Silver Line : സിൽവർ ലൈൻ പ്രതിഷേധങ്ങളെ പൊലീസിനെ ഇറക്കി പ്രതിരോധിക്കാൻ സർക്കാർ

Feb 21, 2022, 2:34 PM IST

സിൽവർലൈൻ പദ്ധതിക്കെതിരായ (Silverline Project) പ്രതിഷേധങ്ങളെ പൊലീസിനെ (Police)ഇറക്കി പ്രതിരോധിക്കാൻ സര്‍ക്കാര്‍. കല്ലിടാനെത്തുന്ന ഉദ്യോഗസ്ഥർക്ക് പോലീസ് സംരക്ഷണം തേടി കെ റെയില്‍ (k rail)സർക്കാരിന് കത്ത് നൽകി.സുരക്ഷയൊരുക്കാൻ ഡിജിപിക്ക് പ്രത്യേക നിർദേശം നൽകണമെന്നാണ് ആവശ്യം.പൊലിസല്ല പട്ടാളം വന്നാലും സില്‍വര്‍ ലൈനിനെതിരായ പ്രതിഷേധം തുടരുമെന്നാണ് സമരസമിതി പറയുന്നത്

സിൽവർ ലൈൻ പദ്ധതിക്കെതിരെ സംസ്ഥാനത്ത് ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. പദ്ധതിക്കായി കല്ലിടാനെത്തുന്ന ഉദ്യോഗസ്ഥരെ തടയുന്നതും വ്യാപകം. ഈ സാഹചര്യത്തിലാണ് പ്രതിഷേധങ്ങളെ പൊലീസിനെ ഉപയോഗിച്ച് തടയാനുള്ള നീക്കത്തിലേക്ക് കെ റെയിൽ നീങ്ങുന്നത്.ഇനി മുതല്‍ കല്ലിടാനെത്തുന്നതിന് മുൻപ് കെ  റെയിലിന്‍റെഉദ്യോഗസ്ഥൻ അതാത് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് കത്ത് നല്‍കും.കത്തിന്‍റെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനില്‍ നിന്ന് ഉദ്യോഗസ്ഥരുടെ സുരക്ഷയ്ക്കായി പൊലീസെത്തും. 

ഉദ്യോഗസ്ഥർക്ക് പോലീസ് സംരക്ഷണം തേടി കെ റെയിൽ സർക്കാരിന് ഒരാഴ്ച മുൻപാണ് കത്ത് നൽകിയത്. സുരക്ഷയൊരുക്കാൻ ഡിജിപിക്ക് പ്രത്യേക നിർദേശം നൽകണമെന്നാണ് ആവശ്യം.ഇതിനായി കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.ഇല്ലെങ്കിൽ പദ്ധതിയുടെ പ്രവർത്തനങ്ങളെ അത് സാരമായി ബാധിക്കുമെന്നാണ് വിശദീകരണം .

മാർച്ച് 31 നുള്ളിൽ കല്ലിടൽ തീർക്കാനാണ് കെ റെയിൽ ശ്രമം,.കത്ത് പരിഗണിച്ച് പോലീസ് സംരക്ഷണം നൽകാൻ ഡിജിപിക്ക് സർക്കാർ നിർദേശം നൽകാനാണ് സാധ്യത.അങ്ങനെ വന്നാൽ കെ റെയിലിനെതിരെ സമരം ചെയ്യുന്നവർക്കെതിരെ പോലീസ് കടുത്ത നടപടികളിലേക്ക് നീങ്ങിയേക്കും. എന്നാൽ പൊലീസില്ല പട്ടാളം വന്നാൽ പ്രതിഷേധം ശക്തമാക്കുമെന്ന് സിൽവർലൈൻ സമരസമിതി വ്യക്തമാക്കി

 'സിൽവർ ലൈനിന് എതിരല്ല, സർക്കാർ വസ്തുതകൾ മറച്ചുവെക്കുന്നു': വീണ്ടും വിമർശിച്ച് സിംഗിൾ ബെഞ്ച്

സിൽവർ ലൈനിൽ സംസ്ഥാന സർക്കാരിനെതിരെ വീണ്ടും വിമർശനവുമായി ഹൈക്കോടതി സിംഗിൾ ബെഞ്ച്. സിൽവർ ലൈനുമായി ബന്ധപ്പെട്ട വസ്തുതകൾ സർക്കാർ മറച്ചു വയ്ക്കുന്നുവെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കുറ്റപ്പെടുത്തി. സിൽവർ ലൈനുമായി ബന്ധപ്പെട്ട വിവരങ്ങൾ കോടതി തേടുമ്പോൾ അതിനെതിരെ സർക്കാർ അപ്പീൽ നൽകുന്നു. സിൽവർ ലൈൻ പദ്ധതിക്ക് കോടതി എതിരല്ലെന്നും ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിലാണ് കോടതി ഇടപെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

സിൽവർ ലൈൻ സർവെ തടഞ്ഞ സിംഗിൾ ബെഞ്ചിന്റെ രണ്ടാം ഉത്തരവും റദ്ദാക്കുമെന്ന് ഡിവിഷൻ ബ‌െഞ്ച് ഇന്ന് വാക്കാൽ പരാമർശിച്ചതിന് പിന്നാലെയാണ് സിംഗിൾ ബെഞ്ച് സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചിരിക്കുന്നത്. രണ്ട് കേസുകളിലായി രണ്ട് തവണ സിംഗിൾ ബെഞ്ച് സിൽവർ ലൈൻ സർവെ നിർത്തിവെച്ചിരുന്നു. ജനുവരിയിലെ സിംഗിൾ ബെഞ്ച് ഉത്തരവ് നേരത്തെ തന്നെ ഡിവിഷൻ ബെഞ്ച് റദ്ദാക്കിയിരുന്നു. ഫെബ്രുവരി ഏഴിന് പദ്ധതിയുടെ സർവെ നിർത്തിവെക്കാൻ സിംഗിൾ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവും റദ്ദാക്കുമെന്നാണ് ഇന്ന് ഡിവിഷൻ ബെഞ്ച് അറിയിച്ചിരിക്കുന്നത്. സർക്കാർ അപ്പീലിലാണ് വാക്കാൽ പരമാർശം. വിശദമായ ഉത്തരവിറക്കാനായി കേസ് മാറ്റി. 

കേസ് പരിഗണിച്ചപ്പോൾ തന്നെ അഡ്വക്കേറ്റ് ജനറൽ, സിംഗിൾ ബെഞ്ചിന്റെ നിലപാടിൽ തന്റെ അതൃപ്തി ഡിവിഷൻ ബെഞ്ചിനെ അറിയിച്ചു.  ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിലുള്ള കേസിൽ സിംഗിൾ ബെഞ്ച് ഉത്തരവിറക്കിയത് തെറ്റായ നടപടിയെന്നായിരുന്നു വാദം. ഡിവിഷൻ ബെഞ്ച് കേസിൽ വിധി പറയാൻ മാറ്റിയ കാര്യം സിംഗിൾ ബെഞ്ചിനെ അറിയിച്ചിരുന്നു. സർക്കാരിന്റെ ഭാഗം കേൾക്കാതെയാണ് സിംഗിൾ സിംഗിൾ ബഞ്ച് ഉത്തരവിറക്കിയതെന്നും എജി ആരോപിച്ചു..

ഇതിന മുമ്പ് സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരെ ഡിവിഷൻ ബെഞ്ച് മറ്റൊരു കേസിൽ നിലപാടെടുത്തിരുന്നു. പുതിയ പദ്ധതിയ്ക്കായി കേരള സർവേസ് ആൻഡ് ബൌണ്ടറീസ് ആക്ട് പ്രകാരം സർക്കാറിന്  സർവേ നടത്താമെന്ന് വ്യക്തമാക്കിയായിരുന്നു സിംഗിൾ ബ‌ഞ്ച് ഉത്തരവ് അന്ന് റദ്ദാക്കിയത്. ഹർജിക്കാരുടെ ഭൂമിയിലെ സർവ്വേ തടഞ്ഞ ജനുവരി 20ലെ ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു സർക്കാർ അപ്പീൽ.  

അപ്പീൽ ഡിവിഷൻ ബ‌ഞ്ച് അനുവദിച്ച സാഹചര്യത്തിൽ സർക്കാറിന് സിൽവർലൈൻ സർവ്വേയുമായി മുന്നോട്ട് പോകാനാവുമായിരുന്നു. ഇപ്പോൾ നടക്കുന്നത് ഭൂമി ഏറ്റെടുക്കാനുള്ള സർവ്വേ അല്ലെന്നും സാമൂഹികാഘാത പഠനത്തിനുള്ള സർവ്വേ ആണെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. തത്വത്തിലുള്ള അനുമതിയാണ്   പദ്ധതിയ്ക്കുള്ളതെന്നും സർവേ നിർത്തി വയ്ക്കണമന്ന ഉത്തരവ് സംസ്ഥാനത്ത് ഉടനീളം സമാനമായ വ്യവഹാരങ്ങൾക്ക് കാരണമാകുമെന്നും സർക്കാർ ചൂണ്ടിക്കാട്ടി. 

സർവ്വേ നിർത്തി വയ്ക്കുന്നത് പദ്ധതി വൈകാനും പദ്ധതി ചെലവ് ഉയരാനും കാരണമാകുമെന്ന വാദവും ഹൈക്കോടതി അംഗീകരിച്ചു. പദ്ധതിയുടെ ഡിപിആറിന്റെ വിശദാംശങ്ങൾ കൈമാറണമെന്ന സിംഗിൾ ബഞ്ചിന്റെ നിർദേശവും ഡിവിഷൻ ബെഞ്ച് അംഗീകരിച്ചില്ല. സിൽവർ ലൈനിൻറെ സാമ്പത്തിക കാര്യങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച കേന്ദ്രസർക്കാർ നിലപാടും കോടതി കണക്കിലെടുത്തില്ല. ഹൈക്കോടതി ഉത്തരവ് ലഭിച്ചാൽ സുപ്രീം കോടതിയെ സമീപിക്കുമെന്നാണ് ഹർജിക്കാർ വ്യക്തമാക്കിയത്. ഫെബ്രുവരി ഏഴിനാണ് സിംഗിൾ ബെഞ്ച് സർവേ തടഞ്ഞ് രണ്ടാമത്തെ ഉത്തരവിട്ടത്. ഇതും ഡിവിഷൻ ബെഞ്ച് റദ്ദാക്കുമെന്ന് വ്യക്തമാക്കിയ സാഹചര്യത്തിൽ നിർത്തിവെച്ച സർവ്വേ നടപടികൾ തുടരാൻ സംസ്ഥാന സർക്കാരിന് കഴിയും.

ഇതിനിടെ സില്‍വര്‍ ലൈന്‍ പദ്ധതിയെക്കുറിച്ച് വിശദീകരിക്കാന്‍ സര്‍ക്കാര്‍ നാലരക്കോടി രൂപ ചെലവഴിച്ച് കൈപ്പുസ്തകം തയ്യാറാക്കുന്നു. സില്‍വര്‍ ലൈന്‍, അറിയേണ്ടതെല്ലാം എന്ന പേരില്‍ 50 ലക്ഷം പ്രിന്‍റ് ചെയ്ത കൈപ്പുസ്തകങ്ങളാണ് ജനങ്ങളിലേക്ക് എത്തിക്കുക.

ജിഎസ്ടി അടക്കം 4 കോടി 51 ലക്ഷം രൂപ അനുവദിച്ച് ഈ മാസം 15നാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ ശക്തമായ പ്രചാരണവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ മുന്നോട്ട് പോകുന്നതിനിടെയാണ് പദ്ധതിയെക്കുറിച്ച് ജനങ്ങളെ ബോധവല്‍കരിക്കാന്‍ സര്‍ക്കാര്‍ കൈപ്പുസ്തകവുമായി രംഗത്തെത്തുന്നത്.