കശ്മീര്‍ സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റിയുടെ ചാന്‍സലറായ ലഫ്. ജന. സയ്യിദ് അത്ത ഹസ്‌നൈന്‍ എഴുതിയ വിശകലനത്തിന്റെ സ്വതന്ത്ര വിവര്‍ത്തനം.
ഇറാന്‍ ആണവ കരാര്‍ എന്നറിയപ്പെടുന്ന സംയുക്ത സമഗ്ര കര്‍മ്മപദ്ധതി (JCPOA) പുനരുജ്ജീവിപ്പിക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ വിയന്നയില്‍ നടക്കുന്ന അതേ സമയത്താണ് ഈ അധികാര മാറ്റം. 2015 ജുലൈ 14ന് ഇറാനും യുഎന്‍ സുരക്ഷാ സമിതി അംഗങ്ങളായ ചൈന, ഫ്രാന്‍സ്, റഷ്യ, യുകെ, അമേരിക്ക എന്നീ രാജ്യങ്ങളും യൂറോപ്യന്‍ യൂനിയനും തമ്മിലുണ്ടായ ആണവായുധ കരാര്‍ മരവിച്ചത് ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായിരിക്കെ അമേരിക്ക പിന്‍വാങ്ങിയതിനെ തുടര്‍ന്നാണ്. പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇറാന്റെ ആഭ്യന്തര അധികാര സമവാക്യങ്ങളെയും വിദേശബബന്ധങ്ങളെയും മേഖലയിലെ അധികാരബന്ധങ്ങളെയും ഏതു തരത്തിലാണ് മാറ്റുക എന്നാണ് രാജ്യാന്തര സമൂഹം ഉറ്റുനോക്കുന്നത്.
undefined
1979-ലെ ഇസ്‌ലാമിക വിപ്ലവത്തിനു ശേഷം പാശ്ചാത്യ രാജ്യങ്ങളോട് ഒട്ടും സൗഹാര്‍ദ്ദപരമല്ലാത്ത ഒരു രാജ്യമാണ് ഇറാന്‍. ഇറാന്റെ പുത്തന്‍ അഭിനിവേശങ്ങളുമായി ബന്ധപ്പെട്ട അധികാരക്കളികള്‍ പശ്ചിമേഷ്യയുടെ ജിയോ പൊളിറ്റിക്കല്‍ അവസ്ഥകളില്‍ സവിശേഷ പരിണാമങ്ങള്‍ സൃഷ്ടിച്ചു. പശ്ചിമേഷ്യയുടെ അധികാര സമവാക്യങ്ങളില്‍ ഇതുണ്ടാക്കിയ മാറ്റങ്ങള്‍ കാരണം, ഇറാന്റെ ആഭ്യന്തര രാഷ്ട്രീയ പ്രശ്‌നങ്ങളിലും ബാഹ്യ രാഷ്ട്രീയ നയങ്ങളിലും രാജ്യാന്തര സമൂഹം കൂടുതല്‍ താല്‍പ്പര്യം കാണിക്കാന്‍ തുടങ്ങി.
സൗദിയെയും ഇറാനെയും കേന്ദ്രീകരിച്ച് വളര്‍ന്നു വന്ന സുന്നി ഷിയാ സംഘര്‍ഷമായിരുന്നു ഇവയില്‍ ഏറ്റവും പ്രകടമായ വിഷയം. പേര്‍ഷ്യന്‍ ഗള്‍ഫിലെ തങ്ങളുടെ അയല്‍രാജ്യങ്ങളില്‍ പലതും പാശ്ചാത്യ രാജ്യങ്ങളുമായി മികച്ച ബന്ധം സൂക്ഷിക്കുകയും പാശ്ചാത്യ സഹായത്തോടെ വാണിജ്യ, ഊര്‍ജ ഹബുകളായി മാറുകയും ചെയ്തപ്പോള്‍ ഇറാന്‍ ഇതിനോട് മുഖംതിരിച്ചുനിന്നു.
തന്ത്രപരമായ കരുത്ത് തെളിയിക്കുന്നതിന് ആണവായുധ ശേഷി കൈവരിക്കാനുള്ള ഇറാന്റെ അഭിനിവേശം വന്‍കിട രാജ്യങ്ങള്‍ക്ക് അസ്വീകാര്യമാവുകയും ലോക രാജ്യങ്ങള്‍ക്ക് ഇറാന്‍ ഒരു പ്രഹേളികയായി മാറുകയും ചെയ്തു. ഇസ്‌ലാമിക ലോകത്തിന് പടിഞ്ഞാറിന്റെ വകയായുള്ള ശിക്ഷയായി കരുതുന്നതിനാല്‍, ഇറാന്‍ ഒരിക്കലും അംഗീകരിക്കാത്ത ഇസ്രായേലുമായുള്ള വൈരവും ഇതോടൊപ്പം പരിഗണിക്കണം. മറ്റേതു അറബ് രാജ്യത്തേക്കാളും ഫലസ്തീനെ പിന്താങ്ങുകയും അതുവഴി ഇസ്‌ലാമിന്റെ പ്രധാന പതാകവാഹകരായി സ്വയം പ്രഖ്യാപിക്കുകയുമാണ് ഇറാന്‍. ഇ്രസായേലിനെതിരെ ഇറാന്‍ ആവനാഴി ഒരുക്കുകയും ഇസ്രായേല്‍ അതിര്‍ത്തികളില്‍ എത്താനാവുന്ന വിധം ആയുധങ്ങള്‍ വിന്യസിക്കുകയും ചെയ്തിരിക്കുന്നു.
പശ്ചിമേഷ്യയില്‍ നിഴല്‍ സംഘര്‍ഷങ്ങള്‍ നടത്തുക എന്ന ഉദ്ദേശ്യത്തോടെ ഇറാന്‍ പ്രോക്‌സി യോദ്ധാക്കളെ സൃഷ്ടിക്കുകയും പരിശീലനം നല്‍കി വളര്‍ത്തുകയും സാമ്പത്തിക സഹായം നല്‍കുകയും ചെയ്യുന്നു. ഇസ്‌ലാമിക വ്യവസ്ഥിതിയെ സംരക്ഷിക്കുക, വിേദശ ഇടപെടലുകള്‍ തടയുക, അട്ടിമറികള്‍ ഒഴിവാക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന ഇറാനിയന്‍ റവല്യൂഷനറി ഗാര്‍ഡ്‌സ് കരുത്തുള്ള സായുധ വിഭാഗമാണ്. ഏറ്റവുമൊടുവില്‍, സിറിയയില്‍ തങ്ങളുടെ പരമാധികാരം സ്ഥാപിക്കാന്‍ അവര്‍ റഷ്യയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നു. ഇറാഖിലെ ഷിയാ സായുധസംഘങ്ങള്‍ക്ക് സഹായം നല്‍കുന്നു.
പശ്ചിമേഷ്യയെ സംബന്ധിച്ചിടത്തോളം ഇറാന്‍ അതീവ പ്രാധാന്യമുള്ള രാജ്യമാണ് എന്നതിനാലാണ്, ഇറാനു ചുറ്റുമായി നിലനില്‍ക്കുന്ന തന്ത്രപരമായ വിഷയങ്ങളെക്കുറിച്ച് ചുരുക്കത്തില്‍ വിവരിച്ചത്. പശ്ചിമേഷ്യ സ്വതന്ത്രമായും സംഘര്‍ഷരഹിതമായും നിലനില്‍ക്കണോ എന്ന കാര്യം നിര്‍ണയിക്കുക, ഇറാന്റെ അധികാരഭദ്രതയും തന്ത്രപരമായ താല്‍പ്പര്യങ്ങളുമായിരിക്കും.
കടുംപിടിത്തം അയയേണ്ടിവരും
ഈ പശ്ചാത്തലത്തില്‍ വേണം, കടുത്ത നിലപാടുകാരനായ ഇബ്രാഹിം റഈസി ഇറാന്റെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സംഭവത്തെ കാണാന്‍. ഇറാന്‍ ആണവ കരാര്‍ എന്നറിയപ്പെടുന്ന സംയുക്ത സമഗ്ര കര്‍മ്മപദ്ധതി (JCPOA) പുനരുജ്ജീവിപ്പിക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ വിയന്നയില്‍ നടക്കുന്ന അതേ സമയത്താണ് ഈ അധികാര മാറ്റം. 2015 ജുലൈ 14ന് ഇറാനും യുഎന്‍ സുരക്ഷാ സമിതി അംഗങ്ങളായ ചൈന, ഫ്രാന്‍സ്, റഷ്യ, യുകെ, അമേരിക്ക എന്നീ രാജ്യങ്ങളും യൂറോപ്യന്‍ യൂനിയനും തമ്മിലുണ്ടായ ആണവായുധ കരാര്‍ മരവിച്ചത് ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായിരിക്കെ അമേരിക്ക പിന്‍വാങ്ങിയതിനെ തുടര്‍ന്നാണ്.
പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇറാന്റെ ആഭ്യന്തര അധികാര സമവാക്യങ്ങളെയും വിദേശബബന്ധങ്ങളെയും മേഖലയിലെ അധികാരബന്ധങ്ങളെയും ഏതു തരത്തിലാണ് മാറ്റുക എന്നാണ് രാജ്യാന്തര സമൂഹം ഉറ്റുനോക്കുന്നത്.
ഒരു രക്ഷാധികാര സമിതിയാണ് ഇറാനിയന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടത്തുന്നത്. പരമാധികാര നേതാവായ അലി ഖാംനഈ തെരഞ്ഞെടുത്ത ആറ് ഇസ്‌ലാമിക നിയമ പണ്ഡിതരും നീതിന്യായ വിഭാഗം മേധാവി നിര്‍ദേശിക്കുന്ന പട്ടികയില്‍നിന്നും പാലര്‍മെന്റ് തെരഞ്ഞെടുക്കുന്ന ആറ് നിയമവിദഗ്ധരും അടങ്ങിയതാണ് രക്ഷാധികാര സമിതി. ഭരണകൂടത്തിനെതിരായി തെരുവുകളില്‍ നടക്കുന്ന ജനകീയപ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍, മിതവാദികളായ നേതാക്കളെ പുറത്തുചാടിക്കാനുള്ള ശ്രമങ്ങളാണ് ഈ തെരഞ്ഞെടുപ്പിനെ നിര്‍ണായകമാക്കുന്നത്.
രാജ്യത്തെ നീതിന്യായ വിഭാഗം മേധാവിയാണ് പുതിയ പ്രസിഡന്റ് ഇബ്രാഹിം റഈസി. പരാമാധികാര നേതാവായ അലി ഖാംനഈയുടെ സ്ഥാനാര്‍ത്ഥി എന്നതിനപ്പുറം, പുതിയ പരമാധികാര നേതാവാകാന്‍ സാദ്ധ്യതയുള്ള ആള്‍ കൂടിയാണ്. അതിനാല്‍ തന്നെ, വ്യക്തിഗത സ്വാതന്ത്ര്യത്തിനും പുറംലോകവുമായുള്ള വിനിമയങ്ങള്‍ക്കും പ്രാമുഖ്യം നല്‍കിയ സ്ഥാനാര്‍ത്ഥികളെല്ലാം മല്‍സരത്തില്‍നിന്നു പുറത്താവുകയായിരുന്നു. പടിഞ്ഞാറിന് ഒട്ടും താല്‍പര്യമില്ലാത്ത നേതാവാണ് റഈസി. 'ടൈം വാരിക' ചൂണ്ടിക്കാണിക്കുന്നതുപോലെ, 1988-ല്‍ ഇറാന്‍ -ഇറാഖ് യുദ്ധത്തിന്റെ അവസാന സമയത്ത് നടന്ന രാഷ്ട്രീയ തടവുകാരുടെയും സായുധകലാപകാരികളുടെയും കൂട്ടവധശിക്ഷകള്‍ക്ക് ചുക്കാന്‍ പിടിച്ചത് അന്ന് മുഖ്യ ന്യായാധിപനായിരുന്ന റഈസി ആയിരുന്നു.
നിലപാടുകളിലെ കാര്‍ക്കശ്യവും പടിഞ്ഞാറിനോട് സംവദിക്കുന്നതിലുള്ള വിമുഖതയുമാണ് റഈസിയുടെ മുഖമുദ്ര. എന്നാല്‍, ഇനി കാര്യങ്ങള്‍ അത്ര എളുപ്പമാവില്ല അദ്ദേഹത്തിന്. ഇറാനില്‍ കടുത്തനിലപാടുകാരോട് പതിയെപ്പതിയെ എതിര്‍പ്പുകള്‍ ഉയര്‍ന്നു വരുന്നുണ്ട്.
സമ്പദ്‌വ്യവസ്ഥയുടെ പുനരുജ്ജീവനം
ഇറാന്‍ ആണവകരാറില്‍ ഒപ്പിട്ടതിനെ തുടര്‍ന്ന് ഉപരോധം പിന്‍വലിച്ച ഹ്രസ്വമായ കാലയളവില്‍, ഇറാന്റെ സമ്പദ് വ്യവസ്ഥയുടെ വാര്‍ഷിക വളര്‍ച്ച 12. 5 ശതമാനമായിരുന്നു. ഇത് ഇറാന്റെ സാമ്പത്തിക പദവിയിലും രാജ്യാന്തര സമൂഹത്തിലെ പദവിയിലും മാറ്റങ്ങള്‍ സൃഷ്ടിച്ചു.
2017-ല്‍ പത്തു ശതമാനമായിരുന്ന ഇറാന്റെ നാണയപ്പെരുപ്പം 2019-ല്‍ 40 ശതമാനമായാണ് ഉയര്‍ന്നത്. ഇപ്പോഴിത് 30 ശതമാനമാണ്. കൊവിഡ് -19 രോഗവും പ്രതിസന്ധി രൂക്ഷമാക്കുന്നു. വരുംകാലങ്ങളില്‍ എന്ത് മാറ്റങ്ങളാവും മഹാമാരി സൃഷ്ടിക്കുക എന്നാര്‍ക്കും പ്രവചിക്കാനാവാത്ത അവസ്ഥയാണ്. ഇതൊക്കെ കാരണം വിയന്നയില്‍ തങ്ങളുടെ നിലപാടുകള്‍ മയപ്പെടുത്താന്‍ ഖാം നഈയുടെ നിര്‍ദേശപ്രകാരം റഈസി തയ്യാറാവാനാണ് സാദ്ധ്യത.
ഇറാന്റെ സാമ്പത്തിക പരിതാപാവസ്ഥകള്‍ മുന്‍നിര്‍ത്തി, അവരുടെ ആണവായുധ പരിപാടികള്‍ കൂടുതല്‍ പരിമിതപ്പെടുത്തുന്നതിന് വന്‍ ശക്തികള്‍ താല്‍പ്പര്യപ്പെടുന്നുണ്ട്. ഇറാന്റെ കാര്യത്തില്‍ മിതവാദ നിലപാട് സ്വീകരിക്കുന്ന ചൈനയും റഷ്യയും അവിടെയുണ്ടെങ്കിലും ആണവനിര്‍വ്യാപക കരാര്‍ ഒപ്പിട്ട 2015-ലെ സാഹചര്യമല്ല ഇപ്പോള്‍. ചൈനാ -റഷ്യ സമവാക്യങ്ങള്‍ ശക്തമാണെങ്കിലും നിലപാടുകളിലെ വ്യക്തതയില്ലായ്മ ആ സഖ്യത്തിലും നിഴലിക്കുന്നുണ്ട്.
ഇറാന്‍ കരാറും ഉപരോധവും എങ്ങനെ കൈകാര്യം ചെയ്യപ്പെടുന്നു എന്നു ഉറ്റുനോക്കുന്ന മറ്റൊരു രാജ്യം ഇസ്രായേലാണ്. ഗാസ ആക്രമണത്തിനു ശേഷമുള്ള സാഹചര്യങ്ങളും ഭരണമാറ്റവും അടക്കമുള്ള കാര്യങ്ങളും കണക്കിലെടുത്താല്‍ ഇസ്രായേല്‍ നിലപാടില്‍ മാറ്റമുണ്ടാവാന്‍ സാദ്ധ്യതയില്ല. ഇരുരാജ്യങ്ങളുടെയും പുതിയ മന്ത്രം കടുംനിലപാടുകളായിരിക്കെ തങ്ങളുടെ നിലപാടുകള്‍ മയപ്പെടുത്താന്‍ ഇറാനും ഇസ്രായേലും തയ്യാറാവില്ല. പശ്ചിമേഷ്യയില്‍ വ്യാപകസംഘര്‍ഷങ്ങള്‍ക്കുള്ള സാദ്ധ്യതയാണ് ഇത് അവശേഷിപ്പിക്കുന്നത്.
അമേരിക്ക ഇവിടെനിന്ന് കെട്ടുംകെട്ടിപ്പോവുമെന്ന് ഞാന്‍ കരുതുന്നില്ല. എണ്ണ അപ്രസക്ത ഘടകമായി മാറിയെങ്കില്‍ പോലും അമേരിക്കയ്ക്ക് ഇവിടെ താല്‍പ്പര്യങ്ങള്‍ ഏറെയുണ്ട്. യു എസ് മിസൈല്‍ സിസ്റ്റങ്ങള്‍ പുനര്‍വിന്യാസത്തിന്റെ പാതയിലാണ്. അഫ്ഗാനിസ്താനില്‍നിന്നുള്ള അമേരിക്കന്‍ ഇടപെടല്‍ പശ്ചിമേഷ്യയില്‍ എന്തൊക്കെ മാറ്റങ്ങളാണ് സൃഷ്ടിക്കുകയെന്ന് കണ്ടറിയുക തന്നെ വേണം.
തെരുവുകളിലെ അസംതൃപ്തി
ഇറാന്റെ ആഭ്യന്തര പ്രശ്‌നങ്ങളെ കുറിച്ചുകൂടി ഇവിടെ പരാമര്‍ശിക്കണം. അവിടെ അസംതൃപ്തി വ്യാപകമാവുകയാണ്. എന്നാല്‍, അതിന്റെ തീവ്രതയോ അസംതൃപ്തി ഉപയോഗിക്കുന്നതില്‍ എതിര്‍വിഭാഗം നേതാക്കള്‍ക്കുള്ള കഴിവോ നമുക്ക് കൃത്യമായി കണക്കുകൂട്ടാനാവില്ല. സാമ്പത്തിക ഉപരോധം പിന്‍വലിക്കുകയും ഇറാന്റെ സമ്പദ്‌വ്യവസ്ഥ അഭിവൃദ്ധിപ്പെടുകയും ചെയ്താല്‍ എതിര്‍സ്വരങ്ങള്‍ ദുര്‍ബലമാവും. നിലവിലെ ജീവിതാവസ്ഥകളും മക്കളുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കകളുമാണ് ഭൂരിഭാഗം പേരെയും രോഷാകുലരാക്കുന്നത്.
ഇക്കാര്യങ്ങള്‍ ഇറാന്റെ രാഷ്ട്രീയ-പ്രത്യയശാസ്ത്ര നേതൃതങ്ങള്‍ക്ക് നന്നായറിയാം. വിയന്ന ചര്‍ച്ചകള്‍ ശുഭകരമാവണമെന്ന താല്‍പ്പര്യം ഉണ്ടാവാനിടയുള്ളത് ഇതിനാലാണ്. ഇറാന്‍ കടുത്ത വിലപേശലിന് നില്‍ക്കുമെങ്കിലും മുകളില്‍ പറഞ്ഞ ദൗര്‍ബല്യങ്ങളും, അവരുടെ കൈയില്‍ ആവശ്യാനുസരണം സമയമില്ലെന്ന കാര്യവും ചര്‍ച്ചയിലെ എതിരാളികള്‍ക്കും നന്നായി അറിയാവുന്നതാണ്. ചര്‍ച്ചയുടെ ഫലം എന്തായാലും, സമ്പദ്‌വ്യവസ്ഥ ശകതിപ്പെടുത്താനുള്ള ഹതാശമായ ശ്രമങ്ങള്‍ ഇറാന്‍ തുടരും. തന്ത്രപരമായ ശേഷി വര്‍ദ്ധിപ്പിക്കാന്‍ അവര്‍ക്കത് അനിവാര്യമാണ്.
പരാജയം സംഭവിക്കുന്നത്, ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം വളരാനിടയാക്കും. സംഘര്‍ഷം മുറുകിയാല്‍ ഇരുകൂട്ടര്‍ക്കും പിന്നോട്ടുപോകാനാവില്ല. ഇക്കാര്യമാണ് വന്‍ശക്തികളെ അലട്ടേണ്ടത്. അമേരിക്കയും പടിഞ്ഞാറും ഇക്കാര്യത്തില്‍ ഒരു തരത്തിലുള്ള അസ്ഥിരതയും ആഗ്രഹിക്കുന്നില്ല. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ റഷ്യയും ചൈനയും കാണുന്നത് എങ്ങനെയെന്നത് പുതിയ വിഷയമാണ്.
ഒരു കാര്യം ഉറപ്പാണ്, കസേരയിലിരിക്കുന്നത് കടുത്ത നിലപാടുള്ള പ്രസിഡന്റ് ആണെങ്കില്‍ പോലും ഇറാന് അവയുടെ കടുംനിലപാടില്‍ വെള്ളം ചേര്‍ക്കേണ്ടി വരും. ഒരിക്കല്‍ അയഞ്ഞു കൊടുത്താല്‍ അതില്‍നിന്ന് ആനുകൂല്യങ്ങള്‍ പറ്റുന്നത് എളുപ്പമാവില്ല. ആണവായുധീകരണം വിയന്നയില്‍ നിര്‍ത്താനാവുന്ന ഒന്നല്ല.
ഇന്ത്യയ്ക്ക് മുന്നിലുള്ള അവസരം
അവസാനമായി ഇന്ത്യാ ഇറാന്‍ ബന്ധത്തെക്കുറിച്ച് ഒരു വാക്ക്. ഇറാനും പടിഞ്ഞാറും തമ്മില്‍ ചര്‍ച്ച നടക്കുന്നത് ഇറാന്‍ ഇന്ത്യാ ചര്‍ച്ചയ്ക്കുമുള്ള അവസരം ഉണ്ടാക്കും. അഫ്ഗാനിസ്താന്‍, ഊര്‍ജം, ചബാഹര്‍, അഫ്ഗാനുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യ പദ്ധതികള്‍, വടക്ക്-തെക്ക് ഗതാഗത ഇടനാഴി എന്നിവയാണ് ഉപരോധം സാരമായി ബാധിച്ച, എന്നാല്‍, വലിയ സഹകരണം സാദ്ധ്യമായ മേഖലകള്‍.
ഇവിടെയാണ്, വിശാലമായ തലത്തിലുള്ള ഇറാന്‍-പാക്കിസ്താന്‍ ബന്ധം കടന്നുവരുന്നത്. അതിലേെറയും -പ്രത്യേകിച്ച് ജമ്മുകശ്മീര്‍-ഇന്ത്യന്‍ താല്‍പ്പര്യങ്ങള്‍ക്ക് എതിരായിരിക്കും. ഇക്കഴിഞ്ഞ കാലങ്ങളില്‍ പലപ്പോഴും ഇരു രാജ്യങ്ങളും വിമുഖതകള്‍ മറികടന്ന് മുന്നോട്ടുപോവാന്‍ താല്‍പ്പര്യപ്പെട്ടിരുന്നുവെങ്കിലും, രാഷ്ട്രീയ സാഹചര്യങ്ങളും ചിലനേരം സമീപനങ്ങളുമാണ് അതിന് തടസ്സമായത്. എങ്കിലും, സമ്പദ്‌വ്യവസ്ഥയുടെ വികാസത്തിനുള്ള ഇറാന്റെ താല്‍പ്പര്യം പരിഗണിക്കുമ്പോള്‍, എല്ലാ മേഖലകളിലും ഇന്ത്യയുമായുള്ള സഹകരണത്തിന്റെ സാദ്ധ്യതകള്‍ നമുക്ക് കാണാം. പാക്കിസ്താനും ചൈനയും അടക്കമുള്ള നിരവധി തടസ്സങ്ങള്‍ അതിനുണ്ടെങ്കില്‍ പോലും.
തെഹ്‌റാനിലും ഡെല്‍ഹിയിലുമുള്ള സ്ഥാപനങ്ങളും ബുദ്ധികേന്ദ്രങ്ങളും ഇത്തരം ചര്‍ച്ചകള്‍ക്ക് തുടക്കമിടുന്നതിന്റെ സൂചകളുണ്ട്. തെഹ്‌റാന്‍ കൊണ്ടുനടക്കുന്ന മൗനത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് മാറ്റി ഇന്ത്യ ഈ അവസരം ഉപയോഗിക്കണം. തീര്‍ച്ചയായും, ഇറാനുമായി, പുത്തന്‍ ബന്ധങ്ങള്‍ക്കുള്ള സമയമാണിത്.
(ഇന്ത്യന്‍ സൈന്യത്തിലെ മുന്‍ കമാന്‍ഡറാണ് ലഫ്. ജന. സയ്യിദ് അത ഹസ്‌നൈന്‍. ഇപ്പോള്‍ കശ്മീര്‍ സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റിയുടെ ചാന്‍സലര്‍.)