കാലാവസ്ഥാ വ്യതിയാനം പ്രത്യക്ഷത്തില്‍ കൊടുങ്കാറ്റുകളെയും അതിതീവ്രമഴയെയും കൊണ്ടുവരുന്നു. ഒപ്പം തീരദേശങ്ങള്‍ കടലെടുക്കുന്നു. ഇതിനിടെ നിശബ്ദമായി മറ്റൊന്നും കൂടി സംഭവിക്കുന്നു. ഭൂമിയുടെ ജൈവ സമ്പുഷ്ടത നഷ്ടപ്പെടുകയും ഭൂമി വരണ്ട് ഉപയോഗ ശൂന്യമായി തീരുന്നു. 2050 ആകുമ്പോഴേക്കും ലോകത്തിലെ നാലിൽ മൂന്ന് ജനങ്ങളെയും ഈ ദുരന്തം നേരിട്ട് ബാധിക്കുമെന്ന് യുഎന്‍ മുന്നറിയിപ്പ് നല്‍കുന്നു. വായിക്കാം റിയാദില്‍ നടന്ന കോപ് 16 നെ കുറിച്ച് സി കെ വിശ്വനാഥ് എഴുതുന്നു. .
കോപ് 16 (Cop 16), മരുഭൂവൽക്കരണത്തിന് എതിരെ സൗദി അറേബ്യയിലെ റിയാദിൽ നടന്ന ഉച്ചകോടി (UNCCD 16) ഡിസംബർ 14 -ന് അവസാനിച്ചിരിക്കുന്നു. ഡിസംബർ 2 മുതൽ ഡിസംബർ 13 വരെയായിരുന്നു ഉച്ചകോടി നിശ്ചയിച്ചിരുന്നത്. കുഞ്ഞന്‍ രാജ്യങ്ങൾ നേരിടുന്ന പ്രതിസന്ധിയെ / യാഥാര്‍ത്ഥ്യത്തെ ഒന്നാം ലോക രാജ്യങ്ങള്‍ സമീപിക്കുന്ന വിധം, ഇത്തരം ഉച്ചകോടികളുടെ നീണ്ടുപോകലും അതിന്‍റെ രാഷ്ട്രീയത്തെയും ഇന്ന് ഒരു പൊതുസ്വഭാവമെന്ന നിലയിലേക്ക് എത്തിച്ചിരിക്കുന്നു. അതേസമയം വരൾച്ചയും (drought), മരുഭൂവൽക്കരണവും (desertification) ഇന്ന് ലോകം ഏറ്റവും സജീവമായും ഏറെ പ്രധാന്യത്തോടെയും ചർച്ച ചെയ്യേണ്ട ഒരു വിഷയമാണെന്നും നമ്മള്‍ ഓർക്കണം.
കേട്ടുകേൾവിക്കുമപ്പുറത്ത്, പ്രകൃതി അസാധാരണമായി പെരുമാറുന്ന ഒരു കാലത്താണ് നമ്മൾ ജീവിക്കുന്നത്. ഒരു ഭാഗത്ത് ഡിസംബറിലും പെയ്യുന്ന മഴ, മറുഭാഗത്ത് ഗ്രാമങ്ങളിലേക്ക് കുടിവെള്ളവുമായി ഓടുന്ന ലോറികൾ. കൂടുതല്‍ അളവില്‍ കുറഞ്ഞ സമയം കൊണ്ട് ചെറിയ പ്രദേശത്ത് പെയ്തിറങ്ങുന്ന മഴ ഭൂമിയിലേക്ക് ജലം ഇറങ്ങി ചെല്ലുന്നതിനെ തടസപ്പെടുത്തുന്നു. ഇതോടൊപ്പം ഭൂമിക്ക് മുകളില്‍ നമ്മൾ തീര്‍ത്ത നിർമ്മിതികൾ പെയ്തിറങ്ങുന്ന വെള്ളത്തെ താഴ്വാരങ്ങളിലേക്ക് ഒഴുക്കിവിടുന്നു. ഇതോടെ മലമുകളിലും ഇടനാട്ടിലും ജലശേഖരം കുറയുകയും താഴ്വാരങ്ങള്‍ വെള്ളക്കെട്ടിലാവുകയും ചെയ്യുന്നു. ഇത് കേരളത്തിന്‍റെ മഴ യാഥാര്‍ത്ഥ്യം.
undefined
ഇന്ത്യയിലാകട്ടെ 25 ശതമാനം ഭൂമിയും മരുഭൂവൽക്കരണത്തിന് വിധേയമാകുന്ന അവസ്ഥയാണ് ഉള്ളതെന്ന് ഫുഡ് ആന്‍റ് അഗ്രിക്കൾച്ചർ ഓർഗനൈസേഷന്‍ (food and agriculture organisation) കണക്ക് നിരത്തുന്നു. കൃഷിഭൂമി ഉള്‍പ്പെടെ രാജ്യത്തെ ഏതാണ്ട് 32 ശതമാനം ഭൂമിയും ഉപയോഗ ശൂന്യമാകുന്ന അവസ്ഥ. ജനസംഖ്യാ തോതിന്‍റെ അടിസ്ഥാനത്തില്‍ കൃഷിയെ വലിയൊരളവില്‍ ആശ്രയിക്കേണ്ടി വരുന്ന ഇന്ത്യ, കൃഷിയെയും കാർഷിക രീതികളെയും കുറിച്ച് ആഴത്തില്‍ പുനരാലോചിക്കേണ്ടതുണ്ടെന്ന് ഈ കണക്കുകൾ ചൂണ്ടിക്കാണിക്കുന്നു. അതേസമയം ലോകത്ത് ഈ കണക്കുകള്‍ ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. ലോമമെമ്പാടുമായി ഏകദേശം 200 കോടി ഹെക്ടര്‍ ഭൂമിയാണ് മരുഭൂവൽക്കരണത്തിന് വിധേയമായി കൊണ്ടിരിക്കുകയാണെന്ന് യുഎന്നിന്‍റെ കണക്കുകള്‍ പറയുന്നു. ഇത് 150 കോടി ജനങ്ങളെ നേരിട്ട് ബാധിക്കുന്നു. ഓരോ വർഷവും ഒരു കോടി ഇരുപത് ലക്ഷം ഹെക്ടർ ഭൂമി തരിശാകുന്നുവെന്നും ഈ കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു.
ആഗോള വരൾച്ച മാപ്പ്
മരുഭൂവൽക്കരണത്തിന് എതിരെയുള്ള 16-ാം ഉച്ചകോടിയിൽ അവതരിക്കപ്പെട്ട പ്രധാനപ്പെട്ട ഒന്നാണ് 'വരൾച്ച മാപ്പ്' (Drought Map). ഈ ഭൂപടം ലോകത്തിന് മുന്നിൽ വെച്ചിരിക്കുന്നത് ഭൂമിയിലെ വർദ്ധിച്ച് വരുന്ന വരൾച്ചയുടെ ജീവിത യാഥാർത്ഥ്യമാണ്. ഒപ്പം ജലസമ്മർദ്ദവും (water stress) വരൾച്ചയുമെക്കെ നമ്മൾ മറികടക്കേണ്ടതുണ്ട് എന്ന ഭാരിച്ച ഓർമ്മപ്പെടുത്തലും. ഭൂമിയിലെ ഓരോ ജനസമൂഹവും പഠിക്കേണ്ട ജലപാഠം എന്ന നിലയിലും ഇതിന് ഏറെ പ്രധാന്യമുണ്ട്.
16-ാം ഉച്ചകോടി മുന്നോട്ട് വെച്ച ആദ്യത്തെ 'ആഗോള വരൾച്ചാ പ്രതിരോധ ഭരണം' (Global drought resilience governance) എന്നത് വരാനിരിക്കുന്ന നാളുകളെ സംബന്ധിച്ചിടത്തോളം നിർണ്ണായകമാകുന്നു. ഓരോ ദേശരാഷ്ട്രത്തിനും സമൂഹത്തിനും (196 രാജ്യങ്ങളും യൂറോപ്യൻ യൂണിയനും പങ്കെടുക്കുന്ന വരൾച്ച ഉച്ചകോടി) ഏറ്റവും പ്രധാനമാണ് ഇത്, ഒപ്പം നിർണ്ണായകവും. മനുഷ്യരുടെ ജലനയങ്ങൾ ലോകത്തിലെ മനുഷ്യരെ മാത്രമല്ല മറ്റ് ജീവജാലങ്ങളുടെ ജീവിതത്തെയും നിർണ്ണയിക്കുന്നു. 2050 ആകുമ്പോഴേക്കും ലോകത്തിലെ നാലിൽ മൂന്ന് ജനങ്ങളെയും ബാധിക്കുന്ന ഒന്നായിട്ടാണ് ഈ വരൾച്ച കടന്നു വരുന്നത് എന്നും നമ്മൾ ഓർക്കേണ്ടതുണ്ട്. ഇപ്പോൾ തന്നെ ഭൂമിയുടെ 40 ശതമാനം ജലവും മലിനമായ അവസ്ഥയിലാണ്. കൃഷി നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണ് വരൾച്ച പ്രശ്നം. ഒപ്പം, ഭക്ഷ്യ സുരക്ഷയുടെ ചോദ്യവും ഉയരുന്നു.
2000 മുതൽ ഉള്ള 'വരൾച്ചയുടെ വളർച്ച' എന്നത് മുപ്പത് ശതമാനമാണെന്ന് കണക്കുകള്‍ കാണിക്കുന്നു. ലോകത്തിലെ 180 കോടി ജനങ്ങളെ ഇത് നേരിട്ട് ബാധിക്കും. ലോകം അനിവാര്യമായും ചിന്തിക്കേണ്ടി വരുന്ന ജീവൽപ്രശ്‌നമായി ഇത് മാറുന്നു. ഇതിന് നിയമപരമായി ബാധ്യതയുള്ള കരാർ ഉണ്ടാക്കുകയെന്നത് എന്ന കാര്യത്തില്‍ റിയാദിൽ നടന്ന ഉച്ചകോടി പരാജയപ്പെട്ടു. എങ്കിലും ലോക വരൾച്ച ഭൂപടം (Global drought atlas) ഒരു ദേശീയ വരൾച്ചയെ നേരിടുന്നതിനുള്ള പദ്ധതിക്ക് അടിവരയിടുന്നു എന്നത് കൊണ്ട് തന്നെ മംഗോളിയയിൽ നടക്കുന്ന അടുത്ത കോപ് 17 -ൽ മരുഭൂവൽക്കരണം പ്രധാനപ്പെട്ട ഒരു വിഷയമായി കടന്നുവരുമെന്ന് തീർച്ച.
കാലാവസ്ഥാ വ്യതിയാനത്തോടൊപ്പം പരിഗണിക്കണം ജൈവ വൈവിധ്യ സംരക്ഷണത്തെയും
അന്തർദേശീയ സഹകരണം
ഭക്ഷ്യസുരക്ഷയ്ക്കും കാലാവസ്ഥ പൊരുത്തപ്പെടലിനും ഒഴിച്ചു കൂടാത്തതാണ് അന്തർദേശീയ സഹകരണമെന്ന്, മരുഭൂവൽക്കരണത്തിന് എതിരെയുള്ള കോപ് 16 അടിവരയിടുന്നു. പ്രതിവർഷം 300 ബില്യൺ ഡോളർ അത്യാവശ്യമാകുന്ന ഒരു യാഥാർത്ഥ്യം കൂടിയാണിത്. കൃഷിയെയും ഊർജ്ജത്തെയും ജലസുരക്ഷയെയും ആപൽക്കാരമായി ബാധിക്കുന്ന ഒന്ന് കൂടിയാണ് ഈ ഉച്ചകോടി. കോപ് 16 -ന്‍റെ റിപ്പോർട്ടുകൾ ലോക വരൾച്ച ഭൂപടവും വരൾച്ചാ പ്രതിരോധത്തിൻ്റെ സാമ്പത്തിക ശാസ്ത്രവും വരച്ചു കാട്ടുന്ന വസ്തുതകളാണ്.
ഈ കാലാവസ്ഥ സമ്മേളനതിന്‍റെ ഭാഗമായി പങ്കെടുത്ത് കൊണ്ട് റിയാദിൽ FA0 -യുടെ (Food and agriculture organisation) നേതൃത്വത്തിൽ നടന്ന കൂടിച്ചേരൽ, കഴിഞ്ഞ മൂന്ന് ദശകങ്ങളിലെ റിയോ സമ്മേളനത്തിന്‍റെ പുരോഗതിയും പ്രശ്നങ്ങളും പരിഹാരങ്ങളുമാണ് ചർച്ചാ വിഷയമാക്കിയത്. മൊത്തം ജനസംഖ്യാ വർദ്ധനവില്‍ കുറവുണ്ടെങ്കിലും ഇന്നും ഭക്ഷ്യ - കാർഷിക പ്രശ്നം സങ്കീർണ്ണമാകുന്ന ഒരു ലോകമാണ് നമ്മുക്ക് മുന്നിലെ യാഥാർത്ഥ്യം. അതുകൊണ്ട് തന്നെ ജൈവ വൈവിധ്യത്തെയും കാലാവസ്ഥ വ്യതിയാനത്തെയും മുൻനിർത്തി കൊണ്ട്, ഭൂമിയുടെ സമ്പുഷ്ടതയും ഗുണനിലവാരവും തരംതാഴുന്നു പോകുന്ന അവസ്ഥയെയും പരിഗണിച്ച് സമഗ്രമായ ഒരു കാർഷിക ഭക്ഷ്യ പരിഹാരം കണ്ടെത്തേണ്ടി വരുന്ന അവസ്ഥയാണ് ഇന്ന് നമ്മുക്ക് മുന്നിലുള്ളത്.
യുഎൻ വാർത്തയുടെ അടിസ്ഥാനത്തിൽ കോപ് 16 -ന്‍റെ നേട്ടങ്ങൾ, ഒരു രാഷ്ട്രീയ പ്രസ്താവനയും 39 തീരുമാനങ്ങളുമാണ്. ഒരു അന്തർദേശീയ വരൾച്ചാ പ്രതിരോധ നിരീക്ഷണ ശാലയുടെ ആദിരൂപം. ഒപ്പം, ആദ്യത്തെ കൃത്രിമ ബുദ്ധിയെ (Artificial Intelligence) അടിസ്ഥാനമാക്കിയ അന്തർദേശീയ വേദി കൂടിയാണിത്. കഠിന വരൾച്ചയെ മനസ്സിലാക്കാനും നിരീക്ഷിക്കാനുമുള്ള ഇടം. അതോടൊപ്പം, കഠിന വരൾച്ചയോട് ചേർന്ന് ഏങ്ങനെ അതിജീവനം സാധ്യമാകുമെന്ന അന്വേഷണങ്ങള്‍ക്ക് കൂടിയുള്ള ഇടമെന്ന നിലയിലും ഈ ഉച്ചകോടി ഏറെ പ്രധാന്യമര്‍ഹിക്കുന്നു.
തദ്ദേശീയ ജനവിഭാഗങ്ങളും വരൾച്ചയും
Business for land initiative എന്ന പേരിൽ സ്വകാര്യ മേഖലയുടെ സമാഹരണവും കോപ് 16 ലക്ഷ്യമാക്കുന്നു. ഭൂമിയുടെ സുസ്ഥിര വികസനവും, ജല ആസൂത്രണവുമാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്. മറ്റൊന്ന്, തദ്ദേശീയ ജനവിഭാഗങ്ങൾക്കും പ്രാദേശിക സമുദായങ്ങൾക്കും വേണ്ടി നിയുക്തമാകുന്ന ഒരു കൂട്ടായ്മ (designated caucus) കൂടിയാണ് കോപ് 16. ഇത്തരം തദ്ദേശീയ ജനവിഭാഗങ്ങളുടെ വരൾച്ചയെ കുറിച്ചുള്ള തനതായ വീക്ഷണങ്ങൾ ഉൾക്കൊള്ളുന്നതും അവരുടെ പ്രതിനിധാനം ഉൾപ്പെടുന്നതുമാണ് കോപ് 16.
ഓസ്ട്രേലിയയുടെ തദ്ദേശീയ ജനവിഭാഗത്തിന്‍റെ പ്രതിനിധി ഒലിവർ ടെസ്റ്റർ ഈ നിയുക്ത കൂട്ടായ്മയെ കുറിച്ച് സംസാരിച്ചത്, 'ഇന്ന് ചരിത്രം നിർമ്മിക്കപ്പെട്ടു' എന്നാണ്. ഭൂമിയെ (mother earth) സംരക്ഷിക്കാനുള്ള പ്രവർത്തനത്തിൽ തങ്ങളുടെ പ്രവർത്തനങ്ങളും അംഗീകരിക്കപ്പെട്ടു എന്ന ആത്മവിശ്വാസത്തിന്‍റെ പ്രതിഫലനം ആ വാക്കുകളിൽ കാണാം. കാലാവസ്ഥാ വ്യതിയാനത്തിനും മരുഭൂവൽക്കരണത്തിനും എതിരെയുള്ള പ്രവർത്തനങ്ങൾക്കും അതോടൊപ്പം ജൈവ വൈവിധ്യ സംരക്ഷണത്തിനും ഇത്തരം ജനതകളുടെ തദ്ദേശീയമായ അറിവുകളെയും വളരെ പ്രാധാന്യത്തോടെ പരിഗണിക്കുന്നു എന്നത് പ്രധാന്യം അർഹിക്കുന്ന കാര്യമാണ്. ഇത്തരം പ്രതിരോധ പ്രവർത്തനങ്ങളിലുള്ള ഏറ്റവും ശക്തമായ കണ്ണികൾ കൂടിയാണ് ലോകമെങ്ങും ചിതറിക്കിടക്കുന്ന തദ്ദേശീയ, പ്രാദേശിക ജനവിഭാഗങ്ങള്‍.
ഉച്ചകോടികള്‍ പലത്, എങ്ങുമെത്താതെ കരാറുകൾ
2024 -ലെ ഉച്ചകോടിയും ചേർത്ത് ഇത് നാലാം തവണയാണ്, വ്യക്തവും നിയമപരവുമായ ഒരു കരാറിൽ എത്താതെ, ഫലമില്ലാത്ത അവസ്ഥയില്‍ ഇത്തരം അന്തർദേശീയ ഉച്ചകോടികൾ അവസാനിക്കുന്നത്. 1993 മുതൽ തുടക്കമിട്ടതാണ് ബ്രസീലിലെ റിയോ ഉച്ചകോടി (കാലാവസ്ഥ വ്യതിയാനം, ജൈവ വൈവിധ്യ നാശം, മരുഭൂവൽക്കരണത്തിനെതിരെയുള്ള പോരാട്ടം എന്നിവയായിരുന്നു അന്നത്തെ വിഷയം). അതിന് പുറത്തുള്ള ഒരു അന്തർദേശീയ സമ്മേളനം ബുസാനിൽ നടന്ന അന്തർദേശീയ പ്ലാസ്റ്റിക് മലിനീകരണത്തിന് എതിരെയുള്ള ഉച്ചകോടിയാണ്. വൻ രാഷ്ട്രങ്ങളും ചെറു രാജ്യങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലുകൾ വ്യക്തമാക്കുന്നതായിരുന്നു ഇത്തരം ഉച്ചകോടികളുടെ പൊതു സ്വഭാവം. സാമ്പത്തിക സഹായം ചെറുരാഷ്ട്രങ്ങളെ സംബന്ധിച്ചിടത്തോളം അനിവാര്യമാണ്. അതിന് ഒന്നാം ലോകരാജ്യങ്ങള്‍ക്ക് ചരിത്രപരവും ധാർമ്മികവുമായ ഉത്തരവാദിത്വമുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിന്‍റെ കാലത്ത് ഇത്തരം ചെറു രാജ്യങ്ങളുടെ അതിജീവനം ഒരു വലിയ മനുഷ്യാവകാശ പ്രശ്നമായി ഉയർന്നുവരുന്നു.
തിരിച്ച് പിടിക്കേണ്ട യുദ്ധങ്ങൾ
അതിവേഗം നഷ്ടമായി വരുന്ന മണ്ണിന്‍റെ ആരോഗ്യം, അത് എങ്ങിനെ തിരിച്ചു പിടിക്കാൻ കഴിയുമെന്നത് ഏറ്റവും കൂടുതൽ ഉയർന്നു വരുന്ന ചോദ്യമാണ്. കടുത്ത വരൾച്ചയുടെ പിടിയിലേക്ക് പോകുന്നത്, മണ്ണിന്‍റെ നനവ് കുറയുന്നത് ഒക്കെ തടയുക എന്നതിന് കേവലം രാഷ്ട്രീയ പ്രസ്താവന മാത്രം പോര എന്നുള്ളതാണ് വാസ്തവം. മണ്ണിനെ കേന്ദ്രീകരിക്കുന്ന ഒരു ജീവിത രീതിയെ കുറിച്ചുളള ചിന്തകളും പ്രയോഗങ്ങളും വേണ്ടി വരുന്ന ഒരു ജൈവ രാഷ്ടീയ ജീവിതം കൂടിയാണത്.
ആധുനിക കൃഷി രീതി ആശ്രയിച്ചിരിക്കുന്നത്, ഓയിലിനെയാണ് (Oil) അല്ലാതെ മണ്ണിനെയല്ല എന്നാണ് സുസ്ഥിര ക്യഷിയുടെ വിദഗ്ദ്ധയായ അന്ന ക്രിസിവോയ്സിൻസ്കയുടെ പ്രധാന വിമർശനം. ഇത് തന്നെയാണ് നമ്മൾ ഇന്ന് നേരിടുന്ന പ്രധാന പ്രശ്നവും. മണ്ണിന്‍റെ ആരോഗ്യം വർഷം തോറും നഷപ്പെടുകയാണ്. ഇന്ത്യയുടെ ഭൂവിസ്തൃതിയോളം വരുന്ന ഉപയോഗ ശൂന്യമായ വരണ്ട ഭൂമിയാണ് രൂപം കൊണ്ടിരിക്കുന്നത് എന്നാണ് ഒരു UNCCD -യുടെ റിപ്പോർട്ട്. എത്ര ഗൗരവതരമായ അവസ്ഥയെയാണ് നമ്മൾ നേരിടാന്‍ പോകുന്നതെന്ന് ഈ റിപ്പോർട്ട് വ്യക്തമാകുന്നു. മരുഭൂവൽക്കരണത്തെ നേരിടുക എന്നുള്ളത് ഇന്ന് മനുഷ്യന്‍റെ, മറ്റ് ജീവജാലങ്ങളുടെ നിലനില്‍പ്പിന്‍റെ കൂടി ആവശ്യമായി മാറുന്നു. വ്യവസായവൽക്കരണത്തിന് ശേഷം ലോകമെങ്ങും വ്യാപകമായ രാസവള കൃഷിരീതിയും ഇവിടെ പ്രാധാന വിമർശന വിഷയമായി മാറുന്നതും ഇക്കാരണങ്ങള്‍ കൊണ്ട് തന്നെയാണ്.