Mar 12, 2022, 4:56 PM IST
ഇന്നലെ രാത്രി കോട്ടയം മറിയപ്പള്ളിയിൽ പാറമടക്കുളത്തിൽ വീണ് ചെളിയിൽ പുതഞ്ഞുപോയ ലോറി ക്രെയിൻ ഉപയോഗിച്ച് പുറത്തെടുത്തു, ലോറിയ്ക്കുള്ളിൽ നിന്ന് ഡ്രൈവർ അജി കുമാറിന്റെ മൃതദേഹം കണ്ടെത്തി. മണിക്കൂറുകൾ നീണ്ട രക്ഷാ പ്രവർത്തനത്തിന് ശേഷമാണ് മൃതദേഹം കണ്ടെടുക്കാൻ ഫയർഫോഴ്സിന് കഴിഞ്ഞത്. ചങ്ങനാശേരിയിൽ നിന്ന് കൊണ്ട് വന്ന 30 ടൺ ഭാരം ചുമക്കാൻ കഴിയുന്ന രണ്ട് ക്രെയിനുകൾ ഉപയോഗിച്ചാണ് ലോറി പുറത്തെടുത്തത്. ഇന്നലെ രാത്രി 9.30നാണ് വളവുമായി വന്ന ലോറി അപകടത്തിൽപ്പെട്ടത്. നിരവധി പാറമടകളും,കുളങ്ങളുമുള്ള പ്രദേശമാണിത്. ചതുപ്പും,മാലിന്യവും നിറഞ്ഞ 28ഓളം പാറമടകളാണ് പ്രദേശത്തുള്ളത്. പാറശാല സ്വദേശിയാണ് അജികുമാർ. ശാരീരികമായ ബുദ്ധിമുട്ടുകൾ അജികുമാറിന് ഉണ്ടായിരുന്നുവെന്നാണ് ഒപ്പം ജോലി ചെയ്തിരുന്നവർ പറയുന്നത്.