വെള്ള മുണ്ടും വെള്ള ഷര്‍ട്ടുമിട്ട ക്രിസോസ്റ്റം തിരുമേനി; അപൂര്‍വ്വമായ ഒരു ഫോട്ടോയുടെ വിവാദകഥ

By Rasheed KP  |  First Published May 6, 2021, 4:57 PM IST

വെള്ള വസ്ത്രം ധരിച്ച് രാഖി കെട്ടിയ ക്രിസോസ്റ്റം തിരുമേനിയുടെ അപൂര്‍വ്വ ഫോട്ടോയുടെ  കഥ. കെ. പി റഷീദ് എഴുതുന്നു


ക്രിസോസ്റ്റം തിരുമേനിയെ ഓര്‍ക്കുമ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ നിറയുന്നത്? ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് ചിരിയുടെ വസന്തകാലം സമ്മാനിച്ച് വിടപറഞ്ഞ വലിയ ഇടയന്റെ രൂപം, ആ വസ്ത്രധാരണം? 

 

Latest Videos

undefined

ക്രിസോസ്റ്റം തിരുമേനി, പല നിറങ്ങളിലുള്ള വസ്ത്രങ്ങളില്‍
 

ഇതാ ഇങ്ങനെ, ഈ നിറങ്ങളിലാണ് അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ മനസ്സില്‍ ബാക്കിനില്‍ക്കുന്നത്. കടും ചുവപ്പ്, ഓറഞ്ച്, പിങ്ക്, റോസ്, തവിട്ട്, നീല, കോഫി ബ്രൗണ്‍, ക്രീം, വയലറ്റ് എന്നിങ്ങനെ ഉല്ലാസഭരിതമായ ഭാവങ്ങള്‍ മനസ്സില്‍ നിറയ്ക്കുന്ന പല നിറങ്ങള്‍. 

ഇങ്ങനെയല്ലാതെ, ശുഭ്രവസ്ത്രധാരിയായി അദ്ദേഹത്തെ കണ്ടിട്ടുണ്ടോ? കുമ്പനാട് ഫെലോഷിപ് ആശുപത്രിയില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ 1.15ന് കാലം ചെയ്ത, മാര്‍ത്തോമ്മാ സഭ മുന്‍ അധ്യക്ഷന്‍ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയെ വെള്ള മുണ്ടും വെള്ള ഷര്‍ട്ടും ധരിച്ച രൂപത്തില്‍ കണ്ടിട്ടുണ്ടോ? 

2010 - 2011 കാലത്ത് 'ശരാശരി' എന്ന പേരില്‍ ഒരു മാഗസിനിറക്കാന്‍ തീരുമാനിക്കുമ്പോള്‍, തിരുവല്ല മാര്‍ത്തോമ്മാ കോളജ് മാഗസിന്‍ എഡിറ്റര്‍ നൈതിക് മാത്യു ഈപ്പന്റെ ഉള്ളിലുയര്‍ന്ന ചോദ്യവും ഇതായിരുന്നു. ശരാശരികളുടെ പാതയില്‍ നിന്നും എന്നും മാറി സഞ്ചരിച്ച വലിയ മെത്രാപ്പൊലീത്തയെ അത്തരത്തില്‍ ഒരു പച്ച മനുഷ്യനായി അവതരിപ്പിക്കണമെന്ന ആഗ്രഹമായിരുന്നു അതിന്റെ ഫലം. അത് സഫലമായി. ഏറെ ശ്രദ്ധേയമായ ആ മാഗസിന്റെ താളുകളിലൊന്നില്‍ വെള്ള മുണ്ടും ഷര്‍ട്ടും ധരിച്ച്, ഇതുവരെ കാണാത്ത രൂപത്തില്‍ തിരുമേനി പ്രത്യക്ഷപ്പെട്ടു. 

അപൂര്‍വ്വമായ ആ ഫോട്ടോ പ്രസിദ്ധീകരിക്കുന്നത് എന്നാല്‍, ഒട്ടും എളുപ്പമായിരുന്നില്ല. പാരമ്പര്യവാദികളായ ചിലര്‍ ആദ്യമേ അതിനെ എതിര്‍ത്തു. മുണ്ടുടുത്ത തിരുമേനിയുടെ ചിത്രം പുറത്തുവന്നാല്‍, മാഗസിന്‍ കത്തിക്കും എന്നും ഭീഷണി ഉയര്‍ന്നു. എല്ലാ എതിര്‍പ്പുകളെയും അവഗണിച്ച്, മാഗസിന്‍ ഇറങ്ങുക തന്നെ ചെയ്തു. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ബിഷപ്പും ഇന്ത്യയിലെ ക്രൈസ്തവ സഭകളില്‍ ഏറ്റവും കൂടുതല്‍ കാലം ബിഷപ്പായിരുന്ന ആത്മീയ ആചാര്യനുമായിരുന്ന അദ്ദേഹം, പാരമ്പര്യത്തെ മാറ്റിപ്പണിയുന്നതിനെ കുറിച്ചു പറഞ്ഞ വാചകങ്ങളും ഒപ്പം പ്രത്യക്ഷപ്പെട്ടു. 

 

ക്രിസോസ്റ്റം തിരുമേനിയുടെ അപൂര്‍വ്വ ചിത്രം: ഫോട്ടോ: ലിജോ ജോണ്‍സ്
 

ഇതാ ഇതായിരുന്നു, ആ ചിത്രം.  

രണ്ട് വര്‍ഷത്തിലധികമായി കുമ്പനാട് ഫെലോഷിപ് ആശുപത്രിയിലെ പ്രത്യേക മുറിയില്‍ വിശ്രമജീവിതം നയിച്ച ശേഷം, വിടപറഞ്ഞ ചിരിയുടെ ഇടയന്റെ അപൂര്‍വ്വചിത്രത്തിന്റെ കഥയാണ് ഇനി പറയുന്നത്. 

എന്തായിരുന്നു അങ്ങനെയൊരു ചിത്രമെടുക്കാനുള്ള പ്രേരണ? 

പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നും സൗണ്ട് എഞ്ചിനീയറിംഗ് കോഴ്‌സ് കഴിഞ്ഞതിനു പിന്നാലെ, ഈയിടെ ഒരു മലയാളം സിനിമയ്ക്കും ഒരു മറാത്തി സിനിമയ്ക്കും ശബ്ദചിത്രീകരണം നടത്തി ഇപ്പോള്‍ വീട്ടില്‍ കഴിയുന്ന അന്നത്തെ മാഗസിന്‍ എഡിറ്റര്‍ നൈതിക് മാത്യുവിനോട് അക്കാര്യം ചോദിച്ചപ്പോള്‍ ആ ഫോട്ടോയുമായി ബന്ധപ്പെട്ടുണ്ടായ അസാധാരണമായ ചില കഥകള്‍ കൂടി ഉത്തരമായി വന്നു. 

''വേലിക്കെട്ടുകള്‍ പൊളിച്ചിരുന്ന, പൊളിക്കാന്‍ താല്‍പ്പര്യപ്പെട്ട ഒരാളായിരുന്നു അദ്ദേഹം. അച്ഛന്‍ പറയാറുള്ള കഥകളൊക്കെ ചേര്‍ന്ന് അങ്ങനെയൊരു ചിത്രമാണ് കുട്ടിക്കാലത്തേ എന്റെ ഉള്ളിലുണ്ടാക്കിയിരുന്നത്. സുബ്രഹ്മണ്യനെന്ന കുട്ടിയെ തെരുവില്‍നിന്ന് എടുത്ത് പഠിപ്പിച്ച് വളര്‍ത്തി തിരുവല്ല വൈ എം സി എയില്‍ ജോലി വാങ്ങിക്കൊടുത്ത ആളായിരുന്നു അദ്ദേഹം. അങ്ങനെ ഒരുപാട് പേര്‍ക്ക് സ്വന്തം കാലില്‍ നില്‍ക്കാന്‍ കരുത്തു നല്‍കിയ ആള്‍. പണ്ട്, മാര്‍ത്തോമാ സഭയുടെ ഒരു ചടങ്ങില്‍ കപ്പയും കട്ടന്‍ കാപ്പിയും വെച്ച് വിശുദ്ധ കുര്‍ബാന നടത്തിയ പുരോഹിതന്‍. 'അവിടത്തെ ഭക്ഷണം, അപ്പവും വീഞ്ഞുമാണ്, നമുക്കത് കപ്പയും കട്ടന്‍ കാപ്പിയുമാണ്. ഇങ്ങനെയായാലും കുര്‍ബനയായി മനസ്സിലാക്കാന്‍ കഴിയണം'എന്നായിരുന്നു അന്ന് അദ്ദേഹം പറഞ്ഞിരുന്നത്. അമൃതാനന്ദമതിയുടെ പരിപാടിയില്‍ അദ്ദേഹം പങ്കെടുത്തത് വലിയ വിവാദമായിരുന്നു.  ഇവിടെയടുത്ത് സപ്താഹയജ്്ഞം ഉദ്ഘാടനം ചെയ്യാന്‍ പോയതും ചര്‍ച്ചയായിരുന്നു. ഇങ്ങനെ വേലിക്കട്ടുകള്‍ക്കപ്പുറമായിരുന്നു എന്നും അദ്ദേഹം. എന്നാല്‍, പലപ്പോഴും ആ വലിപ്പം ആളുകള്‍ കാണാതെ പോയി. പലരുടെയും മനസ്സില്‍ അദ്ദേഹം ഒരു മാര്‍ത്തോമാ പുരോഹിതന്‍ എന്നത് മാത്രമായിരുന്നു. ആ സ്റ്റീരിയോ ടൈപ്പ് ഭേദിക്കണം എന്ന ആഗ്രഹമാണ് സ്ഥാന വസ്ത്രങ്ങളില്ലാത്ത അദ്ദേഹത്തിന്റെ ചിത്രം എടുക്കണമെന്ന ആഗ്രഹത്തില്‍ എത്തിച്ചത്.'- നൈതിക് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. 

 


ഫോട്ടോ ഷൂട്ടിനിടെ ക്രിസോസ്റ്റം തിരുമേനി

 

'ഇത്രയും മനുഷ്യനായാല്‍ മതിയോ?'

പിന്നെന്താണ് സംഭവിച്ചത്? ഇനിയുള്ള കാര്യങ്ങള്‍ നൈതിക് പറയും: 

'ആദ്യം തന്നെ അദ്ദേഹത്തോട് പോയി ചോദിച്ചു, തിരുമേനി, മാഗസിനു വേണ്ടി ഞങ്ങള്‍ക്കൊരു ഫോട്ടോ എടുക്കണം. സ്ഥാന വസ്ത്രങ്ങെളാന്നുമില്ലാതെ ഒരു പച്ച മനുഷ്യനായിട്ടാണ് ഞങ്ങള്‍ക്ക് അങ്ങയെ അവതരിപ്പിക്കേണ്ടത്.'

'അതിനെന്താ, നമുക്ക് എടുക്കാമല്ലോ. ഞാന്‍ എന്താണ് ധരിക്കേണ്ടത്?'-ഇതായിരുന്നു മറുചോദ്യം.
 
'വെള്ള മുണ്ടും ഷര്‍ട്ടും.  അങ്ങനെയൊരു ഫോട്ടോ...'

ഉടനെ അദ്ദേഹം സന്തത സഹചാരിയായ എബിയെ വിളിച്ചു. ''എബിയേ, വെള്ള ഷര്‍ട്ട് ഇരിപ്പുണ്ടോടാ''

'ഒണ്ട്'

അതോടെ അദ്ദേഹം സമ്മതിച്ചു. രണ്ടു ദിവസം കഴിഞ്ഞ് ഡേറ്റു തന്നു. എന്നിട്ടൊരു ചോദ്യം. 'എത്ര മണിക്കാ ഫോട്ടോ എടുക്കേണ്ടത്. ഏത് സമയത്തെ ലൈറ്റ് ആണ് നിങ്ങള്‍ക്ക് വേണ്ടത്?' 

ഏത് ലൈറ്റാണ് വേണ്ടതെന്ന് ചോദിക്കുന്ന ഒരു ബിഷപ്പ്. ഞങ്ങളെ അത് അത്ഭുതപ്പെടുത്തി. തമാശയ്ക്കും മറ്റെല്ലാറ്റിനും അപ്പുറം അപാരമായ ആര്‍ട്ടിസ്റ്റിക്, ടെക്‌നിക്കല്‍ സെന്‍സ് ഉണ്ടായിരുന്നു അദ്ദേഹത്തിന്. 'കാലത്ത് ഒമ്പത് മണിയുടെ ലൈറ്റ്' എന്ന് ഞങ്ങള്‍ മറുപടി നല്‍കി. 

അങ്ങനെ ആ ദിവസം വന്നു. ഞങ്ങളെത്തുമ്പോഴേക്കും അദ്ദേഹം റെഡിയായിരുന്നു. 

താമസിക്കുന്ന മാരാമണ്‍ റിട്രീറ്റ് സെന്ററില്‍ അരമനയില്‍നിന്നും അദ്ദേഹം പുറത്തുവന്നു. േദ വെള്ള മുണ്ടും ഷര്‍ട്ടും!

''ഇത്രയും മനുഷ്യനായാല്‍ മതിയോ?'-അദ്ദേഹത്തിന്റെ ചോദ്യം. പിന്നെ കുലുങ്ങിച്ചിരി. എല്ലാവരും ആ ചിരിയിലായി. 

ആ സമയത്ത് നടക്കാന്‍ വലിയ ബുദ്ധിമുട്ട് ഒന്നുമുണ്ടായിരുന്നില്ല. ഞങ്ങളോടൊപ്പം നടന്ന് വന്ന് അദ്ദേഹം പുറത്തെ ബെഞ്ചിനടുത്തുള്ള കസേരയില്‍വന്നിരുന്നു. 

ഞങ്ങളുടെയെല്ലാം സുഹൃത്തായ കോഴഞ്ചേരി സ്വദേശി ലിജോ ജോണ്‍സായിരുന്നു ഫോട്ടോഗ്രാഫര്‍. ദൂരെ നദിയ്ക്കും ചെടികള്‍ക്കും പശ്ചാത്തലത്തില്‍ ലിജോ അദ്ദേഹത്തെ ഇരുത്തി. ക്യാമറ കണ്‍തുറന്നടഞ്ഞു കൊണ്ടിരുന്നു. 

അന്നേരമാണ് കണ്ടത്, അദ്ദേഹത്തിന്റെ കൈയിലൊരു രാഖി!

'ഇതെവിടുന്നാണ് തിരുമേനി'-കൗതുകത്തോടെ ചോദിച്ചു. 

'ഒരു അഷ്ടമി രോഹിണി പരിപാടിക്ക് പോയിരുന്നു. അവിടെവെച്ച് കൈയില്‍ കെട്ടിത്തന്നതാണ്. അവര്‍ കെട്ടിയത് ഞാന്‍ അഴിക്കേണ്ട കാര്യമില്ലല്ലോ.'-ചിരിയോടെ അദ്ദേഹത്തിന്റെ മറുപടി വന്നു.  

ഫോട്ടോയെടുപ്പ് കഴിഞ്ഞപ്പോള്‍ അദ്ദേഹം എന്ത് സന്ദേശമാണ് എഴുതേണ്ടത് എന്നു ചോദിച്ചു. 'വലിച്ചു നീട്ടി എഴുത്തൊന്നും താല്‍പ്പര്യമില്ല. ചെറുതായി എന്തേലും മതിയാവും എന്ന് മറുപടി പറഞ്ഞു. 

'പാരമ്പര്യത്തിന്റെ തടവില്‍ കിടക്കുവാനല്ല, പരമ്പര്യത്തിന്റെ സ്രഷ്ടാക്കളാകുവാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്.'-തിരുമേനി പറഞ്ഞു. 

ആ ഒറ്റ വാചകം കൃത്യമായിരുന്നു. എല്ലാത്തിനുമപ്പുറത്തേക്കു നീളുന്ന ഒരു തലമുണ്ടായിരുന്നു അതിന്. 

അങ്ങനെ അപൂര്‍വ്വമായ ആ ഫോട്ടോ പിറന്നു. എന്നാല്‍, അവിടെ തീര്‍ന്നില്ല കാര്യങ്ങള്‍. 

 

ക്രിസോസ്റ്റം തിരുമേനിയുടെ അപൂര്‍വ്വ ചിത്രം മാഗസിന്‍ താളില്‍
 

പ്രശ്‌നങ്ങള്‍, വിവാദങ്ങള്‍

അത്ര ഗംഭീരമായ ഒരു ഫോട്ടോ കിട്ടിയതിന്റെ സന്തോഷം സുഹൃത്തുക്കളോടൊക്കെ പറഞ്ഞു കഴിഞ്ഞപ്പോഴാണ് മാഗസിനു നേരെ ആദ്യ എതിര്‍പ്പുയര്‍ന്നത്. സ്റ്റുഡന്റ് ക്രിസ്ത്യന്‍ മൂവ്‌മെന്റ് എന്ന സംഘടനയായിരുന്നു പ്രധാനമായും എതിര്‍പ്പുമായെത്തിയത്. 

''ഒരു കാലത്ത് വളരെ പ്രോഗസീവായ ഒരു ഗ്രൂപ്പായിരുന്നു അത്. എന്നാല്‍, പുതിയ തലമുറ എത്തിയപ്പോഴേക്കും നിലപാടില്‍ യാഥാസ്ഥിതികത കലര്‍ന്നു. സ്ഥാനവസ്ത്രം ഇല്ലാതെ തിരുമേനിയെ അവതരിപ്പിക്കാന്‍ പറ്റില്ല എന്നായിരുന്നു അവരുടെ നിലപാട്. സഭയുടെ വിദ്യാര്‍ത്ഥി പ്രസ്ഥാനവും എതിര്‍പ്പുമായി വന്നു.  സഭാവിരുദ്ധ നിലപാടില്‍ പുസ്തകം പുറത്തിറക്കാനുള്ള ശ്രമമാണെന്നു വരെ അഭ്യൂഹങ്ങള്‍ ഉണ്ടായി. അതിനു ബലം പകരാന്‍ ഡോ. എം.എം. തോമസിനെ പറ്റിയുള്ള ലേഖനം ചൂണ്ടിക്കാട്ടി. ഞാന്‍ എസ് എഫ് ഐ ബാനറിലായിരുന്നു ജയിച്ചത്. അവര്‍ എസ് എഫ് ഐ നേതാക്കളെ കണ്ട് കാര്യം പറഞ്ഞപ്പോള്‍ വിവാദം ഭയന്ന്, ആ ഫോട്ടോ ഒഴിവാക്കാന്‍ കോളജിലെ എസ് എഫ് ഐ നേതൃത്വം പറഞ്ഞു. 
 
തിരുമേനിക്ക് പ്രശ്‌നമില്ല. മറ്റാര്‍ക്കും പ്രശ്‌നമില്ല. എന്നിട്ടും അനാവശ്യമായ കാരണം പറഞ്ഞ് എതിര്‍ക്കുകയാണ്.  'കാര്യം എന്തായാലും തിരുമേനി തന്ന ഫോട്ടോയാണ്. അതിടും'- എന്ന് എല്ലാവരോടുമായി പറഞ്ഞു. 

'അങ്ങനെയാണേല്‍ ഞങ്ങള്‍ എല്ലാവരും ചേര്‍ന്ന് മാഗസിന്‍ കത്തിക്കും എന്നായി ഭീഷണി. കത്തിച്ചോളൂ എന്ന് മറുപടി നല്‍കി. അപ്പോഴാണ് തിരുമേനി ഞങ്ങളോട് പറഞ്ഞ, പാരമ്പര്യത്തിന്റെ തടവില്‍ കിടക്കുന്നതിനെ കുറിച്ചുള്ള വാചകം കൂടുതലായി മനസ്സിലാവുന്നത്. സംഘടനകളുടെ ആ നിലപാടിനെ എതിര്‍ത്തവര്‍ എല്ലാ സംഘടനകളിലും ഉണ്ടായിരുന്നു. അവര്‍ ചിത്രത്തിന് നല്‍കിയ പിന്തുണ വളരെ വലുതാണ''-നൈതിക് പറയുന്നു. 

 

ശരാശരി മാഗസിന്‍ കവര്‍ ചിത്രം
 

എന്തായാലും ഭീഷണിക്ക് മുന്നില്‍  മാഗസിന്‍ ടീം മുട്ടു മടക്കിയില്ല. അവരത് അച്ചടിച്ചു. പ്രകാശനത്തിന് തിരുമേനിയെയും കുരീപ്പുഴ ശ്രീകുമാറിനെയും വിളിച്ചു. 

'തിരുമേനിയെ വിളിക്കുമ്പോള്‍, എതിര്‍പ്പിന്റെ കാര്യം ഞങ്ങള്‍ സൂചിപ്പിച്ചു. അതിനെന്താ ഞാന്‍ തന്നെ വരാം എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. തലേന്നു രാവിലെ വരെ വിളിച്ച് ഇരുവരെയും വീണ്ടും ഉറപ്പാക്കി. സാധാരണയായി പരിപാടികള്‍ക്ക് ഒരു മിനിറ്റ് പോലും താമസിക്കാത്ത തിരുമേനിയെ മുക്കാല്‍ മണിക്കൂറിനു ശേഷവും കാണാഞ്ഞപ്പോള്‍ വിളിച്ചു തിരക്കി. പ്രകാശന പരിപാടി റദ്ദാക്കി എന്ന് കോളജില്‍ നിന്നെന്ന വ്യാജേന അറിയിപ്പുകളെത്തിയതിനാല്‍ തിരുമേനി എറണാകുളത്ത് മാതാ അമൃതാനന്ദമായിയുടെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ പോയതായി അറിഞ്ഞു. കുരീപ്പുഴയുടെ കാര്യം പ്രിന്‍സിപ്പലും സ്റ്റാഫ് എഡിറ്ററും എഡിറ്റോറിയല്‍ ബോര്‍ഡും മാത്രമേ അറിഞ്ഞിരുന്നുള്ളൂ എന്നതിനാല്‍ ആരും അദ്ദേഹത്തിന്റെ വരവ് തടഞ്ഞില്ല. അദ്ദേഹം എത്തി. 'പ്രകാശനം നടന്നു.'

 


ഫോട്ടോകള്‍ക്ക് ഒപ്പം മാഗസിനില്‍ വന്ന കുറിപ്പ്

 

പുസ്തകം ഇറങ്ങിയപ്പോള്‍ പ്രതിഷേധമൊന്നും ഉണ്ടായിരുന്നില്ല എന്ന് നൈതിക് ഓര്‍ക്കുന്നു: 'പ്രകാശനത്തിന് അദ്ദേഹം വരാത്തത് വിജയമായി അവര്‍ ആഘോഷിച്ചു. തോറ്റുപോയതു പോലെ ഞങ്ങളും നിന്നു. മാത്രമല്ല, പ്രിന്‍സിപ്പല്‍ പ്രൊഫ. കുര്യന്‍ ജോണ്‍ സാറടക്കം ഒരുപാട് പേര്‍ ആ ഫോട്ടോയെക്കുറിച്ച് വാതോരാതെ സംസാരിച്ചു. 'ഇത്ര ഭംഗിയുള്ള ചിത്രം ഞങ്ങള്‍ കണ്ടിട്ടില്ല. ഇതാണോ വലിയ പ്രശ്‌നമായത്.' എന്ന് ആളുകള്‍ ചോദിച്ചു. അതോടെ എതിര്‍പ്പുകാര്‍ പിന്‍വലിഞ്ഞു. '

 

നൈതിക് മാത്യു ഈപ്പന്‍ 

പില്‍ക്കാലത്ത് സംഭവിച്ചത് 

അതെല്ലാം കഴിഞ്ഞ് പത്ത് വര്‍ഷമാവുന്നു. അതിനിടെ, മലയാള മനോരമയുടെ കോളജ് മാഗസിന്‍ അവാര്‍ഡിന് തെരഞ്ഞെടുക്കപ്പെട്ട മികച്ച പത്തു മാഗസിനുകളില്‍ ഒന്നായി 'ശരാശരി. കാലമൊരുപാട് മാറി. നൈതിക് പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ശബ്ദമിശ്രണം പഠിച്ച് ഫീല്‍ഡിലിറങ്ങി. മറ്റു കൂട്ടുകാര്‍ പഠനം കഴിഞ്ഞ് പല വഴിക്കായി. മാഗസിനും വിവാദങ്ങളുമെല്ലാം എല്ലാവരും മറന്നു. ഏറെ നാളത്തെ വിശ്രമജീവിതത്തിനുശേഷം ക്രിസോസ്റ്റം തിരുമേനി ഇക്കഴിഞ്ഞ ദിവസം കാലം ചെയ്തു. 

അതിനിടെ, ആ ഫോട്ടോ മറ്റു പലയിടങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. ''തിരുമേനിയുടെ ജന്മശതാബ്ദി സമയത്ത്, സി.എസ്.എസ്.എം പ്രസിദ്ധീകരണങ്ങളിലും ഫ്‌ളക്‌സ് ബോര്‍ഡിലും ക്രിസോസ്റ്റം ശതാബ്ദിഗാനത്തിന്റെ യൂട്യൂബ് തംബ് നെയിലായും ആ ചിത്രം പ്രത്യക്ഷപ്പെട്ടു. മറ്റെല്ലാവരും മറന്നുവെങ്കിലും ആ ഫോട്ടോ കാണുമ്പോള്‍, അതിന്റെ പേരില്‍ അനുഭവിച്ച മാനസിക പ്രയാസങ്ങള്‍ മനസ്സില്‍വരും'-നൈതിക് പറയുന്നു. 

അഞ്ചു വര്‍ഷത്തിനു ശേഷം, ഈ ചിത്രത്തിന്റെ വലിയ കോപ്പി കോളജ് ലൈബ്രറിക്കും തിരുമേനിക്കും സമ്മാനമായി നല്‍കാന്‍ പഴയ മാഗസിന്‍ എഡിറ്റോറിയല്‍ ബോര്‍ഡുകാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, തിരുമേനിയുടെ അനാരോഗ്യം കാരണം അവസാനം നിമിഷം അതു നടക്കാതെ പോയി. 

എന്നാലും, ആ ഫോട്ടോ മാത്രം അതേ പോലെയുണ്ട്. തിരുമേനിയുടെ അപൂര്‍വ്വമായ ഒരു ചിത്രം എന്നതു കൊണ്ടു മാത്രമല്ല, ആ ചിത്രത്തിന് നേരിടേണ്ടി വന്ന എതിര്‍പ്പുകളുടെയും കാരണത്താല്‍ കൂടി, ആ ഫോട്ടോ ചരിത്രത്തിന്റെ ഭാഗമായിരിക്കുന്നു.

click me!