കര്‍ണ്ണാടകയുടെ ചോളത്തണ്ട് നിയന്ത്രണം വയനാടന്‍ ജില്ലയിലെ ക്ഷീര കര്‍ഷകരെ നേരിട്ട് ബാധിക്കും. പാല്‍ ഉത്പാദനം കുറയും. ഇത് മില്‍മയ്ക്കും തിരിച്ചടിയാകും. ചോളത്തണ്ട് നിരോധനത്തിന്‍റെ പ്രത്യാഘാതങ്ങളെ കുറിച്ച് ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ സുഹൈല്‍ അഹമ്മദ് വി എം എഴുതുന്നു വിശദമായി വായിക്കാം.
വയനാട് സ്വദേശികളായ സജിയും രാഹുലുമൊക്കെ ചോളവണ്ടിയിലെ ഡ്രൈവർമാരാണ്. പതിവായി ചോളമെടുക്കുന്നത് ഹോസള്ളി, എച്ച് ഡി കോട്ട, മൈസൂരു മേഖലയിൽ നിന്നുമാണ്. രാത്രി യാത്രാ നിരോധനം കഴിഞ്ഞ് ചെക്പോസ്റ്റ് തുറന്നാൽ ആദ്യം അതിർത്തി കടക്കുന്നത് ഇവരുടെ ചോളം വണ്ടികളാണ്. ചോളപ്പാടത്ത് കൊണ്ടിട്ട്, ലോഡ് നിറഞ്ഞാൽ മലബാറിലെ പല ഫാമുകളിലേക്കും ചെറുകിട ക്ഷീര കർഷകരുടെ തൊഴുത്തിലേക്കും വണ്ടി കുതിച്ചു പായും.
ആ പാച്ചിലിനി എത്രകാലമുണ്ടാകുമെന്ന് ആർക്കുമറിയില്ല. വരൾച്ചാ ബാധിത പ്രദേശങ്ങളിൽ നിന്ന്, ജൈവ കാലിത്തീറ്റയായ ചോളം ഇതര സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നത് കർണാടകം വിലക്കി. ദുരന്തനിവാരണ അഥോറിറ്റിയുടെ നിർദേശ പ്രകാരമാണ് വിലക്ക്. കർണാടകത്തിലെ പല ചോളം കർഷരും മുൻകൂർ തുക ചോളം കടത്തുകാരിൽ നിന്ന് വാങ്ങിയതിനാൽ മാത്രം ഇപ്പോൾ കേരളത്തിലേക്ക് കൊണ്ടുപോകാൻ ഇളവ് നല്‍കി. എന്നാല്‍, പുതിയ വിള പാകമായാൽ ഈ ഇളവ് കർണാടകം അനുവദിച്ചേക്കില്ല. അതോടെ, കേരളത്തിലേക്കുള്ള ചോളത്തണ്ട് വരവ് നിലയ്ക്കും. മലബാറിലെ തൊഴുത്തുകളിൽ ചോളമൊഴിയും. പശുവിന് തീറ്റ കുറയും. പാല്‍ കുറയും. മിൽമയുടെ പ്ലാന്‍റിലേക്കുള്ള ഒഴുക്ക് നിലയ്ക്കും. ചോളത്തണ്ട് നിരോധനം വരുത്തി വയ്ക്കുന്ന വിന ചെറുതല്ല. 'ചോളമെത്തിയില്ലെങ്കിൽ പാലൊഴുകില്ലെ'ന്ന് പച്ചയ്ക്ക് പറയാം.
undefined
ചോളം വിതരണ വിലക്കിന്‍റെ വിശദീകരണം
കർണാടകത്തിലെ 195 താലൂക്കുകൾ ഇപ്പോള്‍ തന്നെ വരൾച്ചാ ബാധിത പ്രദേശങ്ങളാണ്. ഇവയിൽ മിക്കതും കാർഷിക മേഖലകളും. ക്ഷീര കർഷകർ ഒരുപാടുള്ള സ്ഥലം. കൊടും വേനലിൽ കർണാടകത്തിലെ കാലികൾക്ക് തീറ്റയുറപ്പാക്കാനാണ് ഇപ്പോഴത്തെ നിരോധനമെന്ന് സർക്കാർ വിശദീകരിക്കുന്നു. വയനാടുമായി അതിർത്തി പങ്കിടുന്ന ഗുണ്ടൽപ്പേട്ട, എച്ച് ഡി കോട്ട, മൈസൂരു മേഖലകളിലാണ് അടുത്തുള്ള ചോളപ്പാടങ്ങൾ. ഇതെല്ലാം കർണാടകയുടെ കണക്കിൽ വരൾച്ചാ ബാധിത പ്രദേശമാണ്.
കർണാടകത്തിലെ കർഷകർ പറയുന്നത്.
ചോളം വിപണി ലക്ഷ്യമിട്ടാണെങ്കിൽ രണ്ട് തവണ മാത്രമേ കൃഷി സാധ്യമാകൂ. നല്ല വിളവ് കിട്ടിലായും ഭേദപ്പെട്ട വില ചോളത്തിന് കിട്ടണമെന്നില്ല. അതിന് പുറമെ, മൂത്ത തണ്ട് മറ്റൊന്നിനും ഉപയോഗിക്കാനാകില്ല. ചോളം പറിച്ചു കഴിയുന്നതോടെ, ഉണങ്ങുന്ന തണ്ട് പിന്നെ വേസ്റ്റാണ്. അത് നീക്കണം. കത്തിക്കണം. എന്നാലേ അടുത്ത കൃഷിയിറക്കാനാകൂ. മറിച്ച്, ചോളത്തണ്ട് കേരളത്തിലേക്ക് നൽകിയാൽ പലതുണ്ട് മെച്ചം.
എല്ലാം വിശദീകരിച്ച് തന്നത് ഹോസള്ളിയിലെ പ്രധാന കർഷകനായ രമേശാണ്. പത്തേക്കർ കൃഷിയിടമുണ്ട് രമേശിന്. അതിൽ 70 ശതമാനവും ചോള കൃഷി. ചോളത്തണ്ട് കേരളത്തിൽ നിന്ന് ആവശ്യക്കാര്‍ വന്ന് കൊണ്ടുപോകും. ചോളം കായ്ച്ചാൽ തണ്ടോടെയാണ് കേരത്തിലെ ഫാമുകളിലേക്ക് കൊണ്ടുപോകുന്നത്. തണ്ടും ചോളവും ഒരു പോലെ വിറ്റുപോകും. മൂന്ന് മാസത്തിനകം തന്നെ ഒരു വിള ഇങ്ങനെ പൂർണമാകും. വർഷത്തിൽ നാല് കൃഷിവരെയെടുക്കാം. വെറും ചോളം മാത്രം ചെയ്യുന്നതിനെ വച്ച് നോക്കുമ്പോൾ, ഇരട്ടി ലാഭം. കേരളമാകട്ടെ ഭേദപ്പെട്ട പണം നൽകിയാണ് ചോളത്തണ്ട് കൊണ്ടുപോകുന്നത്. കർണാടകത്തിൽ ആരും നല്ല വില നൽകി വലിയ അളവിൽ ചോളമെടുക്കുന്നില്ല. അതുകൊണ്ടുതന്നെ നിരോധനത്തെ എതിർക്കുകയാണ് കർണാടകത്തിൽ ബഹുഭൂരിപക്ഷം ചോളം കർഷകരും. അതുമാത്രമല്ല, ഇപ്പോൾ വിളഞ്ഞ പാടം ഒറ്റയടിക്ക് കൊയ്തു തീരും. കർണാടകത്തിലെ കർഷകരാകട്ടെ 200 കിലോയിൽ കൂടുതൽ ഒരുതവണ വാങ്ങില്ല. ഇത് ഓരേ കൃഷി പലതവണ കൊയ്യുന്നതിലേക്ക് നയിക്കുമെന്നും പരിഭവപ്പെടുന്നവരുണ്ട്. അങ്ങനെ സംഭവിച്ചാൽ, കൃഷിയുടെ താളം തെറ്റുമെന്നും ഇവര്‍ പറയുന്നു.
കേരളത്തിലെ ക്ഷീര കർഷകർ പറയുന്നത്
പശുവിനെ നടന്ന് തീറ്റിക്കാൻ നാട്ടിൽ പുല്ലില്ല. വർഷവും തുലാപ്പെയ്ത്തും കഴിഞ്ഞാൽ ഉള്ള പുല്ലെല്ലാം ഉണങ്ങും. വൈക്കോൽ നൽകിയാൽ, നല്ല പാലുകിട്ടില്ല. അവിടേക്കാണ് ചോളത്തണ്ടിൻന്‍റെ വരവ്. കൊഴുപ്പുള്ള പാൽ, കൂടിയ അളവിൽ. ഇത് മിൽമയുടെ സൊസൈറ്റികളിൽ ഗുണമേന്മ കൂടുതലായി രേഖപ്പെടുത്തുകയും ചെയ്യും.
നേരത്തെ 32, 33 രൂപ ലീറ്ററിന് കിട്ടിയ സ്ഥാനത്ത് ചോളത്തണ്ട് കൊടുത്തപ്പോൾ, 42 രൂപ വരെ കിട്ടുന്നു. ഇന്ന് വയനാട്ടിലെ തൊഴുത്തിന്‍റെ ഐശ്വര്യമായി ചോളത്തണ്ട് മാറിയിട്ടുണ്ട്. കർഷകരുടെ മുഖത്ത് ചോളംവരവ് 'പാൽനിലാ പുഞ്ചിരി'യാണ് സമ്മാനിച്ചത്. എല്ലാവരും നാലുനാൾ കൂടുമ്പോൾ, ആവശ്യത്തിന് അനുസരിച്ച് ചോളത്തണ്ട് ഇറക്കുന്നു. പശുക്കളാകട്ടെ കൊതിയോടെ കഴിക്കുന്നു. ചോളം കൃഷി ചെയ്യുന്നവരും, അത് കടത്തുന്നവരും, കർഷകരും, പശുവും, പാൽ എടുക്കുന്നവരും എല്ലാം ഒരുപോലെ ഹാപ്പി. അവിടേക്ക് ചോളം നിരോധ വാർത്ത എത്തിയാൽ, എല്ലാം തകിടം മറയും. ബീരാൻ കുട്ടിയും ഷെർളിയും മുഹമ്മദ് അലിയുമെല്ലാം ചോളത്തണ്ട് കണ്ട് മാത്രം പശുക്കളെ വളർത്തുന്നവരാണ്. അവരുടെ തൊഴുത്തിൽ പാലിന് പകരം കണ്ണീരൊഴുകും.
(ചിത്രം: സാജന്‍)
പണ്ടത്തെ പോലയല്ല. പുല്ല് വളർന്നാൽ, അപ്പോൾ തന്നെ നമ്മൾ മലയാളികൾ ഉണങ്ങാനുള്ള മരുന്നടിക്കും. അല്ലെങ്കിൽ മെഷീൻ വച്ച് അടിയോടെ വെട്ടും. രണ്ടായാലും ക്ഷീര കർഷകർക്കിത് വയറ്റത്തടിയാണ്. ആ വിഷമമാണ് ചോളത്തണ്ട് നികത്തിയത്. അതും മുടങ്ങിയാൽ പിന്നെയെങ്ങനെയാണ് !!!
ചുരുക്കത്തിൽ ചോളം ലോഡുകൾ അതിര്‍ത്തി കടന്നാലേ മലബാറിലെ പശുക്കളുടെ വയറും കർഷകന്‍റെ പാൽപ്പാത്രവും നിറയൂ. ഒപ്പം മിൽമയുടെ പ്ലാൻന്‍റിലേക്കും അവിടെ നിന്ന് പാക്കറ്റുകളിലായി വീടുകളിലേക്കും പാലൊഴുകൂ.
മില്‍മയ്ക്ക് പറയാനുള്ളത്
ചോളത്തണ്ട് വന്നിട്ടില്ലെങ്കിൽ കേരളത്തിലെ ക്ഷീര കർഷകരെ അത് കാര്യമായി ബാധിക്കുമെന്ന് മില്‍മ ചെയര്‍മാന്‍ കെ എസ് മണി പറയുന്നു. ഇത് പാലിന്‍റെ ഉല്‍പാദനത്തില്‍ ഇടിവുണ്ടാക്കും. അതു വഴി മില്‍മയ്ക്ക് ലഭിക്കുന്ന പാലിന്‍റെ അളവ് കുറയ്ക്കും. കര്‍ണ്ണാടകയുടെ നിരോധനം നീക്കാന്‍ മില്‍മ, സർക്കാർ തലത്തിലും മുഖ്യമന്ത്രി / മന്ത്രിതലത്തിലും സെക്രട്ടറി തലത്തിലും ഇടപെട്ടെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും ഒടുവിലായി നിരോധനം ഇല്ലാത്ത ജില്ലകളില്‍ നിന്ന് ചോളത്തണ്ട് ഇറക്കാന്‍ അനുവദിക്കാമെന്നത് മാത്രമാണ് ഏക ആശ്വാസമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
കര്‍ണ്ണാടക റവന്യൂ മന്ത്രി കൃഷ്ണ ബൈരഗൗഡയ്ക്ക് ചോളത്തണ്ടുകള്‍ കേരളത്തിലേക്ക് കയറ്റി അയക്കുന്നത് സംബന്ധിച്ച് ക്ഷീര വികസന മന്ത്രി ചിഞ്ചുറാണി കത്തെഴുതി. കര്‍ണ്ണാടകയിലെ ചോള കര്‍ഷകരെയും വയനാട്ടിലെ ക്ഷീര കര്‍ഷകരെയും നേരിട്ട് ബാധിക്കുന്ന വിഷയമായതിനാല്‍ ഇരു സംസ്ഥാനങ്ങളുടെയും താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ എത്രയും പെട്ടെന്ന് നിരോധനം നീക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.
ഇതിലൊരു നന്ദിനി / മിൽമ പോരുണ്ടോ ?
വരൾച്ചയുടെ മറവിൽ കർണാടകം ഏർപ്പെടുത്തിയ ചോളത്തണ്ട് വിതരണ നിയന്ത്രണം നന്ദിനിക്ക് വേണ്ടിയെന്ന് സംശയിക്കുന്നവരുണ്ട് കേരളത്തിലും അതുപോലെ കർണാടകത്തിലും. നിലവിൽ ഉയർന്ന തുക നൽകി, കൂടുതൽ ചോളം കേരളം വാങ്ങുന്നുണ്ട്. ഈയൊരൊറ്റക്കാരണം കൊണ്ട്, കർണാടകത്തിലെ ക്ഷീര കർഷകരും പാൽ ഉത്പാദക സൊസൈറ്റികളും സമാന വില നൽകേണ്ട സാഹചര്യമാണ്. ഇതോടെ, കർണാടകത്തിലെ പാൽ ഉത്പാദനനച്ചെലവും കൂടിത്തുടങ്ങി.
കർണാടകത്തിലെ പ്രധാന പാൽ ഉത്പാദക സഹകരണ സംഘമായ നന്ദിനിക്ക് ഇത് തിരിച്ചടിയായി. പാൽ ഉത്പാദനത്തിന്‍റെ ചെലവ് കുറയ്ക്കണം. അതിന്, ചോളത്തിന്‍റെ വില കുറച്ച് ലഭ്യത കൂട്ടണം. ചോളം സുലഭമായി കിട്ടണമെങ്കിൽ കേരളത്തിലേക്കും ഇതര സംസ്ഥാനങ്ങളിലേക്കുമുള്ള വിതരണം തടയണം. ചോളം സുലഭമായി ലഭ്യമായാൽ ഡിമാന്‍റ് കുറയും. അപ്പോൾ, തനിയെ വിലയും കുറഞ്ഞോളം. കുറഞ്ഞ ചെലവിൽ ചോളം കിട്ടിയാൽ, ക്ഷീര കർഷകർക്ക് വലിയ ചെലവ് ഇല്ലാതെ പാൽ ഉൽപാദിപ്പിക്കാനാകും. ഇതോടെ, നന്ദിനിയുടെ പ്ലാന്‍റിലേക്ക് കൂടുതൽ പാലെത്തും.
വേനലായാൽ, കേരളത്തിലെ പാൽ ഉത്പാദനം നന്നേ കുറയുമെന്ന് നന്ദിനിക്ക് അറിയാം. മിൽമ ഈ സമയം തമിഴ്നാടിനെ ആശ്രയിക്കാറാണ് പതിവ്. ഇതും നന്ദനിയുടെ മനസ്സിലുണ്ട്. നന്ദിനിക്ക് ആകട്ടെ എന്നും കേരള വിപണിയോട് ഇഷ്ടക്കൂടുതലുണ്ട്. ഇക്കഴിഞ്ഞ ജൂണിൽ കേരളത്തിൽ ഔട്ട്ലെറ്റുകളുടെ എണ്ണം കൂട്ടാൻ നന്ദിനി ശ്രമിച്ചിരുന്നു. അന്ന് പക്ഷേ, കേരളം സമർഥമായി നേരിട്ടതോടെ, നന്ദിനി ഒന്നയഞ്ഞു. അതേ സമയം കേരളത്തിൽ നന്ദിനിയുടെ പാൽ ഉത്പന്നങ്ങൾ ഇപ്പോഴും സുലഭമാണ്. കേരള വിപണിയിൽ സ്വാധീനം ഉറപ്പിക്കാൻ നന്ദിനിക്ക് മിൽമയോട് മത്സരിക്കണം. കുറഞ്ഞ വിലയിൽ വിപണിയിൽ എത്തിയാലേ അത് സാധ്യമാകൂ. അതിന് കർണാടകത്തിലെ പാൽ ഉത്പാദനച്ചെലവ് കുറയുകയും കേരളത്തിലെ ഉത്പാദനച്ചെലവ് കൂടുകയും വേണം. ഇതെല്ലാം കാലേക്കൂട്ടി കണ്ടാണ് അടിവേരിൽ തന്നെ കർണാടകം നയമപരമായ തീരുമാനം എടുത്തത്. കേരളത്തിന് ചോളം വിൽക്കരുതെന്ന് !