Feb 23, 2022, 10:29 AM IST
അമ്മമഴക്കാറിന് കൺനിറഞ്ഞു.. എന്ന പാട്ടാണ് മനസിൽ.. സിനിമക്കപ്പുറം ഒരുപാട് ഓർമ്മകളാണ് ചേച്ചിയുമായുള്ളതെന്ന് മോഹൻലാൽ.
കേവലം ഔപചാരികമായ വാക്കുകൾ കൊണ്ട് ആദരാഞ്‍ജലികൾ അർപ്പിക്കാൻ ആവുന്നില്ലെന്ന് നടൻ മോഹൻലാല്‍ എഴുതുന്നു.ഒന്നിച്ച് അഭിനയിച്ച എത്രയെത്ര സിനിമകൾ. കുടുംബത്തിലെ ഒരാളെപ്പോലെ ഓരോ പ്രേക്ഷന്റെയും ഹൃദയത്തിൽ, അമ്മയായും, സഹോദരിയായും, സ്‍നേഹം നിറഞ്ഞ ബന്ധുവായും നിറഞ്ഞുനിന്ന എന്റെ പ്രിയപ്പെട്ട ലളിതച്ചേച്ചീ. അഭിനയിക്കുകയായിരുന്നില്ല ചേച്ചി, സിനിമയിലും ജീവിതത്തിലും. പ്രേക്ഷകരെയും പ്രിയപ്പെട്ടവരെയും ചേർത്തുപിടിക്കുകയായിരുന്നു, തന്മയിത്വത്തോടെ. ആ സ്‍നേഹം, നിറഞ്ഞ പുഞ്ചിരിയോടെ കാലയവനികയ്ക്കുള്ളിൽ മറയുമ്പോൾ, കേവലം ഔപചാരികമായ വാക്കുകൾ കൊണ്ട് ആദരാഞ്‍ജലികൾ അർപ്പിക്കാൻ ആവുന്നില്ല. പകരം വെക്കാനില്ലാത്ത പ്രതിഭയായിരുന്ന ചേച്ചിയുടെ വേർപാട് മലയാളിക്കും മലയാള സിനിമയ്ക്കും തീരാഷ്‍ടം തന്നെയാണ്. പ്രണാമം ചേച്ചീ എന്നുമാണ് മോഹൻലാല്‍ എഴുതിയിരിക്കുന്നത്.തൃപ്പൂണിത്തുറയിലുള്ള, മകന്റെ ഫ്ലാറ്റിൽ വച്ചായിരുന്നു അന്ത്യം. ഏറെ നാളായി അസുഖബാധിതയായി ചികിത്സയിലായിരുന്നു.രാവിലെ 8 മുതൽ 11.30 തൃപ്പൂണിത്തുറ ലായം ഓഡിറ്റോറിയത്തിൽ ഭൗതികദേഹം പൊതുദർശനത്തിന് വെക്കും. തുടർന്ന് വടക്കാഞ്ചേരിയിലെ വീട്ടിലേയ്ക്ക് കൊണ്ടുപോകും. തൃശ്ശൂരിലും സംഗീതനാടക അക്കാദമി ഹാളിലും പൊതുദർശനമുണ്ടാകും. വൈകിട്ട് വടക്കാഞ്ചേരിയിലെ വീട്ടുവളപ്പിൽ സംസ്‍കാരം നടക്കും.
മരണം വരെ അഭിനയിക്കുക എന്നതായിരുന്നു മലയാളത്തിന്റെ എക്കാലത്തെയും മികച്ച നടിയുടെ ആഗ്രഹം. അനാരോഗ്യത്തെ വകവയ്‍ക്കാതെയും കഥാപാത്രങ്ങളെ അവര്‍ ഇരുംകയ്യും നീട്ടി സ്വീകരിച്ചുകൊണ്ടേയിരുന്നതും അതുകൊണ്ടാണ്. ഒട്ടേറെ ചിത്രങ്ങളാണ് കെപിഎസി ലളിതയുടെ ഭാവവും രൂപവും ആഗ്രഹിച്ച് കാത്തിരുന്ന് ബാക്കിയായിരിക്കുന്നത്. 'എന്റെ പ്രിയതമന്', 'പാരീസ് പയ്യൻസ്', 'നെക്സ്റ്റ് ടോക്കണ്‍ നമ്പര്‍ പ്ലീസ്', 'ഡയറി മില്‍ക്ക്', 'ലാസറിന്റെ ലോകം' തുടങ്ങി കെപിഎസി ലളിതയുടേതായി പ്രഖ്യാപിച്ച ചിത്രങ്ങളില്‍ പൂര്‍ത്തിയായവും തുടങ്ങാത്തവയും ഉണ്ട്.