Feb 22, 2022, 1:12 PM IST
കേരളാ പൊലീസ് സേനയിൽ ലിംഗവിവേചനമെന്ന മുൻ ഡിജിപി ആർ ശ്രീലേഖയുടെ വെളിപ്പെടുത്തലിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. സർവീസിലിരിക്കുമ്പോൾ അവരൊരു പരാതിയും തന്നോട് പറഞ്ഞിട്ടില്ല. സർക്കാരിന്‍റെ ഭാഗത്ത് നിന്ന് അത്തരം സമീപനം ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ചോദ്യോത്തരവേളയിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ ചോദ്യത്തിനാണ് മുഖ്യമന്ത്രി ഈ മറുപടി നൽകിയത്.ആർ ശ്രീലേഖ ഒരു സ്വകാര്യചാനലിന് നൽകിയ അഭിമുഖത്തിലെ പല പരാമർശങ്ങളും വലിയ വിവാദങ്ങൾക്കാണ് വഴിവച്ചിരിക്കുന്നത്. സേനയിൽ ലൈംഗിക ചൂഷണം നടക്കുന്നുവെന്നും മുൻ ഡിഐജി ഒരു വനിതാ എസ്ഐയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നും ആർ ശ്രീലേഖ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. സേനയിലെ വനിതാ ഓഫീസർമാർ പല തരത്തിലുള്ള സമ്മർദ്ദങ്ങൾ നേരിടുന്നുവെന്നും, പുരുഷമേധാവിത്വമുള്ള പൊലീസ് സംവിധാനത്തിൽ നിന്ന് മാനസികസമ്മർദ്ദം സഹിക്കാനാവാതെ പലരും രാജി വയ്ക്കാൻ പോലും തയ്യാറായിട്ടുമുണ്ടെന്നും ശ്രീലേഖ പറഞ്ഞിരുന്നു.എന്നാൽ പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ കടുത്ത വിമർശനവുമായി ശ്രീലേഖയുടെ പരാമർശങ്ങൾക്കെതിരെ രംഗത്തെത്തി. സേനയിലെ വനിതകളുടെ ആത്മാഭിമാനം നശിപ്പിക്കുന്ന പ്രസ്താവനയാണ് മുൻ ഡിജിപി നടത്തിയതെന്ന് പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി ആർ ബിജു ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു.രാത്രിയും പകലും ജോലി ചെയ്യുന്ന സേനാംഗങ്ങളുടെ കുടുംബത്തിൽപ്പോലും പ്രശ്നങ്ങളുണ്ടാക്കുന്ന രീതിയിലാണ് മുൻ ഡിജിപി പ്രസ്താവന നടത്തിയത്. ഈ ആരോപണവിധേയനായ മുൻ ഡിഐജിയുടെ പേര് ആർ ശ്രീലേഖ പറയാത്തതെന്ത്? വിവരം കൃത്യമായി അറിയാമായിരുന്നെങ്കിൽ ഉന്നത ഉദ്യോഗസ്ഥയായിരുന്ന ശ്രീലേഖ നിയമനടപടി ആവശ്യപ്പെട്ടില്ല?മുൻ ഡിഐജിയെന്ന് മാത്രം പറഞ്ഞതിനാൽ വിരമിച്ച പല ഉദ്യോഗസ്ഥരും സംശയത്തിന്‍റെ നിഴലിലാവുകയാണ്. സർവ്വീസിലിരിക്കെ ഒന്നും ചെയ്യാതെ വിരാജിച്ച ശേഷം അതിരു കടന്ന വാക്കു പറഞ്ഞ് നടക്കരുതെന്നും സംഘടനാ ജനറൽ സെക്രട്ടറി ഫെയ്സ് ബുക്ക് പോസ്റ്റിൽ പറയുന്നു.