Feb 19, 2022, 12:56 PM IST
തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ പഞ്ചാബിൽ അകാലിദൾ പ്രവർത്തകൻ കൊല്ലപ്പെട്ടു, കോൺഗ്രസ്-അകാലിദൾ പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ കുത്തേറ്റ് ചികിത്സയിലായിരുന്ന ആളാണ് മരിച്ചത്. മുപ്പത്തിനാല് വയസുകാരൻ കരംജിത്ത് സിങ്ങാണ് മരിച്ചത്. പരസ്യപ്രചാരണത്തിന് പിന്നാലെ കോൺഗ്രസ് -അകാലിദൾ പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ കുത്തേറ്റ് ചികിത്സയിലായിരുന്നു ഇയാൾ. സംഭവത്തിൽ രണ്ട് കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുത്തിട്ടുണ്ട്.അതേ സമയം, തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച പഞ്ചാബ് മുഖ്യമന്ത്രി ഛരൺജിത്ത് ചന്നിക്കും കോൺഗ്രസ് സ്ഥാനാർത്ഥിയും ഗായകനുമായ സിദ്ദു മൂസെവാല യ്ക്കുമെതിരെ പൊലീസ് കേസ് എടുത്തു. മാനസ മണ്ഡലത്തിൽ പരസ്യപ്രചാരണം അവസാനിച്ചതിന് ശേഷവും പൊതുയോഗം സംഘടിപ്പിച്ചതിനാണ് കേസ്. ആംആദ്മി നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. സർക്കാർ സംവിധാനങ്ങളെ ചന്നി ദുരുപയോഗം ചെയ്യുന്നതായി എഎപി ആരോപിച്ചു.
പഞ്ചാബില്‍ 117 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് നാളെ നടക്കുക. ഒരു മാസത്തിലേറെ നീണ്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പഞ്ചാബിൽ ഇന്നലെ വൈകിട്ടോടെ തിരശ്ശീല വീണു. ഇന്ന് നിശബ്ദ പ്രചാരണമാണ്. ശക്തമായ മല്‍സരമാണ് സംസ്ഥാനത്ത് ഇത്തവണയുള്ളത്. അടിയൊഴുക്കുകള്‍ വിധി നിശ്ചയിക്കുമെന്നാണ് വിലയിരുത്തലുകൾ. സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും തമ്മിലാണ് ഇഞ്ചോടിഞ്ച് പോരാട്ടമെന്ന വിലയിരുത്തലുകളുമുണ്ട്.
അരവിന്ദ് കെജ്രിവാളിനെതിരായ ഖാലിസ്ഥാൻ ആരോപണം പ്രചാരണത്തിന്‍റെ അവസാന ദിവസം കോൺഗ്രസും ബിജെപിയും ശക്തമാക്കി. ഭീകരനെങ്കിൽ തന്നെ അറസ്റ്റ് ചെയ്യട്ടെ എന്നായിരുന്നു ദില്ലി മുഖ്യമന്ത്രി തിരിച്ചടിച്ചത്. രാഹുൽ ഗാന്ധിക്കും മോദിക്കും ഒരേ സ്വരമാണെന്ന ആരോപണവും ക്രെജ്രിവാൾ അഴിച്ചുവിട്ടു. ചന്നിയുടെ ഭയ്യ പരാമർശം വിവാദമായതിന് പിന്നാലെയാണ് കെജ്രിവാളിനെതിരായ കുമാര്‍ വിശ്വാസിന്‍റെ ആരോപണം രാഷ്ട്രീയ കൊടുങ്കാറ്റായത്.