ഒഞ്ചിയത്തെത്തിയ വി എസ്, രമയുടെ കണ്ണീര്, നെയ്യാറ്റിന്‍കരയിലെ വോട്ടര്‍മാര്‍!

By Anoop Balachandran  |  First Published May 13, 2022, 4:59 PM IST

കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രം മാറ്റിയെഴുതിയ അഞ്ച് ഐതിഹാസിക ദൃശ്യങ്ങള്‍. അനൂപ് ബാലചന്ദ്രന്‍ എഴുതുന്ന പരമ്പര ഒന്നാം ഭാഗം
 


വിഎസ് കോഴിക്കോട് എത്തിയത് മുതല്‍ വോട്ടെടുപ്പ് ദൃശ്യങ്ങള്‍ മാഞ്ഞ് ടെലിവിഷനുകളില്‍ ഒഞ്ചിയം ദൃശ്യങ്ങള്‍ തല്‍സമയം തെളിഞ്ഞു. വീട്ടില്‍ നിന്നും അകലെ മാറി കാറില്‍ നിന്ന് ഇറങ്ങിയ വിഎസ് കെ കെ രമയെ കാണാന്‍ മുന്നോട്ട് നടന്നു. അരികിലും മുന്നിലും പിന്നിലും തടിച്ച് കൂടിയ ജനങ്ങള്‍. ഇവിടെ വോട്ടെടുപ്പ് അവിടെ വിഎസ്. വഴി നീളെ മുദ്രാവാക്യം വിളികള്‍. 

 

Latest Videos

undefined

 

ആവേശം കയറി ഔചിത്യം മറന്ന പ്രസംഗങ്ങള്‍, പേനയില്‍ മഷിക്ക് പകരം ആസിഡ് നിറച്ചാണോ എഴുതുന്നതെന്ന് തോന്നിപ്പിക്കുന്ന പൊള്ളുന്ന എഴുത്തുകള്‍, മനസില്‍ പതിഞ്ഞ ദൃശ്യങ്ങള്‍. സ്ഥാനാര്‍ത്ഥി മികവും അപ്പപ്പോഴത്തെ രാഷ്ടീയവും പ്രധാനമാണെങ്കിലും ചില വാക്കുകളും എഴുത്തുകളും ദൃശ്യങ്ങളും ഓരോ തെരഞ്ഞെടുപ്പുകളിലും ഉണ്ടാക്കുന്ന സ്വാധീനം ചെറുതല്ല. ഇവയില്‍ ഏറ്റവും ശക്തമായി പലപ്പോഴും വോട്ടുനേരങ്ങളെ സ്വാധീനിക്കുന്നത് മാറുന്നത് ദൃശ്യങ്ങളാണ്.

എന്താണ് സത്യം എന്താണ് നുണ എന്ന ചര്‍ച്ചചെയ്യപ്പെടുന്ന ഈ സത്യാനന്തര കാലത്ത് ദൃശ്യങ്ങള്‍  വ്യക്തിയുടെ വാര്‍ത്താ പരിശോധനകളില്‍ അവിഭാജ്യ ഘടകമായി മാറിയിട്ടുണ്ട്. ദൃശ്യങ്ങളിലും മായം കലരുന്ന ഈ കാലത്ത് അതിനാല്‍ത്തന്നെ തത്സമയ ദൃശ്യങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യവും വിശ്വാസവും കൈവന്നു. ഒരായിരം വാക്കുകള്‍ സംസാരിക്കുന്ന ഒരു ദൃശ്യം പതിനായിരക്കണക്കിന് വോട്ടുകളെയും സ്വാധീനിച്ചിട്ടുണ്ട്. 

കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രം എടുക്കുക. ബിജെപിക്ക് അക്കൗണ്ട് തുറപ്പിച്ചതില്‍, രണ്ട് കാലുകളില്‍ ചാഞ്ചാടിയ ഉമ്മന്‍ചാണ്ടിയുടെ മുഖ്യമന്ത്രി കസേരയില്‍ ഒരു കാല് കൂടി  ഉറപ്പിച്ച് സര്‍ക്കാരിന്റെ അസ്ഥിരത കുറച്ചതില്‍ അടക്കം ചില ദൃശ്യങ്ങള്‍ ഏറെ സ്വാധീനം ചെലുത്തിയതായി കാണാം. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കേരളത്തിന്റെ തെരഞ്ഞെടുപ്പു മനസില്‍ പതിഞ്ഞ ചില ചിത്രങ്ങളെക്കുറിച്ച് ഓര്‍ക്കുകയാണ്. പ്രചാരണത്തിന്റെ ഒന്നാം ദിനം മുതല്‍  തൃക്കാക്കരയിലും ചര്‍ച്ചയായ ഒരു ചിത്രം കൂടി  ഈ രണ്ട് പതിറ്റാണ്ടില്‍ കേരളത്തിലെ തെരഞ്ഞെടുപ്പ് ചരിത്രത്തെ ആഴത്തില്‍ സ്വാധീനിച്ച ദൃശ്യങ്ങളുടെ ഈ പട്ടികയിലുണ്ട്. 

 

ഒഞ്ചിയത്തെത്തിയ വി എസ്, രമയുടെ കണ്ണീര്, നെയ്യാറ്റിന്‍കരയിലെ വോട്ടര്‍മാര്‍!

 

 

2012 ജൂണ്‍ 02. കഴിഞ്ഞ പതിറ്റാണ്ടില്‍ കേരളം കണ്ട ഏറ്റവും ഉദ്വേഗജനകമായ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിനം. നെയ്യാറ്റിന്‍കരയില്‍ ശക്തമായ ത്രികോണ പോര്. ഭരണകക്ഷിക്ക് 72 എംഎല്‍എമാര്‍ പ്രതിപക്ഷത്തിന് 68. ഒരു സീറ്റിന് ഒരു സര്‍ക്കാരിന്റെ തന്നെ വിലയുള്ള അനിശ്ചിത കാലം. 

കൂറുമാറി കോണ്‍ഗ്രസിലെത്തിയ ആര്‍ സെല്‍വരാജിനെ പരാജയപ്പെടുത്തി രണ്ട് സീറ്റിന്റെ അകലം നിലനിര്‍ത്തുകയായിരുന്നു ഇടതുപക്ഷ ലക്ഷ്യം. ഒരു സീറ്റ് കൂടി അധികം നേടി ഭരണം കൂടുതല്‍ സുരക്ഷിതമാക്കാന്‍ യുഡിഎഫും. രാഷ്ട്രീയ കേരളം നെയ്യാറ്റിന്‍കരയിലേക്ക് ഉറ്റുനോക്കിയ ആ ജൂണ്‍ രണ്ടിന് അതിവേഗം പടര്‍ന്നു പിടിച്ച ഒരു ചിത്രത്തെക്കുറിച്ചാണ് ഇനി പറയുന്നത്. ഒരു പക്ഷേ നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പിനെ കാര്യമായി സ്വാധീനിച്ചിരിക്കാവുന്ന ഒരു ദൃശ്യം. 

കോഴിക്കോട് ജില്ലയിലെ കണ്ണൂക്കരയില്‍ നിന്നായിരുന്നു ആ ദൃശ്യം. ടി.പി.ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട് 29-ാം ദിനം. അന്ന് പ്രതിപക്ഷ നേതാവായിരുന്ന മുതിര്‍ന്ന സിപിഎം നേതാവ് വിഎസ് അച്യുതാനന്ദന്‍ ഒഞ്ചിയത്ത് എത്തി. തുടര്‍ഭരണം നഷ്ടപ്പെടുത്തിയതും വിഎസിന്റെ മുഖ്യമന്ത്രി തുടര്‍ച്ച തടഞ്ഞതും പാര്‍ട്ടി തന്നെയാണെന്ന വിമര്‍ശനങ്ങള്‍ നിലനില്‍ക്കുന്ന കാലമാണ്. നെയ്യാറ്റിന്‍കര നിലനിര്‍ത്തല്‍ പിണറായി പക്ഷത്തേക്ക് മറിഞ്ഞ തിരുവനന്തപുരത്തെ സി പി എം നേതൃത്വത്തിനും വെല്ലുവിളിയായിരുന്നു. 

 

"

 

ഉപതെരഞ്ഞെടുപ്പിന്റെ നീക്കങ്ങള്‍ എകെജി സെന്ററില്‍ ഇരുന്ന് സെക്രട്ടറി പിണറായി വിജയന്‍ ഏകോപിപ്പിക്കുമ്പോഴായിരുന്നു വിഎസിന്റെ ഒഞ്ചിയം യാത്ര. സ്വാഭാവികമായും അതിന്റെ ടൈമിംഗ് വന്‍ വിവാദമായി. അണഞ്ഞുതുടങ്ങിയെന്ന് കരുതിയടത്ത് നിന്ന് വിഎസ് ആളിക്കത്തി. 

വിഎസ് കോഴിക്കോട് എത്തിയത് മുതല്‍ വോട്ടെടുപ്പ് ദൃശ്യങ്ങള്‍ മാഞ്ഞ് ടെലിവിഷനുകളില്‍ ഒഞ്ചിയം ദൃശ്യങ്ങള്‍ തല്‍സമയം തെളിഞ്ഞു. വീട്ടില്‍ നിന്നും അകലെ മാറി കാറില്‍ നിന്ന് ഇറങ്ങിയ വിഎസ് കെ കെ രമയെ കാണാന്‍ മുന്നോട്ട് നടന്നു. അരികിലും മുന്നിലും പിന്നിലും തടിച്ച് കൂടിയ ജനങ്ങള്‍. ഇവിടെ വോട്ടെടുപ്പ് അവിടെ വിഎസ്. വഴി നീളെ മുദ്രാവാക്യം വിളികള്‍. 

മണിക്കൂറുകള്‍ നീണ്ട നാടകീയതകള്‍ക്കൊടുവില്‍ വിഎസ്,  ടി പിയുടെ ഭാര്യ കെ കെ രമയുടെ മുറിയിലെത്തി. രമയ്ക്കും മകനും മുമ്പില്‍ കൈകൂപ്പി നിന്നു വിഎസ്. ആ തൊഴുകരങ്ങള്‍ പിടിച്ച കെകെ രമ വിഎസിന്റെ കണ്ണടയിലേക്ക് മുഖം താഴ്ത്തി പൊട്ടികരഞ്ഞു. 

കാതുകളില്‍ നിന്നും കണ്ണടക്കാലുകള്‍ മുകളിലോട്ട് മാറുമ്പോഴും രമയെ ചേര്‍ത്തു പിടിച്ച് നില്‍ക്കുന്ന വിഎസിന്റെ ആ ദൃശ്യങ്ങള്‍ വോട്ടെടുപ്പ് ദിനത്തിന്റെ വിധി നിര്‍ണ്ണയിക്കുന്ന നിമിത്തങ്ങളായി. 

അവസാനം, ആറായിരത്തി എഴുനൂറ് വോട്ടിന് പൊതുതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയിച്ച നെയ്യാറ്റിന്‍കര മണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്‍േറതായി. ഉമ്മന്‍ചാണ്ടി കരുത്ത് കൂട്ടി.

click me!