നൂറാം വർഷത്തിലും ചുരുളഴിയാതെ ജാലിയൻ വാലാബാഗ് കൂട്ടക്കൊലയുടെ രഹസ്യം

By Babu Ramachandran  |  First Published Apr 7, 2019, 5:46 PM IST

ചരിത്രകാരനായ സുരേന്ദ്ര കോച്ചഡ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞത് അന്നത്തെ കണക്കുകളുടെ ഒക്കെ ഒരു ന്യൂനത, ആ കണക്കുകളൊക്കെ എടുത്തത് കൂട്ടക്കൊല കഴിഞ്ഞ് നാലുമാസമെങ്കിലും കഴിഞ്ഞിട്ടായിരുന്നു  എന്നതാണ്.  


ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്നിട്ട്  ഏപ്രിൽ 13 -ന് നൂറുവർഷം തികയും. ഇതുവരെ, അന്ന് കൊല്ലപ്പെട്ടത് എത്ര പേരായിരുന്നു എന്ന കാര്യത്തിൽ കൃത്യമായ ഒരു കണക്ക് രാജ്യത്തെ ജനങ്ങൾക്കുമുന്നിൽ വെക്കാൻ സർക്കാറിനായിട്ടില്ല. അതുകൊണ്ടു തന്നെ ഈ വിഷയത്തിൽ സമർപ്പിക്കപ്പെട്ടിട്ടുള്ള RTI അപേക്ഷയ്ക് 100  ദിവസം കഴിഞ്ഞിട്ടും ഒരു മറുപടി കിട്ടിയിട്ടില്ല. എന്നാലും എല്ലാക്കൊല്ലവും ഏപ്രിൽ 13  -ന് മുടങ്ങാതെ ജാലിയൻ വാലാബാഗ് മൈതാനത്തു ചെന്ന്,  തല താഴ്ത്തിനിന്ന് ഒരു നിമിഷനേരത്തെ മൗനമചാരിക്കാത്ത ഒരു രാഷ്ട്രീയ നേതാവോ, അധികാരിയോ കാണില്ല.  എത്ര പേർ അന്ന് ആ മൈതാനത്തു പിടഞ്ഞുവീണു എന്നതിന്റെ നേരായ കണക്കുപോലുമറിയാത്ത ഒരു രാഷ്ട്രം അന്ന് രക്തസാക്ഷിയെന്ന അംഗീകാരം കിട്ടിയതും കിട്ടാത്തതുമായ എല്ലാവർക്കും ചേർത്ത് ആദരാഞ്ജലികൾ അർപ്പിക്കും. 

പട്ടാളം വെടിവെപ്പു തുടങ്ങിയതോടെ ജനം ചിതറിയോടി

Latest Videos

undefined

സാമൂഹ്യപ്രവർത്തകനായ നരേഷ് ജോഹറാണ് അമൃത്സർ ജില്ലാ അധികാരികൾക്ക് 2018  ഡിസംബർ 30  -ന് ഈ വിഷയത്തിൽ ഒരു RTI അപേക്ഷ കൊടുക്കുന്നത്. ചോദ്യം വളരെ ലളിതമായിരുന്നു. ജാലിയൻ വാലാബാഗ് മൈതാനത്ത് ജനറൽ ഡയർ എന്ന കാപാലികന്റെ ക്രൂരതയിൽ എത്ര രാജ്യസ്നേഹികളുടെ ജീവനാണ് അന്ന് പൊലിഞ്ഞത്?  അതിനുള്ള ഉത്തരം കണ്ടുപിടിക്കാൻ, കഴിഞ്ഞ ഒരു നൂറ്റാണ്ടിലധികമായി ജാലിയൻ വാലാബാഗിൽ കൂട്ടക്കൊലയുടെ വാർഷികത്തോടനുബന്ധിച്ച് മേള നടത്തുന്ന ജില്ലാ ഭരണകൂടത്തിന്, സാവകാശം കിട്ടിയിട്ടില്ല. 

ഏകദേശം ആറേഴ് ഏക്കർ വരും ജാലിയൻ വാലാബാഗ് എന്നറിയപ്പെട്ടിരുന്ന ആ മൈതാനം ചുറ്റിനും പത്തടിയെങ്കിലും ഉയരമുള്ള ചുവരാണ്. അഞ്ച് പ്രവേശന കവാടങ്ങളുണ്ടങ്കിലും ഒരെണ്ണമൊഴികെ മറ്റെല്ലാം അടഞ്ഞുതന്നെ കിടക്കും. അന്നും അങ്ങനെ തന്നെയായിരുന്നു. ആ മൈതാനത്തിന്റെ നടുക്കായി ഇരുപതടി വ്യാസമുള്ള ഒരു പൊതുകിണറും ഉണ്ടായിരുന്നു. 

ബൈസാഖി (വൈശാഖി) മാസമായിരുന്നു. ജനറൽ ഡയർ നഗരത്തിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നെങ്കിലും ഉത്സവകാലമായിരുന്നതിനാല്‍ ജനം ആഘോഷത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു. വൈകുന്നേരമായപ്പോഴേക്കും സ്ഥലത്തെ മേളകളെല്ലാം പോലീസ് ബലമായി അടപ്പിച്ചു. അതോടെ മേള കാണാൻ നഗരത്തിലെത്തിയ ജനമെല്ലാം കൂടി വിശ്രമിക്കാനായി ജാലിയൻ വാലാബാഗിലെത്തി. ഏകദേശം പതിനയ്യായിരത്തിനും ഇരുപത്തിനായിരത്തിനുമിടയിൽ ആളുകൾ ജനറൽ ഡയർ വന്നപ്പോഴേക്കും  ആ പ്രദേശത്തു വന്നെത്തിക്കഴിഞ്ഞിരുന്നു. തന്റെ നിരോധനാജ്ഞ ലംഘിച്ച് അവിടെ തടിച്ചുകൂടിയ ഇന്ത്യക്കാരെ പിരിച്ചുവിടാനല്ല, ശിക്ഷിക്കാൻ വേണ്ടി ഒരു മുന്നറിയിപ്പോ പിരിഞ്ഞു പോവാനുള്ള ആജ്ഞയോ കൂടാതെ അവർക്കു നേരെ വെടിയുതിർക്കാനുള്ള ഉത്തരവാണ് ജനറൽ ഡയർ  നൽകിയത്. പട്ടാളം വെടിവെപ്പു തുടങ്ങിയതോടെ ജനം ചിതറിയോടി. പക്ഷേ, അവർക്ക് രക്ഷപ്പെടാൻ ഒരു വഴിയുമില്ലായിരുന്നു. പത്തടി ഉയരമുള്ള ആ മതിൽ ചാടിക്കടക്കുക അസാധ്യമായിരുന്നു. 

അതിൽ അവർ പറഞ്ഞത് 1000 പേർ  മരിച്ചു, 500  പേർക്ക് പരിക്കുപറ്റി എന്നാണ്

പ്രാണരക്ഷാർത്ഥം പലരും മൈതാനമധ്യത്തിലുള്ള  കിണറിലേക്ക് എടുത്തുചാടി. 1650  റൗണ്ട് വെടിയുതിർത്തുകഴിഞ്ഞ്, ഇനി വെടിവെക്കാൻ വെടിയുണ്ടകളില്ല എന്ന സ്ഥിതി വന്നതുകൊണ്ട് മാത്രമാണ് ഡയറിന്റെ പട്ടാളം വെടിനിർത്തിയത്.

ജാലിയൻ വാലാബാഗിൽ നിരപരാധികളും നിരായുധരും നിരുപദ്രവകാരികളുമായ നൂറുകണക്കിന് ഇന്ത്യക്കാരെ നിർദ്ദയം വെടിവെച്ചുകൊന്നതിനു ശേഷം ലാഹോറിൽ പഞ്ചാബ് ഗവർണറായിരുന്ന മൈക്കൽ ഓഡ്വയറിനയച്ച റിപ്പോർട്ടിൽ ജനറൽ ഡയർ രേഖപ്പെടുത്തിയത് 200 -നും 300-നും ഇടയ്ക്ക് ആളുകൾക്ക് ജീവാപായമുണ്ടായിട്ടുണ്ട് എന്നായിരുന്നു. സേവാ സമിതി സൊസൈറ്റി എന്നൊരു സംഘടന സ്വതന്ത്രമായ ഒരു അന്വേഷണം നടത്തി  379 പേർ മരണപ്പെട്ടു,  192 പേർക്ക് ഗുരുതരമായി പരിക്കേറ്റു എന്നൊരു റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. ഹണ്ടർ കമ്മീഷന്റെ കണക്കിൽ 379  പേർക്ക് ജീവാപായം, അതിന്റെ മൂന്നിരട്ടിയോളം പേർക്ക് ഗുരുതരമായി പരിക്ക് എന്നാണ്. 1919  സെപ്തംബർ 12 -ന്  കൂടിയ ലീഗൽ ലെജിസ്ലേറ്റീവ് കൗൺസിൽ മീറ്റിങ്ങിൽ യോഗത്തിൽ മദൻ മോഹൻ മാളവ്യ അറിയിച്ചത് മരിച്ചവരിൽ 42  ആണ്‍കുട്ടികളുണ്ടായിരുന്നു എന്നാണ്. വെറും ഏഴുമാസം മാത്രം പ്രായമുള്ള ഒരു കുട്ടിയും അന്ന് വെടിയേറ്റു മരിച്ചവരിൽ പെടും. മൈതാനത്തിനു നടുവിലെ കിണറ്റില്‍ നിന്നുമാത്രം പുറത്തെടുത്തത് 120 മൃതദേഹങ്ങളായിരുന്നു.

ഇന്ത്യൻ നാഷണൽ കോൺഗ്രസും അന്ന് സ്വതന്ത്രമായ ഒരു അന്വേഷണം അവിടെ തടിച്ചുകൂടിയ ആളുകളുടെയും എത്ര റൗണ്ട് വെടിയുതിർത്തു എന്നതിന്റെയും ഒക്കെ അടിസ്ഥാനത്തിൽ നടത്തുകയുണ്ടായി. അതിൽ അവർ പറഞ്ഞത് 1000 പേർ  മരിച്ചു, 500  പേർക്ക് പരിക്കുപറ്റി എന്നാണ്. അന്ന് ആര്യസമാജത്തിന്റെ പ്രതിനിധിയായിരുന്നു സ്വാമി ശ്രദ്ധാനന്ദ് ഗാന്ധിജിയ്ക്ക് എഴുതിയ കത്തിൽ 1500 പേർ കൊല്ലപ്പെട്ടു എന്നാണ് പറഞ്ഞത്. 

അന്നവിടെ തടിച്ചുകൂടിയ ജനക്കൂട്ടം ഒരു കാരണവശാലും അക്രമാസക്തമല്ലായിരുന്നു. അവർ തീർത്തും നിരായുധരായിരുന്നു. അവർക്കുനേരെ തുരുതുരാ വെടിയുതിർത്തുകൊണ്ടിരുന്ന ജനറൽ ഡയറിന്റെ സൈന്യം  വെടിവെപ്പ് നിർത്തിയത് മരിച്ചുവീണവരുടെ, പരിക്കേറ്റവരുടെ ഒക്കെ മരണവെപ്രാളം കണ്ടിട്ടൊന്നുമല്ലായിരുന്നു. അവരുടെ വെടിയുണ്ടകൾ തീർന്നുപോയതുകൊണ്ടു മാത്രമായിരുന്നു. 

ഒരു മാസം കഴിഞ്ഞു മാത്രം വിവരമറിഞ്ഞ ടാഗോർ കൽക്കട്ടയിൽ പ്രതിഷേധ സമ്മേളനം വിളിച്ചുകൂട്ടി. ബ്രിട്ടീഷുകാർ ആദരപൂർവം തന്ന 'നൈറ്റ്' പദവി ഉപേക്ഷിച്ചു. തന്റെ രോഷാഗ്നി മൊത്തം ആവാഹിച്ചുകൊണ്ട് അന്നത്തെ വൈസ്രോയിക്ക് അദ്ദേഹം ഒരു കത്തെഴുതി. 

മരിച്ചവരുടെ ബന്ധുക്കള്‍ വികാരപൂർവം ആവശ്യപ്പെടുന്നത് ഒരേയൊരു കാര്യമാണ്  

ചരിത്രകാരനായ സുരേന്ദ്ര കോച്ചഡ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞത് അന്നത്തെ കണക്കുകളുടെ ഒക്കെ ഒരു ന്യൂനത, ആ കണക്കുകളൊക്കെ എടുത്തത് ആ കൂട്ടക്കൊല കഴിഞ്ഞ് നാലുമാസമെങ്കിലും കഴിഞ്ഞിട്ടായിരുന്നു  എന്നതാണ്.  അന്ന് മരിച്ചവരുടെ ബന്ധുക്കള്‍ വികാരപൂർവം ആവശ്യപ്പെടുന്നത് ഒരേയൊരു കാര്യമാണ്. ഇന്ന് ആ കൂട്ടക്കൊലയിൽ മരിച്ചുപോയവരുടെ രണ്ടാം തലമുറയാണ് ജീവിച്ചിരിപ്പുള്ളത്. അവരുടെ അച്ഛനും അമ്മയും ഒക്കെ ജീവിച്ചുമരിച്ചത് 'സ്വന്തം രക്ഷിതാക്കൾ നാടിനുവേണ്ടി ജീവൻ ത്യജിച്ചതാണ്' എന്ന സത്യം മാതൃരാജ്യം അംഗീകരിക്കുക പോലും ചെയ്യാത്ത ഒരു കാലത്താണ്. അവർക്ക് സർക്കാരിൽ നിന്നും ഒന്നും നേടാനില്ല. അന്ന് മരിച്ച തങ്ങളുടെ പൂർവികരുടെ പേരുകൾ ആ മൈതാനത്തിന്റെ അകത്ത് ഏതെങ്കിലും ഒരു മതിലിൽ വൃത്തിയായി ഒന്ന് എഴുതി വെക്കണം എന്നതു മാത്രമാണ് അവരുടെ  ഒരേയൊരു ആവശ്യം. 

ഇന്ത്യ സ്വാതന്ത്ര്യ സമരത്തിലെ ആ കറുത്ത അദ്ധ്യായത്തിന്റെ നൂറാം വാർഷികത്തിലേക്ക് കടക്കുന്ന ഈ അവസരത്തിലെങ്കിലും അത് സാധിച്ചുകൊടുത്ത് അവരോടുള്ള തീർത്താൽ തീരാത്ത കടമ ഒന്ന് നിറവേറ്റാൻ നമ്മുടെ ഗവണ്മെന്റുകൾക്കാവട്ടെ..  


 

click me!