Private Bus Strike : ബസ് ചാർജ് 10 രൂപയാക്കണം, സ്വകാര്യ ബസുകൾ സമരത്തിലേക്ക്

Mar 12, 2022, 2:53 PM IST

ബജറ്റിലെ അവഗണനയിലും നിരക്ക് വർധനയിലെ അമാന്തത്തിലും പ്രതിഷേധിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസുടമകൾ അനിശ്ചിതകാല സമരത്തിലേക്ക്. ബസ് ചാർജ് മിനിമം ഇനി പത്ത് രൂപ പോരെന്നാണ് ഫെഡറേഷൻ പറയുന്നത്. മിനിമം ചാർജ് പന്ത്രണ്ട് രൂപയായി ഉടൻ പ്രഖ്യാപിക്കണമെന്നും വിദ്യാർത്ഥികളുടെ ബസ് യാത്രാനിരക്ക് കൂട്ടണമെന്നും സ്വകാര്യ ബസ്സുടമകളുടെ സംഘനയായ ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ആവശ്യപ്പെടുന്നു. വിദ്യാർത്ഥികളുടെ യാത്രാനിരക്ക് നിലവിലുള്ള 1 രൂപയിൽ നിന്ന് മിനിമം ആറ് രൂപയാക്കണമെന്നാണ് ആവശ്യം. നിരക്ക് കൂട്ടാമെന്നേറ്റ സർക്കാർ നാല് മാസമായിട്ടും വാക്ക് പാലിച്ചില്ല. രാമചന്ദ്രൻ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കിയില്ല. ബജറ്റിലും ഒരു പരിഗണനയുമില്ലെന്നും അവർ ആരോപിക്കുന്നു. രണ്ടോ മൂന്നോ ദിവസത്തിനകം മറ്റ് സംഘടനകളുമായി ആലോചിച്ച് സമരം തുടങ്ങാനുള്ള തീയതി പ്രഖ്യാപിക്കുമെന്നാണ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ വ്യക്തമാക്കുന്നത്. ഈ മാസം മുപ്പത്തിയൊന്നിനകം തീയതി പ്രഖ്യാപിക്കും. മൂന്ന് ദിവസത്തിനുള്ളിൽ സമരപ്രഖ്യാപനമുണ്ടാകും - ഫെഡറേഷൻ വ്യക്തമാക്കി.