ഖുറാനിലെവിടെയെങ്കിലും ബുര്‍ഖ ധരിക്കണമെന്ന് പറഞ്ഞിട്ടുണ്ടോ?

By Speak Up  |  First Published May 4, 2019, 12:53 PM IST

സ്വന്തം ഇഷ്ടപ്രകാരം ധരിക്കുന്നു എന്ന് പറയുമ്പോഴും ആ ഇഷ്ടം ഉണ്ടാക്കി എടുക്കുന്നതാണ് എന്ന് കാണാം. ആത്യന്തികമായി ഈ ഇഷ്ടം പുരുഷ താല്പര്യങ്ങളുടെ പ്രോഡകറ്റ് ആണ്. 


പെണ്‍കുട്ടികള്‍ക്ക് “അത്യാവശ്യം സ്വാതന്ത്ര്യമൊക്കെ” കൊടുക്കുന്ന ഒരു മുസ്ലിം കുടുംബത്തിലാണ് ഞാന്‍ ജനിച്ചു വളര്‍ന്നത്. എന്‍റെ കുടുംബത്തിലെ സ്ത്രീകളാരും പര്‍ദ്ദ  ധരിക്കുന്നവരല്ല. സാരിത്തലപ്പുകൊണ്ടോ ചുരിദാറിന്റെ ഷാള്‍ കൊണ്ടോ തല മാത്രം മറക്കുന്നവര്‍ ആണ്. എന്റെ അറിവിലുള്ള ഒട്ടുമിക്ക സ്ത്രീകളും  ആരും നിര്‍ബന്ധിച്ചു പര്‍ദ്ദയോ നിഖാബോ ധരിച്ചവരല്ല. അതവര്‍ സ്വയം തിരഞ്ഞെടുത്തതാണ്. എന്തുകൊണ്ടാണ് പെട്ടെന്ന് പര്‍ദയിലേക്കൊരു മാറ്റം എന്ന് ചോദിച്ചാല്‍ പലരും പല കാരണങ്ങളാണ് പറഞ്ഞു കേള്‍ക്കാറുള്ളത്. മുസ്ലിം സ്ത്രീകളുടെ വസ്ത്രധാരണം ആരും അടിച്ചേല്‍പ്പിക്കുന്നതല്ല, അതവരുടെ സ്വന്തം തെരഞ്ഞെടുപ്പാണ്, എന്നതില്‍ കാര്യമായ സംശയമൊന്നുമില്ല. 

Latest Videos

undefined

പക്ഷെ, ആ തെരഞ്ഞെടുപ്പ് എങ്ങനെ, എപ്പോള്‍, എന്തുകൊണ്ട്, ഉണ്ടാകുന്നു എന്നതില്‍ ആണ് കാര്യം. കാരണം, പാരമ്പര്യമായി പര്‍ദ്ദ  ധരിക്കുന്നൊരു സംസ്കാരം അല്ല നമ്മുടേത്. ഈ വസ്ത്രം നമ്മുടെ നാട്ടില്‍ വ്യാപകമായിട്ട് കുറച്ചു വര്‍ഷങ്ങളേ ആയിട്ടുള്ളൂ. പൊതുവേ ഇന്ത്യയില്‍ മാറി വരുന്ന ഫാഷന് അനുസരിച് ഒരു ഫുള്‍സ്ലീവോ ഷാളോ, മഫ്തയോ അഡീഷണലായി ധരിച്ച് അതാതു സംസ്കാരത്തിന് ഒപ്പം പോയിരുന്നവരാണ് ഇവിടുത്തെ മുസ്ലിം സ്ത്രീകളും. അങ്ങനെ നോക്കുമ്പോള്‍ ഇതുമൊരു ഫാഷന്‍ തരംഗം ആണെന്നും കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷം സ്വാഭാവികമായും പര്‍ദ്ദയും സ്ത്രീകള്‍ ഉപേക്ഷിക്കുമെന്നും പുതിയ വസ്ത്രങ്ങള്‍ പരീക്ഷിക്കുമെന്നും ഒരു തരത്തില്‍ ഊഹിക്കാം. 

മതപരമായ കാരണങ്ങളാണ് ഈ വസ്ത്രധാരണത്തിനു പിന്നിലെങ്കില്‍ എന്തുകൊണ്ട് സ്ത്രീകള്‍ അത് പിന്തുടരുന്നു എന്നത് ചിന്തിക്കേണ്ട വിഷയമാണ്. ഒരുകാലത്ത് മുസ്ലിം സ്ത്രീകള്‍ കുറച്ചൊരു പേടിയോടെ ദൂരെ നിര്‍ത്തിയിരുന്ന പര്‍ദ്ദക്ക് ഇന്ന് വളരെ അനായാസമായി സ്വീകാര്യത കിട്ടുന്നു എങ്കില്‍ മതത്തെക്കാള്‍ കൂടുതല്‍ സമൂഹത്തിനാണ് അവിടെ റോളുള്ളത്. എന്തുകൊണ്ട് പര്‍ദ്ദ എന്നതിന് പല കാരണങ്ങളാണ് ഉള്ളത്.

പൊതുവേ ഓരോ ജമാത്തിലും സ്ത്രീകളുടെ സൗഹൃദ കൂട്ടങ്ങള്‍ ഉണ്ടാകും. അതിലോന്നോ രണ്ടോ പേര്‍ പള്ളിയില്‍ സംഘടിപ്പിക്കുന്ന വഅള് ക്ലാസുകളില്‍ പോകുന്നു. ഉസ്താദിന്റെ പ്രസംഗത്തില്‍ താല്പര്യമുണ്ടാകുന്നു. മത ചിട്ടകള്‍ കുറേക്കൂടി പാലിക്കാന്‍ തീരുമാനിക്കുന്നതിന്റെ ഭാഗമായി പര്‍ദ്ദ  ധരിക്കാന്‍ തുടങ്ങുന്നു. അവരുടെ സംഭാഷണങ്ങള്‍ പതുക്കെ മറ്റുള്ളവരെയും ആകൃഷ്ടരാക്കുന്നു. ഓരോത്തരായി പര്‍ദ്ദയിലേക്ക് ചേക്കേറുന്നു. തുടക്കം ഇങ്ങനെ ആകാമെങ്കിലും പര്‍ദ്ദയെ വിജയിപ്പിക്കുന്ന ഘടകങ്ങള്‍ പലതാണ്. അതിലൊന്ന്   ധരിക്കാനും അഴിച്ചു വെക്കാനുമുള്ള എളുപ്പം. പെട്ടെന്ന് എവിടെയെങ്കിലും പോകണമെങ്കില്‍ വീട്ടിലിടുന്ന വസ്ത്രത്തിനു മുകളില്‍ പര്‍ദ്ദ എടുത്തിട്ടു പോകാം. 

ഇടത്തരക്കാരുടെ കുടുംബത്തിലെ സ്ത്രീകള്‍ കഴുത്തിലെയും കാതിലേയും സ്വര്‍ണ്ണത്തിന്റെ കുറവുകള്‍ ആരും അറിയാതിരിക്കാനുള്ള സൗകര്യത്തിന്റെ പുറത്തും പര്‍ദ്ദയിലേക്ക് മാറുന്നതായി കണ്ടിട്ടുണ്ട്. മധ്യ വയസുകഴിഞ്ഞ സ്ത്രീകളും ചെറിയ കുട്ടികള്‍ ഉള്ളവരുമൊക്കെ ഇങ്ങനെ കംഫോര്‍ട്ട് നോക്കി  എടുക്കുന്നവരാണ്. പിന്നെ, ഒരു വിഭാഗമാണ്‌ കൗമാരക്കാരും വിദ്യാര്‍ത്ഥികളായ യുവതികളുമൊക്കെ. ഇവരുടെ കാര്യത്തില്‍ പര്‍ദ്ദ കുറച്ചുകൂടി സങ്കീര്‍ണമാണ്. ഒരു ഗ്രൂപ്പിലെ മൂന്ന് പേര്‍ പര്‍ദ്ദ ഇടുന്നവരാണെങ്കില്‍ നാലാമത്തെയും അഞ്ചാമത്തെയും ആള്‍ക്ക് സ്വാഭാവികമായും ഒരു പ്രഷര്‍ ഉണ്ടാകും. കാരണം മുസ്ലിം ഗ്രൂപ്പില്‍ പര്‍ദ്ദ ഇടുന്നവര്‍ക്ക്  കൂടുതല്‍ സ്വീകാര്യത കിട്ടും. മുസ്ലിം ആണ്‍കുട്ടികള്‍ക്കിടയില്‍ ഇവര്‍ക്ക്  കൂടുതല്‍ മതിപ്പും ബഹുമാനവും ഉണ്ടാകും. സ്കൂളില്‍ പഠിക്കുന്ന കാലത്ത് തട്ടമിടാത്ത മുസ്ലിം പെണ്‍കുട്ടികളെ കുറിച്ചൊരു മുന്‍വിധിയോടെയാണ് ഞാനടക്കമുള്ളവര്‍ കണ്ടിരുന്നത്. തട്ടമിടാത്തവര്‍ നോമ്പ് പിടിച്ചിട്ടെന്തിനാ എന്നൊക്കെ ഈയുള്ളവള്‍ അന്ന് കമ്മന്‍റുമടിച്ചിട്ടുണ്ട്. 

അപ്പോള്‍, കൂടുതല്‍ സ്വീകര്യതക്കും തന്നെ ചുറ്റിപ്പറ്റിയുള്ള ഗ്രൂപ്പിനൊപ്പം സുഗമമായി ഒത്തു പോകാനും പര്‍ദ്ദ തിരഞ്ഞെടുക്കേണ്ടി വരും. സോഷ്യല്‍ സൈക്കോളജിയില്‍ ഇതിനെ കണ്‍ഫോമിറ്റി (Conformity)എന്നാണു വിളിക്കുക. സമൂഹത്തില്‍  നിലവിലുള്ള വിശ്വാസങ്ങള്‍ക്കും നിയമങ്ങള്‍ക്കുമൊത്തു പോകാനുള്ള മനുഷ്യന്‍റെ പ്രവണതയാണത്. കൂടുതല്‍ പ്രശ്നങ്ങള്‍ ഒഴിവാക്കാനും കൂടുതല്‍ സ്വീകര്യതക്കുമൊക്കെയാണ് ഈ പ്രവണത ഉണ്ടാവുന്നത്. ഒരു വ്യക്തിയുടെ മൈന്‍ഡ് സെറ്റ്, പ്രത്യക്ഷമോ പരോക്ഷമോ ആയ സോഷ്യല്‍ പ്രഷര്‍ തുടങ്ങിയ പലതും ഇതിനു കാരണമാകാറുണ്ട്.

സ്വന്തം ഇഷ്ടപ്രകാരം ധരിക്കുന്നു എന്ന് പറയുമ്പോഴും ആ ഇഷ്ടം ഉണ്ടാക്കി എടുക്കുന്നതാണ് എന്ന് കാണാം. ആത്യന്തികമായി ഈ ഇഷ്ടം പുരുഷ താല്പര്യങ്ങളുടെ പ്രോഡകറ്റ് ആണ്. സ്ത്രീകളുടെ വസ്ത്രധാരണത്തെപറ്റി നിരന്തരം പ്രഭാഷണങ്ങള്‍ നടത്തുന്ന മതപണ്ഡിതന്‍ മുതല്‍ 'പര്‍ദ്ദയിട്ടാല്‍ നിന്നെ കാണാന്‍ അടിപൊളി ആയിരിക്കും', എന്ന് പറയുന്ന കൂട്ടുകാരനു വരെ അതില്‍ കാര്യമായ പങ്കുണ്ട്.  ആരും നിര്‍ബന്ധിച്ചില്ല, അടിച്ചേല്‍പ്പിച്ചില്ല, എന്നു പറയുമ്പോഴും എല്ലാ അടിച്ചേല്‍പ്പി ക്കലും പരുഷമായി ആയിരിക്കില്ല എന്നും ഓര്‍ക്കേണ്ടതുണ്ട്.

ഇസ്ലാം മതത്തില്‍ ബുര്‍ഖ നിര്‍ബന്ധമായിരുന്നോ?
അപ്പോള്‍ വിശ്വാസത്തിന്റെ കാര്യമോ? ഇസ്ലാം മതത്തില്‍ ബുര്‍ഖ  നിര്‍ബന്ധമായിരുന്നോ എന്നത് തര്‍ക്ക  വിഷയമാണ്. കാരണം, ഖുറാനിലെവിടെയും ബുര്‍ഖ ധരിക്കണമെന്ന് പറഞ്ഞിട്ടില്ല. ഖുറാനില്‍ ഏഴ് ഇടങ്ങളില്‍ ഹിജാബ് എന്ന പദം ഉപയോഗിക്കുന്നുണ്ട് (7:46, 17:45, 19:17, 33:53, 41: 5, 42:51) . അതില്‍ ഒന്നുപോലും ഇന്ന് കാണുന്ന ഹിജാബ് എന്ന അര്‍ത്ഥത്തില്‍ ആയിരുന്നില്ല. മറ്റൊരു പദം ഖുറാനില്‍ കാണുന്നത് 'ഖിമാര്‍' ആണ്. അതിന്റെ അര്‍ത്ഥം 'മറക്കുക' എന്നതാണ്. 'മാന്യമായി ശരീരം മൂടുകയും നിങ്ങളുടെ മാറിടങ്ങള്‍ മറക്കുകയും ചെയ്യുക' എന്ന വചനം പക്ഷെ, പിന്നീട് വന്ന ഹദീസുകളില്‍ ശരീരം മുഴുവനും മുഖവും എന്ന രീതിയില്‍ വ്യാഖ്യാനിക്കപ്പെട്ടതാകാം.  

തന്റെ ശരീരം മറ്റാരും കാണാന്‍ പാടില്ല എന്ന നിര്‍ബന്ധത്തിന് ആദ്ധ്യാത്മികതയുമായി എന്തെങ്കിലും ബന്ധം കണ്ടെത്താന്‍ കഴിയുമോ എന്നത് സംശയമാണ്.  നിസ്കാരമോ നോമ്പോ പോലെ മനസിനെയും ശരീരത്തിനെയും ദൈവത്തോട് അടുപ്പിക്കുന്ന ഒരു പ്രാക്ടീസ് അല്ല ഇത്. കാഷായമോ ളോഹയോ പോലെ ഒരു പ്രത്യേക മതവിഭാഗത്തെ എടുത്തുകാട്ടുക മാത്രമാണ് പര്‍ദ്ദയും ചെയ്യുന്നത്. ഇവിടെ വിശ്വാസി ആവുക എന്നതിനേക്കാള്‍ കൂടുതല്‍ ഞാനൊരു വിശ്വാസിയാണ് എന്ന് തെളിയിക്കേണ്ട ബാധ്യതയാണ് മുന്നിട്ടു നില്‍ക്കുന്നത്. 

ബുര്‍ഖ  ധരിക്കുമ്പോള്‍ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍, സുരക്ഷാ പ്രശ്നങ്ങള്‍ ഒക്കെ എപ്പോഴും ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. വിവിധതരം സംസ്കാരങ്ങള്‍ ഇടകലര്‍ന്നു പോകുന്ന ഇന്ത്യന്‍ സമൂഹത്തില്‍ ബുര്‍ഖ/ നിഖാബ് ചെറുതല്ലാത്ത മാറ്റം കൊണ്ടുവന്നിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ തൊഴിലിടങ്ങളിലോ ഈ വസ്ത്രം ധരിച്ചവര്‍ മാത്രം ഒരു പ്രത്യേക കൂട്ടങ്ങള്‍ ആയിത്തീരും.  കറുത്ത തുണി കൊണ്ട് മുഖം മറച്ചിരിക്കുന്നവരോട് സംസാരിക്കാനും ആശയങ്ങള്‍ പങ്കുവെക്കാനും ബുദ്ധിമുട്ടാണ്. അതുകൊണ്ട് തന്നെ മറ്റു മതങ്ങളിലോ ലിംഗത്തിലോ പെട്ടവര്‍ക്ക്  ഇവരുമായി ഇടപഴകാനുള്ള അവസരം ഇല്ലാതാവുകയും ചെയ്യും. മതം, ലിംഗം തുടങ്ങി സംസ്കാരവുമായി ബന്ധപ്പെട്ടിരിക്കുന്ന എല്ലാതരം വര്‍ഗീയതയും മുന്‍വിധികളും ഇല്ലാതാക്കാനുള്ള എളുപ്പവഴി വിവിധ സംസ്കാരങ്ങളില്‍ ഉള്ള മനുഷ്യരുടെ ഇടകലര്‍ന്നുള്ള ജീവിതവും അതുവഴി ഉണ്ടാകുന്ന ഉയര്‍ന്ന സഹിഷ്ണുതയുമാണ്. ഈ വസ്ത്രധാരണം നമ്മുടെ സമൂഹത്തില്‍ നിലവിലുണ്ടായിരുന്ന അത്തരമൊരു പ്രവണതയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
 
വ്യക്തിപരമായി എടുത്തു നോക്കിയാല്‍ സ്വന്തം മുഖം പ്രദര്‍ശിപ്പിക്കാന്‍ ഇഷ്ടപെടുന്നവരാണ് മനുഷ്യര്‍. പ്രത്യേകിച്ച് സ്ത്രീകള്‍. അതിനു മുകളിലെ കറുത്ത ആവരണം ആത്മവിശ്വാസത്തെയും, ശരീരത്തെ പറ്റിയുള്ള ആരോഗ്യപരമായ അഭിപ്രായങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്നു പഠനങ്ങള്‍ പറയുന്നു. പര്‍ദ്ദയ്ക്ക് സൗകര്യപ്രദമായ വസ്ത്രമെന്ന എക്സ്ക്യൂസ് നല്കാമെങ്കിലും മുഖം മറക്കുന്നത് ഒരുവളുടെ സ്വതന്ത്രമായ തീരുമാനമല്ല. മറിച്ച് മതവും പാട്രിയാര്‍ക്കിയും കാലങ്ങളായി നടത്തിപ്പോരുന്ന സോഷ്യല്‍ കണ്ടീഷനിംഗിന്‍റെ  (Social Conditioning) ഉല്‍പ്പന്നമാണത്. 

കാരണം, നിഖാബ് ധരിക്കുന്നത് സ്വതന്ത്രതീരുമാനം ആണെന്ന് പറയുന്നവര്‍ തല മറക്കാത്തതും സ്ത്രീകളുടെ സ്വതന്ത്ര തീരുമാനം ആണെന്ന് ഉള്‍ക്കൊള്ളാന്‍ തയ്യാറാകുന്നില്ല. വരിവരിയായി വ്യാഖ്യാനിച്ചാല്‍ നമുക്ക് മതവചനങ്ങള്‍ക്കെല്ലാം നമ്മുടെതായ അര്‍ത്ഥങ്ങള്‍ കൊടുക്കാന്‍ കഴിയും. പക്ഷെ, വിദ്യാഭ്യാസവും ചിന്താശേഷിയുമുള്ള ഒരു സമൂഹം അവനവന്‍റെ ആധ്യാത്മികതയെ മാനവികതക്കും സമൂഹത്തിന്റെ പുരോഗതിക്കുമായി ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്. പ്രവാചകന്‍ മുഹമ്മദും അനുയായികളും ആ ആശയത്തിന് വേണ്ടി നിലകൊണ്ടവരാണ്.


(ഗുജറാത്ത് ഫോറൻസിക് സയൻസ് യൂണിവേഴ്സിറ്റിയില്‍ എംഫിൽ ക്ലിനിക്കൽ സൈക്കോളജി സ്കോളറാണ് ലേഖിക)


 

click me!