കോൺഗ്രസ് സർക്കാരിനെ പിന്തുണയ്ക്കാനുള്ള സാധ്യത തള്ളാതെ യെച്ചൂരി; പൂർണ അഭിമുഖം

By Prasanth Reghuvamsom  |  First Published Apr 7, 2019, 9:46 PM IST

കേന്ദ്രസർക്കാർ രൂപീകരണത്തിൽ ഇക്കുറി ഇടതുപക്ഷത്തിന് നിർണ്ണായക പങ്ക് ഉണ്ടാകുമോ? വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം എന്ത് പ്രത്യാഘാതം ഉണ്ടാക്കും? സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി പ്രശാന്ത് രഘുവംശം നടത്തിയ ദീർഘ സംഭാഷണം.


കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ദില്ലിയിലെ പല സർക്കാരുകളുടേയും രൂപീകരണത്തിൽ ഇടതുപക്ഷത്തിന് നിർണ്ണായകമായ പങ്കുണ്ടായിരുന്നു. ഇത്തവണ അത്തരമൊരു നിർണ്ണായകമായ പങ്ക് ഇടതുപക്ഷത്തിന് ഉണ്ടാകുമോ? വയനാട്ടിൽ മത്സരിക്കാനുള്ള രാഹുൽ ഗാന്ധിയുടെ തീരുമാനം എന്ത് പ്രത്യാഘാതം ഉണ്ടാക്കും? ത്രിപുരയിലേയും പശ്ചിമബംഗാളിലേയും പാർട്ടിയുടെ ഭാവി? സിപിഎം ദേശീയ പാർട്ടി പദവി നിലനിർത്തുമോ? സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി ദില്ലി റീജിയണൽ എഡിറ്റർ പ്രശാന്ത് രഘുവംശം നടത്തിയ അഭിമുഖം.

പ്രശാന്ത് രഘുവംശം: സ്വാഗതം സീതാറാം യെച്ചൂരി. നമുക്ക് വയനാട്ടിൽ നിന്നുതന്നെ തുടങ്ങാം. കാരണം രാഹുൽ ഗാന്ധി മത്സരിക്കാൻ തീരുമാനിച്ചതോടെ വയനാടിന് ദേശീയ ശ്രദ്ധ കിട്ടിയിരിക്കുന്നു. നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിന് ശേഷം രാഹുൽ ഗാന്ധി പറഞ്ഞത് സിപിഎമ്മിനെതിരെ ഒരു വാക്കുപോലും സംസാരിക്കില്ലെന്നാണ്. പ്രത്യേകിച്ച് കേരളത്തിൽ. അദ്ദേഹത്തിന്‍റെ നിലപാടിനെ എങ്ങനെ കാണുന്നു?

Latest Videos

undefined

എന്ത് സന്ദേശമാണ് നൽകുന്നതെന്ന് ഞങ്ങൾക്ക് മനസിലായിട്ടില്ല.

സീതാറാം യെച്ചൂരി: ഞാനിത് മുമ്പും പറഞ്ഞിട്ടുണ്ട്. വീണ്ടും പറയാം. കോൺഗ്രസ് പ്രസിഡന്‍റ് വയനാട്ടിൽ മത്സരിക്കുന്നതിലൂടെ എന്ത് സന്ദേശമാണ് നൽകുന്നതെന്ന് ഞങ്ങൾക്ക് മനസിലായിട്ടില്ല. കാരണം ഭരണഘടന വിഭാവനം ചെയ്തിരിക്കുന്ന മതേതര ജനാധിപത്യ റിപ്പബ്ലിക്കായി ഇന്ത്യയെ സംരക്ഷിക്കാൻ വേണ്ടി ബിജെപി തോൽപ്പിക്കുക എന്നതാകണം ലക്ഷ്യം. കോൺഗ്രസ് പാർട്ടിയും യുപിഎ ചെയർ പേഴ്സണും അതിനായാണ് ഇടത് പാർട്ടികളടക്കം 21 രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിച്ചുകൂട്ടിയത്. ബിജെപിയെ തോൽപ്പിക്കാനായി നമുക്ക് എങ്ങനെ യോജിക്കാം എന്നാണവർ ചോദിച്ചത്. ഇപ്പോൾ അവർ തരുന്ന സന്ദേശം ബിജെപിയെ അല്ല, ഇടതുപക്ഷത്തേയും സിപിഎമ്മിനേയും തോൽപ്പിക്കുന്നതാണ് കൂടുതൽ പ്രധാനം എന്നാണ്. അവരെന്ത് സന്ദേശമാണ് നൽകുന്നതെന്ന് എനിക്ക് മനസിലായിട്ടില്ല. ഞാനിത് മുമ്പും പറഞ്ഞിട്ടുണ്ട്. എന്താണ് അവർ പറയാൻ ശ്രമിക്കുന്നത്? 

മതേതര ബദൽ കൊണ്ടുവരാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

ബിജെപിയെ തോൽപ്പിക്കുക, ഇടതുപക്ഷത്തിന്‍റെയും സിപിഐ എമ്മിന്‍റേയും ശക്തി വ‍ർദ്ധിപ്പിക്കുക, തെരഞ്ഞെടുപ്പിന് ശേഷം കേന്ദ്രത്തിൽ മതേതര ബദൽ സർക്കാരിനെ അധികാരത്തിലെത്തിക്കുക. ഇവ മൂന്നുമാണ് ഞങ്ങളുടെ പ്രഖ്യാപിത ലക്ഷ്യങ്ങൾ. അതനുസരിച്ച് ഞങ്ങൾ പ്രവർത്തിച്ചുവരുകയാണ്. അവരെന്തിനായാണ് പ്രവർത്തിക്കുന്നതെന്ന് അവർ മറുപടി പറയട്ടെ. 

പ്രശാന്ത് രഘുവംശം: നിങ്ങളുടെ ലക്ഷ്യത്തെക്കുറിച്ച് താങ്കൾ പറയുമ്പോൾ, ഈ പറഞ്ഞ ഇടത് മതേതര സർക്കാരിൽ ചേരാനും അതിനെ നയിക്കാൻ പോലുമോ കോൺഗ്രസിനെ ക്ഷണിക്കാൻ മടിയില്ലെന്ന് താങ്കൾ മുമ്പ് സൂചന നൽകിയിട്ടുണ്ട്.

സീതാറാം യെച്ചൂരി: അത് തെരഞ്ഞെടുപ്പിന് ശേഷം രൂപപ്പെടുന്ന സാഹചര്യം അനുസരിച്ചിരിക്കും. ഞാനെപ്പോഴും ഇന്ത്യൻ യാഥാർത്ഥ്യത്തെപ്പറ്റി സൂചിപ്പിക്കാറുണ്ട്. തെരഞ്ഞെടുപ്പിന് മുമ്പുള്ള സഖ്യങ്ങൾ നിലനിൽക്കാറില്ല എന്നാണ് നമ്മുടെ അനുഭവം. കാരണം പല പ്രാദേശിക പാർട്ടികൾക്കും പല തലത്തിലുള്ള ജനപിന്തുണയാണ് ഉള്ളത്. എല്ലാ സംസ്ഥാനങ്ങൾക്കും അതിന്‍റേതായ പ്രത്യേകതകളുമുണ്ട്. 

തെരഞ്ഞെടുപ്പിന് ശേഷമേ ബദൽ സഖ്യങ്ങൾ ഉണ്ടായിട്ടുള്ളൂ

1977 മുതൽ ഇത് സംഭവിക്കുകയാണ്. മൊറാർജി ദേശായി സർക്കാരിന്‍റെ ജനതാപാർട്ടി സർക്കാരിന്‍റെ കാര്യം ഓർത്തുനോക്കൂ. ജനതാപാർട്ടി തന്നെ രൂപീകരിക്കപ്പെട്ടത് ഇന്ദിരാഗാന്ധി പരാജയപ്പെട്ടതിന് ശേഷമാണ്. വിപി സിംഗിന്‍റെ കാര്യത്തിലും ഇതുതന്നെ സംഭവിച്ചു. ദേശീയ സോഷ്യലിസ്റ്റ് വിമോചന സഖ്യം രൂപീകരിച്ചത് തെരഞ്ഞെടുപ്പിന് ശേഷമായിരുന്നു. ദേവഗൗഡ പ്രധാനമന്ത്രി ആയപ്പോൾ ഐക്യസഖ്യം രൂപീകരിച്ചത് തെരഞ്ഞെടുപ്പിന് ശേഷമായിരുന്നു. 1998ൽ വാജ്പേയി സർക്കാർ അധികാരത്തിൽ വന്നത് തെരഞ്ഞെടുപ്പിന് ശേഷം രൂപീകരിച്ച എൻഡിഎ സഖ്യത്തിലൂടെയായിരുന്നു. മൻമോഹൻ സിംഗ് അധികാരത്തിലെത്തിയ 2004ൽ യുപിഎ രൂപീകരിച്ചത് തെരഞ്ഞെടുപ്പിന് ശേഷമായിരുന്നു. 2019ലും തെരഞ്ഞെടുപ്പിന് ശേഷം ഒരു സഖ്യം രൂപപ്പെടും. അത് ഒരു ബദൽ സർക്കാർ ഉണ്ടാക്കുകയും ചെയ്യും. ആ സാഹചര്യത്തിനുവേണ്ടിയാണ് ഞങ്ങൾ നിലനിൽക്കുന്നത്. 2019ൽ ഇതുതന്നെ സംഭവിക്കുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ട്.

പ്രശാന്ത് രഘുവംശം: അതെ, തെരഞ്ഞെടുപ്പിന് ശേഷമാണ് എല്ലായ്പ്പോഴും സർക്കാർ രൂപീകരണം നടക്കുന്നത്... അത് മാത്രമല്ല...

സീതാറാം യെച്ചൂരി: സർക്കാർ മാത്രമല്ല, സഖ്യങ്ങളും തെരഞ്ഞെടുപ്പിന് ശേഷമാണ് രൂപപ്പെട്ടിട്ടുള്ളത്.

പ്രശാന്ത് രഘുവംശം: അക്കാര്യത്തിൽ സംശയമില്ല, പക്ഷേ 2004ൽ സിപിഎം കോൺഗ്രസ് നയിക്കുന്ന സർക്കാരിനെ പിന്തുണയ്ക്കും എന്ന കാര്യത്തിൽ ആ‍ർക്കും സംശയമില്ലായിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം പ്രത്യേക പോളിറ്റ് ബ്യൂറോ യോഗമൊന്നും വിളിക്കാതെ ഹർ കിഷൻ സിംഗ് സുർജിത് കോൺഗ്രസ് സർക്കാരിന് പിന്തുണ നൽകുമെന്ന് പ്രഖ്യാപിച്ചു. അങ്ങനെയാണല്ലോ യുപിഎ സർക്കാർ ഉണ്ടായത്. ഈ തെരഞ്ഞെടുപ്പിന്‍റെ കാര്യത്തിലും തുടക്കത്തിൽ കോൺഗ്രസ് നയിക്കുന്ന സർക്കാരിനെ പിന്തുണച്ചേക്കും എന്ന് താങ്കൾ പറഞ്ഞിരുന്നു. എന്നാൽ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാൻ തീരുമാനിച്ചതിന് ശേഷം അക്കാര്യത്തിൽ മാറ്റമുണ്ടായിട്ടുണ്ടോ?

എന്താണ് സംഭവിക്കാൻ പോവുകയെന്ന് ഇപ്പോൾ പ്രവചിക്കാനാകില്ല.

സീതാറാം യെച്ചൂരി: നോക്കൂ, മതേതര ബദൽ സർക്കാരിനായാണ് ഞങ്ങൾ ശ്രമിക്കുന്നത്. ആര് ആ സർക്കാരിനെ നയിക്കുമെന്ന് തെരഞ്ഞെടുപ്പിന് ശേഷമുള്ള സാഹചര്യം അനുസരിച്ചേ തീരുമാനിക്കാനാകൂ. തെരഞ്ഞെടുപ്പ് ഫലം അനുസരിച്ചാകും അത് തീരുമാനിക്കുക. 1996ൽ ഒരു കോൺഗ്രസ് ഇതര സർക്കാർ ആയിരുന്നു. പക്ഷേ ആ സർക്കാരിനെ കോൺഗ്രസ് പുറത്തുനിന്ന് പിന്തുണച്ചു. 2004ൽ കോൺഗ്രസ് നയിച്ച സർക്കാരായിരുന്നു. പക്ഷേ സിപിഐഎമ്മും ഇടതുപക്ഷവും ആ സർക്കാരിനെ പുറത്തുനിന്ന് പിന്തുണച്ചു. എന്താണ് സംഭവിക്കാൻ പോവുകയെന്ന് നമുക്ക് ഇപ്പോൾ പ്രവചിക്കാനാകില്ല. ഇതുതന്നെയാണ് ഞാൻ നേരത്തേയും പറഞ്ഞത്.

പ്രശാന്ത് രഘുവംശം: എങ്കിൽ പോലും വരുന്നത് കോൺഗ്രസ് നയിക്കുന്ന സർക്കാർ ആണെങ്കിൽ സിപിഎം അതിനെ പിന്തുണയ്ക്കുമോ?

സീതാറാം യെച്ചൂരി: അതൊരു സാങ്കൽപ്പിക ചോദ്യമാണ്. എങ്ങനെയാണ് സാഹചര്യങ്ങൾ വികസിക്കുകയെന്ന് നമുക്ക് നോക്കാം. 1996 പോലെ ഒരു സാഹചര്യം ആണെങ്കിലോ?

പ്രശാന്ത് രഘുവംശം: അത് അനുമാനിച്ചുള്ള ഒരു ചോദ്യമാണെങ്കിലും ആളുകൾക്ക് അറിയാൻ താൽപ്പര്യമുണ്ടാകും. എന്തായിരിക്കും സിപിഎമ്മിന്‍റെ നയം?

സീതാറാം യെച്ചൂരി: ആദ്യം ജനങ്ങൾ എന്താണ് ആഗ്രഹിക്കുന്നതെന്ന് പറയട്ടെ. 'അങ്ങനെയാണെങ്കിൽ' എന്നല്ലേ താങ്കൾ ചോദിച്ചത്. എങ്ങനെയാകുമെന്ന് എന്ന് ജനങ്ങൾ പറയട്ടെ. തെരഞ്ഞെടുപ്പിന് ശേഷം എന്ത് സാഹചര്യമാണ് വേണ്ടതെന്ന് ജനങ്ങൾ തീരുമാനിക്കും. ജനങ്ങളുടെ തീരുമാനം അനുസരിച്ച് ഞങ്ങൾ തീരുമാനിക്കും. ജനങ്ങൾ വോട്ട് ചെയ്ത് തീരുമാനിക്കട്ടെ.

പ്രശാന്ത് രഘുവംശം: കോൺഗ്രസ് നയിക്കുന്ന സർക്കാരാകട്ടെ, ഏതെങ്കിലും പ്രാദേശിക പാർട്ടി നയിക്കുന്ന സർക്കാരാകട്ടെ, അങ്ങനെ ഏത് സാഹചര്യം ഉരുത്തിരിഞ്ഞാലും കുഴപ്പമില്ല എന്നാണോ? 

സീതാറാം യെച്ചൂരി: എന്ത് സാഹചര്യം വന്നാലും ഞങ്ങളുടെ ലക്ഷ്യം മതേതര ബദൽ സർക്കാർ ആണ്. അതിനുവേണ്ടി എല്ലാ ശ്രമങ്ങളും ഞങ്ങൾ നടത്തും.

പ്രശാന്ത് രഘുവംശം: രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതുകൊണ്ട് ആ തീരുമാനം മാറില്ലെന്നാണോ?

സീതാറാം യെച്ചൂരി: ഏത് സാഹചര്യത്തിലും ആ തീരുമാനം മാറാൻ പോകുന്നില്ല. ആ തീരുമാനം ഇന്ത്യ ആഗ്രഹിക്കുന്നതാണ്. ഇന്ത്യൻ ജനതയുടെ ആവശ്യമാണത്. ശക്തമായ ഇടതുപക്ഷത്തെ അവർ ആഗ്രഹിക്കുന്നു. കാരണം ശക്തമായ ഇടതുപക്ഷമുണ്ടെങ്കിൽ ജനപക്ഷത്തേക്ക് സർക്കാർ നയങ്ങൾ മാറും. കേരളത്തിലെ ജനങ്ങളോട് എനിക്ക് വലിയ ബഹുമാനമുണ്ട്. 2004നെക്കുറിച്ച് താങ്കൾ സൂചിപ്പിച്ചല്ലോ. യുപിഎ സർക്കാരിനെ ഞങ്ങൾ പിന്തുണച്ചു എന്ന് പറഞ്ഞില്ലേ? തെരഞ്ഞെടുപ്പിന് മുമ്പായിരുന്നില്ല ആ പിന്തുണ പ്രഖ്യാപിച്ചത്. എന്നിട്ടും കേരള ജനത എന്താണ് ചെയ്തത്? ഇരുപതിൽ പതിനെട്ട് ഇടത് എംപിമാരെ അവർ തെരഞ്ഞെടുത്തു. മറ്റൊരു സർക്കാർ വരുമെന്ന് അവർക്കറിയാമായിരുന്നു. പക്ഷേ ആ സർക്കാർ ജനപക്ഷനയങ്ങൾ നടപ്പാക്കണമെങ്കിൽ ഇടതുപക്ഷത്തെ ശക്തമാക്കണമെന്ന് ജനങ്ങൾക്കറിയാമായിരുന്നു.

കേരളത്തിലെ ഇരുപത് സീറ്റും ഇടതുപക്ഷം നേടിയാലും അത്ഭുതമില്ല.

അന്ന് കോൺഗ്രസിന് കേരളത്തിൽ നിന്ന് ഒരൊറ്റ എംപി പോലുമില്ലായിരുന്നു. പക്ഷേ കോൺഗ്രസ് കേന്ദ്രത്തിൽ സർക്കാരുണ്ടാക്കി. ആ സർക്കാരിനെ ഞങ്ങൾ പുറത്തുനിന്ന് പിന്തുണച്ചു. ആ സർക്കാരിന്‍റെ കാലത്ത് എല്ലാ പുരോഗമന നിയമനിർമ്മാണങ്ങളും നടന്നത് ഇടതുപക്ഷം ശക്തമായിരുന്നത് കൊണ്ടാണ്. ഗ്രാമീണ തൊഴിലുറപ്പ് നിയമം, വിവരാവകാശ നിയമം, വനാവകാശ നിയമം, വിദ്യാഭ്യാസ അവകാശ നിയമം, ഭക്ഷ്യാവകാശ നിയമം ഈ പുതിയ നിയമങ്ങളെല്ലാം വന്നത് ഇടതുപക്ഷത്തിന്‍റെ പിന്തുണ കൊണ്ടായിരുന്നു. കേരളത്തിലെ ജനങ്ങൾ പക്വതയുള്ളവരാണ്. ആ പക്വത അവർ ഇത്തവണയും കാട്ടും. 2014ൽ കേരളത്തിൽ നിന്ന് പതിനെട്ട് സീറ്റാണ് ഇടതുപക്ഷം നേടിയതെങ്കിൽ ഇത്തവണ ഇരുപതും നേടിയാലും എനിക്ക് അത്ഭുതമില്ല. 20 സീറ്റുകളും ഇടതുപക്ഷം നേടുന്നത് തീർച്ചയായും സാധ്യമാണ്. 

പ്രശാന്ത് രഘുവംശം: ഒരു കോൺഗ്രസ് സർക്കാരിനെ സിപിഎം പിന്തുണയ്ക്കാനുള്ള സാധ്യതയെ താങ്കൾ തള്ളിക്കളയുന്നില്ല എന്ന് ചുരുക്കാം?

സീതാറാം യെച്ചൂരി: സിപിഐഎം ശ്രമിക്കുന്നത് ഒരു മതേതര ബദൽ സർക്കാരിന് വേണ്ടിയാണ് എന്ന് ചുരുക്കാം. ആ മതേതര ബദൽ സർക്കാരിന്‍റെ രൂപമെന്തായിരിക്കുമെന്ന് തീരുമാനിക്കാൻ വോട്ട് ചെയ്യുന്ന ജനങ്ങൾക്കേ കഴിയൂ.

പ്രശാന്ത് രഘുവംശം: തെരഞ്ഞെടുപ്പിന് ശേഷം രണ്ട് സാഹചര്യങ്ങൾ ഉരുത്തിരിഞ്ഞാൽ? എല്ലാ പ്രാദേശിക പാർട്ടികളും യോജിക്കുന്നു എന്ന് കരുതുക. മായാവതി, അഖിലേഷ് യാദവ് അല്ലെങ്കിൽ മറ്റൊരു പ്രാദേശിക കക്ഷി നേതാവ് പ്രധാനമന്ത്രി ആകാൻ ആഗ്രഹിക്കുന്നു. ഞങ്ങൾ സർക്കാരിനെ നയിക്കും എന്ന് കോൺഗ്രസ് പ്രഖ്യാപിക്കുന്ന രണ്ടാമതൊരു സാഹചര്യം. ഇതിൽ സിപിഎം താൽപ്പര്യപ്പെടുന്നത് എന്താണ്?

സീതാറാം യെച്ചൂരി: അത് നമ്പറുകളെ മാത്രം അനുസരിച്ചിരിക്കും. ആർക്ക് എത്ര സീറ്റുകൾ ലഭിക്കും? ആര് കൂടുതൽ സീറ്റുകൾ നേടും? 1996ൽ കോൺഗ്രസ് തെരഞ്ഞെടുപ്പിൽ തോറ്റു. അന്ന് പ്രതിപക്ഷ നിരയിലെ വലിയ കക്ഷിയായിരുന്ന ജനതാ ദൾ സർക്കാരുണ്ടാക്കി. അവർക്ക് പ്രധാനമന്ത്രി സ്ഥാനം കിട്ടി. 'എങ്കിൽ', 'പക്ഷേ' ഇതിനൊന്നും രാഷ്ട്രീയത്തിൽ സ്ഥാനമില്ല. ജനവിധിക്ക് ശേഷം ഉയർന്നുവരുന്ന രാഷ്ട്രീയ യാഥാർത്ഥ്യം എന്താകും എന്നത് മാത്രമാണ് പ്രധാനം. അതിനായി കാത്തിരിക്കൂ. പക്ഷേ ഒരു കാര്യം ഉറപ്പാണ്. ഒരു മതേതര ബദൽ സർക്കാരാണ് വരാനിരിക്കുന്നത്.

പ്രശാന്ത് രഘുവംശം: രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാൻ തീരുമാനിച്ചതിന് ശേഷം കോൺഗ്രസിന്‍റെ വിശ്വാസ്യത ഇടിഞ്ഞുവെന്ന് താങ്കൾ കരുതുന്നുണ്ടോ?

ഭരണഘടന നിർവചിച്ചിരിക്കുന്ന രൂപത്തിൽ ഇന്ത്യയെ സംരക്ഷിക്കണം

സീതാറാം യെച്ചൂരി: ഇല്ല. ചോദ്യം ഇതാണ്, കോൺഗ്രസ് എന്താണ് ചെയ്യുന്നത്? ഇതെന്‍റെ ചോദ്യമല്ല. കേരളത്തിലെ ഓരോ പൗരന്‍റേയും ചോദ്യമാണ്. എന്ത് സന്ദേശമാണ് കോൺഗ്രസ് നൽകുന്നത്? ഇന്നത്തെ പ്രധാന പ്രതിയോഗി ആരാണ്? ബിജെപിയാണോ? ഇന്ത്യയെ രക്ഷിക്കാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ? നമ്മളറിയുന്ന രൂപത്തിൽ, ഭരണഘടന നിർവചിച്ചിരിക്കുന്ന രൂപത്തിൽ ഇന്ത്യയെ സംരക്ഷിക്കണം എന്ന് നിങ്ങൾക്ക് ആഗ്രഹമുണ്ടോ? ജനങ്ങൾക്കുവേണ്ടി നയങ്ങളിൽ മാറ്റം വരുത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? ഇങ്ങനെയൊക്കെയാണെങ്കിൽ നിങ്ങളുടെ മുഖ്യശത്രു ബിജെപി ആകണം. പക്ഷേ കേരളത്തിൽ വന്ന് പ്രധാനശത്രു സിപിഐഎമ്മും എൽഡിഎഫും ആണെന്ന് പറയുന്നതിലൂടെ നിങ്ങൾ നൽകുന്ന സന്ദേശം എന്താണ്? കോൺഗ്രസ് ഇതിന് മറുപടി പറയണം.

പ്രശാന്ത് രഘുവംശം: താങ്കൾ തെരഞ്ഞെടുപ്പ് യോഗങ്ങളിൽ പങ്കെടുക്കാൻ വയനാടിന് പോകുന്നുണ്ട്. താങ്കളുടെ പ്രധാന പ്രതിയോഗി രാഹുൽ ഗാന്ധി ആയിരിക്കുമോ എൻഡിഎ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളി ആയിരിക്കുമോ?

കേരളത്തിലെ പ്രധാന പ്രതിയോഗി യുഡിഎഫ് തന്നെ

സീതാറാം യെച്ചൂരി:. അവിടെ എൽഡിഎഫും യുഡിഎഫും തമ്മിലാണ് എപ്പോഴും മത്സരം. ബിജെപി കേരളത്തിൽ നിസ്സാരശക്തിയാണ്. അത് ഇനിയും അങ്ങനെതന്നെ ആയിരിക്കുകയും ചെയ്യും. കേരളത്തിലെ പ്രധാന പോരാട്ടം ഇടതുപക്ഷവും കോൺഗ്രസ് നയിക്കുന്ന പക്ഷവും തമ്മിലാണ്. ഇപ്പോൾ മുതലല്ല, ഏതാണ്ട് ഞാൻ ജനിച്ച കാലം മുതൽ. അതും ഇനിയും അങ്ങനെതന്നെ ആയിരിക്കും.

പ്രശാന്ത് രഘുവംശം: പക്ഷേ, തെരഞ്ഞെടുപ്പിന് ശേഷം താങ്കൾ ഒരുപക്ഷേ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പിന്തുണച്ചേക്കാവുന്ന ഒരാൾക്കെതിരെ ആണ് താങ്കൾ സംസാരിക്കാൻ പോകുന്നത്.

സീതാറാം യെച്ചൂരി: ശ്രദ്ധിക്കൂ, വ്യക്തികളല്ല ലക്ഷ്യങ്ങൾ, അവർ പ്രതിനിധാനം ചെയ്യുന്ന നയങ്ങളാണ്. അവർ ആരെയാണ് പ്രതിനിധീകരിക്കുന്നത്? നവ ലിബറൽ നയങ്ങൾ നടപ്പാക്കിയ കോൺഗ്രസിന്‍റെ ധനമന്ത്രിയായ മൻമോഹൻ സിംഗിനെ ഞങ്ങൾ എതിർത്തു. പക്ഷേ അദ്ദേഹം നയിച്ച സർക്കാരിന് ഞങ്ങൾ പുറത്തുനിന്ന് പിന്തുണ നൽകാതിരുന്നോ? താങ്കൾ തന്നെയാണെന്നു തോന്നുന്നു, ഇത്രകാലവും എതിർത്തിരുന്ന ഡോ.മൻമോഹൻ സിംഗിനെ എങ്ങനെ പിന്തുണയ്ക്കാനാകും എന്ന് ഇതേ ചോദ്യം മുമ്പ് ചോദിച്ചിട്ടുണ്ട്.

വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളല്ല പ്രധാനം, നയങ്ങൾ തന്നെയാണ്.

ഡോ. മൻമോഹൻ സിംഗ് കോൺഗ്രസ് സർക്കാരിന്‍റെ ധൻമന്ത്രി ആയിരിക്കുന്നതും ഇടത് പിന്തുണയെ ആശ്രയിച്ച് നിലനിൽക്കുന്ന ഒരു സഖ്യകക്ഷി സർക്കാരിന്‍റെ പ്രധാനമന്ത്രി ആയിരിക്കുന്നതും രണ്ട് സാഹചര്യമാണ്.  അദ്ദേഹം പിന്തുടരുന്ന നയം എന്താണ് എന്നത് അനുസരിച്ചാണ് ഞങ്ങളുടെ സമീപനം തീരുമാനിക്കുന്നത്. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളോ വ്യക്തിത്വമോ അല്ല പ്രധാനം, നയങ്ങൾ തന്നെയാണ്. അവർ രാജ്യതാൽപ്പര്യവും ജനതാൽപ്പര്യവും മുൻനിർത്തുന്ന നയങ്ങളാണോ സ്വീകരിക്കുന്നത് എന്നതാണ് പ്രധാനം. സിപിഐഎമ്മിന്‍റെ സമീപനം എക്കാലവും തീരുമാനിക്കുന്നത് ഈ അടിസ്ഥാനത്തിലാണ്.

പ്രശാന്ത് രഘുവംശം: രാഹുൽ ഗാന്ധിയുടെ തീരുമാനങ്ങൾ പലപ്പോഴും കേരളത്തിലെ നേതാക്കളാണ് രൂപപ്പെടുത്തുക. അവരുടെ ഉപദേശപ്രകാരം അദ്ദേഹം ഹിന്ദി ഹൃദയഭൂമിയിൽ നിന്ന് ഓടിപ്പോന്നിരിക്കുന്നു എന്നാണ് വിമർശനം. താങ്കൾ അതിനോട് യോജിക്കുന്നുണ്ടോ?

നമ്മൾ രാജ്യത്തെ സംരക്ഷിക്കുമോ? ജനതയെ സംരക്ഷിക്കുമോ?

സീതാറാം യെച്ചൂരി: ഞാനെന്തിന് അതിനോട് യോജിക്കണം? അതെന്‍റെ അജണ്ടയല്ല. അദ്ദേഹം എവിടെ മത്സരിക്കണം എന്നത് എന്‍റെ അജണ്ടയല്ല. അത് രാജ്യത്തിന്‍റെ അജണ്ടയുമല്ല. രാജ്യത്തിന്‍റെ ചോദ്യം ഈ രാജ്യത്തിന്‍റെ ഭരണഘടനയെ നമ്മൾ സംരക്ഷിക്കുമോ എന്നാണ്. ഈ ജനാധിപത്യ മതേതര റിപ്പബ്ലിക്കിനെ സംരക്ഷിക്കുമോ നമ്മൾ എന്നാണ്. നയങ്ങൾ ജനങ്ങൾക്ക് അനുകൂലമായി നമ്മൾ മാറ്റിത്തീർക്കുമോ എന്നാണ്. രാജ്യത്തെ ജനങ്ങൾ ഭീകരമായി സാമ്പത്തിക നയങ്ങളുടെ ദുഷ്ഫലങ്ങൾ അനുഭവിക്കുകയാണ്. രാജ്യത്തിന്‍റെ സാമൂഹ്യമണ്ഡലം അസ്വസ്ഥമാണ്. ഇങ്ങനെ ഒരുപാട് പ്രശ്നങ്ങളുണ്ട്. നമ്മൾ ഇന്ത്യയെ സംരക്ഷിക്കുമോ? ഇന്ത്യൻ ജനതയെ സംരക്ഷിക്കുമോ? അവർക്ക് മെച്ചപ്പെട്ട ജീവിതമാർഗ്ഗം നൽകുമോ? അതാണ് പ്രധാന വിഷയം. 

പ്രശാന്ത് രഘുവംശം: രാഹുൽ ഗാന്ധി അമേഠിയിൽ പരാജയപ്പെടുമെന്ന് പേടിക്കുന്നു എന്നൊരു സിദ്ധാന്തം പ്രചരിക്കുന്നുണ്ട്. ഇടത് നേതാക്കളും അങ്ങനെ പറയുന്നുണ്ട്.

സീതാറാം യെച്ചൂരി: ആയിരിക്കാം.. കോൺഗ്രസ് നേതാക്കളും ഭരണത്തിലിരിക്കുന്ന പാർട്ടിയുടെ നേതാക്കളും മുമ്പും ഒന്നിൽക്കൂടുതൽ മണ്ഡലങ്ങളിൽ മത്സരിച്ചിട്ടുണ്ട്. നരേന്ദ്രമോദി ഗുജറാത്തിൽ നിന്നും വാരാണസിയിൽ നിന്നും മത്സരിച്ചു. ഇന്ദിരാഗാന്ധി ചിക്‍മംഗലൂരുവിൽ നിന്ന് മത്സരിച്ചു. സോണിയ ഗാന്ധി ബെല്ലാരിയിൽ നിന്നും റായ് ബറേലിയിൽ നിന്നും മത്സരിച്ചു.  ഇപ്പോൾ രാഹുൽ ഗാന്ധി അമേഠിയിൽ നിന്നും വയനാട്ടിൽ നിന്നും മത്സരിക്കുന്നു. അപ്പോൾ ഈ പാർട്ടികൾ എപ്പോഴും ചെയ്യുന്ന കാര്യമാണിത്. വേറെന്തൊക്കെ ന്യായം അവർ പറഞ്ഞാലും ഒരു സീറ്റിന്‍റെ കാര്യത്തിൽ ഉറപ്പില്ലാത്തതുകൊണ്ടായിരിക്കും ഒന്നിലേറെ സീറ്റുകളിൽ മത്സരിക്കുന്നത്.  

പ്രശാന്ത് രഘുവംശം: രാഹുൽ ഗാന്ധി അമേഠിയിൽ നിന്ന് ഇങ്ങനെ ഓടിയത് ശരിയായോ?

സീതാറാം യെച്ചൂരി: അദ്ദേഹത്തോട് ചോദിക്കൂ... പോയി അദ്ദേഹത്തോട് ചോദിക്കൂ... ഈ തീരുമാനം എടുത്തത് എന്തിനാണ് എന്ന് ചോദിക്കൂ. 

പ്രശാന്ത് രഘുവംശം: ഹിന്ദി ഹൃദയഭൂമിയിൽ രാഹുൽ ഗാന്ധി പരാജയം സമ്മതിക്കുകയാണ് എന്നതിന്‍റെ സൂചനയാണോ ഇത്?

രാഹുൽ കർണ്ണാടകയിൽ  മത്സരിക്കാതിരുന്നത് എന്തുകൊണ്ടാണ്?

സീതാറാം യെച്ചൂരി: അവർ എന്തുകൊണ്ട് ഇങ്ങനെ തീരുമാനിച്ചു എന്ന് എനിക്കെങ്ങനെ പറയാനാകും? അവർ പറയുന്നു അദ്ദേഹം തെക്കേ ഇന്ത്യയിൽ നിന്ന് മത്സരിക്കാൻ ആഗ്രഹിക്കുന്നത് കൊണ്ടാണെന്ന്. അങ്ങനെയെങ്കിൽ എന്തിന് കേരളത്തിൽ ഇടതുപക്ഷത്തിനെതിരെ? അദ്ദേഹത്തിന്‍റെ മുത്തശ്ശിയെപ്പോലെ, അദ്ദേഹത്തിന്‍റെ അമ്മയെപ്പോലെ കർണ്ണാടകയിൽ പോയി മത്സരിക്കാതിരുന്നത് എന്തുകൊണ്ടാണ്? ഇതൊക്കെ അവർ ഉത്തരം പറയേണ്ട ചോദ്യങ്ങളാണ്.

പ്രശാന്ത് രഘുവംശം: രണ്ട് സിദ്ധാന്തങ്ങളുണ്ട്. ഒന്നിതാണ്, വയനാട്ടിൽ മത്സരിക്കാൻ സീതാറാം യെച്ചൂരി രാഹുൽ ഗാന്ധിയെ ഉപദേശിച്ചു. രണ്ടാമത്തെ സിദ്ധാന്തം സീതാറാം യെച്ചൂരി വയനാട്ടിൽ മത്സരിക്കുന്നതിൽ നിന്ന് രാഹുലിനെ തടയാൻ ശ്രമിച്ചു എന്നാണ്.

സീതാറാം യെച്ചൂരി: രണ്ട് സിദ്ധാന്തങ്ങളും നിങ്ങളുണ്ടാക്കിയതാണ്. നിങ്ങൾ എന്നു പറഞ്ഞാൽ മാധ്യമങ്ങൾ. അതുകൊണ്ട് ഏതാണ് ശരിയെന്നും ഏതാണ് തെറ്റെന്നും മാധ്യമങ്ങൾ തന്നെ പറയണം. ഇതുരണ്ടും തെറ്റാണ്. ഞാനെന്തിന് അത് ചെയ്യണം? രാഹുൽ ഗാന്ധിയുടെ മുത്തശ്ശി ചിക്‍മംഗലൂരുവിൽ മത്സരിക്കാൻ ഞാൻ ഉപദേശിച്ചിരുന്നോ? സോണിയ ഗാന്ധിജിയോട് ബെല്ലാരിയിൽ മത്സരിക്കാൻ ഞാൻ പറഞ്ഞുവോ? എന്തിനാണ് അദ്ദേഹത്തെ ആരെങ്കിലും ഉപദേശിക്കുന്നത്? ഇതൊരു ജനാധിപത്യമല്ലേ. അവർ തീരുമാനിക്കട്ടെ. പക്ഷേ അവർ എന്താണ് അങ്ങനെ തീരുമാനിച്ചതെന്ന് നിങ്ങൾ അവരോടാണ് ചോദിക്കണ്ടത്, എന്നോടല്ല.

പ്രശാന്ത് രഘുവംശം: മതേതര കക്ഷികളുടെ വിശാല സഖ്യത്തിനുവേണ്ടി ഒരുപാട് പ്രവർത്തിച്ച ആളാണ് താങ്കൾ. അല്ലെങ്കിൽ മതേതര കക്ഷികൾക്ക് ഒരു വിശാല പ്ലാറ്റ്ഫോം വേണമെന്ന് ആവശ്യപ്പെടുന്ന ആളാണ് താങ്കൾ. ഈ സാഹചര്യം അങ്ങേയ്ക്കൊരു തിരിച്ചടിയാണോ?

സീതാറാം യെച്ചൂരി: ഞാനത് ഇപ്പോഴും പറയുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരു മതേതര ബദൽ സർക്കാർ ഉണ്ടാകും. അത് മതേതര കക്ഷികളുടെ പരസ്പര വിശ്വാസം ഇല്ലാതെ നടക്കുകയുമില്ലല്ലോ. അതാണ് ഞാനെന്നും പറഞ്ഞത്. അതിനുവേണ്ടിയാണ് ഞാൻ എന്നും നിലനിന്നത്. അത് സംഭവിക്കുമെന്നും എനിക്കുറപ്പാണ്.

പ്രശാന്ത് രഘുവംശം: ആ മതേതര സർക്കാരിൽ സിപിഎം പങ്കാളിയാകുമോ?

മന്ത്രിസഭയിൽ ചേരണോ എന്ന് പാർട്ടി ആ സമയത്ത് തീരുമാനിക്കും.

സീതാറാം യെച്ചൂരി: അത് ഞങ്ങൾ അപ്പോൾ തീരുമാനിക്കും. പാർട്ടി കോൺഗ്രസ് തീരുമാനപ്രകാരവും പാർട്ടി പരിപാടി പറയുന്നത് അനുസരിച്ചും, മൂർത്തമായ സാഹചര്യങ്ങൾ പരിഗണിച്ച് കേന്ദ്ര കമ്മിറ്റി അപ്പോൾ ഒരു തീരുമാനം എടുക്കും.

പ്രശാന്ത് രഘുവംശം: അങ്ങ് പതിവായി കേരളത്തിലേക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുന്നുണ്ടല്ലോ. കേരളത്തിൽ നിന്ന് കിട്ടുന്ന സൂചനയെന്താണ്?

സീതാറാം യെച്ചൂരി: എൽഡിഎഫിന് അനുകൂലമായ വലിയ ജനപിന്തുണ രൂപപ്പെടുന്നു എന്നാണ് ഞാൻ മനസിലാക്കുന്നത്. ഇടതുപക്ഷം ചൂണ്ടിക്കാട്ടുന്ന തീരുമാനത്തിലേക്കാണ് ജനങ്ങളും എത്തുന്നത്. ഒരു മതേതര സർക്കാർ കേന്ദ്രത്തിൽ വരാൻ പോകുന്നു. ആ സർക്കാരിനെ ജനപക്ഷ നയങ്ങൾക്കായി പ്രേരിപ്പിക്കാൻ ഇടതുപക്ഷത്തിന് കൂടുതൽ കരുത്ത് വേണം. 2004ലെ പോലെ തന്നെ കേരളജനത തയ്യാറെടുത്തുകഴിഞ്ഞു എന്നാണ് ഞാൻ മനസിലാക്കുന്നത്. ഇടതുപക്ഷത്തിന്‍റെ കൂടുതൽ എംപിമാർ തെരഞ്ഞെടുക്കപ്പെടും.

പ്രശാന്ത് രഘുവംശം: പക്ഷേ മിക്ക സർവേകളും പറയുന്നത് ശബരിമല വിഷയം സിപിഎമ്മിന് പരിക്കേൽപ്പിക്കുമെന്നാണ്.

തെരഞ്ഞെടുപ്പ് സർവേകൾ എന്നാണ് ശരിയായി വന്നിട്ടുള്ളത്?

സീതാറാം യെച്ചൂരി: ശരിയായി വന്ന ഒരു സർവേയുടെ കാര്യം പറയൂ.  എന്തിനാണ് ഈ ഊഹക്കച്ചവടം നടത്തുന്നത്? 

പ്രശാന്ത് രഘുവംശം: കാറ്റെങ്ങോട്ടാണ് എന്നതിന്‍റെ ഒരു സൂചന സർവേകൾ സാധാരണ നൽകാറുണ്ട്.

സീതാറാം യെച്ചൂരി: സർവേകൾ തെറ്റായ സൂചന നൽകാറുണ്ട്. കാറ്റിന്‍റെ തെറ്റായ ദിശ പറയാറുണ്ട്. എല്ലായ്പ്പോഴും അതങ്ങനെയാണ്. ശരിയായ നിർണ്ണയം നടത്തിയ ഒരൊറ്റ സർവേ എന്നോടു പറയൂ. 

പ്രശാന്ത് രഘുവംശം: ശബരിമല വിഷയത്തിൽ പാർട്ടിക്ക് ചില ചുവടുകൾ പിഴച്ചു എന്ന് താങ്കൾ കരുതുന്നുണ്ടോ?

അൻപത് ലക്ഷം സ്ത്രീകളാണ് വനിതാ മതിലിൽ പങ്കെടുത്തത്.

സീതാറാം യെച്ചൂരി: അത് നമ്മൾ ഒരുപാട് ചർച്ച ചെയ്ത വിഷയമാണ്. താങ്കളെന്തിനാണ് അത് വീണ്ടും തുറക്കുന്നത്? കോടതി വിധിയെ ജനങ്ങൾ പിന്തുണച്ചു, എതിർത്തു. പക്ഷേ ഞങ്ങൾ ഞങ്ങളുടെ നിലപാട് മാറ്റിയില്ല. സുപ്രീം കോടതി ഒരു നിർദ്ദേശം നൽകിയാൽ ഭരണത്തിലിരിക്കുന്നവർ ആരായാലും അത് നടപ്പാക്കണം. അത് ഭരണഘടനാപരമായ ബാധ്യതയാണ്. അൻപത് ലക്ഷം സ്ത്രീകളാണ് വനിതാ മതിലിൽ പങ്കെടുത്തത്. അത് കേരളത്തിലെ ജനങ്ങൾ ഏത് ഭാഗത്താണ് എന്നതിന്‍റെ കൃത്യമായ സൂചനയാണ്. അവർ കേരള സമൂഹത്തിൽ ഒരു നവോത്ഥാനം ആഗ്രഹിക്കുന്നവരാണ്. അതാണ് അവർ കരുത്തോടെ കാണിച്ചുതന്നത്. ഇനി വോട്ടുചെയ്യുന്ന ജനങ്ങൾ തീരുമാനിക്കട്ടെ.

പ്രശാന്ത് രഘുവംശം: എല്ലാ ചർച്ചകളും ശബരിമലയെ കേന്ദ്രീകരിച്ചാകുമ്പോൾ തെരഞ്ഞെടുപ്പ് ഫലം മോശമാകുമെന്ന് കരുതുന്നുണ്ടോ? അങ്ങനെയെങ്കിൽ ഇക്കാര്യത്തിൽ വേറിട്ടൊരു സമീപനത്തിനായി ഇടപെടുമോ?

ശബരിമലയല്ല ചർച്ചാവിഷയം, ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങളാണ്.

സീതാറാം യെച്ചൂരി: ശബരിമലയെ ചൊല്ലിയുള്ള ചർച്ചകൾ അവസാനിച്ചിരിക്കുന്നു എന്നാണ് ഞാൻ കരുതുന്നത്. അതിൽ ഇപ്പോൾ ശ്രദ്ധയും വ്യഗ്രതയും മാധ്യമങ്ങൾക്ക് മാത്രമാണ്. നാളെ കുടുംബത്തോടൊപ്പം ജീവിക്കാനാകുമോ എന്നാണ്  മത്സ്യത്തൊഴിലാളികളുടെ ആശങ്ക. തൊഴിൽ തേടി അലയുകയാണ് യുവാക്കൾ. അപ്പോഴും ശബരിമലയാണോ പ്രധാന ചർച്ചാവിഷയം? ഏത് ലോകത്താണ് നിങ്ങൾ ജീവിക്കുന്നത്? രാജ്യത്തെ ജനങ്ങൾ സ്വന്തം അതിജീവനത്തെപ്പറ്റി ആശങ്കപ്പെടുകയാണ്. അവർ എങ്ങനെ ജീവിതം തള്ളിനീക്കുമെന്ന് ചിന്തിക്കുകയാണ്. അവരുടെ മക്കൾക്ക് നല്ലൊരു ജീവിതം കിട്ടുമോ എന്ന് ആശിക്കുകയാണ്. അതാണ് ജനങ്ങളുടെ ചർച്ചാവിഷയം. മാധ്യമങ്ങൾക്ക് അത് ഓർമ്മിപ്പിക്കാം. പക്ഷേ കേരളത്തിൽ ഞാനെവിടെ ചെല്ലുമ്പോഴും ഞാൻ ഇടപെടുന്ന ജനങ്ങൾ ജീവിതത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. 

പ്രശാന്ത് രഘുവംശം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എ വിജയരാഘവനെ പോലെ ചില നേതാക്കളിൽ നിന്ന് ചില വാക്കുകൾ കേട്ടു. അദ്ദേഹം നടത്തിയ ചില പരാമർശങ്ങൾ താങ്കളും ശ്രദ്ധിച്ചുകാണും. അദ്ദേഹത്തിന് എന്ത് ഉപദേശമാണ് നൽകാനുള്ളത്?

ലിംഗനീതിയെക്കുറിച്ച് ഞങ്ങൾക്ക് കൃത്യമായ നയമുണ്ട്.

സീതാറാം യെച്ചൂരി: നോക്കൂ, അദ്ദേഹം എന്താണ് പറഞ്ഞതെന്ന് കൃത്യമായി എനിക്കറിയില്ല. ഞാൻ മിക്കപ്പോഴും...

പ്രശാന്ത് രഘുവംശം: ഞാനത് പറയാം..

സീതാറാം യെച്ചൂരി: വേണ്ട, ആ പറഞ്ഞത് എന്തുമാകട്ടെ. തുല്യ ലിംഗനീതിയെക്കുറിച്ചും സ്ത്രീകളുടെ സ്വാഭിമാനത്തെക്കുറിച്ചും കൃത്യമായ നയം ഞങ്ങൾക്കുണ്ട്. അക്കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് ഞങ്ങളുടേത്. ഇടതുപക്ഷത്തിന്‍റെ പ്രകടനപത്രികയിൽത്തന്നെ അത് വ്യക്തമാക്കിയിട്ടുണ്ട്. ജനപ്രതിനിധികൾക്ക് ഇക്കാര്യത്തിൽ പെരുമാറ്റച്ചട്ടം ഉണ്ടാക്കണം എന്നാണ് നിർദ്ദേശം. അക്കാര്യത്തിൽ ഒരു അവ്യക്തതയും ഇല്ല. പാർട്ടിയുടെ നയം ഇതുതന്നെയാണെന്ന് ‌ഞാനുറപ്പ് പറയാം. ലിംഗനീതിയെക്കുറിച്ചും സ്ത്രീകളുടെ സ്വാഭിമാനം സംബന്ധിച്ചുമുള്ള ചോദ്യങ്ങൾ ഉയരുമ്പോൾ യാതൊരു ഒത്തുതീർപ്പും ഉണ്ടാകില്ല.

 പ്രശാന്ത് രഘുവംശം: എ വിജയരാഘവൻ ഒരു ചെറിയ നേതാവല്ല, ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ കൺവീനറാണ്.

സീതാറാം യെച്ചൂരി: ആ വിഷയം അവർ അവിടെ പറഞ്ഞുതീർത്തിട്ടുണ്ട്. എനിക്ക് മലയാളം അറിയില്ല, അദ്ദേഹം എന്താണ് പറഞ്ഞതെന്ന് കൃത്യമായി എനിക്കറിയില്ല. ഞാനതിൽ ഊഹാപോഹങ്ങൾക്കില്ല. ആ വിഷയം സംസ്ഥാന നേതൃത്വം പരിഹരിക്കും. സംസ്ഥാന കമ്മിറ്റിയും സംസ്ഥാന നേതാക്കളും അതിന് തികച്ചും യോഗ്യരാണ്, പൂർണ്ണമായും. പാർട്ടിയുടെ നയമാണ് ഞാൻ പറഞ്ഞത്.

പ്രശാന്ത് രഘുവംശം: അപ്പോൾ സംസ്ഥാന നേതൃത്വം ഇടപെടും?

സീതാറാം യെച്ചൂരി: തീർച്ചയായും അവർ ഇടപെടും. അക്കാര്യത്തിൽ അവരോട് അഭിപ്രായം ചോദിക്കൂ. ഈ ചിത്രത്തിന് പുറത്താണ് ഞാൻ. എന്താണ് പറഞ്ഞതെന്നും അതെങ്ങനെയാണ് മനസിലാക്കിയതെന്നും എനിക്ക് വ്യക്തമല്ല.

പ്രശാന്ത് രഘുവംശം: ദേശീയ രാഷ്ട്രീയത്തിലേക്ക് തിരിച്ചുവന്നാൽ, കോൺഗ്രസ് ന്യായ് എന്നൊരു പുതിയ പദ്ധതിയുമായി വന്നിരിക്കുന്നു. ഒരു കുടുംബത്തിന് ഒരു വർഷം 72,000 രൂപ വരുമാനം ഉറപ്പാക്കുമെന്നാണ് വാഗ്ദാനം. അതിനെ എങ്ങനെ നോക്കിക്കാണുന്നു?

സീതാറാം യെച്ചൂരി: അവിദഗ്ധ തൊഴിലാളികൾക്ക് പ്രതിമാസം 18,000 രൂപ വേതനം ഉറപ്പാക്കാനാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്. തൊഴിലില്ലായ്മാ വേതനം നൽകണമെന്നും മുതിർന്ന പൗരന്‍മാർക്ക് 6000 രൂപ പെൻഷൻ വേണമെന്നും ഞങ്ങൾ പറഞ്ഞു. ഇതൊക്കെ കൂട്ടിച്ചേർത്താൽ ന്യായ് വാഗ്ദാനം ചെയ്തതിനേക്കാൾ കൂടുതൽ തുകയുണ്ടാകും. രണ്ടാമതായി എവിടെനിന്നാണ് ഈ പണം വരുന്നത്? ഞങ്ങളുടെ പ്രകടനപത്രികയിൽ ധനികർക്ക് അധിക നികുതി ചുമത്തണമെന്ന് നിർദ്ദേശിക്കുന്നു. മോദി സർക്കാർ സമ്പത്തിനുള്ള നികുതി എടുത്തുകളഞ്ഞു. കൈമാറിക്കിട്ടുന്ന സമ്പത്തിനുള്ള നികുതി നീക്കി. മൂലധന വരുമാന നികുതി എടുത്തുകളഞ്ഞു. ധനികർക്ക് ധാരാളം ഇളവുകൾ കൊടുത്തു. ഞങ്ങൾ പറയുന്നു ഞങ്ങൾ ധനികർക്ക് നികുതി ഏർപ്പെടുത്തും. കൂടുതൽ സമഗ്രമായ സമീപനം അതാണ്.

പ്രശാന്ത് രഘുവംശം: പശ്ചിമബംഗാളിൽ ആറ് സീറ്റുകളിലെങ്കിലും കോൺഗ്രസുമായി ഒരു ധാരണയുണ്ടാക്കണമെന്ന് താങ്കൾ നിർദ്ദേശിച്ചിരുന്നു. പക്ഷേ കേന്ദ്രകമ്മിറ്റി അതിന് അനുമതി നിഷേധിച്ചു. അതിന് ശേഷം എന്തുണ്ടായി. പിന്നെ അതേക്കുറിച്ചൊന്നും കേട്ടതുമില്ല.

ബംഗാളിൽ കോൺഗ്രസ് ജനങ്ങളോട് ഉത്തരം പറയേണ്ടിവരും

സീതാറാം യെച്ചൂരി: പശ്ചിമബംഗാളിൽ പരമാവധി ബിജെപി വിരുദ്ധ, തൃണമൂൽ വിരുദ്ധ വോട്ടുകൾ സമാഹരിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. ആ സാഹചര്യത്തിൽ ബിജെപിയും തൃണമൂലും അല്ലാത്തവർ തമ്മിൽ മത്സരിക്കരുത് എന്നൊരു തീരുമാനം ഞങ്ങൾ ഐക്യകണ്ഠമായി എടുത്തു. ഞങ്ങളാ നിർദ്ദേശം മുന്നോട്ടുവച്ചു. അത് കോൺഗ്രസ് അംഗീകരിച്ചില്ല. എന്തുകൊണ്ടാണ് ആ നിർദ്ദേശം കോൺഗ്രസ് അംഗീകരിക്കാതിരുന്നത് എന്ന് ബംഗാളിലെ ജനങ്ങൾ കോൺഗ്രസിനോട് ചോദിക്കുകയാണ്. അവ‍ർ അതിന് അവിടെ ഉത്തരം പറയേണ്ടിവരും.

പ്രശാന്ത് രഘുവംശം: ബംഗാളിൽ കോൺഗ്രസുമായി ഏതെങ്കിലും തരത്തിലുള്ള ധാരണയ്ക്ക് ഇനി സാധ്യതയുണ്ടോ?

സീതാറാം യെച്ചൂരി: വടക്കൻ ബംഗാളിൽ വരുന്ന പതിനൊന്നാം തീയതിയാണ് വോട്ടെടുപ്പ്. തീയതി ഇങ്ങടുത്തു. ബിജെപിയുടേതും തൃണമൂലിന്‍റേതുമല്ലാത്ത സിറ്റിംഗ് സീറ്റുകളെല്ലാം വടക്കൻ ബംഗാളിലാണ്.

പ്രശാന്ത് രഘുവംശം: ബിജെപി നേട്ടമുണ്ടാക്കുമെന്ന് താങ്കൾ കരുതുന്നുണ്ടോ?

ബംഗാളിൽ ഒരു യാന്ത്രികമായ മത്സരമല്ല നടക്കുന്നത്.

സീതാറാം യെച്ചൂരി: ഇല്ല. കാരണം ഇത് ഗണിതശാസ്ത്രമല്ല. രാഷ്ട്രീയമാണ്. രണ്ടും രണ്ടും കൂട്ടിയാൽ നാലാണെന്ന് നിങ്ങൾക്ക് ലളിതമായി കണക്കുകൂട്ടാം. രാഷ്ട്രീയത്തിൽ രണ്ടും രണ്ടും കൂട്ടിയാൽ 22 ആകാം, പൂജ്യവും ആകാം. ജനങ്ങളുടെ പരിഗണനകൾ എന്താണെന്ന് നമുക്ക് കാത്തിരുന്നു കാണാം. ബംഗാളിൽ ഒരു യാന്ത്രികമായ മത്സരമല്ല നടക്കുന്നത്.

പ്രശാന്ത് രഘുവംശം: അവസാനമായി, സിപിഎമ്മിന്‍റെ ദേശീയ പാർട്ടി പദവി ഭീഷണിയിലാണല്ലോ. കേരളത്തിൽ സിപിഎമ്മിന് നല്ല പിന്തുണയുണ്ട്. ത്രിപുരയിലും പശ്ചിമബംഗാളിലും വോട്ട് കിട്ടും പക്ഷേ സീറ്റ് കിട്ടുന്ന കാര്യം സംശയമാണ്.

സീതാറാം യെച്ചൂരി: സീറ്റുകളുടെ മാത്രം പരിഗണിച്ചാൽ പാർട്ടിക്ക് ദേശീയ പാർട്ടി പദവി നിലവിൽ തന്നെ ഇല്ല. സാധാരണയായി തെരഞ്ഞെടുപ്പ് കമ്മീഷൻ ഒന്നോ രണ്ടോ തെരഞ്ഞെടുപ്പുകളിൽ ഇളവ് നൽകാറുണ്ട്, സിപിഐക്കും ബിഎസ്‍പിക്കും നൽകിയതുപോലെ. ബിഎസ്‍പിക്ക്  കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ലോക്സഭാ സീറ്റുകൾ ഇല്ലായിരുങ്കിലും ദേശീയ പാർട്ടി പദവി നഷ്ടപ്പെട്ടിരുന്നില്ല. ഒരു തെരഞ്ഞെടുപ്പ് മാനദണ്ഡമായി തെരഞ്ഞെടുപ്പ് കമ്മീഷൻ കണക്കാക്കുന്നില്ല. ഇത്തവണ എന്ത് സംഭവിക്കും എന്ന് നമുക്ക് നോക്കാം. പക്ഷേ 2014ന് ശേഷം 11 ലോക്സഭാ സീറ്റുകൾ രണ്ട് സംസ്ഥാനങ്ങളിലായി ഉണ്ടാവുക, ആറ് ശതമാനം വോട്ടെങ്കിലും നാല് സംസ്ഥാനങ്ങളിൽ ഉണ്ടാവുക, നാല് സംസ്ഥാനങ്ങളിൽ 25 എംഎൽഎമാർക്ക് ഒരു എംഎൽഎ എന്ന നിലയിൽ പ്രാധിനിധ്യം ഉണ്ടാകുക എന്നിങ്ങനെ ദേശീയ പാർട്ടികൾക്ക് ചില മാനദണ്ഡങ്ങളുണ്ട്. അത് 2014ൽ തന്നെ നഷ്ടമായിരുന്നു. ഇത്തവണ എന്ത് സംഭവിക്കും എന്ന് നമുക്ക് നോക്കാം.

പ്രശാന്ത് രഘുവംശം: പോളിറ്റ് ബ്യൂറോയിൽ താങ്കൾക്ക് ഇപ്പോൾ ഭൂരിപക്ഷമില്ലെന്നാണ് റിപ്പോർട്ടുകൾ. ഈ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്‍റെ ഫലം മോശമാണെങ്കിൽ താങ്കൾ അതിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കുമോ?

ജയിച്ചാലും തോറ്റാലും ഉത്തരവാദിത്തം പാർട്ടിക്കാണ്

സീതാറാം യെച്ചൂരി: പക്ഷേ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിൽ എനിക്ക് മടിയില്ല. പക്ഷേ അതല്ല കാര്യം. ഞങ്ങൾ തീരുമാനിച്ചത് തീരുമാനങ്ങളാണ്. അതിൽ ഭൂരിപക്ഷവും ന്യൂനപക്ഷവും പ്രസക്തമല്ല. അഞ്ചു ദിവസത്തെ ഞങ്ങളുടെ പാർട്ടി കോൺഗ്രസ് റിപ്പോർട്ട് ചെയ്യുന്നവർ അര ദിവസം കൂടുമ്പോൾ സിപിഎം പിളരാൻ പോകുന്നു എന്ന് പറയും. അവസാനം ഞങ്ങൾ ഏകകണ്ഠമായി രാഷ്ട്രീയ പ്രമേയം പാസാക്കും. ശരിയല്ലേ? ഈ സാങ്കൽപ്പികമായ ഭൂരിപക്ഷ, ന്യൂനപക്ഷ ചോദ്യങ്ങൾക്കൊന്നും പ്രസക്തിയില്ല. കൂട്ടായ തീരുമാനമാണ് പാ‍ർട്ടി എടുക്കുന്നത്. 

പ്രശാന്ത് രഘുവംശം: ഈ അഭിമുഖത്തിന് നന്ദി സീതാറാം യെച്ചൂരി
സീതാറാം യെച്ചൂരി: നന്ദി

വീഡിയോ കാണാം

click me!