ഇതേ അഫ്ഗാനിലെ റഷ്യന്‍ അധിനിവേശം (1979-1989) വന്‍ ദുരന്തമായിരുന്നു. ഇക്കാര്യം അറിയാത്ത ആളല്ല ആ കാലഘട്ടത്തില്‍ സോവിയറ്റ് യൂണിയന്റെ രഹസ്യാന്വേഷണ വിഭാഗമായ കെ.ജി.ബി.യുടെ ഉദ്യോഗസ്ഥനായിരുന്ന പുടിന്‍.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിലെ നിരന്തര യുദ്ധങ്ങളും ജീവഹാനിയും മാറിവന്ന് ആധുനിക രാഷ്ട്രീയ സംസ്‌കാരം ജനാധിപത്യവല്‍ക്കരണത്തിന്റെ പാതയില്‍ പരിണമിച്ചിരിക്കുന്നു എന്ന് പൊതുവെ തോന്നിപ്പിച്ചിരുന്നു. എന്നാല്‍, ജനാധിപത്യ സംസ്‌കാരത്തെ ശക്തമായി വെല്ലുവിളിച്ചു കൊണ്ട് ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തികളിലൊന്നായ റഷ്യ യുക്രൈനിലേക്ക് ഏകപക്ഷീയമായ അധിനിവേശം നടത്തിയിരിക്കുന്നു. കോടാനുകോടി ജനങ്ങളെ കുരുതികൊടുത്തും , അതിലേറെ നഷ്ടം വരുത്തിയും യൂറോപ്പ്, രണ്ടാം ലോക യുദ്ധത്തിന് ശേഷം വീണ്ടും രക്തം കൊണ്ട് രാജ്യാതിര്‍ത്തികള്‍ മാറ്റി വരയ്ക്കുന്നു. മനുഷ്യ രാശിയും അതോടൊപ്പം യൂറോപ്പ് ഇതുവരെ നേടിയ മാനവികമായ എല്ലാ നേട്ടങ്ങളേയും ലജ്ജിപ്പിക്കുന്നതാണ് റഷ്യന്‍ അധിനിവേശം. മിക്കവാറും വാര്‍ത്ത മാധ്യമങ്ങള്‍ ഈ സൈനിക നടപടിയെ യുദ്ധമായി വിശേഷിപ്പിക്കുന്നു. യഥാര്‍ത്ഥത്തില്‍ ഇത് യുദ്ധമല്ല. ഇതെങ്ങനെയാണ് യുദ്ധമാകുന്നത്? തികഞ്ഞ സാമ്രാജ്യത്വ അധിനിവേശമാണത്.
ഒരു രാജ്യം മറ്റൊരു പരമാധികാര രാജ്യത്തെ സകല അന്താരാഷ്ട്ര നിയമങ്ങളും നയങ്ങളും കീഴ് വഴക്കങ്ങളും എതിര്‍പ്പുകളും തള്ളിക്കളഞ്ഞ് കടന്നാക്രമണം നടത്തിയിരിക്കുന്നു. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ യുക്രൈന്‍ കീഴടക്കാമെന്നുള്ള റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്റെ പദ്ധതിയാണ് നാം കാണുന്നത്. പക്ഷെ പുടിന്റെ കണക്ക് കൂട്ടല്‍ തെറ്റിയെന്ന് സമീപഭാവി നമ്മോട് പറയും. ലോകം ഒരു മഹാദുരന്തം-കോവിഡ് മഹാമാരിയെ നേരിടുന്നതേയുള്ളു. ലോകത്തെ ബഹുതലങ്ങളില്‍ പ്രതിസന്ധിയിലാക്കിയ ആ മഹാമാരിയ്ക്കു പിന്നാലെയാണ് റഷ്യയുടെ വക ഈ മനുഷ്യ നിര്‍മ്മിത ദുരന്തം.
undefined
ഏഴു പതിറ്റാണ്ടിനിപ്പുറം യൂറോപ്പില്‍ ഒരു അധിനിവേശം തുടങ്ങിയിരിക്കുന്നു. കിഴക്കന്‍ യൂറോപ്യന്‍ രാജ്യമായ യുക്രൈന്‍ വലുപ്പത്തില്‍ റഷ്യ കഴിഞ്ഞാല്‍ യൂറോപ്പില്‍ ഏറ്റവും വലുതാണ്. നാറ്റോ (NATO) എന്ന പാശ്ചാത്യ സൈനിക സഖ്യത്തില്‍ 30 രാജ്യങ്ങളുണ്ട്. റഷ്യയുടെ അയല്‍രാജ്യങ്ങളായ ലാത്വിയ, ലിത്വാനിയ, എസ്‌തോണിയ , പോളണ്ട്, സ്ലൊവാക്യ, ഹംഗറി, എന്നീ രാജ്യങ്ങള്‍ റഷ്യയുടെ എതിര്‍ചേരിയിലുള്ള സൈനിക സഖ്യമായ നാറ്റോയില്‍ അംഗമായിട്ട് രണ്ടു ദശകങ്ങള്‍ക്കടുത്തായി. കൂടാതെ യൂറോപ്യന്‍ യൂണിയനില്‍ (E.U) അംഗങ്ങളുമാണ് ഈ രാഷ്ട്രങ്ങള്‍. എന്നാല്‍ യുക്രൈന്‍ ഇതില്‍ രണ്ടിലും അംഗവുമല്ല. ഇതില്‍ രണ്ടിലും അംഗമാവുന്നത് റഷ്യയ്ക്ക് ഭീഷണിയാകുമെന്ന് പറയുന്നതാവട്ടെ അധിനിവേശം നടത്തുന്നതിനുള്ള റഷ്യന്‍ ന്യായീകരണം മാത്രമാണ്.
ലോകം ജനാധിപത്യ വല്‍ക്കരണത്തിലൂടെ പരിണമിക്കുന്നുണ്ടെങ്കിലും കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ലോക രാഷ്ട്രീയം ഏറെ മാറിക്കഴിഞ്ഞിരിക്കുന്നു. നേതാക്കള്‍ ഏകാധിപതികള്‍ ആകാനും സ്വേച്ഛാധിപത്യ ഭരണമാതൃക സ്വീകരിക്കാനും തയ്യാറായി കൊണ്ടിരിക്കുന്നു. അതിന് ഉദാഹരണങ്ങള്‍ നിരവധിയുണ്ട്. ഒന്നാമത്തേത് റഷ്യന്‍ പ്രസിഡണ്ട് പുടിന്‍ തന്നെയാണ്. രണ്ടാമത്തേത് അമേരിക്കന്‍ പ്രസിഡന്റ് ആയിരുന്ന ഡോണള്‍ഡ് ട്രംപ് (അമേരിക്കന്‍ ജനതയുടെ സദ്ബുദ്ധികൊണ്ട് ട്രംപ് പരാജയപ്പെട്ടു.) മൂന്നാമത്തേത് ടര്‍ക്കിഷ് പ്രസിഡണ്ട് റജബ് ത്വയ്യിബ് എര്‍ദോഗാന്‍.
ജനങ്ങളുടെ നിതാന്ത ജാഗ്രതയും, ജനാധിപത്യ ബോധ്യങ്ങളുമാണ് ട്രംപിനെ തോല്‍പിച്ചത്. പക്ഷെ നൂറ്റാണ്ടുകളായി ഏകാധിപത്യ രാഷ്ട്രീയ സംസ്‌കാരം തുടരുന്ന റഷ്യ ജനാധിപത്യ സംസ്‌കാരം വേണ്ടത്ര ശീലിച്ചിട്ടില്ല. എന്നിട്ട് പോലും ആയിരങ്ങളാണ് യുക്രൈന്‍ അധിനിവേശത്തിനെതിരേ മോസ്‌കോയില്‍ സമരം ചെയ്ത് അറസ്റ്റ് വരിച്ചത്. കഴിഞ്ഞ കുറെ കാലങ്ങളായി സകല പ്രതിപക്ഷ സ്വരങ്ങളെയും പുടിന്‍ അടിച്ചമര്‍ത്തി കൊണ്ടിരിക്കുകയാണ്. 22 വര്‍ഷമായി റഷ്യയുടെ ഭരണാധികാരിയാണ് പുടിന്‍. രാഷ്ട്രീയ കുതന്ത്രങ്ങള്‍ ധാരാളമായി പ്രയോഗിക്കുന്ന പുടിന്‍ ബലപ്രയോഗത്തിലൂടെയാണെങ്കിലും ലക്ഷ്യം നേടുന്ന നേതാവാണ്.
എന്ത്‌കൊണ്ട് യുക്രൈന്‍?
യുക്രൈന്‍ അധിനിവേശത്തിന്റെ മുഖ്യകാരണമായി നിരീക്ഷിക്കപ്പെടുന്നത് പുടിന്റെ സാമ്രാജ്യത്വ വികസന പദ്ധതികളാണ്. സോവിയറ്റ് തകര്‍ച്ചയ്ക്കും നിലവില്‍വന്ന അമേരിക്കന്‍ കേന്ദ്രീകൃത ലോകക്രമം ഒരു ദശകത്തിനിടയില്‍ അല്‍പം ദുര്‍ബലമായിട്ടുണ്ട്. ചൈനയുടെ സഹായത്തോടെ അമേരിക്കന്‍ നേതൃത്വത്തിലുള്ള പാശ്ചാത്യ രാഷ്ട്രീയ ആധിപത്യ കൂട്ടായ്മയ്ക്ക് ബദലായി എത്താനാണ് പുടിന്റെ ആഗ്രഹം. പുടിന്‍ പറയുന്നത്, യുക്രൈന് രാഷ്ട്രപദവി (statehood) ഇല്ലെന്നാണ്. യുക്രൈന്‍ എന്നത് കൃത്രിമ സൃഷ്ടിയെന്നും യുക്രൈന്‍കാരും റഷ്യക്കാരും ഒരേ ജനതയാണെന്നും പറയുന്നു, പുടിന്‍. എന്നാല്‍, ഈ വാദങ്ങള്‍ ചരിത്രപരമായി പ്രശ്‌നങ്ങളുണ്ട്. സോവിയറ്റ് യൂണിയനില്‍ അംഗമായിരുന്നു യുക്രൈന്‍ എന്നത് നേരാണ്. പക്ഷെ അത് സ്വയംഭൂവല്ല. 1922 -ല്‍ ആ പ്രദേശത്തെ ബലപ്രയോഗത്തിലൂടെ സോവിയറ്റ് യൂണിയനില്‍ ചേര്‍ത്തതാണ്. ആ രാജ്യത്തു ജീവിക്കുന്ന 77 % പേരും യുക്രൈന്‍ വംശജരാണ്. യുക്രേനിയന്‍ അഥവാ റുഥേനിന്‍ എന്ന സ്വന്തമായ ഭാഷ തന്നെ അവര്‍ക്കുണ്ട്. യുക്രൈനില്‍ റഷ്യന്‍ വംശജരും, റഷ്യന്‍ ഭാഷയുമുണ്ട് എന്നത് നേരാണ്. എന്നാല്‍, അത് 17% മാത്രമേയുള്ളു. പിന്നെങ്ങനെ ഉക്രൈന്‍ ഒരു കൃതിമ സൃഷ്ടിയാകും? ആ യുക്തി വച്ച് നോക്കിയാല്‍ ലോകത്തെ സകല രാഷ്ട്രങ്ങളും കൃത്രിമമെന്ന് പറയേണ്ടി വരും.
ഒന്നാം ലക്ഷ്യം ക്രിമിയ
യുക്രൈന്‍ ആക്രമണം പടിപടിയായുള്ള ഒരു തന്ത്രപരമായ അധിനിവേശത്തിന്റെ ഭാഗമാണ്. നേരത്തെ ഡോണെസ്‌ക്, ലുഹാന്‍സ്‌ക് എന്നീ ഭൂപ്രദേശങ്ങളെ റഷ്യ യുക്രൈനില്‍ നിന്നും തന്ത്രപൂര്‍വ്വം അടര്‍ത്തിയെടുത്തിരുന്നു. 2014 -ല്‍ ക്രിമിയ എന്ന ദക്ഷിണ യുക്രൈന്‍ പ്രദേശം സൈനിക നടപടിയിലൂടെ റഷ്യ പിടിച്ചടക്കിയപ്പോള്‍ ലോകം വേണ്ടത്ര പ്രാധാന്യം ആ രാഷ്ട്രീയ അധിനിവേശത്തിന് കൊടുത്തില്ല. യുക്രൈനിന്റെ ദക്ഷിണഭാഗത്ത് കരിങ്കടലില്‍ ഉള്ള ഒരു ഉപദ്വീപ് ആണ് ക്രിമിയ. റഷ്യയുമായി നേരിട്ട് അതിര്‍ത്തിയില്ലെങ്കിലും യുക്രൈനിനെ കീഴടക്കുവാന്‍ ആദ്യം വേണ്ടത് ക്രിമിയ കീഴടക്കുകയാണ്. ക്രിമിയ പിടിച്ചതോടെ കരിങ്കടലിലേക്ക് റഷ്യയ്ക്ക് നേരിട്ടുള്ള പ്രവേശനം സാധ്യമായി. വലിയ അടിസ്ഥാന സൗകര്യ വികസന നടപടികള്‍-റോഡുകള്‍, ആശുപത്രികള്‍, പാലങ്ങള്‍, എയര്‍പോര്‍ട്ട് നവീകരണം -എന്നിവ ഇവി
ടെ റഷ്യ ചെയ്തു വച്ചു. തദ്ദേശീയരുടെ ഭാഗത്തുനിന്നും രാഷ്ട്രീയ നിയമ സാധുത (political legitimacy) നേടുകയായിരുന്നു ലക്ഷ്യം. അതിന്റെ തുടര്‍ച്ചയായാണ് യുക്രൈന്‍ അധിനിവേശം.
ജി 7 എന്നത് വികസിത രാഷ്ടങ്ങളുടെ ഒരു കൂട്ടായ്മയാണ്. 1997 -ല്‍ റഷ്യ വന്നപ്പോള്‍ ആണ് കൂട്ടായ്മ ജി 8 എണ്ണായിമാറിയത്. 2014 -ലെ ക്രിമിയ അധിനിവേശത്തോടെ ഈ കൂട്ടായ്മയില്‍ നിന്നും റഷ്യയെ പുറത്താക്കുകയായിരുന്നു. 2014 -ലെ ക്രിമിയന്‍ അധിനിവേശത്തെ തുടര്‍ന്ന് പല രഹസ്യ നടപടികളും ഉക്രൈനില്‍ റഷ്യ നടത്തിക്കൊണ്ടിരിക്കുന്നതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 14000 പേരെങ്കിലും ഇതുമായി ബന്ധപ്പെട്ട് റഷ്യയില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ആ റിപ്പോര്‍ട്ടില്‍ പറയുന്നു.
നാറ്റോ ഭീഷണി എന്ന മിഥ്യ
നാറ്റോയുടെ ഭീഷണി എന്ന പറച്ചില്‍ റഷ്യ തന്നെ വികസിപ്പിച്ചെടുത്തതാണ്. കാരണം യുക്രൈനിനെ ആക്രമിക്കുവാന്‍ അത്തരമൊരു കാരണം വേണം. ലോകത്തെ ഏറ്റവുമധികം ആണവായുധങ്ങള്‍ ഉള്ള രാജ്യമാണ് റഷ്യ. അമേരിക്കയെക്കാള്‍ ആണവായുധ ശേഖരം റഷ്യയ്ക്കുണ്ടെന്ന് ഫെഡറേഷന്‍ ഓഫ് അമേരിക്കന്‍ സയന്റിസ്റ്റ് (Federation of American Scientist) റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മറ്റൊന്ന്, റഷ യു എന്‍ സ്ഥിര സുരക്ഷാ സമിതി അംഗമാണ്. യൂ.എസ് , യു.കെ., ഫ്രാന്‍സ്, ചൈന, റഷ്യ എന്നിവരാണ് ഇതിെല അംഗങ്ങള്‍.ഐക്യരാഷ്ട്ര സഭയെന്ന ആഗോള രാഷ്ട്രീയ സഭയെ വീറ്റോ പവര്‍ (veto power) കൊണ്ട് വരുതിയില്‍ നിര്‍ത്താന്‍ ഇതിലെ അംഗത്വം കൊണ്ട കഴിയും. ഒരൊറ്റ സ്ഥിര അംഗത്തിന്റെ എതിര്‍ വോട്ട് കൊണ്ട് ഏതൊരു യു.എന്‍.പ്രമേയവും സുഗമമായി പരാജയപ്പടുത്താനാവും. വര്‍ഷങ്ങളായി അമേരിക്ക ചെയ്യുന്നതും അത് തന്നെ. അതുകൊണ്ടാണ് ഈ അധിനിവേശത്തില്‍ ഐക്യരാഷ്ട്ര സഭയുടെ എതിര്‍പ്പുകളെ തൃണവല്‍ഗണിക്കാന്‍ റഷ്യക്ക് എളുപ്പത്തില്‍ കഴിഞ്ഞത്.
ആണവായുധമുള്ള ഒരു രാഷ്ട്രത്തെ വേറൊരു രാഷ്ട്രം ആക്രമിക്കില്ല എന്നുള്ളത് ഒരു ലോക രാഷ്ട്രീയ നിയമമാണ് (Deterrence theory). അതിനു കാരണം ആണവായുധങ്ങളുടെ സംഹാരാത്മകത തന്നെ. ആക്രമിച്ചാല്‍ ആണവായുധങ്ങളുമായി തിരിച്ചാക്രമിയ്ക്കും എന്ന തിരിച്ചറിവാണത്. ആണവായുധങ്ങള്‍ കൈവശം വയ്ക്കുന്നത് വാസ്തവത്തില്‍ യുദ്ധം ഒഴിവാക്കുകുകയാണ് ചെയ്യുന്നത്. പ്രശസ്ത അന്താരാഷ്ട്രീയ പഠന വിദഗ്ദനായ കെന്നത് വാള്‍ട്‌സ് (Kennath Waltz) ഇക്കാര്യം എഴുതിയിട്ടുണ്ട്. യുക്രൈനില്‍ റഷ്യ ആണവായുധം പ്രയോഗിക്കില്ല എന്ന് നിസ്സംശയം പറയാം. അതിനാല്‍ ആണവായുധങ്ങളെ കരുതിയിരിക്കവാനുള്ള പുടിന്റെ പ്രസ്താവന കേവലം രാഷ്ട്രീയ ഭീഷണി മാത്രമാണ്.
ഏഷ്യയിലെ മുഖ്യ രാഷ്ട്രീയ-സാമ്പത്തിക ശക്തിയായ ചൈന ഈ അധിനിവേശം ഉത്സാഹത്തോടെയാണ് കാണുന്നത്. കാരണം ഒന്നാമതായി അമേരിക്കയെയും നാറ്റോയെയും വെല്ലുവിളിച്ചാണ് റഷ്യയുടെ ഈ അധിനിവേശം. ഹോങ്കോങ്ങിലുള്ള ചൈനീസ് അധിനിവേശത്തെ ന്യായീകരിക്കുവാനുള്ള ഒരവസരം ഇതിലൂടെ ചൈനയ്ക്ക് ലഭിക്കുന്നുമുണ്ട്. പിന്നെ തായ്വാനില്‍ ചൈനയുടെ അധിനിവേശ താല്പര്യങ്ങള്‍ക്ക് നീതീകരണമായി ഇതിനെ കാണുവാനും കഴിയും.
ഉക്രൈനിലെ നാസിവല്‍ക്കരണം
പുടിന്‍ കടന്നാക്രമണത്തെ ന്യായീകരിക്കുവാന്‍ പറയുന്ന പ്രധാനപ്പെട്ട മറ്റൊരു നുണയാണ് യുക്രൈനിലെ നാസി വല്‍ക്കരണം. വംശീയത എന്നത് യൂറോപ്പില്‍ നിന്നും ഉന്മൂലനം നടത്താനാകാത്ത ഒരു സാമൂഹ്യ ദുരന്തമാണ്. അതിനാലാണ് യൂറോപ്പില്‍ വംശീയതക്കെതിരെ നിരന്തര ബോധവല്‍ക്കരണം നടന്നുകൊണ്ടിരിക്കുന്നത്. കായിക രംഗത്ത് അത് വളരെ വ്യക്തമാണ്.
നവ നാസികളാണ് യുക്രൈന്‍ ഭരിക്കുന്നത് എന്ന പുടിന്റെ വാദം മറ്റൊരു വ്യാജ പ്രചാരണമാണ്. കാരണം യുക്രൈന്‍ പ്രസിഡണ്ട് സെലാന്‍സ്‌കി ജൂതനാണ്.അദ്ദേഹത്തിന്റെ പൂര്‍വികര്‍ ഹിറ്റ്‌ലറിന്റെ ജൂത കൂട്ടക്കൊലയുടെ ഇരകളുമാണ്. രണ്ടാം ലോകയുദ്ധ കാലഘട്ടത്തില്‍, 1941 -ല്‍ വലിയ ജൂത കൂട്ടക്കൊല നടന്നത് യുക്രൈന്‍ തലസ്ഥാനത്തിന് അടുത്താണ്. പതിനായിരക്കണക്കിന് ജൂതരാണ് ഇവിടെ ജര്‍മന്‍ നാസികളാല്‍ കൊല്ലപ്പെട്ടത്. നാസികളോടൊപ്പം പ്രവര്‍ത്തിച്ച ഒരു ന്യൂനപക്ഷമായ യുക്രൈന്‍കാര്‍ ചരിത്രത്തില്‍ ഉണ്ടെന്നത് വാസ്തവമാണ്. പക്ഷെ അതൊന്നും ഇപ്പോഴത്തെ റഷ്യന്‍ അധിനിവേശത്തിന് കാരണമാകുന്നില്ല. അവിടെ നാസികളുടെ വ്യാപനമുണ്ടായാല്‍ അത് പ്രതിരോധിക്കുവാനുള്ള സംവിധാനം ഇന്ന് ലോകത്ത് ഉണ്ട്. യുക്രൈനിലെ തീവ്ര വലതുപക്ഷ ദേശീയവാദികളായ അസോവ് (Azov movement) പ്രസ്ഥാനം നവനാസി ആശയമാണ് പിന്‍പറ്റുന്നത്. എന്നാല്‍, അവരുടെ ജന പിന്തുണ വളരെ കുറവാണ്. മറ്റൊരു തീവ്ര വലതുപക്ഷ പാര്‍ട്ടിയായ സ്വൊബോധയ്ക്ക് (Svoboda പാര്‍ലമെന്റില്‍ ഒരൊറ്റ സീറ്റ് മാത്രമാണുള്ളത്.
തികഞ്ഞ ആത്മാര്‍ത്ഥതയുള്ളത് കൊണ്ടാണ് റഷ്യയെ അപേക്ഷിച്ച് വളരെ ചെറിയൊരു സൈനിക ശക്തിയായ യുക്രൈന്‍ ഇതുവരെ സ്വന്തം നാട്ടില്‍ ചെറുത്ത് നിന്നത്. ആ ആത്മാര്‍ത്ഥതയെയാണ് യഥാര്‍ത്ഥത്തില്‍ ദേശീയതയും ദേശസ്‌നേഹവുമായി കാണേണ്ടത്. ഇസ്രായേല്‍ കഴിഞ്ഞാല്‍ ലോകത്ത് ജൂതരായ പ്രധാനമന്ത്രിയും പ്രസിഡണ്ടും ഉണ്ടായിട്ടുള്ളത് യുക്രൈനിലാണ് എന്ന വാക്കുകളിലൂടെയാണ് സെലന്‍സ്‌കി പുടിന്റെ 'നാസി' പ്രയോഗത്തെ തടഞ്ഞത്. മധ്യ-കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ഏറ്റവുമധികം ജൂതരെ അംഗീകരിക്കുന്ന രാജ്യം കൂടിയാണ് യുക്രൈന്‍ എന്ന് അമേരിക്കന്‍ പ്യു റിസര്‍ച്ച് സെന്റര്‍ (Pew Research Centre) 2018 -ലെ ഒരു റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നുണ്ട്.
റഷ്യയെ യുക്രൈനില്‍ കാത്തിരിക്കുന്നത് ഇതാണ്
റഷ്യ ചരിത്രത്തില്‍ നിന്നും ഒരു രാഷ്ട്രീയ-സാമൂഹ്യ പാഠങ്ങളും പഠിയ്ക്കുന്നില്ല എന്നാണ് ഈ അധിനിേവശം ലോകത്തോട് വിളിച്ചുപറയുന്നത്. ലോകത്തെ ബഹുഭൂരിപക്ഷം അധിനിവേശങ്ങളും പരാജയങ്ങളും ദുരന്തങ്ങളുമാണെന്ന് ചരിത്രം അടിവരയിട്ടു പറയുന്നു. ഒടുവിലെ ഉദാഹരണം, അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ അധിനിവേശമാണ്. ഇരുപത് വര്‍ഷങ്ങള്‍ കൊണ്ട് അമേരിക്ക അഫ്ഗാനില്‍ നേടിയത് വട്ടപ്പൂജ്യമാണെന്ന് അമേരിക്കന്‍ ജനത തിരിച്ചറിഞ്ഞു. ഇറാഖിലും, വിയറ്റ്‌നാമിലുമെല്ലാം ഇതേ അനുഭവം തന്നെയായിരുന്നു അമേരിക്കയ്ക്ക്. റഷ്യയ്ക്കു സമാനമായ ഉദാഹരണങ്ങളുണ്ട്. ഇതേ അഫ്ഗാനിലെ റഷ്യന്‍ അധിനിവേശം (1979-1989) വന്‍ ദുരന്തമായിരുന്നു. ഇക്കാര്യം അറിയാത്ത ആളല്ല ആ കാലഘട്ടത്തില്‍ സോവിയറ്റ് യൂണിയന്റെ രഹസ്യാന്വേഷണ വിഭാഗമായ കെ.ജി.ബി.യുടെ ഉദ്യോഗസ്ഥനായിരുന്ന പുടിന്‍.
ലോകത്തെ ഭൂരിഭാഗം രാഷ്ട്രങ്ങളും ഉക്രൈന് പിന്തുണ നല്‍കിട്ടുണ്ട്. വന്‍ശക്തി രാഷ്ട്രങ്ങള്‍ സാമ്പത്തിക ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി. അവര്‍ റഷ്യയ്ക്ക് വ്യോമനിരോധനം ഏര്‍പ്പെടുത്തി. കായിക രംഗത്ത് അടക്കം റഷ്യ കടുത്ത ഒറ്റപ്പെടല്‍ നേരിടുന്നുണ്ട്. യുക്രൈന്‍ എന്നത് വന്‍ രാഷ്ട്രീയ കെണി ആയിരുന്നെന്ന് തിരിച്ചറിയുന്ന റഷ്യ രക്ഷപെടുവാനായി പല രാഷ്ട്രീയ തന്ത്രങ്ങളും പയറ്റും. ഇതിന്റെ ഫലം അനുഭവിക്കുന്നത് റഷ്യയിലെയും യുക്രൈനിലെയും ജനതയായിരിക്കും. അമേരിക്ക സ്ഥാപിച്ചെടുത്തത് പോലെയുള്ള അന്താരാഷ്ട്ര സാമ്പത്തിക, സൈനിക, സാംസ്‌കാരിക, രാഷ്ട്രീയ ആധിപത്യം റഷ്യ നേടിയെടുത്തിട്ടില്ല. അമേരിക്കയും, നാറ്റോ ഉള്‍പ്പടെയുള്ള സഖ്യവും നേരിട്ട് ഉക്രൈനില്‍/റഷ്യയില്‍ ഇടപെടില്ല. പകരം പ്രോക്‌സി പോരാട്ടം ആയിരിക്കും നടപ്പിലാക്കുക. വരും ഭാവിയിലെ ഒരു പ്രത്യേക കാലഘട്ടം വരെം റഷ്യ-ഉക്രൈന്‍ പ്രതിസന്ധി നിലനില്‍ക്കുമെന്നാണ് കരുതേണ്ടത്. പോസ്റ്റ്-പുടിന്‍ (post-Putin) കാലഘട്ടത്തിലല്ലാതെ ഈ പ്രതിസന്ധിയ്ക്ക് സുഗമമായ പരിഹാരം കണ്ടെത്താനാവുമെന്ന് കരുതാനാവില്ല.
(മഹാത്മാഗാന്ധി സര്‍വകലാശാലാ സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷനല്‍ റിലേഷന്‍സില്‍ അധ്യാപകനാണ് ലേഖകന്‍.)