സ്വാതന്ത്ര്യദിന ആശംസകൾ നേർന്ന് അമേരിക്കയിലെ ഇന്ത്യക്കാർ

Aug 19, 2022, 8:00 AM IST

എഴുപത്തഞ്ചാം വാർഷികത്തിൽ ജന്മനാടിന് ആശംസകൾ നേർന്ന് അമേരിക്കയിലെ ഇന്ത്യക്കാർ. ന്യൂയോർക്കിൽ പതിനായിരങ്ങളെ പങ്കെടുപ്പിച്ച് ആഗസ്റ്റ് 21 ന് ഇന്ത്യാ ഡേ പരേഡ് നടക്കും. അമേരിക്കയിൽ പണപ്പെരുപ്പവും വിലക്കയറ്റവും കുറയുന്നുവെന്ന് പുതിയ കണക്കുകൾ. കാണാം അമേരിക്ക ഈ ആഴ്ച. 


സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ച് വർഷങ്ങൾ തികയ്ക്കുന്ന ഇന്ത്യയെ പല ലോകരാജ്യങ്ങളും അഭിനന്ദിച്ചിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ത്യക്കാർ വലിയ തോതിൽ ആഘോഷം നടത്തി. ഗൾഫ് മലയാളി ഫെഡറേഷൻ ബഹ്‌റൈൻ ചാപ്റ്റര്‍ ഭരണ സമിതി മനാമ കെ സിറ്റി ബിസിനസ് സെന്ററിൽ വെച്ച് ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിന്റെ 75-ാം വാർഷികാഘോഷം സംഘടിപ്പിച്ചു. ഗൾഫ് മലയാളി ഫെഡറേഷൻ - ഗൾഫ് മേഖലാ പ്രസിഡന്റ് ബഷീർ അമ്പലായി ഉദ്ഘാടനം ചെയ്തു. ദുബൈ കെഎംസിസിയും വിവിധ പരിപാടികളോടെ ആഘോഷം വർണ്ണാഭമാക്കി. കെഎംസിസി ആസ്ഥാനത്ത് ദേശീയ പതാക ഉയർത്തി. സൗജന്യ മെഡിക്കൽ ക്യാമ്പ്, കുട്ടികളുടെ കലാപ്രകടനങ്ങൾ, സാംസ്കാരിക സമ്മേളനം എന്നിങ്ങനെ നടന്ന പരിപാടികള്‍ ദുബൈയിലെ ഇന്ത്യൻ കോൺസുൽ ഉത്തം ചന്ദ് ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് യുഎഇയിലെ ഏഴ് എമിറേറ്റുകളിലും ഉയര്‍ന്ന നയതന്ത്രജ്ഞര്‍ ത്രിവര്‍ണ പതാക ഉയര്‍ത്തി. അബുദാബിയിലെ ഇന്ത്യന്‍ എംബസിയില്‍ ഇന്ത്യന്‍ സ്ഥാനപതി സഞ്ജയ് സുധീര്‍ ദേശീയ പതാക ഉയര്‍ത്തി.

ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ കോണ്‍സുല്‍ ജനറല്‍ ഡോ. അമന്‍ പുരി പതാക ഉയര്‍ത്തി. ഷാര്‍ജ, അജ്മാന്‍, റാസല്‍ഖൈമ, ഫുജൈറ, ഉമ്മുല്‍ഖുവൈന്‍ എന്നീ എമിറേറ്റുകളിലെ ഇന്ത്യന്‍ അസോസിയേഷനുകളില്‍ കോണ്‍സുലേറ്റിലെ കോണ്‍സുല്‍ ഉദ്യോഗസ്ഥര്‍ പതാക ഉയര്‍ത്തി സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ പങ്കുചേര്‍ന്നു. അതേസമയം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയശേഷം രാജ്യത്തെ അഭിസംബോധന ചെയ്തു. ദേശീയ പതാക ഉയർത്തി രാജ്യത്തെ അഭിസംബോധന ചെയ്യും മുമ്പ് അദ്ദേഹം രാജ്ഘട്ടിലെത്തി രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിക്ക് ആദരം അർപ്പിച്ചു. പുഷ്പാർച്ചന നടത്തി. അതിനുശേഷം ചെങ്കോട്ടയിലെത്തിയ അദ്ദേഹത്തെ പ്രതിരോധ മന്ത്രി , സഹ പ്രതിരോധ മന്ത്രി , പ്രതിരോധ സെക്രട്ടറി എന്നിവർ ചേർന്ന് സ്വീകരിച്ചു. ത്രിവർണ നിറത്തിലുള്ള തലപ്പാവ് ധരിച്ചാണ് പ്രധാന മന്ത്രി എത്തിയത്. ചെങ്കോട്ടയിൽ എത്തിയ അദ്ദേഹം ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു.ശേഷം ഗാർഡ് ഓഫ് ഓണർ പരിശോധിച്ചു. അതിനുശേഷം അദ്ദേഹം ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി. വായു സേന ഹെലികോപ്ടറുകൾ ഈ സമയം പുഷ്പ വൃഷ്ടി നടത്തി.ചെങ്കോട്ട കനത്ത സുരക്ഷ വലയത്തിൽ ആണ്. 10000 പൊലീസ് ആണ് സുരക്ഷ ഒരുക്കുന്നത്.

അടുത്ത 25 വർഷം രാജ്യത്തിന് അതിനിർണായകമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞു. അഞ്ച് കാര്യങ്ങളിൽ എല്ലാവരും ശ്രദ്ധ ഊന്നണം. ഇതിനായി പഞ്ച് പ്രാൺ പ്രഖ്യാപിച്ച് പ്രധാനമന്ത്രി. ഇതിന്‍റെ ഭാഗമായി സമ്പൂർണ വികസിത ഭാരതമാണ് ലക്ഷ്യം. ഐക്യവും അഖണ്ഡതയും കാത്തു സൂക്ഷിക്കണം.അടിമത്ത മനോഭാവത്തില്‍ നിന്ന് പൂർണമായും മാറണം. പാരമ്പര്യത്തിൽ അഭിമാനം കൊള്ളണം. പൗരരധര്‍മ്മം പാലിക്കണമെന്നും നരേന്ദ്രമോദി പറഞ്ഞു. ഭാഷയിലേയും പ്രവർത്തിയിലേയും സ്ത്രീ വിരുദ്ധത ഒഴിവാക്കണം. സമൂഹിക അച്ചടക്കം വികസനത്തിലും അനിവാര്യമാണെന്നും മോദി പറഞ്ഞു. സംസ്ഥാനങ്ങളുടേത് മത്സാരാധിഷ്ഠിത സഹകരണം ആകണം. ഇന്ത്യ ജനാധിപത്യത്തിന്‍റെ മാതാവ് ആണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 75 വർഷം ഉയർച്ച താഴ്ചകളുടേത് ആയിരുന്നു.വെല്ലുവിളികൾക്കിടയിലും ഇന്ത്യ മുന്നേറി. ലോകം ഇന്ത്യയെ സമീപിക്കുന്ന രീതി മാറി. പല പ്രശ്നങ്ങൾക്കും ലോകം പരിഹാരം കാണുന്നത് ഇന്ത്യയിൽ നിന്നാണ്. രാഷ്ട്രീയ സ്ഥിരതയുടെ കാഴ്ച ഇന്ത്യ കാട്ടി കൊടുത്തു, വൈവിധ്യമാണ് ഇന്ത്യയുടെ ശക്തി, ഇതിൽ അഭിമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.