കല്യാണ വിളമ്പുകാരുടെ വൈറല്‍ ഡാന്‍സ് വീഡിയോ. ആ പാട്ടിനുപിന്നിലെ സിനിമയെ തോല്‍പ്പിക്കുന്ന യഥാര്‍ത്ഥകഥ. കെ. പി റഷീദ് എഴുതുന്നു
ഇതൊരു പാട്ടിന്റെ കഥയാണ്. വൈറലായി സോഷ്യല്‍ മീഡിയ റീലുകളില്‍ ഓടിക്കൊണ്ടിരിക്കുന്ന ഉയ്യാരം പയ്യാരം എന്ന പാട്ടിന്റെ കഥ. കണ്ണൂരിലെ ഒരു കല്യാണവീട്ടിലെ ഊട്ടുപുരയില്‍ വിളമ്പുകാര്‍ ആ പാട്ടുപാടി നൃത്തം ചെയ്തത് ആ പാട്ടായിരുന്നു. അതിന്റെ വീഡിയോ അമ്പരപ്പിക്കുന്ന വേഗത്തിലാണ് ലോകമാകെ പരന്നത്. എന്നാല്‍, ആ വീഡിയോയെയും അമ്പരപ്പിക്കുന്ന ഒരു കഥയാണ് ആ പാട്ടിന്റെത്. മറവിയിലേക്ക് മറഞ്ഞ ഒരു പാട്ട് വമ്പന്‍ തിരിച്ചുവരവ് നടത്തിയ കഥ!
മൂന്നാലു ദിവസമായി ഒരു പാട്ടിന്റെ 'ഉയ്യാരം പായ്യാര'മാണ് മലയാളം സോഷ്യല്‍ മീഡിയയില്‍. മങ്ങലം എന്ന് കണ്ണൂരുകാര്‍ പേരുവിളിക്കുന്ന, നാട്ടിന്‍പുറത്തെ വിവാഹത്തിനിടയില്‍ സംഭവിച്ച ഒരു കിടിലന്‍ നൃത്തവീഡിയോ. വധൂവരന്‍മാരല്ല, വിവാഹത്തിന് ബിരിയാണി വിളമ്പുന്ന നാട്ടുകൂട്ടമാണ് സാധാരണ വേഷത്തില്‍ ഡാന്‍സ് ചെയ്യുന്നത്. കല്യാണപ്പന്തലിലെ ഊട്ടുപുരയാണ് അരങ്ങ്. കൈയില്‍ ബിരിയാണിപ്പാത്രം പിടിച്ചും ചെമ്പില്‍നിന്ന് ബിരിയാണി കോരിയിട്ടും നല്ല പൊരിഞ്ഞ നൃത്തം. ഇന്‍സ്റ്റഗ്രാം റീലില്‍ പിറന്ന ഇത്തിരിപ്പോന്ന വീഡിയോ ക്ലിപ്പ് അതിവേഗം ഫേസ്ബുക്കിലേക്കും വാട്ട്‌സാപ്പിലേക്കും പറന്നതോടെ സംഗതി വൈറലായി. ആരു കണ്ടാലും സന്തോഷം തോന്നുന്ന കിടിലന്‍ വീഡിയോയ്ക്കു പിന്നാലെ മാധ്യമങ്ങള്‍ ഓടി, ആരാണ് ഈ വമ്പന്‍മാരെന്ന് തേടി. വൈകാതെ ഉത്തരവും കിട്ടി.
കണ്ണൂര്‍ പള്ളിപ്പുറം മേലേച്ച് മുക്ക് ശമീറിന്റെ മകള്‍ സ്‌നേഹയുടെ വിവാഹത്തലേന്നായിരുന്നു ആ ഡാന്‍സ്. ഊട്ടുപുരയിലെ തിരക്കൊഴിഞ്ഞ നേരം വിളമ്പുകാരുടെ കൊട്ടിക്കലാശം. അത്തരം പാട്ടുകള്‍ക്ക് കുറേനാളായി അകമ്പടി സേവിക്കുന്ന ഒരു സിനിമാപ്പാട്ടായിരുന്നു ഡാന്‍സിന്റെ ഹൈലെറ്റ്. വിവാഹ വീഡിയോ നിര്‍വഹിച്ച ലിജോയ് എന്ന ക്യാമറാമാനാണ് കലവറയിലെ ആ ചടുലതാളം ഒപ്പിയെടുത്തത്. സുഹൃത്തായ ഷിജിന്റെ എല്‍ജിഎം സ്റ്റുഡിയോക്ക് വേണ്ടിയാണ് ലിജോയ് അന്ന് ആ വിവാഹവീഡിയോ പകര്‍ത്തിയത്. ജനുവരിയിലായിരുന്നു വിവാഹം.അഞ്ച് മാസങ്ങള്‍ക്കു ശേഷം, നാലു ദിവസം മുമ്പ് അതിലെ ഒരു ക്ലിപ്പ് ഇന്‍സ്റ്റഗ്രാം റീലായിട്ടു. അത് കത്തിപ്പിടിച്ചു. കാര്യകാരണങ്ങളൊന്നും ബാധകമല്ലാത്ത വൈറല്‍ വഴിയിലൂടെ അത് സോഷ്യല്‍മീഡിയയില്‍ പടര്‍ന്നു.
................................
Ream Also: 'വന്നുചേർന്ന നിമിഷങ്ങൾ' വീണ്ടും വീണ്ടും കാണാൻ പ്രേരിപ്പിക്കുന്ന' ഒരു കല്യാണ വൈബ്- വീഡിയോ
Read Also: 'അത് പൊളിച്ചു'; കല്യാണ വീട്ടിലെ വൈറൽ വീഡിയോ പങ്കിട്ട് മന്ത്രി വി. ശിവൻകുട്ടി
.........................
ഒരു സിനിമാപ്പാട്ടിന്റെ വമ്പന്‍ തിരിച്ചുവരവ്
എന്തുകൊണ്ടാണ് ആ വീഡിയോ ക്ലിപ്പ് വൈറലായത്? ആ വീഡിയോയിലെ വിളമ്പലുകാരും അവരുടെ നൃത്തച്ചുവടുകളും ക്യാമറയും എഡിറ്റിംഗുമെല്ലാം അതിനു കാരണമായിട്ടുണ്ടെങ്കിലും യഥാര്‍ത്ഥ ഹീറോ ആ പാട്ടുതന്നെയാണ്. താളവും വരികളും സംഗീതവും ദൃശ്യവും ഒന്നിച്ച് നൃത്തം ചെയ്യുന്ന 'ഉയ്യാരം പയ്യാരം എന്ന തകര്‍പ്പന്‍ പാട്ട്. ജനുവരിയില്‍ എടുത്ത കല്യാണ വീഡിയോയിലെ ക്ലിപ്പ് അഞ്ചു മാസം കഴിഞ്ഞ് ജൂണ്‍ പകുതിക്കുശേഷം വൈറലായതിനേക്കാള്‍ സിനിമാറ്റിക്കാണ് സത്യത്തില്‍ ആ പാട്ടിന്റെ കഥ.
2019 ജൂണ്‍ 28-ന് തിയറ്ററുകളില്‍ എത്തിയ 'കക്ഷി അമ്മിണിപ്പിള്ള' എന്ന സിനിമയിലെ അഞ്ച് പാട്ടുകളിലൊന്നായ ആ തകര്‍പ്പന്‍ പാട്ട് അതര്‍ഹിക്കുന്ന ഓളമുണ്ടാക്കാന്‍ വേണ്ടി വന്നത് രണ്ട് വര്‍ഷങ്ങളായിരുന്നു. അത്ര ഗംഭീരമായിരുന്നു, മറവിയില്‍നിന്നുള്ള ആ കലക്കന്‍പാട്ടിന്റെ മടങ്ങിവരവ്. സിനിമാ സ്‌റ്റൈലില്‍ ഒരൊന്നൊന്നര തിരിച്ചുവരവ്.
ഇതുപറയുമ്പോള്‍ മറ്റൊന്നു കൂടി പറയേണ്ടതുണ്ട്. ഈ പാട്ട് ആദ്യമായി വൈറലായത് ഇപ്പോഴല്ല. സിനിമ പുറത്തിറങ്ങിക്കഴിഞ്ഞ്, മാസങ്ങള്‍ കഴിഞ്ഞ്, ലോകമാകെ അടച്ചുപൂട്ടപ്പെട്ട കൊവിഡ് ലോക്ക്ഡൗണ്‍ കാലത്തായിരുന്നു അത്. എന്നാല്‍, ആ ഓളം പെട്ടെന്ന് അടങ്ങി. പിന്നെ ഈ പാട്ട് പൊങ്ങിവന്നത്, കൊവിഡിന്റെ ആദ്യ ഘട്ടം കഴിഞ്ഞ് കല്യാണങ്ങളെല്ലാം സജീവമായ ശേഷമായിരുന്നു. കല്യാണം കഴിഞ്ഞ് കലാശക്കൊട്ടിന്റെ വീഡിയോ എടുക്കാന്‍ ഈ പാട്ട് തന്നെ വേണമെന്ന മട്ടായി. വധൂവരന്‍മാര്‍ മുതല്‍ ഊട്ടുപുരയിലുള്ളവരും കഴിക്കാനിരിക്കുന്നവരും വരെ നൃത്തംചെയ്തുപോവുന്ന ആ പാട്ടിനൊപ്പമുള്ള വീഡിയോകള്‍ ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലുമെല്ലാം തകര്‍ത്തോടി. അവിടെയും തീര്‍ന്നില്ല, കല്യാണവീടുകളില്‍നിന്നും പുറത്തുവന്ന്, ഉല്ലാസത്തിനുള്ള സര്‍വ്വവേളകളുടെയും പശ്ചാത്തല സംഗീതമായി അതു മാറി. റീലുകളിലൂടെ വാളയാര്‍ അതിര്‍ത്തി കടന്ന് തമിഴകത്തും കന്നഡത്തിലും തെലങ്കാനയിലുമെല്ലാം ഭാഷയോ അര്‍ത്ഥമോ അറിയാതെ ആളുകള്‍ ആ പാട്ടിനു ചുവടുവെച്ച് വീഡിയോകളായിമാറി. പിന്നെയത്, ലോകമാകെയുള്ള ഇന്‍സ്റ്റഗ്രാം റീലുകളിലെ തകര്‍പ്പന്‍ താരമായി. ഇപ്പോള്‍ വൈറലായ വീഡിയോയിലേക്ക് ആ പാട്ട് വന്നുകയറിയതും, ഈ യാത്രയുടെ ഭാഗമായാണ്. എന്നാല്‍, ഇത്തവണ, മുമ്പൊന്നും സംഭവിക്കാത്തത്ര വ്യാപ്തിയില്‍, അതങ്ങ് കത്തിപ്പടരുകയായിരുന്നു.
ദിന്‍ജിത് അയ്യത്താന്‍
സിനിമയേക്കാള്‍ സിനിമാറ്റിക്കായ ഒരു സിനിമാക്കഥ
പൂനെയിലെ റിലയന്‍സ് എന്‍ര്‍ടെയിന്‍മെന്റില്‍ ആനിമേഷന്‍ ഡയരക്ടറായി ജോലി ചെയ്തുകൊണ്ടിരുന്ന ദിന്‍ജിത് അയ്യത്താന്‍ എന്ന ചെറുപ്പക്കാരനില്‍നിന്നാണ് ആ കഥ തുടങ്ങുന്നത്. തലശ്ശേരിയില്‍ ജനിച്ച് പ്രശസ്തമായ മദ്രാസ് ഫൈന്‍ ആര്‍ട്‌സ് കോളജില്‍നിന്ന് അപ്ലൈഡ് ആര്‍ട്ടില്‍ ഡിഗ്രികഴിഞ്ഞ് ആനിമേറ്ററായി ജോലി തുടങ്ങിയ ദിന്‍ജിത് കുറേകാലമെടുത്താണ് പൂനെയില്‍ എത്തിയത്. നല്ല ശമ്പളം, സുരക്ഷിതമായ ജോലി, ആനിമേഷന്‍ സാദ്ധ്യതകള്‍ എന്നിവയൊക്കെ ഉണ്ടായിട്ടും ആ ചെറുപ്പക്കാരന് അവിടെ ഇരിപ്പുറച്ചില്ല. സിനിമയായിരുന്നു അയാളുടെ തലനിറയെ. ആനിമേഷന്‍ സിനിമ എടുക്കാനറിയാവുന്ന, ഉള്ളില്‍ വിഷ്വല്‍സാദ്ധ്യതകള്‍ കൊണ്ടു നടക്കുന്ന തനിക്ക് സിനിമ വഴങ്ങുമെന്ന് അയാള്‍ക്ക് അറിയാമായിരുന്നു. എങ്കിലും ഒരുറപ്പിന് പൂനെ ഫിലിം ഇന്‍സ്റ്റിറ്റൂട്ടിലെ ഒരധ്യാപകനെ സമീപിച്ച് ആറുമാസത്തെ ഒരു ഹ്രസ്വപരിശീലനം തരപ്പെടുത്തി. അതുകഴിഞ്ഞതോടെ, ഈ പണി തനിക്ക് പറ്റുമെന്ന് ധൈര്യം വന്നു.
എന്നാല്‍, സിനിമ എടുക്കുക എളുപ്പമല്ല എന്നയാള്‍ക്ക് അറിയാമായിരുന്നു. അതിനാദ്യം കംഫര്‍ട്ടബിളായ തൊഴിലിടത്തുനിന്നും പുറത്തുകടക്കണം. സിനിമയുടെ അനിശ്ചിതത്വത്തിലേക്ക് സ്വയം എടുത്തെറിയണം. ജയിക്കാം, തോല്‍ക്കാം അതിനിടയ്ക്ക് പക്ഷേ, കുറേ കാലമെങ്കിലും തള്ളിനീക്കണം. അങ്ങനെ അയാള്‍ റിലയന്‍സ് വിട്ട് കൊച്ചിയിലെ ഒരു സുഹൃത്തിന്റെ ആനിമേഷന്‍ കമ്പനിയിലേക്ക് വന്നു. പ്രീ പ്രൊഡക്ഷന്‍ ജോലികളായിരുന്നു അവിടെ. താല്‍ക്കാലിക തൊഴില്‍. എന്നാല്‍, അവിടെവെച്ച് അയാള്‍ ആഗ്രഹിക്കുന്ന സിനിമാ വഴികള്‍ തുറന്നുവരിക തന്നെ ചെയ്തു. സിനിമയുടെ പല മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പലരുമായും ബന്ധമുണ്ടായി.
അങ്ങനെ ആദ്യ സിനിമാ സ്വപ്നം. സനിലേഷ് ശിവനുമായി ചേര്‍ന്നുള്ള ഒരു ഫുട്‌ബോള്‍ സിനിമയുടെ സ്‌ക്രിപ്റ്റ് ആയിരുന്നു അത്. കഥ കേട്ട ചിലര്‍ ഏറെ താല്‍പ്പര്യം പ്രകടിപ്പിച്ചു. സംവിധായകന്‍ എബ്രിഡ് ഷൈനിന്റെ സഹായത്തോടെ നടന്‍ ദുല്‍ഖര്‍ സല്‍മാനെ സമീപിച്ചു. ദുല്‍ഖറിന് കഥ ഇഷ്ടമായി. പക്ഷേ ആ പ്രൊജക്ട് നടന്നില്ല. പിന്നെ ആ കഥ വായിച്ച പ്രൊഡക്ഷന്‍ കണ്‍ട്രോളറായ അലക്‌സ് കുര്യന്‍ വഴി ആസിഫലിയെ കണ്ടു. ആസിഫിനും അതിഷ്ടമായി. പക്ഷേ, പുതിയ സിനിമകളുടെ തിരക്കുകള്‍ക്കിടയില്‍ മൂന്ന് വര്‍ഷത്തോളം ആ പ്രൊജക്ട് നടന്നില്ല. ''അപ്പോഴാണ് തിരിച്ചറിവുണ്ടായത്, ഇതിപ്പോള്‍ നടക്കേണ്ട സിനിമയല്ല. മറ്റൊന്ന് നോക്കാം.''-ദിന്‍ജിത് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. പരിചയമുള്ള ഒരു കക്ഷിയെക്കുറിച്ച് പണ്ടാലോചിച്ച ഒരു കഥയുണ്ടായിരുന്നു. അതു സനിലേഷുമായി പറഞ്ഞപ്പോള്‍ പുതിയ ഒരു സ്‌ക്രിപ്റ്റിലേക്ക് എത്തി. കഥ ആസിഫലിക്ക് ഇഷ്ടമായി. അങ്ങനെയാണ് കക്ഷി അമ്മിണി പിള്ള എന്ന സിനിമയിലേക്ക് എത്തിയത്.
ഒരാഴ്ചയ്ക്കുള്ളില്‍ ഒരു പാട്ടുവേണം, ഷൂട്ട് തുടങ്ങിക്കഴിഞ്ഞു!
അങ്ങനെ അമ്മിണിപ്പിള്ള യാഥാര്‍ത്ഥ്യമാവും എന്നുറപ്പായി. ഷൂട്ടിന്റെ കാര്യം തീരുമാനമായി. എല്ലാം കൃത്യമായി ഷെഡ്യൂള്‍ ചെയ്തു. അതിനിടെയാണ് ഒരു പാട്ടിന്റെ പേരില്‍ പെട്ടുപോയത്. ആ പാട്ടാണ് പിന്നീട് ഉയ്യാരം പായ്യാരമെന്ന ഇപ്പോഴത്തെ ഹിറ്റ് പാട്ടായതും. അസാധാരണമായിരുന്നു ആ പാട്ട് പിറന്ന കഥ.
''അരുണ്‍ മുരളീധരനായിരുന്നു അതിലെ രണ്ട് പാട്ടുകള്‍ ചെയ്തത്. സിനിമയുടെ ഹൈലൈറ്റായി നിശ്ചയിച്ചത്, കല്യാണവീട്ടിലെ ഒരു പാട്ടായിരുന്നു. അതൊരു കഥാപാത്രത്തിന്റെ എന്‍ട്രി കൂടിയായിരുന്നു. ഒപ്പം, ആ കഥയിലെ സുപ്രധാനമായ ഒരു രംഗവും. ട്രെന്‍ഡി ആയ ഒരു പാട്ട് വേണമെന്ന് ഉറപ്പിച്ചിരുന്നു. മാപ്പിളപ്പാട്ടിന്റെ മൂഡായിരിക്കണം. എന്നാല്‍ അതിന്റെ സ്വഭാവവും ഭാവവുമെല്ലാം പുതുമ ഉള്ളതായിരിക്കണം. ഉറപ്പായും ആളുകള്‍ക്ക് ഇഷ്ടമാവുന്ന, വൈറലാവുന്ന ഒരു പാട്ടാവണമത്. അരുണ്‍ അത് ചെയ്തുവെങ്കിലും സിനിമയ്ക്ക് പറ്റിയതായിരുന്നില്ല. അങ്ങനെ ആ പാട്ട് ചെയ്യാന്‍ പ്രശസ്തനായ മറ്റൊരു സംഗീത ഒരു സംവിധായകനെ ഏല്‍പ്പിച്ചു. ഞാന്‍ വളരെയധികം ബഹുമാനിക്കുന്ന ഒരു ഗംഭീര മ്യൂസിക് ഡയരക്ടറാണ്. അദ്ദേഹത്തോട് കഥയും സന്ദര്‍ഭങ്ങളുമെല്ലാം കൃത്യമായി തന്നെ പറഞ്ഞു.'' -ദിന്‍ജിത് ആ കഥയിലേക്ക് കടന്നു.
പിന്നീട് നടന്നത് കൂടി ദിന്‍ജിത് ഓര്‍ക്കുന്നു: ''പടം തുടങ്ങി. രണ്ടാമത്തെ ആഴ്ചയാണ് സിനിമയില്‍ ഏറ്റവും ശ്രദ്ധേയമാവേണ്ട ആ പാട്ട് ഷൂട്ട് ചെയ്യേണ്ടത്. ആദ്യ ആഴ്ച നമ്മുടെ മ്യൂസിക് ഡയരക്ടര്‍ ഒരു ട്യൂണ്‍ അയച്ചു. ''കേട്ടതും നിരാശതോന്നി, ഞാനുദ്ദേശിച്ച പാട്ടേയല്ല അത്! മറ്റുള്ളവരെയും അത് കേള്‍പ്പിച്ചു. ഇല്ല, ഇത് ശരിയാവില്ല എന്നാണവരും പറഞ്ഞത്. 'ഇതല്ല വേണ്ടത്' എന്ന് അദ്ദേഹത്തോട് പറഞ്ഞപ്പോള്‍ എന്തു കൊണ്ടോ അദ്ദേഹത്തിനത് ഇഷ്ടമായില്ല. 'ആദ്യമായാണ് ഇത്രയും മ്യൂസിക് സെന്‍സില്ലാത്ത ഒരു സംവിധായകനെ കാണുന്നത്' എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം. ഞാനൊന്നും പറഞ്ഞില്ല, കേട്ടുനിന്നു. അത്ര ബഹുമാനമുള്ള ഒരാളാണ് അങ്ങനെ പറയുന്നത്. നല്ല വിഷമം തോന്നി. 'എന്തായാലും ഒരു ട്യൂണും കൂടി അയച്ചുതരാം, അതും പറ്റിയില്ലെങ്കില്‍ എന്നെ നോക്കേണ്ട, ഞാന്‍ തന്ന പണം തിരികെ തരാം'-ഇങ്ങനെ പറഞ്ഞ് അദ്ദേഹം ഫോണ്‍ വെച്ചു. രണ്ടു ദിവസം കഴിഞ്ഞ് ഒരു ട്യൂണ്‍ കൂടി അയച്ചു. നമുക്ക് പറ്റിയതായിരുന്നില്ല അത്. എങ്ങനെ അദ്ദേഹത്തോടത് പറയും? അതിന് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാഫി ചെമ്മാടിനെ ഏല്‍പ്പിച്ചു. അദ്ദേഹമാ പണി നിര്‍വഹിച്ചു, മ്യൂസിക് ഡയരക്ടര്‍ പണം തിരികെ തന്നു.
പക്ഷേ, പകരം പാട്ടെവിടെ? ഇനി ഒരാഴ്ചയേ ഉള്ളൂ. ''എങ്ങനെയെങ്കിലും നമുക്ക് പറ്റിയ ഒരു മ്യൂസിക് ഡയരക്ടറെ കിട്ടിയേ പറ്റൂ.'-ഷാഫിക്കയോട് പറഞ്ഞു. തനിക്ക് പരിചയമുള്ള മലപ്പുറത്തുള്ള ഒരു സംഗീത സംവിധായകനെ പരീക്ഷിച്ചാലോ എന്നദ്ദേഹം ആരാഞ്ഞു. ഞാന്‍ ഒകെ പറഞ്ഞു. അങ്ങനെയാണ്, അന്നൊരു കന്നഡ പടത്തില്‍ മ്യൂസിക് ഡയരക്ടറെ സഹായിച്ചിരുന്ന സാമുവല്‍ എബി എന്ന ചെറുപ്പക്കാരനിലേക്ക് എത്തിയത്. എന്നെപ്പോലെ തന്നെ തുടക്കക്കാരന്‍!''
സാമുവല്‍ എബി
ഉയ്യാരം പയ്യാരം പിറക്കുന്നു!
ബാക്കി കഥ, കക്ഷി അമ്മിണിപ്പിള്ളയിലെ രണ്ട് ഹിറ്റ്ഗാനങ്ങള്‍ ഒരുക്കിയ സാമുവല്‍ എബി പറയും: ''ബാംഗ്ലൂരില്‍ ഒരു കന്നട പടത്തിന്റെ വര്‍ക്കിനിടയിലാണ്, ചെറുപ്പത്തിലേ അറിയാവുന്ന ഷാഫിക്ക വിളിക്കുന്നത്. 'ഒരു പാട്ടുവേണം, കല്യാണവീട്ടില്‍ പാടുന്ന ഒരു പാട്ട്. കഥാഗതിയെ മുന്നോട്ടു കൊണ്ടുപോവേണ്ട പാട്ടാണ്. ഒട്ടും സമയമില്ല. നിനക്ക് നാളെ തലശ്ശേരി വരെ ഒന്നു വരാനാവുമോ?' -ഇതായിരുന്നു ചോദ്യം. 'ഒരവസരം തുറക്കുന്നതാവും പോയി വാ' എന്നായിരുന്നു കന്നഡ മ്യൂസിക് ഡയരക്‌റുടെ അഭിപ്രായം. അങ്ങനെ വൈകിട്ട് ബസില്‍കയറി രാവിലെ തലശ്ശേരി എത്തി. രാ്രതി വണ്ടിക്ക് ടിക്കറ്റ് ബുക്ക് ചെയ്താണ് എത്തിയത്. ഷൂട്ട് നടക്കുകയായിരുന്നു. അതിനാല്‍, സംവിധായകനെയൊക്കെ കാണാന്‍ ഒരു ഫുള്‍ഡേ കാത്തിരിക്കേണ്ടി വന്നു. വൈകിട്ട് ഡയരക്ടറും ടീമും വന്നു. കൃത്യം സന്ദര്‍ഭം പറഞ്ഞുതന്നു. തനിക്ക് എന്തുവേണം, എന്തു വേണ്ട എന്ന കൃത്യമായി അറിയുന്ന സംവിധായകനായിരുന്നു ദിന്‍ജിത്തേട്ടന്‍. പറയുന്നതെല്ലാം കൃത്യമായിരുന്നു.
ബാംഗ്ലൂരില്‍ ചെന്ന് ഒരു ട്യൂണ്‍ അയക്കാമെന്ന് പറഞ്ഞ്, രാത്രി ഞാന്‍ മടങ്ങി. ബാംഗ്ലൂരില്‍ എത്തിയപ്പോള്‍ തന്നെ ഷാഫിക്കയുടെ കോള്‍ വന്നു. 'അവിടന്ന് ചെയ്താല്‍ ശരിയാവില്ല, നീ ഇന്നു തന്നെ ഒരു ലാപ്പും ഹെഡ്‌ഫോണുമായി തലശ്ശേരിക്ക് വാ. നമുക്ക് തീരെ സമയമില്ല.'
ലാപ്പിലല്ല ഞാന്‍ വര്‍ക്ക് ചെയ്യാറ്. അതിനാല്‍, പ്രോഗ്രാമിംഗ് ചെയ്യാനുള്ള മുഴുവന്‍ സെറ്റപ്പുമായി റോഡ്‌വഴി രാവിലെ തലശ്ശേരിക്ക് എത്തി. മുറിയില്‍ അതെല്ലാം സെറ്റ് ചെയ്തു. രാവിലെ ഡയരക്ടര്‍ വന്നു. തന്റെ ആവശ്യങ്ങള്‍ ഒരു തവണ കൂടി അദ്ദേഹം പറഞ്ഞു. മൂന്ന് റഫറന്‍സും തന്നു. അതില്‍ രണ്ടെണ്ണും നമുക്ക് പറ്റില്ലായിരുന്നു. അതിനാല്‍, പൂര്‍ണ്ണമായും പുതിയ ഒന്ന് ചെയ്യണമായിരുന്നു. അങ്ങനെ, വൈകിട്ടായപ്പോഴേക്കും രണ്ട് ഓപ്ഷന്‍ ട്യൂണ്‍ ചെയ്തു. പ്രൊഡ്യൂസര്‍ മുറിയില്‍വന്നത് കേട്ടു, അദ്ദേഹത്തിനത് ഇഷ്ടമായി. വൈകിട്ട് ഡയരക്ടറും ടീമും വന്നു. അവരും ഹാപ്പി. അതിലൊരു ട്യൂണ്‍ ഫിക്‌സ് ആയി. കുറച്ചു മാറ്റങ്ങള്‍ കൂടി അവര്‍ നിര്‍ദേശിച്ചു.
''പാട്ട് ഷൂട്ട് ചെയ്യാന്‍ ആകെയുള്ളത് രണ്ടു മൂന്ന് ദിവസമാണ്. എബിയുടെ ട്യൂണ്‍ ഞങ്ങള്‍ക്കെല്ലാം നന്നായി ഇഷ്ടപ്പെട്ടു. ഉദ്ദേശിച്ചതുപോലെ തന്നെയുള്ള പാട്ട്. പക്ഷേ, ട്യൂണേ ആയുള്ളൂ. ഇനി വരികള്‍ വേണം. പാട്ടുകാരന്‍ വേണം. റെക്കോര്‍ഡിംഗ് ചെയ്യണം. ഖവാലിയുടെ സ്വഭാവമൊക്കെ വരുന്ന പാട്ടാണ്. അത്തരം പാട്ടുകള്‍ പാടുന്ന, ഈ പശ്ചാത്തലം മനസ്സിലാവുന്ന ഒരാള്‍ വേണം. അങ്ങനെ സൂഫി ഗാനങ്ങള്‍ ഗംഭീരമായി പാടുന്ന സിയാഉല്‍ ഹഖിന്റെ പേരു തീരുമാനമായി. മറ്റൊരു പാട്ടിന്റെ തിരക്കിലായിരുന്ന സിയയോട് പെട്ടെന്ന് തലശ്ശേരിക്ക് എത്താന്‍ ആവശ്യപ്പെട്ടു. അപ്പോള്‍ മറ്റൊരു പ്രശ്‌നം. വരികള്‍ ആരഴുതും? നേരത്തെ ഇത്തരം ചില പാട്ടുകള്‍ ഗംഭീരമായി എഴുതിയ മനു മഞ്ജിത്തിന്റെ പേരുയര്‍ന്നുവന്നു. മനുവിനോടും തലശ്ശേരി വരാന്‍ ആവശ്യപ്പെട്ടു.''-സംവിധായകന്‍ ദിന്‍ജിത്ത് ആ ദിവസം ഓര്‍ക്കുന്നത് ഇങ്ങനെയാണ്.
ഇനി എബി തന്നെ പറയും: ''മനു പിറ്റേന്ന് തന്നെ എത്തി. ആഗ്രഹിച്ച വരികള്‍ തന്നെ മനു നല്‍കി.
''കണ്ടോ ഇവിടെയിന്ന് കുരുവികള്‍ക്ക് മംഗലം
കുരുവികള്‍ക്ക് മംഗലം
കുരുവികള്‍ക്ക് മംഗലം
കൂടെ കളി പറഞ്ഞ് സൊറ പറഞ്ഞ് ഞങ്ങളും
സൊറ പറഞ്ഞ് ഞങ്ങളും
സൊറ പറഞ്ഞ് ഞങ്ങളും''
എന്ന തുടക്കം വന്നതോടെ ആ പാട്ടിന് രൂപമായി.
സിയാ ഉല്‍ ഹഖ്, മനു മഞ്ജിത്
ഗായകന്‍ സിയ കൂടി വന്നതോടെ പാട്ടിന് കൃത്യമായ ഭാവവും കൈവന്നു. ഹോട്ടല്‍ മുറിയില്‍ വെച്ച് സിയ പാട്ട് പാടി തകര്‍ത്തു. വൈകിട്ട് പ്രൊഡ്യൂസറും ഡയരക്ടറും ടീമിലുള്ളവരും വന്നു. മുറിയിലിരുന്ന് ആ പാട്ടുകേട്ടതും അവരെല്ലാം ഡാന്‍സ് ചെയ്യാന്‍ തുടങ്ങി. അതൊരു ഗംഭീര നിമിഷമായിരുന്നു. കാര്യങ്ങളെല്ലാം നല്ലതായി വന്നു.''- എബി പറയുന്നു.
പിറ്റേന്ന് ആ പാട്ടിന്റെ ഷൂട്ടായിരുന്നു. ഒരു കല്യാണത്തലേന്ന്, പിലാക്കൂല്‍ ഷംസു എന്ന പ്രദേശിക സെലബ്രിറ്റി ഗായകന്‍
തകര്‍ത്തുപാടുന്നതാണ് പാട്ടിന്റെ രംഗം. ഉഗ്രന്‍ പാട്ട് എന്ന് എല്ലാവരും ഉറപ്പിച്ച നിമിഷമായിരുന്നു അത്.
സിനിമ വരുന്നു
അങ്ങനെ ഷൂട്ട് കഴിഞ്ഞു. 2019 ജനുവരി 18-ന് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പൃഥ്വിരാജ് േസാഷ്യല്‍ മീഡിയയിലൂടെ റിലീസ് ചെയ്തു. ആസിഫിന്റെ 33-ാം പിറന്നാള്‍ ദിനത്തില്‍ ടീസര്‍ പുറത്തിറങ്ങി. സിനിമയിലെ ആദ്യ ഗാനവീഡിയോ പുറത്തിറക്കിയത് മമ്മൂട്ടി ആയിരുന്നു. 'തലശ്ശേരിക്കാരെ കണ്ടാല്‍' എന്ന ഗാനത്തിന്റെ വീഡിയോ ഏപ്രില്‍ 29-നാണ് ഫേസ്ബുക്കിലൂടെ മമ്മൂട്ടി പുറത്തിറക്കിയത്. അടുത്ത മാസം 18-ന് ബേസില്‍ ജോസഫ് തകര്‍ത്താടുന്ന 'ഉയ്യാരം പയ്യാരം' ഗാനം സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറങ്ങി. മനു മഞ്ജിത്ത് എഴുതി, സാമുവല്‍ എബി സംഗീതം നല്‍കി സിയാ ഉല്‍ ഹഖിന്റെ ശബ്ദത്തിലൂടെ പുറത്തിറങ്ങിയ ഗാനം ഇറങ്ങിയ ആദ്യ രണ്ട് ദിവസത്തിനുള്ളില്‍ അഞ്ചുലക്ഷത്തിലേറെ പേര്‍ കണ്ടു.
''ഭയങ്കര പ്രതീക്ഷയോടെയാണ് ആ പാട്ട് പുറത്തിറക്കിയത്. ഹിറ്റാവും എന്നുറപ്പുള്ള പാട്ടായിരുന്നു അത്. നല്ല തുടക്കമായിരുന്നു. പുറത്തിറങ്ങി നാലഞ്ച് ദിവസത്തിനുള്ളില്‍ ഒരു മില്യന്‍ പേര്‍ അതു കണ്ടു. എന്നാല്‍, അതു കഴിഞ്ഞതും സ്വിച്ചിട്ടതുപോലെ ആളുകളുടെ വരവ് നിന്നു. നല്ല നിരാശ തോന്നിയ ദിവസങ്ങളായിരുന്നു അത്. ''-ദിന്‍ജിത് പറയുന്നു.
സംഗീതം ചെയ്ത എബിക്കും പറയാനുള്ളത് സമാനമായ അനുഭവമായിരുന്നു. ''ശരിക്കും നിരാശ തോന്നിയിരുന്നു. ഏറെ മുകളില്‍ പോവേണ്ട ഒരു പാട്ടായിരുന്നു അത്. സുഹൃത്തുക്കളും ഫീല്‍ഡിലുള്ള മുതിര്‍ന്ന ആളുകളുമെല്ലാം അതു തന്നെയാണ് പറഞ്ഞത്. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍, ആ പാട്ട് അതോടെ തീര്‍ന്നുവെന്ന് തന്നെ ചിലരൊക്കെ സൂചിപ്പിച്ചു. ''
സിനിമ വമ്പന്‍ ഓളങ്ങള്‍ ഉണ്ടാക്കിയില്ലെങ്കിലും, ആളുകള്‍ അതു കാണുക തന്നെ ചെയ്തതായി സംവിധായകന്‍ ദിന്‍ജിത് പറയുന്നു. 60 ദിവസത്തിലേറെ അത് തിയറ്റുകളില്‍ കളിച്ചു. മുടക്കുമുതലും ലാഭവും കിട്ടി. വടകരയിലെ ഒരു തിയറ്റില്‍ തുടര്‍ച്ചയായ രണ്ടാഴ്ച അത് ഹൗസ്ഫുള്ളായി ഓടി. അടുത്ത ആഴ്ച കൂടി ഓടാന്‍ സാധ്യതയുണ്ടായിരുന്നുവെങ്കിലും നിര്‍ഭാഗ്യവശാല്‍ വിതരണക്കാര്‍ അതെടുത്തു. തലശ്ശേരിയിലും നിറഞ്ഞ സദസ്സിലാണ് ആ സിനിമ ഓടിയത്. പക്ഷേ, തൊട്ടു പിന്നാലെ വന്ന കൊവിഡും വിതരണക്കാരുടെയും മറ്റും ഭാഗത്തുനിന്നുണ്ടായ താല്‍പ്പര്യക്കുറവും സിനിമയ്ക്ക് വിനയായി. പിന്നീട് ആ സിനിമ ഒടിടി പ്ലാറ്റ്‌ഫോമിലെത്തി. സണ്‍നെക്‌സ്റ്റ് ഒ ടി ടി പ്ലാറ്റ്‌ഫോമിലാണ് സിനിമ വന്നത്.
''കാര്യമായൊരു പ്രമോഷന്‍ പോലുമില്ലാതെയാണ് ആ സിനിമ ഓടിയത്. പാട്ടുകള്‍ നിറഞ്ഞ സിനിമയായിട്ടും മ്യൂസിക് ലോഞ്ച് പോലുമുണ്ടായില്ല. കാര്യമായ പരസ്യവും ഉണ്ടായില്ല. കണ്ടിരിക്കാവുന്ന സിനിമ എന്ന അഭിപ്രായം ഉണ്ടായത് കണ്ട ആളുകളുടെ ഭാഗത്തുനിന്നായ മൗത്ത് പബ്ലിസിറ്റി കൊണ്ടായിരുന്നു. ഇപ്പോള്‍ സംഭവിച്ചതു പോലെ ആ 'ഉയ്യാരം പയ്യാരം' പാട്ട് അന്ന് ഹിറ്റായിരുന്നുവെങ്കില്‍, സിനിമ മറ്റൊരു ലെവലില്‍ എത്തുമായിരുന്നു എന്നിപ്പോള്‍ തോന്നുന്നു.''-ദിന്‍ജിത് പറയുന്നു.
ഉയ്യാരം പയ്യാരം: ഒരു വമ്പന്‍ തിരിച്ചുവരവ്
അതൊരു ഗംഭീര തിരിച്ചുവരവായിരുന്നു. സിനിമ ഇറങ്ങിയ കാലത്ത് വേണ്ടത്ര ശ്രദ്ധയില്‍ വരാത്ത ഒരു പാട്ട് അതിഗംഭീരമായി പിന്നീട് തിരിച്ചുവന്നു. നടന്‍ ജയന്‍ ഏറെ വര്‍ഷങ്ങള്‍ക്കു ശേഷം വമ്പന്‍ തിരിച്ചുവരവ് നടത്തിയതുപോലെ, കാലം തെറ്റി ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പ്!
സിനിമയ്ക്ക് മൊത്തത്തില്‍ കൊവിഡ് തിരിച്ചടി ആയെങ്കിലും, 'ഉയ്യാരം പയ്യാരം' എന്ന പാട്ടിന് ഗുണം ചെയ്തത് കൊവിഡ് ആയിരുന്നു. ആളുകളെല്ലാം വീടുകള്‍ക്കുള്ളില്‍ അടച്ചിടപ്പെട്ട ആ നാളുകളില്‍, ഇന്റര്‍നെറ്റായിരുന്നു മനുഷ്യരുടെ ജീവവായു. ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ മുഴുകി. അന്നേരം, റീലുകളിലൂടെ ആ പാട്ട് വീണ്ടും പൊങ്ങിവന്നു. നൂറു കണക്കിനാളുകള്‍ ആ പാട്ടിന് ചുവടുവെച്ച് വീഡിയോകള്‍ പുറത്തിറക്കി. യൂ ട്യൂബില്‍ ലക്ഷക്കണക്കിനാളുകള്‍ വീണ്ടും ആ പാട്ട്‌കേട്ടു, ഒപ്പം നൃത്തം ചെയ്തു.
എന്നാല്‍, ആ ട്രെന്‍ഡും അധികം നീണ്ടുനിന്നില്ല. വീണ്ടുമാ പാട്ട് മറവിയിലേക്കാഴ്ന്നു. അന്നേരമാണ്, കൊവിഡ് ആദ്യ ഘട്ടം കഴിഞ്ഞശേഷമുള്ള കല്യാണ സീസണുകള്‍ വന്നത്. കല്യാണങ്ങളുടെ ഒരു വീഡിയോ ചേരുവയായി പൊടുന്നനെ ആ പാട്ട് മാറി. വിവാഹ ചടങ്ങുകള്‍ കഴിഞ്ഞ് ആ പാട്ടിനൊത്ത് ഡാന്‍സ് ചെയ്ത് റീല്‍ ചെയ്യുക എന്നത് 'കല്യാണ ആചാരമായി മാറി. ആളുകള്‍ കൂടുന്ന മറ്റ് ചടങ്ങുകള്‍ക്കിടയിലും ഈ പാട്ടിന്റെ റീല്‍ വീഡിയോകള്‍ വന്നു.
''രസകരമായിരുന്നു കാര്യം. തമിഴ്‌നാട്ടിലും തെലങ്കാനയിലും കര്‍ണാടകത്തിലും നിന്നെല്ലാം ആളുകള്‍ ആ പാട്ടിന്റെ പശ്ചാത്തലത്തില്‍ ഡാന്‍സ് ചെയ്ത് വീഡിയോകള്‍ പോസ്റ്റ് ചെയ്തു. തലശ്ശേരി മലയാളത്തിലുള്ള ആ പാട്ട്, ഭാഷയോ അര്‍ത്ഥമോ ഒട്ടും അറിയാതെയാണ് അന്യദേശക്കാര്‍ ഉള്‍ക്കൊണ്ടത്. അതവരെ നൃത്തം ചെയ്യിപ്പിച്ചത് ഭയങ്കര സന്തോഷം തന്നു. ഇതോടൊപ്പം യൂട്യൂബിലും പാട്ട് വമ്പന്‍ ഹിറ്റായി മാറി. അങ്ങനെയൊക്കെ കാര്യങ്ങള്‍ പോവുന്നതിനിടയിലാണ് ഇപ്പോള്‍ കണ്ണൂരെ കല്യാണ വീട്ടില്‍നിന്നുള്ള ആ വീഡിയോ വൈറലായത്. സിനിമ പുറത്തിറങ്ങി ഇത്ര കാലങ്ങള്‍ക്കുശേഷം, എത്രയേ പേര്‍ ആ സിനിമ എവിടെ കാണാന്‍ പറ്റുമെന്ന് അന്വേഷിച്ച് മെസേജയച്ചു. പണ്ടേ കാണേണ്ടിയിരുന്നുവെന്ന മെസേജുകള്‍ വന്നു. അതൊരുഗ്രന്‍ അനുഭവമായിരുന്നു.''-ദിന്‍ജിത്ത് പറയുന്നു.
പുതിയ സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ ജോലികളിലാണ് ദിന്‍ജിത്ത് ഇപ്പോള്‍. ആസിഫലി തന്നെയാണ് ഇതിലും നായകന്‍.
അപര്‍ണ്ണയാണ് നായിക. അമ്മിണിപ്പിള്ളയില്‍നിന്നും ഏറെ വ്യത്യസ്തമാണ് പുതിയ സിനിമ. സീരിയസായ ഒരു ഫാമിലി ഡ്രാമയാണ് ഇത്.
എം ടെക്കില്‍ സ്വര്‍ണ്ണമെഡല്‍ നേടിയിറങ്ങി, മറ്റു ജോലികള്‍ക്കൊന്നും ശ്രമിക്കാതെ, സിനിമാ സ്വപ്‌നവുമായി ഇറങ്ങിയ സംഗീത സംവിധായകന്‍ സാമുവല്‍ എബിക്ക് നല്ല ബ്രേക്കായിരുന്നു 'ഉയ്യാരം പയ്യാരം.' അത് ഹിറ്റായശേഷം, മറ്റു ചില സിനിമകള്‍ കൂടി എബിയെ തേടിവന്നു. മനോഹരം എന്ന സിനിമയില്‍ ബാക്്ഗ്രൗണ്ട് സ്‌കോര്‍ ചെയ്തു, ഫ്രൈഡേ ഫിലിംസിന്റെ ഒരു സിനിമയ്ക്കു വേണ്ടി പാട്ടുകള്‍ ചെയ്‌തെങ്കിലും അതിറങ്ങിയില്ല, മറ്റ് രണ്ട് സിനിമകള്‍ പ്രീപ്രൊഡക്ഷന്‍ നടക്കുകയാണ്. മനു മഞ്ജിത്, സിയാ ഉല്‍ ഹഖ് ടീമിനൊപ്പം പ്രവര്‍ത്തിച്ച 'ഉസ്‌കൂള്‍' എന്ന സിനിമ ഉടന്‍ പുറത്തിറങ്ങാനിരിക്കുകയാണ്.
സൂഫി ഗാനങ്ങളിലൂടെ ശ്രദ്ധേയനായ സിയാഉല്‍ഹഖാണ് ഉയ്യാരം പയ്യാരം പാടിയത്. സിയക്കും പുതിയ സിനിമകള്‍ വന്നു. 'ഉയ്യാരം പയ്യാരം' പെട്ടെന്ന് വീണ്ടും ഉയിര്‍ത്തെഴുന്നേറ്റ സന്തോഷത്തിലാണ് ഇപ്പോള്‍ സിയ. സൂഫി മ്യൂസിക്, ഖവാലി, ഗസല്‍ പ്രോഗ്രാമുകള്‍ സാധാരണയായി അവതരിപ്പിക്കുന്ന സിയ രസകരമായ ഒരു കാര്യം കൂടി പറയുന്നുണ്ട്. ''സംഗതി ഗസലായാലും ഖവാലി ആയാലും, പ്രോഗ്രാം കഴിയുമ്പോള്‍ ആളുകളെല്ലാംആവശ്യപ്പെടുന്ന ഒരു കാര്യമുണ്ട്്, ഉയ്യാരം പയ്യാരം ഒന്നു പാടണമെന്ന്. ആ പ്രോഗ്രാമുകളുടെ സ്വഭാവവുമായി ഒട്ടും ചേര്‍ന്നതല്ലെങ്കിലും, ആളുകളുടെ ഇഷ്ടം കണക്കാക്കി ആ പാട്ടുപാടിയാണ് പലപ്പോഴും പരിപാടി അവസാനിപ്പിക്കാറ്.''