എയർമാനിൽ നിന്ന് സ്‌ക്വാഡ്രണ്‍ ലീഡര്‍ വരെ, 37 വര്‍ഷം, ആറ് യുദ്ധങ്ങള്‍: ഒരു അപൂര്‍വ സൈനിക ജീവിതം

By Kiran Gangadharan  |  First Published Aug 14, 2021, 2:48 PM IST

സർവീസ് കാലത്തിനിടെ അഞ്ച് യുദ്ധങ്ങളില്‍ രാജ്യത്തിന്റെ പ്രതിരോധത്തിന്റെ ഭാഗമായ നാരായണൻ നായർ, ഇന്ത്യ 75ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോള്‍ കാഞ്ഞങ്ങാട്ടെ തന്റെ വീട്ടില്‍ വിശ്രമജീവിതത്തിലാണ്


കാസര്‍കോട്: സ്വതന്ത്ര ഭാരതം 75ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു. അതിനിടെ നടന്ന ചെറുതും വലുതുമായ നിരവധി യുദ്ധങ്ങൾ. രാജ്യത്തിന്റെ വളർച്ചയെ പിന്നോട്ടടിപ്പിക്കാൻ തക്ക ബലമുള്ള അഞ്ച് വമ്പൻ യുദ്ധങ്ങൾ നടന്നിട്ടും, ഇന്ത്യ കരുത്തോടെ തിരിച്ച് വന്നു. സൈനികരായിരുന്നു ഇന്ത്യയുടെ കരുത്ത്. കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് സ്വദേശിയായ നാരായണൻ നായർ, നീണ്ട 37 വര്‍ഷം ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ ഭാഗമായിരുന്നു. ഇന്ത്യ ശത്രുക്കളെ കൊണ്ട് പൊറുതി മുട്ടിയ കാലത്ത് സൈനികനായിരിക്കുക എന്നത് തന്റെ ജീവിതത്തെ സാർത്ഥകമാക്കിയെന്ന് വിശ്വസിക്കുകയാണ് അദ്ദേഹം. തന്റെ സർവീസ് കാലത്തിനിടെ അഞ്ച് യുദ്ധങ്ങളില്‍ രാജ്യത്തിന്റെ പ്രതിരോധത്തിന്റെ ഭാഗമായ അദ്ദേഹം, ഇന്ത്യ 75ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോള്‍ കാഞ്ഞങ്ങാട്ടെ തന്റെ വീട്ടില്‍ വിശ്രമജീവിതത്തിലാണ്.

എയര്‍ഫോഴ്‌സില്‍ എയര്‍മാനായി തുടങ്ങി സ്‌ക്വാഡ്രണ്‍ ലീഡര്‍ വരെയെത്തിയ നാരായണന്‍ നായര്‍ വോളിബോളില്‍ ഇന്ത്യന്‍ ടീമില്‍ വരെ ഇടംകണ്ടെത്തിയ ആളാണ്. കായിക രംഗത്തും സൈനിക രംഗത്തും ഒരേപോലെ നേട്ടങ്ങള്‍ എത്തിപ്പിടിച്ച അപൂര്‍വം വ്യക്തികളില്‍ ഒരാളാണ് അദ്ദേഹം.

Latest Videos

undefined

'ചെറുപ്പത്തില്‍ ദുർഗ ഹൈസ്കൂളിൽ നിന്നാണ് വിദ്യാഭ്യാസം നേടിയത്. പിന്നീട് 1962 ല്‍ എയര്‍ഫോഴ്‌സില്‍ ചേരാന്‍ അവസരം കിട്ടി. എയര്‍മാനായാണ് തുടങ്ങിയത്. അന്നാണ് പാക്കിസ്ഥാനുമായി യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. ഞങ്ങളുടെ പരിശീലനം വെട്ടിച്ചുരുക്കി. 1963 ല്‍ പാസ് ഔട്ടായി. യുദ്ധകാലത്ത് ഗ്രൗണ്ട് ഡ്യൂട്ടി ഓഫീസറായി എയര്‍ഫോഴ്‌സിനൊപ്പമായിരുന്നു,' - അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

1963 ലെ യുദ്ധത്തിന് ശേഷം നാരായണന്‍ നായരെ മദ്രാസിലാണ് നിയമിച്ചത്. അതുവരെ വോളിബോള്‍ കളിച്ചിരുന്നില്ല എന്നതിനാല്‍ മദ്രാസിലെ എയര്‍ഫോഴ്‌സിന്റെ വോളിബോള്‍ ടീമില്‍ ഇടംകിട്ടിയതുമില്ല. സുഹൃത്തുക്കളുടെ കൂടെ അവിടെയൊരു സമാന്തര വോളിബോള്‍ കളിസംഘത്തെ ഉണ്ടാക്കിയെടുത്ത് കളിച്ചു. അവിടെ നിന്നായിരുന്നു നേട്ടങ്ങളുടെ തുടക്കം.

പിന്നീട് എയര്‍ഫോഴ്‌സ് ടീമില്‍ ഇടംപിടിച്ചു അദ്ദേഹം. അതിനിടെ 1965  കാലത്ത് മുംബൈയിലേക്ക് സ്ഥലംമാറ്റമായി. ചൈന യുദ്ധം തുടങ്ങിയപ്പോള്‍ യൂനിഫോമിലുണ്ടായിരുന്നു അദ്ദേഹം. സൈന്യത്തിന്റെ മുംബൈയിലെ സംഘത്തിലായിരുന്നു അദ്ദേഹം ഉണ്ടായിരുന്നത്. പിന്നീട് ഇവിടെ മഹാരാഷ്ട്ര-ഗോവന്‍ ലീഗില്‍ എയര്‍ഫോഴ്‌സിന്റെ ടീമില്‍ വോളിബോള്‍ കളിച്ച് മികവ് തെളിയിച്ചു. തുടര്‍ന്ന് മഹാരാഷ്ട്ര സംസ്ഥാന ടീമില്‍ ഇടംപിടിച്ചു.

ഇതിനിടെ ഏരിയ, കമാന്റ്, എയര്‍ഫോഴ്‌സ്, ഇന്റര്‍ സര്‍വീസസ്, സര്‍വീസസ് ടീമുകളിലെല്ലാം നാരായണന്‍ നായര്‍ വോളിബോള്‍ കളിച്ചു. സര്‍വീസസിന്റെ ഭാഗമായി നാഷണല്‍ ലീഗ് കളിച്ചു. 1970 ലെ ഗോഹാട്ടിയില്‍ നടന്ന ദേശീയ ടീമില്‍ സ്വര്‍ണം നേടി. ഇതോടെ ജോലിയിലും ഓഫീസര്‍ ഗ്രേഡിലേക്ക് സ്ഥാനക്കയറ്റം കിട്ടി. പിന്നീട് വകുപ്പ് തല പരീക്ഷയെഴുതി മുന്നോട്ട് പോയി.

സ്വര്‍ണമെഡല്‍ നേടിയ സര്‍വീസസ് ടീമില്‍ നിന്നായിരുന്നു നാരായണന്‍ നായരുടെ ഇന്ത്യന്‍ ടീമിലേക്കുള്ള കയറ്റം. എന്നാല്‍ അപ്പോഴേക്കും പടിഞ്ഞാറന്‍ പാക്കിസ്ഥാനും കിഴക്കന്‍ പാക്കിസ്ഥാനും തമ്മിലുള്ള തര്‍ക്കം ഉച്ഛസ്ഥായിയിലായി. ബംഗ്ലാദേശിന്റെ പിറവിക്ക് കാരണമായ യുദ്ധം പൊട്ടിപ്പുറപ്പെട്ടു. ആഗ്രയായിരുന്നു ഇന്ത്യന്‍ വ്യോമസേനയുടെ പ്രധാന താവളങ്ങളിലൊന്ന്. അവിടെയായിരുന്നു നാരായണന്‍ നായര്‍ ഉണ്ടായിരുന്നത്. പാക് വ്യോമാക്രമണത്തില്‍ ആഗ്രയിലെ വ്യോമതാവളത്തിലെ റണ്‍വേയടക്കം തകര്‍ന്നത് അദ്ദേഹം ഓര്‍ക്കുന്നു. അന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ റണ്‍വേ ശരിയാക്കിയെടുത്തായിരുന്നു ഇന്ത്യ പ്രത്യാക്രമണം നടത്തിയത്.

യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ തമ്മിലുള്ള വോളിബോള്‍ ചാംപ്യന്‍ഷിപ്പ് റദ്ദാക്കപ്പെട്ടു. ഇന്ത്യന്‍ ടീമംഗമായി കളിക്കളത്തില്‍ ഇറങ്ങാമെന്ന നാരായണന്‍ നായരുടെ പ്രതീക്ഷയും അസ്തമിച്ചു. പിന്നീട് 1980 ലെ ഓപ്പറേഷന്‍ ബ്ലൂ സ്റ്റാറിലും സിയാച്ചിനില്‍ 1984 ലെ ഓപ്പറേഷന്‍ മേഘദൂതിലും നാരായണന്‍ നായര്‍ ഭാഗമായി. 1987 ല്‍ ശ്രീലങ്കയിലേക്ക് പോയ ഇന്ത്യന്‍ സൈനിക സംഘത്തിലും ഇദ്ദേഹമുണ്ടായിരുന്നു.

തിരുവനന്തപുരത്തെ ആക്കുളത്ത് ആരംഭിച്ച ദക്ഷിണ വ്യോമസേനാ കമാന്റിന്റെ തുടക്ക കാലത്തെ ചീഫ് അഡ്മിനിസ്‌ടേറ്റീവ് ഓഫീസറായിരുന്നു അദ്ദേഹം. 1994 ല്‍ സര്‍വീസ് അവസാനിച്ചിട്ടും അദ്ദേഹത്തിന്റെ നിയമനം ദീര്‍ഘിപ്പിച്ചുകൊടുത്തത് ഈ കമാന്റിന്റെ പൂര്‍ത്തീകരണത്തിന് വേണ്ടിയായിരുന്നു. ''ഓര്‍ക്കുമ്പോള്‍ സന്തോഷമുണ്ട്. എന്നെക്കൊണ്ടാവും വിധം ആത്മാര്‍ത്ഥമായി സേനയുടെ ഭാഗമാകാനായി. കൂലിപ്പണിക്കാരനില്‍ നിന്ന് സ്‌ക്വാഡ്രണ്‍ ലീഡര്‍ വരെയാകാന്‍ സാധിച്ചത് വെറുതെയല്ലല്ലോ.' നാരായണന്‍ നായരുടെ വാക്കുകളില്‍ തന്റെ ജീവിതത്തിന്റെ സുവര്‍ണകാലം രാജ്യത്തിന് സമര്‍പ്പിക്കാനായതിന്റെ അഭിമാനം പ്രകടമായിരുന്നു.

click me!