Feb 19, 2022, 1:17 PM IST
കെഎസ്ഇബിയിലെ (KSEB) ഇടത് ട്രേഡ് യൂണിയനുകളുടെ അനിശ്ചിതകാല സമരം ഒത്തുതീർന്നു. സമരക്കാർക്ക് വഴങ്ങിയ സർക്കാർ എസ്ഐഎസ്എഫ് (SISF) സെക്യുരിറ്റി വിന്യാസത്തിൽ ഇറക്കിയ ഉത്തരവ് പിൻവലിക്കുമെന്ന ഉറപ്പ് നൽകി. എസ്ഐഎസ്എഫ് സെക്യുരിറ്റി കെഎസ്ഇബി ആസ്ഥാനത്തെ രണ്ട് ഓഫീസുകളിൽ മാത്രമായി ചുരുക്കും. ഗേറ്റുകൾ, പ്രധാനകവാടം, ചെയർമാന്റെ ഓഫീസ് ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ നിന്ന് എസ്ഐഎസ്എഫിനെ ഒഴിവാക്കാനും ചർച്ചയിൽ തീരുമാനമായി. ഉന്നയിച്ച വിഷയങ്ങളിൽ തുടർ ചർച്ചകൾ നടത്താമെന്ന ഉറപ്പ് ലഭിച്ചെന്ന് തൊഴിലാളി സംഘടനകൾ അറിയിച്ചു. സമരം ചെയ്ത തൊഴിലാളികൾക്കെതിരെ നടപടിയുമുണ്ടാകില്ല.
കെഎസ് ഇബി തൊഴിലാളി സമരം ചരിത്ര വിജയമെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി പ്രതികരിച്ചു. ചെയർമാനും ബോർഡും തൊഴിലാളികളും കെഎസ് ഇബിയ്ക്ക് വേണ്ടി തന്നെയാണ് പ്രവർത്തിക്കുന്നത്. രണ്ട് കൂട്ടരുടേയും പരാതികൾ അന്വേഷിച്ച് പരിഹരിക്കുമെന്നും മന്ത്രി അറിയിച്ചു. വൈദ്യുതി നിരക്കിൽ മാറ്റം വരുത്തുന്നത് ആലോചനയിലുണ്ട്. പകൽ വൈദ്യുതി നിരക്ക് കുറയ്ക്കുന്നതും രാത്രി നിരക്ക് കൂട്ടുന്നതുമാണ് ആലോചനയിലുള്ളത്. വ്യവസായികൾക്ക് ഇത് ഗുണം ചെയ്യും. രാത്രി നിരക്ക് കൂട്ടാതെ പറ്റില്ലെന്ന സ്ഥിതിയാണെന്നും മന്ത്രി വിശദീകരിക്കുന്നു. ലൈൻമാൻ പ്രമോഷൻ നടപ്പാക്കണമെന്ന സുപ്രീം കോടതി ഉത്തരവ് രണ്ടാഴ്ചയ്ക്കകം നടപ്പാക്കും. കെ എസ് ഇ ബി ചെയർമാന് ഇക്കാര്യത്തിൽ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
ഇടതു സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ഇടത് ട്രേഡ് യൂണിയനുകള്‍ നടത്തുന്ന അനിശ്ചിതകാല പ്രക്ഷോഭം, മുന്നണിയുടെ കെട്ടുറപ്പിനെ പോലും ബാധിക്കുന്ന തലത്തിലേക്ക് വളര്‍ന്നതോടെയാണ്, സമരം അവസാനിപ്പിക്കാന്‍ സിപിഎം നേതാക്കൾ ഇടപെട്ടത്. ഭാവിയില്‍ പരിഷ്കരണ നടപടികള്‍ സ്വീകരിക്കുമ്പോള്‍ സംഘടനകളെ വിശ്വാസത്തിലെടുക്കുമെന്ന ഉറപ്പ് നല്‍കുമെന്ന് യുണിയന് ഉറപ്പ് ലഭിച്ചിട്ടുണ്ട്.
ഇടുക്കി പൊന്മുടി അണക്കെട്ടിനോട് ചേർന്ന് കെഎസ്ഇബി പാട്ടത്തിനു നൽകിയ റവന്യൂ പുറമ്പോക്ക് ഭൂമിയിൽ പരിശോധനയ്ക്കെത്തിയ റവന്യൂ -സർവേ സംഘത്തെ തടഞ്ഞു. രാജാക്കാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്‍റും മുൻ മന്ത്രി എം എം മണിയുടെ മരുമകനുമായ വി എ കുഞ്ഞുമോനാണ് തടഞ്ഞത്. കെഎസ്ഇബി ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെ പരിശോധന നടത്താൻ അനുവദിക്കില്ലെന്ന് ബാങ്ക് പ്രസിഡൻ്റ് വി എ കുഞ്ഞുമോൻ പറഞ്ഞു. കെഎസ്ഇബിയെ അറിയിച്ചുകൊണ്ട് സർവേയുമായി മുന്നോട്ട് പോകുമെന്ന് ഉടുമ്പൻചോല തഹസിൽദാർ പറഞ്ഞു.
പൊന്മുടി ഡാമിനടുത്തുള്ള 21 ഏക്കർ ഭൂമിയാണ് രാജാക്കാട് സർവീസ് സഹകരണ ബാങ്കിന് ഹൈഡൽ ടൂറിസത്തിനായി പാട്ടത്തിന് നൽകിയത്. രണ്ടു സർവേ നമ്പരുകളിലായി കെഎസ്ഇബിയുടെ കൈവശമുള്ള ഈ ഭൂമി റവന്യൂ പുറമ്പോക്കാണെന്ന് ഉടുമ്പൻചോല തഹസിൽദാർ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. രാജാക്കാട് വില്ലേജിൽ റീ സർവേ നടപ്പാക്കിയിട്ടില്ലാത്തതിനാൽ സർവേ രേഖകൾ വിശദമായി പരിശോധിക്കണമെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. സംഭവം വീണ്ടും വിവാദമായതിനെ തുർന്നാണ് പരിശോധന നടത്താൻ സർവേ വകുപ്പിനോട് ഉടുമ്പൻചോല തഹസിൽദാർ നിർദ്ദേശിച്ചത്. മൂന്നു സർവേയർമാർ അടങ്ങുന്ന സംഘമാ പ്രഥമിക പരിശോധന നടത്തുന്നത്.