Feb 22, 2022, 1:35 PM IST
സില്‍വര്‍ലൈനില്‍ (Silverline) മറ്റൊരു ബദലില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ (Pinarayi Vijayan) സഭയില്‍. പദ്ധതി സംസ്ഥാനത്തെ രണ്ടായി വിഭജിക്കുമെന്നത് അടിസ്ഥാന രഹിതമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി പ്രകൃതി ചൂഷണം പരമാവധി കുറച്ചാണ് പാത നിര്‍മ്മിക്കുകയെന്നും വിശദീകരിച്ചു. പരിസ്ഥിതിയെ കൂടി കണക്കിലെടുത്താകും പദ്ധതിയുടെ നിര്‍മ്മാണം. പദ്ധതി പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുമെന്നത് ശരിയല്ല. പ്രകൃതി വിഭവങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കാന്‍ പഠനം നടക്കുകയാണ്. പദ്ധതി പരിസ്ഥിതി സൗഹൃദമായി നടപ്പാക്കാൻ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലവിലുള്ള റെയിൽപാതയുടെ വികസനം സിൽവർലൈന് പകരമാകില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. 626 വളവുകൾ നികത്തിയാൽ മാത്രമേ വേഗത കൂട്ടാനാകൂ. ഇതിന് രണ്ട് ദശാബ്ദമെങ്കിലും വേണം. സിൽവർലൈന്‍റെ മൊത്തം നീളത്തിന്‍റെ 55 ശതമാനം എം ബാങ്ക് മെന്‍റ് വേണ്ടി വരും. പക്ഷെ ഭൂരിഭാഗത്തിനും 5 മീറ്ററിൽ താഴെ മാത്രമാണ് ഉയരം. അതിവേഗ റെയിലിന്‍റെ സാധ്യതയെ കുറിച്ചുള്ള പഠനത്തിന് തുടക്കമിട്ടത് യുഡിഎഫ് സർക്കാരാണ്. ഇപ്പോഴത്ത എതിർപ്പ് എന്തിനാണെന്ന് വ്യക്തമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.എന്നാല്‍ പദ്ധതിയുടെ ഡിപിആർ അബദ്ധ പഞ്ചാംഗമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കുറ്റപ്പെടുത്തി. ഒന്നേകാൽ ലക്ഷം കോടിയിലേറെ ചെലവുള്ള പദ്ധതിയെ കുറിച്ച് ചർച്ച ചെയ്യാൻ പോലും സക്കാർ തയ്യാറാകുന്നില്ലെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ വിമര്‍ശനം. പുതിയ നിയമസഭാംഗങ്ങൾക്കായി അടുത്ത സമ്മേളനത്തിൽ സിൽവർലൈൻ പദ്ധതി സഭയിൽ അവതരിപ്പിക്കാൻ സർക്കാർ തയ്യാറാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പദ്ധതിക്ക് തത്വത്തിൽ കേന്ദ്ര അനുമതി കിട്ടിയിട്ടുണ്ട്. സാമൂഹ്യ ആഘാത പഠനം നടത്താനുള്ള നിർദ്ദേശം പാലിക്കുകയാണെന്നും അതിനുള്ള കല്ലിടലാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.