എന്തുകൊണ്ട് പെണ്‍കുട്ടികള്‍ ഈ പുസ്തകങ്ങളൊന്നും വായിക്കേണ്ടതില്ല?

By Rini Raveendran  |  First Published Jun 19, 2019, 5:56 PM IST

അധ്യാപകരുടെ അടുത്ത്, നാട്ടിലെ പരിചയക്കാരായ ലൈബ്രേറിയന്‍മാരുടെ അടുത്ത് ചെന്നാണ് പുസ്തകമെടുക്കേണ്ടത് എന്നതു തന്നെ ഒരുവളുടെ പുസ്തകത്തിന്‍റെ തെരഞ്ഞെടുപ്പുകളെ സ്വാധീനിച്ചു കാണണം. 


വായിക്കാന്‍ വലിയ സാധ്യതകളൊന്നുമില്ലാത്ത ഒരു നാട്ടിന്‍പുറം. ആകെ കിട്ടുന്നത് ആഴ്ചകളില്‍ ഒരു കയ്യില്‍ നിന്ന് മറ്റൊരു കയ്യിലേക്ക് മാറിമാറിപ്പോകുന്ന മ വാരികകളാണ്. മംഗളവും മനോരമയും അതിലെ മനോഹരമായി ചിത്രങ്ങളോട് കൂടി വരുന്ന നോവലുകളുമാണ് അവിടെ വായന. അതുതന്നെ 'അയ്യോ പിള്ളേര് വായിച്ചൂടാ' എന്നും പറഞ്ഞ് അരിപ്പാത്രത്തിലും മേശക്കുള്ളിലും കിടക്കവിരിക്കടിയിലുമെല്ലാം ഒളിപ്പിച്ച് വെക്കുകയായിരുന്നു പതിവ്.

പക്ഷെ, നാട്ടിന്‍പുറത്തെ ഓരോ കുട്ടിയിലും വായിക്കാനുള്ള കൗതുകം വളര്‍ന്നത് ഈ മംഗളം, മനോരമ നോവലുകള്‍ക്കായി കാത്തിരിക്കുന്ന ആര്‍ത്തിയിലൂടെയാണ്. എന്തുകൊണ്ട് കുട്ടികള്‍ വായിച്ചൂടാ എന്നതിനുള്ള കാരണം സിമ്പിളായിരുന്നു. പ്രണയവും കാമവുമെല്ലാം ചേര്‍ത്ത കഥകളായിരുന്നു അവയിലോരോന്നും. അവയ്ക്കു വേണ്ടി വരയ്ക്കുന്ന ചിത്രങ്ങളിലെ പെണ്ണുങ്ങളോ? സ്ലിം ബ്യൂട്ടി കണ്‍സെപ്റ്റിന് മുമ്പായിരുന്നതിനാല്‍ തന്നെ തടിച്ച് മാംസളമായ ശരീരത്തോട് കൂടിയ, നീണ്ട മുടിയുള്ള, ചുവന്നു തുടുത്ത ചുണ്ടും, വിടര്‍ന്ന കണ്ണുമുള്ള പെണ്‍കുട്ടികള്‍.  

Latest Videos

undefined

ഒരിക്കല്‍ പുസ്തകങ്ങളെ കുറിച്ചും മാ വാരികകളിലെ വരകളെ കുറിച്ചും സൗഹൃദക്കൂട്ടത്തില്‍ ചര്‍ച്ച നടക്കവേ, 'അതിലെ പെണ്‍കുട്ടികളെ നോക്കി ഞാനെത്ര സ്വയംഭോഗം ചെയ്തിരിക്കുന്നു' എന്ന് കൂട്ടത്തിലെ ഒരാണ്‍കുട്ടി പറഞ്ഞിരുന്നു. ഏതൊക്കെ തരത്തിലാണ് ഓരോന്നും വായിക്കപ്പെടുന്നത് എന്നാണ് അന്നോര്‍ത്തത്. ഏതായാലും സാഹിത്യലോകത്തിന് മാ വാരികകള്‍ നല്‍കിയ സംഭാവനകള്‍ ചെറുതല്ല. കാരണം, അത് എന്നെപ്പോലെ അസംഖ്യം വായനക്കാരെ ഉണ്ടാക്കിപ്പോന്നു. 

കുറച്ച് ദൂരത്താണ് അന്നൊരു ലൈബ്രറിയുള്ളത്. കുറച്ചധികം നടന്നാലേ എത്തൂ. പെണ്‍കുട്ടികളൊന്നും അത്ര ദൂരം നടന്ന് ചെന്ന് ആ പുസ്തകങ്ങളിലേക്കെത്തുകയുമില്ല. പിന്നെയുള്ളത് സ്കൂള്‍ ലൈബ്രറികളാണ്. അതും കുട്ടികളെ എളുപ്പത്തിലേക്കെത്തിക്കാന്‍ പ്രാപ്തമായിരുന്നില്ല. എന്തു വായിക്കണമെന്നോ, ഏത് വായിക്കണമെന്നോ വലിയ ധാരണകളൊന്നുമില്ലാത്ത കാലം. പത്രം കിട്ടുന്ന വീടുകള്‍ തന്നെ ' ഹൗ റിച്ച്' എന്ന് അറിയപ്പെടുന്ന നാട്ടിന്‍പുറം. ജീവിതത്തിന്‍റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനോടുന്ന കൂലിപ്പണിക്കാരന് എന്ത് പത്രം, എന്ത് വായന? അന്നൊന്നും 'പുസ്തകം തന്നെ ഒരു ലോകമാണ്' എന്ന് പറഞ്ഞു നല്‍കാന്‍ ആരുമുണ്ടായിരുന്നുമില്ല. ഏറ്റവുമധികം അസൂയ തോന്നിയിട്ടുള്ളത് വായിക്കാന്‍ പത്രമുള്ള, എഴുതാന്‍ ഹീറോപ്പേനയുള്ള ഒക്കെ കുട്ടികളോടാണ്. അവരെ ശത്രുക്കളായി കണ്ടിരുന്ന കാലം. 

ഹൈസ്കൂള്‍ കാലമെത്തിയപ്പോഴേക്കും പയ്യെപ്പയ്യെ പുസ്തകങ്ങള്‍ നമ്മുടെ ലോകത്തേക്ക് കടന്നുവന്നിരുന്നു. അതില്‍ എം ടിയും, ടി പത്മനാഭനും, മുകുന്ദനും ഒക്കെ ഉണ്ടായിരുന്നു. പക്ഷെ, ആന്‍ഫ്രാങ്കിന്‍റെ ഡയറിയാണ് അന്ന് രണ്ടോ മൂന്നോ വട്ടം ആവര്‍ത്തിച്ച് വായിച്ച പുസ്തകം. ആന്‍ ഫ്രാങ്ക് അദ്ഭുതമാകുന്നത്, നമ്മള്‍ കാണാത്ത ഒരുപാട് ജീവിതങ്ങള്‍ ലോകത്തിന്‍റെ പല ദിക്കുകളിലുമുണ്ട് എന്ന ബോധ്യത്തിന്‍റെ ഭാഗമായിട്ടായിരുന്നു. നാസി പൊലീസിന്‍റെ ക്രൂരതകളെ കുറിച്ച് ആന്‍ തന്‍റെ ഡയറിയിലെഴുതിയത് വായിച്ചപ്പോള്‍ സമപ്രായത്തിലൂടെ കടന്നുപോകുന്ന ഒരു പെണ്‍കുട്ടിയുടെ ജീവിതം എന്തുമാത്രം വ്യത്യസ്തമാണ് എന്ന ഞെട്ടലുണ്ടായി. ഭയം എന്നതാണ് മനുഷ്യജീവിതത്തിലെ ഏറ്റവും വലിയ നിസ്സഹായാവസ്ഥ എന്ന ബോധമുണ്ടായി. ആന്‍ഫ്രാങ്കിന്‍റെ വരവോടെയാണ് വായിക്കണം, വായിക്കണം എന്ന ആര്‍ത്തി കൂടി വന്നത്. വിവര്‍ത്തനപുസ്തകങ്ങളോട് കമ്പമുണ്ടായത് ലോകം എത്ര വലുതാണ് എന്ന ചിന്തയിലേക്കുള്ള വാതില്‍ തുറന്നു കിട്ടിയപ്പോഴാണ്. കാരണം, ലോകം വലുതാണ് എന്ന് ബോധ്യമാകുന്നതോടെ ഒരാളില്‍, നമ്മളെത്ര ചെറുതാണ് എന്ന ബോധം കൂടിയുടലെടുക്കുന്നു. 

വെള്ളോറ ടാഗോര്‍ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്ലസ് വണ്ണിന് ചേര്‍ന്നതാണ് ലൈബ്രറി കൃത്യമായും സന്ദര്‍ശിച്ച് പുസ്തകങ്ങള്‍ തുടരെ വായിക്കാനുള്ള നൂലായത്. അച്ഛന്‍റെ മരണത്തോടെ ശൂന്യമായിപ്പോയ ലോകത്തേക്ക് ഒരുപാട് കഥാപാത്രങ്ങള്‍, ഇടങ്ങള്‍, അനുഭവങ്ങള്‍ ഒക്കെ കയറിയിറങ്ങിത്തുടങ്ങി. രാത്രി പലപ്പോഴും പുസ്തകം വായിച്ചുറങ്ങിപ്പോവും. മേശയില്‍ തലവെച്ചുറങ്ങുമ്പോള്‍ ചിമ്മിനിവിളക്കിലെ തീ മുടിയെത്തൊടുകയും ഞാന്‍ കത്തിപ്പോവുകയും ചെയ്തെങ്കിലോ എന്ന പേടിയില്‍ ഉറങ്ങിപ്പോവാണ്ടിരിക്കാന്‍ കണ്ണ് തുറന്നു വെക്കാന്‍ കഷ്ടപ്പെട്ട രാത്രികള്‍.

പെണ്‍കുട്ടികള്‍ക്ക് തരാത്ത പുസ്തകങ്ങള്‍
ആയിടയ്ക്കാണ് ഒരു വായനശാലയില്‍ അംഗത്വമെടുക്കുന്നത്. കുറച്ച് പുസ്തകങ്ങളൊക്കെ എടുത്തു വായിച്ച കൂട്ടത്തില്‍ മാധവിക്കുട്ടിയുടെ കൃതികളുമുണ്ടായിരുന്നു.  'എന്‍റെ കഥ'യെക്കുറിച്ച് കേട്ടിരുന്നു. അതുകൊണ്ടുതന്നെ, വായനശാലയില്‍ ചെന്ന് ആവേശത്തോടെ എന്‍റെ കഥയെടുത്തു. അത് രജിസ്റ്ററില്‍ ചേര്‍ക്കാനായി കൊടുത്തപ്പോള്‍ പരിചയക്കാരന്‍ കൂടിയായ ലൈബ്രേറിയന്‍ സഖാവ് നെറ്റിചുളിച്ചു. 'ഇതിപ്പോ നീ വായിക്കണ്ട. കുറച്ച് വര്‍ഷം കൂടി കഴിയട്ടേ' എന്നായിരുന്നു ആള് പറഞ്ഞത്. അതോടെ, വായിച്ചുകൂടാത്ത പുസ്തകങ്ങള്‍ മാ വാരികകള്‍ മാത്രമല്ലെന്ന ആദ്യത്തെ തെറ്റിദ്ധാരണ ഉള്ളില്‍ കേറി. പക്ഷെ, ആ പുസ്തകമെടുക്കുകയും വായിക്കുകയും ചെയ്തു ഒടുവില്‍. അന്നത് എടുത്തു തന്നത് കൂടെ പഠിച്ച ഒരു ആണ്‍കുട്ടിയാണ്. അവന് ലൈബ്രേറിയന്‍ ഉപദേശമൊന്നും നല്‍കിയില്ലാത്രേ.

അന്ന്, കൂടെ പഠിക്കുന്നവരൊക്കെ എടുക്കുന്ന പുസ്തകങ്ങള്‍ വളരെ പ്രശസ്തമായ ചില കഥകള്‍, കവിതകള്‍, അനുഭവങ്ങള്‍, ആത്മകഥകള്‍ എന്നിവയൊക്കെയായിരുന്നു. ഇതിനൊക്കെ അപ്പുറം എടുത്തു ചാടാന്‍ തുടങ്ങിയത് തികച്ചും സംഘര്‍ഷ ഭരിതമായ ജീവിതങ്ങളുള്ള പുസ്തകങ്ങളിലേക്കായിരുന്നു. അല്ലെങ്കില്‍ ഒളിച്ചു വയ്ക്കാന്‍ മറ്റുള്ളവരിഷ്ടപ്പെടുന്ന പുസ്തകങ്ങള്‍. നമ്മള്‍ മുതിര്‍ന്നുവെന്ന് നമുക്ക് തന്നെ മനസിലാവുന്ന ചില നിമിഷങ്ങള്‍ പുസ്തകം വായനയിലും, അതിന്‍റെ തെരഞ്ഞെടുപ്പിലുമെല്ലാം ഉണ്ടാകുമെന്ന് അന്ന് ബോധ്യമായി. 

അവിടെയും പെണ്ണ് എന്ന മാറ്റിനിര്‍ത്തലുണ്ടായിരുന്നു. അക്കാലത്ത്, പമ്മന്‍റെ കൃതികള്‍ ലൈബ്രറിയില്‍ കയറിയെടുത്തവരില്‍ എത്ര പെണ്ണുങ്ങള്‍ കാണും എന്ന് ഇന്നും സംശയമാണ്. അധ്യാപകരുടെ അടുത്ത്, നാട്ടിലെ പരിചയക്കാരായ ലൈബ്രേറിയന്‍മാരുടെ അടുത്ത് ചെന്നാണ് പുസ്തകമെടുക്കേണ്ടത് എന്നതു തന്നെ ഒരുവളുടെ പുസ്തകത്തിന്‍റെ തെരഞ്ഞെടുപ്പുകളെ സ്വാധീനിച്ചു കാണണം. മാത്രവുമല്ല, പാഠപുസ്തകത്തിനപ്പുറം വായിക്കേണ്ടതെല്ലാം ആത്മകഥകളൊക്കെ പോലെയുള്ള ഇന്‍സ്പിരേഷണല്‍ അനുഭവങ്ങള്‍ മാത്രമാണ് എന്നൊരു ധാരണയും ഒട്ടുമിക്ക അധ്യാപകരും വീട്ടുകാരും വച്ചുപുലര്‍ത്തുകയും ചെയ്തു. 

അവിടം മുതലിങ്ങോട്ട്, വായിച്ച് കൂടാത്തവയുടെ, കണ്ടുകൂടാത്തവയുടെ, കേട്ടുകൂടാത്തവയുടെ, ചെയ്തു കൂടാത്തവയുടെ... അങ്ങനെ, അങ്ങനെ ആയിരം അരുതുകളുടെ ഉള്ളിലൂടെയാണ് ഒരു പെണ്ണ് കടന്നുപോവുന്നത് എന്ന തിരിച്ചറിവുണ്ടാകുന്നു. എന്തുകൊണ്ട് എന്നതിന് ഒറ്റ ഉത്തരം മാത്രമേയുള്ളൂ, അവയിലെല്ലാം ലൈംഗികതയുണ്ട്. അത് വായിക്കുന്നതോടെ അറിയുന്നതോടെ അവള്‍ തന്‍റെ ലൈംഗിക സ്വാതന്ത്ര്യത്തെ കുറിച്ച് ബോധമുള്ളവളായിപ്പോകുമോ, സമൂഹത്തിന്‍റെ 'സദാചാര'ത്തെ തുലക്കുന്ന, കുടുംബത്തിന്‍റെ മാനാഭിമാനത്തെ ഇല്ലാതാക്കുന്ന ഒരുവളായി മാറാന്‍ ആ പുസ്തകങ്ങള്‍ കാരണമായേക്കുമോ എന്ന പേടി എല്ലാക്കാലത്തും ആണ്‍ ബോധം പേറുന്നവരെ ഭയപ്പെടുത്തിപ്പോന്നു. 

ആകാശം തേടിപ്പോയേക്കാവുന്നവര്‍
അതുമാത്രമല്ല, ലോകത്തില്‍ തന്നെ വിജയം കീഴടക്കിയ സ്ത്രീകള്‍ അവരവരെ കുറിച്ചെഴുതിയത് വായിച്ചാല്‍ പെണ്‍കുട്ടികളൊന്നും വീട്ടിലൊതുങ്ങാത്തവരായി മാറിയേക്കും എന്ന ധാരണ കൂടി പലരിലുമുണ്ടായിരുന്നു. 'പഠിച്ച് പഠിച്ച് അഹങ്കാരിയായി' എന്നതിന്‍റെ മറ്റൊരു വേര്‍ഷനായി മാറി 'വായിച്ചു വായിച്ച് തലതെറിച്ചവളായി' എന്നതും. വായിക്കുന്ന, ചിന്തിക്കുന്ന പെണ്ണുങ്ങള്‍ തലവേദനയാണെന്ന് പ്രത്യക്ഷമായും പരോക്ഷമായും ആളുകള്‍ അഭിപ്രായം പ്രകടിപ്പിച്ചു. എന്ത് എതിര്‍ത്താലും 'അതെല്ലാം നിന്‍റെ വായനയുടെ കുഴപ്പമാണ്' എന്ന് പറയുന്നതില്‍ വളരെ എളുപ്പമുണ്ടല്ലോ? 

സ്ത്രീകളുടെ സ്വപ്നങ്ങള്‍ക്ക് ഇന്നും എന്നും വലിയ വിലയൊന്നുമില്ല. വീടും കുടുംബവും കഴിഞ്ഞ്, അവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ തികച്ച്, സമൂഹത്തെ ബോധ്യപ്പെടുത്തി എന്തെങ്കിലും സ്വപ്നം കാണുന്നുവെങ്കില്‍ ആകാം എന്നാണ് മൊത്തത്തിലുള്ള ഒരു അഭിപ്രായം. എന്നാല്‍, സ്വന്തം സ്വപ്നങ്ങളിലേക്കെത്താനുള്ള പാതയെത്ര കഠിനമായാലും അതിലൂടെ സഞ്ചരിച്ചിരിക്കുന്ന ഒരുപാട് സ്ത്രീകളുണ്ട് ലോകത്ത്. ചിലരെ നിങ്ങള്‍ പരാജയം എന്നു വിളിച്ചേക്കാമെങ്കിലും എന്നേക്കുമായി വിജയത്തിലെത്തിയവര്‍. ആര്‍ക്കോ ഇഷ്ടപ്പെട്ട ജീവിതം ജിവിച്ച് തീര്‍ക്കുന്നതിലും എത്ര സന്തോഷമാണ് ഒരു ദിവസമെങ്കിലും സ്വന്തം സ്വപ്നത്തിന്‍റെ പിന്നാലെ പോയി അതിനെ സ്വന്തമാക്കുന്നത്. 

ഇസഡോറ ഡങ്കനാണ് ഒരു സ്ത്രീയുടെ സ്വപ്നത്തിന് പിന്നാലെയുള്ള മടുക്കാത്ത അലച്ചിലിന്‍റെ ഉന്മാദത്തെ കുറിച്ച് ബോധ്യപ്പെടുത്തിയ ഒരു സ്ത്രീ. മൈ ലൈഫ് (എന്‍റെ കഥ) എന്ന അവരുടെ ആത്മകഥ വായിച്ചാല്‍ സ്വന്തം സ്വപ്നത്തിന്‍റെ കനല്‍ കരളില്‍ തന്നെയൊടുങ്ങിപ്പോയവര്‍ക്ക് ഉള്ളിലൊരു പിടച്ചില്‍ കാണും. ദാലിയുടെ തിയേറ്റര്‍ കമ്പനി പുനരാരംഭിക്കുന്നതിനായി അവര്‍ നടത്തിയ അലച്ചിലുകളും യാത്രകളും, വായിച്ച് നാളെത്ര കഴിഞ്ഞിട്ടും ഒരു തീപ്പൊട്ട് പോലെ ഉള്ളില്‍ പയ്യെ കത്തിക്കൊണ്ടിരുന്നു. വേദനയും ദാരിദ്ര്യവും വിജയവും എല്ലാം ചേര്‍ന്നത് തന്നെയാണ് മനുഷ്യന്‍റെ ജീവിതം. അതിലേക്കെടുത്തുചാടാനുള്ള ആത്മധൈര്യം മാത്രം മതി എന്ന് ഓര്‍മ്മപ്പെടുത്തുന്ന പുസ്തകങ്ങളാണ് ഇവയൊക്കെ. 

മോഡലും നര്‍ത്തകിയുമായ പ്രോതിമ ബേദിയുടെ ടൈം പാസ് വായിച്ചപ്പോഴാണ് ശരീരത്തിലൂടെ തുടങ്ങി ആത്മാവിലൂടെയുള്ള ഒരാളുടെ യാത്രയെ കുറിച്ച് ബോധ്യപ്പെടുന്നത്. ആ ജീവിതയാത്ര എല്ലാത്തരത്തിലും ആഘോഷമായിരുന്നു. വേദനയെ പോലും ആഘോഷമാക്കിയിരുന്നൊരു സ്ത്രീ. 'ഇതെന്റെ ജീവിതമാണ്. ഞാനെങ്ങനെ ജീവിക്കണമെന്നു പറയാനോ ഞാനെന്തൊക്കെ ചെയ്യുന്നുവെന്ന് ചോദിക്കാനോ ആര്‍ക്കും അവകാശമില്ല' എന്ന് എഴുതുന്ന ഒരു സ്ത്രീയെ വായിക്കൂ എന്ന് സ്വാതന്ത്ര്യബോധമുള്ള ഒരാളല്ലാതെ വേറാരും പറയില്ല. 

ഇനിയുമുണ്ട് അനേകം പുസ്തകങ്ങള്‍ സ്ത്രീകളൊരിക്കലെങ്കിലും വായിക്കേണ്ടവ. കേരളത്തില്‍ സ്റ്റേജ് അവതരണാനുമതി നിഷേധിക്കപ്പെട്ടൊരു നാടകമുണ്ട്, ദ വജൈന മോണലോഗ്. ഈവ് എന്‍സ്ലറെഴുതിയതാണ് ദ വജൈന മോണലോഗ് എന്ന കൃതി. സ്ത്രീകളുടെ ശരീരത്തിന്റെ സ്വാതന്ത്ര്യപ്രഖ്യാപനം തന്നെയാണ് ആ കൃതിയെന്ന് ഒറ്റവാക്കില്‍ പറയാം. 

ദ വജൈന മോണലോഗ് അഥവാ യോനീഭാഷണം എന്ന പുസ്തകത്തിന്റെ പത്താം വാര്‍ഷികത്തില്‍ ഈവ് എന്‍സ്ലര്‍ നല്‍കിയ ആമുഖം ഇതാണ്:
ന്യൂയോര്‍ക്ക് സിറ്റിയുടെ മധ്യത്തില്‍ ഒരു ചെറിയ തിയറ്ററിലെ കൊച്ചുവേദിയില്‍ ആദ്യമായി യോനി എന്ന വാക്ക് ഞാനുറക്കെ പറഞ്ഞിട്ട് ഏതാണ്ട് 15 വര്‍ഷമായി എന്ന് തുടങ്ങുന്നതാണ് ആമുഖം. 

ഒരിക്കലും ഉപയോഗിക്കാത്തിടത്ത് സ്ത്രീകള്‍ ആ വാക്കുപയോഗിച്ച് തുടങ്ങി. പലതിനുമെതിരെ- ഭരണകൂടങ്ങള്‍, മതങ്ങള്‍, മാതാപിതാക്കള്‍, ഭര്‍ത്താക്കന്‍മാര്‍, സുഹൃത്തുക്കള്‍, സര്‍വകലാശാല നടത്തിപ്പുകാര്‍ കോളേജ് പ്രസിഡന്റുമാര്‍.

ഉള്ളിന്റെയുള്ളില്‍ നിന്നുള്ള ആ ശബ്ദം അവര്‍ക്ക് വഴികാട്ടിയും തിരുത്തല്‍ ശക്തിയുമായി. സ്ത്രീകള്‍ തങ്ങളുടെ ശരീരങ്ങള്‍ വീണ്ടെടുത്തു തുടങ്ങി. എഴുപതിനും തൊണ്ണൂറിനും ഇടയിലുള്ള ഏതാണ്ട് മുപ്പത് സ്ത്രീകള്‍ മുഷ്ടിയുയര്‍ത്തി യോനി എന്നുരുവിട്ടു. ഐസ് ലന്‍ഡ് പ്രസിഡന്റ് സ്വയം യോനീയോദ്ധാവ് എന്ന് വിശേഷിപ്പിച്ചു. തങ്ങളുടെ ഭഗശിശ്നികകള്‍ മുറിക്കപ്പെടാതെ (ചേലാകര്‍മ്മം നടത്താത്ത) നൂറുകണക്കിന് കെനിയന്‍ പെണ്‍കുട്ടികള്‍ സൂര്യനു കീഴെ നൃത്തമാടി. കാപ്പ് ഹാത്തിയനിലെ ഒരു കാത്തലിക് പെണ്‍പള്ളിക്കൂടത്തില്‍ നാടകം അവതരിപ്പിച്ച ശേഷം അഞ്ഞൂറിലേറെ ആളുകള്‍ നടിമാരോട് സംവദിച്ചു. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ നിര്‍ത്തുക എന്ന ബോര്‍ഡുമായി ഹൈത്തിയിലെ പോര്‍ട്ടുപ്രിന്‍സിലെ നിരത്തിലൂടെ ഒരു വാഹനവ്യൂഹം കടന്നുപോയി. (കടപ്പാട്: വജൈന മോണലോഗ് മലയാള പരിഭാഷ, യോനീഭാഷണം, ഇന്‍സൈറ്റ് പബ്ലിക്ക)

യോനി എന്ന വാക്ക് അശ്ലീലം എന്ന് എഴുതിത്തള്ളുന്ന ലോകത്ത് ഇതിനേക്കാള്‍ മനോഹരമായി യോനിയുടെ രാഷ്ട്രീയത്തെ കുറിച്ച് പറയുന്ന മറ്റൊരു കൃതിയുണ്ടോ എന്ന് സംശയമാണ്. ലൈംഗികബന്ധം, പ്രസവം, സ്വവര്‍ഗാനുരാഗം എന്നിവയെല്ലാം ഇതിലെഴുതിയിട്ടുണ്ട്. ഇരുന്നൂറിലേറെ സ്ത്രീകളോട് സംസാരിച്ച ശേഷമാണ് ഈവ് എന്‍സ്ലര്‍ ഈ നാടകമെഴുതിയത്. അവര്‍ സംസാരിച്ചവരില്‍ പ്രായമായവരും ചെറുപ്പക്കാരികളുമുണ്ട്, സ്വവര്‍ഗാനുരാഗികളും ഒറ്റയ്ക്ക് കഴിയുന്നവരും ഉണ്ട്, കുറേ നടിമാര്‍, കോര്‍പറേറ്റ് ജോലിക്കാര്‍, വേശ്യകള്‍, ആഫ്രോ അമേരിക്കക്കാരികള്‍, ഏഷ്യന്‍ അമേരിക്കന്‍ വംശജര്‍, ഹിസ്പാനിക്, കൊക്കേഷ്യന്‍ അങ്ങനെ കുറേ തരത്തിലുള്ള സ്ത്രീകള്‍. ബലാത്സംഗം ചെയ്യപ്പെടുന്ന സ്ത്രീകള്‍ പറയുന്നത്, 'അവരെന്‍റെ പൂ നശിപ്പിച്ചു' എന്നാണ്. സ്ത്രീകളുടെ യോനിയുടെ മേലെയുള്ള അക്രമം പുരുഷന്റെ അധികാരപ്രയോഗമായിട്ടാണ് ഈവ് എന്‍സ്ലര്‍ എഴുതുന്നത്. 

ഒളിച്ചുവായിച്ച പുസ്തകങ്ങള്‍
പമ്മന്‍റെ കൃതികളില്‍ തുടങ്ങി ലേഡി ചാറ്റര്‍ലിയുടെ കാമുകനും ഫിഫ്റ്റി ഷേഡ്സ് ഓഫ് ഗ്രേയുമടക്കം അനേകം പുസ്തകങ്ങളുണ്ട് ഒരിക്കല്‍ ഒളിച്ചുവായിച്ചവയില്‍ പെടുത്താവുന്നവ. 'സ്ത്രീകള്‍ക്ക് വായിച്ചൂടാത്ത' എന്ന കാറ്റഗറിയില്‍ പെടുന്ന പുസ്തകങ്ങളില്ല, അങ്ങനെയൊരു കാറ്റഗറിയുമില്ല എന്ന് തിരിച്ചറിയാന്‍ പിന്നെയും കാലമെടുത്തു.

ഇന്ന്, ഇന്‍റര്‍നെറ്റിന്‍റെ ലോകം തുറന്നിടുന്ന സാധ്യതകള്‍ വലുതാണ്. അവിടെ പെണ്ണിനെ തടയാന്‍ നിങ്ങള്‍ക്ക് പരിധികളുണ്ട്. ശരീരത്തെ കുറിച്ച്, ലൈംഗികതയെ കുറിച്ച് എത്ര മിണ്ടേണ്ട എന്ന് പറഞ്ഞാലും, പൊങ്കാല ഏറ്റുവാങ്ങിയാലും പിന്നേയും മിണ്ടുന്ന ധൈര്യമുള്ള സ്ത്രീകളുണ്ട്. അന്ന് പക്ഷെ, ഒരായിരം ലോകത്തിലൂടെ സഞ്ചരിക്കാന്‍ പ്രാപ്തയാക്കിയത് പുസ്തകങ്ങള്‍ മാത്രമാണ്. ഒരിക്കല്‍ കൂടെ പഠിച്ചിരുന്നവരില്‍ ഏറ്റവുമധികം മാര്‍ക്ക് വാങ്ങിയവരും ഏറ്റവും നന്നായി പാടിയിരുന്നവരും നൃത്തം ചെയ്തിരുന്നവരും എഴുതിയിരുന്നവരുമടക്കം ഏതൊക്കെയോ വീടിന്‍റെ അടഞ്ഞ വാതിലുകള്‍ക്കകത്തുണ്ട്. വായന ആ വാതിലുകളെ പൊളിച്ചു കളയാനുള്ള ഒരിത്തിരി ഊര്‍ജ്ജമെങ്കിലും പകര്‍ന്നേനെ എന്ന് എല്ലായ്പ്പോഴും തോന്നാറുമുണ്ട്, വായിക്കാനും വായിക്കാതിരിക്കാനുമുള്ള സ്വാതന്ത്ര്യം അവരവരുടേതാണെന്നിരിക്കെത്തന്നെ.

പുസ്തകങ്ങളുടെ ലോകവും വലുതാണ്. അത് ഒരായിരം ജീവിതാനുഭവങ്ങളിലേക്ക് ഒരേസമയം സഞ്ചാരം സാധ്യമാക്കുന്നു. കാഴ്ചാനുഭവങ്ങളേക്കാള്‍ ഇവിടെ ഇമേജറികള്‍ നമ്മുടേതാണ്. കഥാപാത്രങ്ങളെ ഏത് ലോകത്തേക്കും നടത്താവുന്ന ജാലവിദ്യയും വായനക്കാരിക്ക് സ്വന്തമാണ്. അതുകൊണ്ട്, വായിക്കുന്ന സ്ത്രീകള്‍ക്ക് മരിച്ച, സ്വാതന്ത്ര്യബോധമില്ലാത്ത ലോകത്തിനുമപ്പുറം ജീവനുള്ള ഒരു ലോകവുമുണ്ട്. 

click me!