കേരളത്തെ, ഇന്ത്യ ഭയക്കുന്നൊരു ഭാവി നമുക്ക് ഉണ്ടാവരുത്..

By Web Team  |  First Published May 5, 2019, 12:40 PM IST

സാമൂഹ്യജീവിതത്തില്‍ നിന്നും മാറിനിന്നു കൊണ്ടുള്ള തീവ്ര മതചിന്തകള്‍ ഈ കൊച്ചു കേരളത്തില്‍ ഒരുനാള്‍ ആല്‍മരം പോലെ ഉയര്‍ന്നു പൊങ്ങിയതല്ല. അത്തറും കിടക്കയും വന്ന കാറുകളുടെ പിന്‍സീറ്റില്‍ വന്ന അനേകായിരങ്ങളില്‍ ചിലരുടെ മനോചിന്തകള്‍ക്ക് മുമ്പില്ലാത്തൊരു വ്യതിയാനം തൊണ്ണൂറുകള്‍ക്ക് ശേഷം ഉണ്ടായിരുന്നു.


കേരളത്തെ ഇന്ത്യ ഭയക്കുന്നൊരു ഭാവി നമുക്ക് ഉണ്ടാവരുതെന്ന് മനസ്സിരുത്തി ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍. അങ്ങനെയൊരു ഭയപ്പാടിന് മാത്രം ഈ മലയാളമണ്ണില്‍ എന്ത് ഭയാനക മാറ്റമാണ് സംജാതമായിട്ടുള്ളത് എന്നൊരു സംശയം ഈ ഒരു തലക്കെട്ട്‌ കാണുമ്പോള്‍ നിങ്ങള്‍ക്ക് ഉണ്ടായിട്ടുണ്ടാവും. ചില കോണുകളില്‍ നിന്ന് കാശ്മീരല്ല, കേരളമാണ് മതതീവ്രതയുടെ അഗ്നിപര്‍വ്വതമായി പുകഞ്ഞുകൊണ്ടിരിക്കുന്നതെന്ന അലയൊലികള്‍ ഉയര്‍ന്നു വന്നിട്ടുമുണ്ട്. ഇന്നലെവരെ കാണാത്ത രീതിയില്‍ ജനങ്ങളുടെ ദൈനംദിന ജീവിതത്തില്‍ ഭക്തിയുടെയും മതത്തിന്‍റെയും പേരില്‍ തീവ്രമായ ഇടപെടലുകള്‍ ഉണ്ടാവുമ്പോള്‍ അത് ആത്മീയതയുടെ പ്രതിരൂപമായല്ല മറിച്ച് സാമൂഹ്യ സുരക്ഷയുടെ വിഷയമായി ലോകത്തിന് അഭിമുഖീകരിക്കേണ്ടി വന്നിട്ടുള്ള സാഹചര്യത്തിലാണ് ഇത്തരം ആശങ്കകള്‍ നമുക്കിടയില്‍ രൂപപ്പെടുന്നത്. 

Latest Videos

undefined

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിദ്യാഭ്യാസവും സാംസ്കാരിക ഔന്നത്യവുമുള്ള ഒരു ജനത വസിക്കുന്ന ഈ ഒരു സംസ്ഥാനത്തില്‍ വന്ന പ്രകടമായ മാറ്റങ്ങളെ അനുഭവത്തിന്‍റെ വെളിച്ചത്തില്‍ ഉള്‍ക്കൊണ്ടുകൊണ്ട് ചിലത് പറയാതെ മാറി നില്‍ക്കാനാവില്ല. ആ അനുഭവങ്ങളില്‍ ചിലത് പറയുന്നതിന് മുമ്പ് ഒരു മുഖവുര ഇവിടെ ആവശ്യവുമാണ്‌..

എവിടെ നിന്നാണ് അതിന്‍റെ തുടക്കം?

എഴുപത് കാലങ്ങളില്‍ ഗള്‍ഫില്‍ പോയി വന്നവര്‍ തിരിച്ചു കൊണ്ടുവന്നത് ബെല്‍ബോട്ടം പാന്‍റും, മുള ബെല്‍റ്റും, സില്‍ക്ക് സാരികളും മുല്ലപ്പൂവിന്‍റെ സ്പ്രേയും, നാഷണല്‍ പാനാസോനികിന്‍റെ കാസറ്റ് പ്ലെയറുമായിരുന്നു. ഗള്‍ഫ്കാരന്‍റെ പെട്ടിയും സ്പോഞ്ചിന്‍റെ കിടക്കയും കാരിയറില്‍ കെട്ടിവെച്ചു കടന്നുപോകുന്ന കാറുകള്‍ കണ്ട് കൂട്ടുകാരോടൊപ്പം ആര്‍ത്തുവിളിച്ച ദിനങ്ങള്‍ ഇന്നും എനിക്ക് ഓര്‍മ്മയുണ്ട്. നിവ്യക്രീമും, ജന്നാത്തുല്‍ ഫിര്‍ദൌസ് അത്തറും, ചെമ്പരത്തിക്കളറുള്ള ഷാമ്പുവും, മാല്‍ബറോ സിഗരറ്റും കുടുംബത്തില്‍ കൊടുക്കേണ്ട കുപ്പായത്തുണികളുടെ കെട്ടും, പൂക്കളുള്ള ലുങ്കിയും നിറഞ്ഞ പെട്ടികള്‍ ഗള്‍ഫിന്‍റെ  അനുഗ്രഹമായി ഓരോ വീട്ടിലും കടന്നു വന്നിരുന്നു.

അന്നും ഇവിടെ മതം പഠിപ്പിക്കുന്ന സ്കൂളുകള്‍ ഉണ്ടായിരുന്നു, മദ്രസകള്‍ ഉണ്ടായിരുന്നു, അബായ ധരിക്കാത്ത തല പൂര്‍ണ്ണമായി മറക്കാത്ത, സ്ത്രീകളുള്ള ആയിരക്കണക്കിന് മതപ്രഭാഷണ പരമ്പരകളില്‍ മൌലവിമാര്‍ പ്രസംഗിച്ചു പോയിരുന്നു. കേരളസംസ്കാരത്തിന്‍റെ അവിഭാജ്യഘടകമായി നിലനിന്നു പോരുന്ന, സൌത്ത് ഏഷ്യയില്‍ ആദ്യമായി പേരുകേട്ട ‘മാപ്പിള’സമുദായത്തിലെ ഉയര്‍ന്ന മാനവികാബോധമുള്ള ഒരു തലമുറയായിരുന്നു അവരെ പ്രതിനിധീകരിച്ചിരുന്നത്. 

മുഹമ്മദ്‌ നബിയുടെ താവഴിയില്‍ നിന്ന് വന്നുവെന്ന് അവകാശപ്പെടുന്ന തങ്ങള്‍മാരും, അറബ് വംശജരായ ഭട്ട്കല്‍കാര്‍ എന്നറിയപ്പെടുന്ന വട്ടക്കൊളികളും, വണിക്കുകളായ ലബ്ബൈകളും, പരപ്പനങ്ങാടിയിലെ നഹാസുകളും, കുഞ്ഞാലി മരക്കാര്‍മാരും, തലശ്ശേരിയിലെ കേയികളും, കോഴിക്കോട്ടെ കോയമാരും, മഞ്ചേരിയിലെ കുരിക്കള്‍മാരും, കൊച്ചിയിലെ നൈനാര്‍മാരും, പാലക്കാടെ റാവുത്തര്‍മാരും, കാസര്‍ഗോഡ്‌ മാലിക് ദിനാറിനെ പിന്‍പറ്റി ജീവിച്ചുപോന്ന തളങ്കര താബികളും തുടങ്ങി ഒട്ടനേകം ഉപവിഭാഗങ്ങള്‍ ഉള്‍പ്പെടുന്ന ഒരു സമുദായം ഈ മലയാളമണ്ണില്‍ ഇതര സമുദായങ്ങളില്‍ നിന്ന് മതപരമായ ഒരു ദൂരത്തണല്‍ കാംക്ഷിച്ച് ജീവിച്ചവരായിരുന്നില്ല. ഈ മണ്ണിന്‍റെ ഭക്ഷണം, ഈ മണ്ണില്‍ നെയ്തെടുത്ത വസ്ത്രം, ഓരോ പ്രദേശത്തെ ഭൂരിപക്ഷത്തിനും ഒരേ ഗുരുക്കന്മാരുടെ വിദ്യാഭ്യാസം, അന്ന് നാട് ജീവിച്ച നാള്‍വഴികള്‍ അങ്ങനെയായിരുന്നു.

പതിനെട്ടാം നൂറ്റാണ്ടിലെ തിരുവിതാംകൂറിലെ മുസ്ലിംകളെക്കുറിച്ച് ആ കാലയളവില്‍ ജീവിച്ചിരുന്ന സാമുവല്‍മേറ്റീര്‍ “ദ നേറ്റീവ് ട്രാവന്‍കൂറില്‍” എഴുതിയത് അവര്‍ നാമം കൊണ്ട് മാത്രം മുസ്ലിം സമുദായമായി കാണപ്പെടുന്നുവെന്നാണ്. വസ്ത്രവിധാനങ്ങള്‍ കൊണ്ടും സംസ്കാരം കൊണ്ടും ജീവിതം കൊണ്ടും ഈ മണ്ണില്‍ അലിഞ്ഞു ചേര്‍ന്ന ഏകദൈവ വിശ്വാസികളായിരുന്നു അന്നത്തെ മുസ്ലിങ്ങള്‍. അവര്‍ ജമാഅത്തെന്നോ, സലഫിയെന്നോ, സുന്നിയെന്നോ എന്നറിയപ്പെടുന്നതിന് പകരം കുടുംബപ്പേരുകളിലും ജീവിതപ്പെരുമാറ്റത്തിലും ജനയിടങ്ങളില്‍ അറിയപ്പെട്ടും ബഹുമാനിക്കപ്പെട്ടും ജീവിച്ചുപോന്നു.

സാമൂഹ്യജീവിതത്തില്‍ നിന്നും മാറിനിന്നു കൊണ്ടുള്ള തീവ്ര മതചിന്തകള്‍ ഈ കൊച്ചു കേരളത്തില്‍ ഒരുനാള്‍ ആല്‍മരം പോലെ ഉയര്‍ന്നു പൊങ്ങിയതല്ല. അത്തറും കിടക്കയും വന്ന കാറുകളുടെ പിന്‍സീറ്റില്‍ വന്ന അനേകായിരങ്ങളില്‍ ചിലരുടെ മനോചിന്തകള്‍ക്ക് മുമ്പില്ലാത്തൊരു വ്യതിയാനം തൊണ്ണൂറുകള്‍ക്ക് ശേഷം ഉണ്ടായിരുന്നു. അതിനു കാരണമാവുന്ന രാഷ്ട്രീയ സാമൂഹ്യമാറ്റങ്ങളും ഈ മണ്ണില്‍ അപ്പോഴേക്കും വേര് പിടിച്ചിരുന്നു. 

പൊതുവിദ്യാഭ്യാസ ധാരയില്‍ നിന്നും വിഭിന്നമായി കൂണുകള്‍ പോലെ മുളച്ചു പൊന്തിയ മതാടിസ്ഥാനത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും, രാഷ്ട്രീയ സംഘട്ടനങ്ങളെ പ്രതിരോധിക്കാനെന്നും, മതം അപകടത്തിലാണെന്ന് പ്രസ്താവിച്ചും രൂപം കൊണ്ട സംഘടനകളും ‍ മറുഭാഗത്ത് അവരവരുടെ പ്രവര്‍ത്തനങ്ങളില്‍ മുഴുകിപ്പോന്നു. ഔപചാരിക മത വിദ്യാഭ്യാസത്തിന് പുറമെയുള്ള പ്രബോധനക്ലാസുകളും 'എന്‍റേത് മാത്രം ഉത്തമം' എന്ന കൈയ്യൊപ്പ് ചാര്‍ത്തിയ സ്നേഹസംവാദങ്ങളും അറിവ് പകരുന്നതിനു പകരം സ്വസമുദായത്തിലും സഹസമുദായത്തിലും അകല്‍ച്ചയുടെ പുതിയ വരമ്പുകള്‍ സൃഷ്ടിച്ചു. 

അതോടൊപ്പം കടല്‍ കടന്ന് മതം “പണമായി” പറന്നു വന്നപ്പോള്‍ കേരളം നിറഞ്ഞു നിന്നിരുന്നൊരു സമുദായം അവരവരുടെ സംഘടനകളിലേക്ക് ചുരുങ്ങി പുതിയൊരു സാമൂഹ്യക്രമത്തിനു രൂപം കൊടുത്തു. മാറിയ സാമൂഹ്യക്രമത്തിന്‍റെ വര്‍ഷങ്ങളായുള്ള തുടര്‍ച്ചയില്‍ എനിക്കുണ്ടായ അനുഭവങ്ങളാണ് ഇനി പറയാന്‍ പോകുന്നത്. ഞാന്‍ ജനിച്ചു വളര്‍ന്ന മതം കണ്ണ് മൂടിക്കെട്ടുന്ന നാല് വയസ്സുള്ള കുഞ്ഞുപെങ്ങളില്‍ നിന്നും എത്രയോ പിന്നോട്ട് പോയിരിക്കുന്നു. നിങ്ങളുടെ കണ്ണില്‍ ഇരുണ്ട കുപ്പായങ്ങളേയുള്ളൂ, ആ കുപ്പായങ്ങള്‍ക്കുള്ളില്‍ മതവും മനുഷ്യരും മരിച്ചുകൊണ്ടേയിരിക്കുന്നത് നിങ്ങള്‍ കാണുന്നേയില്ല.

1. ബോംബെയില്‍ വര്‍ഷങ്ങളോളം എന്നോടൊപ്പം ജീവിച്ച ഒരു നാട്ടുകാരന്‍ സുഹൃത്ത്, ആധുനിക ജീവിതത്തിന്‍റെ എല്ലാ സുഖഭോഗങ്ങളും അനുഭവിച്ചു പറന്നു നടന്നവന്‍. വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടില്‍ ഞാന്‍ വന്നെന്നറിഞ്ഞ് മക്കളെയും കൂട്ടി വീട്ടില്‍ വന്നു. അവന്‍റെ മൂന്നു പെണ്‍കുട്ടികളും മുഖംമൂടിയുള്ള വസ്ത്രങ്ങളാല്‍ പൊതിഞ്ഞു നില്‍പ്പുണ്ട്. ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളുടെ മക്കളോട് സംസാരിക്കുമ്പോഴും സംഭാഷണത്തില്‍ ഒരു മനസ്സ് എനിക്ക് മിസ്സ്‌ ചെയ്യുന്നുണ്ടായിരുന്നു. മൂന്നുപേരും പഠനത്തില്‍ മിടുക്കികളാണെന്ന് അവരുടെ ഉമ്മ പറഞ്ഞപ്പോള്‍ മൂത്ത കുട്ടിയോട് മെഡിസിന്‍ ആണോ ഉദ്ദേശം എന്ന് ഞാന്‍ ചോദിച്ചു. എടുത്തടിച്ച പോലെയായിരുന്നു അവളുടെ മറുപടി. “മെഡിസിന് പോവൂല, അതിനു പോയാല്‍ അന്യപുരുഷന്മാരുടെ ദേഹത്ത് തൊടേണ്ടി വരും.”

കാല്‍നൂറ്റാണ്ടിലേറെയായി സമുദ്രസഞ്ചാരിയായി ഒഴുകുന്ന എനിക്ക് അലയടിച്ചമറുന്ന സമുദ്രങ്ങളൊന്നും ഇത്തരം ഒരു ഷോക്ക് തന്നിട്ടുണ്ടായിരുന്നില്ല. സ്വന്തം മകള്‍ അത് പറയുമ്പോഴും ആ രക്ഷിതാക്കള്‍ അതൊന്ന് തിരുത്തിക്കൊടുക്കാന്‍ പോലും തുനിഞ്ഞിരുന്നില്ല. ഇളയവരായ മറ്റ് രണ്ടുപേരും ആ കേട്ടതിന്‍റെ ശരിയിലാണ് അവരുടെ ഭാവി കെട്ടിപ്പടുക്കുന്നതും.

2. ദുബായില്‍ അടുത്ത സുഹൃത്തിന്‍റെ മകളുടെ കല്യാണത്തിന് കുടുംബത്തില്‍ ചിലര്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ ബന്ധക്കാരെയൊക്കെ കണ്ടോ എന്ന് ഞാന്‍ അവരോട് ചോദിച്ചു.

അതിന് ബന്ധക്കാരോക്കെ ഒന്നിച്ചിരുന്നിട്ട് വേണ്ടേ അവരെയൊക്കെ കാണാന്‍ എന്ന് മറുപടി. വരനും ക്ഷണിക്കപ്പെട്ട പുരുഷന്മാരും ഒരു ഓഡിറ്റോറിയത്തിലും വധുവും ക്ഷണിക്കപ്പെട്ട സ്ത്രീകളും മറ്റൊരു സ്വകാര്യ സ്ഥലത്തുമായാണ് ആ കല്ല്യാണം നടന്നത്. പരപുരുഷന്മാര്‍ സ്ത്രീകളെ കണ്ടുപോവരുതെന്ന് അവര്‍ക്ക് വളരെ നിര്‍ബന്ധമുണ്ടായിരുന്നത്രെ.

3. വര്‍ഷങ്ങള്‍ക്ക് ശേഷം നേരില്‍ കാണാന്‍ അവസരം കിട്ടിയ അളിയനെയും കൂട്ടി ഭാര്യയോടൊപ്പം മറ്റ് കസിന്‍സുമായി മാഹിയില്‍ ഒരു കല്ല്യാണം കൂടാന്‍ പോയി. കുടുംബക്കാരൊക്കെ ഒന്നിച്ച് ഭക്ഷണത്തിന് ഇരുന്നപ്പോള്‍ എന്‍റെ ഭാര്യയും കൂടെ ഉണ്ടായിരുന്നു. പിന്നെ അതായിരുന്നു പൊല്ലാപ്പ്, സ്ത്രീകള്‍ പുരുഷന്മാരുടെ കൂടെയിരുന്ന് ഭക്ഷണം കഴിക്കാന്‍ പാടില്ല, അവര്‍ക്ക് വേറെ പന്തലുണ്ട്. 'അവളുടെ ചേട്ടന്‍റെ കൂടെയും ഭര്‍ത്താവിന്‍റെ കൂടെയും ഇരുന്നു ഭക്ഷണം കഴിക്കുന്നതില്‍ നിങ്ങള്‍ക്കെന്താണ് മാഷേ പ്രശ്നം?' എന്ന് ചോദിച്ചു സീന്‍ കൊണ്ട്രയാക്കാതെ നോക്കേണ്ടിവന്നു. 

ഇതില്‍ തന്നെ പല വീടുകളിലും കല്യാണവീട്ടില്‍ പുരുഷന്മാര്‍ കയറുന്ന മുന്‍വഴികളിലൂടെ സ്ത്രീകള്‍ കയറിയാല്‍ തിരിച്ചു പറഞ്ഞയച്ച് അടുത്തവീട്ടിലെ പറമ്പിലൂടെ പിറകില്‍ എത്തിക്കും. അതിനായി ബോര്‍ഡ് വെച്ചിട്ടുള്ള ഒട്ടേറെ വീടുകളില്‍ പോവുമ്പോള്‍ ഇതേത് ലോകത്താണ് നമ്മള്‍ വന്നതെന്ന് തോന്നിപ്പോവും. ഇത് ഇപ്പഴും നിര്‍ബാധം തുടരുന്നുണ്ട്.

4. ഒരു തബ്ലീഗ് പ്രചാരകനുണ്ട്. വര്‍ഷം ഒമ്പതായിട്ടും ഇന്നേവരെ അയല്‍വാസികളായ സ്ത്രീകളുടെ മുഖത്ത് നോക്കുകയോ ഒരക്ഷരം പോലും ഉരിയാടുകയോ ചെയ്യാത്തൊരാള്‍. കോളേജില്‍ അടിച്ചു പൊളിച്ചു നടന്ന യുവാവായിരുന്നു അയാള്‍. പ്രേമിച്ചതോ ക്രിസ്ത്യന്‍ പെണ്‍കുട്ടിയെയും, വിവാഹത്തിന് ശേഷം ആ യുവതിയെ മതം മാറ്റം നടത്തി. വര്‍ഷങ്ങള്‍ക്ക് ശേഷം ഇദ്ദേഹം തബ്ലീഗില്‍ പോയി ജീവിതം ആകെ മാറി. ഇതിലൊന്നും താല്പര്യം ഇല്ലാതിരുന്ന മകനെ ഒരിക്കല്‍ കാശ്മീരില്‍ ഒരു ജമാഅത്തിന് പറഞ്ഞയച്ചു തിരിച്ചു വന്നപ്പോള്‍ അവനും കളംമാറി ജനങ്ങളോട് അടുക്കാതായി. ആ പയ്യന്റെ മാറ്റത്തിന്‍റെ ഏറ്റവും ഭീകരത കണ്ടത് അമ്പത് വയസ്സ് പ്രായമുള്ള ജനങ്ങളുമായി നന്നായി ഇടപഴകുന്ന അവരുടെ ഉമ്മയെ വീടിന്‍റെ അകത്തേക്ക് ഓടിക്കുന്നതാണ്. പരപുരുഷന്മാര്‍ ഉമ്മയെ കാണും, അതുകൊണ്ട് പുറത്തേക്ക് ഇറങ്ങരുത് എന്നൊരു താക്കീതും ആ ഉമ്മാക്ക് കൊടുത്തു.

5. നന്നായി പഠിക്കുന്ന പെണ്‍കുട്ടികളെ കോളേജുകളില്‍ നേരിട്ടയക്കാതെ വീട്ടില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസം കൊടുക്കുന്ന ഒട്ടേറെ രക്ഷിതാക്കള്‍ ഇന്ന് നാട്ടിലും ഗള്‍ഫിലുമുണ്ട്. പെണ്‍കുട്ടികള്‍ ഒരു പ്രായം കഴിഞ്ഞ് പുറത്തിറങ്ങിയാല്‍ അപകടമാണെന്നുള്ള സായാഹ്നക്ലാസുകളാണ് അതിന്‍റെ മുഖ്യകാരണം.

പരമ്പരാഗത സുന്നിയായ മൂത്ത സഹോദരന്‍ നമസ്കാരത്തിന് നേതൃത്വം കൊടുത്താല്‍ പിന്തുടരാതെ മാറി നിന്ന് നമസ്കരിക്കുന്ന സലഫി അനുജന്‍ കുടുംബങ്ങളില്‍ ഉണ്ടാക്കുന്ന പിരിമുറുക്കം ചെറുതൊന്നുമല്ല. അവരുടെ സഹോദരി അത് പറഞ്ഞു കരയുമ്പോള്‍ ഈ സമുദായം ഇന്നെവിടെ ചെന്നെത്തി നില്‍ക്കുന്നുവെന്ന് നമുക്ക് ഊഹിക്കാനെ കഴിയൂ. എഴുത്ത് തുടര്‍ന്നാല്‍ ഈ ലിസ്റ്റ് ഇവിടെക്കൊണ്ടെന്നും അവസാനിക്കില്ല.

നമ്മുടെ സ്വന്തം മണ്ണിലെ ജനങ്ങളെ മാത്രമല്ല, നമ്മുടെ വീട്ടിലെ രക്തബന്ധത്തെയും നമുക്ക് അംഗീകരിക്കാന്‍ പറ്റാത്ത ഒരു ധ്രുവീകരണത്തിലേക്ക് കേരളം മാറിമറിഞ്ഞിരിക്കുന്നു.

6. ഗള്‍ഫില്‍ മകള്‍ക്കൊരു വരനെ കണ്ടെത്താനുള്ള ശ്രമത്തില്‍ ഒരു സുഹൃത്തിന്‍റെ അന്വേഷണം ഒടുവില്‍ ചെന്നവസാനിച്ചത്‌ പള്ളിയില്‍ സ്ഥിരമായി സമയാസമയം പ്രാര്‍ത്ഥനക്ക് വരുന്ന ഒരു ചെറുപ്പക്കാരനിലായിരുന്നു. നല്ല ദീനിബോധമുള്ള യുവാവ്‌, പിന്നെ മറ്റൊന്നും ചിന്തിച്ചില്ല, അയാളെത്തന്നെ മകള്‍ക്ക് വരാനായി തീരുമാനിച്ച് വിവാഹം നടത്തിക്കൊടുത്തു. ഏറെ നീണ്ടുനിന്നില്ല, ഒരുനാള്‍ മകളെയും എന്നെയും അന്വേഷിക്കേണ്ട എന്നൊരു കുറിപ്പ് ശേഷിപ്പിച്ച് അവര്‍ അപ്രത്യക്ഷരായി. ദിവസങ്ങള്‍ക്ക് ശേഷമുള്ള അന്വേഷണങ്ങള്‍ക്കിടയില്‍ എന്‍റെ സുഹൃത്തിന് ലഭിച്ച വിവരം സിറിയയില്‍ വെച്ച് അയാളുടെ മകളുടെ ഭര്‍ത്താവ് കൊല്ലപ്പെട്ടു എന്നുള്ളതാണ്. ആ പെണ്‍കുട്ടിയുടെ ജീവിതം മറ്റൊരു യസീതിക്കഥയായി കേട്ടറിഞ്ഞ ദുരന്തത്തിലായിരുന്നു പിന്നീട് ആ ബാപ്പയുടെ ജീവിതം.

7. പഠനത്തിനിടയില്‍ ജീപ്പോടിച്ചും കൃഷി ചെയ്തും ബിരുദം നേടിയ മറ്റൊരു സുഹൃത്ത് വിവാഹം കഴിഞ്ഞ എന്നെയും ഭാര്യയേയും കാണാന്‍ വന്നത് അവന്‍റെ ഭാര്യയുടെ കൂടെയായിരുന്നു. മോഡേണ്‍ വസ്ത്രം ധരിച്ച് കാറോടിച്ചു വന്നതും അവള്‍ തന്നെ. വളരെ സന്തോഷം നിറഞ്ഞ ഒരു ഫാമിലി. പിന്നീട്, അവന്‍ അവളെയും കൂട്ടി ഗള്‍ഫില്‍ പോയപ്പോള്‍ മതപ്രബോധന ക്ലാസുകള്‍ അവരുടെ ജീവിതത്തന്നെ മാറ്റി മറിച്ചു. മുഖം മൂടിയുള്ള വസ്ത്രധാരണം അവരുടെ രണ്ടു പെണ്‍കുട്ടികള്‍ക്ക് കൂടി ആ സ്ത്രീ നിര്‍ബന്ധമാക്കിയാതൊന്നും എന്‍റെ സുഹൃത്തിന് ഒരു വിഷയമായിരുന്നില്ല. 

പക്ഷെ, അവന്‍റെ ജീവിതത്തിലെ എല്ലാ രംഗത്തും ഒരു വലംകൈ പോലെ നിലനിന്നിരുന്ന അവന്‍റെ സുഹൃത്ത് ഗള്‍ഫില്‍ വന്നപ്പോള്‍ വീട്ടില്‍ വിളിച്ച് ഒരു ഭക്ഷണം കൊടുക്കാന്‍ ആ സ്ത്രീ സമ്മതിച്ചില്ല. അമുസ്ലിങ്ങളെ വീട്ടില്‍ കൊണ്ട് വരരുതെന്നുള്ള അവളുടെ നിര്‍ദ്ദേശത്തിന് മുന്‍പില്‍ ആ സുഹൃത്ത് മുട്ടുകുത്തി. ഇപ്പോഴും സംസാരത്തില്‍ ഗള്‍ഫിലെ മതപഠന ക്ലാസുകള്‍ വരുത്തിവെച്ച ജീവിതപ്രയാസങ്ങള്‍ അയാള്‍ പങ്ക് വെച്ചുകൊണ്ടേയിരിക്കുന്നു.

കോച്ചിംഗ് ക്ലാസുകളാല്‍ ഏറ്റവും എളുപ്പത്തില്‍ ബ്രെയിന്‍വാഷ് ചെയ്യപ്പെടുന്ന ഒരു സമൂഹത്തിനെ വാര്‍ത്തെടുക്കുകയാണ് ഈ സമുദായത്തിലെ ഓരോ സംഘടനകളും. സിറിയയില്‍ പോവാനും പൊട്ടിത്തെറിക്കാനും ദാനം ചെയ്യാന്‍ തയ്യാറായ ശരീരത്തേക്കാള്‍ കൂടുതല്‍ അപകടകാരികളായ മനസ്സുകള്‍ ആരാണിവിടെ സൃഷ്ടിച്ചു വിട്ടതെന്ന ഒരു സ്വയം വിശകലനത്തിന് ഈ സമുദായത്തിലെ ചിന്തിക്കുന്ന തലമുറ ഇനിയെങ്കിലും തയ്യാറാവണം. എന്നാല്‍, ഇതിന്‍റെയൊന്നും ഭാഗമാവാതെ വലിയൊരു മുസ്ലിം വിശ്വാസി സമൂഹം നമ്മുടെ ചുറ്റിലും ജീവിക്കുന്നുണ്ട്. അവര്‍ ഭേദിക്കുന്ന മൗനമായിരിക്കും ഈ സംസ്ഥാനത്തിന്‍റെ ഭാവിയുടെ കരുത്തും കാതലും. 

അല്ലെങ്കിലും മനസ്സിലെ മനുഷ്യന്‍ മരിച്ചിട്ടും മുഖങ്ങളില്‍ നിന്ന് ദൂരം പാലിച്ചിട്ടും ഏത് മതമാണ്‌ നമ്മള്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കാന്‍ പോവുന്നത്? 

click me!