കുടിയേറ്റത്തിന്‍റെ ഓർമ്മകൾ ചാലിച്ച നിറക്കൂട്ടിന് നാടിന്‍റെ സ്നേഹാദരം

By Rintu John  |  First Published Jan 6, 2025, 4:50 PM IST


കുടിയേറ്റത്തിന്‍റെ ഓർമ്മകളില്‍ നിന്നാണ് ജോയ് ചാക്കോ തന്‍റെ ചിത്രങ്ങള്‍ക്ക് കരുത്ത് നേടിയത്. അതിനാല്‍ തന്നെ കൃഷിയുമായും ഏറെ ബന്ധപ്പെടുന്നതാണ് അദ്ദേഹത്തിന്‍റെ ചിത്രങ്ങള്‍. 


കുടിയേറി വന്നവർ വിയർപ്പിനാൽ ചരിത്രം എഴുതിയ കഥകളാണ് എക്കാലവും മലയോര മേഖലകളിലെ കുടിയേറ്റ ഗ്രാമങ്ങളിൽ നിന്നും ഉയർന്ന് കേട്ടിട്ടുള്ളത്. അതിജീവനത്തിനായുള്ള പോരാട്ടത്തിൽ അക്കാലത്ത് സർഗവാസന ഉള്ളവർ പോലും മണ്ണിൽ പോരാടി ജീവിതം നട്ടുനനയ്ക്കുന്നതിനുള്ള തിരക്കിലായിരുന്നു. ആ പോരാട്ടങ്ങൾ പതിയെ ഫലം കണ്ടുതുടങ്ങിയപ്പോൾ മലയോര മേഖലയില്‍ പള്ളികളും പള്ളിക്കൂടങ്ങളും ചെമ്മൺ പാതകളുമുണ്ടായി. മാറ്റത്തിന്‍റെ കാറ്റ് വീശി തുടങ്ങിയതോടെ സർഗ്ഗശേഷിയുള്ള ചിലർ കൈ ഉയർത്തി പറഞ്ഞു, 'ഞങ്ങൾ ഇവിടെയുണ്ട്'. അക്കൂട്ടത്തിൽ പ്രധാനിയായിരുന്നു കണ്ണൂർ ജില്ലയിലെ പേരാവൂരിലെ കുടിയേറ്റ ഗ്രാമമായ തൊണ്ടിയിൽ ജനിച്ചു വളർന്ന ജോയി ചാക്കോ എന്ന ചിത്രകാരൻ. കുടിയേറ്റത്തിന്‍റെ നിറക്കൂട്ട് ഓർമ്മകളില്‍ പേറിയ ആ ചിത്രകാരന്‍റെ ക്യാൻവാസുകൾ ഭാവനാ സമ്പുഷ്ടമായിരുന്നു. കൃഷിയെ ജീവിത മാർഗമാക്കി ചിത്രകലയെ നെഞ്ചോട് ചേർത്ത ഈ കലാകാരൻ ഇന്ന് ചായങ്ങളുടെ ലോകത്ത് 50 വർഷങ്ങൾ പൂർത്തിയാക്കിയതിന്‍റെ നിറവിലാണ്.  സംസ്ഥാന ലളിതകലാ അക്കാദമി അവാർഡ് ഉൾപ്പെടെയുള്ള പുരസ്കാരങ്ങൾ തേടി എത്തിയിട്ടുണ്ടെങ്കിലും ഇന്നും തന്‍റെ കുടിയേറ്റ ഗ്രാമത്തിൽ ഇരുന്ന് ചിത്രകലയെ കൂടുതൽ കൂടുതൽ അറിയുകയാണ് ഈ കലാകാരൻ. 

1928 -ൽ തിരുവിതാംകൂറിൽ നിന്ന് പേരാവൂർ തൊണ്ടിയ്ക്ക് സമീപമുള്ള കിഴക്കേ മാവടിയിലേക്ക് കുടിയേറിയെത്തിയ കർഷക കുടുംബമായിരുന്നു ജോയിയുടേത്. നാഡികുന്നേൽ ചാക്കോ - മേരി ദമ്പതികളുടെ ഇളയ മകൻ. ചെറുപ്പം മുതൽ ജോയ് കണ്ടതും അടുത്തറിഞ്ഞതും മണ്ണും മണ്ണിന്‍റെ മണവുമുള്ള കുറെ മനുഷ്യരെയുമായിരുന്നു. ആ ഓർമ്മകൾ നൽകുന്ന ഊഷ്മളതയാകാം ചിത്രകാരനായി നാട് അറിഞ്ഞിട്ടും ഇന്നും കർഷകനായി തന്നെ ജീവിക്കാൻ ജോയിയെ പ്രേരിപ്പിക്കുന്നത്.  തിരുഹൃദയ സന്യാസിനി സഭാംഗമായ മൂത്ത സഹോദരി സിസ്റ്റർ റോസ് ജേക്കബാണ് ജോയിയിലെ ചിത്രകാരനെ ആദ്യം തിരിച്ചറിഞ്ഞത്. ചിത്രകലയിൽ ജോയിക്ക് ലഭിച്ച ആദ്യ പ്രോത്സാഹനവും കൂടുതൽ പഠിക്കണമെന്ന ഉപദേശവും അവരിൽ നിന്നായിരുന്നു. 

Latest Videos

അങ്ങനെ പേരാവൂർ സെന്‍റ് ജോൺസ് യുപി സ്‌കൂൾ, സെന്‍റ് ജോസഫ്സ് ഹൈസ്‌കൂൾ , കേളകം വിദ്യാതരംഗിണി കോളേജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിന് ശേഷം ചിത്ര കലയുടെ ലോകത്തേക്ക് ജോയ് പതിയെ ചേക്കേറി. 1979 മുതൽ '82 വരെ കോഴിക്കോട് യൂണിവേഴ്‌സൽ സ്‌കൂൾ ഓഫ് ആർട്‌സിൽ  ചിത്രകലാ പഠനം. മലയാള മനോരമ ആഴ്‌ചപ്പതിപ്പിന്‍റെ പത്രാധിപരും കേരള ലളിത കല അക്കാദമി ചെയർമാനുമായ കെ.എ. ഫ്രാൻസിസിന്‍റെ പിതാവ് കെ.പി. ആന്‍റണി മാസ്‌റ്ററുടെ കീഴിലാണ് ചാക്കോ ചിത്രകല പഠിച്ചത്. പിന്നീട് അതേ യൂണിവേഴ്‌സൽ ആർട്‌സിൽ അധ്യാപകനായും 7 വർഷം ജോലി ചെയ്‌തു. ജോയിയിലെ ചിത്രകാരനെ പരുവപ്പെടുത്തിയ നാളുകൾ ആയിരുന്നു ആ കോഴിക്കോടൻ ദിനങ്ങൾ. അക്കാലത്ത് തന്നെ പ്രശസ്തരായിരുന്ന ജോൺ ഏബ്രഹാമുമായും ചിന്ത രവി, പോൾ കല്ലാനോട്, മധു മാസ്‌റ്റർ തുടങ്ങിയവരുമായും ഒപ്പം നിന്ന് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് ജീവിതത്തിലെ വലിയ നേട്ടമായാണ് ജോയി ഇന്നും കരുതുന്നത്. 

വരച്ചു തുടങ്ങിയ കാലം മുതൽ അംഗീകാരങ്ങൾ തേടി പോകുന്നതിൽ തെല്ലും തല്പരനായിരുന്നില്ല ജോയ്.  സ്കൂൾ പഠനകാലങ്ങളിൽ പോലും ഒരു ചിത്രകലാ മത്സരങ്ങളിൽ പോലും പങ്കെടുത്തിട്ടില്ല. എന്നാൽ, കാലം ചില അടയാളപ്പെടുത്തലുകൾ നടത്തുക തന്നെ ചെയ്യും. അങ്ങനെ ജോയിയെ തേടിയെത്തിയ ആദ്യ ബഹുമതിയായിരുന്നു 1989 -ൽ  ലഭിച്ച സംസ്ഥാന ലളിത കലാ അക്കാദമി അവാർഡ്. കാലമെത്ര മുന്നേറിയാലും ലോകത്തിൽ അഭയാർത്ഥികൾ ഉണ്ടായിക്കൊണ്ടേയിരിക്കുമെന്ന സത്യത്തെ തന്‍റെ ക്യാൻവാസിലേക്ക് വരച്ചു ചേർത്ത അദ്ദേഹത്തിന്‍റെ 'അഭയാർത്ഥികൾ' എന്ന  ചിത്രത്തിനായിരുന്നു പുരസ്കാരം ലഭിച്ചത്. കൈയ്യടികൾക്ക് കാലത്തിന്‍റെ ഒഴുക്കിൽ വലിയ സ്ഥാനമില്ലെന്ന് വിശ്വസിക്കുന്ന ഈ കലാകാരൻ താൻ ചിത്രങ്ങൾ വരയ്ക്കുന്നത് തന്‍റെ സന്തോഷങ്ങൾക്ക് വേണ്ടി മാത്രമാണെന്ന് സാക്ഷ്യപ്പെടുത്തുന്നു. ഒരു കലാസൃഷ്ടിയിലൂടെ ലോകത്തെ മാറ്റിമറിക്കാൻ സാധിക്കില്ലെന്ന ബോധ്യം തനിക്ക് ഉണ്ടെന്നും ഇദ്ദേഹം വ്യക്തമാക്കുന്നു.

ഒരു കലാകാരനെ പ്രോത്സാഹിപ്പിക്കുന്ന മണ്ണായിരുന്നിട്ടും കോഴിക്കോടൻ ജീവിതം ഉപേക്ഷിച്ച് ജോയ് തന്‍റെ മലയോര ഗ്രാമത്തിലേക്ക് തന്നെ തിരികെ എത്തി. അസുഖബാധിതരായ മാതാപിതാക്കൾക്ക് തണലാക്കാനായിരുന്നു ആ മടങ്ങി വരവ്. പിന്നീടങ്ങോട്ട് സാധ്യതകളുടെ ലോകത്തേക്ക് അദ്ദേഹം മടങ്ങിയില്ല. പകരം ചിത്രകലയെ സ്നേഹിച്ച് കൊണ്ടുതന്നെ കർഷകന്‍റെ കുപ്പായമണിഞ്ഞു. കൃഷി ഉപജീവനമാർഗവും ചിത്രരചന സമാധാനത്തിനും സന്തോഷത്തിനും ചിന്തയ്ക്കും വേണ്ടിയുള്ള മാർഗമായും കാണുന്ന ജോയ് ചാക്കോയ്ക്ക് കൃഷിയിൽ പക്ഷേ, പരീക്ഷണങ്ങളില്ല. പരമ്പരാഗത രീതിയിൽ കൃഷി ചെയ്യുന്ന ആറേക്കർ കൃഷിയിടത്തിൽ എല്ലാത്തരം വിളകളും നടാറുണ്ട്. റബ്ബറും തെങ്ങും കവുങ്ങും ഒക്കെയാണ് പ്രധാന വിളകൾ. നന്നേ പുലർച്ചെ റബ്ബർ വെട്ടിയാണ് ഇന്നും ഓരോ ദിവസവും തുടങ്ങുന്നത്. കൃഷിപ്പണിയുടെ ഇടവേളകളിൽ ചിത്രങ്ങൾ വരയ്ക്കും. എല്ലാത്തിനും കൂട്ടായി ഭാര്യ മേരിക്കുട്ടിയും ഒപ്പമുണ്ട്.

ഓയിൽ പെയ്ന്‍റിംഗ്, അക്രലിക്, വാട്ടർ കളർ എന്നിവയിൽ എല്ലാം വരയ്ക്കുന്ന ജോയിയുടെ ആദ്യ ചിത്രപ്രദർശനം 1981 -ൽ തൊണ്ടിയിലെ സെന്‍റ് ജോൺസ് യൂപി സ്‌കൂളിൽ വച്ചായിരുന്നു.  യൂണിവേഴ്‌സലിൽ പഠിക്കുന്ന കാലത്ത് ആർട്ടിസ്‌റ്റ് നമ്പൂതിരി ചെയർമാനായിരുന്ന റിഥം എന്ന സംഘടനയുടെ നേതൃത്വത്തിൽ ജോയ് ചാക്കോയുടെ ചിത്രങ്ങളുടെ പ്രദർശനം കോഴിക്കോട് സംഘടിപ്പിച്ചിരുന്നു. പിന്നീട് പി.ടി.ഉഷയുടെ വേഗതയെ അടിസ്‌ഥാനമാക്കി ഇവന്‍റ്സ് ഓഫ് സ്‌പീഡ് എന്നൊരു ചിത്ര പ്രദർശനവും  'പേരിടാതെ' ഒരു ചിത്രപ്രദർശനവും ജന്മനാടായ പേരാവൂരിൽ നടത്തിയിട്ടുണ്ട്. കോഴിക്കോട്, എറണാകുളം, ബാംഗ്ലൂർ എന്നിവിടങ്ങളിലും സുഹൃത്തുക്കൾ ചേർന്ന് ചിത്രങ്ങളുടെ പ്രദർശനം നടത്തി. ഭാവനയെ വിൽക്കാൻ ആഗ്രഹിക്കാത്തതിനാൽ 50 വർഷത്തിനിടയിൽ വളരെ കുറച്ച് ചിത്രപ്രദർശനങ്ങൾ മാത്രമാണ് നടത്തിയിട്ടുള്ളതെന്നും അവയൊന്നും വിൽപ്പന ഉദ്ദേശിച്ച് നടത്തിയവ ആയിരുന്നില്ലെന്നുമാണ് അദ്ദേഹം പറയുന്നത്. 

എല്ലാ പ്രദർശനങ്ങളും സുഹൃത്തുക്കളുടെ നിർബന്ധം മൂലം നടത്തിയവയായിരുന്നു.  ചിത്രകാരനായി മാറിയതിന്‍റെ  സുവർണ്ണ ജൂബിലി വർഷത്തിലും ജോയിയുടെ ചിത്രപ്രദർശനം സംഘടിപ്പിച്ച് ആ വലിയ കലാകാരനോടുള്ള ആദരവ് പ്രകടമാക്കിയിരിക്കുകയാണ്  ജന്മനാടും അവിടുത്തെ കലാസ്നേഹികളും.  ജനുവരി 4 ,5 തീയതികളിൽ പേരാവൂർ മണത്തണയിലെ കോട്ടക്കുന്നിൽ സംഘടിപ്പിച്ച 'ല' ആർട്സ് ഫെസ്റ്റ് കാണാനും അദ്ദേഹത്തെ ആദരിക്കാനുമായി എത്തിയത് നിരവധി പേരാണ്. 50 വർഷത്തിനിടയിൽ ജോയി ചാക്കോ വരച്ച 200 പ്രധാന ചിത്രങ്ങളുടെ പ്രദർശനമായിരുന്നു 'ല'. ലാൽഡ് ഓഫ് ആർട്ട് ബിയോണ്ട് മെഷേഴ്‌സ് എന്നായിരുന്നു പ്രദർശനത്തിന് നൽകിയ പേര്. തന്‍റെ സുഹൃത്തുക്കളും നാട്ടുകാരും തനിക്ക് നൽകിയ  വലിയ സ്നേഹ സമ്മാനമായാണ് 'ല ആർട്സ് ഫെസ്റ്റി'നെ കാണുന്നത് എന്നാണ് ജോയി ചാക്കോ കൂട്ടിചേര്‍ക്കുന്നു. 


 

click me!