Feb 19, 2022, 12:03 PM IST
'സമാന്തര യോഗം വിളിച്ചത് അച്ചടക്ക ലംഘനം', അബ്ദുൽ വഹാബിന് ഐഎൻഎൽ ദേശീയ നേതൃത്വം കാരണം കാണിക്കൽ നോട്ടീസ് അയച്ചു. ദേശീയ നേതൃത്വത്തെ വെല്ലുവിളിച്ച് കോഴിക്കോട് വിളിച്ച യോഗത്തിൽ മുൻ സംസ്ഥാന പ്രസിഡന്റ് എ പി അബ്ദുൾ വഹാബ് വിഭാഗം പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാന പ്രസിഡന്‍റായി എ പി അബ്ദുള്‍ വഹാബിനേയും ജനറല്‍ സെക്രട്ടറിയായി നാസര്‍ കോയ തങ്ങളേയും ട്രഷററായി വഹാബ് ഹാജിയേയും യോഗത്തില്‍ തെരെഞ്ഞെടുക്കുകയും ചെയ്തിരുന്നു. 2018 മുതല്‍ പാര്‍ട്ടിയില്‍ നടപ്പാക്കിയ അച്ചടക്ക നടപടികള്‍ റദ്ദാക്കിയെന്ന് യോഗത്തില്‍ അബ്ദുള്‍ വഹാബ് അറിയിച്ചിരുന്നു.കോഴിക്കോട് വിളിച്ച യോഗത്തിൽ നിലവിൽ ഉണ്ടായിരുന്ന 120 അംഗ സംസ്ഥാന കൗൺസിലെ 77 അംഗങ്ങള്‍ പങ്കെടുത്തെന്നാണ് അബ്ദുള്‍ വഹാബ് വിഭാഗം അവകാശപ്പെട്ടത്. ഭൂരിഭാഗം അംഗങ്ങളേയും പങ്കെടുപ്പിച്ച് ശക്തി തെളിയിക്കാന്‍ കഴിഞ്ഞെന്ന നിലപാടിലായിരുന്നു എ പി അബ്ദുള്‍ വഹാബ് വിഭാഗം. എന്നാല്‍ മുന്‍ സംസ്ഥാന പ്രസിഡന്‍റ് വിളിച്ച് ചേര്‍ത്തത് ഐഎന്‍എല്‍ യോഗമല്ലെന്നായിരുന്നു മറുവിഭാഗത്തിന്‍റെ പ്രതികരണം. വിവിധ കാരണങ്ങളാല്‍ ഐഎന്‍എല്ലില്‍ നിന്ന് പുറത്താക്കിയവരെ പങ്കെടുപ്പിച്ച് മുന്‍ പ്രസിഡന്‍റ് യോഗം വിളിച്ച് അപഹാസ്യനായെന്നായിരുന്നു ആക്ഷേപം. മുതിര്‍ന്ന നേതാക്കളൊന്നും യോഗത്തില്‍ പങ്കെടുത്തിട്ടില്ല. വിവിധ കാരണങ്ങളാല്‍ പാര്‍ട്ടി പുറത്താക്കിയവരാണ് അബ്ദുള്‍ വഹാബ് വിളിച്ച യോഗത്തിന് എത്തിയത്. മറിച്ചുള്ള അവകാശവാദം തെറ്റാണെന്നും മറുവിഭാഗം വിശദീകരിച്ചിരുന്നു.സംസ്ഥാന നേതൃത്വത്തിന്‍റെ പ്രവര്‍ത്തനത്തില്‍ അതൃപ്തി അറിയിച്ചാണ് എ പി അബ്ദുള്‍ വഹാബ് പ്രസിഡന്‍റായ കമ്മിറ്റിയെ ദേശീയ നേതൃത്വം പിരിച്ചുവിട്ടത്. പകരം ദേശീയ ജനറല്‍ സെക്രട്ടറി അഹമ്മദ് ദേവര്‍കോവില്‍ ചെയര്‍മാനായ അഡ്ഹോക്ക് കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. എ പി അബ്ദുള്‍ വഹാബ് ഇതിനെതിരെ രംഗത്ത് വന്നതോടെയാണ് ഐഎന്‍എല്‍ പിളര്‍പ്പിലെത്തിയത്. ദേശീയ നേതൃത്വത്തെ അംഗീകരിക്കാത്ത എ പി അബ്ദുള്‍ വഹാബിനെതിരെ നടപടി വേണമെന്ന് കോഴിക്കോട് ചേര്‍ന്ന അഡ്ഹോക് കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു. അഡ്ഹോക്ക് കമ്മിറ്റിയിലേക്ക് എ പി അബ്ദുള്‍ വഹാബിനെ വിളിച്ചെങ്കിലും അദ്ദേഹം പങ്കെടുത്തിരുന്നില്ല.