1934 -ൽ ലാൻഡ്‌മെസ്സർ ഇർമാ എക്ക്ലറിനെ കണ്ടുമുട്ടുന്നു. പ്രഥമദർശനേ ഇരുവരും പരസ്പരം അനുരക്തരാവുന്നു. ഒരൊറ്റ കുഴപ്പം മാത്രം. ലാൻഡ് മെസ്സർ പ്രഖ്യാപിത നാസി. ഇർമയോ ഒരു ജൂതയും.
നാളെ ഹിറ്റ്‌ലറുടെ ചരമദിനമാണ്. ഇത് ലോകം കണ്ട ഏറ്റവും ക്രൂരനായ സ്വേച്ഛാധിപതിയുടെ അവസാന മണിക്കൂറുകളാണ്. ഈ നേരമത്രയും തോറ്റുകൊടുക്കാനോ പിടിക്കപ്പെടാനോ നാടുവിട്ടോടിപ്പോവാനോ മനസ്സില്ലാത്ത ഹിറ്റ്‌ലർ, താനകപ്പെട്ടിരിക്കുന്ന പ്രതിസന്ധി പരിഹരിക്കാനുള്ള ഒരു മാർഗ്ഗമന്വേഷിച്ച് തലപുണ്ണാക്കുകയായിരുന്നു. അവസാന മണിക്കൂറുകളിൽ എല്ലാം കൈവിട്ടുപോയി എന്ന് മനസ്സിലായപ്പോൾ ഹിറ്റ്‌ലർ എല്ലാം സ്വേച്ഛപ്രകാരം തന്നെ അവസാനിപ്പിക്കാനുള്ള തയ്യാറെടുപ്പ് തുടങ്ങി. ആദ്യം തന്നെ തന്റെ വുൾഫ്ഹൗണ്ട് നായയെ വിഷം കൊടുത്ത് കൊന്നു. പിന്നെ, ദീർഘകാലമായി തന്റെ സ്റ്റെനോയും, മിസ്ട്രെസും ആയിരുന്ന ഇവാ ബ്രൗണിനെ വിവാഹം ചെയ്തു. ഒടുവിൽ സ്വന്തം കൈകൊണ്ടുതന്നെ തലയ്ക്ക് വെടിവെച്ച് മരിച്ചു. ഒപ്പം പ്രസ്സിക് ആസിഡ് കഴിച്ച് ഇവയും ആത്മാഹുതി ചെയ്തു .
undefined
ലോകത്ത് ഹിറ്റ്‌ലറോളം നാശം വിതച്ച, നിരപരാധികളുടെ ജീവനെടുത്ത മറ്റൊരാളുമില്ല. ഹിറ്റ്‌ലറുടെ അവസാന മണിക്കൂറുകളിൽ, അദ്ദേഹത്തെ നേർക്കുനേർ എതിരിട്ട ഒരാളെപ്പറ്റി ഓർക്കുന്നതാവും കാവ്യനീതി. താഴെക്കാണുന്ന ചിത്രത്തിൽ ഒരു ജനാവലിയൊന്നടങ്കം, കണ്മുന്നിൽ നിൽക്കുന്ന ഹിറ്റ്‌ലർ എന്ന ഏകാധിപതിയ്ക്ക് നാസി സല്യൂട്ട് അടിക്കുമ്പോൾ, അതിന് വിസമ്മതിച്ചുകൊണ്ട് കയ്യും കെട്ടി നിൽക്കുന്ന ആളിന്റെ പേരാണ് ആഗസ്റ്റ് ലാൻഡ്മെസ്സർ. ഹിറ്റ്‌ലർക്ക് സല്യൂട്ട് നൽകാൻ വിസമ്മതിക്കുക എന്നാൽ അക്കാലത്ത് സ്വന്തം മരണസർട്ടിഫിക്കറ്റിൽ ഒപ്പുവെയ്ക്കുക എന്നാണർത്ഥം. അതറിഞ്ഞു കൊണ്ടുതന്നെ അങ്ങനെ ചെയ്യാൻ ധൈര്യം കാണിച്ചതിന് പിന്നിൽ ഒരു പ്രണയത്തിന്റെ കഥയുമുണ്ട്. ഹിറ്റ്‌ലറുടെ നാസി ഭരണകൂടം വിലക്കിയ, ഒരു ജൂതവനിതയുമായുള്ള ലാൻഡ്‌മെസ്സറുടെ പ്രണയം.
സംഭവം നടക്കുന്നത് 1930 -ലാണ്. ജർമ്മൻ സാമ്പത്തികരംഗം ആകെ തളർന്നുകിടക്കുന്ന കാലമാണത്. ഒരു തൊഴിൽ കിട്ടാനുള്ള ഒരേയൊരു മാർഗം നാസി കാർഡ് കരസ്ഥമാക്കുക എന്നതാണ്. അങ്ങനെ ഗതികേടുകൊണ്ട് ആഗസ്റ്റ് ലാൻഡ് മെസ്സറിനും എടുക്കേണ്ടിവന്നു ഒരു നാസികാർഡ്. ആവേണ്ടി വന്നു ഹിറ്റ്‌ലറുടെ അനുയായി വൃന്ദത്തിലൊരാൾ. എന്നാൽ തലച്ചോർ ഉപദേശിച്ച യുക്തിപ്രകാരം അങ്ങനെ ഒരു രാഷ്ട്രീയ അടവുനയം സ്വീകരിച്ചപ്പോഴും, അതിനു കടകവിരുദ്ധമായാണ് തന്റെ ഹൃദയത്തിന്റെ നയപ്രഖ്യാപനം വരാനിരിക്കുന്നത് എന്ന് ലാൻഡ്മെസ്സർ പ്രതീക്ഷിച്ചില്ല. ആ പ്രണയത്തിന്റെ പേരിൽ ഒരുപാട് ക്രൂശിക്കപ്പെട്ട ശേഷം, ഒന്നിച്ചു ജീവിക്കുന്നതിന്റെ പേരിൽ നിരന്തരം വേട്ടയാടപ്പെട്ടുകൊണ്ടിരുന്ന കാലത്ത്, കണ്മുന്നിൽ വന്നുപെട്ട ഹിറ്റ്‌ലറെ കൈ നീട്ടി സല്യൂട്ട് അടിക്കാൻ വിസമ്മതിച്ച ധീരനാണ് ആഗസ്റ്റ് ലാൻഡ്‌മെസ്സർ.
1934 -ൽ ലാൻഡ്‌മെസ്സർ ഇർമാ എക്ക്ലറിനെ കണ്ടുമുട്ടുന്നു. പ്രഥമദർശനേ ഇരുവരും പരസ്പരം അനുരക്തരാവുന്നു. ഒരൊറ്റ കുഴപ്പം മാത്രം. ലാൻഡ് മെസ്സർ പ്രഖ്യാപിത നാസി. ഇർമയോ ഒരു ജൂതയും. വിലക്കപ്പെട്ട പ്രണയമായിരുന്നു ഇരുവരുടെയും. അവർ തമ്മിൽ ഡേറ്റ് ചെയ്യാൻ തുടങ്ങിയതോടെ ലാൻഡ്മെസ്സറെ നാസി പാർട്ടിയിൽ നിന്നും പുറത്താക്കുന്നു. അപ്പോഴാണ് ന്യൂറംബർഗ് നിയമങ്ങൾ നടപ്പിലാക്കപ്പെടുന്നത്. വിവാഹത്തിനുള്ള പ്രണയിതാക്കളുടെ അപേക്ഷ ഭരണകൂടം നിരസിക്കുന്നു. അവർക്കിടയിലുള്ള പ്രണയപ്രവാഹങ്ങളെ തടഞ്ഞുനിർത്താൻ ഭരണകൂടത്തിനോ നിയമങ്ങൾക്കോ ഒന്നുമായില്ല. അക്കൊല്ലം ഒക്ടോബറിൽ ഇർമ ആഗസ്റ്റിന്റെ പെൺകുഞ്ഞിനെ, 'ഇൻഗ്രിഡ്'നെ പ്രസവിക്കുന്നു. ഹിറ്റ്‌ലറുടെ വിലക്കുകളിൽ നിന്നും രക്ഷപ്പെട്ടോടി ഡെന്മാർക്കിൽ ചെന്നുകഴിയാം എന്നവർ തീരുമാനിക്കുന്നു. എന്നാൽ അതിനുള്ള പരിശ്രമത്തിനിടെ അതിർത്തിയിൽ വെച്ച് പിടിക്കപ്പെടുന്നു. നാസി 'വംശത്തിന്' അവമതിപ്പുണ്ടാക്കി എന്ന കുറ്റം ചാർത്തി ഇരുവരെയും തടവിലിടുന്നു.
ഇർമ ജൂതയാണെന്ന് അറിയില്ല എന്ന് അവർ കോടതിയിൽ വാദിക്കുന്നു. ഇർമയുടെ അമ്മ ഒരു ക്രിസ്ത്യാനിയെ വിവാഹം ചെയ്തപ്പോൾ ഇർമയേയും ക്രിസ്ത്യാനിയായി മാമോദീസ മുക്കിയിരുന്നു. ഒടുവിൽ തെളിവുകളുടെ അഭാവത്തിൽ ലാൻഡ്‌മെസ്സറെ കോടതി 'ഇനി ഇങ്ങനൊന്നും ആവർത്തിക്കരുത്' എന്ന മുന്നറിയിപ്പോടെ മോചിപ്പിക്കുന്നു. ജയിൽ മോചിതനായ ലാൻഡ് മെസ്സർ വീണ്ടും തന്റെ ഭാര്യയുടെയും കുഞ്ഞിന്റെയും കൂടെ ജീവിച്ചുകൊണ്ട് കുറ്റം ആവർത്തിക്കുന്നു. അത് ഭരണകൂടത്തെ ചൊടിപ്പിക്കുന്നു. അവർ വീണ്ടും അദ്ദേഹത്തെ അറസ്റ്റുചെയ്ത് 15 മാസത്തേക്ക് കോൺസൻട്രേഷൻ ക്യാമ്പിൽ കഴിയാൻ ശിക്ഷിക്കുന്നു. പിന്നീടൊരിക്കലും ലാൻഡ്‌മെസ്സർ തന്റെ കുടുംബത്തെ കാണുന്നില്ല.
അതിനിടയിൽ ആരുമറിയാതെ ഹിറ്റ്‌ലർ മറ്റൊരു കരിനിയമം കൂടി പാസാക്കുന്നു. വംശത്തെ അപമാനിക്കുന്ന നാസി പൗരന്മാരെ ശിക്ഷിക്കുന്നതോടൊപ്പം അവരെ അതിനു പ്രേരിപ്പിച്ച ജൂത വനിതകളെയും തടവിലാക്കണം. അങ്ങനെ ഗെസ്റ്റപ്പോ ഇർമയെ വീണ്ടും പിടികൂടി കോൺസൻട്രേഷൻ ക്യാമ്പിൽ അടയ്ക്കുന്നു. അവിടെ വെച്ച് അവർ അഗസ്റ്റിന്റെ രണ്ടാമത്തെ സന്താനത്തിന്, ഐറീൻ എന്ന ഒരു പെൺകുഞ്ഞിന് ജന്മം നൽകുന്നു. കുട്ടികൾ രണ്ടുപേരെയും ഇർമയിൽ നിന്നും അടർത്തിമാറ്റി ആദ്യം ഒരു അനാഥാലായത്തിലേക്കും പിന്നീട് കോൺസൻട്രേഷൻ ക്യാമ്പുകളിലേക്കും കൊണ്ടുപോവുന്നു. ഇൻഗ്രിഡിനെ ഇർമയുടെ അച്ഛനമ്മമാർ കൊണ്ടുപോവുന്നു. ഐറീനെ ഒരു കുടുംബം കോൺസൻട്രേഷൻ ക്യാമ്പിൽ നിന്നും രക്ഷിച്ച് ഓസ്ട്രിയയിൽ കൊണ്ടുപോയി വളർത്തുന്നു. 1942 -ൽ ഇർമ നാസികളാൽ കൊലചെയ്യപ്പെടുന്നു. ബേൺബെർഗിലെ ഒരു ഗ്യാസ് ചേംബറിൽ ഒടുങ്ങാനായിരുന്നു അവരുടെ വിധി. കോൺസൻട്രേഷൻ ക്യാമ്പിൽ നിന്നും ആഗസ്ത് ലാൻഡ്മെസ്സറെ നേരെ അവർ റിക്രൂട്ട് ചെയ്യുന്നത് നാസി സൈന്യത്തിലേക്കാണ്.
തുടക്കത്തിൽ കൊടുത്തിരുന്ന ആ ചിത്രം എടുക്കുന്നത് 1936 ജൂൺ 13 -നാണ്. അന്ന് ആഗസ്റ്റ് ലാൻഡ്‌മെസ്സർ തന്റെ കുടുംബവുമായി വേർപിരിഞ്ഞിരുന്നില്ല. ബെർലിനിലെ ഒരു കപ്പൽ നിർമാണ ശാലയിലായിരുന്നു അയാളുടെ ജോലി. ഒരു പുതിയ കപ്പലിന്റെ അനാച്ഛാദന ചടങ്ങായിരുന്നു അത്. ചടങ്ങു കഴിഞ്ഞപ്പോൾ കപ്പലിന് മുന്നിൽ സാക്ഷാൽ ഫ്യൂറർ നില്കുന്നത് കണ്ട തൊഴിലാളികളെല്ലാം അമ്പരന്നു. തന്റെ ഭാര്യയേയും കുഞ്ഞിനെയും പരസ്യമായ അപമാനിച്ച ഹിറ്റ്‌ലറെ സല്യൂട്ട് ചെയ്യാൻ ലാൻഡ്‌മെസ്സർക്ക് സ്വാഭാവികമായും കഴിഞ്ഞില്ല. ഹിറ്റ്‌ലറെ അനുഗമിച്ചുകൊണ്ട് പ്രൊപ്പഗാണ്ടാ ഫോട്ടോഗ്രാഫർ ഉണ്ടാവുമെന്നും, ഈ പ്രവൃത്തിയുടെ പേരിൽ തന്റെ ജീവൻ പോലും നഷ്ടമായേക്കും എന്നും അറിഞ്ഞിരുന്നിട്ടും ലാൻഡ്‌മെസ്സർക്ക് ആ നിമിഷം അങ്ങനെ ചെയ്യാനേ തോന്നിയുള്ളൂ. അഭിമാനം ഉയർത്തിപ്പിടിക്കാനുള്ള ലാൻഡ്‌മെസ്സറുടെ ആ പ്രവൃത്തി ഒരർത്ഥത്തിൽ അയാളുടെയും ഭാര്യയുടെയും ജീവനെടുത്തു എങ്കിലും.
1951-ൽ, ഹിറ്റ്‌ലറുടെ കാലശേഷം, ഏറെ വൈകിയെങ്കിലും ജർമ്മൻ സർക്കാർ ആഗസ്റ്റ് ലാൻഡ്‌മെസ്സറുടെയും ഇർമാ എക്ക്ലറുടെയും വിവാഹം അംഗീകരിച്ചു. ഇൻഗ്രിഡ് തന്റെ അച്ഛന്റെ പേരിനെ സർ നെയിം ആയി സ്വീകരിച്ചു, ഐറിൻ അമ്മയുടേതിനേയും. വാപൊളിച്ചു മുന്നിൽ നിൽക്കുന്ന മരണത്തിനോടുപോലും തോറ്റുകൊടുക്കാൻ മനസ്സില്ലാതെ സധൈര്യം കൈകെട്ടി ചെറുത്തുനിന്ന ആ രണ്ടു ധീരാത്മാക്കളെ ഇന്നു നമുക്കും സ്മരിക്കാം..