ഒരു വര്‍ഷത്തോളം സെക്രട്ടേറിയേറ്റില്‍ ഉറങ്ങിക്കിടന്ന ഫയല്‍ ഉണര്‍ത്തി വിട്ട ആ ചോദ്യം

By Web Team  |  First Published Jul 18, 2023, 1:05 PM IST

'ഡോക്ടർക്ക് ഇപ്പോൾ തിരികെ ജോലിയിൽ കയറണം അല്ലേ..? അതല്ലേ ആവശ്യം..?’  എന്‍റെ കയ്യിലിരുന്ന അപേക്ഷയും അതോടൊപ്പം ഉണ്ടായിരുന്ന ഹൈ കോർട്ട് ഓർഡറും വായിച്ചു നോക്കിയ ശേഷം അദ്ദേഹം ചോദിച്ച ഈ ചോദ്യം ഞാൻ എന്‍റെ ജീവിതത്തിൽ മറക്കില്ല. 


ന്യായമായ കാര്യങ്ങള്‍ മുന്നില്‍ വരുമ്പോള്‍, സഹായം ആവശ്യമുള്ള മനുഷ്യര്‍ മുന്നിലെത്തുമ്പോള്‍ ഔപചാരികതകള്‍ മുഴുവന്‍ മാറ്റിവെച്ച് സഹായിക്കാന്‍ കൈനീട്ടുന്ന കരുണയുടെ വലിയ ഏടുകളുണ്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ജീവിതത്തില്‍. ആ സഹായങ്ങള്‍ ലഭിച്ചവരില്‍ ജീവിതത്തിന്റെ എല്ലാ  കരകളിലുമുള്ളവരുണ്ട്. അത്തരമൊരാള്‍, ആ അനുഭവം ഓര്‍ത്തെടുക്കുകയാണ് ഇവിടെ. ഫോറന്‍സിക് സര്‍ജനായ ഡോ. ഉന്മേഷിന്റെ സര്‍വീസ് ജീവിതത്തിലെ അസാധാരണമായ ഒരനുഭവം. ഡോ ഉന്മേഷ് എ കെ എഴുതുന്നു.

 

Latest Videos

undefined

 

'ഡോക്ടർക്ക് ഇപ്പോൾ തിരികെ ജോലിയിൽ കയറണം അല്ലേ..? അതല്ലേ ആവശ്യം..?’

എന്‍റെ കയ്യിലിരുന്ന അപേക്ഷയും അതോടൊപ്പം ഉണ്ടായിരുന്ന ഹൈ കോർട്ട് ഓർഡറും വായിച്ചു നോക്കിയ ശേഷം അദ്ദേഹം ചോദിച്ച ഈ ചോദ്യം ഞാൻ എന്‍റെ ജീവിതത്തിൽ മറക്കില്ല. കാരണം ഇതേ രേഖകൾ ഉണ്ടായിരുന്നിട്ടും ആറ് മാസത്തിലധികമായി തീരുമാനമാക്കാതെ തള്ളിനീക്കിയിരുന്ന ഒരു ഫയലിന്‍റെ സെക്രട്ടറിയറ്റ് ജീവിതത്തിന് ആ ചോദ്യത്തോടു കൂടി ആത്മശാന്തി ലഭിക്കുകയായിരുന്നു. അന്നത്തെ ആരോഗ്യമന്ത്രി ആയിരുന്ന ശ്രീ. വി. എസ്‌ ശിവകുമാറിനെ നേരിട്ട് കണ്ടു സംസാരിച്ചിട്ടും അദ്ദേഹത്തിന്‍റെ ഓഫീസിൽ പലതവണ കയറിയിറങ്ങിയിട്ടും അക്ഷരാർത്ഥത്തിൽ ഒരൽപ്പം ശത്രുതാമനോഭാവത്തോടുകൂടി പൂഴ്ത്തിവെച്ചിരുന്ന ആ ഫയലിൽ ഒരു കൃത്യമായ തീരുമാനമുണ്ടായത് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി സാറിനെ നേരിട്ട് കണ്ടതിലൂടെയും അദ്ദേഹത്തിന്‍റെ ആ ചോദ്യത്തിലൂടെയും മാത്രം ആയിരുന്നു...

അതു കഴിഞ്ഞ് വെറും ഒരാഴ്ചയ്ക്കുള്ളിൽ എനിക്ക് ആലപ്പുഴ മെഡിക്കൽ കോളേജിൽ ജോലിയിൽ പ്രവേശിക്കാൻ സാധിച്ചു എന്നതാണ് ആ ചോദ്യത്തിന്‍റെ അനന്തരഫലം...

അക്കാലത്ത് ജന - മാധ്യമ ശ്രദ്ധയാകർഷിച്ച ഒരു കേസുമായി ബന്ധപ്പെട്ട് (ഇരയുടെ പേര് പറയരുതെന്നല്ലേ നിയമം) 2011 നവംബർ മാസത്തിൽ സസ്‌പെൻഷനിൽ ആവുകയും തുടർന്ന് മാലപ്പടക്കം പോലെ എൻക്വയറികൾ നടക്കുകയും ചെയ്‌തെങ്കിലും എന്തെങ്കിലും ഒരു വ്യക്തമായ തീരുമാനം എടുക്കാതെ ഓരോരോ ന്യായങ്ങൾ പറഞ്ഞ് (സത്യത്തിൽ ഒന്നും പറഞ്ഞിരുന്നില്ല... വെറും നിശബ്ദത ആയിരുന്നു പ്രതികരണം) നീട്ടിക്കൊണ്ട് പോയിരുന്ന ഒരു സസ്‌പെൻഷൻ കാലയളവ്...

അതിനെത്തുടർന്നാണ് ഞാൻ ഹൈകോടതിയെ സമീപിച്ചതും ഡിവിഷൻ ബെഞ്ചിന്‍റെ ഒരു അനുകൂല ഉത്തരവ് നേടിയതും.

2012 മാർച്ച് മാസം മുതൽ അന്നത്തെ ആരോഗ്യമന്ത്രിയെയും ആരോഗ്യവകുപ്പിലെ മറ്റ് അധികാരികളെയും പലതവണ കണ്ടിട്ടും മാസങ്ങളായി യാതൊരു അനുകൂല നടപടിയും ഇല്ലാതായപ്പോഴാണ് മെഡിക്കൽ കോളേജ് സർവീസിൽ നിന്നും റിട്ടയർ ചെയ്ത അനാട്ടമി വിഭാഗം പ്രൊഫസർ ഡോ. കുര്യൻ സർ വിളിച്ചിട്ട് നമുക്കൊന്ന് ഓ.സിയെ നേരിട്ട് കാണാം എന്ന് നിർദ്ദേശിച്ചത്.

ആദ്യം കാര്യം മനസ്സിലായില്ലെങ്കിലും മുഖ്യമന്ത്രിയെ കാണാം എന്നതും ഉമ്മൻ ചാണ്ടി സാറിനെ സ്നേഹപൂർവ്വം വിശേഷിപ്പിക്കുന്ന പേരായിരുന്നു ഓ.സി എന്നതും പിന്നീടാണ് എനിക്ക് മനസ്സിലായത്. പിന്നീടൊരു ദിവസം, 2012 ഒക്ടോബർ മാസത്തിൽ കുര്യൻ സാറിനോടൊപ്പം മുഖ്യമന്ത്രിയെ കണ്ടപ്പോഴാണ് അദ്ദേഹത്തിന്‍റെ ആ ചോദ്യം. 

ഏതെങ്കിലും തരത്തിലുള്ള മുൻവിധികളില്ലാതെ, എന്തെങ്കിലും തരത്തിലുള്ള നീരസങ്ങൾ കാണിക്കാതെ, തികച്ചും സൗമ്യമായും, സംയമനത്തോടെയും ആയിരുന്നു അദ്ദേഹം കാര്യങ്ങൾ ചോദിച്ചറിഞ്ഞത്. അതിന്‍റെ തുടർച്ചയായിരുന്നു ആ ചോദ്യവും...

അതു കഴിഞ്ഞ് ഫോറൻസിക് മെഡിസിനെ സംബന്ധിച്ച പൊതുവായ ചില ചോദ്യങ്ങളും.

ഇനി മന്ത്രിയുടെ ഓഫീസിൽ പോകേണ്ടതില്ലെന്നും കൂടുതൽ കാര്യങ്ങൾ ആരോഗ്യവകുപ്പിൽ അന്വേഷിച്ചാൽ മതിയെന്നും അദ്ദേഹം പറഞ്ഞപ്പോൾ അതിന്‍റെ ഫലപ്രാപ്തിക്കായി ഒരാഴ്ചയിൽ കുറവേ എടുക്കൂ എന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. അങ്ങനെയാണ് ഒരു വർഷം നീണ്ട ആ സസ്‌പെൻഷൻ കാലയളവിന് ഒരു തിരശീല വീഴുന്നതും ആലപ്പുഴ മെഡിക്കൽ കോളേജിൽ ജോലിയിൽ പ്രവേശിക്കുന്നതും.

ആ 'തിരികെ കയറൽ' ഒരു നാഴികക്കല്ലായിരുന്നു. തുടർന്നും പൊരുതിക്കൊണ്ടേയിരിക്കാനുള്ള ഊർജ്ജവും ആർജ്ജവവും പകർന്നുതന്ന ഒരു മാറ്റം.

കടപ്പാടുണ്ട്, അദ്ദേഹത്തോട്, പറഞ്ഞറിയിക്കാനോ എഴുതിവയ്ക്കാനോ കഴിയാത്തത്ര.

click me!