Mar 22, 2022, 4:03 PM IST
തിരുനാവായയിൽ നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് കെ റെയിൽ സർവേ താത്ക്കാലികമായി നിർത്തിവച്ചു. ജനങ്ങളുടെ പ്രതിഷേധം കണക്കിലെടുത്ത് കൂടുതൽ പൊലീസ് ഇന്ന് സ്‌ഥലത്തെത്തിയിരുന്നു. ജനവാസ കേന്ദ്രങ്ങളിലേക്ക് കല്ലിടാൻ എത്തിയപ്പോൾ കോൺഗ്രസ് നേതാക്കളും,നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തി. വലിയ രീതിയിലുള്ള സംഘർഷത്തിലേക്ക് പ്രതിഷേധം കടക്കുമെന്ന് വന്ന സാഹചര്യത്തിൽ സർവേ നടപടികൾ നിർത്താൻ ഉദ്യോഗസ്‌ഥർക്ക് നിർദേശം ലഭിക്കുകയായിരുന്നു. നാളെ മുതൽ തവനൂരിൽ സർവേ നടപടികൾ നടത്താനുള്ള നീക്കമാണ് ഉദ്യോഗസ്‌ഥർ നടത്തുന്നത്. അതേസമയം, കെ റെയിൽ പദ്ധതി കേരളത്തിൽ നടപ്പാക്കാൻ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. ജനകീയ സമരത്തെ സർക്കാർ ആക്ഷേപിക്കുകയാണ്. മുഖ്യമന്ത്രിയും,മന്ത്രിമാരും,കെ റെയിൽ എം.ഡിയും നൽകുന്ന വിശദീകരണങ്ങൾ വ്യത്യസ്തമാണ്. ഇതുതന്നെയാണ് പദ്ധതിയെ കുറിച്ച് സർക്കാരിന് ധാരണയില്ല എന്നുള്ളതിന്റെ തെളിവെന്നും അദ്ദേഹം പറഞ്ഞു.