Haridas Murder : 'ബഹളം കേട്ട് ഓടിയെത്തിയപ്പോൾ കത്തിവീശി ഓടിച്ചു, ആക്രമിച്ചത് അഞ്ചംഗ സംഘം'

Feb 21, 2022, 2:37 PM IST

തലശ്ശേരിയിലെ സിപിഎം (CPM Activist) പ്രവർത്തകൻ ഹരിദാസ് കൊലക്കേസിൽ (Haridas murder) നിർണായക വെളിപ്പെടുത്തലുകളുമായി സഹോദരൻ സുരേന്ദ്രൻ. ഹരിദാസിനെ ആക്രമിച്ചത് അഞ്ചംഗ സംഘമാണെന്നും ഇതിൽ രണ്ട് പേരെ താൻ തിരിച്ചറിഞ്ഞതായും സുരേന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

''പുലർച്ചെ ഒരുമണിയോടെയാണ് ആക്രമണമുണ്ടായത്. ബഹളം കേട്ട് ഓടിയെത്തിയ വീട്ടുകാരെ അക്രമികൾ വാള് വീശി ഭീഷണിപ്പെടുത്തി. അഞ്ച് പേരടങ്ങുന്ന സംഘത്തിൽ രണ്ട് പേർ ഈ പരിസരത്തുള്ളവരാണ്''. അവരെ താൻ തിരിച്ചറിഞ്ഞിരുന്നുവെന്നും സുരേന്ദ്രൻ വെളിപ്പെടുത്തുന്നു. ''ക്ഷേത്രത്തിൽ വെച്ചുണ്ടായ തർക്കമാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. ആ തർക്കം സംസാരിച്ച് പരിഹരിച്ചിരുന്നു. എന്നാൽ അതിന് ശേഷവും പ്രശ്നങ്ങളും അടിയുമുണ്ടായി. അതിലും പൊലീസ് കേസെടുത്തിട്ടുണ്ട്. ക്ഷേത്രത്തിൽ നടന്ന സംഘർഷത്തിന് പിന്നാലെ ഹരിദാസനും തനിക്കും ഭീഷണിയുണ്ടായിരുന്നെന്നും ഭീഷണി മൂലം കുറച്ച് ദിവസം ജോലിക്ക് പോയില്ലെന്നും സഹോദരൻ സുരേന്ദ്രൻ കൂട്ടിച്ചേർത്തു. 

കഠിനാധ്വാനിയായ വ്യക്തിയായിരുന്നു ഹരിദാസനെന്ന് ഒപ്പം ജോലി  ചെയ്തിരുന്ന മൽസ്യത്തൊഴിലാളികളും പറഞ്ഞു. ജോലി കഴിഞ്ഞേ ഹരിദാസന് രാഷ്ട്രീയമുണ്ടായിരുന്നുള്ളൂ. തനിക്ക് ഭീഷണിയുണ്ടെന്ന കാര്യം ഹരിദാസൻ പറഞ്ഞിരുന്നില്ലെന്നും സഹപ്രവർത്തകർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സിപിഎം പ്രവർത്തകനും മൽസ്യത്തൊഴിലാളിയുമായ പുന്നോൽ സ്വദേശി ഹരിദാസിനെ വെട്ടിക്കൊന്നത്. ജോലി കഴിഞ്ഞ് മടങ്ങവേ വീടിന് സമീപത്ത് വച്ചായിരുന്നു കൊലപാതകം. രണ്ട് ബൈക്കുകളിലായെത്തിയ സംഘമാണ് കൊല നടത്തിയത്. അതിക്രൂരമായ നിലയിലാണ് കൊലപാതകം നടത്തിയത്. വെട്ടേറ്റ ഹരിദാസിന്‍റെ കാൽ പൂർണ്ണമായും അറ്റുപോയ നിലയിലായിരുന്നു. വീടിന് സമീപത്ത് വച്ച് നടന്ന ആക്രമണമായതിനാൽ ബഹളം കേട്ട് ബന്ധുക്കളും സംഭവസ്ഥലത്ത് എത്തി. ഇവരുടെ കൺമുന്നിലായിരുന്നു പിന്നീട് ക്രൂരമായ അക്രമം നടന്നത്. ഒരാഴ്ച്ച മുമ്പ് ഉത്സവവുമായി ബന്ധപ്പെട്ട് പുന്നോലിൽ പ്രദേശത്ത് സിപിഎം ബ‌ി ജെപി സംഘർഷമുണ്ടായിരുന്നു. ഇതിന്‍റെ പിന്നാലെയാണ് ഹരിദാസന് നേരെ ആക്രമണമുണ്ടായത്.