എം ജി രാധാകൃഷ്ണന്‍ എഴുതുന്നു: അഞ്ച് വര്‍ഷമായി പ്രതിപക്ഷനേതാവും കോണ്‍ഗ്രസ്സിന്റെ ദേശീയതലത്തില്‍ തന്നെയുള്ള പ്രമുഖനുമായ അദ്ദേഹത്തോട് ഒന്ന് ആലോചിക്കുകപോലും ചെയ്യാതെ കോണ്‍ഗ്രസ്സ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ അദ്ദേഹത്തെ വിളിച്ച് ഹൈക്കമാന്റ്റിന്റെ തീരുമാനം അറിയിക്കുകയാണുണ്ടായത്. ഇത്രയും അപമാനിതനായി മറ്റൊരു പ്രതിപക്ഷനേതാവിനും സ്ഥാനമൊഴിയേണ്ടിവന്നിട്ടില്ല.
താന്‍ ഒഴിയാന്‍ തയ്യാറായിരുന്നെന്നും നേതാക്കള്‍ സമ്മതിച്ചില്ലെന്നും മറ്റുമുള്ള ചെന്നിത്തലയുടെ ന്യായീകരണം ദയനീയമാണ്. വാസ്തവത്തില്‍ ഉമ്മന്‍ ചാണ്ടി ചെന്നിത്തല തുടരണമെന്ന് പറഞ്ഞ് നടത്തിയ വാദം ശത്രുക്കളോട് പോലും ചെയ്യാന്‍ പാടില്ലാത്ത കടും കൈ ആയിപ്പോയി. ഗ്രൂപ്പ് വൈരം മൂലം ചാണ്ടി മനപ്പൂര്‍വം ചെന്നിത്തലയ്ക്ക് പാര പണിതതാണെന്നൊന്നും തോന്നുന്നില്ല. പക്ഷെ അദ്ദേഹത്തിന്റെ പ്രതിച്ഛയയ്ക്ക് ഇതിലേറെ പരിക്ക് ഏല്‍പ്പിക്കാനില്ല. കൊച്ചുകുട്ടികള്‍ക്ക് പോലും തിരിച്ചറിയാനാവുന്ന ഈ അമളി ചെന്നിത്തലയ്ക്ക് മാത്രം പിടി കിട്ടിയില്ല.
undefined
ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും. ഫയല്‍ ചിത്രം.
നീണ്ടുപോയ ചര്‍ച്ചകള്‍ക്കും ഭിന്നതകള്‍ക്കും ശേഷം കോണ്‍ഗ്രസ്സ് ഹൈക്കമാന്റ് വി ഡി സതീശനെ പ്രതിപക്ഷനേതാവായി പ്രഖ്യാപിച്ചു. ഒഴിവാക്കാനാവാത്ത ഈ മാറ്റം വാസ്തവത്തില്‍ കുറേക്കൂടി മാന്യമായ രീതിയില്‍ ആവാമായിരുന്നു. കോണ്‍ഗ്രസ്സിന്റെ ഏറ്റവും മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും കുറേകൂടി പക്വതയും വിവേകവും, നിസ്വാര്‍ത്ഥതയും സര്‍വോപരി സാമാന്യബുദ്ധിയും പ്രകടിപ്പിച്ചിരുന്നെങ്കില്‍ ഈ മാറ്റം എത്രയോ അന്തസ്സുറ്റതാകുമായിരുന്നു.
ഈ മാറ്റത്തില്‍ ഏറ്റവും കെടുതി ഉണ്ടായത് ചെന്നിത്തലയ്ക്ക് തന്നെയാണ്. യു ഡി എഫിനേറ്റ ദയനീയമായ പരാജയത്തിന്റെ മുഖ്യ ഉത്തരവാദിത്തം പ്രതിപക്ഷനേതാവായിരുന്ന ചെന്നിത്തലയ്ക്ക് തന്നെയാണെന്നതിനു ഒരു സംശയവുമുണ്ടായിരുന്നില്ല. സ്വാഭാവികമായും അപ്പോള്‍ അദ്ദേഹത്തില്‍ നിന്ന് നിസ്സംശയം ഉണ്ടാകേണ്ടതായിരുന്നു സ്വമേധയായുള്ള രാജി. പക്ഷെ അത് ചെയ്തില്ലെന്ന് മാത്രമല്ല അവസാനം വരെ സ്ഥാനത്ത് തുടരാന്‍ ശ്രമിച്ച് ദയനീയമായി പരാജയപ്പെടുകയും ചെയ്തു.
അഞ്ച് വര്‍ഷമായി പ്രതിപക്ഷനേതാവും കോണ്‍ഗ്രസ്സിന്റെ ദേശീയതലത്തില്‍ തന്നെയുള്ള പ്രമുഖനുമായ അദ്ദേഹത്തോട് ഒന്ന് ആലോചിക്കുകപോലും ചെയ്യാതെ കോണ്‍ഗ്രസ്സ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ അദ്ദേഹത്തെ വിളിച്ച് ഹൈക്കമാന്റ്റിന്റെ തീരുമാനം അറിയിക്കുകയാണുണ്ടായത്. ഇത്രയും അപമാനിതനായി മറ്റൊരു പ്രതിപക്ഷനേതാവിനും സ്ഥാനമൊഴിയേണ്ടിവന്നിട്ടില്ല. എല്ലാം സ്വയം കൃതാനര്‍ത്ഥം അല്ലാതെ മറ്റാരെയും പഴിക്കാനില്ല.
താന്‍ ഒഴിയാന്‍ തയ്യാറായിരുന്നെന്നും നേതാക്കള്‍ സമ്മതിച്ചില്ലെന്നും മറ്റുമുള്ള ചെന്നിത്തലയുടെ ന്യായീകരണം ദയനീയമാണ്. വാസ്തവത്തില്‍ ഉമ്മന്‍ ചാണ്ടി ചെന്നിത്തല തുടരണമെന്ന് പറഞ്ഞ് നടത്തിയ വാദം ശത്രുക്കളോട് പോലും ചെയ്യാന്‍ പാടില്ലാത്ത കടും കൈ ആയിപ്പോയി. ഗ്രൂപ്പ് വൈരം മൂലം ചാണ്ടി മനപ്പൂര്‍വം ചെന്നിത്തലയ്ക്ക് പാര പണിതതാണെന്നൊന്നും തോന്നുന്നില്ല. പക്ഷെ അദ്ദേഹത്തിന്റെ പ്രതിച്ഛയയ്ക്ക് ഇതിലേറെ പരിക്ക് ഏല്‍പ്പിക്കാനില്ല. കൊച്ചുകുട്ടികള്‍ക്ക് പോലും തിരിച്ചറിയാനാവുന്ന ഈ അമളി ചെന്നിത്തലയ്ക്ക് മാത്രം പിടി കിട്ടിയില്ല.
വ്യക്തിപരമായി അതീവ നിര്‍ണ്ണായകമായ ചില തീരുമാനങ്ങള്‍ എടുക്കേണ്ട സന്ദര്‍ഭങ്ങള്‍ ആരുടെയും പൊതുജീവിതത്തില്‍ ഉണ്ടാവും. ആ തീരുമാനങ്ങള്‍ സംഘടനയുടെയോ സഹപ്രവര്‍ത്തകരുടെയോ അഭിപ്രായങ്ങള്‍ക്ക് കാത്തുനില്‍ക്കാതെ എടുക്കേണ്ടത് വ്യക്തിപരമായ നിലപാട് പ്രഖ്യാപിക്കുന്നതിനും പ്രതിച്ഛായക്കും സുപ്രധാനമാണ്. അങ്ങിനെയൊരു സന്ദര്‍ഭത്തിലാണ് രമേശ് പരാജയപ്പെട്ടത്.
വാസ്തവത്തില്‍ ചെന്നിത്തലയെ ധീരമായ തീരുമാനമെടുക്കുന്നതില്‍ നിന്ന് വിലക്കിയെന്ന് കരുതപ്പെടുന്ന എ കെ ആന്റണിയോ ഉമ്മന്‍ ചാണ്ടിയോ ഒരിക്കലും ഇത്തരം തീരുമാനങ്ങള്‍ക്ക് ആരുടെയും അഭിപ്രായം കാത്തിരുന്നിട്ടില്ലെന്ന് ഓര്‍ക്കണം. മാത്രമല്ല പലപ്പോഴും സംഘടനയുടെയും സഹപ്രവര്‍ത്തകരുടെയും ഒക്കെ അഭിപ്രായത്തെ നിഷേധിച്ചുകൊണ്ടുതന്നെയാണ് അവര്‍ സ്വസ്ഥാനങ്ങള്‍ ഒഴിഞ്ഞത്. നരസിംഹറാവു മന്ത്രിസഭയില്‍ ഭക്ഷ്യമന്ത്രിയായിരിക്കെ 1994 ഡിസംബറില്‍ പഞ്ചസാര കുംഭകോണക്കേസില്‍ തനിക്കെതിരെ ആരോപണമൊന്നും ഉയര്‍ന്നില്ലെങ്കിലും ആന്റണി രാജി വെച്ചതും 2016 -ലെ നിയമസഭാതെരഞ്ഞടുപ്പിനെ തുടര്‍ന്ന് ഒരു സ്ഥാനവും ഏറ്റെടുക്കില്ലെന്ന ഉമ്മന്‍ ചാണ്ടിയുടെ തീരുമാനവും ഓര്‍ക്കുക. ഇപ്പോഴും കെ പി സി സി പ്രസിഡന്റ് പദവിയടക്കം ഒരു സ്ഥാനവും വേണ്ടെന്ന് വാശി പിടിക്കുന്ന ഉമ്മന്‍ ചാണ്ടിയാണ് ചെന്നിത്തലയ്ക്ക് മറിച്ചുള്ള ഉപദേശം നല്‍കിയതെന്നോര്‍ക്കണം. സ്ഥാനവും പദവിയും ത്യജിക്കുന്നത് ആണ് പലപ്പോഴും രാഷ്ട്രീയമായും ആദര്‍ശപരമായും കൂടുതല്‍ ഗുണകരമാവുക എന്നത് രമേശിന് ഒരിക്കലും മനസ്സിലായിട്ടില്ല. വലിയ തിരിച്ചടികള്‍ക്ക് ശേഷം പല പ്രമുഖരുടെയും അതിശക്തമായ രാഷ്ട്രീയ തിരിച്ചുവരവിന് വഴി ഒരുക്കിയിട്ടുള്ളത് സ്ഥാനത്യാഗങ്ങളാണ്.
ഉമ്മന്‍ ചാണ്ടി തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ സായാഹ്നത്തിലാണ്. പക്ഷെ രമേശ് അങ്ങിനെയല്ല. അദ്ദേഹത്തിന് ഒരു തിരിച്ചുവരവ് അസാധ്യമല്ലെങ്കിലും അനായാസമല്ല. പുതിയ പ്രതിപക്ഷനേതാവ് പരാജയപ്പെട്ടാല്‍ മാത്രമേ മറ്റൊരു മുഖത്തിനു പ്രസക്തിയുള്ളൂ. നിയമസഭയിലെ ഒരു സാധാരണ അംഗമായും ഹരിപ്പാട്ടെ എം എല്‍ എ മാത്രമായും കഴിയാമെന്നൊക്കെ പറയാനെളുപ്പമെങ്കിലും രാഷ്ട്രീയത്തില്‍ ബുദ്ധിമുട്ടാണ്. അതുകൊണ്ടാണ് ഒരു സുപ്രധാനസ്ഥാനത്ത് നിന്ന് നീക്കം ചെയ്യപ്പെടുകയോ സ്വയം ഒഴിയുകയോ ചെയ്ത കോണ്‍ഗ്രസ് നേതാക്കള്‍ക്കൊക്കെ തത്ക്കാലത്തേക്കെങ്കിലും കേരളം വിട്ട് കേന്ദ്രത്തില്‍ അഭയം തേടേണ്ടിവന്നിട്ടുള്ളത്. അങ്ങിനെ സ്ഥലം വിട്ടില്ലെങ്കില്‍ അനിവാര്യമായ ആഭ്യന്തരസംഘര്‍ഷങ്ങളിലേക്ക് അവര്‍ വലിച്ചിഴയ്ക്കപ്പെട്ടതാണ് ചരിത്രം. കേരളത്തിലെ കോണ്‍ഗ്രസലെ എ-ഐ വൈരത്തിന്റെ തുടക്കം അടിയന്തിരാവസ്ഥയ്ക്ക് ശേഷം മുഖ്യമന്ത്രിയായ കെ കരുണാകരന്‍ രാജന്‍ കേസ് മൂലം ഒരു മാസത്തിനകം രാജി വെക്കുകയും പകരം എ കെ ആന്റണി അവരോധിതനാകുകയും ചെയ്തതിനെ തുടര്‍ന്നായിരുന്നുവെന്ന് ഓര്‍ക്കുക.
1962 -ല്‍ കെ പി സി സി അധ്യക്ഷപദത്തില്‍ നിന്ന് ഒഴിഞ്ഞ ആദര്‍ശധീരനായ സി കെ ഗോവിന്ദന്‍ നായര്‍ക്ക് അന്ന് ഹൈക്കമാന്റ് ആദ്യം നല്‍കിയത് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഡയറക്ടര്‍ സ്ഥാനമായിരുന്നത്രെ! പക്ഷെ 1964 -ല്‍ അദ്ദേഹം എ ഐ സി സി പ്രവര്‍ത്തകസമിതി അംഗവും രാജ്യസഭാംഗവുമായി തെരഞ്ഞടുക്കപ്പെടുകയായിരുന്നു.
1992 -ലെ കെ പി സി സി അധ്യക്ഷന്റെ തെരഞ്ഞടുപ്പില്‍ വയലാര്‍ രവിയോട് തോറ്റ ആന്റണിയെ ഉടന്‍ തന്നെ രാജ്യസഭാസീറ്റ് നല്‍കി ദില്ലിയിലേക്ക് കൊണ്ടുപോകുകയും നരസിംഹറാവുവിന്റെ കേന്ദ്രമന്ത്രിസഭയില്‍ അംഗമാക്കുകയും ചെയ്തു. 1995 -ല്‍ കരുണാകരന്‍ മുഖ്യമന്ത്രിപദത്തില്‍ നിന്ന് പുറത്താക്കപ്പെട്ടപ്പോഴും അതുതന്നെയായിരുന്നു ഹൈക്കമാന്റിന്റെ ശൈലി. ഉടനടി രാജ്യസഭയിലൂടെ റാവു മന്ത്രിസഭയില്‍ പ്രവേശം. അതിനകം റാവു മന്ത്രിസഭയില്‍ നിന്ന് പഞ്ചസാര കുംഭകോണക്കേസിനെ തുടര്‍ന്ന് രാജി വെച്ചിരുന്ന ആന്റണി കേരളത്തിലേക്ക് മടങ്ങി മുഖ്യമന്ത്രി പദമേറ്റെടുത്തു. പുതിയ പദവിയോടുള്ള മോഹത്തെക്കാള്‍ വയലാര്‍ രവിയെ നിര്‍ത്തി തന്നെ കെ പി സി സി തെരഞ്ഞടുപ്പില്‍ തോല്‍പ്പിച്ച കരുണാകരനോട് കണക്ക് തീര്‍ക്കുക കൂടിയായിരുന്നു അന്ന് ആന്റണി.
പിന്നീട് ആറു വര്‍ഷം കൂടി ലോകസഭാംഗമായെങ്കിലും, കരുണാകരന്‍ കോണ്‍ഗ്രസുമായി തെറ്റിപ്പിരിയുകയും വൈകിമാത്രം മടങ്ങിവരുകയും ഒക്കെ ചെയ്ത കാലമാണ് അത്. 2010 -ല്‍ മരണം വരെ അദ്ദേഹത്തിന് കേരളത്തില്‍ വലിയ സ്ഥാനങ്ങളൊന്നും കിട്ടിയില്ല. 2004 -ലെ ലോകസഭാ തെരഞ്ഞടുപ്പിലെ കനത്ത പരാജയത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെത്തിയ എ ഐ സി സി അധ്യക്ഷ സോണിയ ഗാന്ധിയെ യാത്രയയച്ച ഉടനെ വിമാനത്താവളത്തില്‍ വെച്ചുതന്നെ ആയിരുന്നു ആന്റണിയുടെ രാജി. മുമ്പെന്നപോലെ ഉടന്‍ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ആന്റണി പിന്നീട് 2006 മുതല്‍ 2014 വരെ അധികാരത്തിലിരുന്ന രണ്ട് യു പി എ സര്‍ക്കാരുകളിലും പ്രതിരോധമന്ത്രിയായി. അന്ന് വിട്ട ആന്റണി പിന്നീട് കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങിയിട്ടില്ല. ഇനി അതിനു താനില്ലെന്നും വിശ്രമത്തിനായാണ് കേരളത്തിലേക്ക് മടങ്ങുക എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.
ഇന്ദിരാഗാന്ധിക്കൊപ്പം രമേശ് ചെന്നിത്തല. ഫയല്‍ ചിത്രം.
2016 ലെ നിയമസഭാ തെരഞ്ഞടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റ ഉമ്മന്‍ ചാണ്ടിയുടെ തീരുമാനവും ഒരു സ്ഥാനവും സ്വീകരിക്കില്ലെന്നായിരുന്നു. മറ്റു നേതാക്കളില്‍ നിന്ന് വ്യത്യസ്തമായി ഒരിക്കലും കേന്ദ്രപദവികളില്‍ തല്‍പരനായിരുന്നില്ല അദ്ദേഹം. കേരളം വിടാന്‍ വിസമ്മതിച്ചിരുന്ന അദ്ദേഹത്തിന് നിര്‍ബന്ധമായാണ് അന്ന് എ ഐ സി സി സെക്രട്ടറി പദവും ആന്ധ്രാപ്രദേശിന്റെ ചുമതലയുമൊക്കെ ഹൈക്കമാന്റ് ഏല്‍പ്പിച്ചത്. പ്രായവും അനാരോഗ്യവും കൂടി ആയപ്പോള്‍ സജീവരാഷ്ട്രീയത്തില്‍ നിന്ന് തന്നെ പിന്മാറിയ അദ്ദേഹത്തെ 2020 ഡിസംബറില്‍ തദ്ദേശ തെരഞ്ഞടുപ്പിലെ പരാജയത്തെ തുടര്‍ന്ന് യു ഡി എഫ് ഘടകകക്ഷികളും കോണ്‍ഗ്രസിലെ അനുയായികളും ഒക്കെ ചേര്‍ന്ന് ഹൈക്കമാന്റില്‍ സമ്മര്‍ദ്ദം ചെലുത്തിയാണ് തിരിച്ചുകൊണ്ടുവന്നത്. അതോടെ പെട്ടെന്ന് സജീവമായ ചാണ്ടി, അടുത്ത മുഖ്യമന്ത്രിപദത്തിലേക്ക് ഏറ്റവും സാധ്യതയുള്ള കോണ്‍ഗ്രസ് നേതാവായി. എല്ലാ അഭിപ്രായ സര്‍വേകളിലും രമേശിന് വളരെ മുകളിലായിരുന്നു അദ്ദേഹത്തിന്റെ ജനപ്രീതി. വാസ്തവത്തില്‍, അഞ്ച് വര്‍ഷം മുമ്പ് കനത്ത പരാജയത്തിന്റെ മുഖ്യ കാരണക്കാരനായി കാണപ്പെട്ട അദ്ദേഹത്തിന് ലഭിച്ച ഈ ജനപ്രീതി അത്ഭുതാവഹമായിരുന്നു. അതിന്റെ മുഖ്യ കാരണം തന്നെ മറ്റ് നേതാക്കളുടെ പോരായ്മകള്‍ക്ക് പുറമെ അഞ്ച് വര്‍ഷം സ്ഥാനങ്ങളില്‍ നിന്നൊക്കെ ഒഴിഞ്ഞുനില്‍ക്കാന്‍ അദ്ദേഹം കാണിച്ച സന്നദ്ധത ആയിരുന്നു.
സംസ്ഥാനത്ത് തിരിച്ചടി ഉണ്ടാകുമ്പോള്‍ കേന്ദ്രമന്ത്രിസഭകളിലോ എ ഐ സി സിയിലോ ഒക്കെ അംഗത്വമെന്ന സാധ്യത ദേശീയതലത്തില്‍ കോണ്‍ഗ്രസ് നാമാവശേഷമായ ഇക്കാലത്ത് രമേശിന് ലഭ്യമല്ല. ദേശീയതലത്തിലേക്ക് താനില്ലെന്നും കേരളത്തില്‍ തന്നെ ഹരിപ്പാട്ടെ എം എല്‍ എ എന്ന നിലയിലുള്ള പ്രവര്‍ത്തനമായി കൂടിക്കോളാമെന്നും ആണ് അദ്ദേഹം തന്നെ പറഞ്ഞിട്ടുള്ളത്. പക്ഷെ കോണ്‍ഗ്രസ് രാഷ്ട്രീയ ചരിത്രത്തില്‍ കണ്ടിട്ടില്ലാത്ത കാര്യമാണതെന്ന് മാത്രം.
കുറച്ചുകാലമെങ്കിലും, സ്വയം വരിച്ച സന്യാസം തിരിച്ചുവരവിന് അനിവാര്യവുമാണ്. സങ്കീര്‍ണമാണ് രമേശിന്റെ മുന്നിലെ വഴികള്‍.
Read more: എന്നിട്ടും, ചെന്നിത്തലയുടെ ജനപ്രീതി കുറഞ്ഞത് എന്തുകൊണ്ടാണ്?