ജീവിതം സുന്ദരമാക്കുന്ന ചാട്ടങ്ങൾ... സൗഹൃദങ്ങൾ...

By Web Team  |  First Published Jun 27, 2019, 12:04 PM IST

അഡ്വെഞ്ചറസ് ആയ കൂട്ടു പ്രതികളെല്ലാം ഇപ്പോഴും ഇവിടെയൊക്കെത്തന്നെയുണ്ട്. എപ്പോ വേണേലുമിനിയും ചാട്ടങ്ങൾക്ക് തയ്യാറെടുത്തുകൊണ്ട്...


മതിൽ ചാട്ടങ്ങളെക്കുറിച്ചാണ്, ഒളിച്ചോട്ടങ്ങളെക്കുറിച്ചല്ല...

ജയിൽ ചാടിയ പെണ്ണുങ്ങളുടെ ഓട്ടവും ചാട്ടവും വായിച്ചപ്പോ ഓർത്തുപോയതാണ്. പെണ്ണുങ്ങൾ ചാടീല്ലേ, വനിതാമതിൽ ഉപകാരപ്പെട്ടില്ലേന്നൊക്ക കമന്‍റ് കണ്ട് ചിരിച്ചു ചത്തു. വനിതാ മതിലേ... നിയും പെൺചാട്ടങ്ങളും തമ്മിലെന്ത്!!! എന്ത്  ആൺ!! എന്ത് പെൺ!!! 

Latest Videos

undefined

ഇവരുടെ ചാട്ടങ്ങളെ കുറിച്ചല്ല, എന്റെ ചാട്ടങ്ങളെ ക്കുറിച്ചാണ് ഓർത്തത്.

കുട്ടിയായിരുന്നപ്പോ മതിൽ ചാടുക ഒരു ഹരമായിരുന്നു. ഇപ്പോഴും അങ്ങനെ തന്നെ. അന്ന് എപ്പോഴും മതിൽ ചാടി മാത്രം അയൽ വക്കത്തെ വീട്ടിൽ പോകുമായിരുന്നുള്ളൂ... ഒരിക്കലും അവരുടെ മുൻവാതിലിലൂടെ കടക്കുക എന്നുള്ളത് എന്റെ രസങ്ങളിൽ പെട്ടതായിരുന്നില്ല. വീട്ടിൽ ഒരു വലിയ പഞ്ചസാരപ്പഴമരമുണ്ടായിരുന്നു. സ്കൂൾ വിട്ടു വന്നാൽ അതിന്റെ തുഞ്ചത്താണ്  ഇരിപ്പും കിടപ്പും കഴിപ്പും. 80 വയസോളമുള്ള ഒരു വല്യമ്മച്ചി ഉണ്ടായിരുന്നു അയല്‍വക്കത്ത്. ' ദേഷ്യം വന്ന് 'അഞ്ചണ്ടിക്കാരത്തി' എന്നാണ് അവർ എന്നെ വിളിച്ചിരുന്നത്. 

"പെണ്ണായാൽ അടക്കവും ഒതുക്കവും വേണം.  കാലകത്തി ഇങ്ങനെ ഇരിക്കാനും ചാടാനും പാടില്ല. കല്യാണം കഴിച്ച് പോകുമ്പോ കെട്ടിയവന് സംശയോണ്ടാക്കും ദ്" വല്ല്യമ്മച്ചി ഉപദേശിക്കുന്നതാ!  ന്റെ കാലും ഈ മതിലും ഏതോ ഒരു കെട്ടിയോനും തമ്മിലുള്ള കണക്ഷൻ പിടികിട്ടാതെ, അന്തം വിട്ട് കുന്തം വിഴുങ്ങി ഞാൻ മതിലിനു മുകളിൽ കുറച്ചു നേരം കുത്തിയിരിക്കും. അൽപ്പം കഴിയുമ്പോ മതിലിൽ നിന്ന് അപ്പുറത്തോട്ടും ഇപ്പുറത്തോട്ടും ചാടും.

പിന്നെപ്പിന്നെ എത്ര ചാട്ടങ്ങൾ. എനിക്ക്  അന്നേ, ന്ത് പെണ്ണ്!!  ന്ത് ആണ്!!! 

പിന്നീട്, ഒരിക്കൽ ഒരു പ്രേത കൊട്ടാരത്തിൽ ഞങ്ങൾ മൂന്ന് പേർ ചാടിക്കടന്നു. കൊട്ടാരത്തിന്‍റെ പുറകിലെ കാട്ടുവഴിയിലൂടെ പുറകിലെ മതിലിൽ ഇഴഞ്ഞു കയറി ഇടയിലെ ഒരു ചെറിയ വിടവിലൂടെ ഞാൻ ആദ്യം നൂണ്ടു കയറി. അടക്ക പോലെ ഇരിക്കുന്ന എനിക്ക് അത് എളുപ്പമായിരുന്നു. കൂടെ വന്ന രണ്ടു മല്ലന്മാർക്ക് അതിലൂടെ കടക്കാനായില്ല. ഒരാൾക്ക് അറുപതോളം വയസ്സുണ്ട്. ആരോഗ്യവാനാണ്. വിദേശത്ത് പ്രൊഫസർ. പാരാ സൈക്കോളജിയിൽ റിസർച്ച് ചെയ്യുന്ന ആൾ. പുള്ളിയെ ആ വിടവിലൂടെ  വലിച്ചിഴച്ച് അകത്തു ചാടിച്ചു. പിന്നൊരാൾ ജേർണലിസ്റ്റും ഫിലോസഫി സ്റ്റുഡന്‍റുമാണ്. അവൻ വേറൊരു വഴി വലിഞ്ഞു കേറി, മതിലിനു മുകളിലെ കമ്പിക്കുന്തങ്ങളിൽ കൊരുത്തിരിക്കുമെന്ന് ആയപ്പോ ഞങ്ങൾ അകത്തേയ്ക്ക് വലിച്ചു ചാടിച്ചു. കാലൊക്കെ മുറിഞ്ഞു. 

ഇവരുടെ ലക്ഷ്യം അവിടെയുണ്ടെന്ന് പറയപ്പെടുന്ന പ്രേതത്തെ എങ്ങനെ experience ചെയ്യാമെന്നുള്ളതായിരുന്നു. ഒരു ആർട്ടിസ്റ്റ് സെൻസിറ്റിവ് ആയിരിക്കും. ആയതിനാൽ അത്രയും സെൻസിറ്റിവിറ്റിയുള്ള ഒരാളെ  പ്രേതാത്മാവിന് സഞ്ചരിക്കാനുള്ള വഴിയാക്കി മാറ്റാം, അതായത് ഉത്തമാ, സെൻസിറ്റിവ് ആയ, സെൻസേയില്ലാത്ത ന്നെ ചൂണ്ടയിൽ കൊരുത്ത് ഒരു പ്രേതത്തെ പിടിച്ചെടുക്കുകയായിരുന്നു മഹാത്മാകളായ എന്റെ കൂട്ടുകാരുടെ ലക്ഷ്യംന്ന്! ആ... ന്തേലും ആവട്ടെ, അങ്ങനേലും ഒരു പ്രേതത്തെ കണ്ടുമുട്ടാലോന്ന് ഞാനും വിചാരിച്ചു.  ഞങ്ങൾ ആകെ ത്രില്ലടിച്ചു. പിന്നെ നടന്ന സംഭവങ്ങളൊക്കെ ഭയങ്കര രസകരമായിരുന്നു. ഒരു സിനിമയ്ക്ക് സ്കോപ്പുള്ള സംഭവങ്ങൾ തന്നെയുണ്ടായി. അതിനുശേഷം കൂട്ടുകാരൻ സിനിമ ലക്ഷ്യമാക്കി ഒരു സ്ക്രിപ്റ്റ് എഴുതുകയുമുണ്ടായി. ഓർമ്മകളിലെ ഏറ്റവും മനോഹരമായ ഒരു മതിൽ ചാട്ടമായിരുന്നു അത്. 

പിന്നൊരിക്കൽ, ഞങ്ങൾ കൂട്ടുകാർ രാത്രി ഒരു സെമിത്തേരിയിൽ ചാടിക്കടന്നിട്ടുണ്ട്. അവിടൊന്നുമില്ല. ഒരു രസം. കാട്ടുപടർപ്പിൽ ഇരുളിൽ നിശബ്ദതയുടെ രഹസ്യത്തെ മനോഹരമായി ഒളിപ്പിച്ചു വച്ച് ഉറങ്ങുന്ന സെമിത്തേരി. രാത്രിയിൽ ഒരു സെമിത്തേരിയെ അറിയുകയെന്നാൽ ജീവിതത്തിന്റെ കനം നഷ്ടപ്പെട്ട മൗനത്തെ അറിയുകയെന്നാണ്.

"എന്തേയ് വന്നേ?" സെമിത്തേരി അതിന്റെ മൗനത്തിൽത്തന്നെ ചോദിച്ചു. 
"ഏയ്....ചുമ്മാ...ഒന്ന് കാണാൻ" എന്ന് ഞങ്ങൾ.
"ന്നാ പൊയ്ക്കോ... ഞങ്ങളുടെ നിശ്ശബ്ദതയെ തുലയ്ക്കാൻ ചുമ്മാ പോലും ഈ വഴി കണ്ടുപോകരുത് അലവലാതിക്കൂട്ടങ്ങളെ..." സെമിത്തേരി

ഞങ്ങൾ വാ പൊത്തി, വന്നപോലെ മതിൽ ചാടി പുറത്തേയ്ക്ക്...

പിന്നൊരിക്കൽ ഫോർട്ടുകൊച്ചിയിലെ തെരുവുകളിലൂടെ രാത്രി ഞങ്ങൾ കൂട്ടുകാർ വെറുതെ നടക്കുകയായിരുന്നു. എസ്രാ പ്രേത സിനിമയിലെ ജൂയിഷ് സെമിത്തേരി കണ്ട് ഞങ്ങൾ നിന്നു. ഗേറ്റ് വഴി അകത്തു കടക്കാൻ ആവാത്ത വിധം അത് ബന്ധിച്ചിരുന്നു. കാലങ്ങളായി പൂട്ടിയിടപ്പെട്ട ആ സെമിത്തേരി സിനിമയുടെ ഷൂട്ടിന് വേണ്ടിയാണ് തുറന്നതെന്ന് തോന്നുന്നു. എന്റെ അഡ്വഞ്ചറസ് കുരുട്ടു ബോധം ഉണർന്നു. എങ്ങനെയും അകത്ത് ഒന്ന് ചാടിക്കടക്കണം എന്ന് പറഞ്ഞപ്പോഴേ കൂട്ടുകാരൻ അത് തല്ലിക്കെടുത്തി; "നീ  സെമിത്തേരീം ചാടിക്കടന്ന് പിന്നെ നാളെ അങ്ങു പോകും. എല്ലാ രാത്രികളിലും ഞാനിതേ വഴിയാണ് വരേണ്ടത്. എനിക്ക് പേടിയാണ്. അതോണ്ട് വീട്ടിൽപ്പോയി വല്ലോം വാരിത്തിന്ന് പോയിക്കിടന്ന് ഉറങ്ങ് പെണ്ണേ..."

ന്നാപ്പിന്നെ... പോവാം... ല്ലാണ്ടെന്നാ... അവൻ കാണാതെ ഞാൻ എബ്രഹാം എസ്രയോട് സെന്റിയടിച്ച് ഗുഡ്‌നൈറ്റ് പറഞ്ഞു. എസ്ര ജൂയിഷിലെന്തോ തിരിച്ചും പറഞ്ഞു. എന്തോ തെറിയോ മറ്റോ! കുറച്ചു ദൂരം കൂടി അലഞ്ഞുനടന്ന്, കൂട്ടുകാരന്റെ വീട്ടിൽ പോയി ഞങ്ങളെല്ലാം ചുരുണ്ടു കൂടിക്കിടന്ന് കൂർക്കം വലിച്ച് ഉറങ്ങി.

പിന്നെയും എത്രയെത്ര ചാട്ടങ്ങൾ. കൂട്ടുകൂടി കൊച്ചുകൊച്ചു പപ്പായ മോഷണങ്ങൾ, പഴ മോഷണങ്ങൾ... എഴുതിയാൽ ഏറെയുണ്ടാകും. ഒളിച്ചോട്ടങ്ങൾ ഇല്ല, ചാട്ടങ്ങളെയുള്ളൂ... യാത്രകളെയുള്ളൂ... ജീവിതം സുന്ദരമാക്കുന്ന ചാട്ടങ്ങൾ... സൗഹൃദങ്ങൾ...

അവരുടെ ജയിൽ ചാട്ടവുമായി ഈ കുറിപ്പിന് ബന്ധമൊന്നുമില്ല. അതിനെക്കുറിച്ച് അവർക്ക് മാത്രം അറിയാം. ആ വിഷയത്തിൽ നീതിയുക്തമായത് സംഭവിക്കട്ടെ.

ന്‍റെ അഡ്വഞ്ചറസ് ആയ ചാട്ടങ്ങളുടെ കൂട്ടുപ്രതികളെല്ലാം ഇവിടൊക്കെത്തന്നെയുണ്ട്. എപ്പോ വേണേലുമിനിയും ചാട്ടങ്ങൾക്ക് തയ്യാറെടുത്തുകൊണ്ട്.

click me!