ആങ് സാന്‍ സ്യൂചി വീണുടഞ്ഞ വിഗ്രഹമോ?

By Web Team  |  First Published Mar 4, 2021, 4:13 PM IST

ലോകത്തിനാകെ പ്രതീക്ഷകള്‍ നല്‍കിയ മ്യാന്‍മറിലെ ആങ് സാന്‍ സ്യൂചി ഒരു വ്യാജബിംബമായിരുന്നോ? സൈനിക ഭരണകൂടത്തിന്റെ പുതിയ നടപടിയുടെ പശ്ചാത്തലത്തില്‍ ഒരു വിശകലനം.ഡെന്നി തോമസ് വട്ടക്കുന്നേല്‍ എഴുതുന്ന പരമ്പര ആരംഭിക്കുന്നു
 


തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുയരുന്ന ആരോപണങ്ങള്‍ എന്തു  തന്നെയായാലും  മ്യാന്‍മാറിലെ എക്കാലത്തെയും ജനപിന്തുണയുള്ള നേതാവ് തന്നെയാണ് സ്യൂചി. തിരഞ്ഞെടുപ്പ് വിജയത്തിളക്കത്തിനിടയിലും മ്യാന്‍മാറിലെ റോഹിന്‍ഗ്യന്‍ ന്യൂനപക്ഷത്തെ  പട്ടാളം പീഡിപ്പിക്കുന്നതിനെ  കണ്ടില്ലെന്നു നടിക്കുന്നു എന്ന ആരോപണം അന്താരാഷ്ട്രതലത്തില്‍ നിലനില്‍ക്കുമ്പോഴാണ് പട്ടാളം തന്നെ സ്യൂചിയെ അട്ടിമറിക്കുന്നതും, അധികാരം പിടിച്ചെടുക്കുന്നതും.

 

Latest Videos

undefined

 


ആങ് സാന്‍ സ്യൂചിയെ മ്യാന്‍മറിലെ സൈനിക ഭരണകൂടം അട്ടിമറിച്ചതും, തുടര്‍ന്നുള്ള സംഭവ വികാസങ്ങളും ലോകം ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണ്. സൈനിക നിയന്ത്രണത്തിലുള്ള ഒരു പരിമിത ജനാധിപത്യ രാജ്യത്ത് തികച്ചും സംഭവിക്കാവുന്ന കാര്യങ്ങളാണ് ഏതാനും ദിവസങ്ങളായി മ്യാന്‍മറില്‍ അരങ്ങേറുന്നത്. അമേരിക്കയിലെ കലുഷിതമായ തിരഞ്ഞെടുപ്പിനു ശേഷം നടന്ന മ്യാന്‍മറിലെ ഈ അട്ടിമറി ജനാധിപത്യത്തോടുള്ള വെല്ലുവിളിയായി കണ്ട് പട്ടാള ഭരണകൂടത്തിന് ഇതിനോടകം തന്നെ അമേരിക്ക താക്കീതും നല്‍കിക്കഴിഞ്ഞു. 

ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ് മ്യാന്‍മര്‍. ഇവിടെ വിദേശ നിക്ഷേപകരില്‍ രണ്ടാം സ്ഥാനത്തു നില്‍ക്കുന്നത് ചൈനയാണ്. ഒന്നാം സ്ഥാനത്തു സിംഗപ്പൂര്‍. കൊവിഡ് വ്യാപനക്കാലത്ത് ലോകത്തിനുമേല്‍ പിടിമുറുക്കുവാന്‍ ചൈന നടത്തിയ ശ്രമങ്ങള്‍ ലോകം കണ്ടതാണ്. അയല്‍ രാജ്യമായ നേപ്പാളില്‍ ചൈന നടത്തിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ നീക്കങ്ങളും ആ രാജ്യത്തെ സ്വന്തം വരുതിയിലാക്കുവാന്‍ നടത്തുന്ന ശ്രമങ്ങളും, അതിനെതിരെ ജനങ്ങള്‍ നടത്തുന്ന പ്രക്ഷോഭങ്ങളുമായി കൂട്ടിവായിക്കുമ്പോള്‍ മ്യാന്‍മറിലെ ശൈശവദശയിലുള്ള ജനാധിപത്യത്തെ അട്ടിമറിക്കുവാന്‍ ചൈനയുടെ പിന്തുണയുണ്ട് എന്ന് ചില രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. ചൈനയുടെ നീക്കങ്ങള്‍ തിരിച്ചറിഞ്ഞു തന്നെയാകണം പട്ടാള അട്ടിമറിക്കെതിരെ അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്‍ കര്‍ക്കശ നിലപാടെടുത്തത്. സാമ്പത്തിക ഉപരോധം ഉള്‍പ്പെടെയുള്ള മുന്നറിയിപ്പുകളാണ് ബൈഡന്‍ പട്ടാള ഭരണകൂടത്തിന് നല്‍കിയത്. പുതിയ അമേരിക്കന്‍ പ്രസിഡന്റ് അന്താരാഷ്ട്ര രംഗത്ത് നേരിടുന്ന ആദ്യത്തെ വെല്ലുവിളി എന്ന പ്രത്യേകതയും മ്യാന്‍മര്‍ സംഭവവികാസങ്ങള്‍ക്കുണ്ട്.  

 


 

 

നിശ്ശബ്ദ സാക്ഷി
നവംബറില്‍ മ്യാന്‍മറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ആങ് സാന്‍ സ്യൂചിയുടെ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി (എന്‍. എല്‍. ഡി.) വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വന്നതോടെയാണ് സൈന്യവും സ്യൂചിയും തമ്മിലുള്ള അഭിപ്രായ ഭിന്നതകള്‍ മറ നീക്കി പുറത്തുവന്നത്. 476 സീറ്റുകളില്‍ നടന്ന മല്‍സരത്തില്‍ 396 സീറ്റുകളും സ്യൂചിയുടെ പാര്‍ട്ടി കരസ്ഥമാക്കി. സൈന്യത്തിന്റെ പിന്തുണയുള്ള പ്രതിപക്ഷ പാര്‍ട്ടിയായ യു. എസ്.ഡി.പി. കരസ്ഥമാക്കിയതാകട്ടെ 33 സീറ്റുകള്‍ മാത്രവും. തുടര്‍ന്ന് ക്രമക്കേട് നടന്നു എന്ന ആരോപണം യു. എസ്.ഡി.പി. ഉന്നയിക്കുകയും സൈന്യം സ്യൂചിയെ പുറത്താക്കുകയും ഒരു വര്‍ഷത്തേക്ക് പട്ടാള ഭരണം പ്രഖ്യാപിക്കുകയുമായിരുന്നു.    

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുയരുന്ന ആരോപണങ്ങള്‍ എന്തു  തന്നെയായാലും  മ്യാന്‍മാറിലെ എക്കാലത്തെയും ജനപിന്തുണയുള്ള നേതാവ് തന്നെയാണ് സ്യൂചി. തിരഞ്ഞെടുപ്പ് വിജയത്തിളക്കത്തിനിടയിലും മ്യാന്‍മാറിലെ റോഹിന്‍ഗ്യന്‍ ന്യൂനപക്ഷത്തെ  പട്ടാളം പീഡിപ്പിക്കുന്നതിനെ  കണ്ടില്ലെന്നു നടിക്കുന്നു എന്ന ആരോപണം അന്താരാഷ്ട്രതലത്തില്‍ നിലനില്‍ക്കുമ്പോഴാണ് പട്ടാളം തന്നെ സ്യൂചിയെ അട്ടിമറിക്കുന്നതും, അധികാരം പിടിച്ചെടുക്കുന്നതും. റോഹിന്‍ഗ്യന്‍ ന്യൂനപക്ഷത്തിനെതിരെ പട്ടാളം നടത്തിയ ക്രൂരകൃത്യങ്ങള്‍ക്കെതിരെ സ്യൂചി നിശബ്ദയായിരുന്നതിന്റെ കാരണം പട്ടാളത്തിന് ഭരണകൂടത്തിലുള്ള അപ്രമാദിത്വമായിരുന്നു. ആ അപ്രമാദിത്വത്തെ നിര്‍ഭയം നേരിടാതെ നിശ്ശബ്ദയായി ഇത്രയും നാള്‍ അംഗീകരിക്കേണ്ടിവന്നു എന്ന പിഴവു തന്നെയാകണം സ്യൂചിയെ ഇന്നത്തെ അവസ്ഥയില്‍ കൊണ്ടുചെന്നെത്തിച്ചത്. 

 

   

 

അവിചാരിതം, രാഷ്ട്രീയപ്രവേശനം
സ്യൂചിയുടെ പിതാവ് ആങ് സാന്‍ മ്യാന്മറിന്റെ (ബര്‍മ്മ) സ്വാതന്ത്ര്യ സമര നായകനും, രക്തസാക്ഷിയും, രാഷ്ട്രപിതാവുമാണ്. ബ്രിട്ടീഷ് കോളനി വാഴ്ചയ്ക്കെതിരെ പോരാടിയ അച്ഛന്റെ സമരവീര്യം ഒട്ടും കുറയാതെ തന്നെ സ്യൂചിയ്ക്കുമുണ്ടായിരുന്നു. 1962 മുതല്‍ അട്ടിമറിയിലൂടെ അധികാരം കൈവശപ്പെടുത്തിയ പട്ടാള ഭരണകൂടത്തിനെതിരെ 1988 മുതല്‍ സമരമുഖത്തെത്തിയതോടെയാണ് ആങ് സാന്‍ സ്യൂചി ലോക ശ്രദ്ധ ആകര്‍ഷിച്ചു തുടങ്ങിയത്. 1960-കളില്‍ സ്യൂചിയുടെ മാതാവ് മാ കിന്‍ ചി ഇന്ത്യയില്‍ അംബാസിഡര്‍ ആയിരുന്നു. അവര്‍ക്കൊപ്പം ഡല്‍ഹിയില്‍ താമസമാക്കിയ സ്യൂചി ഡല്‍ഹി ലേഡി ശ്രീറാം കോളേജില്‍ നിന്നും ബിരുദമെടുത്തശേഷം ഓക്സ്ഫഡില്‍ നിന്നും രണ്ട് ബിരുദങ്ങള്‍ കൂടിയെടുത്തു. 1972-ല്‍ ബ്രിട്ടീഷ് പൗരനായ മൈക്കിളിനെ വിവാഹം കഴിച്ചു. രണ്ട് ആണ്‍മക്കളുടെ അമ്മയായി. 

ചരിത്രനിയോഗം പോലെയായിരുന്നു സ്യൂചിയുടെ രാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവ്. രോഗബാധിതയായ അമ്മയെ പരിചരിക്കാനായി മ്യാന്മറിലേയ്ക്ക് 1985-ല്‍ തിരിച്ചെത്തിയതായിരുന്നു സ്യൂചി. 1988  ആഗസ്റ്റ് 8 -ന് ആരംഭിച്ച ഈ പ്രക്ഷോഭം '8888 revolution 'എന്ന പേരിലാണ് അറിയപ്പെട്ടത്. പട്ടാള ഭരണത്തിന്റെ അടിച്ചമര്‍ത്തലുകളും അവയ്ക്കെതിരെയുള്ള ജനങ്ങളുടെ പ്രക്ഷോഭങ്ങളും നേരിട്ട് കാണുവാനും, അനുഭവിച്ചു മനസിലാക്കുവാനും കഴിഞ്ഞ സ്യൂചി സമരമുഖത്തേയ്ക്ക് ജനങ്ങള്‍ക്കൊപ്പം അവര്‍ക്ക് നേതൃത്വം നല്‍കിക്കൊണ്ട് പെട്ടെന്ന് ഉയര്‍ന്നു വരികയായിരുന്നു. ശക്തിയും, വ്യക്തിപ്രഭാവവുമുള്ള ഒരു നേതാവിന്റെ നേതൃത്വത്തിന്റെ അഭാവത്തില്‍ സമരങ്ങള്‍ നയിച്ചിരുന്ന മ്യാന്മര്‍ ജനതയ്ക്ക് തങ്ങളുടെ രാഷ്ട്രപിതാവിന്റെ മകളും, വിദ്യാസമ്പന്നയുമായ സ്യൂചിയുടെ നേതൃത്വം ഒരു വലിയ മുതല്‍ക്കൂട്ടായിരുന്നു. 

രാഷ്ട്രീയവും, സാമ്പത്തിക ശാസ്ത്രവുമെല്ലാം രക്തത്തില്‍ അലിഞ്ഞുചേര്‍ന്നിരുന്ന സ്യൂചിയ്ക്ക് മ്യാന്മര്‍ ജനത അനുഭവിക്കുന്ന ദുരിതങ്ങള്‍ക്കെതിരെ  പ്രതികരിക്കാതിരിക്കാന്‍ കഴിയുമായിരുന്നില്ല. ഇന്ത്യയും, ബ്രിട്ടനും ഉള്‍പ്പെടെയുള്ള ജനാധിപത്യ രാജ്യങ്ങളില്‍ ജീവിയ്ക്കാന്‍ അവസരം ലഭിച്ചതിനാല്‍  ജനാധിപത്യത്തിന്റെ മഹത്വം എന്താണെന്ന വ്യക്തമായ തിരിച്ചറിവും അവര്‍ക്കുണ്ടായിരുന്നു എന്ന് വേണം കരുതുവാന്‍. 1988 സെപ്റ്റംബര്‍ 27 -ന് നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി എന്ന സംഘടന അവര്‍ രൂപീകരിച്ചു. പട്ടാള ഭരണകൂടത്തിനെതിരെ  ജനാധിപത്യ രാഷ്ട്രീയ ശക്തിയായി ഉയരുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. സ്യൂചിയുടെ രാഷ്ട്രീയ രംഗപ്രവേശം പട്ടാള ഭരണകൂടത്തിന്റെ ഉറക്കം കെടുത്തുവാന്‍ പിന്നെ അധികനാള്‍ വേണ്ടിവന്നില്ല. ഗാന്ധിജിയുടെ അഹിംസ സമരപാതയിലുറച്ച് നിന്നുകൊണ്ട് ഭരണകൂടത്തിനെതിരെ അവര്‍ നിരന്തരം പ്രക്ഷോഭങ്ങള്‍ നടത്തി. പട്ടാള ഭരണകൂടത്തിനെതിരെ അഹിംസാ സമരമാര്‍ഗ്ഗം സ്വീകരിച്ചതോടെ സ്യൂചി എന്ന ജനനേതാവിനെ ലോകം ശ്രദ്ധിച്ചുതുടങ്ങി. ഒപ്പം മ്യാന്മറില്‍ അവര്‍ നടത്തിയ ജനകീയ പ്രക്ഷോഭങ്ങളും വിദേശരാജ്യങ്ങളില്‍ വന്‍ പ്രാധാന്യത്തോടെ ഇടം നേടി.

 

 

വീട്ടുതടങ്കല്‍

സമരമുഖത്തേയ്ക്ക് സഹനസമരം എന്ന പുതിയ പന്ഥാവിലൂടെ കൊടുങ്കാറ്റായി ഇരച്ചുകയറിയ ഗാന്ധിജി എന്ന അര്‍ദ്ധനഗ്നനായ മനുഷ്യനെ ബ്രിട്ടീഷുകാര്‍ ഭയന്നതുപോലെ സ്യൂചി എന്ന സഹന സമരനായികയെ ബര്‍മ്മീസ് പട്ടാളഭരണകൂടവും ഭയന്നുതുടങ്ങി. ഗാന്ധിമാര്‍ഗത്തിന്റെ സമരതീക്ഷ്ണത എന്തായിരുന്നുവെന്ന് ഭരണകൂടത്തിന് നന്നായി അറിയാമായിരുന്നു. സ്യൂചിയുടെ ജനപിന്തുണയില്‍ വ്യാകുലരായ ഭരണകൂടം രാജ്യസുരക്ഷയ്ക്ക്  ഭീഷണിയാണെന്ന് ആരോപിച്ച് 1989-ല്‍ സ്യൂചിയെ വീട്ടുതടങ്കലിലാക്കി. പുറംലോകവുമായുള്ള എല്ലാ ബന്ധങ്ങളും വിച്‌ഛേദിച്ചുകൊണ്ടുള്ള സമ്പൂര്‍ണ്ണ വീട്ടുതടങ്കലായിരുന്നു അത്. 

ഒപ്പമുള്ള രണ്ട് പരിചാരകര്‍ക്കുമാത്രമേ കൂടെ താമസിക്കുവാന്‍ അനുമതി നല്‍കിയുള്ളൂ. ഇന്റര്‍നെറ്റ്, ഫോണ്‍ തുടങ്ങിയവ വിച്‌ഛേദിച്ചു. സ്വന്തം വീട്ടുമുറ്റത്തുപോലും ഇറങ്ങുവാന്‍ പട്ടാളം സ്യൂചിയെ അനുവദിച്ചില്ല. വീട്ടില്‍ പാചകം ചെയ്യുവാന്‍ അനുവാദം ഇല്ലായിരുന്നു. പട്ടാളം എത്തിച്ചുകൊടുക്കുന്ന ഭക്ഷണം മാത്രമേ അവര്‍ക്ക് കഴിക്കുവാന്‍ അനുവാദം ഉണ്ടായിരുന്നുള്ളു. വൈദ്യപരിശോധന വേണമെങ്കില്‍, നിരന്തരം ആവശ്യപ്പെടണം. വീട്ടുതടങ്കലില്‍ കിടക്കവേ സ്യൂചിയ്ക്ക് ബന്ധുമിത്രാദികളെ കാണുവാന്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നു. ഭര്‍ത്താവായ മൈക്കിളിനുപോലും വെറും അഞ്ചുപ്രാവശ്യം മാത്രമേ നീണ്ട ഇക്കാലയളവില്‍ സ്യൂചിയെ കാണുവാന്‍ അനുവാദം കിട്ടിയുള്ളൂ. 

1995-ലെ ക്രിസ്തുമസ്സിനാണ് സ്യൂചി മൈക്കിളിനെ അവസാനമായി കാണുന്നത്. പിന്നൊരു കൂടിക്കാഴ്ച ഉണ്ടാകില്ലെന്ന് സൂചിയും മൈക്കിളും അറിഞ്ഞിരുന്നില്ല. ആ കൂടിക്കാഴ്ചയ്ക്ക് ശേഷം തിരിച്ചുപോയ മൈക്കിളിന് അര്‍ബുദരോഗം പിടിപെട്ടു. അദ്ദേഹത്തെ മ്യാന്മറിലേയ്ക്ക് തിരിച്ചുകൊണ്ടുവന്ന് ചികിത്സിപ്പിക്കണമെന്നും, പരിചരിക്കണമെന്നുമുള്ള സ്യൂചിയുടെ ആഗ്രഹത്തിന് ഭരണകൂടം അനുമതി നല്‍കിയില്ല. പകരം അവര്‍ മറ്റൊരു നിര്‍ദ്ദേശം മുന്നോട്ടുവച്ചു. മ്യാന്മറില്‍ ചികിത്സാസൗകര്യങ്ങള്‍  പരിമിതമാണ്. സ്യൂചിയ്ക്ക് വിദേശത്തുപോയി ഭര്‍ത്താവിനെ പരിചരിക്കുകയും ചികിത്സിയ്ക്കുകയും ചെയ്യാം.രണ്ടാഴ്ചയിലൊരിക്കല്‍ സ്വന്തം അഭിഭാഷകനെ കാണുവാനുള്ള അനുമതി മാത്രമായിരുന്നു സ്യൂചിയുടെ ഏക ആശ്വാസം. തന്റെ രാജ്യത്ത് എന്ത് സംഭവിക്കുന്നു എന്ന് അറിയാന്‍ കഴിയുന്നത്  ആ അല്‍പ സമയപരിധിക്കുള്ളില്‍ മാത്രം. അഭിഭാഷകനെ കാണാനനുവദിക്കുന്നതിന്  പട്ടാളഭരണകൂടത്തിന് മൂന്ന് കാരണങ്ങളുണ്ടായിരുന്നു. ഒന്ന്, സ്യൂചിയ്ക്ക് എല്ലാ നിയമ പരിരക്ഷയും ലഭിക്കുന്നു എന്ന് മ്യാന്മാര്‍ ജനതയെയും, ലോകത്തെയും ബോധ്യപ്പെടുത്തുക. രണ്ട്, അഭിഭാഷകന്‍ വിചാരിച്ചാല്‍ പട്ടാള നിയന്ത്രണത്തിലുള്ള കോടതിയില്‍ നിന്നും ഒരു ആനുകൂല്യവും ലഭിക്കുകയില്ല എന്ന പൂര്‍ണ്ണ ഉറപ്പ്. മൂന്ന് വീട്ടുതടങ്കലിലുള്ള സ്യൂചിയെ ഭയക്കേണ്ട കാര്യമില്ലെന്ന വിശ്വാസം.

 

 

പ്രക്ഷോഭക്കാറ്റ്

എന്നാല്‍ പട്ടാള ഭരണകൂടത്തിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ട് ചെറുതും വലുതുമായ നിരവധി പ്രക്ഷോഭങ്ങള്‍ പലയാവര്‍ത്തി മ്യാന്മറില്‍ അരങ്ങേറി. മാത്രവുമല്ല സ്യൂചി ലോകത്തിലെ ഏറ്റവും വലിയ സമരപോരാളികളില്‍ ഒരാള്‍ എന്ന തലത്തിലേയ്ക്ക് വളര്‍ന്നു. പല ലോകരാജ്യങ്ങളും സ്യൂചിയുടെ മോചനത്തിനായി ഭരണകൂടത്തിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തിത്തുടങ്ങി. സ്യൂചിയെ മോചിപ്പിക്കണമെന്ന ശക്തമായ നിര്‍ദ്ദേശവുമായി ഐക്യരാഷ്ട്രസംഘടനയും രംഗത്തെത്തി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും നിരവധി രാജ്യങ്ങളും, സംഘടനകളും മുറവിളി ഉയര്‍ത്തിയതോടൊപ്പം നിരവധി അന്താരാഷ്ട്ര അംഗീകാരങ്ങളും സ്യൂചിയെ തേടിയെത്തി. അതില്‍ ഏറ്റവും പ്രധാനം സമാധാനത്തിനുള്ള നോബല്‍ പുരസ്‌കാരമായിരുന്നു.രാജ്യം വിട്ടുപോയാല്‍ സ്വതന്ത്രയാക്കാം എന്ന പട്ടാള ഭരണകൂടത്തിന്റെ വാഗ്ദാനവും  സ്യൂചി നിരസിച്ചു. വീട്ടുതടങ്കലില്‍ കിടന്നു മരിച്ചാലും രാജ്യം വിട്ടുപോകുകയോ, സമരപാതയില്‍നിന്ന് പിന്മാറുകയോ ചെയ്യില്ല എന്ന ഉറച്ച തീരുമാനമാണ് സ്യൂചി കൈക്കൊണ്ടത്

സഹന സമരത്തിന്റെ ഊര്‍ജ്ജവും ഇച്ഛാശക്തിയും ഒത്തുചേര്‍ന്നപ്പോള്‍ സ്യൂചി ലോകത്തില്‍ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന വിമോചന നായികയായി മാറുമെന്ന കാര്യം ഭരണകൂടം മനസിലാക്കാതെ പോയി. ഗാന്ധിജി എന്ന പ്രതിഭാസത്തെ ബ്രിട്ടീഷുകാര്‍ മനസിലാക്കാതെ പോയതിന്റെ തനിയാവര്‍ത്തനമായിരുന്നു അത്. അന്താരാഷ്ട്ര രംഗത്തുനിന്നും സമ്മര്‍ദ്ദമേറിയതോടെ രാജ്യത്ത് തിരഞ്ഞെടുപ്പ് നടത്തുവാന്‍ ഭരണകൂടം നിര്‍ബന്ധിതമായി.
 

 

ജനഹിതം അനുകൂലം

ആദ്യ തടങ്കല്‍കാലത്തുതന്നെ 1990-ല്‍ പട്ടാളം നടത്തിയ തിരഞ്ഞെടുപ്പില്‍ സ്യൂചിയുടെ പാര്‍ട്ടിയും പങ്കെടുത്തു.  ആ തിരഞ്ഞെടുപ്പ് ഒരു പ്രഹസനമായിരുന്നു എന്നറിഞ്ഞിട്ടുകൂടി. എന്നാല്‍ തിരഞ്ഞെടുപ്പിലെ ജനഹിതം സ്യൂചിയ്ക്ക് അനുകൂലമായത് ഏവരെയും അത്ഭുതപ്പെടുത്തി. ആകെയുള്ള 485 സീറ്റുകളില്‍ 392-ഉം സ്യൂചിയുടെ പാര്‍ട്ടിയായ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി തൂത്തുവാരി. പട്ടാള ഭരണകൂടം നീതിപൂര്‍വ്വമായ തിരഞ്ഞെടുപ്പ് നടത്തില്ല എന്ന് വ്യക്തമായിരുന്നിട്ടും എങ്ങനെ സ്യൂചിയുടെ കക്ഷി ബഹുഭൂരിപക്ഷം സീറ്റുകളും കരസ്ഥമാക്കി?

തിരഞ്ഞെടുപ്പിനെ സ്യൂചിയുടെ പാര്‍ട്ടിയും ജനങ്ങളും നിസ്സംഗതയോടെ സമീപിക്കുമെന്ന് പട്ടാള ഭരണകൂടം കരുതിയിരുന്നേക്കാം. അല്ലെങ്കില്‍ സ്യൂചിയുടെ ജനപിന്തുണ എത്രയുണ്ടെന്ന് മനസിലാക്കുവാന്‍ വേണ്ടി പട്ടാള ഭരണകൂടം ആസൂത്രണം ചെയ്ത തിരഞ്ഞെടുപ്പായിരുന്നേക്കാമത്. എന്തുതന്നെയായാലും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിട്ടും അധികാരം വിട്ടുകൊടുക്കുവാന്‍ പട്ടാളം തയ്യാറായില്ല. എന്നാല്‍ മറ്റൊന്ന് ഈ തിരഞ്ഞെടുപ്പിലൂടെ സംഭവിച്ചു. ജനാധിപത്യ പ്രക്രിയയിലൂടെ കൈവശം വരേണ്ട അധികാരം സ്യൂചിയ്ക്ക് ഭരണകൂടം നിഷേധിച്ചതോടെ അവരുടെ ജനപിന്തുണ വീണ്ടും വര്‍ദ്ധിച്ചു. അധികാരം നിഷേധിച്ചപ്പോള്‍ സംയമനത്തോടെ നേരിട്ട സ്യൂചിയോട് ലോകജനതയ്ക്കുള്ള അനുകമ്പ വീണ്ടും വര്‍ദ്ധിച്ചു. ഈയൊരു സാഹചര്യത്തിലാണ് 1994-ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാനം സ്യൂചിയെ തേടിയെത്തിയത്. എന്നാല്‍ ഈ പരമോന്നത ബഹുമതി ഏറ്റുവാങ്ങാന്‍ സ്യൂചിയെ ഭരണകൂടം അനുവദിച്ചില്ല. സ്യൂചിയെ പ്രതിനിധീകരിച്ചുകൊണ്ട് മക്കളാണ് നോബല്‍ സമ്മാനം ഏറ്റുവാങ്ങിയത്. രാജ്യം വിട്ടുപോയാല്‍ തിരികെവരുവാന്‍ കഴിയില്ലെന്ന് സ്യൂചിയ്ക്കും അറിയാമായിരുന്നു. 

1989-ല്‍ തുടങ്ങിയ വീട്ടുതടങ്കല്‍ 1995 വരെ നീണ്ടു. ജനാധിപത്യ രാജ്യങ്ങളുടെ നിരന്തരമായ സമ്മര്‍ദ്ദങ്ങളെ തുടര്‍ന്ന് സ്യൂചി 1995-ല്‍ ജയില്‍ മോചിതയായി. പക്ഷെ ആ മോചനത്തിന് കര്‍ക്കശമായ നിബന്ധനകളുമുണ്ടായിരുന്നു. തടങ്കല്‍ അവസാനിപ്പിച്ചാലും യാങ്കോങിന് പുറത്തേയ്ക്ക് രാജ്യത്തിന്റെ ഒരു ഭാഗത്തേക്കും യാത്ര ചെയ്യുവാന്‍ പാടില്ല. അണികളുമായി കൂടിച്ചേരുവാനോ, ഭരണകൂടത്തിനെതിരെ പൊതുവേദിയില്‍ സംസാരിക്കുവാനോ പാടില്ല. ചുരുക്കിപ്പറഞ്ഞാല്‍ എന്ത് ആവശ്യങ്ങള്‍ക്കുവേണ്ടി മോചനം ആഗ്രഹിച്ചുവോ ആ ആഗ്രഹങ്ങള്‍ നടക്കില്ല. സാങ്കേതിക മോചനത്തിലൂടെ ഒരു സാധാരണ പൗരജീവിതം മാത്രമേ നയിക്കാവൂ. സ്യൂചി പട്ടാളത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചുകൊണ്ട് മോചിതയായെങ്കിലും വിമോചന സമരം തന്നെയായിരുന്നു അവരുടെ മുഖ്യലക്ഷ്യം. ഒളിഞ്ഞും തെളിഞ്ഞും അവര്‍ സര്‍ക്കാരിനെതിരെ പ്രവര്‍ത്തിച്ചിരിക്കാം.1997 -ല്‍ ബ്രിട്ടനില്‍ വച്ച് കാന്‍സര്‍ ബാധിതനായി ഭര്‍ത്താവ് മൈക്കിള്‍ മരിക്കുമ്പോള്‍ അന്ത്യചുംബനം നല്‍കുവാനുള്ള അവസരം പോലും സ്യൂചിയ്ക്ക് ലഭിച്ചില്ല. അന്ത്യകര്‍മ്മങ്ങളില്‍ പങ്കുചേരാന്‍ പട്ടാളത്തിന്റെ അനുമതി ഉണ്ടായിരുന്നു. എന്നാല്‍ ആ അനുമതിയ്ക്ക് ഒരു നിബന്ധനയും ഉണ്ടായിരുന്നു. പിന്നെ മ്യാന്മറിലേയ്ക്ക് തിരിച്ചുവരുവാന്‍ പാടില്ല. എന്ന് രാജ്യത്തിന്റെ പുറത്തുപോകുന്നുവോ അന്ന് തന്റെ രാഷ്ട്രീയ ജീവിതം അവസാനിക്കുമെന്ന് മനസിലാക്കിയ സ്യൂചി അന്ത്യകര്‍മ്മങ്ങളില്‍ പങ്കെടുക്കാതെ വീട്ടുതടങ്കലില്‍ തന്നെ തുടര്‍ന്നു.

 

 

വീണ്ടും തടങ്കല്‍

സ്യൂചിയുടെ ജനപിന്തുണയും അവര്‍ ഉയര്‍ത്തുന്ന ഭീഷണിയും മനസിലാക്കിയ പട്ടാള ഭരണകൂടം 2000-ല്‍ സ്യൂചിയെ വീണ്ടും വീട്ടുതടങ്കലിലാക്കി. പട്ടാളത്തിന്റെ ഈ നടപടി മ്യാന്‍മറിലെ ജനങ്ങളുടെ രോക്ഷം ആളിക്കത്തിച്ചു. സ്യൂചിയുടെ മോചനം ആവശ്യപ്പെട്ടുകൊണ്ട് ഭരണകൂടത്തിനെതിരെ നിരന്തരം പ്രക്ഷോഭങ്ങള്‍ നടന്നു. അന്താരാഷ്ട്ര ഉപരോധങ്ങളെയും, ജനങ്ങളെയും ഭയന്ന ഭരണകൂടം 2002-ല്‍ സൂചിയെ തടവില്‍ നിന്നും മോചിപ്പിച്ചു. തുടര്‍ന്ന് നിരവധി പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുകയും ജനാധിപത്യത്തിന്റെ ആവശ്യകതയെക്കുറിച്ച് നിരന്തരം പ്രസംഗിക്കുകയും ചെയ്തു. പട്ടാളം കണക്കുകൂട്ടിയതിലും വലിയ ജനപങ്കാളിത്തമായിരുന്നു സ്യൂചി പങ്കെടുത്ത പൊതുയോഗങ്ങളില്‍ ഉണ്ടായിരുന്നത്.  വീട്ടുതടങ്കലിലാക്കിയാലും മോചിപ്പിച്ചാലും സ്യൂചിയുടെ ജനപിന്തുണ ഒട്ടും കുറയില്ലെന്ന് പട്ടാളം മനസിലാക്കി. ഈ വര്‍ദ്ധിത ജനപിന്തുണയെ പട്ടാളം നന്നേ ഭയന്നു.  

2003-ല്‍ ഡെപായിന്‍ പട്ടണത്തില്‍ ഒരു സംഘം പട്ടാള അനുകൂലികള്‍ സ്യൂചിയുടെ വാഹനവ്യൂഹത്തെ അക്രമിച്ചതോടെ സ്യൂചിയെ വകവരുത്തുവാന്‍ പട്ടാളം ശ്രമിക്കുന്നതായി ആരോപണമുയര്‍ന്നു. പട്ടാള അനുകൂല പാര്‍ട്ടിയായ യൂണിയന്‍ സോളിഡാരിറ്റി ആന്‍ഡ് ഡെവലപ്മെന്റ് അസോസിയേഷനിലെ പ്രവര്‍ത്തകര്‍ ആയിരുന്നു ആക്രമണത്തിനു പിന്നില്‍. സ്യൂചിയെ  വകവരുത്തുകയായിരുന്നു അക്രമികളുടെ ലക്ഷ്യം. എന്നാല്‍ ഭാഗ്യം ഒന്നുകൊണ്ട് മാത്രം ആ വധശ്രമത്തില്‍ നിന്ന് സ്യൂചി രക്ഷപ്പെടുകയായിരുന്നു. ഏകദേശം 70-ല്‍ പരം പേര്‍ കൊല്ലപ്പെട്ട സംഘര്‍ഷമാണ് ഈ ആക്രമണവുമായി ബന്ധപ്പെട്ട് അരങ്ങേറിയത്. സ്യൂചിയാണ് സംഘര്‍ഷത്തിന്റെ കാരണക്കാരി എന്നാരോപിച്ചുകൊണ്ട്സൈന്യം അവരെ വീണ്ടും വീട്ടുതടങ്കലിലാക്കി. സ്യൂചിയുടെ തടങ്കലോടെ പട്ടാളത്തിന്റെ ആസൂത്രണമായിരുന്നു ഈ അക്രമണമെന്ന വാദമാണ് ഏറെ ബലപ്പെട്ടത്. 

2009 വരെയാണ് തടങ്കല്‍ എന്നാണ് ഭരണകൂടം ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ ആ വര്‍ഷം സ്യൂചിയെ മോചിപ്പിക്കാന്‍ പട്ടാളം തയ്യാറായില്ല. പകരം പുതിയൊരു തന്ത്രം അവര്‍ പുറത്തെടുത്തു. സ്യൂചിയുടെ വസതിയില്‍ ഒരു യു എസ് പൗരന്‍ രഹസ്യമായി കയറിയെന്നും അവരുമായി ചര്‍ച്ച നടത്തിയെന്നും ആരോപിച്ചുകൊണ്ട് സ്യൂചിയുടെ  വീട്ടുതടങ്കല്‍ 18 മാസത്തേക്കുകൂടി നീട്ടിയതായി സൈനിക ഭരണകൂടം പ്രഖ്യാപിച്ചു. ആ പ്രഖ്യാപനം സൈന്യം ഉയര്‍ത്തുന്ന മുടന്തന്‍ ന്യായങ്ങളുടെ ആവര്‍ത്തനമാണെന്ന്  മ്യാന്‍മറിലെ ജനത്തിനും ലോകത്തിനും അറിയാമായിരുന്നു.

(രണ്ടാം ഭാഗം നാളെ)

ഒന്നാം ഭാഗം: ആങ് സാന്‍ സ്യൂചി വീണുടഞ്ഞ വിഗ്രഹമോ?
രണ്ടാം ഭാഗം: സ്യൂചിയുടെ വിജയങ്ങള്‍; ജനതയുടെ പരാജയങ്ങള്‍

മൂന്നാം ഭാഗം: റോഹിന്‍ഗ്യന്‍ ജനതയുടെ ചോരയോട് സ്യൂചിക്ക് എന്ത് മറുപടി പറയാനാവും?

 

click me!