കൊറോണക്കാലം. പ്രവാസികളുടെ ഫോണ്‍ കോളുകള്‍. അതിലെ അരക്ഷിതാവസ്ഥകള്‍. ഒമാനില്‍ കൗണ്‍സലറായി ജോലി ചെയ്യുന്ന അനുമോള്‍ സി എ എഴുതുന്നു
പ്രവാസികള്‍ക്കുള്ള ക്വാറന്റൈന്‍ ഫീസ് ഈടാക്കാന്‍ കേന്ദ്ര സര്‍ക്കാരും പാവപ്പെട്ട പ്രവാസികള്‍ക്ക് സൗജന്യമായി ക്വാറന്റൈന്‍ ഒരുക്കാന്‍ സംസ്ഥാന സര്‍ക്കാരും നാട്ടില്‍ തയ്യാറെടുക്കുമ്പോള്‍ ടിക്കറ്റ് എടുത്തുകൊടുക്കാന്‍ ആളുണ്ടായിട്ടും അടിയന്തരമായി ഒരാളെ നാട്ടിലെത്തിക്കാന്‍ എന്ത് ചെയ്യും എന്ന തത്രപ്പാടിലാണ് ഇവിടെ പലരും. അസുഖമുള്ളവരും വീട്ടിലെത്തിയിട്ട് അത്യാവശ്യമുള്ളവരും മൃതദേഹങ്ങളും ഒക്കെപ്പെടും ഈ ലിസ്റ്റില്‍.
undefined
''ഹലോ ഹെല്‍പ് ലൈന്‍ ?''
''യെസ് സര്‍, പറഞ്ഞോളൂ.''
'' മോളുടെ ടിസി എടുക്കണം, എന്താണ് പ്രൊസീജിയര്‍ എന്ന് അറിയാന്‍ വേണ്ടി വിളിച്ചതാണ്.''
''സര്‍, മോള്‍ ഇപ്പോള്‍ ഏതു ക്ലാസ്സില്‍ ആണ്?''
''11 കഴിഞ്ഞു. ഇപ്പോള്‍ ഗ്രേഡ് 12.''
(നിശ്ശബ്ദത.)
''സര്‍ ..പറഞ്ഞോളൂ''
''മാഡം എനിക്ക് ടെര്‍മിനേഷന്‍ ലെറ്റര്‍ കിട്ടി ഇന്നലെ. വീട്ടില്‍ പറഞ്ഞിട്ടില്ല. എല്ലാം കഴിഞ്ഞു പറയാം കരുതി. അപ്ലൈ ചെയ്താല്‍ ടി സി ഉടനെ കിട്ടില്ലേ.''
''സര്‍, തീര്‍ച്ചയായും കിട്ടും.''
''എത്ര ദിവസം എടുക്കും. പക്ഷെ ഉടനെ വേണം എന്നില്ല മാഡം. മോള്‍ കുറച്ചു ദിവസം കൂടി ക്ലാസ് അറ്റന്‍ഡ് ചെയ്യട്ടെ. ടി സി തിരക്ക് പിടിച്ചു എടുത്തിട്ട് കാര്യമില്ലല്ലോ.''
(വീണ്ടും നിശ്ശബ്ദത.)
''ഹലോ''
''സര്‍, പറഞ്ഞോളൂ. കേള്‍ക്കുന്നുണ്ട്.''
''യെസ് മാഡം, സത്യത്തില്‍ ഏതു ചെയ്യണം എന്നറിയില്ല . എന്തായാലും ഫ്‌ളൈറ്റ് സര്‍വീസ് തുടങ്ങിയാലേ പോകാന്‍ കഴിയൂ. അത് വരെ ഫ്‌ലാറ്റില്‍ അടച്ചു പൂട്ടി ഇരിക്കണം.''
''സര്‍ പറയൂ, എത്ര വര്‍ഷമായി ഒമാനില്‍? ''
''ഇരുപത്തിനാലു വര്‍ഷം. നാട്ടില്‍ ചെന്നാല്‍ ഈ ഒരു അവസ്ഥയില്‍ അവിടെയും പുറത്തിറങ്ങാന്‍ കഴിയില്ല. മോളുടെ അഡ്മിഷന്‍, വേറൊരു ജോലി, ഇനി എല്ലാം ഒന്നുമുതല്‍ തുടങ്ങണം. എല്ലാം ആലോചിക്കുമ്പോള്‍..''
''സര്‍, എല്ലാം ശരിയാകും.''
''അതെ. കുറച്ചു സമയമെടുത്താലും എല്ലാം ശരിയാകുമായിരിക്കും. ആ പ്രതീക്ഷയിലാണ്.''
(ഫോണ്‍ കട്ട് ആകുന്നു)
ശ്രദ്ധിച്ചിട്ടുണ്ടോ, പലപ്പോഴും ഫോണ്‍ കട്ട് ചെയ്ത ശേഷമായിരിക്കും ഓര്‍മ്മ വരുന്നത്, നമ്മള്‍ എന്തിനായിരുന്നു വിളിച്ചത് എന്ന്. കേള്‍ക്കുന്ന ആളും വിളിച്ചതെന്തിനാണെന്നു ചോദിക്കാന്‍ മറന്നിട്ടുണ്ടാകും.
ലോക്ക് ഡൗണ്‍ കാലത്തു ഓരോ ഫോണ്‍ റിങ്ങുകളും ഒരു കൈ നീട്ടലുകളാണ്. അപ്പുറത്തു കേള്‍ക്കാന്‍ നമ്മളൊന്ന് നിന്ന് കൊടുത്താല്‍ മതി.
രണ്ട്
ഇന്ന് മെയ് 27. പുറത്തെ ചൂട് 42 ഡിഗ്രി. കടുത്ത വേനല്‍ ആരംഭിച്ചിട്ടില്ല. ഗള്‍ഫിലെ ഇത്തവണത്തെ വേനല്‍ക്കാലം മനസ്സുകളെയാണോ കൂടുതല്‍ പൊള്ളിക്കുക? ആഘോഷങ്ങളില്ലാതെ ചെറിയ പെരുന്നാള്‍ കടന്നു പോയി. ഇത് വരെ കാണാത്ത റമദാന്‍ കാഴ്ചകള്‍ക്ക് മിഡില്‍ ഈസ്റ്റ് സാക്ഷ്യം വഹിച്ചു. ഈദ് ഗാഹുകള്‍ ഇല്ലാതെ, കൂടിച്ചേരലുകള്‍ ഇല്ലാതെ ആശംസകള്‍ ഫോണ്‍ സന്ദേശങ്ങളില്‍ മാത്രം ഒതുങ്ങി.
അനിശ്ചിതാവസ്ഥയുടെ കാണാപ്പുറങ്ങളില്‍പ്പെട്ട് പോയ ഒരുപറ്റം ആളുകള്‍. അതിനിടയിലും പരസ്പരം താങ്ങായി മാറുന്ന കുറെയേറെ മനുഷ്യര്‍. പ്രവാസത്തില്‍ അതിജീവനം എന്നതിനേക്കാള്‍ സഹവര്‍തിത്വം എന്ന വാക്കിനാണ് ഇപ്പോള്‍ ശബ്ദം കൂടുതല്‍.
രണ്ടു മാസത്തിലേറെയായി ഓഫീസിലേക്ക് മാത്രമായുള്ള ഫോര്‍മല്‍ ഡ്രസ് ഇട്ടിട്ടു എന്ന് ആരോ തമാശ പറയുമ്പോഴും, രണ്ടു മിനിറ്റില്‍ അറ്റന്‍ഡ് ചെയ്യുന്ന ഫോണ്‍ കോളുകളുടെ എണ്ണം എത്രയാണ് എന്ന് കണക്കെടുക്കാറില്ല ഇവിടെ ആരും. പക്ഷെ സ്ഥിരമായി കോളും മെസേജും വരുന്ന നമ്പര്‍ രണ്ടു ദിവസം നിശ്ശബ്ദമായാല്‍ ആധിയാണ്.
'ഹലോ . എവിടെയായിരുന്നു. ഇന്ന് ഗ്രൂപ്പില്‍ മെസേജ് ഒന്നും കണ്ടില്ലല്ലോ'
ഇപ്പോള്‍ ഒരു ഫോണ്‍ കോളുകളും വിട്ടുകളയാതെയിരിക്കുന്നത് സംസാരിക്കാന്‍ കുറെ സമയം ഉള്ളത് കൊണ്ടാണെന്നു കരുതേണ്ടതില്ല. ഇവിടെ ഏതൊരാളുടെയും ഫോണിലേക്കു ദിവസവും വരുന്ന കോളുകളില്‍ ഒരു ഫോണ്‍ കോള്‍ എങ്കിലും സംസാരിക്കാന്‍ വേണ്ടി മാത്രം വിളിക്കുന്നവര്‍ ആയിരിക്കും. പിന്നീട് വിളിക്കാം എന്ന് കരുതി ഒരു നമ്പറും മാറ്റി വെക്കാറില്ല ഇപ്പോള്‍ ആരും.
അടഞ്ഞ വാതിലിനപ്പുറം ഫോണ്‍ എടുത്തു വിളിക്കാന്‍ പോലും ശ്രമിക്കാത്തവരെ കുറിച്ചാണ് ആശങ്കകള്‍ മുഴുവന്‍. കാരണങ്ങള്‍ പലതായിരിക്കാം. ഒരു പക്ഷെ പണ്ട് മുതലേ വീടും ഓഫിസും മാത്രമായി ഒതുങ്ങി കൂടി ജീവിച്ചു പോന്നവര്‍. അതുമല്ലെങ്കില്‍ വിഷമഘട്ടങ്ങള്‍ ആരെയും അറിയിക്കേണ്ടതില്ല എന്ന് നിര്‍ബന്ധ ബുദ്ധിയുള്ളവര്‍. ഏതു പ്രതിസന്ധിയിലും ഒന്നും പുറത്തു പറയാതെ പുഞ്ചിരി പോലും വ്യാജമാക്കുന്ന മൂന്നാമതൊരുകൂട്ടര്‍. എന്തുമായിക്കൊള്ളട്ടെ . ആരുടേയും പ്രശ്‌നങ്ങള്‍ക്ക് സ്ഥിരമായൊരു പരിഹാരം നിര്‍ദ്ദേശിക്കാന്‍ ഇത്തരം സാഹചര്യത്തില്‍ ആര്‍ക്കും കഴിഞ്ഞെന്നു വരില്ല.
പക്ഷെ പങ്കുവെയ്ക്കലുകള്‍ -അത് സങ്കടങ്ങള്‍ ആണെങ്കില്‍ കൂടിയും- മനസിന്റെ ഭാരമൊഴിവാക്കും.
ഒറ്റപ്പെടുന്നതോളം നിസ്സഹായത ഇല്ല ജീവിതത്തില്‍ എന്ന് തിരിച്ചറിയാന്‍, ഒരിക്കലെങ്കിലും ഒറ്റപ്പെട്ട അവസ്ഥയില്‍ എത്തണം എന്ന് ഇപ്പോള്‍ മാത്രം ആഗ്രഹിച്ചു കൂടാ. നമ്മള്‍ അതിജീവിക്കും .
ബി പോസിറ്റീവ് എന്ന ചെറിയ വാചകം പോലും ട്രോള്‍ ആയികൊണ്ടിരിക്കുന്നു എങ്കിലും.
(ഒരാഴ്ചയോളമായി പനി ലക്ഷണങ്ങള്‍ കാണുന്നു, ഒന്ന് ടെസ്റ്റ് ചെയ്തു നോക്കിയാലോ എന്ന് ചോദിച്ചു വിളിക്കുന്ന സുഹൃത്തിനോട് ഒന്നും പേടിക്കണ്ട ബി പോസിറ്റീവ് എന്ന് പറഞ്ഞു രണ്ടുപേരും ചിരിക്കുമ്പോള്‍ ഉള്ളില്‍ ടെസ്റ്റ് റിസള്‍ട്ട് നെഗറ്റീവ് ആകണേ എന്ന പ്രാര്‍ത്ഥന മാത്രം. )
മൂന്ന്
കോവിഡ് 19 മഹാമാരി ഗള്‍ഫിലെ തൊഴില്‍ മേഖലയില്‍ എന്ത് ബാക്കി വെക്കും എന്നുള്ള പഠനങ്ങള്‍ നടന്നു വരുന്നതേയുള്ളു. പല സ്ഥാപനങ്ങളും പിരിച്ചു വിടലുകള്‍ ആരംഭിച്ചു കഴിഞ്ഞു. ബാക്കിയുള്ളിടങ്ങളില്‍ നിന്ന് തനിയെ പിരിഞ്ഞു പോകേണ്ട അവസ്ഥയില്‍ എത്തി നില്‍ക്കുന്നു. തൊഴില്‍ദാതാക്കളായ പ്രവാസികളും ജീവനക്കാരായ പ്രവാസികളും ഇപ്പോള്‍ കടന്നുപോകുന്ന മാനസികാവസ്ഥയില്‍ വലിയ വ്യത്യാസമില്ല.
മെയ് മാസത്തിന്റെ തുടക്കത്തില്‍ ഇവിടെ കേട്ട ഏറ്റവും ഹൃദയത്തില്‍ തൊട്ട ചോദ്യം 'സാലറി വന്നോ? കുഴപ്പമൊന്നുമില്ലല്ലോ' എന്നതായിരുന്നു.
ജൂണ്‍ മാസത്തിന്റെ തുടക്കത്തില്‍ ഞങ്ങള്‍ ആ ചോദ്യം മന:പൂര്‍വം ഒഴിവാക്കാനാണ് സാധ്യത.
കാര്യങ്ങളുടെ പോക്കു അത്ര ഭംഗിയില്‍ അല്ല. പക്ഷെ എങ്ങും പ്രതീക്ഷയുടെ വിളക്കുകള്‍ ഇപ്പോഴും ഉണ്ട്.
'സുഹൃത്തുക്കളെ ഇത് അമറാത് ഏരിയയില്‍ താമസിക്കുന്ന 3 ആളുകളുടെ നമ്പറും റസിഡന്റ് കാര്‍ഡ് കോപ്പിയുമാണ്. അതില്‍ രണ്ടു പേരുടെ വീട്ടില്‍ ഭാര്യയും കുട്ടികളും ഉണ്ടെന്നു അറിയുന്നു. കഴിഞ്ഞ ഒരുമാസമായി കടകള്‍ അടച്ചതിനാല്‍ വീട്ടിലിരിക്കുന്നവരാണ്. എത്രയും പെട്ടെന്ന് മൂന്ന് ഫുഡ് കിറ്റുകള്‍ എത്തിക്കുമല്ലോ.' ആരുടെയൊക്കെയോ ഫോണുകളില്‍ ഗ്രൂപ്പില്‍ സഹായത്തിനുള്ള സന്ദേശങ്ങള്‍ മുടങ്ങാതെ എത്തുന്നുണ്ട്.
അതിജീവനം സഹജീവികള്‍ക്കൊപ്പം മാത്രം എന്ന് ആപ്തവാക്യമായി കണ്ട് കര്‍മ്മ നിരതരായിരിക്കുന്ന വിവിധ പ്രവാസി സംഘടനകള്‍ രാത്രി -പകല്‍ വ്യത്യാസമില്ലാതെ തിരക്കിലാണ്.
ലോക്ക് ഡൗണ്‍ മൂലം തൊഴില്‍ ഇടങ്ങള്‍ അടച്ചിട്ടു വാതിലുകള്‍ക്കപ്പുറത്തേക്കു നിശബ്ദരായ ഒരു കൂട്ടം നിത്യ വരുമാനക്കാരായ തൊഴിലാളികള്‍ വിശപ്പ് അറിയാതെ ദിവസങ്ങള്‍ നീക്കുന്നത് ഇത്തരം സംഘടനകള്‍ എത്തിക്കുന്ന റിലീഫ് കിറ്റുകളുടെ സഹായത്താലാണ്..
സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ കിട്ടാതിരിക്കുന്ന ഈ സാഹചര്യത്തില്‍ നാട്ടില്‍ നിന്ന് മരുന്ന് എത്തിച്ചുകൊടുക്കുന്നതിനും വിസ കാലാവധി കഴിഞ്ഞവര്‍ക്ക് നാട്ടിലേക്കുള്ള യാത്രക്ക് വേണ്ടി എംബസി രജിസ്‌ട്രേഷനു സഹായിക്കുന്നതിനും, എന്തിനു ആവശ്യക്കാര്‍ക്ക് നാട്ടിലേക്കുള്ള ടിക്കറ്റ് എടുത്തു കൊടുക്കാന്‍ പോലും സംഘടനകളും സഹായ ഹസ്തങ്ങളും ഒരുപോലെ പ്രവര്‍ത്തിക്കുന്നു.
പ്രവാസികള്‍ക്കുള്ള ക്വാറന്റൈന്‍ ഫീസ് ഈടാക്കാന്‍ കേന്ദ്ര സര്‍ക്കാരും പാവപ്പെട്ട പ്രവാസികള്‍ക്ക് സൗജന്യമായി ക്വാറന്റൈന്‍ ഒരുക്കാന്‍ സംസ്ഥാന സര്‍ക്കാരും നാട്ടില്‍ തയ്യാറെടുക്കുമ്പോള്‍ ടിക്കറ്റ് എടുത്തുകൊടുക്കാന്‍ ആളുണ്ടായിട്ടും അടിയന്തരമായി ഒരാളെ നാട്ടിലെത്തിക്കാന്‍ എന്ത് ചെയ്യും എന്ന തത്രപ്പാടിലാണ് ഇവിടെ പലരും. അസുഖമുള്ളവരും വീട്ടിലെത്തിയിട്ട് അത്യാവശ്യമുള്ളവരും മൃതദേഹങ്ങളും ഒക്കെപ്പെടും ഈ ലിസ്റ്റില്‍.
നാല്
നാട്ടില്‍ നടപ്പില്‍ വരുത്തുന്നതിന് എത്രയോ മുമ്പ് കമ്മ്യുണിറ്റി കിച്ചണുകളുടെ വിജയ സാധ്യത പരീക്ഷിച്ചറിഞ്ഞവരാണ് പ്രവാസികള്‍. വെള്ളിയാഴ്ചകളില്‍ പാര്‍ക്കുകള്‍ പോലുള്ള പൊതു ഇടങ്ങളിലും പള്ളികളിലും അതുമല്ലെങ്കില്‍ ചര്‍ച്ചകള്‍ നടത്താന്‍ വീട് വിട്ടു തന്ന മഹാമനസ്‌കനായ ആരുടെയെങ്കിലും വീടുകളിലുമൊക്കെ പ്രവര്‍ത്തിച്ചിരുന്ന ഞങ്ങളുടെ കമ്മ്യൂണിറ്റി കിച്ചണുകള്‍ താല്‍ക്കാലികമായി അടച്ചിട്ടിരിക്കുകയാണെന്നു മാത്രം.
പ്രവാസികള്‍ അതി ജീവിക്കും. എവിടെയാണെങ്കിലും. ഒരു നാടിന്റെ സ്വപ്നം മൊത്തം ചുമലില്‍ ഏറ്റി അക്കരയെത്തിയവര്‍ ആണ്. അതിജീവിക്കാതെ എവിടെ പോകാന്‍. അതിജീവനം എന്നത് പിറന്ന നാടും അന്നം നല്‍കുന്ന നാടും നേരിടുന്ന ഒരേ പ്രശ്‌നമാണ് ഓരോ പ്രവാസിക്കുമിപ്പോള്‍.
നാളെയെന്താകും എന്നുള്ളത് നാളെ നോക്കാം. പക്ഷെ ഇന്ന് എല്ലാവരും സുരക്ഷിതരായി സമാധാനത്തോടെ ഇരിക്കുന്നു എന്ന് ബോധ്യപ്പെടൂ.
രണ്ടാഴ്ചയോളമായി നിശബ്ദമായിരിക്കുന്ന നമ്പറുകളിലേക്കും ഡയല്‍ ചെയ്യാന്‍ സമയമായിരിക്കുന്നു. ചേര്‍ത്ത് പിടിക്കുക. ശബ്ദം കൊണ്ടെങ്കിലും. ആരും തനിച്ചാകാതെയിരിക്കട്ടെ.
വാലറ്റം :
' റിഹാന്റെ അമ്മയാണ്. ഉറക്കം വരുന്നില്ല ടീച്ചര്‍. വര്‍ക്ക് അറ്റ് ഹോം തുടങ്ങിയതില്‍ പിന്നെ ശരിക്കു ഉറങ്ങിയിട്ട് കുറെയായി. പെട്ടെന്ന് ഉറങ്ങാനുള്ള എന്തെങ്കിലും എളുപ്പ വഴികള്‍ പറഞ്ഞു തരുമോ . ടെക്സ്റ്റ് മെസ്സേജ് വേണ്ട. സമയം കിട്ടുമ്പോള്‍ വോയിസ് മെസ്സേജ് അയച്ചാല്‍ മതി.'