കോടിയേരി ഫലിതങ്ങളെക്കുറിച്ച് കെ വി മധു എഴുതിയ 'ചിരിയുടെ കൊടിയേറ്റം' എന്ന പുസ്തകത്തില്‍ തന്റെ പ്രസംഗങ്ങളെക്കുറിച്ച് അദ്ദേഹം എഴുതിയ കുറിപ്പ്
ഫലിതപ്രയോഗങ്ങള്‍ കേള്‍ക്കുന്നവരില്‍ സമ്മിശ്രപ്രതികരണമാണ് ഉണ്ടാക്കാറുള്ളത്. ഉയര്‍ന്ന നേതൃതലത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഇത്തരം പ്രയോഗങ്ങള്‍ നടത്തുന്നത് ശരിയാണോ എന്ന് ചില പാര്‍ട്ടി സഖാക്കള്‍ തന്നെ ചോദിക്കാറുണ്ട്. എന്നാല്‍ നേരെ തിരിച്ചുള്ള അനുഭവങ്ങളും ഉണ്ട്. അതായത് അടുത്തകാലത്തായി പ്രസംഗങ്ങളില്‍ കാര്യമായി ഫലിതം കാണുന്നില്ലല്ലോയെന്ന് വേറെ ചിലര്‍ പരാതിയും ഉന്നയിക്കുന്നുണ്ട്.
undefined
രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയില്‍, പ്രസംഗിക്കുമ്പോള്‍ ആസൂത്രിതമായി പെട്ടെന്നൊരു ദിവസം ശൈലി മാറ്റാനും പുതിയ ശൈലി സ്ഥാപിക്കാനും ഒന്നും ഞാന്‍ ശ്രമിച്ചിട്ടില്ല. പക്ഷേ സ്വാഭാവികമായും പ്രവര്‍ത്തനമേഖലയിലുണ്ടാകുന്ന മാറ്റം പലപ്പോഴും പ്രസംഗശൈലിയെ സ്വാധീനിച്ചിട്ടുണ്ട്. പല മാറ്റങ്ങളും അങ്ങനെ സംഭവിച്ചിട്ടുമുണ്ട്. പഴയകാല പ്രസംഗങ്ങളെ കുറിച്ച് വെറുതെയൊന്ന് ആലോചിച്ചുനോക്കുമ്പോള്‍ ഇത്തരത്തില്‍ വന്ന മാറ്റങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.
അങ്ങനെ പ്രസംഗങ്ങളില്‍ വന്നുചേര്‍ന്ന ഒരു മാറ്റമാണ് ഫലിതം കലര്‍ത്തിയുള്ള ശൈലി. 1982-ല്‍, 27-ാം വയസ്സിലാണ് ഞാന്‍ ആദ്യമായി നിയമസഭയിലെത്തുന്നത്. അതിന് മുമ്പ് വിദ്യാര്‍ത്ഥി-യുവജനരാഷ്ട്രീയമായിരുന്നു എന്റെ പ്രവര്‍ത്തന മേഖല. ആ കാലത്ത് ആശയം അവതരിപ്പിച്ചിരുന്നത് ശബ്ദമുഖരിതമായ വാഗ്ധോരണിയടങ്ങിയ പ്രസംഗങ്ങളിലൂടെയാണ്. അത്തരം സമൂഹത്തെ ആകര്‍ഷിക്കാനും ആവേശം കൊള്ളിക്കാനും സഹായകരമായ ശൈലി. എന്നാല്‍ നിയമസഭാംഗമാവുകയും പിന്നീട് സാധാരണപ്രവര്‍ത്തകരും തൊഴിലാളികളും രാഷ്ട്രീയത്തിനുപരിയായി പൊതുസമൂഹത്തിന്റെ ഭാഗമായിരിക്കുന്നവരും പങ്കെടുക്കുന്ന സമ്മേളനങ്ങളില്‍ പ്രസംഗിക്കുമ്പോള്‍ സ്വാഭാവികമായും കേള്‍വിക്കാരെ ആകര്‍ഷിക്കുന്ന ഘടകങ്ങള്‍ ചേര്‍ക്കണമെന്ന് തോന്നിത്തുടങ്ങിയിരിക്കുന്നു. അതിന്റെ ഭാഗമായാണ് അത്തരം സമൂഹത്തെ കൂടെ നിര്‍ത്താവുന്ന വിധത്തില്‍ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും ഫലിതങ്ങള്‍ ഉള്‍ക്കൊള്ളിച്ചുതുടങ്ങിയത്.
നിയമസഭാംഗമായതോടെ പ്രസംഗങ്ങള്‍ നന്നായി മുന്‍കൂട്ടി തയാറാക്കി അവതരിപ്പിക്കാനുള്ള അവസരം ലഭിച്ചു. സഭാപ്രസംഗങ്ങളില്‍ അക്കാലത്ത് അവതരിപ്പിച്ച പല ഫലിതങ്ങളും മുന്‍കൂട്ടി ഒരുക്കിയുള്‍ക്കൊള്ളിച്ചതായിരുന്നു. എന്നാല്‍ പൊതുയോഗങ്ങളിലെ കാര്യം അങ്ങനെയല്ല. അവിടെ അതത് സന്ദര്‍ഭങ്ങളില്‍ തോന്നുന്ന സ്വാഭാവിക പ്രതികരണങ്ങള്‍ അവതരിപ്പിക്കുകയാണ് പതിവ്. സന്ദര്‍ഭത്തിന് അനുസരിച്ച് രൂപപ്പെട്ട തമാശകളാണ് പലപ്പോഴും തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളിലും അവതരിപ്പിച്ചിട്ടുള്ളത്.
പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായതിന് ശേഷം പക്ഷേ കൂടുതല്‍ കരുതല്‍ സ്വീകരിക്കേണ്ടി വന്നിട്ടുണ്ട്. അതിന് കാരണവും ഉണ്ട്. ഫലിതപ്രയോഗങ്ങള്‍ കേള്‍ക്കുന്നവരില്‍ സമ്മിശ്രപ്രതികരണമാണ് ഉണ്ടാക്കാറുള്ളത്. ഉയര്‍ന്ന നേതൃതലത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഇത്തരം പ്രയോഗങ്ങള്‍ നടത്തുന്നത് ശരിയാണോ എന്ന് ചില പാര്‍ട്ടി സഖാക്കള്‍ തന്നെ ചോദിക്കാറുണ്ട്. എന്നാല്‍ നേരെ തിരിച്ചുള്ള അനുഭവങ്ങളും ഉണ്ട്. അതായത് അടുത്തകാലത്തായി പ്രസംഗങ്ങളില്‍ കാര്യമായി ഫലിതം കാണുന്നില്ലല്ലോയെന്ന് വേറെ ചിലര്‍ പരാതിയും ഉന്നയിക്കുന്നുണ്ട്. എന്നാല്‍ മികച്ച വിഭവങ്ങള്‍ ഫലിതം കൂടി ഉള്‍ക്കൊള്ളിച്ച് പ്രസംഗത്തിലൂടെ വിളമ്പാന്‍ നല്ല തയാറെടുപ്പുകൂടി വേണം. അങ്ങനെ തയാറെടുത്ത് പ്രസംഗിക്കാന്‍ പോകുമ്പോള്‍ ആത്മവിശ്വാസം വര്‍ദ്ധിക്കുകയും കേള്‍വിക്കാരുടെ മനസ്സില്‍ സ്ഥാനം നേടാന്‍ കഴിയുകയും ചെയ്യും.
ചില പ്രസംഗങ്ങളില്‍ എതിരാളികളെ ഫലിതം കലര്‍ത്തി ആക്രമിക്കുമ്പോള്‍ അതിന് നല്ല ശക്തിയുണ്ടാകും. ചിലര്‍ അതിനോട് നടത്താറുള്ള പ്രതികരണം നമ്മുടെ ആവേശം വര്‍ദ്ധിപ്പിക്കാറുണ്ട്. പ്രസംഗത്തില്‍ പരാമര്‍ശിക്കുന്ന എതിരാളികള്‍ പിന്നീട്, ഞങ്ങളെ ആക്രമിച്ച പ്രസംഗമാണെങ്കിലും കേട്ടിരിക്കുന്നതില്‍ പ്രയാസമില്ല എന്ന് പറഞ്ഞ അനുഭവങ്ങള്‍ ധാരാളമുണ്ട് പലപ്പോഴും രാഷ്ട്രീയ എതിരാളികളെ ശക്തമായി വിമര്‍ശിക്കേണ്ടി വരും. അത്തരം വിമര്‍ശനങ്ങള്‍ നടത്തുമ്പോള്‍ അവരുടെ കൂടി ചിന്തയ്ക്ക് വിധേയമാക്കാന്‍ കഴിയത്തക്ക വിധമുള്ള ചില ഫലിതങ്ങള്‍ പറയുന്നത് പൊതുവില്‍ സദസ്സിനാകെ ഗാംഭീര്യം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുക.
നിയമസഭാംഗമായതിന് ശേഷം മുന്‍കാലരാഷ്ട്രീയനേതാക്കന്മാര്‍ നടത്തിയ ഒട്ടേറേ പ്രസംഗങ്ങള്‍ നിയമസഭാ ലൈബ്രറിയില്‍ പോയിരുന്ന വായിക്കാറുണ്ട്. അതില്‍ പ്രഗല്‍ഭരായ നേതാക്കന്മാര്‍ അക്കാലത്ത് നടത്തിയ പ്രസംഗങ്ങളിലെ ഫലിതങ്ങള്‍ നന്നായി ആകര്‍ഷിച്ചിട്ടുണ്ട്. അത്തരം ചില മുന്‍കാല ചരിത്രം അറിയാവുന്നതുകൊണ്ട്, ആദ്യമായി സഭയിലെത്തിയതിന് ശേഷം ഞാനും പ്രസംഗത്തില്‍ ഇത്തരം ചില നുറുങ്ങുകള്‍ ചേര്‍ക്കാന്‍ ശ്രദ്ധിച്ചിരുന്നു. 1984-ല്‍ അങ്ങനെയൊരു പ്രസംഗം ചൂണ്ടിക്കാട്ടി മലയാള മനോരമയില്‍ മാധ്യമപ്രവര്‍ത്തകനായ കെഎം ചുമ്മാര്‍ എഴുതിയ ലേഖനം എന്റെ ഓര്‍മയിലുണ്ട്. നിയമസഭാവലോകനത്തില്‍ അദ്ദേഹം പരാമര്‍ശിച്ചതായി ഓര്‍ക്കുന്നു.
''ഫലിതം ചേര്‍ത്ത് രസകരമായി പ്രസംഗിക്കുന്ന ഈ യുവാവിന് നല്ല ഒരു ഭാവിയുണ്ട് '' എന്ന പരാമര്‍ശം അന്ന് വലിയ അഭിനന്ദനമായി തോന്നിയിരുന്നതാണ്.
അന്നൊക്കെ വലിയ നേതാക്കള്‍ പ്രസംഗത്തില്‍ കാര്യമായി ഫലിതം ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇന്ന് നിയമസഭയില്‍ അത്തരത്തില്‍ ഫലിതം പറയുന്നതില്‍ കാര്യമായ കുറവ് വന്നിട്ടുണ്ട്. സഭാചര്‍ച്ചകളെ വിരസമല്ലാതെ മുന്നോട്ട് കൊണ്ടുപോകാനും സജീവമാക്കാനും വിഷയത്തിന്റെ ഗാംഭീര്യം ചോര്‍ന്നുപോകാത്ത വിധത്തിലുള്ള ഫലിതങ്ങള്‍ ഉപയോഗിക്കാവുന്നതാണ്.
എന്നാല്‍ പൊതുപരിപാടികളെ വ്യത്യസ്തമായി സമീപിക്കേണ്ടതുണ്ട്. കാരണം അത്തരം പരിപാടികളില്‍ വ്യത്യസ്ത അഭിരുചിയുള്ളവരാണ് സംബന്ധിക്കുന്നത്. വ്യത്യസ്ത വിദ്യാഭ്യാസ നിലവാരമുള്ളവര്‍, വ്യത്യസ്ത സാമൂഹ്യ -സാമ്പത്തിക പശ്ചാത്തലമുള്ളവര്‍, വ്യത്യസ്ത രാഷ്ട്രീയമുള്ളവര്‍.. അങ്ങനെ അടിമുടി വ്യത്യസ്തമായ ആള്‍ക്കൂട്ടമാണത്. അങ്ങനെയുള്ള സദസ്സുകളില്‍ എല്ലാവര്‍ക്കും സ്വീകാര്യമായ പ്രസംഗങ്ങള്‍ നടത്തുക എന്നത് പ്രധാനപ്പെട്ട ഒരു കലയാണ്.
ചില യോഗങ്ങളില്‍ കേള്‍വിക്കാരെ പിടിച്ചിരുത്താന്‍ കഴിയാത്ത പ്രസംഗങ്ങളാകുമ്പോള്‍ കുറേ പേര്‍ കൊഴിഞ്ഞുപോകും. അവര്‍ക്ക് വേണ്ട ചില വിഭവങ്ങള്‍ കൂടി പതിവായി പ്രസംഗത്തിലുണ്ടാകും എന്നുവന്നാല്‍ പ്രസംഗാവസാനം വരെ ആളുകള്‍ അവിടെ തന്നെ ഇരിക്കും. എന്നാല്‍ ഉന്നത നേതൃതലത്തിലുള്ളവര്‍ക്ക് ഇതൊന്നും ബാധകമല്ല. അവരുടെ ഫലിതം കേള്‍ക്കാനല്ല ജനം വരുന്നത്. അവരുടെ ഓരോ വാക്കും വാചകങ്ങളും ശ്രദ്ധയോടുകൂടി കേള്‍ക്കുന്ന ജനാവലിയായിരിക്കും ഒത്തുകൂടുന്നത്. എന്നാല്‍ അത്തരത്തിലുള്ള നേതാക്കന്മാരുടെ പ്രസംഗത്തിലും എന്തെങ്കിലും ഫലിതങ്ങള്‍ കൂടി ഉണ്ടെങ്കില്‍ അത് ഇരട്ടി ഗുണം ചെയ്യും.
ഞാന്‍ ഇതിനോടകം നടത്തിയ പ്രസംഗങ്ങളില്‍ അച്ചടിച്ചുവന്നതും വരാത്തവയുമുണ്ട്. അതെല്ലാം ഇന്നോര്‍ത്തെടുക്കുക പ്രയാസമാണ്. പ്രത്യേകിച്ചും അതിലെ ഫലിതങ്ങള്‍. അവ ഓരോന്നും അതത് സന്ദര്‍ഭത്തിന്റെ പ്രത്യേകതകള്‍ക്കനുസരിച്ച് ഉപയോഗിച്ചവയാണ്. എന്നാല്‍ പുസ്തകരൂപത്തിലാകുമ്പോള്‍ പിന്നീട് ഓര്‍ത്തെടുക്കാനും മറ്റുള്ളവര്‍ക്ക് എന്നെ കുറിച്ച് മനസ്സിലാക്കാനും സഹായകരമായിരിക്കും എന്നാണ് ഞാന്‍ കരുതുന്നത്. ഇത്തരമൊരു സംരംഭത്തിന് മുന്‍കൈയെടുത്ത കെ വി മധുവിനും പ്രസാധകരായ മാതൃഭൂമി ബുക്സിനും എന്റെ പ്രത്യേകം അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നു.