കേവലം 50 കൊല്ലം അപ്പുറത്തുള്ള ഒരു മഹാദുരന്തത്തില്‍ ഏറ്റവും ആദ്യം മുങ്ങിപ്പോകാവുന്ന ദുരന്തമുഖത്ത് നില്‍ക്കുന്ന 590 കിലോമീറ്റര്‍ കടല്‍ത്തീരമുള്ള ഒരു ജനത കാലാവസ്ഥാമാറ്റത്തേയും പാരിസ്ഥിതിക രാഷ്ട്രീയത്തെയും കുറിച്ചുനടത്തുന്ന തമാശകള്‍ ചരിത്രത്തിലെ ഏറ്റവും അശ്ലീലമായ ആത്മഹത്യാക്കുറിപ്പുകളിലൊന്നായി കണക്കാക്കപ്പെടും. പ്രമോദ് പുഴങ്കര എഴുതുന്നു.
കേരളം ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന അതിഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഈ ഭൂപ്രദേശത്ത് ജീവിക്കുന്ന മനുഷ്യരെന്ന നിലയില്‍ മലയാളികള്‍ക്ക് മുന്നില്‍ ഉയര്‍ത്തുന്നത് ഒരു സമൂഹത്തിന്റെ അസ്തിത്വ പ്രതിസന്ധിയാണ്. ഭൂമിയുടെ നിലനില്പിനെത്തന്നെ ബാധിക്കുന്ന വിധത്തില്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ കേരളത്തെയും ബാധിക്കുന്നുണ്ട്. കടലിലെയും കരയിലെയും താപനില കൂടുകയും അറബിക്കടലില്‍ മുമ്പില്ലാത്ത വിധത്തില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നത് പതിവാകുകയും ചെയ്യുമ്പോള്‍ അതിന്റെ കെടുതി മുഴുവന്‍ കേരളമെന്ന ഈ ഭൂപ്രദേശം ഇപ്പോഴുള്ളതിനേക്കാള്‍ തീവ്രമായി അനുഭവിക്കാന്‍ പോവുകയാണ്. അറബിക്കടലില്‍ ചുഴലിക്കാറ്റുകള്‍ ഏതാണ്ട് 20 മുതല്‍ 40% വരെ കൂടി. തീവ്ര ചുഴലിക്കാറ്റുകള്‍ 260% കണ്ടാണ് കൂടിയത്. കഴിഞ്ഞ ഒരു നൂറ്റാണ്ടില്‍ അറബിക്കടലിലെ സമുദ്രോപരിതല താപനില 1.2 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 1.4 ഡിഗ്രി സെല്‍ഷ്യസ് വരെ കൂടിയിട്ടുണ്ട്.
കാലാവസ്ഥാ മാറ്റത്തെക്കുറിച്ചുള്ള അന്തര്‍ സര്‍ക്കാര്‍ സമിതി കണക്കാക്കുന്നത് 2070 ആകുമ്പോഴേക്കും സമുദ്രോപരിതല താപനം മൂലം സമുദ്രനിരപ്പ് 21 മുതല്‍ 70 സെന്റിമീറ്റര്‍ വരെ കൂടുമെന്നാണ്. പടിഞ്ഞാറന്‍ അതിരു മുഴുവന്‍ കടല്‍ത്തീരമുള്ള കേരളം അത്തരമൊരു അവസ്ഥയില്‍ എന്തുതരം വികസനത്തെക്കുറിച്ചായിരിക്കും സംസാരിക്കുക എന്ന് ആലോചിക്കേണ്ടതാണ്. കേവലം 50 കൊല്ലം അപ്പുറത്തുള്ള ഒരു മഹാദുരന്തത്തില്‍ ഏറ്റവും ആദ്യം മുങ്ങിപ്പോകാവുന്ന ദുരന്തമുഖത്ത് നില്‍ക്കുന്ന 590 കിലോമീറ്റര്‍ കടല്‍ത്തീരമുള്ള ഒരു ജനത കാലാവസ്ഥാമാറ്റത്തേയും പാരിസ്ഥിതിക രാഷ്ട്രീയത്തെയും കുറിച്ചുനടത്തുന്ന തമാശകള്‍ ചരിത്രത്തിലെ ഏറ്റവും അശ്ലീലമായ ആത്മഹത്യാക്കുറിപ്പുകളിലൊന്നായി കണക്കാക്കപ്പെടും.
undefined
ഇതാകട്ടെ കേരളം നേരിടുന്ന പാരിസ്ഥിതിക പ്രശനങ്ങളില്‍ ഒന്ന് മാത്രമാണ്. അതുകൊണ്ട് ആഗോള കാലാവസ്ഥ മാറ്റത്തിന്റെ ഗതികേട് പറഞ്ഞുകൊണ്ട് വിധിവാദികളായി കാത്തിരിക്കേണ്ട ഒന്നല്ല ഈ പ്രശ്‌നങ്ങള്‍.
പ്രകൃതിയെ കണക്കാക്കാത്ത കണക്കുകൂട്ടലുകള്‍
കേരളത്തിന്റെ ഭൗമപ്രകൃതിയില്‍ നാം വരുത്തുന്ന മാറ്റങ്ങളുടെ പാരിസ്ഥിതികാഘാതങ്ങള്‍ കണക്കിലെടുക്കാതെ ഒരു തരത്തിലും ഇനി നമുക്ക് പദ്ധതികളോ നയങ്ങളോ നടപ്പാക്കാനുള്ള ആനുകൂല്യം ബാക്കിനില്‍ക്കുന്നില്ല. എന്നാല്‍ നമ്മുടെ വികസന പദ്ധതികള്‍ രൂപപ്പെടുത്തുമ്പോഴൊന്നും തന്നെ ഇത്തരത്തിലുള്ള ഒരു ആലോചന അതിന്റെ ഭാഗമാകുന്നില്ല എന്നതാണ് വസ്തുത. നെല്‍പ്പാടങ്ങളും നീര്‍ത്തടങ്ങളും നികത്തുന്നതിന് നല്‍കിയ ഇളവുകള്‍ നോക്കിയാല്‍ത്തന്നെ ഇത് വ്യക്തമാകും. നെല്‍പ്പാടങ്ങള്‍ എങ്ങനെ നികത്താന്‍ എന്നതിന് ഒഴിവുകള്‍ കണ്ടെത്തിക്കൊടുക്കുന്നതിനാണ് രാഷ്ട്രീയകക്ഷികള്‍ പ്രാഥമികമായി ശ്രമിച്ചത്. സമഗ്രമായ ഒരു നെല്‍വയല്‍-നീര്‍ത്തട ഡാറ്റ ബാങ്ക് ഇപ്പോഴും രൂപപ്പെടുത്താതിരിക്കുന്നതിനുള്ള കാരണവും ഇതുതന്നെയാണ്.
മലനാട്, ഇടനാട്, തീരദേശം എന്ന് വിശാലാടിസ്ഥാനത്തില്‍ മൂന്ന് ഭൗമമേഖലകളായി പറയുന്ന കേരളത്തിന്റെ ഈ മൂന്നു മേഖലകളും കാലാവസ്ഥാ മാറ്റത്തിന്റെയും പരിസ്ഥിതിനാശം കണക്കിലെടുക്കാത്ത നിര്‍മ്മാണങ്ങളുടെയും അതിഗുരുതരമായ പാരിസ്ഥിതികാഘാതങ്ങള്‍ അനുഭവിക്കുന്നവയാണ്. കാലാവസ്ഥാ മാറ്റം കൊണ്ടാണ് കേരളത്തില്‍ മഴയുടെ സ്വഭാവത്തില്‍ മാറ്റം വരുന്നത് എന്ന് പറയുമ്പോള്‍ത്തന്നെ അത്തരത്തിലൊരു പ്രശ്‌നത്തെ നേരിടാവുന്ന തരത്തിലുള്ള ഭൂപ്രകൃതിയെ നമ്മള്‍ ഇല്ലാതാക്കുന്നു എന്ന വസ്തുത കൂടി കണക്കിലെടുക്കണം. കിഴക്കു നിന്നും പടിഞ്ഞാറോട്ട് ചെരുവില്‍ കിടക്കുന്ന കേരളത്തില്‍ എന്തുതരം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് നടത്തേണ്ടത് എന്ന കാര്യത്തില്‍ ശാസ്ത്രീയമായ മാനദണ്ഡങ്ങള്‍ കര്‍ക്കശമായി നടപ്പിലാക്കേണ്ടതുണ്ട്. എന്നാല്‍ അതിനു പകരം കച്ചവടലാഭത്തിന്റെ മാത്രം താത്പര്യങ്ങള്‍ വെച്ചുകൊണ്ട് പാരിസ്ഥിതികാഘാതം ഉണ്ടാക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും അതിനുവേണ്ട അനുബന്ധ ഖനന കൊള്ളയും അനുവദിച്ചുകൊടുക്കുന്ന നയമാണ് രാഷ്ട്രീയ മുന്നണി ഭേദമില്ലാതെ കേരളത്തിലെ സര്‍ക്കാരുകള്‍ ചെയ്യുന്നത്.
എന്തു തരം വികസനം?
അതിലോലമായ തീരദേശ മേഖലയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളടക്കം എല്ലാവിധ മാനദണ്ഡങ്ങളും ലംഘിച്ചുകൊണ്ട് കേരളത്തില്‍ ഉയര്‍ന്നുവന്ന നിരവധി കെട്ടിടങ്ങള്‍ ഇത്തരത്തിലുള്ള കൊള്ളയുടെ തെളിവാണ്. സര്‍ക്കാര്‍ അനുമതിയോടെയും അല്ലാതെയും പ്രവര്‍ത്തിക്കുന്ന നൂറുകണക്കിനായ പാറമടകളാണ് കേരളത്തിന്റെ മലമ്പ്രദേശത്തും ഇടനാട്ടിലും നിരന്തരമായ സ്ഫോടനങ്ങള്‍ നടത്തി യാതൊരു നിയന്ത്രണവുമില്ലാതെ ഖനനം നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനെതിരെ പ്രാദേശികമായും അല്ലാതെയും ഉയര്‍ന്നുവരുന്ന എല്ലാ എതിര്‍പ്പുകളേയും 'വികസന വിരോധികള്‍' എന്ന ഒരൊറ്റ ആക്ഷേപവ്യവഹാരത്തില്‍ പൂട്ടിക്കെട്ടാറാണ് പതിവ്.
അതുകൊണ്ടുതന്നെ ഇതിലുയരുന്ന പ്രധാനപ്പെട്ട ചോദ്യം ഇതെന്തുതരം വികസനം എന്നാണ്. വികസനത്തിന് ഒരാഗോള മാതൃകയുണ്ടെന്നും അത് മുതലാളിത്ത മാതൃകയാണെന്നും ചോദ്യങ്ങളും സന്ദേഹങ്ങളുമില്ലാതെ സ്വീകരിക്കപ്പെട്ട ഒരു പ്രമാണമാണെന്ന് നമുക്ക് മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയും ഒരു പരിധിവരെ വിജയിക്കുകയും ചെയ്ത ഒരു സങ്കല്പനമാണ്. ഇത്തരത്തിലൊരു ആഗോള മാതൃകയിലാണ് കുട്ടനാടും നിലമ്പൂരും പീരുമേടും പാലക്കാടുമെല്ലാം വികസനം നടപ്പാക്കേണ്ടത് എന്ന് വന്നാല്‍ ആദ്യം ചെയ്യുക എല്ലാ സ്ഥലങ്ങളും ഒരേ പോലെയാക്കുക എന്നതാണ്. വളരെ വിചിത്രവും അസംബന്ധവും എന്നുതോന്നുന്നു കാര്യങ്ങള്‍ വളരെ യുക്തിസഹവും വിപ്ലവകരവും എന്ന മട്ടില്‍ ഈ വികസന പരിപ്രേക്ഷ്യത്തിലൂടെ നടപ്പാക്കാം എന്നതാണ് അതിലുള്ള സൗകര്യം.
വികസനത്തെക്കുറിച്ചുള്ള ഈ കാഴ്ച്ചപ്പാടില്‍ മുഴുവന്‍ സമൂഹത്തിന്റെയും ജീവിതനിലവാരത്തിന് പകരം കേവലം ഒരു ന്യൂനപക്ഷത്തിന് മാത്രം മഹാഭൂരിപക്ഷത്തിന്റെയും ഭൂമിയിലെ പരിമിത വിഭവങ്ങളുടെ കൊള്ളയുടെയും ബലത്തില്‍ നേടിയെടുക്കാവുന്ന അതിസമ്പന്നതയുടെ കെട്ടുകാഴ്ചകള്‍ സകല മനുഷ്യരുടെയും ജീവിത ലക്ഷ്യവും മൊത്തം സമൂഹത്തിന്റെയും വികസന ലക്ഷ്യവുമായി രൂപപ്പെടുന്നു. അങ്ങനെയാണ് നെല്‍പ്പാടങ്ങള്‍ നികത്തി വലിയ ഷോപ്പിംഗ് മാളുകള്‍ പണിയുന്നത് വികസനമാണ് എന്ന് നമ്മളെ ബോധ്യപ്പെടുത്തുന്നത് വളരെ എളുപ്പത്തില്‍ നടക്കുന്നത്. ഭക്ഷണം ഉണ്ടാക്കാനുള്ള പ്രാഥമിക ഉപാധിയായ കൃഷിഭൂമി നികത്തുകയും അവിടെ സമ്പന്നര്‍ക്ക് മാത്രം വാങ്ങാന്‍ കഴിയുന്ന ഉത്പ്പന്നങ്ങളുള്ള വാണിജ്യ സമുച്ചയം തുറക്കുകയും ചെയ്യുമ്പോള്‍ അത് വികസനമാണ് എന്ന് ധരിപ്പിക്കാന്‍ വളരെ എളുപ്പത്തില്‍ കഴിയുന്ന ഒരു പ്രദേശമായിരിക്കുന്നു കേരളം. കേരളത്തിന്റെ പാരിസ്ഥിതിക പ്രശ്ങ്ങള്‍ ഈ ഭൂപ്രദേശത്ത് താമസിക്കുന്ന ജനതയുടെ നിത്യജീവിതവുമായി ഒരു തരത്തിലും ബന്ധപ്പെട്ടതല്ലെന്നും അതെല്ലാം പരിസ്ഥിതിവാദികള്‍ എന്ന് വിളിക്കപ്പെടുന്ന ഒരു കൂട്ടം മനുഷ്യരുടെ കാല്പനിക വ്യാമോഹങ്ങളാണെന്നുമുള്ള ആഖ്യാനശ്രമത്തിന് ഭരണകൂടത്തിന്റെയും മുഖ്യധാരാ രാഷ്ട്രീയകക്ഷികളുടെയും പ്രചാരണയന്ത്രങ്ങളുടെ സജീവപിന്തുണ ലഭിക്കുന്ന ഒരിടമാണ് കേരളം. അതുകൊണ്ടുതന്നെ ഏതു പ്രകൃതിദുരന്തവും പാരിസ്ഥിതിക പ്രശ്‌നവും പുനഃനിര്‍മ്മാണം എന്ന കരാര്‍പണിയിലേക്ക് അതിവേഗം ഒതുക്കപ്പെടുന്നു.
സര്‍ക്കാര്‍ നിലപാടിലെ പൊള്ളത്തരം
നെല്‍വയലുകളുടേയും നെല്‍കൃഷിയുടെയും കാര്യം തന്നെ നോക്കുക. കേരളത്തിന് ആവശ്യമുള്ള അരിയുടെ കേവലം 15% മാത്രമാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. എന്നിട്ടും നെല്‍വയല്‍ എങ്ങനെ നികത്താം എന്നതിനുവേണ്ട പരിശ്രമങ്ങള്‍ക്കാണ് രാഷ്ട്രീയ-ഭരണ നേതൃത്വങ്ങളുടെ ശ്രമം. 1980-നും 2007-നും ഇടയില്‍ കേരളത്തില്‍ നികത്തിപ്പോയത് 5,00,000 ഹെക്ടറിന് മുകളില്‍ നെല്‍പ്പാടങ്ങളാണ്. ഭൂവിനിയോഗ നിയന്ത്രണ നിയമം നെല്‍പ്പാടങ്ങള്‍ നികത്തുന്നതിന് ജില്ലാ കളക്ടറുടെ അനുമതി വേണമെന്ന് നിഷ്‌ക്കര്ഷിച്ചിരുന്ന കാലത്ത് പോലുമാണ് ലക്ഷക്കണക്കിന് ഹെക്ടര്‍ നെല്‍വയലുകള്‍ അനുമതി ഇല്ലാതെയും അനുമതിയോടെയും നികത്തപ്പെട്ടത്. കനത്ത പേമാരിയുടെ കാലാവസ്ഥാചക്രത്തിലുള്ള കേരളത്തില്‍ മഴവെള്ളം സംഭരിക്കാന്‍ കഴിയുന്ന തരം കൃഷിനിലങ്ങളാണ് ഇവിടെ രൂപപ്പെട്ടത്. അത്തരത്തിലുള്ള നീര്‍ത്തടങ്ങളെ ഒരു ആലോചനയുമില്ലാതെ ഇല്ലാതാക്കുകയാണ് ഇപ്പോള്‍ പോലും ചെയ്യുന്നത്. ഒരേ സമയം ഭക്ഷ്യ സുരക്ഷയും പാരിസ്ഥിതിക സുരക്ഷയും അപകടത്തിലാക്കുന്ന ഇത്തരമൊരു പ്രക്രിയ യാതൊരു തട്ടും തടവുമില്ലാതെ കേരളത്തില്‍ നടത്താന്‍ കഴിയുന്നു എന്നുള്ളത് എത്ര അപകടകരമാണ് നിലവിലെ പാരിസ്ഥിതിക ബോധം എന്നതിന്റെ അപായ സൂചനയാണ്.
പരിസ്ഥിതി പ്രശ്‌നങ്ങളോടുള്ള സര്‍ക്കാരിന്റെ സമീപനത്തിന്റെ തുടര്‍ച്ചയാണിത്. വികസനവും പരിസ്ഥിതി സംരക്ഷണവും രണ്ടു വിരുദ്ധ ദിശകളില്‍ സഞ്ചരിക്കുന്ന വണ്ടികളാണ് എന്നൊരു ബോധമാണ് സര്‍ക്കാരും ഉണ്ടാക്കാന്‍ ശ്രമിക്കുന്നത്. ഭൂമിയുടെ നിലനില്‍പ്പുതന്നെ അപകടത്തിലാക്കുന്ന തരത്തില്‍ മുതലാളിത്ത ചൂഷണത്തിന്റെ പ്രത്യാഘാതങ്ങള്‍ മനുഷ്യരാശി നേരിടുമ്പോള്‍ അതൊന്നും നമ്മളെ ബാധിക്കുന്നതല്ല എന്ന മട്ടിലുള്ള രാഷ്ട്രീയ നയങ്ങളാണ് ഇടതുപക്ഷം പോലും കേരളത്തില്‍ എടുക്കുന്നത് എന്നതാണ് ദൗര്‍ഭാഗ്യകരമായ വസ്തുത. വികസനത്തിന്റെ മുതലാളിത്ത മാതൃകയെ ചോദ്യം ചെയ്യാനുള്ള പ്രാഥമികമായ ശ്രമം പോലും കേരളത്തില്‍ ഇടതുപക്ഷം നടത്തുന്നില്ല. വികസന വിരുദ്ധരെ ഗുണ്ടാ നിയമം ഉപയോഗിച്ച് നേരിട്ടും എന്ന് പറയാനുള്ളത്ര വികസനാന്ധ്യം കേരളത്തിലെ ഇടതുപക്ഷ നേതൃത്വത്തെ ബാധിച്ചിരിക്കുന്നു.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച കേരളീയ സമൂഹത്തിന്റെ കാഴ്ചപ്പാട് കേരളത്തിന്റെ ഭൂപ്രകൃതിയുമായി ഒരുതരത്തിലും ഒത്തുപോകുന്നതല്ല. പാര്‍പ്പിടനിര്‍മാണത്തിന്റെയും പൊതുവില്‍ കെട്ടിടനിര്‍മാണത്തിന്റെയും കാര്യത്തില്‍ ഇനി കൃത്യമായ പാരിസ്ഥിതിക മാനദണ്ഡങ്ങള്‍ പാലിച്ചേ മതിയാകൂ. മുമ്പ് നിങ്ങള്‍ കല്ലുകൊണ്ട് പണിതില്ലേ , എല്ലാവരും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നില്ല തുടങ്ങിയ യുക്തികള്‍ വെച്ചാണ് ഇനിയും പാരിസ്ഥിതിക സംവാദങ്ങളെ കൂവിത്തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നതെങ്കില്‍ കേരളത്തിന്റെ ഭാവിയെക്കുറിച്ച് അധികം ചര്‍ച്ച വേണ്ടിവരില്ല.
പാരിസ്ഥിതിക അജണ്ടകളോടുള്ള സമീപനം
വാസ്തവത്തില്‍ പരിസ്ഥിതിയെക്കുറിച്ചും വികസനത്തെക്കുറിച്ചുമുള്ള സംവാദങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ നടത്തുന്നതിനെ വളരെ ബോധപൂര്‍വ്വം തടയുന്ന ഒരു അജണ്ട കേരളത്തില്‍ പ്രബലമായുണ്ട്. പശ്ചിമഘട്ട സംരക്ഷണത്തെക്കുറിച്ചുള്ള ഗാഡ്ഗില്‍ റിപ്പോര്‍ട് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോള്‍ എത്തിനില്‍ക്കുന്നത് ഗാഡ്ഗില്‍ എന്ന് പറയുന്നത് തന്നെ ജനവിരുദ്ധതയാണ് എന്ന തരത്തിലാണ്. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് മുഴുവനായും നടപ്പാക്കണോ എന്നതല്ല യഥാര്‍ത്ഥ പ്രശ്‌നം, പശ്ചിമഘട്ട സംരക്ഷണം കേരളത്തിന്റെ പ്രാഥമികമായ പാരിസ്ഥിതിക അജണ്ടയാണോ എന്നതാണ്. ഇതിനെ തകര്‍ക്കാനാണ് കയ്യേറ്റ, കുടിയേറ്റ, മത-രാഷ്ട്രീയ കൂട്ടുകെട്ട് ശ്രമിക്കുന്നതും.
പശ്ചിമഘട്ടത്തിലെ ജനജീവിതം സമതലത്തിലെ ജനജീവിതം പോലെയല്ല എന്നത് സ്വാഭാവികമായ ഒരു തിരിച്ചറിവാണ്. എന്നാല്‍ വികസനത്തിന്റെ മൊത്തക്കച്ചവടക്കാര്‍ക്കും കുടിയേറ്റവും കയ്യേറ്റവും വഴി മതത്തിന്റെ മൊത്തക്കച്ചവടം നടത്തുന്നവര്‍ക്കുമെല്ലാം ഈ വികസനമാതൃകയുടെ വില്‍പ്പന പശ്ചിമഘട്ടത്തിന്റെ മലമുകളിലും വിറ്റാല്‍ മാത്രമേ കാര്യങ്ങള്‍ നടക്കൂ. പശ്ചിമഘട്ടത്തിന്റെ സംരക്ഷണം എന്നത് കേരളത്തിന്റെ പാരിസ്ഥിതിക ജീവിതത്തേയും ഭാവിയെയും കുറിച്ചുള്ള ഏതൊരു ചര്‍ച്ചയിലും ഒഴിവാക്കാനാകാത്ത അജണ്ടയാണ്. ആഗോളതാപനത്തിന്റെ ഫലമായുണ്ടാകുന്ന ഇന്ത്യന്‍ മഹാസമുദ്രത്തിലേയും അറബിക്കടലിലെയും ന്യൂനമര്‍ദ്ദങ്ങളും തുടര്‍ന്നുള്ള പെരുമഴകളും പോലെയല്ല പശ്ചിമഘട്ടം സംബന്ധിച്ച ചര്‍ച്ചകളും അതിന്റെ സംരക്ഷണവും. അതിന്റെ സംരക്ഷണ പരിഹാര മാര്‍ഗങ്ങള്‍ ഏതാണ്ട് മുഴുവനായും നമ്മുടെ കൈകളിലാണ്.
കേരളത്തിന്റെ ജലസ്രോതസുകളുടെ വലിയൊരു ഭാഗവും പശ്ചിമഘട്ടത്തിലാണ്. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട 34 ജൈവവൈവിധ്യ മേഖലകളില്‍ കേരളത്തിലെ പശ്ചിമഘട്ട മലനിരകള്‍ ഉള്‍പ്പെടുന്നുണ്ട്. പശ്ചിമഘട്ടത്തിലെ പൂവിടുന്ന സസ്യങ്ങളില്‍ 95%-വും കേരളത്തിലുണ്ട്. പശ്ചിമഘട്ടത്തിലെ കശേരുക്കളുള്ള ജീവികളില്‍ 90% വും കേരളത്തിലുണ്ട്. അഗസ്ത്യമല, ആനമല, സൈലന്റ് വാലി എന്നീ മൂന്നു നിര്‍ണ്ണായക സസ്യ വൈവിധ്യ പ്രദേശങ്ങള്‍ കേരളത്തിലാണ്. അതുകൊണ്ടൊക്കെത്തന്നെ പശ്ചിമഘട്ട സംരക്ഷണത്തില്‍ കേരളത്തിന് ആഗോളപാരിസ്ഥിതിക പ്രാധാന്യമുള്ള ചുമതലയുമുണ്ട്.
കാലാവസ്ഥാ മാറ്റത്തിന്റെ ഫലമായുള്ള പെരുമഴകള്‍ പെയ്യുന്നത് തടയാന്‍ നമുക്ക് സാധിക്കില്ല. എന്നാല്‍ അവ പെയ്യുന്നതിന്റെ ഫലമായുണ്ടാകുന്ന കടുത്ത വെള്ളപ്പൊക്കവും മണ്ണൊലിപ്പും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും മഴയ്ക്ക് ശേഷം വരുന്ന വരള്‍ച്ചയുമൊക്കെ നിയന്ത്രിക്കാന്‍ നമുക്ക് സാധിക്കും എന്ന കാര്യത്തില്‍ സംശയമില്ല. അങ്ങനെ സാധിച്ചില്ലെങ്കില്‍ കേരളം മനുഷ്യവാസയോഗ്യമല്ലാത്ത ഒരു നരകമായി മാറും എന്നത്തിലും സംശയം വേണ്ട. അങ്ങനെ സംഭവിക്കില്ല എന്ന് തോന്നുന്നവര്‍ ഇത്തരത്തിലുള്ള കാലാവസ്ഥ മാറ്റത്തെക്കുറിച്ച് എന്തെങ്കിലും തരത്തിലുള്ള ശാസ്ത്രീയ ധാരണകള്‍ ഇല്ലാത്തവരോ അല്ലെങ്കില്‍ താത്ക്കാലികമായി നിക്ഷിപ്ത താത്പര്യങ്ങള്‍ക്ക് വേണ്ടി ഒരു ഭൂപ്രദേശത്തിന്റെ നിലനില്‍പ്പിനെ ബലികഴിക്കാന്‍ മടിയില്ലാത്തവരോ ആണ്.
ഏതാണ്ട് അയ്യായിരത്തിലേറെ പാറമടകളാണ് കേരളത്തില്‍ നിയമപരമായും അല്ലാതെയും പ്രവര്‍ത്തിക്കുന്നത്. മലനാട്ടിലും ഇടനാട്ടിലും ഇത്തരം പാറമടകള്‍ പ്രവര്‍ത്തിക്കുന്നത് എന്ത് ശാസ്ത്രീയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് എന്നതിന് ഒരുത്തരവും സര്‍ക്കാരടക്കം നല്‍കില്ല എന്നതാണ് സ്ഥിതി. നിര്‍മ്മാണമേഖലയുടെയും സാധാരണക്കാരന്റെ വീടിന്റെയും പേര് പറഞ്ഞാണ് ഈ അക്രമം മുഴുവന്‍ നടത്തുന്നത് എന്നത് വേറെ കാര്യം. ആള്‍ത്താമസമില്ലാത്ത 15 ലക്ഷത്തോളം വീടുകളുള്ള കേരളത്തില്‍ വന്‍കിട പാര്‍പ്പിട സമുച്ചയങ്ങള്‍ പണിതുകൊണ്ടേയിരിക്കുന്നത് എന്ത് സാമൂഹ്യ മാനദങ്ങള്‍ അനുസരിച്ചാണ് എന്നതൊരു വലിയ പ്രശ്‌നമാണ്. പാര്‍പ്പിടം പാര്‍ക്കാനാണ്, നിക്ഷേപമല്ല എന്ന് ഡോ. എം.പി.പരമേശ്വരന്‍ പറയുന്നത് ഇതുകൊണ്ടാണ്.
കേരളത്തിലെ ഭൂവിനിയോഗത്തില്‍ വന്ന മാറ്റത്തിന്റെ ആഘാതം ചെറുതല്ല. റബര്‍ അടക്കമുള്ള നാണ്യവിളകളിലേക്കുള്ള മാറ്റം കേരളത്തിന്റെ ഭൂപ്രകൃതിയുടെ നിലനില്‍പ്പ് ശേഷിയെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. കേരളത്തിന്റെ കൃഷിഭൂമിയുടെ 27 .31% റബര്‍ കൃഷിയാണ്. മലമ്പ്രദേശങ്ങളും കുന്നുകളുമെല്ലാം റബര്‍ കൃഷി വ്യാപകമായ പ്രദേശങ്ങളാണ്. മണ്ണിലേക്ക് വേരുകളാഴ്ത്തി വളരുന്ന വനവൃക്ഷങ്ങളേക്കാള്‍ ദുര്‍ബലമായ പിടിത്തമാണ് റബര്‍ പോലുള്ള മരങ്ങള്‍ക്കുള്ളത്.
അതുകൊണ്ടുതന്നെ വലിയ വൃക്ഷങ്ങളും വനമേഖലകളും മണ്ണിനൊരുക്കുന്ന തട റബര്‍ തോട്ടങ്ങളടക്കമുള്ള പ്രദേശങ്ങളില്‍ ഇല്ലാതെ പോകുന്നു. കേരളത്തിന്റെ വലിയൊരു പ്രദേശത്ത് ഇതുണ്ടാക്കിയ ഭൂപ്രകൃതിയിലെ മാറ്റം ചെറുതല്ല. ഒപ്പം തന്നെ ആരോഗ്യകരമായ വന പ്രദേശങ്ങള്‍ കുറഞ്ഞുവന്നതും ഇതിന്റെ മറ്റൊരു കാരണമാണ്. സര്‍ക്കാര്‍ കണക്കില്‍ കേരളത്തിന്റെ 29%-ത്തോളം വനമുണ്ടെങ്കിലും തോട്ടങ്ങളും മറ്റും മാറി നിര്‍ത്തിയാല്‍ 8762.29 ചതുരശ്ര കിലോമീറ്റര്‍ മാത്രമാണ്. ഇതില്‍ത്തന്നെ ക്ഷയിച്ച വനപ്രദേശങ്ങളും ഉള്‍പ്പെടും. ഇത്തരം ഘടകങ്ങള്‍ കണക്കിലെടുക്കുകയും ഇവയുടെ പുനഃരുജ്ജീവനം സാധ്യമാക്കുകയും ചെയ്യുന്നതിനുള്ള നടപടികള്‍ ഉണ്ടാകുന്നില്ല.
പാരിസ്ഥിതിക സംവാദം നേരിടുന്ന വെല്ലുവിളികള്‍
പാര്‍പ്പിട നിര്‍മ്മാണത്തിലടക്കം കര്‍ക്കശമായ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നാല്‍ മാത്രമേ ഇനിയുള്ള കാലത്തേക്ക് കേരളത്തിലെ പ്രകൃതി ചൂഷണത്തെ സുസ്ഥിരവും പുനരുജ്ജീവിപ്പിക്കാവുന്നതുമായ പരിധിയില്‍ നിര്‍ത്തിക്കൊണ്ടുപോകാന്‍ കഴിയൂ. കെട്ടിട നിര്‍മ്മാണ സാമഗ്രികളിലടക്കം സാമൂഹ്യ നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും നിശ്ചയിക്കേണ്ടതുണ്ട്. വീടുകള്‍ക്കുള്ളിലെ ചുമരുകള്‍ പോലും കനത്ത ഭിത്തികള്‍ കിട്ടണമെന്ന തരത്തിലുള്ള തീര്‍ത്തും അശാസ്ത്രീയമായ പാര്‍പ്പിട, കെട്ടിട നിര്‍മ്മാണ ധാരണകളാണ് നമ്മുടെ നാട്ടിലുള്ളത്. നദീതീരങ്ങളോട് ചേര്‍ന്ന കെട്ടിടങ്ങള്‍ക്കും, മലമ്പ്രദേശത്തെ കെട്ടിടങ്ങള്‍ക്കും, കടല്‍ത്തീരത്തെ കെട്ടിടങ്ങള്‍ക്കുമെല്ലാം ഒരേ രീതിയിലുള്ള നിര്‍മ്മാണ രീതികള്‍ അവലംബിക്കുന്നതിലെ അശാസ്ത്രീയത പോലും ചോദ്യം ചെയ്യപ്പെടുന്നില്ല. തീരദേശ നിര്‍മ്മാണ നിയന്ത്രണങ്ങള്‍ ലംഘിച്ചുകൊണ്ട് നിര്‍മ്മിച്ച ധനികരുടെ പാര്‍പ്പിട സമുച്ചയങ്ങള്‍ പൊളിച്ചു നീക്കിയപ്പോള്‍ കേരളത്തിലെ രാഷ്ട്രീയനേതാക്കള്‍ നടത്തിയ സര്‍വ്വകക്ഷി തീര്‍ത്ഥയാത്ര ഇത്തരം ധാരണകളെ ഊട്ടിയുറപ്പിക്കുന്നതാണ്.
ഒരു ധനിക ന്യൂനപക്ഷത്തിന് വേണ്ടിയുള്ള ഇത്തരം ജീവിതശൈലീ ധാരണകളെ സാമാന്യജനത്തിന്റെ മോഹങ്ങളുമായി കൊളുത്തിയിടുക എന്ന കുതന്ത്രമാണ് കേരളത്തിലെ പാരിസ്ഥിതിക സംവാദം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന്. വാസ്തവത്തില്‍ പശ്ചിമഘട്ട സംരക്ഷണമോ അതിനുള്ള നടപടികളോ ആ പ്രദേശത്തു താമസിക്കുന്ന സാധാരണക്കാരായ മനുഷ്യരുടെ ജീവിതത്തെ കൂടുതല്‍ സുരക്ഷിതമാക്കുകയാണ് ചെയ്യുക. പശ്ചിമഘട്ടത്തിന്റെ ചൂഷണത്തിലൂടെ പണമുണ്ടാക്കുന്ന ഒരു ചെറുവിഭാഗത്തിനും അവരുടെ ഗുണഭോക്താക്കളായ ഒരു ചെറു ന്യൂനപക്ഷത്തിനും വേണ്ടിയാണ് സാമാന്യജനത്തെക്കൊണ്ട് പരിസ്ഥിതി സംരക്ഷണ വാദികള്‍ കര്‍ഷകവിരുദ്ധരാണ് എന്നൊക്കെ പറയിപ്പിക്കുന്നത്.
മാറേണ്ടത് വികസന കാഴ്ചപ്പാട്
കേരളത്തെ മുഴുവനായും ഒരു പാരിസ്ഥിതിക ദുര്‍ബ്ബല പ്രദേശമായി കണ്ടുകൊണ്ടുള്ള വികസന കാഴ്ചപ്പാടിലൂടെ മാത്രമേ നമുക്കിനി മുന്നോട്ട് പോകാനാകൂ. അറബിക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ കാര്യത്തില്‍ പശ്ചിമഘട്ടത്തിലെ പാറമടയ്‌ക്കെന്തു പങ്ക് എന്ന കുതര്‍ക്കം പാരിസ്ഥിതിക നിരക്ഷരതയുടെയും നിക്ഷിപ്ത താത്പര്യക്കാരുടെയും സായാഹ്നസദസ്സുകളില്‍ വെടിവട്ടമാക്കാമെങ്കിലും കേരളത്തിന് അത്തരമൊരു നിലപാട് സാധ്യമല്ല. ന്യൂനമര്‍ദ്ദം അറബിക്കടലിലായാലും പെരുമഴ പെയ്യുന്നത് കേരളത്തിന് മുകളിലാണ്. ആ വെള്ളത്തിന്റെ ഒഴുക്കും സംഭരണവുമൊക്കെ പശ്ചിമഘട്ടവും ഇടനാട്ടിലെ വയലുകളടക്കമുള്ള നീര്‍ത്തടങ്ങളും തീരദേശത്തെ മണല്‍ത്തിട്ടകളുമൊക്കെ അടങ്ങുന്ന പ്രശ്‌നമാണ്. മാത്രവുമല്ല പശ്ചിമഘട്ടമടക്കമുള്ള കേരളത്തിന്റെ പാരിസ്ഥിതിക മേഖലകളും പ്രശ്‌നങ്ങളും ഈ എല്ലാ കേരളീയര്‍ക്കും ഇടപെടാനുള്ള വിഷയങ്ങളാണ്. പശ്ചിമഘട്ടത്തിലെ താമസക്കാര്‍ക്ക് മാത്രമായി പശ്ചിമഘട്ടത്തിന്റെ കാര്യത്തില്‍ ഒരു തീരുമാനമുണ്ടാക്കാനുള്ള ആഡംബരം ഈ നാട്ടിലില്ല.
റാംസര്‍ പട്ടികയിലുള്ള 25 അന്താരാഷ്ട്ര നീര്‍ത്തടങ്ങളില്‍ മൂന്നെണ്ണം കേരളത്തിലാണ്- അഷ്ടമുടി, ശാസ്താംകോട്ട, വേമ്പനാട്. ഇവയുടെ നിലനില്‍പ്പും ആവാസവ്യവസ്ഥയും പോലും അപകടത്തിലാക്കുന്ന വിധത്തിലുള്ള കയ്യേറ്റങ്ങളാണ് നടക്കുന്നത്. കായല്‍ നികത്തലും കയ്യേറ്റങ്ങളും കേരളത്തിലെ പാരിസ്ഥിതിക പ്രശ്‌നങ്ങളുടെ ഗണത്തില്‍ പെടുത്താന്‍ പോലും പലപ്പോഴും സര്‍ക്കാര്‍ തയ്യാറാകുന്നില്ല. വേമ്പനാട് കായലിന്റെ വിസ്തൃതി 1834-ല്‍ 36329 ഹെക്ടര്‍ ആയിരുന്നത് 1984 ആകുമ്പോള്‍ 12504 ഹെക്ടര്‍ ആയി കുറഞ്ഞിരുന്നു. തീരദേശ നിയന്ത്രണ മേഖല ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ട് റിസോര്‍ട്ടുകളും ഹോട്ടലുകളും അടങ്ങുന്ന 625 വമ്പന്‍ കെട്ടിടങ്ങളാണ് വേമ്പനാട് കയ്യേറി നിര്‍മ്മിച്ചിരിക്കുന്നതായി ഔദ്യോഗികമായിപ്പോലും അടയാളപ്പെടുത്തുന്നത്.
ഇതെല്ലാം സംസ്ഥാനത്തിന്റെ വികസനക്കുതിപ്പിലേക്കാണ് വരവുവെക്കുന്നത്. തൊഴില്‍ നഷ്ടപ്പെടുന്ന മത്സ്യത്തൊഴിലാളികള്‍, പരമ്പരാഗത കാര്‍ഷിക രീതികള്‍, ഉള്‍നാടന്‍ ജലാശയങ്ങള്‍, അതിലെ ജൈവ ആവാസവ്യവസ്ഥ എന്നിവയെല്ലാം ഈ വികസനത്തിന്റെ കുതിപ്പില്‍ ഇല്ലാതാവുകയാണ്. എന്നിട്ട് കൊണ്ടുവരുന്ന വികസനം കുറച്ചു കച്ചവടക്കാര്‍ക്ക് കിട്ടുന്ന ലാഭമാണ്. അവരുടെ കുശിനിക്കാരും വണ്ടിക്കാരും തോട്ടക്കാരുമാക്കി പ്രാദേശിക ജനതയെ മാറ്റുന്ന പരിപാടിക്കാണ് വിനോദസഞ്ചാര വികസനമെന്നും റിയല്‍ എസ്റ്റേറ്റ് വ്യാപാരമെന്നും നമ്മള്‍ വിളിച്ചുകൊണ്ടിരിക്കുന്നത്.
കെ റെയില്‍ എന്ന അപകടം
എന്നാല്‍ വാസ്തവത്തില്‍ സംഭവിക്കുന്നത് വികസനം എന്ന മായപ്പൊന്മാനിനെ കാണിച്ചാല്‍ എല്ലാ വിധ പരിസ്ഥിതി പ്രശ്‌നങ്ങളെയും വികസനവിരുദ്ധ ഗുണ്ടകളുടെ തടസ്സവാദങ്ങളാക്കി ചിത്രീകരിക്കാം എന്നതാണ്. ഇപ്പോള്‍ കേരള സര്‍ക്കാരിന്റെ വന്‍ വികസന പദ്ധതിയാക്കി അവതരിപ്പിക്കുന്ന കെ-റെയില്‍ എന്ന അര്‍ദ്ധ അതിവേഗ തീവണ്ടിപ്പാത പദ്ധതിയുടെ പാരിസ്ഥിതിക-സാമൂഹ്യ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള എല്ലാ ചര്‍ച്ചകളേയും നേരിടുന്നത് ഇങ്ങനെയാണ്. 63000 കോടി രൂപയിലേറെയാണ് ആ പദ്ധതിയുടെ മതിപ്പു ചെലവ്. പണി പൂര്‍ത്തിയാകുമ്പോള്‍ അത് ഏതാണ്ട് ഇരട്ടിയാകും എന്നാണ് നീതി ആയോഗ് കണക്കാക്കുന്നത്. എങ്ങനെ കണക്കാക്കിയാലും കേരളം പോലെ കടക്കെണിയില്‍ മുങ്ങിയ ഒരു സംസ്ഥാനത്തിന് സംബന്ധിച്ച് അതിഭീമമായ ഒരു തുകയാണിത്. മാത്രവുമല്ല ആ പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ അതിന്റെ ചെലവും വായ്പയുടെ പലിശയുമൊക്കെ കണക്കാക്കിയാല്‍ ഒരു പൊതുഗതാഗത പദ്ധതി എന്ന നിലയില്‍ അതിന്റെ സാമ്പത്തിക സാദ്ധ്യതകള്‍ വളരെ ചുരുങ്ങിയതാണ്. ഇതിനൊപ്പമാണ് ആ പദ്ധതിയുണ്ടാകുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍.
'ഇനി നിലവിലെ മതിപ്പ് ചെലവ്, ഇത്രയും വലിയൊരു പ്രോജക്ടിന്റെ വിശദ പദ്ധതി രേഖ, സമഗ്ര പാരിസ്ഥിതിക ആഘാത പഠനം എന്നിവയൊന്നും ലഭ്യമല്ല. ലഭിച്ച വിവരം വെച്ച് 88 കി.മീ. പാടത്തിലൂടെയുള്ള ആകാശ റെയിലാണ്. 4- 6 മീറ്റര്‍ ഉയരത്തില്‍ തിരുവനന്തപുരം- കാസറഗോഡ് മതില്‍ പോലെ ഉയരത്തിലാണ് പാത. 11 കി.മീ. പാലങ്ങള്‍, 11.5 കി.മീ. തുരങ്കങ്ങള്‍ 292 കി.മീ. എംബാങ്ക്‌മെന്റ് (embankment) എന്നിവ ഉണ്ടാകും '(കേരള ശാസ്ത്ര സാഹിത്യ പരിഷത് രേഖ).
സാമ്പത്തികമായി ലാഭകരമോ കേരളത്തിന് അനുയോജ്യമോ അല്ലാത്ത ഈ പദ്ധതി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് വില്‍ക്കുന്നത് ഭാവിയിലെ വികസനക്കുതിപ്പിന്റെ വണ്ടി എന്ന മട്ടിലാണ്. എന്ത് വികസനമാണ് ഉണ്ടാകാന്‍ പോകുന്നത് എന്നതിന് ഉത്തരം നല്‍കേണ്ട എന്നതാണ് വികസനമെന്ന വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞാലുള്ള ഗുണം. ആളുകള്‍ ഒരു പ്രത്യേക ജോലിസ്ഥലത്തേക്ക് യാത്ര ചെയ്യുകയും അവിടെ വികസിത പ്രദേശമായി മാറുകയും ചെയ്യും എന്നതൊക്കെ കേന്ദ്രീകൃതമായ പണിശാലകള്‍ നിലനിന്നിരുന്ന കാലത്തുള്ള സങ്കല്‍പ്പനങ്ങളാണ്. ഒരേ സമയം വിവരസാങ്കേതിക വിദ്യയുടെ ഭാഗമായി നടക്കുന്ന തൊഴിലില്‍ വികേന്ദ്രീകരണത്തിന്റെ സാധ്യതകളെക്കുറിച്ച് സംസാരിക്കുന്ന അതെ ഭരണകൂടം കാസര്‍ഗോഡ് നിന്നും യാത്ര ചെയ്തു വന്നു എറണാകുളത്തോ കോഴിക്കോടോ വന്‍ തൊഴില്‍ സമുച്ചയങ്ങളില്‍ ജോലിചെയ്തു പോകുന്നവരെക്കുറിച്ചുള്ള ഭാവി വില്‍ക്കാന്‍ ശ്രമിക്കുന്നത് അസംബന്ധമാണ്. വാസ്തവത്തില്‍ ഇവര്‍ കെട്ടിപ്പൊക്കുന്ന വികസനക്കാഴ്ച മുഴുവന്‍ ഭൂമി വില്പനയുടെയും കെട്ടിട നിര്‍മ്മാണത്തിന്റെയും ചിത്രങ്ങളാണ്. അതെന്തുതരം വികസനമാണ് എന്ന ചോദ്യം തമസ്‌കരിക്കപ്പെടുന്നു.
ജനാധിപത്യ പ്രക്രിയയ്ക്ക് തിരിച്ചടി
ഇത്തരത്തിലൊരു കൂറ്റന്‍ പദ്ധതിയുടെ വിശദമായ പദ്ധതി രേഖ (DPR) പോലും പൊതുജനങ്ങള്‍ക്ക് മുന്നില്‍ ചര്‍ച്ചക്കായി നല്‍കാതെയാണ് പദ്ധതിയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നത് നമ്മുടെ ജനാധിപത്യ പ്രക്രിയയുടെ മുഴുവന്‍ ദൗര്‍്ബല്യങ്ങളെയും തുറന്നുകാട്ടുന്നതാണ്. ജനകീയാസൂത്രണത്തിന്റെ കാല്‍നൂറ്റാണ്ട് തികഞ്ഞ ആഘോഷങ്ങള്‍ക്കിടയിലാണ് ജനങ്ങളുടെ തലയ്ക്കു മുകളിലൂടെ അവര്‍ക്ക് ഒരു തരത്തിലുള്ള ഇടപെടലുകള്‍ക്കും അവസരമില്ലാത്ത ഒരു പദ്ധതി പാഞ്ഞുപോകുന്നത്. കേരളത്തിന്റെ ഭൂപ്രകൃതിയുടെ കിടപ്പിനെ കെട്ടിപ്പൊക്കിയ മതിലുകണക്കെ വിഭജിക്കുന്ന ഒരു പദ്ധതിയുടെ പാരിസ്ഥിതികാഘാതം എന്താണെന്ന ചര്‍ച്ച പോലും സര്‍ക്കാര്‍ നടത്തുന്നില്ല. പാത കടന്നുപോകുന്ന സ്ഥലങ്ങളിലെ ജനങ്ങള്‍ക്കു പോലും അഭിപ്രായം പറയാന്‍ കഴിയാത്ത വിധത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
കേരളത്തിന്റെ പാരിസ്ഥിതിക പ്രതിസന്ധി ആഗോള പാരിസ്ഥിതിക പ്രതിസന്ധിയുടെ ഭാഗമാകുന്നത് രണ്ടു തരത്തിലാണ്. ഒന്ന്, അത് കാലാവസ്ഥ മാറ്റവും ആഗോള താപനവും കൊണ്ടുള്ള വിശാല പ്രശ്ങ്ങളുടെ നേരിട്ടുള്ള ആഘാതം അനുഭവിക്കുന്ന ഒരു ഭൂപ്രദേശമാണ്. രണ്ട്, കേരളത്തിന്റെ ഭൂപ്രകൃതിയുടെ മുകളില്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തികള്‍ മിക്കതും യാതൊരു വിധത്തിലുള്ള പാരിസ്ഥിതിക കരുതലുകളും കൂടാതെയുള്ളവയാണ്. ഇത് രണ്ടിന്റെയും പ്രത്യാഘാതങ്ങളുടെ വലിയ വിളവെടുപ്പാണ് കേരളം ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. മൂക്കോളം മുങ്ങുമ്പോഴും തലയ്ക്കു മുകളില്‍ വികസനത്തിന്റെ അതിവേഗ തീവണ്ടി പായുന്നു എന്നുള്ള ആശ്വാസം ചരിത്രത്തില്‍ ബാക്കിയാകുന്ന മലയാളികള്‍ക്കായി സമര്‍പ്പിക്കാം.