ഞെടുപ്പില്‍ തോറ്റാലോ എന്ന സംശയത്തിലാണത്രേ ജോസ് മതിയെന്ന് തീരുമാനിക്കപ്പെട്ടത്. സീറ്റ് ഇന്നലെവരെ യു ഡി എഫിനെ ആക്രമിച്ച മാണിക്ക് നല്‍കിയതില്‍ പ്രതിഷേധിച്ച് യു ഡി എഫ് യോഗത്തില്‍ നിന്ന് വി എം സുധീരന്‍ ഇറങ്ങിപ്പോയെന്ന് പത്രങ്ങള്‍ എഴുതി. സീറ്റില്‍ കണ്ണുണ്ടായിരുന്ന ജോസഫ് തന്നെ ജോസിന്റെ പേര് പാര്‍ട്ടി ഏകകണ്ഠമായി തീരുമാനിച്ചെന്ന് പ്ര്യഖ്യാപിച്ചു. ജോസിന്‍റെ കോട്ടയം ലോകസഭാ സീറ്റ് കോണ്‍ഗ്രസ്സ് എടുക്കുമെന്നായിരുന്നു ധാരണ. 2019 ആയപ്പോള്‍ ലോകസഭാ സീറ്റ് വീണ്ടും മാണി തന്നെ എടുത്തുവെന്ന് മാത്രം. ആ സീറ്റിനു വേണ്ടി അവസാനം വരെ വാശി പിടിച്ച ജോസഫ് അവസാനം നിശബ്ദം കീഴടങ്ങി. അതിനകം തീരെ അവശനായിരുന്ന മാണിയെ ഈ തര്‍ക്കങ്ങളിലൊക്കെ പങ്കെടുപ്പിച്ചുകൊണ്ടായിരുനു തീരുമാനം. ആസന്നമരണാവസഥയിലും മാണി ജയിച്ചുനിന്നെന്ന് ചുരുക്കം.
1970 -കള്‍ മുതല്‍ കേരള കോണ്‍ഗ്രസ്സ് അടക്കിഭരിച്ച മാണിയുടെ നിര്യാണം ഒരുവലിയ അധ്യായത്തിനു തിരശീല ഇടുന്നു. ഇനി അദ്ദേഹത്തിന്റെ പാര്‍ട്ടിക്ക് എന്ത് സംഭവിക്കുമെന്നതാണ് വരും ദിനങ്ങളില്‍ രാഷ്ട്രീയ കേരളത്തില്‍ ഏറ്റവും ശ്രദ്ധാര്‍ഹമായ കാര്യം. ഒറ്റയടിക്ക് പാര്‍ട്ടി ചെയര്‍മാന്‍, പാര്‍ട്ടി ലീഡര്‍, പാല എം എല്‍ എ എന്നിങ്ങനെ മൂന്ന് സ്ഥാനങ്ങളാണ് ഒഴിഞ്ഞത്. ജോസ് കെ മാണിയെ ചെയര്‍മാനായി വാഴിക്കാന്‍ ആണ് മാണിപക്ഷത്ത് ഭൂരിപക്ഷത്തിന്റെയും നീക്കം. സ്വാഭാവികമായും ഒന്നുരണ്ട് അവസരങ്ങള്‍ വഴുതിപ്പോയ ജോസഫ് അതിനു തയ്യാറാകില്ല. ജോസ് മാണിയുടെ ഭാര്യ നിഷ രാഷ്ട്രീയത്തിലേക്ക് വരുന്നെന്ന് കേട്ടുതുടങ്ങിയിട്ട് കുറച്ചായി. 'രാജാവ് മരിച്ചു, രാജാവ് വാഴ്ക' എന്ന പാര്‍ട്ടി പാരമ്പര്യപ്രകാരം ജോസഫിന്റെ ഒപ്പം വരാന്‍ മറുപക്ഷത്ത് നിന്ന് പുതിയ സുഹൃത്തുക്കള്‍ ഉണ്ടായേക്കാം. അത്യന്തം രസകരമായ രംഗങ്ങള്‍ക്ക് കാത്തിരിക്കാം.