പ്രളയം കേരളത്തെ ഇങ്ങനെ വിടാതെ പിന്തുടരാന്‍ എന്താണ് കാരണം ?

By Gopika Suresh  |  First Published Nov 13, 2019, 8:06 PM IST

പ്രളയം കേരളത്തെ ഇങ്ങനെ വിടാതെ പിന്തുടരാന്‍ കാരണം എന്താണ്? ഇനിയും പ്രളയം നമ്മളെ തേടിയെത്തുമോ?


1924-ലെ വെള്ളപ്പൊക്കമായിരുന്നു അതിനു മുമ്പ് കേരളത്തെ നടുക്കിയ സമാനമായ അനുഭവം. 94 വര്‍ഷം എടുത്തു കേരളത്തില്‍ അടുത്ത ഒരു പ്രളയം സംഭവിക്കാന്‍. എന്നാല്‍, 2018 ലെ നടുക്കുന്ന അനുഭവം കഴിഞ്ഞ് ശ്വാസം വിടും മുമ്പേയാണ് പിറ്റേ വര്‍ഷവും ദുരന്തമെത്തിയത്. ഇത് നല്‍കുന്ന വിപല്‍ സൂചനകള്‍ എന്തൊക്കെയാണ്? പ്രളയം കേരളത്തെ ഇങ്ങനെ വിടാതെ പിന്തുടരാന്‍ കാരണം എന്താണ്? ഇനിയും പ്രളയം നമ്മളെ തേടിയെത്തുമോ? 

Latest Videos

 

''നാട്ടിലെ പൊക്കംകൂടിയ സ്ഥലം ക്ഷേത്രമാണ്. അവിടെ, ദേവന്‍ കഴുത്തറ്റം വെള്ളത്തില്‍ നില്ക്കുന്നു. വെള്ളം! സര്‍വ്വത്ര ജലം! നാട്ടുകാരെല്ലാം കര തേടിപ്പോയി. വീട്ടുകാവലിന് ഒരാള്‍, വീട്ടില്‍ വള്ളമുണ്ടെങ്കില്‍ ഉണ്ട്. ക്ഷേത്രത്തിലെ മൂന്നു മുറിയുള്ള മാളികപ്പുറത്ത് 67 കുട്ടികളുണ്ട്. 356 ആളുകള്‍ , പട്ടി, പൂച്ച ആട്, കോഴി മുതലായ വളര്‍ത്തു മൃഗങ്ങളും എല്ലാം ഐകമത്യമായി കഴിയുന്നു. ഒരു ശണ്ഠയുമില്ല''

(വെള്ളപ്പൊക്കത്തില്‍-തകഴി)


2018 -ല്‍ വെള്ളപ്പൊക്കം ഉണ്ടാകുന്നതിന് അര നൂറ്റാണ്ട് മുമ്പ് മലയാളത്തിന്റെ തലയെടുപ്പുള്ള എഴുത്തുകാരന്‍ തകഴി ശിവശങ്കരപ്പിള്ള എഴുതിയ കഥയുടെ ആദ്യ വാചകങ്ങളാണ് മുകളില്‍ ഉദ്ധരിച്ചത്. കുട്ടനാട്ടിലെ ഒരു വെള്ളപ്പൊക്കത്തെക്കുറിച്ചായിരുന്നു തകഴിയുടെ കഥ. അതിലെ വരികള്‍ യാഥാര്‍ത്ഥ്യമാവുന്നത് ഈയടുത്ത് രണ്ടു തവണയായി കേരളം കണ്ടു. മുമ്പൊന്നും പരിചിതമല്ലാതിരുന്ന പ്രളയവും മഴക്കെടുതിയും കേരളത്തിനിപ്പോള്‍ പരിചിതമായ അനുഭവങ്ങളാണ്.  2018-ലും 2019-ലും ഓഗസ്റ്റ് മാസങ്ങളിലുണ്ടായ പ്രളയങ്ങള്‍ വന്‍ നാശമാണ് കേരളത്തില്‍ വിതച്ചത്. 2018-ല്‍ 483 പേരും 2019-ല്‍ 101 പേരും മഴക്കെടുതിയുമായി ബന്ധപ്പെട്ട് മരിച്ചതായാണ് കണക്ക്. 2018-ല്‍ 12,47,496 ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. 2019-ല്‍ രണ്ട് ലക്ഷത്തോളം പേര്‍ ക്യാമ്പുകളിലായി. 2018-ല്‍ 3,274 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. കോടിക്കണക്കിനു രൂപയുടെ നഷ്ടമാണ് രണ്ടു തവണയും ഉണ്ടായത്. ആദ്യ പ്രളയം കേരള ജനതയുടെ ആറിലൊന്നിനെയും ബാധിച്ചതായാണ് സംസ്ഥാന സര്‍ക്കാറിന്റെ കണക്ക്.  

1924-ലെ വെള്ളപ്പൊക്കമായിരുന്നു അതിനു മുമ്പ് കേരളത്തെ നടുക്കിയ സമാനമായ അനുഭവം. 94 വര്‍ഷം എടുത്തു കേരളത്തില്‍ അടുത്ത ഒരു പ്രളയം സംഭവിക്കാന്‍. എന്നാല്‍, 2018 ലെ നടുക്കുന്ന അനുഭവം കഴിഞ്ഞ് ശ്വാസം വിടും മുമ്പേയാണ് പിറ്റേ വര്‍ഷവും ദുരന്തമെത്തിയത്. ഇത് നല്‍കുന്ന വിപല്‍ സൂചനകള്‍ എന്തൊക്കെയാണ്? പ്രളയം കേരളത്തെ ഇങ്ങനെ വിടാതെ പിന്തുടരാന്‍ കാരണം എന്താണ്? ഇനിയും പ്രളയം നമ്മളെ തേടിയെത്തുമോ? 


മഴയ്ക്ക് എന്താണ് സംഭവിക്കുന്നത്?
ഇന്ത്യയില്‍ ലഭ്യമാകുന്ന മൊത്തം മഴയുടെ അളവില്‍ കുറവുണ്ടായെങ്കിലും തീവ്രതയിലും ആവര്‍ത്തിയിലും വര്‍ദ്ധനയാണ് ഉണ്ടായതെന്നാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മീറ്റിയറോളജിയില്‍, ഡോ.റോക്‌സി മാത്യുവിന്റെ നേതൃത്വത്തില്‍ നടന്ന പഠനം സൂചിപ്പിക്കുന്നത് മഴയുടെ സമയ ക്രമത്തിലും  ദൈര്‍ഘ്യത്തിലും ഉണ്ടായ മാറ്റമാണ് ഇത് സൂചിപ്പിക്കുന്നത്.  ഒന്ന് ശ്രദ്ധിച്ചു നോക്കിയാലറിയാം, നമ്മുടെ മഴയുടെ ഭാവം തന്നെ മാറിപ്പോയിട്ടുണ്ട്. കുറച്ചു സമയത്തിനുള്ളില്‍ കൂടുതല്‍ മഴയാണ് ഇപ്പോള്‍ നമ്മെത്തേടി എത്തുന്നത്. 

അറബിക്കടലില്‍ താപനിലയിലുണ്ടായ വര്‍ദ്ധന മൂലം  വര്‍ഷകാല  കാറ്റില്‍ വ്യതിയാനങ്ങള്‍ ഉണ്ടാകുന്നതായി പഠനം വ്യക്തമാക്കുന്നു. ഇതിനാല്‍, വര്‍ഷകാല കാറ്റ് ചില സമയങ്ങളില്‍  ദുര്‍ബലവും ചിലപ്പോള്‍ ശക്തവുമാണ്. കടലില്‍ നിന്നും ഈര്‍പ്പം വഹിച്ചുകൊണ്ടുള്ള കാറ്റ് ശക്തി കൈവരിക്കുന്ന സമയങ്ങളില്‍ ഇന്ത്യയിലൂടെ സഞ്ചരിക്കുന്നതിനാല്‍ കുറച്ചു സമയത്തിനുള്ളില്‍ കൂടുതല്‍ വര്‍ഷപാതം  ഉണ്ടാകാന്‍  ഇത് കാരണമാകുന്നു. മധ്യ ഇന്ത്യയില്‍ 1950 മുതല്‍ 2015 വരെ  ഉള്ള കാലഘട്ടങ്ങളില്‍ തീവ്രത കൂടിയ മഴ ഉണ്ടാകുന്ന സാഹചര്യം മൂന്നിരട്ടി വര്‍ധിച്ചു എന്നാണ് പഠനം പറയുന്നത്. പ്രളയസാദ്ധ്യത കൂട്ടുന്ന സാഹചര്യമാണിത്. 

 

.........................................................................

 ഒന്ന് ശ്രദ്ധിച്ചു നോക്കിയാലറിയാം, നമ്മുടെ മഴയുടെ ഭാവം തന്നെ മാറിപ്പോയിട്ടുണ്ട്. കുറച്ചു സമയത്തിനുള്ളില്‍ കൂടുതല്‍ മഴയാണ് ഇപ്പോള്‍ നമ്മെത്തേടി എത്തുന്നത്. 


Photo: Getty images

 

പഠനങ്ങള്‍ പറയുന്നത്
താപനിലയിലെ മാറ്റങ്ങള്‍ കേരളം ഉള്‍പ്പെടുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെയാണ് കൂടുതല്‍ വേഗത്തില്‍ ബാധിക്കുന്നത് എന്നാണ് ഗാന്ധിനഗര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ (ഐഐടി) ഹൈദര്‍ അലിയുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തില്‍ പറയുന്നത് . രണ്ടു തരം സാഹചര്യങ്ങളാണ് ഈ പഠനത്തില്‍ വിശകലനം ചെയ്യുന്നത്. ഒന്ന്, ഹരിതഗൃഹ വാതകങ്ങളുടെ പുറംതള്ളല്‍ മൂലം ആഘാതം കൂടിയ രീതിയില്‍ ഉണ്ടാകാവുന്ന അവസ്ഥ, രണ്ട്, ഏറ്റവും ആഘാതം കുറഞ്ഞ് ഉണ്ടാകാവുന്ന അവസ്ഥ. ഈ സാഹചര്യങ്ങളെ റെപ്രസെന്ററ്റീവ്  കോണ്‍സെന്‍ട്രേഷന്‍ പാത്ത് വെയ്സ് (ആര്‍സിപി ) എന്നാണ് വിളിക്കുന്നത്.

ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള  അന്തര്‍ സര്‍ക്കാര്‍ പാനല്‍ (Intergovernmental Panel on Climate Change-IPCC)  അവരുടെ അഞ്ചാം മൂല്യനിര്‍ണയ റിപ്പോര്‍ട്ടില്‍ സ്വീകരിച്ച, ഹരിതഗൃഹ വാതകങ്ങളുടെ പാതയനുസരിച്ചുള്ള പ്രവചനങ്ങളെയാണ് ആര്‍ സി പി എന്ന് പറയുന്നത്. ഈ പ്രവചനങ്ങളില്‍ ആര്‍സിപി 2.6 നെയും ആര്‍സിപി 8.5 നേയുമാണ് രണ്ടു അതിരുകളിലായുള്ള അവസ്ഥാന്തരങ്ങളായി കണക്കാക്കുന്നത്. അതില്‍ ഏറ്റവും ആഘാതം കുറഞ്ഞതായി കണക്കാക്കുന്നത് ആര്‍സിപി 2.6 ആണ്. ആര്‍സിപി 8.5 ആണ് ആഘാതം കൂടിയ അവസ്ഥ. 

2020 മുതല്‍ ഹരിതഗൃഹ വാതകങ്ങളുടെ പുറംതള്ളല്‍  ക്രമേണ കുറച്ചുകൊണ്ട് വന്നാല്‍ സംഭവിക്കുന്ന മാറ്റങ്ങളെയാണ് ആര്‍സിപി 2.6 കൊണ്ട് ഉദ്ദേശിക്കുന്നത്. മറിച്ച് , 21 -ാം നൂറ്റാണ്ടു മുഴുവന്‍ ഇവയുടെ പുറംതള്ളല്‍ തുടര്‍ന്നുകൊണ്ടിരുന്നാല്‍ ലോകത്തു എന്തൊക്കെ സംഭവിക്കും  എന്നതാണ്  ഏറ്റവും ആഘാതം കൂടിയ അവസ്ഥയായ ആര്‍സിപി 8.5 കൊണ്ട് ഉദ്ദേശിക്കുന്നത്.  

ഇപ്പോഴത്തെ സ്ഥിതി അനുസരിച്ച്,  ആഘാതം കൂടിയ  അവസ്ഥ അഥവാ ആര്‍സിപി 8.5 നോടാണ് നമ്മൾ ഏറ്റവും അടുത്തു നില്‍ക്കുന്നത്.  ഈ രണ്ടു സാഹചര്യങ്ങളെയും വിശകലനം ചെയ്തതിലൂടെ വളരെ താല്‍പര്യം ഉണര്‍ത്തുന്ന നിരീക്ഷണമാണ് പഠനം മുന്നോട്ടുവെക്കുന്നത്. ആഘാതം കൂടിയ  അവസ്ഥയുമായി(ആര്‍സിപി 8.5) താരതമ്യപ്പെടുത്തുമ്പോള്‍, ആഘാതം കുറഞ്ഞ (ആര്‍സിപി 2.6) അവസ്ഥയില്‍ വെള്ളപ്പൊക്കത്തിന്റെ കാഠിന്യവും ആവൃത്തിയും 50% കുറയുമെന്നാണ് പഠനം കണ്ടെത്തിയത്.

മനുഷ്യനിര്‍മിതമോ ഈ ദുരന്തം? 
മനുഷ്യനിര്‍മിതമാണ് ഈ സാഹചര്യം എന്നതിലേക്കാണ് ഈ കണ്ടെത്തലുകള്‍ വിരല്‍ ചൂണ്ടുന്നത്. നമ്മള്‍  വാഹനങ്ങള്‍ ഓടിക്കാന്‍ ഇന്ധനം കത്തിക്കാറില്ലേ?     അപ്പോള്‍ മുകളിലേക്കുയര്‍ന്നു പൊങ്ങുന്നത് ഹരിതഗൃഹ വാതകങ്ങളാണ്. വന്‍തോതില്‍ കല്‍ക്കരി ഉപയോഗിച്ചുള്ള വൈദ്യതി ഉല്‍പ്പാദനവും കാര്‍ഷിക മേഖലയില്‍ നടക്കുന്ന തീയിടലുമെല്ലാം അന്തരീക്ഷത്തിലെ ഇത്തരം വാതകങ്ങളുടെ അളവ് കൂട്ടാനാണ് ഇടവരുത്തുന്നത്. ജൈവഇന്ധനങ്ങളുടെ ഉപയോഗത്തില്‍ നിന്നും, വനനശീകരണത്തില്‍ നിന്നുമെല്ലാം ഉണ്ടാവുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡ് എന്ന ഭീകരനാണ് മനുഷ്യ നിര്‍മിത ഹരിതവാതക പുറംതള്ളല്‍ മൂലം ഉണ്ടാവുന്ന ആഗോളതാപനത്തിന്റെ നാലില്‍ മൂന്ന് ഭാഗവും ഉത്തരവാദി. 

ഇതുകൂടാതെ കൃഷിയില്‍നിന്നും, കൃഷിഭൂമിയുടെ ഉപയോഗത്തില്‍ നിന്നും, കന്നുകാലികളില്‍ നിന്നും നെല്‍പ്പാടങ്ങളില്‍ നിന്നുമെല്ലാം  പുറത്തുവരുന്ന മീഥെയ്ന്‍ എന്ന വാതകമാണ് മറ്റൊരു പ്രശനക്കാരന്‍. നൈട്രജന്‍ വളങ്ങളുടെ ഉപയോഗം മൂലം പുറംതള്ളപ്പെടുന്ന നൈട്രസ് ഓക്സൈഡ്, വ്യവസായ മേഖലയില്‍ നിന്നും പുറംതള്ളപ്പെടുന്ന ഫ്‌ളൂറിനേറ്റഡ് വാതകങ്ങള്‍ എന്നിവയൊക്കെ മറ്റ് ഹരിതഗൃഹ വാതകങ്ങളാണ്.  ഇത്തരം ഹരിതഗൃഹ വാതകങ്ങള്‍  അന്തരീക്ഷത്തില്‍ ചൂടിനെ പുറത്തുപോകാന്‍ സമ്മതിക്കാതെ പിടിച്ചു നിര്‍ത്തി ഭൗമ താപനില ഉയര്‍ത്തുന്നു. ഇതിനെയാണ് ആഗോളതാപനം എന്ന് വിളിക്കുന്നത്. ഇതുകൂടാതെ മനുഷ്യന്റെ മറ്റു പ്രവര്‍ത്തനങ്ങളും പലവിധത്തില്‍  ഭൂമിയുടെ താപനിലയെ മാറ്റിക്കുറിക്കുന്നു. ഉദാഹരണത്തിന്, വിമാനങ്ങളില്‍ നിന്നുള്ള നീരാവി പാതകള്‍, തീകത്തുമ്പോള്‍ ഉണ്ടാകുന്ന പുക, പ്രാദേശിക മലിനീകരണം സൃഷ്ടിച്ച ട്രോപോസ്‌ഫെറിക് ഓസോണ്‍ എന്നിവയെല്ലാം അന്തരീക്ഷത്തിലെ താപനില  വര്‍ദ്ധിക്കുന്നതിനു കാരണമാകുന്നു. 

പ്രകൃതിയിലുള്ള മനുഷ്യരുടെ അനിയന്ത്രിത കടന്നുകയറ്റവും ദുര മൂത്ത ചൂഷണവുമാണ് ആഗോളതാപനത്തിനു കാരണമായത്. ഇങ്ങനെ താപം വര്‍ദ്ധിക്കുന്നത് വലിയരീതിയില്‍ ഉള്ള കാലാവസ്ഥാ മാറ്റങ്ങള്‍ക്കും കാരണമാകുന്നു. ആര്‍സിപി 2.6 പ്രകാരം, ആഗോള ശരാശരി ഉപരിതല താപനില 21-ാം നൂറ്റാണ്ടിന്റെ മധ്യത്തിലോ അവസാനത്തിലോ 0.3-1.7 ഡിഗ്രി സെല്‍ഷ്യസ് ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ആര്‍സിപി 8.5 പ്രകാരം ഹരിതഗൃഹ വാതക പുറംതള്ളല്‍ അതിന്റെ ഉയര്‍ന്ന പാതയില്‍ തുടരുകയാണെങ്കില്‍ ആഗോളതാപനില 2.6-4.8 ഡിഗ്രി സെല്‍ഷ്യസ് വര്‍ദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ആഗോളതാപനത്തെ  അതിന്റെ ഉയര്‍ന്ന തലത്തിലേക്കും കൂടുതല്‍ കാലാവസ്ഥാ മാറ്റങ്ങളിലേക്കും നയിക്കും. 

യുഎസ്എയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ അറ്റമോസ്ഫെറിക് റിസേര്‍ച്ചിലെ ശാസ്ത്രജ്ഞന്‍ കെവിന്‍  ട്രെന്‍ബെര്‍ത്തിന്റെയും, മിയാമി യൂണിവേഴ്സിറ്റിയിലെ െപ്രാഫെസര്‍ ബ്രയാന്‍ സോഡന്റെയുമൊക്കെ  ഗവേഷണങ്ങള്‍ ചൂണ്ടിക്കാട്ടുന്നത് ഭൗമ താപനില 1 ഡിഗ്രി സെല്‍ഷ്യസ് ഉയരുമ്പോള്‍ അന്തരീക്ഷത്തിന്റെ ഈര്‍പ്പം നിലനിര്‍ത്താനുള്ള ശേഷി 7 മടങ്ങ് വര്‍ധിപ്പിക്കും എന്നാണ്. ഈ ഈര്‍പ്പം അന്തരീക്ഷത്തിലെ താപനില കൂടുതല്‍ ഉയരാന്‍ കാരണമാവും . ഇതിനാല്‍,  മഴയുടെ തോതും തീവ്രതയും രണ്ട് മടങ്ങ് വര്‍ദ്ധിക്കുകയും ചെയ്യും. 

 

...............................................................................

താപനിലയിലെ മാറ്റങ്ങള്‍ കേരളം ഉള്‍പ്പെടുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെയാണ് കൂടുതല്‍ വേഗത്തില്‍ ബാധിക്കുന്നത് എന്നാണ് ഗാന്ധിനഗര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ (ഐഐടി) ഹൈദര്‍ അലിയുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തില്‍ പറയുന്നത്


Photo: Getty images

 

ഇനിയെങ്കിലും നമ്മള്‍ മാറണം
പ്രകൃതിക്ക് നമ്മള്‍ അനുമാനിക്കുന്നതിലേറെ ആഘാതശേഷിയുണ്ട്. അതിന്റെ സ്വാഭാവികത നശിപ്പിക്കുന്നത് ഇരിക്കുന്ന കൊമ്പു മുറിക്കുന്നതിന് തുല്യമാണ്.  പ്രളയം നമ്മെ തേടിയെത്തുന്നുവെങ്കില്‍, അതിനു കാരണക്കാര്‍ നമ്മള്‍ കൂടെയാണ് എന്നര്‍ത്ഥം. വെട്ടിനിരത്തലുകളും നഗരവത്കരണവും പലതരം നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി നമ്മള്‍ പ്രകൃതിയെ നശിപ്പിച്ചു, കാലാവസ്ഥ മാറ്റങ്ങള്‍ ഉണ്ടാക്കി. ഹരിതഗൃഹ വാതകങ്ങള്‍ ക്രമാതീതമായി പുറംതള്ളുന്നത് വഴി ആഗോളതാപനത്തിനു കാരണമായി. കൂടാതെ പശ്ചിമ ഘട്ടം പോലെ സങ്കീര്‍ണമായ ഒരു വ്യവസ്ഥയിലേക്കുള്ള നമ്മുടെ കടന്നുകയറ്റം കേരളത്തിലെ പ്രകൃതിയുടെ സന്തുലിതാവസ്ഥ തന്നെ നശിപ്പിച്ചു. മാധവ് ഗാഡ്ഗിലിന്റെ വാക്കുകള്‍ മുഖവിലക്കു എടുക്കേണ്ട സമയം അതിക്രമിച്ചു. ഇനിയുള്ള നമ്മുടെ ഭരണപരമായ തീരുമാനങ്ങള്‍ പരിസ്ഥിതിക്ക് മുന്‍തൂക്കം കൊടുക്കുന്ന രീതിയില്‍ ആകേണ്ടത് അനിവാര്യമാണ്. 

ഹരിതഗൃഹ വാതകങ്ങളുടെ പുറംതള്ളല്‍ കുറക്കുന്നതിന് അനുയോജ്യമായ നടപടികള്‍ എടുക്കണം. പ്രകൃതിയെ ദോഷകരമായി ബാധിക്കുന്ന എല്ലാതരം പ്രവര്‍ത്തനങ്ങളും തടയുന്നതിന് കടുത്ത നിയമങ്ങള്‍ വരണം. സര്‍ക്കാരിന്റെയും ജനങ്ങളുടെയും ഭാഗത്തു നിന്നും വളരെ ഊര്‍ജിതമായ ശ്രമങ്ങള്‍ ഉണ്ടായാല്‍ മാത്രമേ ഈ ദുരന്തങ്ങളെയും കാലാവസ്ഥാ മാറ്റങ്ങളെയുമൊക്കെ നമുക്ക് അതിജീവിക്കാനാകൂ.

 

അറബിക്കടല്‍, പഴയ കടലല്ല; ക്യാര്‍, മഹ ചുഴലിക്കാറ്റുകള്‍ വലിയ മുന്നറിയിപ്പ്

'മഹ' ചുഴലിക്കാറ്റ് എവിടെയെത്തി? 

 

click me!